Follow the News Bengaluru channel on WhatsApp

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗകര്യങ്ങളൊരുക്കി കേരളം

തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കേരളം. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം അതിയായ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏർപ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവർ വരുന്നത്. വ്യാഴാഴ്ച രണ്ടു വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും ദുബായിൽനിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ വരുന്നത്.
മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തിൽ കരുതലോടെയാണ് നാം ഇടപെടുന്നത്. നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണങ്ങൾ മുൻനിർത്തി സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
പ്രവാസികൾ മടങ്ങിയെത്തുന്ന കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ സഞ്ജയ്കുമാർ ഗുരുഡിനും നെടുമ്പാശേരിയിൽ മഹേഷ്‌കുമാർ കാളിരാജിനും കരിപ്പൂരിൽ എസ് സുരേന്ദ്രനുമാണ് ചുമതല. കണ്ണൂർ വിമാനത്താവളത്തിൽ ഇപ്പോൾ വിമാനങ്ങൾ വരുന്നത് ഷെഡ്യൂൾ ചെയ്തിട്ടില്ലെങ്കിലും ചുമതല കെ. സേതുരാമന് നൽകിയിട്ടുണ്ട്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയ്ക്കാണ്.
രാജ്യത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കേരളീയർ പലയിടത്തും കുടുങ്ങിയിട്ടുണ്ട്. ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പെൺകുട്ടികളടക്കം 40 വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാൻ ഹോസ്റ്റലുകൾ ഈ മാസം 15ന് മുൻപ് ഒഴിയണമെന്നാണ് അവർക്കു ലഭിച്ച നിർദേശം. ഇതുപോലെ മറ്റു സ്ഥലങ്ങളിലുമുണ്ട്. ഈ സാഹചര്യത്തിൽ ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിനിൽ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. സർക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാർത്ഥികൾ തിരിച്ചുവരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേർ ഡൽഹിയിലും 348 പേർ പഞ്ചാബിലും 89 പേർ ഹരിയാനയിലുമാണ്. ഹിമാചലിൽ 17 പേരുണ്ട്. ഡൽഹിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഡൽഹിയിലെത്തിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നടപടിയെടുക്കണം എന്ന് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് റെയിൽവെയുമായി ഔപചാരികമായി ബന്ധപ്പെടാൻ ഡൽഹി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്റെ തീയതി ലഭിക്കുകയാണെങ്കിൽ അതിനനുസരിച്ച് വിദ്യാർത്ഥികളെ മുഴുവൻ ഡൽഹിയിൽ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവർ 6802 പേരാണ്. 2,03,189 പേർ കോവിഡ് ജാഗ്രതാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസിന് ആവശ്യപ്പെട്ടത് 69,108 പേരാണ്. 38,862 പാസുകൾ വിതരണം ചെയ്തു. തമിഴ്നാട്ടിൽനിന്ന് 4298 പേരും കർണാടകത്തിൽനിന്ന് 2120 പേരും മഹാരാഷ്ട്രയിൽനിന്ന് 98 പേരുമാണ് വന്നിട്ടുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളിൽനിന്നുമാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുള്ളത്.
മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. വാളയാർ ചെക്ക്പോസ്റ്റിലൂടെ മാത്രം 4369 പേരും മഞ്ചേശ്വരം ചെക്ക്പോസ്റ്റിലൂടെ 1637 പേരും വന്നു. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ എണ്ണം 576 ആണ്. ലോക്ക്ഡൗൺ കാരണം മാതാപിതാക്കളിൽനിന്ന് മാറിനിൽക്കേണ്ടിവന്ന 163 കുട്ടികൾ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് അടിയന്തര ചികിത്സയ്ക്കായി 47 പേരെത്തി. 66 ഗർഭിണികളാണ് വന്നത്.
അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വരുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തണം. ഇപ്പോൾ ഉള്ള സ്ഥലം ഹോട്ട്സ്പോട്ടാണെങ്കിൽ തിരിച്ചെത്തിയാൽ സംസ്ഥാനം ഏർപ്പെടുത്തുന്ന ക്വാറന്റൈനിൽ ഏഴു ദിവസം കഴിയണം. വിദേശത്തുനിന്നും മറ്റും സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഗർഭിണികൾക്ക് വീടുകളിൽ പോകാം. അവർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്.
ഇപ്പോൾ ഉള്ള സംസ്ഥാനത്തുനിന്ന് യാത്രാ അനുമതി ലഭ്യമായശേഷം (അല്ലെങ്കിൽ ആവശ്യമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം) കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത്, ആ ജില്ലയിലേക്കുള്ള യാത്രാനുമതിക്കായി  covid19jagratha.kerala.nic.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
നോർക്ക രജിസ്ട്രേഷൻ നമ്പരോ മൊബൈൽ നമ്പരോ ഇതിനായി ഉപയോഗിക്കാം. വരുന്ന വാഹനത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കണം. പാസിൽ കേരളത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയ തീയതിയിൽ അതിർത്തിയിൽ എത്തുന്നവിധത്തിൽ യാത്ര ആരംഭിക്കാം.  വരുന്ന ജില്ലയിൽനിന്നും, എത്തിച്ചേരേണ്ട ജില്ലയിൽനിന്നും പാസ് ഉണ്ടാകണം.
വിദേശങ്ങളിൽനിന്നും അന്യ സംസ്ഥാനങ്ങളിൽനിന്നും ആളുകളെത്തുമ്പോൾ മാധ്യമങ്ങൾ കൃത്യമായ നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വരുന്നവരുടെ അഭിമുഖം എടുക്കാനും മറ്റുമായി പോകുന്നത് ഒഴിവാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വാർത്താ ശേഖരണത്തിന് സുരക്ഷാനിബന്ധനകൾ പാലിക്കണം. ഇതിൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

 

പ്രവാസികളെ വരവേൽക്കാൻ കേരളത്തില്‍ ആരോഗ്യ വകുപ്പ് സുസജ്ജം

* പ്രത്യേക ആപ്പും ക്യുആർ കോഡ് സംവിധാനവും
* 27 കോവിഡ് ആശുപത്രികൾ ഉൾപ്പെടെ 207 സർക്കാർ ആശുപത്രികൾ.

വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എയർപേർട്ടിൽ വന്നിറങ്ങുന്നത് മുതൽ പരിശോധിച്ച് ആവശ്യമുള്ളവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകുന്നതിന് മതിയായ സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. എല്ലാ എയർപോർട്ടിലും വന്നിറങ്ങുന്നവർക്ക് പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കരുതൽ ആപ്പ്, എറണാകുളത്ത് ആയുർരക്ഷാ ആപ്പ്, കോഴിക്കോട്ട് ആഗമനം ആപ്പ് എന്നിങ്ങനെയാണ് പേര്. നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പൂർണ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനാവും.
എല്ലാവരേയും മാസ്‌ക് ധരിപ്പിച്ച് സിസ് സാഗ് രീതിയിലാണ് വിമാനത്തിൽ ഇരുത്തുക. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയർപോർട്ടിലും തുടർന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അനൗൺസ്മെന്റ് നടത്തും. യാത്രക്കാർ സെൽഫ് റിപ്പോർട്ട് ഫോർമാറ്റ് പൂരിപ്പിച്ച് ഹെൽപ് ഡെസ്‌കിൽ നൽകണം. 15 മുതൽ 20 പേരെയാണ് ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കുക. എയ്റോ ബ്രിഡ്ജിൽ താപനില പരിശോധിക്കും. പനിയുണ്ടെങ്കിൽ ഐസൊലേഷൻ ബേയിലേക്ക് മാറ്റും. മറ്റുള്ളവരെ ഹെൽപ് ഡെസ്‌കിലേക്ക് അയയ്ക്കുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു എയർപോർട്ടിൽ 4 മുതൽ 15 ഹെൽപ് ഡെസ്‌ക് വരെയുണ്ടാകും. ഒരു ഹെൽപ് ഡെസ്‌കിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ ഫീൽഡ് സ്റ്റാഫ്, സന്നദ്ധ പ്രവർത്തകൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരാണ് ഉണ്ടാകുക. ഹെൽപ് ഡെസ്‌കിലെ ഡോക്ടർ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ അവരേയും ഐസൊലേഷൻ ബേയിലേക്ക് മാറ്റും. രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിംഗ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകൾ അണുവിമുക്തമാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. ഐസൊലേഷൻ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ തൊട്ടടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലാക്കും. ഇവർ കൊണ്ടുവന്ന ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തിൽ അഡ്മിറ്റ് ആകുന്ന ആശുപത്രിയിൽ എത്തിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചവരെ ആർ.ടി. പിസിആർ പരിശോധന നടത്തും.
രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ എ,ബി,സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രികൾ ഉൾപ്പെടെ 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ പ്ലാൻ സിയിൽ 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷൻ കിടക്കകളും 1679 ഐ.സി.യു കിടക്കകളുമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ മറ്റെല്ലാം മാറ്റിവച്ച് സംസ്ഥാനത്തെ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ, ജില്ലകളിലെ പ്രധാന ആശുപത്രികൾ എന്നിവയാണ് സമ്പൂർണ കോവിഡ് ആശുപത്രികളാക്കുന്നത്. ഒരേ സമയം 18,000ത്തോളം കിടക്കകൾ ഒരുക്കാൻ കഴിയും. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ 462 കോവിഡ് കെയർ സെന്ററുകളിലായി 16144 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു വരുന്നു. ഇതുകൂടാതെ എൻ.എച്ച്.എം. വഴി ഈ കാലയളവിൽ 3770 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ഇതോടൊപ്പം മറ്റ് വിഭാഗം ജീവനക്കാരേയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.

 

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.