Follow the News Bengaluru channel on WhatsApp

റാം വിലാസ് പാസ്വാന്‍ : അധികാരം ദല്‍ഹിയിലും, ഹൃദയം ബീഹാറിലുമായി ജീവിതം സമര്‍പ്പിച്ച ദളിത് സോഷ്യലിസ്റ്റ്

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

 

ശ്രീ. റാം വിലാസ് പാസ്വാന്‍ (74 )വിടവാങ്ങി……
കേന്ദ്ര ഭക്ഷ്യമന്ത്രിയും LJP സ്ഥാപക നേതാവുമായ പാസ്വാന്‍ ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ഒക്ടോബര്‍ 8 ന് മരണത്തിന് കീഴടങ്ങിയത്. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആയിരുന്ന അദ്ദേഹം ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജനനവും വളര്‍ച്ചയും

ബീഹാറിലെ ഖകാരിയ ജില്ലയിലെ ഷഹര്‍ബാനി ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ 1946 ജൂലൈ 5 നാണ് രാം വിലാസ് പാസ്വാന്‍ ജനിക്കുന്നത്. പട്ന യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. അറുപതുകളിലും എഴുപതുകളിലും രാജ്യത്ത് പുത്തന്‍ ഉണര്‍വായി അലയടിച്ച സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ രാം വിലാസ് പാസ്വാന്‍ ഉശിരനായ വിദ്യാര്‍ത്ഥി നേതാവായി മാറി. പഠനത്തിന് ശേഷം ബീഹാര്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി തെരഞ്ഞടുക്കപ്പെട്ടെങ്കിലും ആ ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുകയായിരുന്നു

തൊട്ടുകൂടായ്മയടക്കമുള്ള ജാതീയ ഉച്ഛനീചത്വങ്ങള്‍ അതി തീവ്രമായി നിലനിന്നിരുന്ന ബീഹാറില്‍ സവര്‍ണ വിഭാഗങ്ങളാല്‍ വലിയ അടിച്ചമര്‍ത്തലുകള്‍ ഏറ്റുവാങ്ങിയ വിഭാഗമായിരുന്നു പാസ്വാന്‍ എന്ന ദളിത് വിഭാഗം. വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലാത്ത, കൃഷിപ്പണിയും പന്നിവളര്‍ത്തലുമെല്ലാം തൊഴിലാക്കിയ പാസ്വാന്‍ ജാതിക്കാര്‍ക്ക് സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ ഒരു പ്രാതിനിധ്യവുമില്ലാതിരുന്ന കാലത്ത് അവരില്‍ നിന്നും ഒരു യുവാവ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറി.

പഴയ ബീഹാര്‍ സോഷ്യലിസ്റ്റ്

സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കെ 1969-ല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയായി. ബീഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ ആയിരുന്നു പാസ്വാന്‍.

സംവരണ മണ്ഡലമായ അലോലിയില്‍ നിന്ന് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റിലാണ് 23ാം വയസില്‍ പാസ്വാന്‍ നിയമസഭയിലെത്തിയത്. ജയപ്രകാശ് നാരായ ണന്റെ പ്രസ്ഥാനം ശക്തിപ്പെടുന്നതിന് മുമ്പായിരുന്നു ഇത്. സ്വന്തം നാട് ഉള്‍പ്പെടുന്ന മണ്ഡലമായിരുന്നു അലോലി.

അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍

അടിയന്തരാവസ്ഥാ വിരുദ്ധ സമരങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്ന പാസ്വാന്‍ ജയിലിലടയ്ക്കപ്പെട്ടു. ബീഹാറിലെ അടിയന്തരാവസ്ഥാ വിരുദ്ധ സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച ദളിത് യുവ എം.എല്‍.എ ജനത്തിന് ആവേശം പകര്‍ന്നു. ഒപ്പം ഇന്ദിര ഗാന്ധിയുടെ കോണ്‍ഗ്രസ് വിരുദ്ധ ജനാധിപത്യ സോഷ്യലിസ്റ്റ് ചേരിക്ക് ബിഹാറിലെ ദളിത് രാഷ്ട്രീയ ഭൂമികയില്‍ നിന്നും ചുറുചുറുക്കുള്ള ഒരു നേതാവിനെ ലഭിച്ചു. പാസ്വാന്‍ ജയില്‍മോചിതനായ ശേഷം പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്‍ നേരില്‍ കാണാനായി വിളിപ്പിച്ചു.

1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാജിപ്പുരില്‍നിന്ന് ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ജയപ്രകാശ് നാരായണന്‍ പാസ്വാനോട് ആവശ്യപ്പെട്ടു. അതോടെ പാസ്വാന്‍ ജനതാ പാര്‍ട്ടിയിലെത്തി.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ വിരുദ്ധ തരംഗം രാജ്യത്തെമ്പാടും അലയടിച്ച 1977 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍, ബിഹാറിലെ ഹാജിപൂരില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബലേശ്വര്‍ റാമിനെ 4,24,545 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാസ്വാന്‍ തോല്‍പ്പിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 89.3 ശതമാനം വോട്ടും പാസ്വാനായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഗിന്നസ് റെക്കോഡ് നേടി പാസ്വാന്‍.

33 വയസ്സുകാരനായ ആ ദളിത് യുവനേതാവിന്റെ പേര് രാജ്യമാസകലം ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ തന്നെ തന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തി. പിന്നീട് ഏഴുവട്ടം ഹാജിപുരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത പാസ്വാന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ബീഹാറിന്റെ സ്വന്തം ദളിത് നേതാവ്

ഭൂവുടമസ്ഥരായ സവര്‍ണ ജന്മികളും,ഭൂമിയാര്‍മാരും, രജ്പുത്തുകളും അടക്കിവാണിരുന്ന ബീഹാര്‍ രാഷ്ട്രീയത്തിലേക്കും അതുവഴി ദേശീയ രാഷ്ട്രീയത്തിലേക്കും കരുത്തോടെ നടന്നുകയറിയ പാസ്വാന്‍ എന്ന ദളിത് നേതാവ് ബീഹാറിലെ ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജവും ആവേശവുമായിരുന്നു.

‘ഊപര്‍ ഭഗവാന്‍ നീചേ പസ്വാന്‍’ എന്നായിരുന്നു ബീഹാര്‍ ഗ്രാമങ്ങളില്‍ ഉയര്‍ന്നിരുന്ന മുദ്രാവാക്യം. ബീഹാറിലെ ദളിത് – പിന്നോക്ക രാഷ്ട്രീയത്തിന് ഒരു കാലത്ത് ഭഗവാന്‍ തന്നെയായിരുന്നു പാസ്വാന്‍.

ബീഹാറിലെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടും ആ ജോലി ഉപേക്ഷിച്ച് പൊതു പ്രവര്‍ത്തനരംഗത്തേക്കിറങ്ങിയ വിപ്ലവകാരി, അടിയന്തിരാവസ്ഥാ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ജലിലടയ്ക്കപ്പെട്ട സോഷ്യലിസ്റ്റ്, ദളിത് ന്യൂനപക്ഷ ഉണര്‍വുകളുടെ ചാലക ശക്തിയായ അവകാശ പോരാളി, ദേശീയ രാഷ്ട്രീയ രസതന്ത്രങ്ങളില്‍ ഒരിക്കലും ഉന്നം പിഴയ്ക്കാത്ത നേതാവ്, ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിയോജിപ്പറിയിച്ച് എന്‍.ഡി.എ സഖ്യം വിട്ട നേതാവ്, അധികാര താത്പര്യങ്ങള്‍ക്കായി ദളിത് മുന്നേറ്റ രാഷ്ട്രീയത്തെ വഞ്ചിച്ച് സംഘപരിവാറുമായി സഖ്യമുണ്ടാക്കിയ ഒറ്റുകാരന്‍,… ഇങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് രാം വിലാസ് പാസ്വാന്.

ലോക് ജന്‍ശക്തി പാര്‍ട്ടി (LJP ) രൂപീകരണം

ഇന്ത്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയ ഭൂമികയിലെ ബലാബലങ്ങളില്‍ നിലനില്‍പ്പിന്റെ മെയ് വഴക്കം നല്ല വണ്ണം പയറ്റി തെളിഞ്ഞ രാം വിലാസ് പാസ്വാന്റെ നേതൃത്വത്തില്‍ ജനതാദള്‍ (യുനൈറ്റഡ്) പിളര്‍ത്തി രൂപീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ലോക് ജന്‍ശക്തി പാര്‍ട്ടി (LJP ). 2000 നവംബര്‍ 28നായിരുന്നു രൂപീകരണം. ബിഹാറിലാണ് പ്രധാന തട്ടകം. ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഇടയില്‍ നിര്‍ണായക സ്വാധീനം. ഇപ്പോള്‍ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഒരു ഘടക കക്ഷിയാണ് എല്‍.ജെ.പി.

 

പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവ്

പ്രായോഗിക രാഷ്ട്രീയം തന്നെയായിരുന്നു എല്ലായിടത്തും എക്കാലത്തും പാസ്വാന്‍ പയറ്റിയിരുന്നത്. ദേശീയതലത്തില്‍ ഒരു മുന്നണി, സംസ്ഥാനരാഷ്ട്രീയത്തില്‍ മറ്റൊരു മുന്നണി എന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രം പാസ്വാന്‍ പലവട്ടം എടുത്തു പ്രയോഗിച്ചു.

പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന 1991-96 കാലഘട്ടം ഒഴികെ, 1989നും 2000ത്തിനും ഇടയിലുള്ള എല്ലാ മന്ത്രിസഭയുടെയും ഭാഗമായിരുന്നു പാസ്വാന്‍. 1996 ലും 1998ലും അദ്ദേഹം കോണ്‍ഗ്രസ് പിന്തുണച്ച ജനതാദള്‍ പ്രധാനമന്ത്രിമാരായിരുന്ന ദേവ ഗൗഡയുടെയും ഐ.കെ ഗുജറാളിന്റെയും ഒപ്പം പ്രവര്‍ത്തിച്ചു.

1999ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം, അത്തവണ ജയിച്ച അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബി.ജെ.പി) ഒപ്പം കൂടി.

എന്നാല്‍ 2002ല്‍, ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന മുസ്ലിം വംശഹത്യയ്ക്കെതിരെ പ്രതിഷേധിച്ച് അദ്ദേഹം വാജ്പേയി സര്‍ക്കാറില്‍ നിന്ന് പുറത്തുപോന്നു. 2004ല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാസ്വാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സിന് (യു.പി.എ) ഒപ്പമായിരുന്നു. യു.പി.എ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.
രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണപ്രളയങ്ങള്‍ക്കു പിന്നാലെ 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) അധികാരത്തിലെത്തുമ്പോഴും പാസ്വാന്‍ വീണ്ടും ജയിക്കുന്നവരുടെ ഭാഗത്തെത്തിയിരുന്നു. അപ്പോഴേക്കും മോദിയുടെ ‘വംശഹത്യ സൃഷ്ടിക്കുന്ന’ നേതൃത്വത്തോടുള്ള പാസ്വാന്റെ തിളയ്ക്കുന്ന പ്രതിഷേധം പഴങ്കഥയായി മാറിയിരുന്നു.

 

‘ആയാറാം ഗയാറാം’ പൊളിറ്റിക്‌സ്

1986നും 2019നും ഇടയിലുള്ള തെരെഞ്ഞെടുപ്പ് / അധികാര രാഷ്ടിയ സമീപനങ്ങളില്‍  അയാറാം ഗയാറാം പ്രാക്ടിക്കല്‍ പൊളിറ്റിക്‌സ് നല്ലവണ്ണം കളിച്ചിട്ടുള്ള പാസ്വാന്‍ ശക്തമായ വിമര്ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് . തെരെഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ‘ രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ ‘ പലപ്പോഴും വിവാദമായിരുന്നു .

വിമര്‍ശകരെ പാസ്വാന്‍ നേരിട്ടത്, ദളിത് രാഷ്ട്രീയം പറഞ്ഞും, ഹിന്ദി ഹൃദയഭൂമിയിലെ ദളിതരുടെ ജീവിത പ്രശ്‌നങ്ങളെ ചൂണ്ടി കാട്ടിയുമാണ്.

പ്രത്യയശാസ്ത്ര നിലപാടുകളല്ല, മറിച്ച് ദളിതന്‍ രാഷ്ട്രീയത്തില്‍ തനിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും അതിജീവിക്കുന്നുണ്ടോയെന്നതാണ് കാര്യം.
പ്രാഥമിക വിദ്യാഭ്യാസം നേടുകയെന്നതുപോലെ മറ്റു സമുദായങ്ങളില്‍ സ്വാഭാവികമായ ഒന്നായി മാറിയ കാര്യങ്ങള്‍ പോലും ഉത്തരേന്ത്യയിലെ ദളിതനെ സംബന്ധിച്ച് ഇന്നും വലിയ കടമ്പ തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍, ഒരു ദളിതനെ സംബന്ധിച്ച് പ്രധാനം അവന് അല്ലെങ്കില്‍ അവള്‍ക്ക്, പിന്നറാമ്പുറങ്ങളില്‍ ഒതുക്കപ്പെട്ട സമുദായത്തിന് വേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്യാന്‍ കഴിഞ്ഞോ എന്നതാണ്.

അധികാര രാഷ്ട്രീയത്തില്‍ റിക്കാര്‍ഡിനുടമ

രാജ്യത്ത് ഇതുവരെ മറ്റൊരു രാഷ്ട്രീയ നേതാവും നേടിയിട്ടില്ലാത്ത, ഭാവിയില്‍ നേടാന്‍ സാധ്യതയില്ലാത്ത അതുല്യമായ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പാസ്വാന് കഴിഞ്ഞു. 1989- 2020 കാലത്ത് ഏതാണ്ട് എല്ലാ കേന്ദ്രസര്‍ക്കാറുകളുടെയും ഭാഗമായിരുന്നു പാസ്വാന്‍ എന്നതാണ് ഈ അസാധാരണത്വം. വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം അധികാരത്തിനു പുറത്തിരുന്നിട്ടുള്ളൂ. പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന 1991-96 കാലഘട്ടവും രണ്ടാം യു പി എ സര്‍ക്കാരിലും( 2009 -2014 ). 2009 ല്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി സഖ്യം ചേര്‍ന്നു മല്‌സരിച്ചപ്പോള്‍ മാത്രമാണ് പരാജയം നേരിട്ടത്.
.33 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ പസ്വാന്‍ നേരിട്ട ആദ്യത്തെ പരാജയമായിരുന്നു അത്. ഹജിപുര്‍ മണ്ഡലത്തില്‍ ജെ.ഡി.യുവിന്റെ രാം സുന്ദര്‍ ദാസിനോടാണ് പസ്വാന്‍ പരാജയപ്പെട്ടത്.

പ്രധാന രാഷ്ട്രീയ നേട്ടങ്ങള്‍
  • എട്ടു തവണ തിരെഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ലോക്‌സഭയിലെത്തി (1980, 1989, 1996, 1998, 1999, 2004, 2014)
  • രണ്ടു തവണ രാജ്യ സഭ അംഗം (2010,2019 )
  • പിന്നോക്ക സംവരണത്തിനു നാന്ദിയായിഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ‘ നടപ്പാക്കാന്‍
    നേതൃത്വം നല്‍കിയ മുന്‍ പ്രധാനമന്ത്രി
    വി. പി സിംഗിന് കരുത്തുറ്റ പിന്തുണ നല്‍കി

അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം…. 1989 മുതല്‍ 6 പ്രധാനമന്ത്രിമാരുടെ കീഴില്‍, വിശ്വനാഥ് പ്രതാപ് സിങ്, എച്ച്.ഡി ദേവഗൗഡ, ഐ.കെ ഗുജ്‌റാള്‍, അടല്‍ ബിഹാരി വാജ്‌പേയ്, മന്മോഹന് സിങ്, നരേന്ദ്രമോദി എന്നിവരുടെയെല്ലാം സര്ക്കാറിന്റെ കാലത്ത് പാസ്വാന്‍ മന്ത്രിയായിരുന്നു. റെയില്‍വേ , തൊഴില്‍ , ക്ഷേമം, ഭക്ഷ്യം , പാര്‍ലിമെന്ററികാര്യം, വാര്‍ത്താവിനിമയം, ഖനി, എന്നിങ്ങനെ സുപ്രധാനമായ പല വകുപ്പുകളും കൈകാര്യം ചെയ്തു.
മരണപെടുമ്പോള്‍, ഭക്ഷ്യ- പൊതുവിതരണം, ഉപഭോക്തൃകാര്യ വകുപ്പുകളുടെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്നു.

ദളിത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ പ്രതിഭാസം

ഇന്ത്യയിലെ സമുന്നതനായ ദലിത് നേതാവ്. അര നൂറ്റാണ്ടില്‍ കൂടുതല്‍ ജന പ്രതിനിധി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ ബിഹാറിലെ ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയം. ഇന്ത്യക്ക് ഒരു ദലിത്, അല്ലെങ്കില്‍ മുസ്ലിം പ്രധാനമന്ത്രി ഉണ്ടാകണം എന്ന് വാദിച്ച ഭൂതകാലം. ഒടുവില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ദലിത്, മുസ്ലിം, ന്യൂനപക്ഷ വിരോധം അജണ്ടയായവരുടെ കൂടെ, അധികാരം മോഹിച്ച്, മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയുള്ള സഹവാസം…

റാം മനോഹര്‍ ലോഹ്യ, ജയ പ്രകാശ് നാരായണ്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ചരണ്‍ സിംഗ് തുടങ്ങിയ പ്രഗല്‍ഭരായ സോഷ്യലിസ്റ്റ് നേതാക്കളുടെ പാത പിന്തുടരുമെന്നു പൊതു ജീവിതത്തിന്റെ തുടക്കത്തില്‍ തോന്നിപ്പിച്ചുവെങ്കിലും, അദ്ദേഹം എത്തിച്ചേര്‍ന്നത് പലപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഇടനാഴികളിലായിരുന്നു .

ദളിത് – പിന്നോക്ക – സോഷ്യലിസ്റ്റ് മുദ്രാവാക്യ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്നതിനു പകരം, അതിനു ഘടക വിരുദ്ധമായ വര്‍ഗീയ ഫാസിസിസ്‌റ് ചേരിക്കൊപ്പം നിലകൊണ്ട് അധികാരത്തിന്റെ തണലിനെ ആശ്ലേഷിക്കാനാണ് പാസ്വാന്‍ മുതിര്‍ന്നത്.

അധികാര രാഷ്ട്രീയത്തിന്റെ രസതന്ത്രം നന്നായി മനസ്സിലാക്കാനും ചേരുവകള്‍ ആവശ്യാനുസരണം കൃത്യ സമയത്തു് ചേര്‍ത്ത് പ്രയോഗിക്കാനുള്ള പാടവം നന്നായി പഠിച്ച നേതാവായിരുന്നു പാസ്വാന്‍ എന്നതില്‍ തര്‍ക്കമില്ല.

രാഷ്ട്രീയാധികാരത്തിലൂടെ മാത്രമേ തന്റെ ജനതയുടെ വിമോചനങ്ങള്‍ സാധ്യമാകൂ, അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും താന്‍ എന്നും തികഞ്ഞ അംബ്ദേക്കര്‍ അനുയായി ആണെന്നും വിമര്‍ശകരോട് അദ്ദേഹം മറുപടി പറഞ്ഞു.

അധികാരം ദല്‍ഹിയിലും ഹൃദയം ബീഹാറിലുമെന്നായിരുന്നു പാസ്വാനെക്കുറിച്ച് പലരും വിശേഷിപ്പിച്ചിരുന്നത്. സുഹൃത്തുക്കളും, ബീഹാര്‍ രാഷ്ട്രീയത്തിലെ രണ്ട് അതി കായകരുമായ ലാലു പ്രസാദ് യാദവുമായും നിതീഷ്‌കുമാറുമായും ഇണങ്ങിയും പിണങ്ങിയും ഭരണത്തിന്റെ ഭാഗമായി പാസ്വാന്‍ നിലകൊണ്ടു. ബീഹാര്‍ രാഷ്ട്രീയത്തില്‍ ലാലു, നിതീഷ് എന്നീ പേരുകള്‍ക്കൊപ്പം മൂന്നാമതായി പാസ്വാന്‍ എന്ന പേരും ചരിത്രത്തില്‍ ഇടം പിടിച്ചു.

രാജ്യത്തെ ദളിത് മുന്നേറ്റങ്ങളുടെ എക്കാലത്തെയും എതിരാളികളായ  സംഘപരിവാറിനോട് സന്ധിചെയ്തതിന്റെ പേരില്‍ ദളിത് വഞ്ചകനായും ഒറ്റുകാരനായും വിമര്‍ശിക്കപ്പെടുന്ന പാസ്വാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ പ്രതിഭാസമാണ്.

ജോമോന്‍ സ്റ്റീഫന്‍ I jomonks2004@gmail.com

photo courtesy : PTI, ANI, theprint.in/Praveen Jain,

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.