Follow the News Bengaluru channel on WhatsApp

തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ്: ആവേശത്തിൽ കേരളവും രാഷ്ട്രീയ പാർട്ടികളും

കേരളം മറ്റൊരു  തെരെഞ്ഞെടുപ്പിനെ നേരിടുകയാണ്. കോവിഡ്  ഭീതിക്കിടയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തെരെഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു കഴിഞ്ഞു.

ഒന്നാം ഘട്ടമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ തെരെഞ്ഞടുപ്പ് നടക്കും.രണ്ടാം ഘട്ടമായ ഡിസംബര്‍ 10 ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് തെരെഞ്ഞടുപ്പ്. മൂന്നാം ഘട്ടമായ ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തെരെഞ്ഞടുപ്പ് നടക്കും. വോട്ടെണ്ണലും ഫല പ്രഖ്യാപനവും  ഡിസംബര്‍ 16  ന് നടക്കും.

 

തദ്ദേശ ഭരണതെരഞ്ഞെടുപ്പ്  എക്കാലവും ഒരു ഉത്സവ പ്രതീതിയാണ് മലയാള മണ്ണിൽ സൃഷ്ടിക്കുന്നത്. നാട്ടിലും നാട്ടുകാർക്കും സുപരിചിതരായവർ തെരെഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടുന്നു എന്നതാണ് പ്രത്യേകത. അങ്ക തട്ടിൽ പല തരം അടവുകളും തന്ത്രങ്ങളും  ടുത്തു അവർ പോരാടുന്നു. വോട്ടു സമാഹരണത്തിന്റെ പുത്തൻ ഭാഷ്യങ്ങളും രീതികളും ചമക്കപ്പെടുകയാണ്.

എന്നാൽ  വോട്ടു ചെയ്യേണ്ടത് ആർക്ക് എന്ന ചോദ്യത്തിന്, വികസനത്തിനും നാടിൻ്റെ പുരോഗതിക്കും അധികാര വികേന്ദ്രീകരണത്തിനും ശക്തി നൽകാനാവണം വോട്ട് ചെയ്യേണ്ടത് എന്ന ബോധ്യം നാടിനും നാട്ടാർക്കും വന്നുകഴിഞ്ഞു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറത്ത് ആരെ പിന്തുണക്കണം, ആർക്ക് വോട്ടു ചെയ്യണം എന്നത് നാടിന്റെ വികസനത്തെയും പുരോഗതിയെയും കണക്കിലെടുത്താവണം. അതായത് കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയമാവണം ഈ തെരഞ്ഞെടുപ്പിൽ പ്രധാനമാവേണ്ടത്. അധികാരവികേന്ദ്രീകരണപ്രക്രിയയെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്തിയെടുക്കാനും പ്രാദേശികവികസനം മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമായ  മുദ്രാവാക്യങ്ങൾ ഉയർന്നു വരണം.

 

 

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ –

2020  ലെ സ്ഥിതി വിവര കണക്ക്

അകെ തദ്ദേശ  സ്വയം ഭരണ സ്ഥാപനങ്ങള്‍ – 1200

ഗ്രാമ പഞ്ചായത്തുകള്‍ – 941
ബ്ലോക്ക് പഞ്ചായത്തുകള്‍ ‍- 152
ജില്ലാ പഞ്ചായത്തുകള്‍ – 14
മുനിസിപ്പാലിറ്റികള്‍ – 87
മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍  – 06

ആകെ വാർഡുകളുടെ എണ്ണം  – 21908

ഗ്രാമ പഞ്ചായത്ത്   – 15962
ബ്ലോക്ക് പഞ്ചായത്ത് – 2079
ജില്ലാ പഞ്ചായത്ത് – 331
മുനിസിപ്പാലിറ്റി – 3034
കോർപ്പറേഷൻ – 414

വനിതാ സംവരണ സീറ്റുകൾ

ഗ്രാമ പഞ്ചായത്ത്   – 8260
ബ്ലോക്ക് പഞ്ചായത്ത് – 1102
ജില്ലാ പഞ്ചായത്ത് – 168
മുനിസിപ്പാലിറ്റി – 1538
കോർപ്പറേഷൻ – 209

പട്ടിക ജാതി  സംവരണ സീറ്റുകൾ

ഗ്രാമ പഞ്ചായത്ത്   – 1714
ബ്ലോക്ക് പഞ്ചായത്ത് – 222
ജില്ലാ പഞ്ചായത്ത് – 32
മുനിസിപ്പാലിറ്റി – 627
കോർപ്പറേഷൻ – 94

പട്ടിക വർഗ സംവരണ സീറ്റുകൾ

ഗ്രാമ പഞ്ചായത്ത്   – 242
ബ്ലോക്ക് പഞ്ചായത്ത് – 31
ജില്ലാ പഞ്ചായത്ത് – 6
മുനിസിപ്പാലിറ്റി – 15
കോർപ്പറേഷൻ – 0

 

വനിതകൾക്കും പിന്നോക്ക ജന വിഭാഗത്തിനും
യുവജനങ്ങൾക്കും അവസരം

ജനപ്രതിനിധിസ്ഥാനത്തേക്ക് മാത്രമല്ല ഭരണചുമതലകളിലേക്കും സ്ത്രീകള്‍ക്കും പിന്നോക്ക ജന വിഭാഗത്തിനും യുവജനങ്ങൾക്കും അവസരങ്ങളുടെ പുതിയ വാതായനങ്ങൾ തുറന്നിടുന്നതാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്.

നിയമപരമായി പ്രത്യേക പരിഗണന ലഭിച്ചുകൊണ്ട് തന്നെയാണ് സ്ത്രീകളും പിന്നോക്ക വിഭാഗങ്ങളും അധികാര സ്ഥാനങ്ങളിലേക്ക് കടന്നു വരുന്നത്. വനിതാ സംവരണം ആദ്യഘട്ടത്തിലെ 33 ശതമാനത്തില്‍നിന്ന് 2010 ല്‍ ഇത് 50 ശതമാനത്തിലേക്ക് ഉയര്‍ന്നു. എല്ലാ സ്ഥിരം സമിതികളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കിയതും തദ്ദേശഭരണസ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനങ്ങളില്‍ 50% സംവരണം ഏര്‍പ്പെടുത്തിയതും സ്ത്രീകളെ അധികാരവത്ക്കരിക്കുന്നതിലെ സുപ്രധാന നടപടിയാണ്.

45 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീയെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതിൽ വനിതാ അംഗങ്ങളുടെ പങ്ക്‌  ചെറുതല്ല. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പിക്കാനും കുടുംബശ്രീ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട് .
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന സ്ത്രീകളുടെ ശക്തമായ ശൃംഖല ഇന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അവിഭാജ്യഘടകമാണ്. സ്ത്രീകളുടെ സാമൂഹിക ദൃശ്യതയും പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതില്‍ കുടുംബശ്രീ വലിയ പങ്ക് വഹിച്ചു.

പിന്നോക്ക ജന വിഭാഗക്കാരായ  പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും
പഞ്ചായത്തു തിരെഞ്ഞെടുപ്പ് വേദിയാകുന്നുണ്ട്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 2689 വാർഡുകളിൽ പട്ടിക ജാതിയിലുള്ളവരും 294 വാർഡുകളിൽ പട്ടിക വിഭാഗത്തിൽ പെട്ടവരും ജന പ്രതിനിധികളായി വരും. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്നും അധികാര സ്ഥാനത്തേക്ക് കൈ പിടിച്ചുയർത്തുന്ന ഒരു സാമൂഹിക വിപ്ലവം തന്നെയാണ് കേരളത്തിൽ അരങ്ങേറുന്നത്.  ഇന്ത്യ മഹാരാജ്യത്ത്‌ കേരളത്തിൽ മാത്രം കാണുന്ന അപൂർവ പ്രതിഭാസം ..!

യുവജനങ്ങൾക്ക്‌ ലഭിക്കുന്ന അവസരമാണ്  മറ്റൊരു പ്രത്യേകത. കഷ്ടിച്ച് 21 വയസ്സുള്ളവർ പോലും സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാടിൻറെ മുന്നോട്ടുള്ള പ്രയാണത്തിലും വികസന പ്രക്രിയയിലും പങ്കാളികളാവാനുള്ള സുവർണാവസരമാണ് യുവജനങ്ങൾക്ക്‌  കൈവരിച്ചിട്ടുള്ളത്. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവേശിക്കാനുള്ള പരിശീലനം കൂടി അവർക്കു ലഭിക്കുന്നു.

ഡിജിറ്റലായി  തെരെഞ്ഞെടുപ്പ് ക്യാമ്പയിൻ

ഡിജിറ്റൽ കാലഘട്ടത്തിലാണ്  പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ വരവ്. പുത്തൻ സാങ്കേതിക വിദ്യകളുടെ പരീക്ഷണമായിരിക്കും നടക്കാൻ പോകുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം ഇന്ന് വളരെ കൂടുതലാണ്. ഏറ്റവും വലിയ പ്രത്യേകത എന്നത്  ശരിയായ ഓഡിയന്‍സിനെ ടാര്‍ഗറ്റ് ചെയ്യാം എന്നതു തന്നെ. ഇന്ന് ഒട്ടുമിക്കവരുടെയും കൈയ്യിൽ  സ്മാര്‍ട് ഫോണുണ്ട്.

.ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ വളരെ എളുപ്പമുള്ള വഴിയാണ് സോഷ്യല്‍ മീഡിയ, അതുപോലെ അത് നശിപ്പിക്കുവാനും. ഈ സാധ്യതയും പരിമിതിയും തിരിച്ചറിഞ്ഞു തന്നെയാണ് തെരെഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. സോഷ്യൽ മീഡിയയിലെ ഇടപെടൽ എപ്പോഴും ആധികാരികവും സുതാര്യവും ആയിരിക്കണം എന്ന്‌ അവർക്കു അറിയാം. പൊതു ജനത്തിന് ഗുണമുള്ള കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുവാന്‍ സ്ഥാനാർത്ഥികളും പ്രവർത്തകരും നിർബന്ധിതമാകുന്നുണ്ട്.

കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍, വന്‍ നഗരങ്ങളില്‍, ഇടത്തരം പട്ടണങ്ങളില്‍ ഒക്കെ ഡിജിറ്റല്‍ ഇലക്ഷന്‍ വാര്‍ റൂമുകള്‍ ഒരുങ്ങിത്തുടങ്ങി. തിരെഞ്ഞെടുപ്പ്   ക്യാംപെയിനുകള്‍ ഡിജിറ്റല്‍ ഫോർമാറ്റിലേക്കു  മാറി കഴിഞ്ഞു.

 

പരസ്യ കമ്പനികൾക്ക് അവസരങ്ങളുടെ പുതിയ ലോകമാണ്  തെരെഞ്ഞെടുപ്പ്  കാലം. ഇതില്‍ മുഖ്യമായും മൂന്ന് ഭാഗങ്ങളുണ്ട്. സ്ട്രാറ്റജി, കണ്ടന്റ്, പ്രമോഷന്‍. മൂന്നും പ്രധാനപ്പെട്ടതും നിര്‍ണായകവുമാണ്.  രാഷ്ട്രിയ ക്യാംപെയിനുകളില്‍ സ്ട്രാറ്റജിയാണ് പ്രധാനം.

ഡിജിറ്റലായാലും, ഫിസിക്കലായാലും കണ്ടന്റ് ആണ് മറ്റൊരു പ്രധാന ഘടകം. പ്ലാറ്റ് ഫോമുകളും, സാങ്കേതിക വിദ്യയും എല്ലാവര്‍ക്കും ഒരുപോലെയാണ്. മേല്‍ക്കൈ നേടാന്‍ മികച്ച സ്ട്രാറ്റജി വേണം, മികവുറ്റ കണ്ടന്റ് വേണം.  ഉദ്ദേശിച്ച ടാര്‍ഗറ്റില്‍ തന്നെ പ്രചാരണം എത്തണം. ട്രോള്‍ പോലുള്ള ഡിജിറ്റല്‍ കലാരൂപങ്ങള്‍ ഈ തെരെഞ്ഞെടുപ്പില്‍ നിറഞ്ഞാടും.

പൊളിറ്റിക്കല്‍ സ്ട്രാറ്റജി മാനേജ്മെന്റില്‍ സജീവമായ ഒട്ടേറെ കമ്പിനികൾ കേരളത്തിലുണ്ട്. പണം മുടക്കി ഈ സ്ഥാപനങ്ങളെ  ഉപയോഗപ്പെടുത്തി പ്രചാരണം കൊഴുക്കാനും സാധ്യത ഉണ്ട്.
പുതു തലമുറയെ തേടി രാഷ്‌ട്രീയക്കാര്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും കയറിയിറങ്ങിയാൽ അത്ഭുതമില്ല . ട്വിറ്ററും, ലിങ്ക്ഡിനും പോലും പ്രചാരണ ഉപാധി ആയി മാറിയേക്കാം. വാട്ട്സാപ്പു കൊണ്ട് കമ്മ്യൂണിക്കേഷന്‍ പിരമിഡുകള്‍ പണിയും.

വിജയ പ്രതീക്ഷയിലും കണക്കുകൂട്ടലിലും
വിവിധ രാക്ഷ്ട്രീയ  പാർട്ടികൾ

കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച  പ്രതിസന്ധിക്കിടിയിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് സൃഷ്ടിച്ച കനത്ത സാമൂഹിക സാമ്പത്തിക ആഘാതം ചെറുതല്ല. ഈ അവസ്ഥയെ മുന്നിൽ കണ്ടും അഡ്രസ്സ് ചെയ്തുകൊണ്ടും മാത്രമേ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാർട്ടികൾക്കും പ്രചാരണത്തിൽ ഏർപ്പെടാൻ കഴിയു.

കേരളത്തിൽ കോവിഡ്  സൃഷ്ടിച്ച പ്രതിസന്ധിക്കു നഗര ഗ്രാമ വ്യത്യാസമില്ല. ചെറുകിട കച്ചവടങ്ങളും മറ്റു അനുബന്ധ തൊഴിൽ മേഖലകളും കനത്ത പ്രതിസന്ധി നേരിട്ട്  കഴിഞ്ഞു. പ്രധാന വരുമാന മാർഗമായ ടൂറിസം ഇപ്പോഴും പൂർവ സ്ഥിതി പ്രാപിച്ചിട്ടില്ല.

ഗൾഫ് നാടുകളിൽ നിന്നും ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ നിന്നും  തൊഴിലും വരുമാനവും നഷ്ടപ്പെട്ട് മടങ്ങി വന്നവരുടെ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നു.

.കോവിഡ് പ്രതിസന്ധി  നില നിൽക്കെ, വിവിധങ്ങളായ രാഷ്ട്രീയ വിവാദങ്ങൾ കേരളത്തിൽ അരങ്ങു തകർക്കുകയാണ്. പഞ്ചായത്തു  തെരെഞ്ഞെടുപ്പ് മാത്രമല്ല അടുത്ത വർഷം ഏപ്രിൽ/ മെയ് മാസത്തിൽ നടക്കാൻ പോകുന്ന നിയമ സഭ തെരെഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ്  മൂന്നു രാഷ്ട്രീയ മുന്നണികളും കരുക്കൾ  നീക്കുന്നത്. കോവിഡ് പകർച്ച വ്യാധി ചെറുക്കുന്നതിൽ കേരളത്തിലെ ഇടതു മുന്നണി സർക്കാർ  നേടിയെടുത്ത മേൽകൈയ്യും  ജനപ്രീതിയും ഇതര കക്ഷികളായ കോൺഗ്രസ്, ബിജെപി മുന്നണികൾക്ക് വലിയ ക്ഷീണമായി.

തുടർന്ന് രാഷ്ട്രീയ  ആരോപണങ്ങളുടെയും വിവാദങ്ങളുടെയും ഒരു ഘോഷ യാത്രയാണ് കേരളത്തിൽ കണ്ടത്. സ്പ്രിങ്ക്ലെർ, സ്വർണ കള്ളക്കടത്ത്‌, ലൈഫ്  ഭവന പദ്ധതി, തുടങ്ങി കിഫ്‌ബി വരെ. ഈ ആരോപണങ്ങളെയെല്ലാം നേരിട്ടും കൃത്യമായ മറുപടി പറഞ്ഞുമാണ് സി പി ഐ (എം ) നയിക്കുന്ന ഇടതുമുന്നണി പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിക്കുന്നത്.

കോവിഡ് മൂലം തൊഴിലും വരുമാനവുമില്ലാത്തവരുടെ പ്രശ്നങ്ങൾക്ക് അവർ മുൻഗണന  നൽകുന്നു. അനാവശ്യ വിവാദങ്ങളല്ല, വികസനം ആണ് കേരളത്തിന് വേണ്ടത് എന്ന്‌ വോട്ടു അഭ്യർത്ഥിച്ചുകൊണ്ടു അവർ ജനങ്ങളോട് ആവർത്തിച്ച് വിളിച്ചു പറയുന്നു.

കോവിഡ് മൂലം  ദുരിതത്തിലായ പാവപ്പെട്ടവർക്ക് പ്രതിമാസം 7,500 രൂപയെങ്കിലും നൽകണമെന്ന ഇടതു പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ഗോഡൗണിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ നിന്ന് 10 കിലോ വെച്ച് പാവപ്പെട്ടവർക്ക് നൽകണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. കോർപ്പറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നയങ്ങളാണ് കോൺഗ്രസിനെപോലെ ബിജെപിയും തുടരുന്നത് എന്നാണ്  ഇടതു പാർട്ടികൾ ആരോപിക്കുന്നത് .

ഭരണ തുടർച്ച ലക്ഷ്യമിടുന്ന ഇടതു പക്ഷത്തെ ലക്‌ഷ്യം വെച്ചാണ് കോൺഗ്രസ് നേതൃത്വം
നൽകുന്ന യുഡിഎഫ് തെരെഞ്ഞെടുപ്പ്  കാമ്പയിൻ തുടങ്ങിയത്. പിണറായി സർക്കാരിനെതിരെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ അവർ അഴിച്ചു വിട്ടു. പക്ഷെ പലതും ആരോപണങ്ങൾ മാത്രമായി അവശേഷിക്കുന്നതും കണ്ടു.

‘അഴിമതിക്ക്  എതിരെ ഒരു വോട്ട്’ എന്നതായിരുന്നു  യുഡിഫ് ന്റെ തെരെഞ്ഞെടുപ്പ് മുദ്രാവാക്യം. ഗുരുതര സാമ്പത്തിക ക്രമക്കേടിൽ  മഞ്ചേശ്വരം MLA കമറുദ്ധിൻ, പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രിയും എം എല്‍ എ യുമായ  ഇബ്രാഹിം കുഞ്ഞു, എന്നിവർ അറസ്റ്റിൽ ആയതും , മുസ്ലിം ലീഗ് എം എല്‍ എ  കെ.എം .ഷാജിക്കു എതിരെയുള്ള എൻഫോഴ്‌സ്‌മെന്റ്റ്  അന്വേഷണവും യുഡിഎഫ് ക്യാമ്പിന് തിരിച്ചടിയായി.

ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലക്ക് എതിരെ വിജിലൻസ്  അന്വേഷണം പ്രഖ്യാപിച്ചതും പഴയ സോളാർ കേസ് വീണ്ടും കോടതിയിൽ സജീവമായതും  കോൺഗ്രസ് / യുഡിഎഫ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചു.

നരേന്ദ്ര മോഡി സർക്കാരിന്റെ പ്രഭാവത്തിലും ഈയിടെ നടന്ന ബീഹാർ അസംബ്ലി തെരെഞ്ഞെടുപ്പ് വിജയിച്ച ആത്മ വിശ്വാസത്തിലുമാണ് ബിജെപി യുടെ കേരള ഘടകം പഞ്ചായത്തു  ഇലക്ഷനിൽ പ്രതീക്ഷ വെക്കുന്നത്.

പക്ഷെ, സംഘടനാ സംവിധാനത്തിന് അകത്തുള്ള ശക്തമായ ഗ്രൂപ്പിസം കാരണം സ്ഥാനാർഥി നിർണയം പോലും സമയ ബന്ധിതമായി പൂർത്തീകരിക്കാൻ  അവർക്കു കഴിഞ്ഞില്ല.  ബിജെപി, കേരള സംസ്ഥാന അധ്യക്ഷൻ കെ  സുരേന്ദ്രനെതിരെ ഒരു വിഭാഗം കേരള നേതാക്കൾ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ഇതുമൂലം പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രിക്കാൻ ബിജെ പിക്കു ശരിയായി കഴിഞ്ഞിട്ടില്ല. മലബാറിലെ ചില പ്രദേശങ്ങളിൽ  സ്ത്രീകൾക്കായി സംവരണം ചെയ്ത വാർഡുകളിൽ
പുരുഷന്മാരായ ആളുകളെ സ്ഥാനാര്‍ഥിയാക്കുന്ന സ്ഥിതി വരെയുണ്ടായി.

ഫേസ്ബുക് &  വാട്ട്സ് ആപ്പ്  –
തെരെഞ്ഞെടുപ്പ്  പ്രവർത്തനത്തിന്റെ  പുതിയ  മേച്ചിൽ പുറം

കുറച്ചു വര്‍ഷം മുന്‍പ് വരെ സോഷ്യല്‍ മീഡിയ, നാട്ടിൻ പുറങ്ങളിലെ  സാധാരണക്കാരായ രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും അത്രയ്ക്ക് പിടിപാടുള്ള  മേഖല അല്ലായിരുന്നു. അന്ന് തെരെഞ്ഞെടുപ്പ് രാഷ്ട്രിയം പൊതുവെ കവല പ്രസംഗങ്ങളിലും, പൊതു പരിപാടികളിലും, റാലികളിലും കേന്ദ്രീകരിച്ചു. കഴിഞ്ഞ പഞ്ചായത്തു തിരെഞ്ഞെടുപ്പിൽ  ജയ പരാജയങ്ങളെ സോഷ്യല്‍ മീഡിയ അത്രയ്ക്ക് സ്വാധീനിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ അന്നത്തെ സ്വാധിനവും അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു. ചെറുപ്പക്കാരുടെ ഒരു ഇടം മാത്രമായി അത് ഒതുങ്ങി നിന്നു. ഒരു പ്രത്യേക വിഭാഗത്തിന്  മാത്രം പ്രാതിനിധ്യം.

എന്നാല്‍ ഇന്ന് അവസ്ഥ പാടേ മാറി. പ്രായഭേദമില്ലാതെ , ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും സോഷ്യല്‍ മീഡിയയുടെ ഭാഗമായി. പൊതു പരിപാടികളുടെയും, പ്രസംഗങ്ങളുടെയുമൊക്കെ സാംഗത്യം കുറഞ്ഞു. അവ പാടേ ഇല്ലാതാകും എന്നല്ല. പക്ഷെ അവയുടെ  പ്രാധാന്യം  ഇനിയുള്ള കാലത്തു  ഗണ്യമായി കുറയും. കോവിഡ് കാലത്തു നാം അത് കണ്ടു കഴിഞ്ഞു. ഭാവിയിൽ പരമ്പരാഗത രീതിയിലുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ തുടരുക സോഷ്യല്‍ മീഡിയയുടെ കുടി പിന്തുണയിലായിരിക്കും.

സമകാലിക കേരള പൊതു ഭൂമികയിൽ സോഷ്യല്‍ മീഡിയയുടെ സഹായമില്ലാതെ ഒരു രാഷ്ട്രിയക്കാരനും, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിജീവനം എളുപ്പമാവില്ല. ചെറിയ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ഒരാളുടെ ഒരു പ്രസംഗം കേള്‍ക്കുന്നത് എത്ര പേരായിരിക്കും? പരമാവധി നൂറോ, ഇരുനൂറോ പേര്‍. അവര്‍ അത് പറഞ്ഞറിയുന്ന വേറെ നൂറ് പേര്‍ ഉണ്ടാകാം.

ഇത് സോഷ്യല്‍ മീഡിയിലാണെങ്കിലോ? ലൈവ്  അല്ലെങ്കിൽ ഷെയർ ബട്ടണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ തത്സമയം ആയിരക്കണക്കിന് പേരിലേക്ക് അത്  ഒരു നിമിഷം കൊണ്ട്  എത്തുന്നു. അസാമാന്യ സാധ്യതകളാണ് രാഷ്ട്രിയത്തിന് സോഷ്യല്‍ മീഡിയയിലുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ മാര്‍ക്കറ്റിങ്ങ് ടൂള്‍ ആണ് സോഷ്യല്‍ മീഡിയ. എത് രാഷ്ട്രിയക്കാര്‍ക്കും പുറത്തുള്ള അണികളെ പോലെ നിര്‍ണയകമാണ് സോഷ്യല്‍ മീഡിയയിലെ ആള്‍ ബലം.

മാറ്റമില്ലാത്ത രാഷ്ട്രീയ സംസ്‌കാരം

കേരളത്തിന്റെ  പ്രാദേശിക വികസനത്തിന് അനുഗുണമായതും ശരിയായ   ദിശയിലുമുള്ള  ഒരു രാഷ്ട്രീയസംസ്‌കാരം  ഇനിയും രൂപപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ് . കേന്ദ്ര – സംസ്ഥാന ഭരണം പോലെ രാഷ്ട്രീയ അജണ്ട ആകേണ്ട ഒന്നാണ് പ്രാദേശികഭരണം എന്ന തോന്നല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ വളര്‍ന്നിട്ടില്ല. പ്രാദേശിക വികസന ചര്‍ച്ച തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നു.

പ്രാദേശിക ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും പ്രകടനം കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായി വിലയിരുത്തുന്നതിന് കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല. ഭരണത്തിന്റെ കാര്യക്ഷമത കുറയുന്നതിനും പ്രാദേശികവികസനത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ വര്‍ധിക്കുന്നതിനും ഇത് കാരണമായി.

പ്രാദേശികവികസനം,  ഒരു രാഷ്ട്രീയ അജണ്ട

പ്രാദേശികവികസനം എന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടയാകണം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ പങ്കാളിത്തപരമായി രൂപപ്പെടണം. ഭരണസമിതികള്‍ ഓരോ വര്‍ഷവും പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കി പൊതുവേദിയില്‍ അവതരിപ്പിക്കുകയും, വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും വേണം. സാമൂഹിക ഓഡിറ്റ് നിർബന്ധമാക്കണം. ചുരുക്കത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരായി മാറണം.

ജനപ്രതിനിധികളുടെ ഗുണത ഉയര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നടത്തണം. കൃത്യമായ ഇടവേളകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അഴിമതി, ക്രമക്കേടുകള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണം.

പ്രവര്‍ത്തനശേഷിയുള്ളവര്‍ക്കും യുവാക്കള്‍ക്കും പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മുന്‍ഗണന നല്‍കണം. ജനപ്രതിനിധികള്‍ക്ക് നിരന്തരമായ ഭരണപരിശീലനങ്ങള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ഓരോ പ്രകടന പത്രികയോടൊപ്പവും ഭരണകക്ഷികള്‍ മുന്‍ പ്രകടനപത്രികയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് കൂടി നല്‍കുന്നത് ഒരു നല്ല രാഷ്ട്രീയ സംസ്‌ക്കാരമായിരിക്കും.

കഴിവുതെളിയിച്ച സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, യുവജനങ്ങൾ  എന്നിവര്‍ക്ക് പൊതുവേദി കളില്‍ കൂടുതൽ അവസരങ്ങൾ നല്കാൻ കഴിയണം.

പഞ്ചായത്തുകൾക്ക്   വേണ്ടത്  ഒരു പുതിയ
വികസന പരിപ്രേക്ഷ്യം

കേരളത്തിലെ പഞ്ചായത്തുകൾക്ക്  വേണ്ടത് ഒരു പുതിയ വികസന സംസ്കാരവും പരിപ്രേക്ഷ്യവുമാണ്. സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടിന് അപ്പുറം നാടിൻറെ വികസനത്തിനായി  കക്ഷി രാഷ്ട്രീയത്തിന് അതീതമായി  ചിന്തിക്കുകയും  പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്  പ്രധാനം .

കേരള ഗ്രാമങ്ങളുടെ ആത്മാവ് ഇപ്പോഴും കാർഷിക അധിഷ്ടിതമാണ്. അവശേഷിക്കുന്ന നെല്‍വയലുകള്‍ സംരക്ഷിക്കപ്പെടണം. ഒരു ഇഞ്ച് കൃഷിഭൂമി പോലും തരിശിടാതെ കൃഷിചെയ്യണം. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം സമഗ്രകൃഷിരീതികള്‍, ആവശ്യത്തിന് യന്ത്രവത്കരണം, ശാസ്ത്രീയമായ ജലസേചനരീതികള്‍ എന്നിവ വഴി കാര്‍ഷികമേഖലയില്‍ ഒരു കുതിച്ചുചാട്ടത്തിന് പഞ്ചായത്തുകള്‍ നേതൃത്വം നല്‍കണം.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സ്റ്റോറേജ്, വിപണി എന്നിവയ്ക്കുള്ള സൗകര്യമൊരുക്കണം. പരിശീലനം സിദ്ധിച്ച ഒരു “കാര്‍ഷിക കര്‍മസേന’യെ (കര്‍ഷകര്‍ക്ക് സഹായമായും കൃഷിഭൂമി ഏറ്റെടുത്ത് കൃഷിചെയ്യാനും) പഞ്ചായത്തില്‍ സജ്ജമാക്കണം. കാര്‍ഷികോപകരണങ്ങളുടെ നിര്‍മാണം, യന്ത്രങ്ങളുടെ പരിപാലനവും റിപ്പയറും എന്നിവ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികള്‍ അടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കും.

കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയാണ് മറ്റൊരു സാധ്യത. ലഭ്യമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതോടൊപ്പം പുതിയ രീതികള്‍ കണ്ടെത്തുകയും വേണം. കേരളത്തിന്റെതായ തനത് കിഴങ്ങുവര്‍ഗങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിയോടൊപ്പം കാലിവളര്‍ത്തലും കോഴിവളര്‍ത്തലും പ്രധാനമാണ്. മാംസത്തിനും പാലിനും മുട്ടയ്ക്കും അന്യസംസ്ഥാനങ്ങളിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കുന്നതോടൊപ്പം പ്രാദേശിക സമ്പത്  വ്യവസ്ഥയുടെ വളര്‍ച്ചയും ഇതിന്റെ ഭാഗമായുണ്ടാകും.

നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണമെന്ന് 2018ലെ പ്രളയദുരന്തം നമ്മെ പഠിപ്പിച്ചതാണ്. ഇക്കാരണത്താല്‍ തന്നെ നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കരുത്. ജലാശയങ്ങള്‍ – കുളങ്ങളും ചിറകളും ഉപേക്ഷിക്കപ്പെട്ട ക്വാറികളും ശുദ്ധജല മത്സ്യകൃഷിക്ക് ഉപയോഗിക്കാം. സ്വയം  തൊഴില്‍ സാധ്യതയുള്ള  മറ്റു മേഖലകളാണ്  മത്സ്യത്തീറ്റ നിര്‍മാണം, കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും നിര്‍മാണം. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സത്വര ഇടപെടല്‍ ആവശ്യമായ മേഖലയാണ് മാലിന്യപരിപാലനം. ഗാര്‍ഹിക ജൈവമാലിന്യം പൂര്‍ണമായും ഉറവിടത്തില്‍ തന്നെ അതായതു വീടുകളില്‍ തന്നെ സംസ്‌കരിക്കാന്‍ ഇന്ന് ഫലപ്രദമായ ഉപകരണങ്ങള്‍ ലഭ്യമാണ്.  ഉറവിട മാലിന്യസംസ്‌കരണ സംവിധാനം  സമയ ബന്ധിതമായി നടപ്പിലാക്കാന്‍ ആവശ്യമായ പദ്ധതികൾ വേണം. എല്ലാ വീടുകളിലും കമ്പോസ്റ്റ് സംവിധാനങ്ങളോ ബയോഗ്യാസ് പ്ലാന്റുകളോ നല്‍കാന്‍, പ്രാദേശിക ഭരണകൂടങ്ങൾക്കു  കഴിയണം.

വ്യാപാരസ്ഥാപനങ്ങള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി ഹാള്‍, കല്യാണമണ്ഡപം എന്നിവിടങ്ങളില്‍ മാലിന്യസംസ്‌കരണസംവിധാനം നിര്‍ബന്ധമാക്കണം. ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കമ്പോസ്റ്റ് പച്ചക്കറി കൃഷിക്കും മറ്റു കൃഷികള്‍ക്കും ഉപയോഗിക്കാവുന്ന നല്ല ജൈവവളമാണ്.

പുതിയ പുതിയ വൈറസ് രോഗങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അപകടകരമായി നിരവധി പകര്‍ച്ചവ്യാധികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉടലെടുക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പഞ്ചായത്തിലെ ആരോഗ്യസംവിധാനത്തെ സജ്ജമാക്കണം. രോഗപ്രതിരോധത്തിന്റെ ആവശ്യകതയില്‍ ഊന്നിയ ശക്തമായ ബഹുജന ബോധവല്‍ക്കരണ കാമ്പയിനുകള്‍ക്ക് തദ്ദേശഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം.

പ്രളയാനന്തര പുനര്‍നിര്‍മാണം നടക്കേണ്ടതുണ്ട്. കോവിഡ് മൂലം നിശ്ചലമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതുണ്ട് . പരിസ്ഥിതിയെ പരിഗണിക്കുന്ന  നിര്‍മാണ/വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍  കഴിയണം.

മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി കേരളം ദുരന്തങ്ങളെ അഭിമുഖീകരിക്കുകയാണ്. ദുരന്തപ്രതിരോധത്തിനും, ദുരന്തം സംബന്ധിച്ച മുന്നറിയിപ്പുനല്‍കാനും, ആവശ്യം വരുന്നപക്ഷം ഒഴിപ്പിക്കാനും, സുരക്ഷിതരായി താമസിക്കാന്‍ വേണ്ട അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കാനും പറ്റുന്ന ദുരന്ത പ്രതിരോധ / നിവാരണ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.

കുടുംബശ്രീ വഴിയും സ്ത്രീ സൗഹൃദപഞ്ചായത്തുകള്‍ വഴിയും സ്ത്രീശാക്തീകരണ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പൊതുസമൂഹത്തില്‍ സമത്വം സാധ്യമായിട്ടില്ല. ഈ ലക്ഷ്യംവച്ചുകൊണ്ട് വനിതാ ഘടകപദ്ധതികള്‍ ആവിഷ്‌കരിക്കണം.

പട്ടികവിഭാഗങ്ങളെയും മത്സ്യത്തൊഴിലാളികളെയും മറ്റുള്ളവര്‍ക്കൊപ്പം മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പരിമിതി പരിഹരിക്കാന്‍ വേണ്ട പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.

പച്ചത്തുരുത്തുകളും, പഴക്കാടുകളും, ചെറു വനങ്ങളും  വ്യാപകമാക്കാനുള്ള പദ്ധതികള്‍ പ്രാദേശികാസൂത്രണത്തിന്റെ ഭാഗമാകണം. നാട്ടിൻ പുറത്തെ ചെറു  കാവുകൾ സംരക്ഷിക്കപ്പെടണം .
ഇക്കാര്യങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഒരു സാംസ്‌കാരിക അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട്. അന്തരീക്ഷസൃഷ്ടിക്കായി, റെസിഡന്റ്‌സ്  അസോസിയേഷൻ , മത സാംസ്‌കാരിക സംഘടനകൾ ,  ലൈബ്രറികള്‍, ക്ലബ്ബുകള്‍, സ്കൂളുകൾ തുടങ്ങിയവയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തമായ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശഭരണസ്ഥാപനം നേതൃത്വം നല്‍കണം.

വരുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയായി മേല്പറഞ്ഞ  ആശയങ്ങള്‍ മാറേണ്ടതുണ്ട്. കേരളത്തിലെ പ്രാദേശിക തലങ്ങളിൽ  നിന്നും  പൊതുവെ ഉയരുന്ന ആവശ്യങ്ങളെന്ന നിലയില്‍, ഈ പ്രശ്‍നങ്ങളെ അഡ്രസ് ചെയ്യുന്ന ചർച്ചകൾ  ഉയര്‍ന്നുവരണം. പ്രശ്ന പരിഹാര നിർദേശങ്ങളും ഉരുത്തിരിഞ്ഞു വരണം. പഞ്ചായത്  തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ  പ്രാദേശിക വികസനത്തെ അടിസ്ഥാനമാക്കി  നടക്കട്ടെ.

വിജയിച്ചു വരുന്ന പുതിയ ജന പ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. അത് ഏറ്റെടുത്തു നടപ്പിലാക്കാൻ ശേഷിയും  ഇച്ഛാശക്തിയും ഉള്ളവർ  അധികാരത്തിൽ വരണം . അങ്ങിനെ വികസനത്തിൽ ഊന്നിയ ഒരു പുത്തൻ സംസ്കാരം കേരള നാട്ടിൽ ഉണ്ടാകട്ടെ എന്ന് പ്രത്യാശാപൂർവം കാത്തിരിക്കാം.

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍
jomonks2004@gmail.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.