Follow the News Bengaluru channel on WhatsApp

‘ദില്ലി ചലോ’ കര്‍ഷക പ്രതിഷേധത്തില്‍ രാജ്യതലസ്ഥാനം

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി വീണ്ടും പ്രക്ഷുബ്ധമാകുകയാണ്. കര്‍ഷകാനുകൂലമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന മൂന്ന് കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ വമ്പിച്ച പ്രതിരോധമാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്തു നടക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഡല്‍ഹിയില്‍ ശക്തമാകുന്ന സ്ഥിതിയാണുള്ളത് . പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനും ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലേക്ക് സമരം വ്യാപിപ്പിക്കാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്ത് സമരം നടത്തിയാല്‍ ചര്‍ച്ചയാവാമെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശമാണ് കര്‍ഷക സംഘടനകള്‍ തള്ളിയത്. അമിത് ഷാ നിര്‍ദ്ദേശിച്ച ബുറാഡിയിലേക്ക് സമരവേദി മാറ്റില്ലെന്ന് അറിയിച്ച സംഘടനകള്‍ ഉപാധികള്‍ വെച്ചുള്ള ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറല്ലെന്നും അറിയിച്ചു. ചര്‍ച്ചയാണെങ്കില്‍ നിലവിലെ സമരവേദിയിലേക്ക് വരണമെന്ന നിലപാടില്‍ കടുപ്പിച്ചാണ് സംഘടനകള്‍.

വിവാദ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി മുന്നോട്ടു വന്നതോടെയാണ് സംഘടനകള്‍ നിലപാട് കടുപ്പിച്ചത്. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്ന പ്രക്ഷോഭകരുടെ എണ്ണത്തില്‍ വര്‍ധന തുടരുകയാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പ്രക്ഷോഭകാരികള്‍ മിക്ക ദേശീയ പാതകളും കീഴടക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

2020 സെപ്തംബര്‍ 20നാണ് രണ്ട് കാര്‍ഷികബില്‍ രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ പാസാക്കിയെടുത്തത്. പാര്‍ലമെന്റിലും പുറത്തും പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കര്‍ഷകദ്രോഹ ബില്ലുകള്‍ പാസാക്കിയത്. ഭരണഘടനാ വിരുദ്ധമായ നടപടികളിലൂടെയാണ് പാസ്സാക്കിയത് എന്ന് പ്രതിപക്ഷം ശക്തമായ ആക്ഷേപം ഉന്നയിച്ചിരുന്നു. കൃഷിയും കാര്‍ഷിക കമ്പോളവും സംസ്ഥാന വിഷയമാണ്. ഇവയിന്മേലുള്ള സംസ്ഥാനാവകാശം കവര്‍ന്നാണ് കേന്ദ്ര നിയമനിര്‍മാണം. ഇല്ലാത്ത അധികാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാര്‍ലമെന്റിനെയും ദുരുപയോഗം ചെയ്തു.

പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ള കാര്‍ഷിക വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ സകല നിയമങ്ങളും കാറ്റില്‍പറത്തി ധൃതി പിടിച്ചാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം തന്നെ ബില്ലുകളാക്കിയത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില അടിസ്ഥാന അവകാശമാക്കണമെന്നും പുതിയ കാര്‍ഷിക നിയമം റദ്ദാക്കണമെന്നുമാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ആവശ്യം.

ബി ജെ പി സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍

കര്‍ഷക വിരുദ്ധമെന്ന് ആക്ഷേപമുള്ള മൂന്ന് ഓര്‍ഡിനന്‍സുകളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.

1) ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ്

ആന്‍ഡ് ഫാം സര്‍വിസ് ബില്‍ 2020

2) ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്‍ 2020

3) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020

കാര്‍ഷിക ബില്ല് – പ്രതിഷേധം ഉയരുന്നത് എന്തുകൊണ്ട് ?

1 .കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ഉറപ്പു വരുത്തുന്ന, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എപിഎംസി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി)കള്‍ വഴിയാണ് ഇപ്പോള്‍ കര്‍ഷകര്‍ അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എപിഎംസികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും, പിന്നീട് ഈ ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നതും ഈ കമ്മിറ്റി വഴിയാണ് .

ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ 2020 , നടപ്പാക്കുന്നതോടെ ഇത്തരം എപിഎംസികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ ന്യായീകരണം.

എന്നാല്‍ എപിഎംസികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍
വില്‍ക്കാന്‍ പുതിയ വിപണി കണ്ടെത്തേണ്ടി വരും. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് , പക്ഷെ ഫലത്തില്‍ അത് കോര്‍പ്പറേറ്റുകള്‍ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച്, കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ വാദിക്കുന്നത്.

2 .ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ 2020 – ഈ ബില്ല് വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്നു.

സാധാരണക്കാരും ഗ്രാമീണരുമായ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ എത്രത്തോളം അവര്‍ക്കു മനസിലാകും അല്ലെങ്കില്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും എന്ന ചോദ്യവും ആശങ്കയും ഉയരുന്നുണ്ട് . കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമായി കോര്‍പ്പറേറ്റുകളുമായി കരാറിലേര്‍പ്പെടുമ്പോള്‍ കടബാധ്യതയുണ്ടാകാന്‍ സാധ്യത ഉണ്ട്. നിയമപരമായ പ്രശ്‌നങ്ങളുടെ നൂലാമാലകളില്‍ സാധാരണക്കാരായ കര്‍ഷകര്‍ ഏറ്റുമുട്ടേണ്ടത് വന്‍കിട കോര്‍പ്പറേറ്റുകളുമായാണ്.

ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അധ്വാനിക്കുന്ന കര്‍ഷകന്‍ വന്‍കിട വ്യവസായികളുമായി നിയമയുദ്ധ ത്തിനു പോകുക അസാധ്യം. ഈ ബില്ല് കര്‍ഷകന്റെ വില പേശല്‍ ശേഷി ഇല്ലാതാക്കും. അതോടെ കര്‍ഷക ഉത്പന്നങ്ങളുടെ താങ്ങുവിലയും ഇല്ലാതാകും.

ഇപ്പോഴത്തെ നിലയില്‍, മാര്‍ക്കറ്റില്‍ ഒരു കാര്‍ഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകും. എന്നാല്‍ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ പിന്നെയും കടക്കെണിയിലാകും.

3 . കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020.

സ്റ്റോക്ക് ഹോള്‍ഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്റെ മറ്റൊരു അപാകതയായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് പരിധികളില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാം. ഇത് അവശ്യ ഭക്ഷ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പിന് ഇടനല്‍കും, വിലക്കയറ്റത്തിനും കാരണമാകും.

മാര്‍ക്കറ്റില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് കൂടുന്ന സാഹചര്യത്തില്‍ കൂടിയ വിലക്ക് കമ്പനികള്‍ക്ക് വില്‍ ക്കാനും ലാഭം കൊയ്യാനും അവസരമൊരുക്കും. ചുരുക്കത്തില്‍ കാര്‍ഷിക മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസന്‍സാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആക്ഷേപം.

എപിഎംസികള്‍ക്ക് പൂര്‍ണമായും അധികാരം നഷ്ടമാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാമെന്നും, കര്‍ഷകര്‍ മാര്‍ക്കറ്റില്‍ നിന്നും പൂര്‍ണമായും പുറന്തള്ളപ്പെടുമെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു കോര്‍പറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന ഗതികേടിലേക്കു കാര്യങ്ങള്‍ എത്തിച്ചേരും.

അരലക്ഷത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധവുമായെത്തി.
ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വലിയ തോതില്‍ അര്‍ധസൈനികവിഭാഗങ്ങളെ വിന്യസിച്ചും കോണ്‍ക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചും കര്‍ഷകമാര്‍ച്ച് തടയാന്‍ നടത്തിയ ശ്രമം വിഫലമായി. ശനിയാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ ഡല്‍ഹി നഗരത്തില്‍ പ്രവേശിച്ചു.

കര്‍ഷകരുടെ പ്രക്ഷോഭം രാജ്യ ശ്രദ്ധയില്‍ വരികയും സമരക്കാര്‍ ഡല്‍ഹി തെരുവോരങ്ങള്‍ കീഴടക്കുകയും ചെയ്തതോടെ സമവായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
രംഗത്ത് വന്നു. ചര്‍ച്ചക്ക് തയ്യാറെന്നും കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്ര കൃഷി മന്ത്രിയുടെ വാക്കുകളെ വിശ്വസിക്കാനാവില്ലെന്നു കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു. മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് കര്‍ഷകരുടെ നിലപാട്. കൃഷി വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുളള വ്യവസ്ഥകളില്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം.

അഖിലേന്ത്യ തൊഴിലാളി പണിമുടക്ക് –
പങ്കെടുത്തത് 25 കോടിയിലേറെ തൊഴിലാളികള്‍

നവംബര്‍ 26 ന് രാജ്യത്തോട്ടാകെ പണിമുടക്കിന് ആഹ്വാനം നല്‍കിയാണ് ഇടതുപക്ഷ
രാക്ഷ്ട്രീയ പാര്‍ട്ടികളും വിവിധ തൊഴിലാളി യൂണിയനുകളും കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ കേന്ദ്ര ട്രേഡ്യൂണിയനുകള്‍ സംഘടിപ്പിച്ച അഖിലേന്ത്യാ പണിമുടക്ക്, ത്രിപുര, ബംഗാള്‍, കേരളം, ഒഡീഷ, തെലങ്കാന, ആന്ധ്ര, പഞ്ചാബ്, ഹരിയാന തുടങ്ങി 15 ഓളം സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണ ബന്ദായി. തൊഴില്‍ശാലകളും കടകമ്പോളങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു. എസ്മയും എന്‍എസ്എയും മറ്റും പ്രയോഗിച്ച് ബിജെപി ഭരണ സംസ്ഥാനങ്ങളും ഒഡീഷ, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും നടത്തിയ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെ തൊഴിലാളികള്‍ നേരിട്ടു.

രാജ്യത്ത് നിലവിലുണ്ടായിരുന്ന 44 തൊഴില്‍ നിയമം ദുര്‍ബലപ്പെടുത്തി നാല് ചട്ടമാക്കി മാറ്റിയ ബി ജെ പി സര്‍ക്കാരിനെതിരെയുള്ള തൊഴിലാളി മുന്നേറ്റമായി പണിമുടക്ക് മാറി. കോര്‍പറേറ്റുകള്‍ക്കു വേണ്ടി തയ്യാറാക്കിയ തൊഴില്‍ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രതിമാസം 7500 രൂപ ധനസഹായം അനുവദിക്കണമെന്നും അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തൊഴിലാളികള്‍ പണിമുടക്കിയത്.

തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യങ്ങള്‍

(1). കേന്ദ്രസര്‍ക്കാരിന്റെ
ജനവിരുദ്ധ, അദ്ധ്യാപക-തൊഴിലാളി – കര്‍ഷകദ്രോഹ നയങ്ങള്‍ നിര്‍ത്തലാക്കുക

(2).കേന്ദ്ര സര്‍ക്കാരിന്റെ
ജനവിരുദ്ധ /കോര്‍പ്പറേറ്റ് വിദ്യാഭ്യാസനയം ഉപേക്ഷിക്കുക.

(3).ജനവിരുദ്ധ തൊഴില്‍
നിയമഭേദഗതിപിന്‍വലിക്കുക.

(4).കര്‍ഷക വിരുദ്ധ നിയമഭേദഗതി
പിന്‍വലിക്കുക.

(5).വിദ്യാഭ്യാസത്തിന്റെ വര്‍ഗ്ഗീയവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ചെറുക്കുക.

(5). പുത്തന്‍ അദ്ധ്യാപകരുടെ തൊഴില്‍സ്ഥിരതയില്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുക

(6).വിഭ്യാഭ്യാസത്തിന്റെ
വരേണ്യവല്‍ക്കരണം ചെറുക്കുക.

(7).പി. എഫ്.ആര്‍.ഡി. എ നിയമം പിന്‍വലിക്കുക പങ്കാളിത്ത പെന്‍ഷന്‍ അവസാനിപ്പിച്ച് എല്ലാവര്‍ക്കും പഴയ പെന്‍ഷന്‍ പദ്ധതി ബാധകമാക്കുക.

(8).നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസനയം ഉപേക്ഷിക്കുക.

(9). കേന്ദ്ര – സംസ്ഥാന പൊതുമേഖല സര്‍വ്വീസിലെ നിര്‍ബന്ധിത പിരിച്ചുവിടല്‍ നിയമം പിന്‍വലിക്കുക.

(10).ജനവിരുദ്ധ തൊഴില്‍ നിയമ ഭേദഗതിയും കര്‍ഷക നിയമ ഭേദഗതിയും പിന്‍വലിക്കുക

(11).ബി ജെ പി ഇതര സര്‍ക്കാരുകളോടുള്ള, കേന്ദ്ര അവഗണന അവസാനിപ്പിക്കുക.

(12) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണം ഉപേക്ഷിക്കുക

(13).നിയമനനിരോധനം അവസാനിപ്പിച്ച് എല്ലാ ഒഴിവുകളും നികത്തുക.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നല്‍കുക; ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക; തൊഴിലുറപ്പ് തൊഴില്‍ദിനങ്ങള്‍ 200 ആക്കുക, വേതനം വര്‍ധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക; കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക; കേന്ദ്ര സര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് നിര്‍ത്തുക; എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പിഎഫ് പെന്‍ഷന്‍ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പത്ത് ദേശീയ ട്രേഡ് യൂണിയനും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ സംഘടനകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, എണ്ണ-പ്രകൃതിവാതകം, ഊര്‍ജം, തുറമുഖം, കല്‍ക്കരി അടക്കമുള്ള ഖനിമേഖലകള്‍, സിമന്റ്, സ്റ്റീല്‍, തപാല്‍, ടെലികോം, പൊതു-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ആശ-അങ്കണവാടി തുടങ്ങി പദ്ധതിത്തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കില്‍ അണിനിരന്നു.


തൊഴിലാളികള്‍ക്ക് സംഘടിക്കാനും അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്താനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെല്ലാം തകര്‍ത്തു തരിപ്പണമാക്കി കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം തൊഴിലാളികളെ ഹയര്‍ ആന്‍ഡ് ഫയര്‍ മാതൃകയില്‍ പിരിച്ചുവിടാന്‍ അനുവാദം നല്‍കുന്ന തൊഴില്‍ നിയമങ്ങളുടെ ചുവടു പിടിച്ചാണ് കര്‍ഷക ബില്ലും നടപ്പാക്കാന്‍ കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

രാജ്യത്തെ സമ്പദ്ഘടനയുടെ അവിഭാജ്യ ഘടകമായ കാര്‍ഷിക മേഖലയെ കുത്തകള്‍ക്കു അടിയറവുവെക്കുന്ന, സാധാരണക്കാരായ കര്‍ഷകരുടെ ജീവിത ഭാരം വര്‍ധിപ്പിക്കുന്ന കര്‍ഷക ദ്രോഹ ബില്ലിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നു വരേണ്ടതുണ്ട്.

ബ്ലാക്ക്‌ ആന്‍റ് വൈറ്റ് I പ്രതിവാര കോളം I ജോമോന്‍ സ്റ്റീഫന്‍ 
jomonks2004@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.