Follow the News Bengaluru channel on WhatsApp

കർണാടകയിലെ ഗോവധ നിരോധന നിയമം; ലക്ഷ്യവും ആശങ്കയും

വിവാദമായ ഗോവധ നിരോധന ബില്ല്, കര്‍ണാടക ബി ജെ പി സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. എന്നാല്‍ ഈ പുതിയ നിയമം നടപ്പില്‍ വരുത്താന്‍ ചില കടമ്പകള്‍ കൂടി ബാക്കിയുണ്ട്. ഉപരിസഭ പാസ്സാക്കിയാലേ,നിയമമായി നടപ്പില്‍ വരുത്തുവാന്‍ സാധിക്കുകയുള്ളു, സംസ്ഥാന ഗവര്‍ണറുടെ അംഗീകാരം ലഭിക്കണം.

കന്നുകാലി കശാപ്പ് നിരോധന ബില്‍ ഉപരിസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കാന്‍ ഇതുവരെ ബി ജെ പി സര്‍ക്കാരിന് സാധിച്ചിട്ടില്ല . ഉപരിസഭ ചേര്‍ന്ന് ബില്ല് പാസ്സാക്കാന്‍ നില്‍ക്കാതെ, ഒരു അടിയന്തിര ഓര്‍ഡിനന്‍സ് ഇറക്കി, ബില്‍ നടപ്പിലാക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ശ്രമം തുടങ്ങി എന്നാണ് അവസാന വിവരം.

പശു, കാള, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നവര്‍ക്ക് 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ഏഴ് വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. കുറ്റം തെളിഞ്ഞാല്‍ പ്രതിയുടെ വാഹനങ്ങള്‍, ഭൂമി, വസ്തുക്കള്‍, കാലികള്‍ എന്നിവ കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നുണ്ട്.

നേരത്തെ 2010ല്‍ ബിജെപി കര്‍ണാടകത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍, യദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, രാഷ്ട്രപതിയുടെ അംഗീകരം ഇതിന് ലഭിച്ചിരുന്നില്ല. പിന്നീട് 2013ല്‍, സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ ബില്‍ പിന്‍വലിക്കുകയും ചെയ്തു.

സംശയം തോന്നുന്ന സ്ഥലങ്ങളില്‍ എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം. ആവശ്യമെങ്കില്‍ കാലികളെ പിടിച്ചെടുക്കാനും പോലീസിന് കഴിയും.

ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്ക

ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ഇതിനകം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്തൊട്ടാകെ ഗോവധ നിരോധന നിയമം നടപ്പിലാക്കാന്‍ കഴിയുമോ എന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പരസ്യമായി ബി ജെ പി യെ വെല്ലുവിളിച്ചു. നിയമം ദുരുപയോഗം ചെയ്യപ്പടാന്‍ എല്ലാ സാധ്യതയും ഈ നിയമത്തില്‍ കാണുന്നുണ്ട് എന്നാണ് വിമര്‍ശനം. നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്തേക്കും എന്ന ആശങ്ക, നവ മാധ്യമങ്ങള്‍ ഉള്‍പ്പടെ വിവിധ കേന്ദ്രങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലിയാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകള്‍ പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിയമം അധികാരം നല്‍കുന്നുണ്ട്.

ബി ജെ പി ലക്ഷ്യം വെക്കുന്നത് സമ്പൂര്‍ണ ഗോവധ നിരോധനം.
പശു, പശുക്കിടാവ്, കാള, 13 വയസില്‍ താഴെയുള്ള പോത്ത് എന്നിവയാണ് നിയമത്തില്‍ പറയുന്ന കന്നുകാലിയെന്ന നിര്‍വചനത്തില്‍ വരുന്നത്. 13 വയസിന് മുകളിലുള്ള പോത്തിനെ കശാപ്പു ചെയ്യാം എന്ന് പറയുന്നുവെങ്കിലും, പ്രായോഗിക തലത്തില്‍ നടപ്പാവില്ല. കശാപ്പ് ചെയ്യേണ്ട പോത്തിന്റെ വയസ് തെളിയിക്കാന്‍ എങ്ങിനെ കഴിയുമെന്ന വസ്തുതയാണ് പ്രശ്‌നം . വയസ് തെളിയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാതിരിക്കുന്നിടത്തോളം, നല്‍ക്കാലിയെ കശാപ്പു ചെയ്താല്‍, അത് കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഫലത്തില്‍ സമ്പൂര്‍ണ ഗോവധ നിരോധമാണ് സംസ്ഥാനത്ത് നടപ്പില്‍ വരുക. സംഘ പരിവാരം ഉദ്ദേശിക്കുന്നതും അത് തന്നെ.

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍
1 ) 25-09-2015 – ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍ പശുയിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം വീട് തകര്‍ത്ത് അഖ്ലാഖിനെ കൊല്ലുകയും മകനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

2 ) 03-03-2017 അല്‍വാര്‍ രാജസ്ഥാന്‍ -പശുക്കടത്ത് എന്ന് ആരോപിച്ച് ജനക്കൂട്ടം പെഹ്ലു ഖാന്‍ (55) എന്ന കര്‍ഷകനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു.

3 ) 22-06-2017 – ദല്‍ഹിയില്‍ ഗോമാംസം കഴിച്ചു എന്നാരോപിച്ച് ജുനൈദ് (16) എന്ന കൗമാരക്കാരനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി.

ഗോമാംസ ഭക്ഷണ രീതി പുരാതന ഇന്ത്യയില്‍

വേദ കാലഘട്ടത്തിലും മനുസ്മൃതിയുടെ കാലഘട്ടത്തിലും മറ്റും ഗോവധവും ഗോമാംസഭക്ഷണരീതിയും നിലവിലുണ്ടായിരുന്നു എന്ന് മനുസ്മൃതിയെ തന്നെ ആധാരമാക്കി പില്‍കാല പണ്ഡിതന്മാര്‍ വിവക്ഷിച്ചിട്ടുണ്ട്.

സിന്ധുനദീതട സംസ്‌കാരത്തില്‍ ജനങ്ങള്‍ കന്നുകാലി മാംസഭക്ഷണം യഥേഷ്ടം ഉപയോഗിച്ചിരുന്നെന്ന് ‘ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സ്’ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. പന്നി, പോത്ത്, ആട്, ചെമ്മരിയാട് തുടങ്ങിയവയെ പാകം ചെയ്ത് കഴിച്ചിരുന്നു. ബീഫിന്റെ ഉപയോഗം വളരെക്കൂടുതലായിരുന്നെന്നും ‘വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നാഗരികതയിലെ കൊഴുപ്പ് അവശിഷ്ടങ്ങള്‍’ എന്ന തലക്കെട്ടിലുള്ള പഠനം അക്കാലത്തെ ഭക്ഷണശീലത്തെ വിശദമായി അവലോകനം ചെയ്യുന്നു.

യജ്ഞഭാഗമായി പശുക്കളുടെ വധവും മറ്റും ആ ജീവികളുടെ സ്വര്‍ഗ്ഗയാത്രക്കും പുനര്‍ജ്ജന്മങ്ങളിലെ ഉല്‍കൃഷ്ടജാതിജനനങ്ങള്‍ക്കും കാരണമാകും എന്നും പരാമശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പില്‍ക്കാലങ്ങളിലെ യജ്ഞസംബന്ധമായ ഗോവധം സാമൂഹ്യ-സാമ്പത്തിക-കാര്‍ഷിക കാരണങ്ങളാല്‍ നിര്‍ത്തലാക്കപ്പെടുകയായിരുന്നെന്നും ഇവര്‍ സമര്‍ത്ഥിക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് പിന്നീട് ഭാരതത്തില്‍ നിലനിന്നിരുന്ന ബുദ്ധ-ജൈന മതങ്ങളുടെ അഹിംസാസിദ്ധാന്തങ്ങളുടെ സ്വാധീനവും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആധുനിക ഹിന്ദു മതത്തിന്റെ ഒരു ഐക്കോണിക് ഫിഗറായ സ്വാമി വിവേകാനന്ദന്‍ പോലും പശു മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല പശു മാംസം കഴിക്കുന്നതിനു വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിരുന്നു .( Works of Swami Vivekananda Vol 3 , പേജ് 536 )
പത്താം നൂറ്റാണ്ടിലെഴുതപ്പെട്ട ആയുര്‍വേദ ഗ്രന്ഥമായ ‘അഷ്ടാംഗ ഹൃദയത്തിലും പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട ഭവ പ്രകാശത്തിലും ഗോ മാംസം ശരീര പുഷ്ടിക്കും ദ്രുതഗതിയിലുള്ള പേശീ വളര്‍ച്ചക്കും ഉത്തമമാണെന്നു പറയുന്നുണ്ട്.

പൗരന്റെ സ്വാതന്ത്രത്തിന്മേലുള്ള കടന്നു കയറ്റം

എന്ത് ഭക്ഷിക്കണം എന്ന ഒരു പൗരന്റെ ഏറ്റവും ലളിതവും എന്നാല്‍ മൗലികവുമായ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ് ഈ ബില്ല് എന്ന് കാണണം.
ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന ജനതയുടെ ഭക്ഷണശൈലിയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് കൈ കടത്തുക എന്നത് എന്ത് നയമാണ് ? ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ധ്വംസനവുമല്ലെ ? ഈ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുക വഴി രാജ്യത്തു ലിബറല്‍ ആശയങ്ങള്‍ കുഴിച്ചു മൂടപ്പെടുകയും ഒരു തരം വിവേചനബോധവും അരക്ഷിതബോധവും സാധാരണക്കാരായ ജനങ്ങളില്‍ സൃഷ്ടിക്കുകയും ചെയ്യും.
രാജ്യത്തെ ഒരു പൗരന്‍ എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്ന ‘ജനാധിപത്യ രീതി’, ഇത് ഫാസിസത്തിലേക്കുള്ള ചുവടു വെപ്പാണെന്നുള്ള സൂചനയാണ് നല്‍കുന്നത്.

ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണക്കാരായ ജനങ്ങളുടെ ഇഷ്ട ഭക്ഷണമാണ് ബീഫ്.
മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍, കര്‍ഷക പണികളില്‍ ഏര്‍പ്പെടുന്നവര്‍, അധ്വാനിക്കുന്ന തൊഴിലാളികള്‍, ഇവര്‍ക്കെല്ലാം തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും തൊഴിലെടുക്കാനുമുള്ള ഊര്‍ജം ലഭിക്കുന്നതിനും അവര്‍ ബീഫ് തങ്ങളുടെ പ്രിയ ഭക്ഷണമായി കരുതുന്നു . തങ്ങളുടെ തുച്ഛമായ വരുമാനത്തില്‍ അവര്‍ക്കു ചുരുങ്ങിയ ചിലവില്‍ വാങ്ങി കഴിക്കാവുന്ന പോഷകഗുണമുള്ള ഭക്ഷണമായിടുള്ള ബീഫ് നിരോധിക്കുക വഴി വലിയൊരു ജനവിഭാഗത്തിന്റെ ആരോഗ്യ ക്രമം കൂടി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പശു – നവ ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രതീകം

ദളിത് ചിന്തകനായ കാഞ്ച ഐലയ്യ തന്റെ Buffalo Nationalism : A Critique Of Spiritual Fascism എന്ന കൃതിയില്‍ സവര്‍ണ്ണഹിന്ദുത്വ വര്‍ഗ്ഗീയതയുടെ ജൈവികവും അജൈവികവുമായ ചിഹ്നങ്ങളെ പറ്റി കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

എക്കാലത്തും ഫാസിസം ചില ആശയ ചിഹ്നങ്ങള്‍ ഉയര്‍ത്തി കാണിക്കും, പ്രചാരണം നടത്തും.സമകാലിക ഇന്ത്യയില്‍ പശു, ശ്രീ രാമന്‍, ത്രിശൂലം എല്ലാം ഇത്തരത്തിലുള്ള ചില ചിഹ്നങ്ങളാണ്. ഗണേശോത്സവം വല്ലാതെ ആഘോഷമാക്കുന്നതും, ഗംഗ ജലത്തിന്റെ പവിത്രതയുടെ മാഹാത്മ്യം കീര്‍ത്തിക്കുന്നതും ഇതിന്റെ ഭാഗം തന്നെ. പശു ഒരു ദേശീയ പ്രതീകമാണ്, അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ക്കേണ്ടത് സവര്‍ണ്ണ ഹിന്ദുത്വ ആശയവാദികളുടെ അനിവാര്യതയാണ്.ഈ പശുമാതാവാണ് ഉത്തരേന്ത്യയില്‍ കലാപമുണ്ടാകുന്നതിനുള്ള കാരണങ്ങളിലൊന്ന്. പശുവിനെ സംരക്ഷിക്കാന്‍ മനുഷ്യരെ എത്ര വേണമെങ്കിലും കൊന്നു തള്ളുന്നതില്‍ അവര്‍ യാതൊരു അസാഗത്യവും കാണില്ല.

ഒരുവശത്ത്, പശുവിനെ വിശുദ്ധതയുടെ പ്രതീകമായി അവതരിപ്പിച്ചു പ്രചാരണം കൊഴുപ്പിക്കുകയും, മറുവശത്തു ഈ പശുക്കളെ കൊന്നു ബീഫ് കയറ്റുമതിക്ക് അനുമതി നല്‍കി പണമുണ്ടാക്കാന്‍ ബി ജെ പി അനുകൂല വ്യവസായികളെ സഹായിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എപ്പോള്‍ കാണുന്നത് . ഗോവധം നിരോധിച്ചുള്ള നിയമം കൊണ്ടുവരുന്നതിന്റെ വിവിധ വശങ്ങള്‍ രാജ്യത്തു ചര്‍ച്ച തുടങ്ങി . ബീഫ് കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനികള്‍ ഏതാണെന്നുള്ള വിവരങ്ങള്‍ പതിയെ പുറത്തു വരും.

രാജ്യമൊട്ടാകെ ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്നും രാജ്യത്തെ മുന്‍നിര ബീഫ് കയറ്റുമതിക്കാരില്‍ അധികവും ബി.ജെ.പി.ക്കാരാണെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു കഴിഞ്ഞു.

ബ്ലാക്ക്‌ ആന്‍റ് വൈറ്റ് I പ്രതിവാര കോളം I ജോമോന്‍ സ്റ്റീഫന്‍ 
jomonks2004@gmail.com

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.