Follow the News Bengaluru channel on WhatsApp

തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം; ഇടത് മുന്നണി ലക്ഷ്യമിടുന്നത് ഭരണതുടര്‍ച്ചയോ…?

തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന്, നവ കേരള നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു മുന്നണി നേടിയ വിജയം ജനങ്ങള്‍ നല്‍കിയതാണ്. ജന വിശ്വാസം കാത്തുസൂക്ഷിച്ചു സര്‍ക്കാര്‍ മുന്നോട്ടു പോകും. കേരളത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം തിരിച്ചടി നല്‍കി, അദ്ദേഹം പറഞ്ഞു.

പ്രതിബന്ധങ്ങളെ തരണം ചെയ്ത് സര്‍ക്കാരും ഇടതു പക്ഷവും

കഴിഞ്ഞ ആറു മാസക്കാലയളവില്‍ വലിയ പ്രതിസന്ധികളെയാണ് സര്‍ക്കാരും ഇടതു പക്ഷവും നേരിട്ടത്. ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കൊടുംകാറ്റിനെ അതിജീവിച്ചാണ് സര്‍ക്കാരും ഇടതു പക്ഷവും വിജയ കൊടി പാറിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങളും മുഖ്യധാര മാധ്യമങ്ങളിലെ ചര്‍ച്ചകളും സര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തി.
രാഷ്ട്രീയ ആരോപണങ്ങളുടെ ഒരു ഘോഷ യാത്രയാണ് കേരളത്തില്‍ കണ്ടത്. സ്പ്രിങ്ക്‌ലെര്‍, സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് ഭവന പദ്ധതി, കിഫ്ബി തുടങ്ങി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരമ്പര വരെ.

ഈ ആരോപണങ്ങളെയെല്ലാം നേരിട്ടും കൃത്യമായ മറുപടി പറഞ്ഞുമാണ് സി പി ഐ (എം ) നയിച്ച ഇടതുമുന്നണി പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ വോട്ടു ചോദിച്ചത്. ഇടതു പക്ഷം പ്രതീക്ഷിച്ചതിനു ഉപരിയായ പ്രതികരണമാണ് തെരെഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്നും ഉണ്ടായത്. ജനങ്ങളുടെ ജീവിതാനുഭവമാണ് അവരുടെ ബോധ്യം. അവരുടെ ദൈനംദിന ജീവിതത്തെ ഒരു ഭരണകൂടം എത്രമേല്‍ കരുതലോടെ സ്പര്‍ശിച്ചു എന്നതാണ് അന്തിമവിധിയുടെ മാനദണ്ഡം. അതിനെ പുകമറ സൃഷ്ടിച്ചു കൊണ്ടും,കള്ള കഥകള്‍ മെനഞ്ഞുകൊണ്ടും അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ജനം കൂട്ടുനില്‍ക്കില്ലെന്നു തെരെഞ്ഞെടുപ്പ് ഫലം കാണിച്ചു.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ –2020 ലെ തെരെഞ്ഞെടുപ്പിനു ശേഷമുള്ള കണക്ക്
അകെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ – 1200

ഗ്രാമ പഞ്ചായത്തുകള്‍ – 941

  • LDF – 551
  • UDF – 315
  • BJP – 10
  • ഭൂരിപക്ഷമില്ലാത്തതും മറ്റുള്ളവരും- 65

ബ്ലോക്ക് പഞ്ചായത്തുകള്‍ – 152

  • LDF – 108
  • UDF – 39
  • BJP – 00
  • വ്യക്തമായ
    ഭൂരിപക്ഷമില്ലാത്തത് – 05

ജില്ലാ പഞ്ചായത്തുകള്‍ – 14

  • LDF – 11
  • UDF – 02
  • BJP – 00
  • വ്യക്തമായ
    ഭൂരിപക്ഷമില്ലാത്തത് – 01

മുനിസിപ്പാലിറ്റികള്‍ – 86

  • LDF – 39
  • UDF – 31
  • BJP – 2
  • വ്യക്തമായ
    ഭൂരിപക്ഷമില്ലാത്തത് – 14

കോര്‍പ്പറേഷനുകള്‍ – 06

  • LDF – 05
  • UDF – 01
  • BJP – 00

മുന്നണികള്‍ക്ക് ലഭിച്ച വോട്ട് ഷെയര്‍ 

  • LDF  – 41.55  %
  • UDF – 31 .50 %
  • BJP – 14 .52 %

നവ കേരള സൃഷ്ടിക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ ജനകീയാംഗീകാരത്തിന് പിന്നാലെ നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിന്റെ പങ്കാളികളാവാന്‍ ആഹ്വാനം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.
14 ജില്ലകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. വിവിധ ജില്ലകളില്‍ പൗര പ്രമുഖരും വിദഗ്ധരും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെയെല്ലാം കണ്ടു ചര്‍ച്ച ചെയ്ത് സമഗ്രമായ തുടര്‍വികസന കാഴ്ചപ്പാട് രൂപീകരിക്കും.

സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തിയും വിവിധ തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തും. അനുഭവസമ്പത്തുള്ള പ്രമുഖരെ ചര്‍ച്ചയില്‍ പ്രത്യേകം പങ്കെടുപ്പിക്കും. ഭാവി കേരളത്തെക്കുറിച്ച് എല്‍ഡിഎഫ് കാഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.

ജനകീയ അടിത്തറയും വിശ്വാസ്യതയും തകര്‍ന്ന് കോണ്‍ഗ്രസ്

തെരെഞ്ഞെടുപ്പ് തിരിച്ചടിയെത്തുടര്‍ന്നു വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ പരാജയത്തെപ്പറ്റിയും പ്രതിപക്ഷ നിലപാടുകളെപ്പറ്റിയും പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ എഴുതിയത് ശ്രദ്ധേയമാണ്.

‘പലപ്പോഴും കോണ്‍ഗ്രസ് അഥവാ യുഡിഎഫ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബി ടീമാണെന്ന തോന്നലുളവായി. കോണ്‍ഗ്രസിന് മൗലികവും വിഭിന്നവുമായ ഒരു മുഖം പ്രത്യക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കുള്ളിലെ കടിഞ്ഞാണില്ലാത്ത വിഭാഗീയതകള്‍ ജനങ്ങളുടെ മുമ്പില്‍ തെളിഞ്ഞുനിന്നു. യു.ഡി.എഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഇത് സംഭവിച്ചെന്ന് പറയാനാവില്ല. മുസ്ലിംലീഗിന് അതിന്റേതായ അതിജീവനമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങളുടെ മുമ്പില്‍ കോണ്‍ഗ്രസാണ് യുഡിഎഫിന്റെ മുഖം. അതിന്റെ വിശ്വാസ്യതയാണ് നിരന്തരം ചോര്‍ന്നുപോയ്‌ക്കൊണ്ടിരുന്നത്.’

ഇവിടെ കാണേണ്ട വസ്തുത, കോണ്‍ഗ്രസ് അണികള്‍ പതുക്കെ ബിജെപിയായി രൂപം മാറുന്നു എന്നതാണ്. ഈ പ്രതിസന്ധിയെ സംഘടനാപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാനോ അതിജീവിക്കാനോ അവര്‍ക്കു കഴിയുന്നില്ല. സംഘടനയും രാഷ്ട്രീയവും ബിജെപിയ്ക്ക് അടിയറ വെച്ച കോണ്‍ഗ്രസിനെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ തെരെഞ്ഞെടുപ്പില്‍ കണ്ടത്.

നടന്നത് എന്തെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് ഇന്ദിരാഭവനു മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍. ഡിസിസി പിരിച്ചുവിടണമെന്നും സീറ്റ് കച്ചവടക്കാരെയും ഒറ്റുകാരെയും പുറത്താക്കണമെന്നുമാണ് നേതൃത്വത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെടുന്നത്. ഈ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതുകൊണ്ടു മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല.

രമേശ് ചെന്നിത്തല ദിനം പ്രതി നടത്തിയ പത്ര സമ്മേളനങ്ങളെപറ്റി കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിമര്‍ശനം നടത്തിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആവശ്യത്തിനും അനാവശ്യത്തിനും പത്രക്കാരെ വിളിച്ചുകൂട്ടി വിമര്‍ശവും ആരോപണവും നടത്തിയത് തിരിച്ചടിച്ചു എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

കോവിഡിനെ ചെറുക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നടത്തിയ പത്ര സമ്മേളങ്ങളെ ‘ മീഡിയ മാനിയ ‘ എന്ന് വിളിച്ചു ആക്ഷേപിച്ച ചെന്നിത്തല,പിന്നീട് എല്ലാ ദിവസവും പത്ര സമ്മേളനം നടത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്.

ഇടതു സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിര്‍ത്തലാക്കും എന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ പ്രസ്താവനയും, ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭിന്ന അഭിപ്രായങ്ങളും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന വാരത്തില്‍ കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി.

പ്രതീക്ഷ കൈവിട്ടു ബിജെപിയും

വലിയ കണക്കു കൂട്ടലുകളും പ്രതീക്ഷകളും വെച്ചാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വമ്പന്‍ അവകാശ വാദങ്ങളാണ് അവര്‍ ക്യാമ്പയിന്‍ സമയത്തു നടത്തിയത്.

പക്ഷെ, സംഘടനാ സംവിധാനത്തിന് അകത്തുള്ള ശക്തമായ ഗ്രൂപ്പിസം മൂലം സ്ഥാനാര്‍ഥി നിര്‍ണയം പോലും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഒരു വിഭാഗം കേരള നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തി. ഇതുമൂലം പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രിക്കാന്‍ പോലും ബിജെപിക്കു ശരിയായി കഴിഞ്ഞില്ല.

വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ ഫലം ബിജെപിക്കു വലിയ തിരിച്ചടിയായി. ബിജെപി കേരള നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് ഓ.രാജഗോപാല്‍ തന്നെ രംഗത്ത് വന്നത് കെ.സുരേന്ദ്രനും കൂട്ടര്‍ക്കും വലിയ ക്ഷീണമായി.
‘ എല്ലാവരും സ്വപ്നക്കും, സ്വര്‍ണ്ണത്തിനും അനാവശ്യ വിവാദങ്ങള്‍ക്കും പിറകെ പോയപ്പോള്‍, സര്‍ക്കാര്‍ വികസന നേട്ടങ്ങള്‍ ജനങ്ങളോട് പറഞ്ഞു വോട്ടു മേടിച്ചു’ അദ്ദേഹം പറഞ്ഞു.

2019 ലെ ലോകസഭ ഇലെക്ഷനെ അപേക്ഷിച്ചു പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ വോട്ടു ഷെയര്‍ കുറഞ്ഞതും ബി ജെ പി ക്കകത്തു ചര്‍ച്ചയായിട്ടുണ്ട്.

ഇടതു പക്ഷം കൂടുതൽ ജാഗ്രത പുലർത്തണം

തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ വിജയ തിളക്കത്തിലും,സർക്കാർ ഭരണ സിരാകേന്ദ്രത്തിന്റെ ഇടനാഴികകളിൽ വന്ന ചില വീഴ്ചകളും ചൂണ്ടി കാട്ടാതെ വയ്യ. പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങളുടെ കുന്തമുന  മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയായിരുന്നു. ഭരണ സംവിധാനത്തെ ഫലപ്രദമായി നിയന്ത്രക്കുന്ന അല്ലെങ്കിൽ ചലിപ്പിക്കുന്ന ഓഫീസ് സംവിധാനത്തിന്റെ മുഖ്യ ചുമതലക്കാരന് തന്നെ വീഴ്ച സംഭവിച്ചു എന്നാണ് സ്വർണകള്ളക്കടത്തു കേസിൽ പ്രതിപക്ഷം നിരന്തരം ആരോപിച്ചു കൊണ്ടിരുന്നത്. സംസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കുന്ന ഓഫീസിൽ നടക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും  ജാഗ്രത കുറവ് ഉണ്ടായി എന്ന ആക്ഷേപത്തിൽ കഴമ്പു ഉള്ളതായി തോന്നുന്നത് സ്വാഭാവികം മാത്രം.

പോലീസിനെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും പലപ്പോഴും വീഴ്ച സംഭിക്കുന്നതായി നിരവധി ഉദാഹരണങ്ങൾ ഉണ്ട്. കെഎസ്എഫ്ഇ ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌ നടത്തിയത് മന്ത്രിമാർ തമ്മിലും വിവിധ വകുപ്പുകൾ തമ്മിലും ചെറിയ അസ്വാരസ്യങ്ങൾക്കു വഴി തെളിച്ചു. പോലീസിനെ ഉപയോഗിച്ചു മാവോയിസ്റ്റുകളെ വേട്ടയാടിയ സംഭവത്തിൽ ഘടക കക്ഷിയായ  സിപിഐ പോലും എതിർ ശബ്ദം ഉയർത്തി.

എന്ത് തന്നെയായാലും, കേരളത്തിലെ  ജനങ്ങൾ ഇടതു സർക്കാരിൽ നിന്നും മികച്ചൊരു  ഭരണമാണ് പ്രതീക്ഷിക്കുന്നത്. വലിയൊരു പ്രതീക്ഷയാണ് ജനങ്ങൾ ഈ ഭരണകൂടത്തിൽ അർപ്പിച്ചിട്ടുള്ളത്. സർക്കാരും പാർട്ടിയും സ്വീകരിക്കുന്ന ഓരോ നയങ്ങളിലും ജനം കാതോർത്തു ജാഗ്രതയോടെ കാണുന്നതും ചില സമയത്തു വിമർശിക്കുന്നതും ഈ സർക്കാരിൽ പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ്. ഭരണത്തിൽ സംഭവിച്ച ചെറിയ പാളിച്ചകളും ജാഗ്രതക്കുറവും തിരുത്തി, പിണറായി സർക്കാർ  മുന്നോട്ടു പോകണമെന്ന്  ജനം ആഗ്രഹിക്കുന്നത്.

 

പിണറായി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍

1 . രണ്ടു മഹാ പ്രളയത്തെ അതിജീവിച്ചത് –
കേരളം അടുത്തെങ്ങും കാണാത്ത പ്രതിഭാസമായ 2018 ലെ മഹാപ്രളയം ഫലപ്രദമായി നേരിടാന്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന് കഴിഞ്ഞു. 2019 ല്‍ വീണ്ടും ചില ജില്ലകളില്‍ അവര്‍ത്തിച്ചപ്പോഴും ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കാനും ആശ്വാസം പകരാനും സര്‍ക്കാരിന് സാധിച്ചു.

 

2 . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനള്‍, രാജ്യത്തു മാത്രമല്ല ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടതും പ്രസിദ്ധവുമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ച ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെ തേടി നിരവധി ലോക പുരസ്‌കാരങ്ങളെത്തി.

3 . പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും കൃത്യമായി നല്‍കിയത് –

1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വെച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്‌കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുത്തിവച്ച 1473.2 കോടി രൂപ. LDF സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കിയുയര്‍ത്തി. 2017 മുതല്‍ അത് 1100 രൂപയായും 2019ല്‍ അത് 1200 രൂപയായും 2020ല്‍ 1400 രൂപയായും വര്‍ദ്ധിപ്പിച്ചു. 2021 ജനുവരിയില്‍ ആ തുക 1500 രൂപയാക്കി വീണ്ടും ഉയര്‍ത്തുമെന്ന് എല്‍ ഡി എഫ് പ്രകടന പത്രികയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു.

4 . കോവിഡ് കാലത്തെ ഭക്ഷണ കിറ്റുകള്‍ –

കോവിഡ് പ്രതിസന്ധിയിലും ലോക്ക് ഡൗണിലും പെട്ട് ബുദ്ധിമുട്ട് അനുഭവിച്ചവര്‍ ഉള്‍പ്പെടെ 88 ലക്ഷം പേര്‍ക്ക് ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കിയത് സര്‍ക്കാരിന് അനുകൂലമായി ഭവിച്ചു.

5 . ഭവന നിര്‍മാണ പദ്ധതികള്‍ –

ലൈഫ് മിഷന്‍ വഴി രണ്ടര ലക്ഷത്തില്‍പ്പരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. പണിതീരാതെ കിടന്ന വീടുകളെല്ലാം പൂര്‍ത്തീകരിച്ചു. രണ്ടര ലക്ഷം രൂപയാണ് വീടിനു നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ നാലു ലക്ഷം രൂപയാണ് നല്‍കുന്നു. ഭൂരഹിതര്‍ക്കുവേണ്ടിയുള്ള ഫ്‌ളാറ്റുകള്‍ക്ക് 10 – 12 ലക്ഷം രൂപ ചെലവുവരും… ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, ഇതടക്കം ഏതാണ്ട് അഞ്ചുലക്ഷം പേര്‍ക്കാണ് വീടുകള്‍ നല്‍കുവാനുള്ള പ്ലാന്‍ . അതോടെ കേരളത്തിലെ പാര്‍പ്പിട പ്രശ്‌നം നാം പരിപൂര്‍ണ്ണമായി പരിഹരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

6 .ആര്‍ദ്രം പദ്ധതി –

സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന സാങ്കേതിക മികവോടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യവും ചികിത്സാ സൗകര്യവും മെച്ചപ്പെടുത്തി മിതമായ നിരക്കില്‍ കിടത്തി ചികിത്സരംഗത്ത് കേരളത്തിന്റെ ആരോഗ്യമേഖല ഉയര്‍ത്തുന്ന പദ്ധതി.

7. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തി ചേര്‍ന്നു. സ്‌കൂളുകള്‍ കെട്ടിടങ്ങള്‍ ഹൈടെക്കാക്കി ഉയര്‍ത്തി. സിബിഎസ്‌ഇ- സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അഭിമാനത്തോടെ സര്‍ക്കാര്‍ മേഖലയില്‍ എത്തിതുടങ്ങി.

വോട്ടര്‍മാരെ സ്വാധിനിച്ച ഘടകങ്ങള്‍
  • ഇടതു സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചു.
  • നാടിന്റെ വികസനത്തിന് വേണ്ടി വോട്ടു ചോദിച്ചു.
  • ഭരണ വിരുദ്ധ വികാരം തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല .
  • കൊറോണ രോഗ ഭീതിയെ ഫലപ്രദമായി പ്രതിരോധിച്ചത്
  • കേരളത്തിലെ 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കിയത്
  • 1400 രൂപ പെന്‍ഷന്‍ യാതൊരു മുടക്കവും കൂടാതെ കൃത്യമായി നല്‍കിയത്
  • ലൈഫ് ഭവന പദ്ധതിയും, സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈ ടെക്ക് ആക്കി മാറ്റിയതും
  • കേരള കോണ്‍ഗ്രസിലെ ജോസ് മാണി വിഭാഗത്തെ ഇടതു പക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് മധ്യ തിരുവതാംകൂറില്‍ ഇടതു പക്ഷത്തിനു ഗുണകരമായി.

അഭിനന്ദിച്ചും ആഘോഷിച്ചും നവ മാധ്യമങ്ങളും പൊതു സമൂഹവും
എല്‍ ഡി എഫിന്‍റെ ആവേശകരമായ വിജയത്തെ തുടര്‍ന്ന്,സാമൂഹിക ജീവിതത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടായി. സിനിമ പ്രവര്‍ത്തകരും കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും തിരഞ്ഞെടുപ്പിനെ വിലയിരുത്തി അഭിപ്രായ പ്രകടനം നടത്തി.

പ്രമുഖ സിനിമ നടനും കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപകനുമായ ദേവന്‍
തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്.

പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം…
ഇത് പഠനവിഷയമാക്കേണ്ടതാണ്. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്. അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടത് മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നു.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വേണ്ടത് ഒരു നവ കേരളം

പ്രളയവും കോവിഡും തകര്‍ത്ത കേരള സാമ്പത്തിക മേഖലയെ പുനരുദ്ധരിച്ചു കൊണ്ടുമാത്രമേ നവ കേരള നിര്‍മ്മാണം സാധ്യമാകു. കേരളത്തിന്റെ വികസന കുതിപ്പിനെ അനാവശ്യ വിവാദങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി പലപ്പോഴും കാണാന്‍ കഴിയും.

ആരെല്ലാം എന്തെല്ലാം ശ്രമിച്ചാലും നവ കേരള നിര്‍മ്മാണവുമായി  മുന്നോട്ട് പോവുക തന്നെ ചെയ്യും എന്ന മുഖ്യ മന്ത്രിയുടെ ഉറച്ച വാക്കുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് കേരള ജനത. ഓഖി, പ്രളയം, നിപ, കോവിഡ് തുടങ്ങിയ മഹാമാരികളെ ചെറുത്ത് തോല്‍പ്പിച്ച മലയാളിക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുന്നുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ, ജാതി മത ചിന്തകള്‍ക്കതീതമായി നാടിന്റെ നന്മക്കായി, വികസനത്തിനായി എല്ലവരും കൈകോര്‍ത്താല്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമാകും.

ജോമോന്‍ സ്റ്റീഫന്‍
jomonks2004@gmail.com

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.