Follow the News Bengaluru channel on WhatsApp

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

സതീഷ് തോട്ടശ്ശേരി

പാലക്കാട് ജില്ലയിലെ അയിലൂര്‍ സ്വദേശി. അയിലൂര്‍ എസ് എം എച്ച് എസ്, തൃശൂര്‍ വിവേകോദയം ബോയിസ് ഹൈസ്‌കൂള്‍, തൃശൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഹ്യൂറ്റ് പക്കാര്‍ഡില്‍ നിന്നും അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി വരമിച്ചു. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവം. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന് കീഴില്‍ അധ്യാപകനും വെസ്റ്റ്‌ സോണ്‍ സെക്രട്ടറിയുമാണ്‌. ആദ്യ കഥാ സമാഹരമായ അനുഭവ നര്‍മ്മ നക്ഷത്രങ്ങളിലെ കഥകളാണ് ന്യൂസ് ബെംഗളൂരു വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നത്.

അവതാരിക

ചിരി വിതറുന്ന നക്ഷത്രങ്ങള്‍ക്ക്

മലയാളിയുടെ എക്കാലത്തെയും ജനകീയ കവി കുഞ്ചന്‍ നമ്പ്യാരാണ്. മറ്റുള്ളവരെ രസിപ്പിക്കുക എന്ന അനുഭൂതിക്കപ്പുറത്തേക്ക് മറ്റൊന്നിനും കവിതയെ ഉപയോഗിക്കാത്തതാകാം ആ ജനകീയതക്ക് കാരണം. പതഞ്ഞു പൊങ്ങിയ ചിരികള്‍ ഉണര്‍ത്തിവിട്ട ആ മഹാന്റെ പിന്തുടര്‍ച്ചകള്‍ നമ്മുടെ സാഹിത്യത്തില്‍ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ.

സന്ദര്‍ഭോചിതമായ വിവരങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്നതിന് അസാമാന്യമായ മിടുക്കു വേണമെന്നതും, പരിഹാസമില്ലാത്ത ശുദ്ധമായ ഹാസ്യം ജീവിതത്തില്‍ നിന്നും ചിനക്കിയെടുക്കുന്നത് ഏറെ പണിപ്പെട്ടു നേടേണ്ട വൈഭവം ആണെന്നതും ചരിയുണര്‍ത്തുന്ന എഴുത്തുകളെ എണ്ണത്തില്‍ കുറച്ചിരിക്കാം. വി.കെ. എന്‍ഒരു സമകാലിക മാതൃകയാണ്. ചിരിയും ചിന്തയും അപാരമായ ഫലിത രസത്തോടെ, അപൂര്‍വ്വ ഭാഷാ പ്രയോഗത്തോടെ സാധ്യമാക്കുന്ന വിദ്യ അദ്ദേഹത്തിന് കരഗതമായിരുന്നു. രണ്ടു തലമുറകളിലെ മലയാള സാഹിത്യ രംഗത്തെ കുലപതികളെ ഓര്‍ക്കാതെ സതീഷ് തോട്ടശ്ശേരിയുടെ അനുഭവ നര്‍മ്മ നക്ഷത്രങ്ങളെ കുറിച്ച് പറയാന്‍ കഴിയില്ല എന്ന് വായനക്കാര്‍ക്ക് ഓരോ പുറം മറിക്കുമ്പോഴും തോന്നാതിരിക്കില്ല.

‘നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകം മറ്റാരും എഴുതുന്നില്ലെങ്കില്‍ അതെഴുതാനുള്ള നിയോഗം നിങ്ങള്‍ക്കാണ്’ ടോണി മോറിസന്റെ ഈ അഭിപ്രായം ‘അനുഭവനര്‍മ്മ നക്ഷത്രങ്ങള്‍’ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  ഈ പുസ്തകം എഴുതാതിരുന്നെങ്കില്‍ സതീഷിനെ നമ്മള്‍ ഇത്രമേല്‍ തിരിച്ചറിയില്ലായിരുന്നു. നമുക്കെല്ലാവര്‍ക്കും നിരവധി അനുഭവങ്ങള്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ക്കുണ്ട്. അടുക്കുംചിട്ടയുമൊന്നുമുണ്ടാവില്ല. സതീഷിന്റെ ഓര്‍മ്മകള്‍ നക്ഷത്ര ശോഭയോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. ‘അനുഭവനര്‍മ്മ നക്ഷത്രങ്ങള്‍’ എന്ന പുസ്തകത്തിന്റെ തലക്കെട്ടു തന്നെ വല്ലാത്തൊരു അനുഭവമാണ് നമുക്ക് നല്‍കുക. എല്ലാത്തിനെയും നര്‍മ്മബോധത്തോടെ കാണുക എന്നത് അപാരമായൊരു സിദ്ധിയാണ്. ഈ സിദ്ധി കനിഞ്ഞനുഗ്രഹിക്കപ്പെട്ടയാളാണ് സതീഷെന്ന് ഈ പുസ്തകത്തിലെ ഓരോ അനുഭവവും വെളിപ്പെടുത്തുന്നു.

തന്റെ ജന്മഗ്രാമമായ അയിലൂരിനെ ഈ അനുഭവ സമാഹാരത്തിലെ ഏറ്റവും വലിയ ഭൂമികയായി മാറ്റിയിട്ടുണ്ട് സതീഷ്. അയിലൂര്‍, തൃശൂര്‍, ബാംഗ്ലൂര്‍ എന്നീ മൂന്ന്  സ്ഥലങ്ങളിലെ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മകളെ മൂന്നായി തിരിച്ചാണ് അവതരിപ്പിക്കുന്നത്. മണ്ണിന്റെ മണമെന്ന്ആലങ്കാരികമായി പലയിടങ്ങളിലും നാം പറയാറുണ്ട്. ഈ പുസ്തകത്തില്‍ അങ്ങിനെയല്ല. മണ്ണും, മനുഷ്യനും, ജന്തുജാലങ്ങളും ഇഴയടുപ്പത്തോടെ നെയ്തു ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കാക്ക, പൂച്ച, ശുനകന്‍, പോക്കാന്‍, ഒടിയന്‍അങ്ങിനെ ജീവജാലങ്ങളും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ഈ അനുഭവ കൂട്ടായ്മയില്‍.

പ്രകൃതിയോട് ലയിച്ച് മാവും, പ്ലാവും തെങ്ങുമെല്ലാം സ്വന്തക്കാരായി മാറുന്ന അനുഭവത്തെവായനക്കാരുമായി പങ്കുവെക്കുന്നത് സ്വന്തം ഹൃദയത്തിലൂടെയാണ്. ഈ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനും അയിലൂര്‍കാരനും, സൂക്ഷ്മമായി പറഞ്ഞാല്‍ തോട്ടശ്ശേരി വീട്ടുകാരനുമായി മാറും. ചൂരിയോ, മങ്കാച്ചിയോ, കാമാച്ചിയോ, ചേറൂരെ കിട്ടയോ, എട്ടണയോ, ശ്വാസം മുട്ടോ അങ്ങനെയെന്തെങ്കിലും ഓമനപ്പേര് കിട്ടാന്‍ വായനക്കാരന്‍ കൊതിക്കാതിരിക്കില്ല.

സാധാരണത്വങ്ങളെ മറിച്ചിടുന്നതാണ് കഥകളുടെ സവിശേഷത. അനുഭവങ്ങള്‍ പലതും റിപ്പോര്‍ട്ടിങ്ങിന്റെ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഡ്രൈവര്‍ ശശിയാണ് മുഖ്യ റിപ്പോര്‍ട്ടര്‍. ജാനുമന്ത്രവും വാസുവിന്റെ തുണി അടിച്ചുമാറ്റലും റോസിയുടെ എലിവേട്ടയുമെല്ലാം റിപ്പോര്‍ട്ടിങ്ങിന്റെ ചാരുത കൊണ്ട് അപൂര്‍വ്വത നേടിയ അനുഭവങ്ങളാണ്. തല തിരിച്ചിടുന്ന ചില ഉദാഹരണങ്ങള്‍ വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ‘ഗോമൂച്ചിയില്‍ ബീവറേജിനു മുന്‍പില്‍ ആളു കൂടും പോലെ തിങ്ങി നിറഞ്ഞ ഗോമാങ്ങ’ എന്നിങ്ങനെ സ്ഥലകാലങ്ങളെ മറികടക്കുന്ന പ്രയോഗങ്ങള്‍ എമ്പാടും കാണാം. കേരളത്തിലെ കഥാപാത്രങ്ങളെ പുരാണ കഥകളില്‍ സന്നിവേശിപ്പിച്ച കുഞ്ചന്‍ നമ്പ്യാര്‍ സതീഷിനെ ആവേശിച്ചിട്ടുണ്ട് എന്നത് സത്യം.തന്നെ ‘നെഷേധി’ എന്ന് വിളിച്ചിരുന്ന വലിയമ്മ ഗോമതിയമ്മയോട് ‘വല്യമ്മേ സ്റ്റില്‍ ഐ ലവ് യൂ’ എന്നാണ് സതീഷിന്റെ മറുപടി. ഉമാ മശേശ്വര സംവാദം പോലെ ഉണ്ണിയമ്മ പാറുത്തള്ള സംവാദമാണ് ഒരു കഥ. സഹോ എന്ന ക്യാരക്റ്റര്‍, കേശവന്‍ എന്ന സുഹൃത്ത് അവരൊക്കെ എല്ലാവരുടെയും സ്വന്തം തന്നെയാണ്. എവിടെയും കാണുന്നവര്‍. തിരിക്കു തീ വെച്ച ഗുണ്ട് പൊങ്ങാതെ കുറ്റിയില്‍ വെച്ച് തന്നെ പൊട്ടി പരിക്കേറ്റ കേശവന്റെ പിന്നാലെ പോകുന്ന ചരിത്രകാരന്‍ മിഷന്‍ ഫെയിലിയര്‍ ആയ ഐ. എസ്. ആര്‍. ഓ ശാസ്ത്രജ്ഞനെ പോലെ അനുഗമിച്ചു എന്നതും അങ്കുച്ചാമി ദി ഗ്രേറ്റ്, ആഭിചാര ശിങ്കം എന്നീ പ്രയോഗങ്ങളുമെല്ലാം വി. കെ. എന്നിനെ ഓര്‍മ്മിപ്പിക്കും.

സതീഷ് തോട്ടശ്ശേരി ആരെയും അനുകരിക്കുന്നില്ല. വായനക്കാരന്റെ തോന്നല്‍ നര്‍മ്മ നക്ഷത്രങ്ങളുടെ വെളിച്ചമായി മാറുന്നതാണ്.ഇതെവിടെയോ കണ്ടിട്ടുണ്ട്, ഇതെനിക്കറിയാവുന്ന ആളാണ്, ഇത് ഞാനാണ് എന്നൊക്കെയുള്ള ബോധോദയത്തിന്റെ വെളിച്ചമാണത്. അയിലൂരിലെ ആദ്യത്തെ വിമാനയാത്രികനായ അപ്പുക്കുട്ടന്‍, ദുബായിക്കാരന്‍ തോശ, പൂമണിക്കണ്ണന്‍, ഉണ്ണിയമ്മ, അച്ഛേമ, വെളക്കത്ര ലക്ഷ്മി അമ്മ, മുരുകാണ്ടി, എന്നിങ്ങനെ ശുദ്ധരായ പാലക്കാടന്മാര്‍ തോട്ടശ്ശേരി കവിഞ്ഞ് അയിലൂരില്‍ പടര്‍ന്ന് മലയാളിയുടെ സ്വന്തമാകുമെന്ന് ഉറപ്പാണ്. ഡ്രൈവര്‍ ശശി പറഞ്ഞിട്ടുണ്ടല്ലോ

‘പാലക്കാട്ടുകാര്‍ തറവാടികളൊന്നുമല്ലെങ്കിലും അമ്പേ ചെറ്റകളൊന്നുമല്ല’ എന്നത്. കോവിഡ് 19 മഹാമാരി വരെയുള്ള അനുഭവങ്ങള്‍ സതീഷ് വരച്ചിടുന്നുണ്ട്. ‘കോപ്പുണ്ണിയാരുടെ കോവിഡ് രാത്രി’ മറ്റൊരനുഭവമാണ്.

സതീഷ് നിരീക്ഷണം തുടരുക തന്നെ വേണം. ‘സഫലമീ യാത്രക്ക്’ പകരം ‘വിഫലമീ യാത്ര’ യുണ്ടെന്നു വായനക്കാരറിയാനിട വരുന്നത് നിരീക്ഷണത്തിലൂടെയാണ്. എംഎല്‍എ എന്നാല്‍ മദ്യം ലേശം ആകാമെന്നും എം.പി എന്നാല്‍ മദ്യപാനിയാണെന്നും സതീഷിന്റെ രസകരമായ നിഗമനങ്ങളാണല്ലോ.

അവതാരിക ആവശ്യമില്ലാത്ത അനുഭവങ്ങളുടെ രസച്ചരടാണ് ഈ പുസ്തകം. ചിരിക്കാനും ചിരിപ്പിക്കാനും വലിയ മനസ്സ് വേണം. ഓര്‍മ്മകള്‍ സൂക്ഷിച്ചു വെച്ച് നര്‍മ്മത്തിന്റെ താമരനൂലിഴകളില്‍ കോര്‍ത്ത ഈ കഥാ മാല്യത്തിന് ഒരു പ്രവേശിക പറയുന്നൂ എന്ന്മാത്രം. വായനക്കാരന്റെ പ്രിയപ്പെട്ട പുസ്തകമായി മാറാനാണ് ‘അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ക്ക്’ നിയോഗം എന്നുറപ്പിച്ചു പറയാന്‍ കഴിയും.

അഭിമാനത്തോടെ നക്ഷത്രങ്ങളെ വായനക്കാരിലേക്ക് അവതരിപ്പിക്കുന്നു.

സ്‌നേഹപൂര്‍വ്വം

എം. സേതുമാധവന്‍

രജിസ്ട്രാര്‍, മലയാളം മിഷന്‍.
തിരുവനന്തപുരം.

 

 

 

കഥ ഒന്ന് 
കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

പടിപ്പെര വീട്ടില്‍ കുഞ്ഞിലക്ഷ്മി അമ്മ കാറ്ററാക്ട് ഓപ്പറേഷന്‍ കഴിഞ്ഞു കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് വീട്ടിലെത്തി. ആരും കാണാതെ കണ്ണാടിയില്‍ നോക്കി ഇന്ദിരാഗാന്ധിയെപ്പോലുണ്ടെന്നു ആത്മഗതം കാച്ചി. സന്ദര്‍ശകനായി വന്ന അയല്‍വക്കത്തെ കിങ്ങിണിക്കുട്ടന്‍ പറഞ്ഞത് അയിലൂര്‍ വേലക്ക് പോയി വരുന്ന അരിയക്കോട്ടുകാരി, അഞ്ചുവയസ്സുള്ള അംബുജം നാലണയുടെ കൂളിംഗ് ഗ്ലാസ്സ് വെച്ചപോലെയുണ്ടെന്നാണ്. എന്തായാലും ഒരാഴ്ചക്കാലം രാവും പകലും അവനെ ഫിറ്റ് ചെയ്തു നടക്കുമ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുമ്പോഴുള്ള തലയെടുപ്പുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുഖദാവില്‍ ലൈക്കടിച്ചു.

ഓപ്പെറേഷാനന്തരം ഒരാഴ്ച റെസ്റ്റും കഴിഞ്ഞു കണ്ണടതിടമ്പിറക്കി. കണ്ണിനു ഒരു നൂറു വാട്ട് എല്‍. ഇ. ഡി ബള്‍ബിന്റെ എക്‌സ്ട്രാ പളിച്ചമുണ്ടെന്നു സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പും സീലും വെച്ചു. പിറ്റേദിവസം കോലായ അടിച്ചു വാരി കൊണ്ടിരിക്കെ ഒരു കൂറ കുട്ടി, ഞങ്ങളുടെ പാലക്കാടന്‍ ഭാഷയില്‍ കരപ്പു കുട്ടി കണ്ണില്‍ പെട്ടു. ‘അമ്പട ഇത്രയും നാള്‍ നീ എന്നെ പറ്റിച്ചു നടക്കുകയായിരുന്നു അല്ലെ’ എന്ന് ചോദിച്ചു ചൂല് കൊണ്ട് രണ്ടു ഗിമ്മു ഗിമ്മി. കരപ്പ് രണ്ടുമൂന്നു റൌണ്ട് സ്പീഡില്‍ കറങ്ങി നിന്നു. വധം സ്ഥിരീകരിക്കുവാന്‍ ‘പ്പൊ കിട്ടും നെഞ്ഞത്തു കൂടം’ ന്നു പറഞ്ഞു വീണ്ടും രണ്ടു പൂശു പൂശി. ചന്ദനമഴ സീരിയല്‍ കാണുമ്പോള്‍ ‘അവന്റെ ചെപ്പക്കു കൊടുക്ക്, അവള്‍ടെ മുട്ടുംകാല് തല്ലി ഒടിക്ക്’ എന്നൊക്കെ പറയുമ്പോലെ കരപ്പിനോട് ധാര്‍മികരോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

നേരത്തെ ഇത്തരത്തിലുള്ള വെളിച്ചപ്പാട് ഉണ്ടായിട്ടുള്ളത് വളരെ വേണ്ടപ്പെട്ട ഒരു പെണ്‍കിടാവിന്റെ കല്യാണപ്പാര്‍ട്ടിക്കു ന്യൂ ജെന്‍ പിള്ളേര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കണ്ടപ്പോഴും കിങ്ങിണിക്കുട്ടന്റെ തള്ള ബര്‍ത്‌ഡേ പാര്‍ട്ടിക്ക് കള്ളുകുടിയന്‍ ഉണ്ണിച്ചെക്കന്റെ കൈ പിടിച്ചു കോളിവുഡ് ദബ്ബാക്കുത്തിനു തുള്ളിയപ്പോഴുമാണ്. കരപ്പുവധം കഴിഞ്ഞു മുടിയഴിച്ചിട്ടു വാളേന്തിയ ഝാന്‍സി റാണിയെപോലെ ചൂലും പോക്കിപ്പിടിച്ചു കൊണ്ട്, കുളി കഴിഞ്ഞു ചീകി മുടിച്ചു ചിങ്കാരിച്ചു കൊണ്ടിരുന്ന മരുമകളെ കൊലപാതക വിവരം ഉണര്‍ത്തിച്ചു. മഹസ്സര്‍ തയാറാക്കാന്‍ ചെന്ന പി.സി. 734 സംഭവസ്ഥലത്തു കണ്ടത് കുഞ്ചാവ പറയാറുള്ള സപ്പോട്ടയുടെ കറുത്ത കുരുവാണത്രെ.

കഥ കേട്ട ശേഷം ഡ്രൈവര്‍ ശശി ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണെന്നും
ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നുകില്‍ അത് തികച്ചും യാദൃശ്ചികമാണെന്നും’ കൂട്ടിച്ചേര്‍ക്കാന്‍ പറഞ്ഞു. ചേര്‍ത്തിരിക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.