Follow the News Bengaluru channel on WhatsApp

മരണമെത്തുന്ന നേരം

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

ആറ് 

മരണമെത്തുന്ന നേരം

 

വ്യക്തിയുടെ ജീവിതത്തിലേക്കു യാതൊരു ക്ഷണവുമില്ലാതെ മരണം കടന്നുവന്നു, അയാളെ കീഴ്പ്പെടുത്തി, ഒരുകുറ്റവാളിയെ എന്നതുപോലെ ഒരുവീട്ടില്‍നിന്നും നിര്‍ദ്ദയമായി വിളിച്ചിറക്കിക്കൊണ്ടു പോകുന്ന നേരത്ത്, എന്തെല്ലാം വേദനകളുടെയും ദുരന്തങ്ങളുടെയും തീപന്തങ്ങളാണ് ആ കുടുംബാംഗങ്ങളുടെ ജീവിതത്തിലേക്കു മരണം എറിഞ്ഞിടുന്നത്. മരണമൊരുകാലത്തും മനുഷ്യഹൃദയങ്ങളോടു അനുതാപം കാണിച്ചിട്ടില്ല. എപ്പോഴെങ്കിലും മരണമൊരു ആശ്വാസമാവുന്നത് ചന്ദനക്കള്ളന്‍ വീരപ്പനെപോലെ ഏതെങ്കിലും ദുഷ്ടനോ, ജാതിയുടെയോ മത്തിന്റെയോ പേരില്‍ വംശീയകൂട്ടക്കൊലകള്‍ നടത്തുന്ന വര്‍ഗീയവാദിയോ ആയ ഒരാള്‍ അയാളുടെ കര്‍മ്മത്തിനെതിരെയുള്ള ശിക്ഷയായി, കൃത്യനിര്‍വഹണം നടത്തുമ്പോള്‍ മാത്രമാണ്, രംഗബോധമില്ലാത്ത കോമാളി എന്ന പേരിനു പകരം, മരണം അതിന്റെ ഉത്തരവാദിത്വം സാമൂഹിക ബോധത്തോടെനടത്തുന്നത്.. ഏതുപരാക്രമിയും ഒരിക്കല്‍ മരണമുണ്ടെന്ന തിരിച്ചറിവുണ്ടായാല്‍ അവര്‍ കൂടുതല്‍ അപകടകാരി കളാവാറില്ല എന്നതാണ് വസ്തുത. വേദനയുടെ പെരുമഴ പെയ്യുന്ന ഒരു മരണത്തിലേക്കാണു നമ്മളിപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്…

രാവിലെ ആറുമണികഴിഞ്ഞ് മുപ്പതുമിനിറ്റു കഴിഞ്ഞു കാണും. രാവിലെയുള്ള നടത്തം കഴിഞ്ഞു ഞാന്‍ വീട്ടിലേക്കു വരുന്ന വഴിയില്‍ ഒരു വീടിനു മുന്നില്‍ ഏതാനും ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നു.. എന്റെ കാലുകള്‍ അറിയാതെ അങ്ങോട്ടു നീങ്ങി.. മൗനംപതിച്ച മുഖങ്ങളില്‍ വേദന തളം കെട്ടി നില്‍ക്കുന്നതു കണ്ടപ്പോള്‍ മരണത്തിന്റെ ഏതോ ഭീകരഗന്ധം അവിടെയെല്ലാം പരക്കുന്നതുപോലെ തോന്നി…

ആളുകള്‍ പരസ്പരം ഒന്നും പറയാനാവാതെ നില്‍ക്കുന്നു.. ഒരു ചെറുപ്പക്കാരന്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു കൊണ്ടു ശബ്ദം താഴ്ത്തി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു, അതെ, മരണമെന്ന ഭീകരന്‍ ഇവിടെയും വന്നിരിക്കുന്നു…

എന്റെ ഒരു പരിചയക്കാരന്‍, ആ വീട്ടിലേക്കു ചൂണ്ടിസ്വരം താഴ്ത്തി പറഞ്ഞു:

‘ഇവിടത്തെ സൂരനില്ലേ…? മരിച്ചുപോയ ക്യാപ്റ്റന്‍ രാമചന്ദ്രന്റെ മകന്‍.. ? അയാളിവിടെ കൂട്ടുകാരുമൊത്തു ബാഡ്മിന്റണ്‍ കളിച്ചുനില്‍ക്കുവായിരുന്നു.. കളിക്കുന്നതിനിടയില്‍ ദാ, അവിടെ വന്നിരുന്നു.. രണ്ടുമിനിറ്റു കഴിഞ്ഞപ്പോഴേക്കും, ഇരുന്നയിടത്തു തന്നെ കുഴഞ്ഞുവീണു..ഒപ്പം കളിച്ചിരുന്ന കൂട്ടുകാര്‍ ആസ്പത്രീലേക്കു കൊണ്ടുപോയി.. ഡോക്ടര്‍ പരിശോധിക്കുമ്പോഴേക്കും സമയം വൈകിയിരുന്നു.’

‘ബോഡി ? ‘

‘ഹോസ്പിറ്റലില്‍ ആണ്, മരണസര്‍ട്ടിഫിക്കറ്റ് വാങ്ങി, കോവിഡ് നിയമ ഫോര്‍മാലിറ്റികളും കഴിഞ്ഞേ ബോഡി കൊണ്ടുവരാന്‍ കഴിയൂ.. ‘

മരണം കീഴ്‌പ്പെടുത്തിയ സുരനുമായി അടുക്കാന്‍ സാഹചര്യമുണ്ടായിട്ടില്ലെങ്കിലും ഞാനറിയും.. കഴിഞ്ഞ കൊല്ലം പുതുവത്സരത്തിന്റെ ഭാഗമായി ലെഔട്ടിലെ കുടുംബങ്ങള്‍ ചേര്‍ന്നുനടത്തിയ നിശാസംഗമ വേളയില്‍ ലഹരി പങ്കുവെക്കുമ്പോഴാണു പരസ്പരം പരിചയപ്പെട്ടത്. പിന്നീടൊരിക്കല്‍ രാവിലെ അഞ്ചരക്കുനടക്കാന്‍ പോകുമ്പോള്‍ എന്നെയും ബാഡ്മിന്റണ്‍ കളിക്കാന്‍ സുരന്‍ ക്ഷണിച്ചതോര്‍ക്കുന്നു:

‘ സമയമുണ്ടെങ്കില്‍ ഒരു കൈ കളിക്കാം… ‘

‘കോളേജുകാലത്തു കളിച്ചതാണു, വര്‍ഷം കുറെ കഴിഞ്ഞില്ലേ? ഇപ്പോള്‍ കളിക്കാനാവുമോ എന്നറിയില്ല’

‘ഓഹോ, മുമ്പു കളിച്ചിരുന്നുവല്ലേ? എന്നാല്‍ തീര്‍ച്ചയായും വരണം.. ‘

‘തീര്‍ച്ചയായും വരാം, പിന്നീടൊരിക്കലാവട്ടെ… ‘

ഇന്നുവരെ ആവാക്കുപാലിക്കാനായില്ല, ചില നെറികെട്ട രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല, സാധാരണക്കാരായ നമ്മളും പാലിക്കാനാവാത്ത വാക്കുകള്‍ എത്ര പേര്‍ക്കാണുകൊടുക്കുന്നത്..? സ്വയം വിമര്‍ശനത്തോടെ ഞാനോര്‍ത്തു. സുരന്‍ നഗരത്തില്‍ സ്വന്തമായൊരു ഫാക്ടറി നടത്തുന്നു. അമ്മയും രണ്ടു പെണ്‍മക്കളും,സഹധര്‍മ്മിണിയും ചേര്‍ന്നകുടുംബം. മൂത്തകുട്ടിക്കു എട്ടും, ബുദ്ധിമാന്ദ്യമുള്ള രണ്ടാമത്തെ കുട്ടിക്കു അഞ്ചുവയസ്സും.

വരാനിരിക്കുന്ന നാളുകള്‍ ആ കുടുംബത്തിന്റെ യാത്രകള്‍ ദുഷ്‌കരമാവും.. ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടാവുമെന്നു പ്രതീക്ഷിക്കാം. പണംകൊണ്ടു പരിഹരിക്കാവുന്ന ഒന്നല്ലല്ലോ മരണം. ലോകത്തില്‍ ഏറ്റവും അപരിഹാര്യമായ ഒരു സംഗതിയാണ് മരണം. എപ്പോള്‍, എങ്ങനെ, ഏതു സമയത്തു കയറി വരുമെന്നൊന്നും നിശ്ചയിക്കാനാവാതെ, എന്നും നവീനത നിലനിര്‍ത്തിപോരുന്ന ഒരത്ഭുത പ്രതിഭാസമാണ് മരണം. വിധിയില്‍ വിശ്വസിക്കാത്തവര്‍ക്കു പോലും മരണത്തിന്റെ നിഗൂഢതകള്‍ തിരിച്ചറിയാനാവാതെ, ഇനിയും അപഗ്രഥനത്തിന്നതീതമായി നില്‍ക്കുന്ന യാഥാര്‍ഥ്യം…

സുരന്റെ ഫാക്ടറിയുടെ ഭാരം ആ സ്ത്രീയുടെ ചുമലില്‍ എടുത്തു വെക്കേണ്ടി വരും.. അവര്‍ക്കു സാമാന്യം വിദ്യാഭ്യസമുണ്ടെന്നു തോന്നിയിട്ടുണ്ട്. വിദ്യാഭ്യാസവും സാമാന്യം കഴിവും ഉണ്ടെങ്കില്‍ കൂടി ഒരു വ്യവസായ സ്ഥാപനം ഏറ്റെടുത്തു നടത്തി മുന്നോട്ട് പോകാന്‍ അത്ര എളുപ്പമൊന്നുമല്ല. മൂത്ത മകളെ പഠിപ്പിക്കണം. അസുഖമുള്ള കുട്ടി അതിന്റെ ജീവിതാവസാനം വരെ വേദനയുടെ പ്രതിരൂപമായി ആ വീട്ടില്‍ നിഷ്‌കളങ്ക വിസ്മയമായി വിതുമ്പി നില്‍ക്കും.

ജീവിതപങ്കാളിയുടെവേര്‍പാട് സൃഷ്ടിക്കുന്ന വേദന ഒരുവശത്ത്, അതോടൊപ്പം ഫാക്ടറിയുടെയും കുടുംബത്തിന്റെയും ഭാരംചുമക്കേണ്ടി വരുന്ന സമ്മര്‍ദ്ദം മറുവശത്ത്….. ഈ സ്ത്രീയുടെ ജീവിത സന്ധിയിലെ ദുര്‍ബ്ബല സന്ദര്‍ഭം മുതലെടുക്കാന്‍ശ്രമിക്കുന്ന സ്വാര്‍ത്ഥമോഹികള്‍ വേറെ എങ്കിലും സാഹചര്യങ്ങള്‍ എത്രവലിയ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ പ്രാപ്തരാക്കിയ അനുഭവങ്ങളുമുണ്ട്..

ആംബുലന്‍സ് അതിന്റെസ്വതസിദ്ധമായ അമിതവേഗതയില്‍ വീടിനു മുന്നില്‍ വന്നുനിന്നു. അകത്തേക്കു എത്തിച്ചുനോക്കിയപ്പോള്‍ ശാന്തമായ ആ മുഖംകണ്ടു.. ജീവിതമെന്ന ദുഃഖസാഗരം കടന്നു വേദനകള്‍ക്കപ്പു റത്തുള്ള നിത്യതയുടെ ലോകത്തു എത്തിയതിന്റെ ശാന്തതയില്‍ സുരന്റെ ശരീരം നിശ്ചേതനമായി കിടന്നു..

കണ്ണേ, മടങ്ങുക..അങ്ങനെയാണ്, മരിച്ചയാളുടെ മുഖത്തേക്ക് അധികം നോക്കിനില്‍ക്കാന്‍ കഴിയാറില്ല. അകത്തുനിന്നു ദുര്‍ബലമായ ശബ്ദ ത്തില്‍ ഒരു തേങ്ങല്‍ കേട്ടു. സുരന്റെ അമ്മയായിരിക്കും. മകന്റെ മരണം അനുഭവിക്കേണ്ടിവരുന്ന ആ അമ്മയുടെ സങ്കടം എത്ര അസഹനീയ മായിരിക്കും.?

ഞാന്‍ വീട്ടല്‍പോയി വിവരം പറഞ്ഞു, പ്രഭാതകൃത്യങ്ങള്‍ ജോലികഴിച്ചു മരണവീട്ടിലേക്കു തിരിച്ചു വന്നു. .

അപ്പോഴേക്കും സുരന്റെ സഹോദരിയും അളിയനും കൂടുതല്‍ ബന്ധുക്കളും എത്തിയിരുന്നു. സുരന്റെ അളിയന്‍ ചന്ദ്രനാണു കാര്യങ്ങള്‍ വിശദീകരിച്ചതു. രക്തബന്ധത്തില്‍പ്പെട്ടവര്‍ നാട്ടില്‍നിന്നും പുറപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്കു വേണ്ടിയൊന്നും കാത്തു നില്‍ക്കുന്നില്ല. സംസ്‌കാരം അധികം വൈകാതെ തന്നെ നടത്തണം എന്നതു കോവിഡ്  നിയമത്തില്‍ ഉള്‍പ്പെട്ടതാണ്. അതുകൊണ്ടു ഉച്ചക്ക് ഒരു മണിയോടെ കമ്പനി ജീവനക്കാരും സുരന്റെ സുഹൃത്തുക്കളും മലയാളി സമാജം പ്രവര്‍ത്തകരും എത്തും. ഉടന്‍ അടുത്തുള്ള ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിക്കും.

‘പൂജയും കര്‍മ്മവുമൊന്നുമില്ലേ?’ ആരോ ഒരാള്‍ തിരക്കി.

‘ഒന്നും വേണ്ട എന്നാണു അവന്റെ സഹധര്‍മ്മിണിയുടെ നിലപാട്… തീരെ പ്രതീക്ഷിക്കാത്ത ഒരു മരണം കഴിഞ്ഞു, ഇനി പൂജയും കര്‍മ്മങ്ങളും നടത്തി എന്തുനേടാനാണ് ..? ‘

‘പൂജയും കര്‍മ്മവും ചെയ്തില്ലെങ്കില്‍ മരണപ്പെട്ടയാളുടെ ആത്മാവു വീട്ടിലും നാട്ടിലുമെല്ലാം അനാഥമായി അലഞ്ഞുനടക്കില്ല? മരിച്ചു പോയവരോട് ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കേവലനീതിയല്ലേ ഈ പൂജയും കര്‍മ്മവുമെല്ലാം.. ? ‘

കാലഹരണപ്പെട്ട ഇത്തരം വീക്ഷങ്ങള്‍ക്കൊന്നും ഒരു വിശദീകരണം അര്‍ഹിക്കുന്നില്ല എന്ന മട്ടില്‍ ചന്ദ്രന്‍ അവിടെ നിന്നും പോയി അകത്തെ കാര്യങ്ങളില്‍ മുഴുകി.

പിന്നീടാണ് കാര്യങ്ങള്‍ കൂടുതല്‍ അറിഞ്ഞത്. സുരന്‍ അവന്റെ ശാരീരിക അവയവങ്ങള്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്കു പഠിക്കുന്നതിനായി വിട്ടുകൊടുക്കാന്‍ സന്നദ്ധനായി മരണപത്രം എഴുതി വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍, മെഡിക്കല്‍ കോളേജധികൃതര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പോലും മൃതദേഹം വേണ്ടെന്നു പറഞ്ഞുവത്രേ….

സത്യത്തില്‍ പൂജയുടെയും മന്ത്രത്തിന്റെയും അഭാവത്തില്‍ കുടുംബത്തിനു എന്തെങ്കിലും ദോഷമുണ്ടാവുമോ? ഉണ്ടാവുമെന്ന് വിശ്വസിക്കാന്‍ യാതൊരു ന്യായവും കാണുന്നില്ല. ധര്‍മവും നീതിയും കാരുണ്യവും കാണിക്കുക എന്നതാണു ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദൗത്യം. മരിച്ചുപോയ വ്യക്തിജീവിക്കുന്ന കാലത്തു ചെയ്യേണ്ട കര്‍ത്തവ്യമാണത്. അയാള്‍ക്ക് പകരം ബന്ധുക്കള്‍ കര്‍മ്മം ചെയ്തതുകൊണ്ടു അയാളുടെ കര്‍മ്മങ്ങള്‍ക്കു പരിഹാരമാവുന്നില്ല. ഇനി ജീവിച്ചിരിക്കുന്നവര്‍ അയാളോട് ചെയ്യുന്ന എന്തെങ്കിലും ധര്‍മ്മമോ നീതിയോ ആണ് ആചാരങ്ങള്‍ എങ്കില്‍ അതു ജീവിച്ചിരിക്കുമ്പോള്‍ ആണ് ചെയ്യേണ്ടത്, മരണാനന്തരം എന്തെങ്കിലും ചെയ്താല്‍ അയാള്‍ക്ക് അനുഭവിക്കാനാവുന്നില്ലല്ലോ?

ഹിന്ദുധര്‍മ്മം അനുസരിച്ചു അവരവര്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലമാണ് ഒരു ജീവിതത്തില്‍ ലഭിക്കുന്നത്. മറ്റൊരാള്‍ ഒരു പൂജ ചെയ്താല്‍ അയാളുടെ ശിക്ഷയില്‍നിന്നും ഇളവുലഭിക്കുമോ? ഇതെല്ലാം പുരോഹിത ബ്രാഹ്മണ്യം പറഞ്ഞുണ്ടാക്കിയ അര്‍ത്ഥരഹിതമായ വിശ്വാസങ്ങളാണ്, ഇത്തരം വ്യര്‍ത്ഥതകള്‍ പിന്തുടരുവോളം ബ്രാഹ്മണ്യപൗരോഹിത്യം ഈനാടിന്റെ സാംസ്‌കാരിക മേധാവിത്വം പുലര്‍ത്തിക്കൊണ്ടേയിരിക്കും..

ഏത് മതപരമായ ആചാരവും യുക്തിയുടെയോ ശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപം കൊണ്ടവയല്ല. ആത്മാവു എന്നതു തന്നെ ഒരു വിശ്വാസമാണ്. അതിനു ശാസ്ത്രീയമായി ഒരടിത്തറയുമില്ല. മരണത്തോടെ ആ വ്യക്തിയുടെ സ്വത്വം അവസാനിക്കുന്നു, ആത്മാവു അന്തരീക്ഷത്തില്‍ അലഞ്ഞു തിരിഞ്ഞുനടക്കുന്നു എന്നതെല്ലാം ശുദ്ധ അസംബന്ധമാണ്. അങ്ങനെ ഒരു ആത്മാവു അലഞ്ഞുതിരിഞ്ഞു നടക്കുന്നതു ശാസ്ത്രീയമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല, ജന്തുജാലങ്ങള്‍ക്കുള്ളത് ജീവനാണു, ശരീരം നഷ്ടപ്പെടുന്നതോടെ ജീവനും ഇല്ലാതാവുന്നു, പിന്നെ ആത്മാവു ബാക്കിയാവുന്നില്ല.

ശാസ്ത്രാവബോധമുള്ള മനുഷ്യന്‍, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കീഴടങ്ങുന്നില്ല. ശാസ്ത്രീയമായി അംഗീകരിക്കാന്‍ കഴിയാത്ത ഒന്നിനെ നമ്മളും അംഗീകരിക്കില്ല എന്ന ഒറ്റ തീരുമാനം മതി, കടന്നു പോകുന്ന ഓരോവഴിയിലും കാത്തുവെച്ചിട്ടുള്ള അന്ധവിശ്വസങ്ങളുടെ ചതിക്കുഴികളില്‍ നിന്നും മനുഷ്യന്‍ രക്ഷപ്പെടാന്‍..

വിചാരങ്ങള്‍ പിറകിലോട്ടു പോവുകയായിരിന്നു…. തൃശൂരിലുണ്ടായിരുന്ന അയ്യാകുട്ടി ജഡ്ജി, മരണാനന്തരം എന്തു കര്‍മ്മമാണുചെയ്യേണ്ടതു എന്നു ശ്രീനാരാണയഗുരുവിന്റെ അഭിപ്രായം അന്വേഷിച്ചപ്പോള്‍ ഗുരുവിന്റെ വാക്കുകള്‍ ഇതായിരുന്നു:

‘ശവങ്ങള്‍ ചക്കിലിട്ട് ആട്ടി വളമായിട്ട് കൃഷിക്ക് ഉപയോഗിക്കുന്നതല്ലോ നല്ലത് ..’

അയ്യാക്കുട്ടി : ‘അയ്യോ അതു സങ്കടമാണ് സ്വാമീ..’

ശ്രീനാരയണ ഗുരു പുഞ്ചിരിച്ചു കൊണ്ടു തുടര്‍ന്നു :

‘എന്താ, നോവുമോ? മരിച്ചാല്‍ എന്തുചെയ്യണമെന്ന് നാം പറഞ്ഞിട്ടുണ്ടല്ലോ’

അന്ധവിശ്വാസമുറപ്പിക്കുന്ന ഒന്നും ഗുരുപറഞ്ഞില്ല എന്നുമാത്രമല്ലാ, അന്ധവിശ്വാസമുക്തമാവാന്‍ ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ഗുരു ചെയ്തിട്ടുള്ളത്.

കോര്‍പറേഷന്റെ കറുത്ത ആംബുലന്‍സ് വന്നു, അന്ത്യയാത്രക്കുള്ള സമയമായി.

വിചാരം
മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം

ഇത്തിരി അനുകമ്പ⏩

ഇത്തിരി അനുകമ്പ

 

അതാണ് നിങ്ങളുടെ ആഭരണം⏩

അതാണ് നിങ്ങളുടെ ആഭരണം

തപ്പു കൊട്ടണ് തകിലടിക്കണ്⏩

തപ്പു കൊട്ടണ് തകിലടിക്കണ്

 

പാലു കാച്ചുന്ന നേരത്ത്⏩

പാലു കാച്ചുന്ന നേരത്ത് 

ജാതിചോദിക്കുന്നില്ല ഞാൻ⏩

ജാതിചോദിക്കുന്നില്ല ഞാൻ

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.