Follow the News Bengaluru channel on WhatsApp

കേരള ബജറ്റ് 2020; പ്രധാന പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം :   മന്ത്രി തോമസ്‌ ഐസക്‌ ഇന്നു സഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാം.

ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂട്ടി 1300രൂപ ആക്കി.ക്ഷേമ പെന്‍ഷനുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 9311 കോടിയില്‍നിന്ന് 22000 കോടി രൂപ കടന്നിരിക്കുന്നു.

തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായി ഉയര്‍ത്തും.

ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി

തീരദ്ദേശ വികസനത്തിന് 1000 കോടി

ലൈഫ് മിഷന് 1 ലക്ഷം വീട് കൂടി

നെല്‍കര്‍ഷകര്‍ക്ക് 40 കോടി

പ്രവാസ ക്ഷേമ നിധിക്ക് 90 കോടി

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും.

ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്.സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചിലവഴിച്ചെന്ന് ഐസക് പറഞ്ഞു.

പതിമൂന്ന് ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വെ പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകും.ഈ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ പല രാജ്യാന്തര ഏജന്‍സികളും രംഗത്തുവന്നിട്ടുണ്ട്. റെയില്‍പാത മാത്രമല്ല ഈ പദ്ധതിയില്‍ വരുന്നത്. പുതിയ സര്‍വീസ് റോഡുണ്ടാകും. അഞ്ച് ടൗണ്‍ഷിപ്പുകള്‍ ഉണ്ടാകും നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താം. 2024-25 വര്‍ഷത്തോടെ 67775 യാത്രക്കാരും 2051 ല്‍ ഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
10 സ്റ്റേഷനുകളാണുണ്ടാകുക എങ്കിലും 28 ഫീഡര്‍ സ്റ്റേഷനുകളുണ്ടാകും. ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളില്‍ ചരക്ക് കടത്തിനും വണ്ടികള്‍ കൊണ്ടുപോകുന്നതിനുള്ള റോറോ സര്‍വീസും ഈ റെയിലിലുണ്ടാകും. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതരവരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു. നിര്‍മാണവേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കും.

ജൈക്ക അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് 40 – 50 വര്‍ഷത്തെ തിരിച്ചടവ് കാലയളവിനുള്ള സമയം ലഭിക്കും. ചര്‍ച്ചപുരോഗമിക്കുന്നു. ടൗണ്‍ഷിപ്പുകളുടെ നിര്‍മാണത്തിന് പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടയിലാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച്‌ തോമസ് ഐസക്ക് വാചാലനായത്.

മാന്ദ്യം അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നമുക്ക് ഉണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഗള്‍ഫ് പ്രതിസന്ധിയും നാണ്യവിള തകര്‍ച്ചയും മൂലം മാന്ദ്യം കേരളത്തില്‍ സൃഷ്ടിക്കാവുന്ന വെല്ലുവിളികളും ഗൗരവമായ സ്ഥിതിയും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 2016-17 ബഡ്ജറ്റില്‍ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞു. മാന്ദ്യകാലത്ത് നോട്ടുനിരോധനം പോലുള്ള ഭ്രാന്തന്‍ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത് എന്നും ധനമന്ത്രി കുറ്റപ്പെടുത്തി.കേന്ദ്ര സര്‍ക്കാരിന്റെ ഈ അറുപിന്തിരിപ്പന്‍ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബഡ്ജറ്റിന് പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് കേരളത്തില്‍ മുതല്‍ മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുള്ള നിയമം ഏക കണ്ഠമായാണ് പാസാക്കിയത്. എന്നാല്‍ വലിപ്പം കൊണ്ടും സങ്കീര്‍ണതകൊണ്ടും ഇത്രയേറെ വലിപ്പമുള്ള ഒരു പദ്ധതി ദിവാസ്വപ്‌നമായി മാറുമെന്നാണ് പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്ന് കൂടുതല്‍ കൂടുതല്‍ കിഫ്ബി പ്രൊജക്ടുകള്‍ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും മത്സരിക്കുകയാണ്. 675 പ്രൊജക്ടുകളിലായി 35268 കോടി പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി.

പുതുതായി വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇങ്ങനെ കിഹ്ബി അംഗീകാരം നല്‍കിയ പദ്ധതികളുടെ അടങ്കല്‍ 54678 കോടി രൂപയാണ് ഇവയില്‍ 13617 കോടി പദ്ധതികള്‍ ടെന്‍ഡര്‍ വിളിച്ച്‌ കഴിഞ്ഞു. 4500 കോടിയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.

സംസ്ഥാന ബജറ്റ് 2020 വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കമാണ് നല്‍കിയിരിക്കുന്നത്. വികസന പദ്ധതികള്‍ക്കായി കോടികളാണ് ബജറ്റ് നീക്കി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി അധികമായി അനുവദിക്കുമെന്നും തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നിലവില്‍ 7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും 2020-21ല്‍ 2.5 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മിച്ചുനല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍ നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി.
2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

20-30 വര്‍ഷംകൊണ്ടുണ്ടാക്കാനാകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് സാധ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.20985 ഡിസൈന്‍ റോഡുകള്‍, 41 കിലോമീറ്ററില്‍ 10 ബൈപാസുകള്‍, 22 കിലോമീറ്ററില്‍ 20 ഫ്ളൈ ഓവറുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങളില്‍, കോവളം മുതല്‍ ബേക്കല്‍ വരെ തെക്കുവടക്ക് ജലപാത, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി, കെ- ഫോണ്‍ പദ്ധതി, സമ്പൂർണ്ണ ക്ലാസ്മുറി ഡിജിറ്റലൈസേഷന്‍,85 ലക്ഷം ഉപഭോക്താക്കള്‍ക്ക് നേട്ടം. വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച പ്രമുഖ കോര്‍പറേറ്റ് കമ്പനികളും പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.

4 ലക്ഷം ച. അടി സാംസ്‌കാരിക സ്ഥാപനങ്ങള്‍, 37ലക്ഷം ച. അടി വരുന്ന 44 സ്റ്റേഡിയങ്ങള്‍, 46 ലക്ഷം ച.അടി വരുന്ന ആശുപത്രികെട്ടിടങ്ങള്‍, 4384 കോടിയുടെ കുടിവെള്ള പദ്ധതികളും കിഫ്ബിയുടേതായി നടക്കുമെന്നും മന്ത്രി പറഞ്ഞു.

2021 മാര്‍ച്ചിന് മുമ്പ്‌ 85 ലക്ഷം ച. അടിവരുന്ന 237 കെട്ടിടങ്ങളുടെയും മറ്റ് പ്രോജക്ടുകളുടെയും 1000 കി.മീ. ദൈര്‍ഘ്യം വരുന്ന 74 റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നടക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ പ്രമുഖ ഇലക്‌ട്രോണിക് കമ്പനികൾ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്p ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും.വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവ നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

വെസ്റ്റ് കോസ്റ്റ് കനാല്‍ യാഥാര്‍ത്ഥ്യമാകുകയാണെന്ന് തോമസ് ഐസക്. സംസ്ഥാനത്ത് ജല ഗതാഗത മേഖലയില്‍ വന്‍ കുതിച്ച്‌ ചാട്ടം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് വെസ്റ്റ് കോസ്റ്റ് കനാല്‍. ഇതിന്റെ ഭാഗമായി 2020- 2021 വര്‍ഷത്തില്‍ കോവളം മുതല്‍ ബേക്കല്‍ വരെ നീളുന്ന തെക്കുവടക്ക് ജലപാത, ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സിയാലിന്റെ കൂടി പങ്കാളിത്തത്തോടെ വാട്ടര്‍ വേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 18 മുതല്‍ 20 മീറ്ററാണ് കനാലുകളുടെ വീതി. 2025 ആകുമ്പോഴേക്കും അത് 40 മീറ്റര്‍ വീതിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ചരക്ക് നീക്കത്തിന്റെ പകുതിലധികം ജലമാര്‍ഗ്ഗം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുഗതാഗതത്തെ മാത്രമല്ല സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്കും പദ്ധതി വന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിച്ചാകും ജലപാതയെന്നും തോമസ് ഐസക് പറഞ്ഞു.

2020-2021 സംസ്ഥാന ബജറ്റ് അവതരണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ ഭാഷയിലാണ് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. എഴുത്തുകാരുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി, രാജ്യം എത്രത്തോളം പ്രതിസന്ധി നേരിടുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ ആമുഖം. രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളികള്‍ക്ക് മുന്നിലാണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞ് തുടങ്ങിയ തോമസ് ഐസക് ആദ്യം ആനന്ദിന്റെ വരികളാണ് കടമെടുത്തത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ സംസാരിക്കുകയാണ് കേന്ദ്ര ഭരണാധികാരികള്‍. ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്നു. അക്രമവും ഹിംസയുമാണ് കര്‍മ്മമെന്ന് വിശ്വസിക്കുന്ന അണികള്‍.

വര്‍ഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഭരണകൂടം. ഒരു രാജ്യത്തിന്റെ മുന്നിലെ പഥങ്ങള്‍ എന്ന ആനന്ദനിന്റെ രചനയിലായിരുന്നു ഐസകിന്റെ തുടക്കം .

മനസാലെ നാം നിനക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലമെന്ന് അന്‍വറലി പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങളെന്ന് ഐസക് പറഞ്ഞു. ഭയമാണ് പതാക ധീരതതയാണ് നയതന്ത്രം ആക്രമണമാണ് അഭിവാദനം ഓരോ പൗരനും ഓരോ പൊട്ടിത്തെറി എന്ന് എഴുതിയ ഒപി സുരേഷിന്റെ വാക്കുകള്‍ക്കും മന്ത്രി ബജറ്റില്‍ ഊന്നല്‍ നല്‍കി.

മാത്രമല്ല രാഷ്ട്രീയ ഭേദമന്യേയാണ് മന്ത്രി ആമുഖം നടത്തിയത്. ദ്രുപദ് ഗൗതം എന്ന പതിനഞ്ചുകാരന്റെ വാക്കുകളിലെ ദയനീയതയും ഭയവും അദ്ദേഹം തന്റെ പ്രസംഗത്തില്‍ എടുത്തു കാണിച്ചു. ഭയം ഒരു രാജ്യമാണ് അവിടെ നിശബ്ദത ഒരു ആഭരണം ആണെന്നായിരുന്നു അവന്റെ വരികള്‍. ഇവിടെ വ്യക്തമാണ് കുട്ടികളുടെ മനസിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രമാത്ര ഭയം കയറ്റിയിട്ടുണ്ടെന്ന്.

ഇവര്‍ക്ക് പുറമെ പി.എന്‍ ഗോപീകൃഷ്ണന്റെ കവിത, പ്രഭാവര്‍മയുടെ വരികള്‍, വിനോദ് വി ഷാജിയും , റഫീക് അഹമ്മദും, സംയുക്ത സമരത്തില്‍ കൈകോര്‍ത്ത കേരളത്തെ ഓര്‍മ്മിപ്പിക്കാന്‍ ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ എന്നിവയും ധനമന്ത്രിയുടെ ആമുഖത്തില്‍ ഇടം പിടിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍, തൊഴിലാളിവിരുദ്ധ നിലപാടുകള്‍ തുടങ്ങിയ നയങ്ങള്‍ക്കെതിരെ പരാമര്‍ശം ധനമന്ത്രി രൂക്ഷ വിമര്‍ശനം നടത്തി.കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റുകളും വെട്ടിക്കുറച്ചുവെന്നും കേന്ദ്ര വിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായിയെന്നും ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദേശത്തുള്ള പ്രവാസി മലയാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്‍കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചു. പ്രവാസി സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ രണ്ട് കോടി. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് കെയര്‍ ഇവാക്കേഷനും വേണ്ടി ഒന്നരകോടി. ഇന്‍റര്‍നെറ്റ് റേഡിയോ, മലയാളം പഠന മിഷന്‍ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രന്ഥശാലകള്‍, ഇന്‍റര്‍നെറ്റ് റേഡിയോ, മലയാളം പഠിക്കാന്‍ ഒാണ്‍ ലൈന്‍ കോഴ്സ് എന്നിവക്ക് മൂന്നു കോടി.

ലോക കേരളാ സഭക്കും ലോക സാംസ്കാരിക മേളക്കും കൂടി 12 കോടി.

പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്‍റും 2020-21 വര്‍ഷത്തില്‍ പ്രവര്‍ത്തന പഥത്തില്‍ എത്തും. പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ പ്രവാസി നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്‍റ് സര്‍ക്കാര്‍ സബ്സിഡിയോടെ ഉറപ്പാക്കും.

പ്രവാസി ചിട്ടിയുടെ ആനുകൂല്യങ്ങള്‍ക്ക് ഒപ്പം പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സിന്‍റെയും പെന്‍ഷന്‍റെയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. വിദേശ മലയാളികള്‍ക്ക് കേരളത്തിലെ പ്രൊജക്ടുകള്‍ സ്പോണ്‍സര്‍ ചെയ്യാം. കേരളത്തിലെ ചാരിറ്റികള്‍ക്ക് പ്രോത്സാഹന തുക പ്രവാസി സംഘടനകള്‍ക്ക് ലഭ്യമാക്കും.

മടങ്ങി വരുന്ന മലയാളികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പാക്കും. വയോജനങ്ങള്‍ക്കായി കെയര്‍ഹോമുകള്‍ നിര്‍മ്മിക്കും. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന് രണ്ടു കോടി. 10000 നഴ്സുമാര്‍ക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കാന്‍ അഞ്ചു കോടി അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത്​ കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. മരുന്ന്​ നിര്‍മാണത്തിന്​ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി മാറ്റിവെച്ചു.

കെ.എസ്.ടി.പിക്ക് 4.4 ഏക്കറില്‍ കിഫ്ബി സഹായത്തോടെ ഓങ്കോളജി ഡിപ്പാര്‍ട്ട്മ​െന്‍റ്​ നിര്‍മിക്കും. 10000 ​നേഴ്​സുമാര്‍ക്ക്​ ഫിനിഷിങ്​ കോഴ്​സിന്​ 5 കോടി മാറ്റിവെച്ചതായും മന്ത്രി അറിയിച്ചു.

2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഫിലമ​െന്‍റ് ബല്‍ബുകളും നിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും. ഊര്‍ജ്ജമേഖലയില്‍ അടങ്കല്‍ 1760 കോടി അനുവദിച്ചു. സൌരോര്‍ജ്ജം 500 മെഗാ വാട്ട് സ്ഥാപിക്കുമെന്നും ഐസക് വ്യക്തമാക്കി.

കേരള ബജറ്റില്‍ തീരദേശപാക്കേജിന് 1000 കോടി വകയിരുത്തി ധനമന്ത്രി തോമസ്​ ഐസക്​. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടിയും മാറ്റിവച്ചിട്ടുണ്ട്.

തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായും ഉയര്‍ത്തി.

പ്രവാസി ക്ഷേമ പദ്ധതികള്‍ക്കുള്ള അടങ്കല്‍ 90 കോടി രൂപയാക്കി. പ്രവാസി ക്ഷേമനിധി 9 കോടിയാക്കി.

22000 കോടി ക്ഷേമപെന്‍ഷന് ചെലവഴിച്ചു. എല്ലാ പെന്‍ഷനുകളും 1300 രൂപയാക്കി

പൊതുമേഖലാ സ്ഥാപനങ്ങള്‍ 280 കോടി വകയിരുത്തിയിട്ടുണ്ട്​. ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ അടങ്കല്‍ 468 കോടി വകയിരുത്തി. കെ.എസ്​.ഡി.സിയുടെ വിഹിതം 150 കോടിയാക്കി ഉയര്‍ത്തി.

ടൂറിസം പ്രോത്സാഹനത്തിന് 320 കോടി അനുവദിക്കും.

വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​.
വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയാറാക്കി. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച്‌ നല്‍കും.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 25 രൂപക്ക്​ ഊണ് നല്‍കുന്ന 1000 ഹോട്ടലുകള്‍ തുടങ്ങും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്‌പോണ്‍സര്‍മാരെ ഉപയോഗിച്ച്‌ നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുത്താല്‍ റേഷന്‍ വിലക്ക്​ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും.
ഈയൊരു മാനദണ്ഡത്തി​ന്റെ​ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം മുതല്‍ പ്രഖ്യാപിക്കും. 2020-21 വര്‍ഷം പദ്ധതി മറ്റ്​ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

കുടുംബശ്രീക്കായി 250 കോടി രൂപ​ ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീക്കായി പുതിയ പദ്ധതികള്‍ കൊണ്ടുവരും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ കേരള ചിക്കന്‍ വിപണിയിലെത്തി. ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്​.

കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍​ 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കും.കൂടുതല്‍ ഹരിതസംരഭങ്ങള്‍ കൊണ്ടുവരും. 20000 ഏക്കര്‍ ജൈവകൃഷിക്ക്​ സഹായം നല്‍കും.
500 ടോയ്​ലറ്റ് കോപ്ലക്സുകള്‍ സ്ഥാപിക്കും. കോഴിക്കോട് ‘വനിത മാള്‍’ മാതൃകയില്‍ സ്വന്തമായി ഷോപ്പിംഗ് മാളുകള്‍ ​നിര്‍മിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ജി.എസ്‌.ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ കിഫ്ബിയിലൂടെ മാന്ദ്യം അതിജീവിക്കും. സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 280 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്. ടൈറ്റാനിയം, ട്രാവന്‍കൂര്‍ സിമന്‍റ്സ്, കെ.എസ്.ടി.പി, കെല്‍, കേരളാ ഒാട്ടോ മൈബൈല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് തുക വകയിരുത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളും വകയിരുത്തിയ തുകയും:
ടൈറ്റാനിയം -21.5 കോടി, ട്രാവന്‍കൂര്‍ സിമന്‍റ്സ് -10 കോടി, കെ.എസ്.ടി.പി -20 കോടി, കെല്‍ -21 കോടി, ടെല്‍ -10 കോടി, ട്രാകോ കേബിള്‍സ് – 9 കോടി, യുനൈറ്റഡ് ഇലക്‌ട്രിക്കല്‍സ് -6 കോടി, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് – 7.1 കോടി, ഒാട്ടോ കാസ്റ്റ് -20 കോടി, സില്‍ക് -10 കോടി, മെറ്റല്‍ ഇന്‍ഡസ്ട്രീസ് -3 കോടി, കേരളാ ഒാട്ടോ മൈബൈല്‍സ് – 13.6 കോടി, കെല്‍ട്രോണ്‍ -17.7 കോടി, കേരളാ സിറാമിക്സ് -15 കോടി, കേരളാ ക്ലൈസ് ആന്‍ഡ് സിറാമിക്സ് -3 കോടി, സിഡ്കോ -17.9 കോടി, ബാംബു കോര്‍പറേഷന്‍ -5.8 കോടി, ഹാന്‍ഡി കോര്‍പറേഷന്‍ -5 കോടി, സ്പിന്നിങ് മില്ലുകള്‍ -33.8 കോടി

സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പാക്കുക. സ്കൂള്‍ ലാബുകള്‍ നവീകരിക്കും.

യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും. ആയമാരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 50 രൂപ ഉയര്‍ത്തും.

കുട്ടികളെ സര്‍ഗാത്മകമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഷ്കരിക്കും. എയ്‍ഡഡ് സ്കൂളുകളിലെ ചലഞ്ച് പദ്ധതി തുടരുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റ് 2020ല്‍ വയനാടിനായി നീക്കിവെച്ചിരിക്കുന്നത് വന്‍ പാക്കേജാണ്. 2000 കോടി രൂപയുടെ ചെലവില്‍ മൂന്നു വര്‍ഷം കൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

വയനാട് പാക്കേജും ബ്രാന്‍ഡഡ് കാപ്പിയും നടപ്പിലാക്കും. 500 കോടി ചിലവാണ് ബ്രാന്‍ഡഡ് കാപ്പിക്കായി പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21 ല്‍ ആരംഭിക്കുമെന്നും ഇവിടെയായിരിക്കും ബ്രാന്‍ഡഡ് കാപ്പിയുടെയും പഴവര്‍ഗങ്ങളുടെയും പൊതു സംസ്‌കരണമെന്നും മന്ത്രി പറഞ്ഞു.

കാപ്പി ഉത്പാദനം കൂട്ടാനും ഏകോപിപ്പിക്കുന്നതിനും കൃഷി വകുപ്പിന് 13 കോടി സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കുമെന്നും കാപ്പിക്ക് ഡ്രിപ് ഇറിഗേഷന് 10 കോടിയും സൂക്ഷ്മ ജലസേചന പദ്ധതിയില്‍ ആറ് കോടി വകയിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുമെന്നും കാര്‍ബണ്‍ ഇമഷന്‍ പദ്ധതിയുടെ ഭാഗമായി 6500 ഹെക്ടറില്‍ മുളവച്ചുപിടിക്കുമെന്നും 70 ലക്ഷം മരങ്ങളും വച്ചുപിടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

മീനങ്ങാടി പദ്ധതി മോഡലില്‍ മൂന്നാം വര്‍ഷം മുതല്‍ മരം ഒന്നിന് 50 രൂപ വീതം കൃഷിക്കാരന് വായ്പ നല്‍കുമെന്നും മരം വെട്ടുമ്ബോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയാകുമെന്നും ഇതിന് 200 കോടി രൂപ ഗ്രീന്‍ ബോണ്ടിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വികസനത്തിന് അഞ്ച് കോടി, വാര്‍ഷിക പദ്ധതിയില്‍ 127 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ നിന്ന് 719 കോടി അനുവദിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളജിനും കിഫ്ബി സഹായമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ബദല്‍ തുരങ്ക പാതയുടെ ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മറ്റ് ഫണ്ടുകളില്‍ നിന്ന് 214 കോടിയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു.

ഇടുക്കിക്ക് 200 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

റീബില്‍ഡ് കേരളയില്‍ നിന്നാണ് 200 കോടി രൂപ നല്‍കുക. ഇടുക്കിയില്‍ ജൈവകൃഷി വ്യാപിപ്പിക്കും. ജില്ലയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് പ്രാധാന്യം നല്‍കും. കിഫ്ബിയില്‍ നിന്നും മാത്രമായി ഇടുക്കിക്ക് 1,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വാട്ടര്‍ അതോറിറ്റിക്ക് 625 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

4383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകള്‍ കൂടി നല്‍കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ പ്രഖ്യാപനവുമായി ബജറ്റ്. സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മൂലധനത്തിന്റെ അഭാവമാണെന്നും ഇത് നേരിടുന്നതിന് മൂന്ന് പ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതായും തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പ്രമുഖ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് വര്‍ക്ക് ഓര്‍ഡറുകള്‍ ഉള്ളവര്‍ക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നതിന് സ്‌കീം. പര്‍ച്ചേയ്‌സ് ഓര്‍ഡറുകള്‍ ഡിസ്‌കൗണ്ട് ചെയ്ത് പണം നല്‍കും. ഐ.ടി. സെക്രട്ടറി ചെയര്‍മാനായുള്ള ഒരു വിദഗ്ധ കമ്മറ്റി നല്‍കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ കൗണ്ടറിലൂടെ പണം ലഭ്യമാക്കും. ഇത് മൂലം എന്തെങ്കിലും നഷ്ടമുണ്ടായാല്‍ അത് സര്‍ക്കാര്‍ നികത്തിക്കൊടുക്കും.
സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നൂതന ഉല്‍പ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തില്‍ ഒരു കോടി വരെ ധനസഹായം നല്‍കും. ഇതിനായി കെ.എഫ്.സിക്ക് 10 കോടിരൂപ അനുവദിച്ചു. 2020-21ല്‍ 73.5 കോടി സ്റ്റാര്‍ട്ട് അപ്പ് മിഷനു വേണ്ടി വകയിരുത്തുന്നു.
കര്‍ണാടകത്തെയും തമിഴ്‌നാടിനെയും അപേക്ഷിച്ച്‌ കമ്ബനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളം അനുയോജ്യമാണ്. എന്നാല്‍ കേരളത്തില്‍ ഉയര്‍ന്ന സ്റ്റാമ്ബ് ഡ്യൂട്ടി വേണ്ടിവരുന്നതു മൂലം പുതിയ കമ്പനികളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബെംഗളൂരിലും ചെന്നൈയിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച്‌ നിരക്കുകള്‍ പുനര്‍നിര്‍ണയിച്ച്‌ 30 ശതമാനമാക്കുന്നതിന് ഫിനാന്‍ഷ്യല്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലക്ക് 493 കോടി രൂപ പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. പുതിയ 60 കോഴ്സുകള്‍ തുടങ്ങുമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. എ പ്ലസ് നാക്ക് അക്രഡേറ്റിഷേന്‍ ലഭിച്ച കോളജുകളിലാവും പുതിയ കോഴ്സുകള്‍ ആരംഭിക്കുക. എന്നാല്‍, സര്‍ക്കാര്‍ കോളജുകള്‍ക്ക് ഇളവ് അനുവദിക്കും.

കോഴ്സ് അനുവദിക്കുമ്പോൾ കോളജിന്‍റെ നിലവാരവും പാരമ്പര്യവും പരിശോധിക്കണം. കോഴ്സ് നടത്തിപ്പിനായി അ‍ഞ്ച് വര്‍ഷത്തെ താല്‍കാലിക അധ്യാപകരെ നിയമിക്കാവുന്നതാണ്. സര്‍ക്കാര്‍ കോളജുകളിലെ ലാബുകള്‍ നവീകരിക്കും.

കോളജുകളില്‍ 1000 അധ്യാപക തസ്തികകള്‍ കൂടി സൃഷ്ടിക്കും. അ‍ഞ്ചു വര്‍ഷം കഴിഞ്ഞ് മാത്രമാകും സ്ഥിരം തസ്തിക ഉണ്ടാവുകയെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

കോട്ടയം സി.എം.എസ് കോളജില്‍ ചരിത്ര മ്യൂസിയം സ്ഥാപിക്കാന്‍ 2 കോടി ബജറ്റില്‍ വകയിരുത്തി.

സംസ്ഥാനത്ത്​ നെല്‍കൃഷിക്കായി​ 118 കോടി രൂപ വകയിരുത്തി ധനമന്ത്രി തോമസ്​ ഐസകി​​െന്‍റ ബജറ്റ്​ പ്രഖ്യാപനം. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി നല്‍കും. കോള്‍ കൃഷിക്കും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതികള്‍ കൊണ്ടുവരും. പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനസജ്ജമാക്കും. കേരളത്തില്‍ രണ്ട്​ റൈസ് പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും.

നാളികേര വികസനത്തിന്​ കേരം തിങ്ങും കേരളനാട്​ പദ്ധതി കൊണ്ടുവരും. എല്ലാ വാര്‍ഡുകളിലും 75 തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. വെളി​െചണ്ണെയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി നല്‍കും.

കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.