Follow the News Bengaluru channel on WhatsApp

ഡല്‍ഹിയില്‍ കലാപം പടരുന്നു : മരണപെട്ടവരുടെ സംഖ്യ പതിമൂന്നായി

ഡല്‍ഹി : ഡല്‍ഹിയില്‍ കലാപം പടരുന്നു. ഡല്‍ഹിയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ഇന്നലെ നടന്ന വെടിവയ്പ്പിലും കല്ലേറിലും മരിച്ചവരുടെ സംഖ്യ പതിമൂന്നായി. ഇരുനൂറോളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കും.

സംഘർഷത്തിനിടെ ജാഫ്രാബാദിലെ പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഞായറാഴ്ചയോടെയാണ് വടക്കു കിഴക്കന്‍ മേഖലയില്‍ സിഎഎ സമരക്കാര്‍ക്കു നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് അക്രമം വ്യാപിക്കുകയാണുണ്ടായത്. സിഎഎയെ അനുകൂലിക്കുന്നവര്‍ ഒരുഭാഗത്തുനിന്ന് അക്രമമഴിച്ചുവിട്ടപ്പോൾ സിഎഎ യ്‌ക്കെതിരെ സമരം നടത്തുന്നവര്‍ തിരിച്ചും പ്രതികരിച്ചു. കല്ലേറില്‍ ഒരു പൊലീസുകാരന്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. കലാപ സമാനമായ സാഹചര്യത്തെത്തുടര്‍ന്ന് ഒരു മാസത്തേക്ക് തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പല മേഖലകളിലും യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്. ജാഫ്രാബാദ്, മൗജ്പുര്‍ — ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്റി എന്‍ക്ലേവ്, ശിവ വിഹാര്‍ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. കര്‍വാല്‍ നഗര്‍, മൗജ്പൂര്‍, ഭജന്‍പുര, വിജയ് പാര്‍ക്ക്, യമുന വിഹാര്‍ എന്നിവിടങ്ങളില്‍ നിലവില്‍ സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷ മേഖലകളില്‍ ജനങ്ങളോട് വീട്ടില്‍ തന്നെ തുടരാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കലാപ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമ പവര്‍ത്തകര്‍ക്കു നേരെയും വ്യാപകമായ ആക്രമണമുണ്ടായി. നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മൗജ്പുരില്‍ ജെ കെ 24X7 ന്റെ പ്രവര്‍ത്തകന്‍ ആകാശിനു വെടിയേറ്റു. എന്‍ ഡി ടി വിയുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ ജനക്കൂട്ടം അക്രമിച്ചു. പള്ളി കത്തിച്ച ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം. എന്നാല്‍ ആക്രമിച്ച ശേഷമാണ് റിപ്പോര്‍ട്ടര്‍മാര്‍ ഹിന്ദുക്കളാണെന്നു തിരിച്ചറിഞ്ഞതും അവരെ വിട്ടയച്ചതും. മാധ്യമ പ്രവര്‍ത്തകരെപ്പോലും പേരു ചോദിച്ച് ജാതി തിരിച്ചാണ് ആക്രമിച്ചത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തിനിരയായി.

പൊലീസിന്റെ വിന്യാസം ശക്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസും പറയുമ്പോഴും  ആളുകള്‍ പരസ്പരം കല്ലെറിയുന്ന കാഴ്ചയാണ് ജാഫ്രാബാദിലും പരിസരങ്ങളിലും കാണാനായത്. നിരവധി വാഹനങ്ങള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ അഗ്നിക്കിരയായി.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി. നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ മേജ്പൂരിൽ നടന്ന പ്രകടനത്തിന് പിന്നാലെയാണ് സംഘർഷം വ്യാപകമായത്. തുടര്‍ന്നുള്ള  ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളും ട്വീറ്റുകളും  അക്രമങ്ങള്‍ക്ക് വളമായി. സമാധാനപരമായി നടന്നു വന്ന സമരവേദികൾക്കുനേരെയും പരിസര പ്രദേശങ്ങളിലും നടത്തിയ അക്രമങ്ങളാണ് ഡൽഹിയുടെ വടക്കു കിഴക്കൻമേഖലയെ കലാപഭൂമിയാക്കി മാറ്റിയത്. കൂടാതെ മറ്റിടങ്ങളിൽ നിന്ന് വാഹനങ്ങളില്‍ കല്ലുകള്‍ നിറച്ച് കൊണ്ടുവന്നതായും പരിസരവാസികള്‍ പറഞ്ഞു. വാഹനങ്ങളില്‍ എത്തുന്നവരെയും വഴിയാത്രക്കാരെയും പേരു ചോദിച്ചായിരുന്നു വളഞ്ഞിട്ടാക്രമണം. ഇരുമ്പുവടികളും കല്ലുകളും കുറുവടികളുമായി അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് അക്രമികള്‍ സംഘംചേര്‍ന്ന് ആക്രമണം നടത്തിയത്. അക്രമികള്‍ തോക്കുപയോഗിച്ചത് അക്രമത്തിന്റെ വ്യാപ്തിയും ആസൂത്രണവും തയ്യാറെടുപ്പും വ്യക്തമാക്കുന്നു.

ആശുപത്രിയിലുള്ള പലർക്കും വെടിയേറ്റാണ് പരിക്കേറ്റിരിക്കുന്നത്. ഏതാണ്ട് നൂറിലേറെ വ്യാപാര സ്ഥാപനങ്ങളും 200‑ലേറെ വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ജാഫ്രാബാദില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് സമീപ പ്രദേശങ്ങളായ മൗജ്പൂര്‍, ഗോകുല്‍പുരി, ഘോണ്ഡ എന്നിവിടങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. ഭജന്‍പുര‑യമുനാ വിഹാര്‍ മേഖലകളില്‍ എല്ലായിടത്തുംതന്നെ ഇന്ന് വ്യാപകമായ അക്രമങ്ങളാണ് കലാപകാരികള്‍ നടത്തിയത്. പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്നാണ് കലാപം പടരാന്‍ ഇടയാക്കിയത്  എന്നാണു  പൊതുവെ വിലയിരുത്തപെടുന്നത്.

സംഘര്‍ഷ മേഖലകളില്‍  കൂടുതല്‍ പൊലീസിനെയും 27 കമ്പനി അര്‍ധസൈനികരെയും സംഘര്‍ഷ മേഖലകളില്‍  വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.