Follow the News Bengaluru channel on WhatsApp

കോവിഡ് പ്രതിരോധത്തിലൂടെ ഏഴു വർഷങ്ങൾക്കിപ്പുറം അച്ഛന്റെ അംഗീകാരം നേടിയ ഒരു മകൻ; ഡോ.നരേഷ് കുമാർ*

ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ഇരുന്നൂറാം ജന്മവാർഷികമായ  2020 ലോകാരോഗ്യസംഘടന ആതുര സേവകരുടെ വർഷമായാണ് ആചരിക്കുന്നത്.
ധനിക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടി സമൂഹം അതുവരെ പിന്തുടർന്നിരുന്ന വിവാഹം, കുടുംബജീവിതം എന്ന വഴിയിൽ നിന്നും വ്യതിചലിച്ചപ്പോൾ അച്ഛനുമമ്മയും ഉൾപ്പെടെ കുറ്റപ്പെടുത്തി. പക്ഷേ പതിനാറാം വയസ്സിൽതന്നെ തന്റെ വഴി തിരിച്ചറിഞ്ഞ അവൾ നിശ്ചയദാർഢ്യത്തിന്റെ വിളക്കുമേന്തി ആതുര സേവന രംഗത്തെ വിളക്കേന്തിയ മാലാഖയായി.
1853 ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് നടത്തിയ യുദ്ധമാണ് ക്രിമിയൻ യുദ്ധം.മൂന്നു വർഷം നീണ്ടുനിന്ന യുദ്ധാനന്തരം പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാൻ നൈറ്റിംഗേൽ ഒരു സംഘം നഴ്സുമാരുമൊത്തു തുർക്കിയിലെത്തി. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി നൈറ്റിംഗേൽ മാറ്റിവെച്ചു.രാത്രിയുടെ അന്ത്യയാമങ്ങളിൽ പോലും വിശ്രമമില്ലാതെ ഒരു വിളക്കുമേന്തി പട്ടാളക്കാർക്കടുത്തെത്തി പരിചരിച്ചു. മരണം കാത്തുകിടന്ന തങ്ങൾക്കരികിലേക്ക്  വെളിച്ചവുമായി വന്ന മാലാഖയായാണ് പട്ടാളക്കാർ അവരെ കണ്ടത്. ഈ ജോലി കണ്ട് അവർ അവളെ ദി ലേഡി വിത് ദി ലാംപ് എന്നു വിളിച്ചു. മറ്റുള്ളവർ ദി  എയ്ഞ്ചൽ ഓഫ് ക്രിമിയറെന്നും.ഫ്ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻറെ വിശ്രമമില്ലാത്ത ശുശ്രൂഷയും പരിഗണനയും ഭടന്മാരുടെ മരണസംഖ്യ ഗണ്യമായി കുറച്ചു.
സ്വന്തം മനസ്സും ഹൃദയവും ഒന്നിച്ചു ചേർത്തു വച്ചു കൊണ്ട് നമ്മൾ പ്രവർത്തിക്കുമ്പോൾ അത്ഭുതങ്ങളായി, നന്മയായി നമ്മിലേക്ക് തന്നെ തിരിച്ചു പെയ്യുമെന്ന് തെളിയിച്ച നൈറ്റിംഗേലിന്റെ കഥയെ  ഉദ്ധരിച്ചുകൊണ്ട് ഈ  കൊറോണക്കാലത്തെ ആതുര സേവന രംഗത്തെ മറ്റൊരു കഥയാണ് ഡോക്ടർ നരേഷ് കുമാറിന്റേത്.
എല്ലാ ദുരന്തങ്ങൾക്കിടയിലും ചില നന്മകൾ സംഭവിക്കുന്നു എന്ന് ഡോക്ടർ നരേഷ് കുമാറിന് പറയാൻ കഴിയുന്നത് അത്തരമൊരു നന്മ തൻറെ ജീവിതത്തിൽ കോവിഡ്  19 കാരണം ഉണ്ടായതു കൊണ്ട് തന്നെയാണ്.
ഏഴുവർഷത്തോളം മകനോട് സംസാരിക്കാതിരുന്ന ഒരച്ഛൻ ഇപ്പോൾ  സംസാരിച്ചത് കോവിഡ് 19  പടർന്നുപിടിച്ച ഒരു ജില്ലയിൽ കാഴ്ചവച്ച ആതുര സേവന രംഗത്തെ മികവിന്റെ അനന്തരഫലമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറാണ്  നരേഷ് കുമാർ, സ്വദേശം ചെന്നൈ. ഏകമകനായ നരേഷിനെ തന്നെപ്പോലെ തന്നെ ഒരു ഡോക്ടർ ആക്കാനായിരുന്നു അച്ഛൻറെ ആഗ്രഹം. എംബിബിഎസ് പഠനത്തിനുശേഷം തുടർപഠനത്തിനായി ഗുജറാത്തിലേക്കായച്ച മകൻ പക്ഷേ അച്ഛന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് തിരിച്ചുവന്നു. വർഗീയ വിവേചനവും റാഗിംഗും  ജോലിഭാരം ഒക്കെ ആയിരുന്നു കാരണം.പക്ഷേ ഒരു പ്രഗത്ഭനായ ഡോക്ടർ തൻറെ മകൻറെ പ്രവൃത്തിയെ ഒട്ടും ന്യായീകരിച്ചില്ല. അന്ന് തൊട്ട് ഉണ്ടായിത്തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ ഏഴ് വർഷം മുമ്പുണ്ടായ സംസാരത്തിൽ താൽക്കാലികമായി നിലച്ചു.
അതിനിടയിൽ രണ്ടുവർഷത്തെ സ്വകാര്യ പ്രാക്ടീസിന് ശേഷം നരേഷ് കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് എംഡി കോഴ്സിന് ചേർന്നു. തൻറെ വഴി ഇതല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അനസ്‌തേഷ്യ വിഭാഗത്തിലേക്ക് മാറി. ഒരു ഡോക്ടർ എന്ന നിലയിൽ പേരും  പ്രശസ്തിയും ഉണ്ടാക്കാൻ അനസ്തേഷ്യ വിഭാഗം മതിയാകില്ല എന്നായിരുന്നു അച്ഛൻറെ വാദം.
അച്ഛൻറെ കൂടെയിരുന്നു സംസാരിച്ചത് 9 വർഷങ്ങൾക്ക് മുൻപ് 2011 ഇൽ.നരേഷ് ഓർക്കുന്നു!!!
അതിനിടയിൽ  ചില ഔപചാരിക സംഭാഷണങ്ങൾ ഒഴിച്ചാൽ ഏഴു വർഷത്തോളമായി തമ്മിൽ സംസാരിച്ചിട്ട്. മകൻ കഴിവുള്ളവനാണ് അച്ഛൻറെ മുൻപിൽ തെളിയിക്കാൻ മെഡിക്കൽ ജേർണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. പക്ഷേ അതുകൊണ്ടൊന്നും അച്ഛൻ തൃപ്തനായില്ല.
രണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ ഈ വിഭാഗത്തിലെ മുതിർന്ന ഡോക്ടർമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴും എല്ലാവരും കുറ്റപ്പെടുത്തി.അച്ഛൻറെ മുൻപിൽ തോറ്റു പോയ ഒരു മകന് പിന്നെയും പിന്നെയും താൻ തോൽക്കുകയാണെന്ന് തോന്നി. സുഹൃത്തുക്കളൊയും ശത്രുക്കളായി മാറി. നരേഷിന് താൻ ഒറ്റപ്പെടുകയാണെന്ന് തോന്നി. കോവിഡ് 19 സംസ്ഥാനത്ത് പടർന്നുപിടിച്ച സമയമായിരുന്നു അത്. ഏറ്റവും കൂടുതൽ രോഗികൾക്കുള്ള ജില്ലയായി കാസർഗോഡ് മാറിയ സമയം.
അടിയന്തര സാഹചര്യം നേരിടാൻ നാലു ദിവസങ്ങൾക്കുള്ളിൽ പണിപൂർത്തിയാക്കിയ കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിച്ചപ്പോൾ അവിടേക്ക് നിയോഗിക്കപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് സംഘത്തിൽ ഡോക്ടർ നരേഷുമുണ്ടായിരുന്നു. അത്രതന്നെ അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യമായതിനാൽ  വീട്ടുകാരെ അറിയിക്കണം എന്ന് തോന്നി, അമ്മയോട് പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി  കാസർഗോഡിലേക്ക് പോവുകയാണെന്ന്. തീർച്ചയായും ആ ‘അമ്മ പ്രാർത്ഥിച്ചു കാണും, മകൻറെ ഉദ്യമം ശുഭപര്യവസാനമാകാൻ.
കാസർഗോഡിലെ ജോലിയുടെ  പതിനൊന്നാം നാൾ ഒരു അപരിചിതമായ നമ്പറിൽ നിന്നും ഒരു ഫോൺ കോൾ; അച്ഛനായിരുന്നു അത്, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം!!
ഒരു മിനിറ്റിൽ കുറവ് മാത്രമേ  സംസാരിച്ചുള്ളുവെങ്കിലും തന്റെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ അത് അത്രയും വിലപ്പെട്ട വാക്കുകളായിരുന്നു നരേഷിന്. വർഷങ്ങൾക്കിപ്പുറം അച്ഛൻ മകനെ അംഗീകരിച്ചതിനുള്ള തെളിവായിരുന്നു ആ ഫോൺകോൾ. ആതുര സേവന രംഗത്ത് തൻറെ കയ്യിലെ വെളിച്ചം കൊണ്ട് പോരാടിയപ്പോൾ അച്ഛനെന്ന പ്രകാശം  ജീവിതത്തിലേക്ക് തിരിച്ചുവന്നു.
കാസറഗോഡിലെ സേവനത്തിനു ശേഷം ഏപ്രിൽ 17 നു തിരുവനന്തപുരത്തേക്ക് തിരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറുമായുള്ള സൗഹൃദ സംഭാഷണങ്ങൾ ക്കിടയിൽ ഇക്കാര്യങ്ങളൊക്കെ വിവരിച്ചു. ഡോക്ടർ സന്തോഷ് കുമാർ ഇത് തന്റെ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. പിറ്റേന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു, ഒരമ്മയുടെ  സ്നേഹത്തോടെ സംസാരിച്ച അവർ അച്ഛനുമായുള്ള ഊഷ്മള ബന്ധം തുടരണമെന്നും പറഞ്ഞു.
ഇതൊക്കെയും കോവിഡ്-19 കാരണം തന്റെ ജീവിതത്തിലുണ്ടായ ഭാഗ്യങ്ങളായി നരേഷ് കാണുന്നു. ഏഴു വർഷങ്ങൾക്കിപ്പുറം അച്ഛൻറെ അംഗീകാരം, ഒരു സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രിയുടെ  അഭിനന്ദനങ്ങൾ, പിന്തിരിഞ്ഞു നിന്നിരുന്നവരുടെ സ്നേഹത്തോടെയുള്ള വാക്കുകൾ!!!
അതുകൊണ്ടുതന്നെ ഏറ്റെടുക്കുന്ന ദൗത്യത്തിൽ  മനസ്സും ശരീരവും അർപ്പിക്കുമ്പോൾ അതിനുപകരം നന്മ തിരിച്ചു പെയ്യുക തന്നെ ചെയ്യുന്നു എന്ന് ഡോക്ടർ നരേഷ് ഉറച്ചു വിശ്വസിക്കുന്നു.
രോഗ മുക്തരായി ആശുപത്രി വിടുന്നവരിലൊരാൾ പറഞ്ഞു, പ്രാർത്ഥനകളിലെന്നും നിങ്ങളുണ്ടാകുമെന്ന്.  തീർച്ചയായും അതൊരു ഭംഗിവാക്കല്ല. തളർന്നു പോയേക്കാവുന്ന ഒരു ജില്ലയെ  കൈപിടിച്ച് കരകയറ്റിയ ആരോഗ്യപ്രവർത്തകർ എന്നും പ്രാർത്ഥനകളിൽ നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും.
ദിവസങ്ങൾക്കിപ്പുറം കേരളം മാതൃകയാണെന്ന് പറഞ്ഞ കേന്ദ്രം കേരളത്തിലെ കാസർഗോഡ് മാതൃകാപരമാണെന്ന് പറയുമ്പോൾ ആ അച്ഛനും അഭിമാനപൂർവ്വം  പറഞ്ഞുകാണും തൻറെ മകനും അതിലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന്. ഒരു കാസറഗോഡുകാരനല്ലെങ്കിൽ കൂടി തീർച്ചയായും അദ്ദേഹം കാസർകോടിന്റെ അഭിമാന നേട്ടത്തിൽ ആത്മാർത്ഥമായി സന്തോഷിച്ചിട്ടുമുണ്ടാകും.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.