Follow the News Bengaluru channel on WhatsApp

അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് പാസ് അനുവദിക്കുന്നത് തുടരും : കേരളം

തിരുവനന്തപുരം :  അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് പാസ് അനുവദിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാൻ പറ്റുന്ന അത്രയും ആളുകൾക്കാണ് പാസ് നൽകുന്നത്. ഇങ്ങനെ വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവർ എത്തുന്ന ജില്ലകൾക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവെച്ചിട്ടില്ല, ഇപ്പോൾ ക്രമവൽകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരാൾ വരുന്നത് റെഡ്സോൺ മേഖലയിൽനിന്നാണ് എന്നതുകൊണ്ടുമാത്രം അവരെ തടയില്ല. എന്നാൽ, വ്യക്തമായ ഒരു പ്രക്രിയ സജ്ജമായ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ കടത്തിവിടാൻ കഴിയില്ല. ചിലർ ഏതോ മാർഗേന അതിർത്തികളിലെത്തി നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നുണ്ട്. അവർക്ക് വരേണ്ട സ്ഥലത്തുനിന്നും കേരളത്തിൽ നിന്നും ഇതിനുള്ള പാസ് ആവശ്യമാണ്.

അതിർത്തി കടക്കുന്നവർ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങൾ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിർത്തിയിൽ ശാരീരിക അകലം പാലിക്കാത്ത രീതിയിൽ തിരക്കുണ്ടാകാൻ പാടില്ല. ഇതിൽ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ശ്രദ്ധിക്കണം.
അതിർത്തിയിൽ കൂടുതൽ പരിശോധനാ കൗണ്ടറുകൾ ആരംഭിക്കുന്നത് ആലോചിക്കും. ഗർഭിണികൾക്കും വയോധികർക്കും പ്രത്യേക ക്യൂ സിസ്റ്റം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനകം 86,679 പേർ പാസുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 37,891 (43.71 ശതമാനം) പേർ റെഡ്സോൺ ജില്ലകളിലുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45,814 പേർക്ക് പാസ് നൽകി. പാസ് ലഭിച്ചവരിൽ 19,476 പേർ റെഡ്സോൺ ജില്ലകളിൽ നിന്നാണ്. ഇതുവരെ 16,385 പേർ എത്തി. അതിൽ 8912 പേർ റെഡ്സോൺ ജില്ലകളിൽ നിന്നാണ്. കഴിഞ്ഞദിവസം വന്നവരിൽ 3216 പേരെ ക്വാറൻറൈനിലേക്ക് മാറ്റി. മുമ്പ് റെഡ്സോണിൽ നിന്ന് വന്നവരെ കണ്ടെത്തി സർക്കാർ ഒരുക്കുന്ന ക്വാറൻറൈൻ സൗകര്യത്തിലേക്ക് മാറ്റുന്നുണ്ട്.

റെഡ്സോൺ ജില്ലകളിൽനിന്ന് വന്നവർ 14 ദിവസം സർക്കാർ ഒരുക്കുന്ന ക്വാറൻറൈനിൽ കഴിയണം. റെഡ്സോണിൽനിന്ന് യാത്ര തിരിക്കുന്ന 75 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും രക്ഷിതാക്കളോടൊപ്പം വരുന്ന പത്തുവയസ്സിൽ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറൻറൈനിൽ കഴിഞ്ഞാൽ മതിയാകും. ഗർഭിണികൾക്കും 14 ദിവസം വീടുകളിലാണ് ക്വാറൻറൈൻ വേണ്ടത്. റെഡ്സോണിൽനിന്ന് വരുന്നവരെ ചെക്ക്പോസ്റ്റിൽ നിന്നുതന്നെ ക്വാറൻറൈൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെയും വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിൻ അനുവദിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഡൽഹിക്ക് സമീപപ്രദേശങ്ങളിലെ സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികളെ ഡെൽഹിയിലെത്തിച്ച് കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മുംബൈ, ബംഗളൂരു നഗരങ്ങളിൽനിന്ന് കേരളീയരെ തിരിച്ചെത്തിക്കാൻ പ്രത്യേക തീവണ്ടി ലഭ്യമാക്കാൻ മാർഗങ്ങൾ തേടും.
ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യം ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ചു. അവരെ കപ്പലിൽ അയക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിയാൽ സ്‌ക്രീനിങ് നടത്തി ഇവരെ വീടുകളിലേക്ക് വിടാം.

മാലിദ്വീപിൽ നിന്നും എത്തുന്ന കപ്പലിൽ വിദേശങ്ങളിൽനിന്ന് എത്തുന്നവരിൽ മറ്റു സംസ്ഥാനക്കാരുമുണ്ട്. അവരിൽ ദൂരസംസ്ഥാനക്കാർക്ക് ഇവിടെത്തന്നെ ക്വാറൻറൈൻ സൗകര്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഴാം തീയതി വരെ 21 ട്രെയിനുകളിലായി 24,088 അതിഥി തൊഴിലാളികൾ നാടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിനാണ് പോകുന്നത്. കഴിഞ്ഞദിവസം വരെ ബിഹാറിലേക്ക് 9 ട്രെയിനുകളിലായി 10,017 ഉം ഒഡീഷയിലേക്ക് മൂന്ന് ട്രെയിനുകളിൽ 3421 ഉം ജാർഖണ്ഡിലേക്ക് അഞ്ച് ട്രെയിനുകളിൽ 5689 ഉം അതിഥി തൊഴിലാളികളാണ് മടങ്ങിയത്. ഉത്തർപ്രദേശിലേക്ക് രണ്ട് ട്രെയിനുകളിൽ 2293 ഉം മധ്യപ്രദേശിലേക്ക് ഒരു ട്രെയിനിൽ 1143 ഉം, പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിനിൽ 1131 ഉം അതിഥി തൊഴിലാളികളെയും മടക്കിയയച്ചു. ചില സംസ്ഥാനങ്ങൾ ഇതുവരെ അതിഥി തൊഴിലാളികളെ സ്വീകരിക്കാനുള്ള സമ്മതം നൽകിയിട്ടില്ല. സമ്മതം അറിയിക്കുന്ന മുറയ്ക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.