Follow News Bengaluru on Google news

വഴിതെറ്റുന്ന ശ്രമിക് ട്രെയിനുകളും 1200 കിലോ മീറ്റര്‍ സൈക്കിള്‍ ചവുട്ടിയ ജ്യോതി കുമാരിയും

ലോക്ക് ഡൌണ്‍ ദുരിതങ്ങളും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനവും തുടര്‍കഥയായി തുടരുമ്പോള്‍ വഴി തെറ്റിയോടുന്ന ‘ ശ്രമിക് ട്രെയിനുകളാണ് ‘ പുതിയ വര്‍ത്തമാനത്തിനു ആധാരം.

40 ട്രെയിനുകളത്രെ കഴിഞ്ഞ ദിവസങ്ങളില്‍ വഴി തെറ്റി യാത്ര ചെയ്തത്. ഇതില്‍ രണ്ടു ട്രെയിന്‍ ബെംഗളൂരുവില്‍ വന്നതായും പറയുന്നു.

ബെംഗളൂരു നഗരത്തിലെ പാലസ് ഗ്രൗണ്ടില്‍, സ്വന്തം നാട്ടിലേക്കു കൂടണയാനുള്ള കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളുടെ നേര്‍കാഴ്ച പ്രമുഖ മാധ്യമങ്ങള്‍ ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കുന്നതുമായി ബന്ധപെട്ടു കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ ചില പ്രസ്താവനകള്‍ ഈയിടെ ചര്‍ച്ച ചെയ്യപെട്ടല്ലോ. ഇതര സംസ്ഥാന മലയാളികളെ കേരളത്തിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

ലോക്ക്‌ഡൌണ്‍ സമയത്ത് ജോലി നഷ്ടപെട്ട, ഭക്ഷണം വാങ്ങാനുള്ള വിഭവങ്ങളും പണവും തീര്‍ന്ന പതിനായിരങ്ങള്‍ വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂട്ടപലായനം ചെയ്യുകയാണ്. അവര്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ പോലും കൃത്യമായി ആസൂത്രണം ചെയ്തു ചെല്ലേണ്ട സ്ഥലത്തു എത്തിക്കാന്‍ റെയില്‍വേക്കു കഴിയുന്നില്ല. യാത്രികര്‍ക്ക് ആവശ്യത്തിന് ഭക്ഷണം, കുടിവെള്ളം എന്നിവ നല്‍കുന്നില്ലെന്ന പരാതി വേറെ. ഒപ്പം യാതൊരു കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുമില്ല. ഇങ്ങിനെയുള്ള റെയില്‍വേ മന്ത്രിയാണ് കേരളത്തിനെതിരെ ചില ആക്ഷേപവുമായി രംഗത്ത് വന്നിട്ടുള്ളത്.

‘ ശ്രമിക് ട്രെയിനുകള്‍ ‘ വഴിതെറ്റിയോടുന്ന ഈ അവസരത്തില്‍ ലോക്ക് ഡൌണ്‍ കാലത്തു അപകടത്തില്‍ പെടുകയും പിന്നീട് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തന്റെ പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി ‘ വഴി തെറ്റാതെ ‘ സ്വന്തം വീട്ടില്‍ എത്തിയ ഒരു പെണ്‍കുട്ടി രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു.

പരുക്കേറ്റ പിതാവിനെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ബീഹാറിലെ ദര്‍ഭംഗയിലേക്ക് കൊണ്ടുപോയ ജ്യോതി കുമാരി എന്ന പെണ്‍കുട്ടി, സൈക്കിള്‍ ചവുട്ടി കയറിയത് രാജ്യത്തിന്റെ മനസാക്ഷിക്ക് അകത്തേക്ക് ആയിരുന്നു. തങ്ങളെ ദുരിതത്തിന്റെ കയങ്ങളിലേക്കു വലിച്ചെറിഞ്ഞ ഭരണകൂടത്തിന്റെ ദുഷ്ട ചെയ്തികള്‍ക്ക്, നിശ്ചയ ദാര്‍ഢ്യത്തോടെ മറുപടി നല്‍കി ആ പതിനഞ്ചുകാരി. 1200 കിലോമീറ്റര്‍ എട്ടു ദിവസം കൊണ്ട് സഞ്ചരിച്ചപ്പോള്‍ അവള്‍ക്കു ഒരു വഴിയും തെറ്റിയില്ല.

ജീവിതത്തിലേക്ക് അവള്‍ പൊരുതി മുന്നേറി, ഉറച്ച ലക്ഷ്യ ബോധം അവളെ നയിച്ചു.
തങ്ങളുടെ ഗുരുഗ്രാം പാര്‍പ്പിടത്തില്‍ നിന്ന് വീട്ടുടമ പുറത്താക്കുമെന്ന് ഭയന്ന്, ജ്യോതി പരുക്കേറ്റ പിതാവിനോട് വീട്ടിലേക്ക് പോകാന്‍ സൈക്കിളിന്റെ പിന്‍വശത്തെ കാരിയറില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജ്യോതിയുടെ പിതാവ് മോഹന്‍ പാസ്വാന്‍ ഗുരുഗ്രാമിലെ റിക്ഷ ഡ്രൈവറായിരുന്നുവെങ്കിലും ജനുവരിയില്‍ ഒരു അപകടത്തില്‍ ഇടതു കാലിന് പരിക്കേറ്റു. അപകടം മുതല്‍ ജ്യോതി പിതാവിനൊപ്പം താമസിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.

ഇവിടെയാണ് ശ്രദ്ധിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നത് .

എന്തുകൊണ്ട് തൊഴില്‍ നഷ്ടപ്പെട്ട്, ജീവന് വേണ്ടി പലായനം ചെയ്യുന്ന പാവപെട്ട തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ വഴി തെറ്റുന്നു ?

1200 കിലോ മീറ്റര്‍, തന്റെ പിതാവിനെയും പിറകില്‍ ഇരുത്തി, സ്വന്തം വീട് ലക്ഷ്യമാക്കി സൈക്കിള്‍ ചവുട്ടിയ ആ പതിനഞ്ചുകാരിക്കു എന്തുകൊണ്ട് വഴി തെറ്റിയില്ല ??

ലോക്കഡോണ്‍ പ്രഖ്യാപിച്ച ഭരണകൂടത്തിന്, അതിന്റെ ഇരകളായവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ ?

പട്ടിണിയും പരിവട്ടവുമായി ദുരിതകയത്തിലാണ്ട ലക്ഷങ്ങളുടെ ജീവിതപ്രശ്ങ്ങള്‍ അഭിസംബോധന ചെയ്യാനുള്ള മിനിമം ഉത്തരവാദിത്തം ഭരണകൂടം കാണിക്കേണ്ടതല്ലേ?

30 കോടി ദരിദ്രജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ രാജ്യത്തു,ലോക്കഡോണ്‍നെ തുടര്‍ന്ന് അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമായി. സ്വാഭാവികമായും സമൂഹത്തിലെ സാമ്പത്തികമായി താഴെ തട്ടിലുള്ളവരെ നേരിട്ട് ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതോടെ വന്‍ നഗരത്തില്‍ നിന്നും കൂട്ട പലായനം നാം കണ്ടു.

ഈ ഘട്ടത്തില്‍ പാവപ്പെട്ടവരെ അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരെ സാമ്പത്തികമായി സഹായിക്കണം എന്ന് രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുകയുണ്ടായി. ചുരുങ്ങിയത് 7500 രൂപ വീതം വരുന്ന ആറ് മാസത്തേക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നികേഷേപിക്കണം എന്ന ന്യായമായ ആവശ്യം രാജ്യം ഭരിക്കുന്നവര്‍ ഇതുവരെ ചെവികൊണ്ടിട്ടില്ല

ചുരുക്കത്തില്‍, കൊറോണ പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന സാധാരണക്കാരനും പാവപ്പട്ടവനും വലിയ പ്രതീക്ഷയൊന്നും വേണ്ട. അവന്റെ ജീവന് പോലും വലിയ വിലയുമില്ല ..!

ധനമന്ത്രി നിര്‍മല സീതാരാമന്‍ നാലു ദിവസം എടുത്തു കൊട്ടി ഘോഷിച്ചു പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പട്ടിണി പാവങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ രാജ്യത്തെ ഇടത്തരക്കാര്‍, വ്യവസായികള്‍, ഉയര്‍ന്ന കച്ചവടക്കാര്‍, ധനിക വിഭാഗങ്ങള്‍ എന്നിവര്‍ ഗുണഭോക്തക്കളാകുന്ന കാഴ്ച നമുക്ക് വൈകാതെ കാണാന്‍ കഴിയും.

ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുകയാണ് ….

ആര് ഉത്തരം നല്‍കും ? കുടിയേറ്റ തൊഴിലാളിയുടെ കൂട്ട പലായനത്തിന് ആര് പരിഹാരം കാണും ? ……അവരുടെ നിലവിളി എന്ന് നിലക്കും ??…..തൊഴില്‍ , ജീവന ഉപാധി നഷ്ടപ്പെട്ടവരെ ആര് സഹായിക്കും ? ഭരണകൂടം എങ്ങിനെ രാജ്യത്തെ തൊഴിലെടുത്തു ജീവിക്കുന്നവന് താങ്ങും തണലുമാകും ??

നമുക്ക് കാത്തിരിക്കാം.

എനിക്കും പറയാനുണ്ട് I ജോമോന്‍ സ്റ്റീഫന്‍


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.