Follow the News Bengaluru channel on WhatsApp

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി

 

സിവില്‍ സര്‍വീസില്‍ തിളങ്ങുന്ന മലയാളി

സിവില്‍ സര്‍വീസ് എന്ന ഗ്ലാമര്‍ തൊഴില്‍ മേഖല എക്കാലത്തും ഊര്‍ജ സ്വലരായ യുവത്വത്തെ പ്രോലോഭിപ്പിക്കുന്നതായിരുന്നു. തൊഴില്‍ പരമായ സാമൂഹിക മാന്യത അല്ലെങ്കില്‍ മികച്ച പദവിക്കപ്പുറം, ആ മൂന്നക്ക ആംഗലേയ അക്ഷരം നല്‍കുന്ന മാന്ത്രികതയും സ്വീകാര്യതയും എന്നും ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബങ്ങളെ ഭ്രമിപ്പിച്ചിരുന്നു.

ഒരു പക്ഷെ, നമ്മെക്കാള്‍ കഴിവും സാമര്‍ത്ഥ്യവും സര്‍ഗശേഷിയും ഉള്ളവരുടെ പ്രകടനങ്ങള്‍ നമ്മെ വിസ്മയിപ്പിച്ചേക്കാം. അവയുടെ കാന്തികശക്തി നമ്മുടെ ചിന്തയുടെയും സമീപനത്തിന്റെയും കാന്തസൂചിയെ ആകര്‍ഷിച്ച്,

ദിശ മാറ്റി നമ്മെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കും.

ക്രിയാത്മകമായ ചിന്ത ഒരാളിന്റെ തെരഞ്ഞെടുപ്പാണ്,അടിസ്ഥാനപരമായി ശുഭചിന്ത ഒരാളിന്റെ കാഴ്ചപ്പാടിന്റെ നിര്‍മിതിയാണ്. ജീവിത ചര്യയില്‍ സിവില്‍ സര്‍വീസ് കര്‍മ്മ മണ്ഡലമായി തെരഞ്ഞെടുക്കുന്ന ഒരാളുടെ ദിശാബോധം നിര്‍ണയിക്കുന്ന സൂചിക ഇവയൊക്കെയാകാം.

ഒരു കാലത്ത്  ഐഎഎസ് മലയാളികള്‍ക്ക് കിട്ടാക്കനിയായിരുന്നു. പൊതു വിദ്യാഭ്യാസത്തിലും വിജ്ഞാനത്തിലും സാക്ഷരതയിലും എക്കാലവും മുന്നിട്ടു നിന്നിരുന്ന മലയാളി പക്ഷെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിറകിലാണ് എന്ന ആക്ഷേപം ദീര്‍ഘ കാലമായുള്ള ഒരു സമസ്യയായി നിലകൊണ്ടു0.

ഈ ആക്ഷേപം തിരുത്തിക്കുറിനുള്ള തത്രപ്പാടിലാണ് സമകാലിക മലയാളി യുവത്വം . കേവലപരമായ വിദ്യാഭ്യാസത്തിനപ്പുറം, ഭരണ നിര്‍വഹണത്തിന്റെ ഉന്നത ശ്രേണികള്‍ എത്തിപിടിക്കാനും അവിടങ്ങളില്‍ വെന്നികോടി പാറിക്കാനുമുള്ള ശ്രമങ്ങള്‍ക്കു നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

വിജയം ഒരു പൂമൊട്ട് പോലെയാണെന്ന് പഴമൊഴി. അത് വികസിച്ച്, വിടര്‍ന്ന് പരിമളം പരത്തണമെങ്കില്‍ നിരന്തര പരിശ്രമവും അധ്വാനും ആവശ്യമായി വരും. സൂര്യ പ്രകാശം നല്‍കുന്ന ഊര്‍ജം പോലെ. എന്തുതന്നെയായാലും, ഇക്കഴിഞ്ഞ ഫലങ്ങള്‍ ആശാവഹമാണ്. വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ വിജയ പ്രാപ്തിയിലെത്തി എന്ന് പറയാം.

സിവില്‍ സര്‍വീസസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ 100 റാങ്കില്‍ ഉള്‍പ്പെട്ടത് 10 മലയാളികള്‍. മൊത്തം തെരഞ്ഞെടുക്കപെട്ടവരില്‍ 50 ല്‍ പരം മലയാളികള്‍ ഇടം കണ്ടു. മലയാളിയായ സിഎസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആര്‍ ശരണ്യ-35, സഫ്ന നസ്റുദ്ദീന്‍-45, ആര്‍ ഐശ്വര്യ-47, അരുണ്‍ എസ് നായര്‍-55, എസ്. പ്രിയങ്ക-68, ബി.യശശ്വിനി-71, നിഥിന്‍ കെ ബിജു-89, എ.വി.ദേവി നന്ദന-92, പി.പി അര്‍ച്ചന-99 എന്നിവരാണ് ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍.

2020 ല്‍ അകെ 829 പേര്‍ക്കാണ് നിയമന യോഗ്യത ലഭിച്ചിരിക്കുന്നത്. ജനറല്‍ -324, ഇ.ഡബ്ല്യൂ.എസ്- 78, ഒബിസി- 251, എസ് സി- 129, എസ് ടി- 67 എന്നീ കാറ്റഗറി പ്രകാരമാണ് നിയമനം നടത്തുക.

ജീവിതത്തിന്റെ കഷ്ടതകളോട് പൊരുതികയറിയ പലരെയും ഇക്കൊല്ലത്തെ വിജയികളുടെ പട്ടികയില്‍ കാണാം.

തലശ്ശേരി ചിറക്കര പൊതിവട്ടത്തു വീട്ടില്‍ കെ.വി. വിവേക് ഒരു ഉദാഹരണം മാത്രം. ചാണകം മെഴുകിയ തറയില്‍, ചിമ്മിനി വിളക്കിനു ചുവട്ടില്‍ തെളിഞ്ഞ അക്ഷരങ്ങളാണു സിവില്‍ സര്‍വീസ് പരീക്ഷയില്‍ 301-ാം റാങ്കിന്റെ തിളക്കത്തിലേക്കു വിവേകിനെ നയിച്ചത്.

കഷ്ടതകളോട് പടവെട്ടിയും പോരാടിയും വിജയത്തിന്റെ മധുരിമ കൈപ്പിടിയില്‍ എത്തി പിടിച്ചവരുടെ പട്ടിക അവസാനിക്കുന്നില്ല.

ഈ അവസരത്തില്‍, കഴിഞ്ഞ വര്ഷം ശ്രീധന്യ സുരേഷ് എന്ന വയനാടന്‍ പെണ്‍കുട്ടി നേടിയ മഹത്തായ നേട്ടം അനുസ്മരിക്കാതെ തരമില്ല. കുറിച്യര്‍ എന്ന ആദിവാസി വിഭാഗത്തില്‍ നിന്നും, ഐഎഎസ് എന്ന പദവിയിലേക്ക് കുതിച്ചുയര്‍ന്ന വിജയം.പ്രതിസന്ധികള്‍ക്കിടയില്‍ പൊരുതി നേടിയ വിജയം എന്ന പ്രയോഗത്തിന്റെ നേര്‍ക്കാഴ്ച്ച.

വയനാടിന്റെ, കേരളത്തിന്റെ അഭിമാന താരകം. ഇപ്പോള്‍ കോഴിക്കോട് ജില്ലയുടെ അസിസ്റ്റന്റ് കളക്ടര്‍.

സമൂഹത്തിലെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നവര്‍ക്കും സിവില്‍ സര്‍വീസ് അപ്രാപ്യമല്ല എന്ന് ഈ മിടുക്കി കേരള ജനതയ്ക്ക് കാണിച്ചു തന്നു. അതെ വലിയൊരു പ്രചോദനവും ഊര്‍ജവും, പുതു തലമുറക്ക് സ്വപ്നവും പ്രതീക്ഷയും നല്കുന്നതുമാണ്.
ഒന്നുറപ്പാണ്, ഭാവി മലയാളി യുവത്വം പുതിയ ആകാശങ്ങള്‍ വെട്ടി പിടിക്കുക തന്നെ ചെയ്യും.

 

അയോദ്ധ്യ ക്ഷേത്ര നിര്‍മാണം.

മോദിജി വാഗ്ദാനം ചെയ്യുന്നത് ആരുടെ രാമ രാജ്യം ..?

ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്നു 2020 ഓഗസ്റ്റ് 5 നു അയോധ്യയില്‍ പുതിയ രാമ ക്ഷേത്ര നിര്‍മാണത്തിന് ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടു .

സ്വതന്ത്ര ഇന്ത്യയുടെ സെക്യുലറിസത്തിനു നേരെയുള്ള ഏറ്റവും വലിയ കൈയേറ്റമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത സംഭവം. അതിന്റെ മുറിവുകള്‍ പതുക്കെ ഉണങ്ങി തുടങ്ങുകയും, സുപ്രീം കോടതി വിധി വരുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌നേഹിക്കുന്ന സെക്കുലര്‍ മനസ്സുക ളും ന്യുനപക്ഷങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തോടു പൊരുത്ത പെട്ട് വരികകയായിരുന്നു .
പ്രത്യക്ഷത്തില്‍ വിധി ,ഹൈന്ദവ ഭൂരിപക്ഷ ശക്തികള്‍ക്ക് അനുകൂലമാണെങ്കിലും കോടതിയുടെ തീര്‍പ്പിനു വഴങ്ങിയ ജനത, ഭരണകൂടത്തിലും നീതി ന്യായ വ്യവസ്ഥിതിയിലും വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു.

ക്ഷേത്ര നിര്‍മാണം ഒരു ട്രസ്റ്റിനെ ഏല്‍പ്പിച്ചപ്പോള്‍, അത് ഹിന്ദുരാഷ്ട്ര നിര്‍മാണ വാദികളുടെ കൈകളില്‍ എത്തിച്ചേരുമെന്ന് ആരും കരുതി കാണില്ല. ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റിയെ നോകുത്തിയാക്കി, തീവ്ര ഹൈന്ദവ ശക്തികള്‍ ശിലയിടല്‍ ചടങ്ങു വല്ലാത്ത ആഘോഷമാക്കി മാറ്റി. ഒരു അമ്പലത്തിന് അല്ലെങ്കില്‍ പള്ളിക്ക് തറക്കല്ലിടുന്നത് ആ ഒരു വികാരരീതിയുള്ള ധര്‍മിഷ്ടതയുള്ള ചടങ്ങാണ്. അത് നിര്‍വഹിക്കേണ്ടത് മത ആചാര്യന്മാരും.

എന്നാല്‍ രാജ്യത്തിന്റെ ഭരണ കര്‍ത്താവ് തന്നെ, നേരിട്ട് എത്തി ഒരു മത തീവ്ര ആശയത്തിന്റെ മാത്രം വ്യക്താവായി മാറുമ്പോള്‍, ഇന്ത്യന്‍ മതേതര, ന്യുന പക്ഷ മനസ്സുകള്‍ വീണ്ടും അസ്വസ്ഥമാകുന്ന അവസ്ഥ സംജാതമായി.

മതേതരത്വം എന്ന വാക്കിന്റെ അര്‍ത്ഥം മത സൗഹാര്‍ദ്ദമെന്നോ, മത സ്വാതന്ത്യമെന്നോ അല്ല.
മതത്തില്‍ നിന്ന് വിഭിന്നമായത്, അല്ലെങ്കില്‍ മതമില്ലാത്തത് എന്നതാണ് അര്‍ത്ഥം.
ഇന്ത്യയുടെ സുപ്രീം കോടതി ഇത് പല പ്രാവശ്യം ഇത് വിശദീകരിച്ചിട്ടുള്ളതാണ്.
അതായത് രാജ്യത്ത് മതങ്ങള്‍ ഉണ്ടാകാം. മതമുള്ള ആളുകള്‍ ഉണ്ടാകാം.
അമ്പലവും,മോസ്‌കും, പള്ളിയും, ഗുരുദ്വാരകളും, ബുദ്ധ വിഹാരങ്ങളും ഉണ്ടാകാം.
എന്നാല്‍ രാജ്യത്തിനോ രാജ്യത്തെ ഭരണഘടനയ്‌ക്കോ, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ മതമില്ല.
ആ ഭരണഘടനയില്‍ തൊട്ട് ജനാധിപത്യത്തിലൂടെ ജയിക്കുന്നയാള്‍ സത്യം ചെയ്യുന്നത് ഇങ്ങനെയാണ്.

‘ഞാന്‍,നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും, ഞാന്‍ രാജ്യത്തിന്റെ പ്രധാന മന്ത്രിയെന്ന നിലയില്‍ എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനഃസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിയ്ക്കുമെന്നും, ഭരണഘടനയും നിയമവും അനുശാസിയ്ക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങള്‍ക്കും നീതി നടപ്പാക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു. – (ഇന്ത്യന്‍ ഭരണഘടന- മൂന്നാം അനുച്ഛേദം, അഞ്ചാം വാക്യം)

ഇങ്ങനെ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടാന്‍ ഇരിക്കുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. കേവലം മതാചാര്യന്‍മാരും,അതുമായി ബന്ധപ്പെട്ടവരും നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തിയാണ്
ഒരു പ്രധാനമന്ത്രി ചെയ്യുന്നത്.

ഈ രാജ്യത്തിന്റെ ഭരണഘടനയ്ക്കും, സെക്യൂലറിസത്തിനും എന്ത് വിലയാണ് ഈ പ്രധാനമന്ത്രി നല്‍കുന്നത് ?? മറ്റു മതങ്ങള്‍ക്കും,ജനങ്ങള്‍ക്കും എന്ത് സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്..?
ഇവര്‍ എങ്ങോട്ടാണ് മഹത്തായ നമ്മുടെ രാജ്യത്തെ കൊണ്ടുപോകുന്നത് ..?

രാജ്യം ഭരിക്കുന്ന ഭരണ കര്‍ത്താക്കള്‍, ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് പോലും വിലക്കിയ , ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെയുള്ള പ്രധാന മന്തിയുടെ രാജ്യമായിരുന്നു ഇന്ത്യ. ആ രാജ്യത്ത് ഒരു അമ്പലത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് പോകുമ്പോള്‍, അത് മതരാഷ്ട്രത്തിന്റെ പൊളിറ്റിക്കല്‍ ഡെമോണ്‍സ്‌ട്രേഷനല്ലാതെ മറ്റെന്താണ്..?

ഒരു പക്ഷെ, അയോദ്ധ്യ ഭാവിയില്‍ വലിയ തീര്‍ത്ഥാടന കേന്ദ്രമായി വികസിച്ച്, ആ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വളര്‍ച്ചക്ക് കാരണമായേക്കാം. ഇക്കോണമി ഡെവലപ്പ് ചെയ്ത് പല പല മാറ്റങ്ങള്‍ വന്നേക്കാം. മുകേഷ് അംബാനിയെ പോലുള്ള വലിയ ബിസിനസ് മാഗ്‌നെറ്റുകള്‍ അവിടെ പോകുമെന്ന് പറയുന്നു. ഹിന്ദുരാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണതിന്റെ ഇക്കണോമിക് വശം. അപ്പോള്‍ അതിനെ പരിപോഷിപ്പിക്കുന്ന സ്വഭാവ വൈശേഷ്യങ്ങള്‍, ചിഹ്നങ്ങളൊക്കെ മാറുക എന്നത് അനിവാര്യമായി വരും .

ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്രം

1920 കളില്‍ സവര്‍ണ ഹൈന്ദവതയുടെ വ്യക്താവ് സവര്‍ക്കര്‍ തയ്യാറാക്കിയ ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്രം പതുക്കെ ഇന്ത്യന്‍ മണ്ണില്‍ വേര് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഭൂരിപക്ഷ ജനത ഹിന്ദുക്കളാണെന്നതു മാത്രമായിരുന്നില്ല ഈ ചലനത്തിന്റെ ന്യായീകരണയുക്തി. അവരാണ് ഈ മണ്ണിന്റെ മക്കള്‍ എന്ന വംശീയ നിലപാടുമുണ്ട്. അതിന്റെയും മര്‍മ്മം, മതം തന്നെയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. 1925 ല്‍ ആര്‍.എസ്.എസ് ഉടലെടുക്കുന്നതു തന്നെ ഈ പ്രത്യയശാസ്ത്ര അടിത്തറയില്‍ ചവിട്ടി നിന്ന് കൊണ്ടാണ്. അതിനുള്ള സത്വരപ്രകോപനമാകട്ടെ ,അവരുടെ ഹൃദയമര്‍മ്മമായ മത അധികാര ചിന്താധാരയും.

ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ നിന്ന് പൊതുവേ അകന്നു കഴിഞ്ഞിരുന്ന ഇന്ത്യന്‍ മുസ്ലിംകളെ ദേശീയ സമരചേരിയിലേയ്ക്ക് ചേര്‍ത്തുവെയ്ക്കാന്‍ ഗാന്ധി നടത്തിയ കരുനീക്കമായിരുന്നല്ലോ. മതപരമായ ഈ നീക്കം രാഷ്ട്രീയത്തിന് ആപത്തെന്ന് പറഞ്ഞ് വാക്കൗട്ട് നടത്തിയത് കോണ്‍ഗ്രസിലെ മതേതരവാദികളായിരുന്നില്ല മറിച്ചു മതനിരപേക്ഷ നിലപാടിന്റെ അന്നത്തെ അപ്പസ്‌തോലനായിരുന്ന മുഹമ്മദലി ജിന്നയാണ്. പിന്നീട് അദ്ദേഹത്തിന്റെ കാഴ്ചപാട് മാറി എന്നത് വസ്തുത. പ്രകോപനം വന്നത് നാഗ്പൂരില്‍ നിന്നും ഉയിര്‍കൊണ്ട ചില തീരുമാനങ്ങളും.

കോണ്‍ഗ്രസിലെ വലതുപക്ഷത്തെ ഹിന്ദുമഹാസഭയാക്കി 1937ല്‍ ആര്‍.എസ്.എസ് രാഷ്ട്രീയകളി തുടങ്ങുന്നു. സ്വാതന്ത്ര്യത്തിനുശേഷം പൊതുതെരഞ്ഞെടുപ്പുകളുടെ വരവോടെ സംഗതി കുറേകൂടി പരസ്യമായി. 1951ല്‍ ഭാരതീയ ജനസംഘ് രൂപപ്പെടുത്തുന്നു. അങ്ങനെ ഹിന്ദുത്വദേശീയതയുടെ രാഷ്ട്രീയ രഥം ഇന്ത്യന്‍ മണ്ണില്‍ പതുക്കെ ഉരുണ്ടു തുടങ്ങി.

ബാബരി മസ്ജിദ് എന്ന വജ്രായുധം

 

ദശകങ്ങളായി അടഞ്ഞ് കിടന്നിരുന്ന ‘ തര്‍ക്ക ‘പ്രദേശത്തിന്റെ കവാടം 1986 ഫെബ്രുവരിയില്‍ തുറന്നു നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. തര്‍ക്ക സ്ഥലത്തു തന്നെ 1989 നവമ്പറില്‍ ശിലാന്യാസത്തിന് വിഎച്ച്പിക്ക് അനുമതി നല്‍കിയതും രാജീവ് ഗാന്ധി തന്നെ. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില മൃദു ഹിന്ദുത്വ വാദികളുടെ ഭാഷയില്‍ പറഞ്ഞാല്‍, രാമക്ഷേത്രത്തിന് നേരത്തെ തന്നെ കല്ലിട്ടതാണെന്നാണ്. അതു ഒരു പക്ഷെ ശരിയായിരിക്കും. രാജീവ് ഗാന്ധിയുടെ അനുമതിയോടെ വിഎച്ച്പിയാണ് അത് നിര്‍വഹിച്ചതെന്ന് മാത്രം.

1989 നവമ്പര്‍ 3ന് രാജീവ് ഗാന്ധി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് അയോധ്യയിലെ ഫൈസാബാദില്‍ നിന്നായിരുന്നു. നേരത്തെ നിശ്ചയിച്ച നാഗ്പൂര്‍ മാറ്റിയാണ് അയോധ്യയില്‍ നിന്നും പ്രചാരണം തുടങ്ങിയത്. നേരത്തെ തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്നും വ്യതിചലിച്ചാണ് രാമ രാജ്യം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് രാജീവ് ഗാന്ധി പ്രഖ്യാപിക്കുന്നത്.

രഥയാത്രയുമായി വന്ന അദ്വാനിയെ ബിഹാറില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവായിരുന്നു. അതിനെ തുടര്‍ന്ന് ബിജെപി, പ്രധാന മന്ത്രി വിപി സിംഗിനുള്ള പിന്തുണ പിന്‍വലിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് രാജിവ് ഗാന്ധിയും കോണ്‍ഗ്രസ്സും ബിജെപിക്ക് ഒപ്പം ചേര്‍ന്ന് വി പി സിംഗിനെ പുറത്താക്കി. ഫലത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള രഥയാത്രക്ക് പിന്തുന്ന നല്‍കുകയായിരുന്നു രാജീവ് ഗാന്ധിയും കോണ്‍ഗ്രസ്സും ചെയ്തത്. ഈ ചരിത്രമറിയുന്നവര്‍ക്ക്, ഇന്ന് പ്രിയങ്ക ഗാന്ധി ചമയ്ക്കുന്ന പുതിയ ഭാഷ്യങ്ങളില്‍ തെല്ലും സംശയം കാണില്ല. കോണ്‍ഗ്രസിന്റെ മൃദു ഹൈന്ദവ നിലപാടില്‍ അത്ഭുതം തോന്നില്ല.

ഇതിന്റെയെല്ലാം തുടര്‍ച്ചയിലാണ് ബാബറി മസ്ജിദ് തകര്‍ക്കുന്നത്. അത് തടയാന്‍ ഏതറ്റം വരെയും പോകാന്‍ ദേശീയോദ്‌ഗ്രഥന കൗണ്‍സില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പിന്തുന്ന നല്‍കിയെങ്കിലും കുറ്റകരമായ നിസംഗതയോടെ അദ്ദേഹം പള്ളി പൊളിച്ച് തിരുന്നതു വരെ അനങ്ങിയില്ല. ഇതെല്ലാം ചരിത്രമാണ്. ഇന്ത്യന്‍ മനസ്സുകളില്‍ മുറിവികളും വേര്‍തിരിവുകളും സൃഷ്ടിച്ച ചരിത്രം.

വര്‍ഗീയ നിലപാടുകള്‍ വഴി വോട്ടാണ് കോണ്‍ഗ്രസ് ലക്ഷ്യം വെച്ചതെങ്കില്‍ ഫലം കൊയ്തത് തീവ്രവര്‍ഗ്ഗീയതയും അതിനെ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ശക്തികളും ആയിരുന്നു എന്നത് ചരിത്ര പാഠം.

രാമ രാജ്യ നിര്‍മാണം

ഒരു മതേതര രാജ്യത്തു ഭക്തി, മതം , വിശ്വാസം എന്നതെല്ലാം കേവലം വ്യക്തിപരമായ സംജകളാണ് .

വിശ്വാസിക്ക് ക്ഷേത്രമെന്നതും പള്ളിയെന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. മറുവശത്തു സുപ്രിം കോടതി വിധി അനുസരിക്കേണ്ടത് മുഴുവന്‍ പൗരന്‍മാരുടെയും ഭരണഘടനാപരമായ ചുമതലയുമാണ്. എന്നാല്‍, ഇവിടെ വിശ്വാസത്തെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നു എന്നതാണ് കാതലായ പ്രശ്‌നം.

ഇന്ത്യന്‍ പ്രധാനമന്ത്രി എല്ലാ മതവിഭാഗങ്ങളിലുംപ്പെടുന്ന 130 കോടിയിലധികം വരുന്ന ജനതയുടെ പ്രധാനമന്ത്രിയാണ്. എന്നാല്‍,അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ നല്‍കുന്ന സന്ദേശം വളരെ കൃത്യമാണ്. ഒരു മതാധിഷ്ഠിത രാഷ്ട്ര നിര്‍മാണം എന്നതാണ് തന്റെ ലക്ഷ്യം എന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുന്നു .

അപ്പോള്‍, ഉയരുന്ന ചോദ്യം ,സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്, മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോര്‍ക്കുന്ന,ശംബുകന്‍ എന്ന ശൂദ്ര മുനിയെ വെട്ടിക്കൊന്ന, അധികാര ചിഹ്നങ്ങളുടെ പ്രതീകമായ രാമന്റെ രാജ്യമോ … അതോ മഹാത്മാ ഗാന്ധി ഉരുവിട്ട ശാന്തിയുടെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും രാമ രാജ്യമോ ..?

ഇതില്‍ ഏതാണ് സംഘപരിവാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാജ്യത്തിലെ രാമന്‍?
ആരുടെ രാജ്യമാണ് ഈ രാമരാജ്യം..? ഏത് സംസ്‌കൃതിയെക്കുറിച്ചാണ് അവര്‍ പുളകിതരാകുന്നത്?

ഇന്ത്യന്‍ മതന്യുന പക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, സമൂഹത്തിലെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍, തൊഴിലാളികള്‍ ഇവര്‍ക്കൊക്കെ മോദിജി വാഗ്ദാനം ചെയ്യുന്ന പുത്തന്‍ രാമരാജ്യത്തില്‍ എന്താണ് സ്ഥാനം ..?

ഒരു കാര്യം പറയാതെ വയ്യ. ഏറെ കാലത്തിനു ശേഷം ഇന്ത്യന്‍ മനസ്സുകള്‍ വീണ്ടും പ്രഷുബ്ധമാകുന്ന കാഴ്ചയാണ് 2020 ഓഗസ്റ്റ് 5 നു നാം കണ്ടത്.

മോദിജി സ്വയം അവകാശപ്പെടുന്നത് പോലെ, അദ്ദേഹം രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനതയുടെ പ്രധാനമന്ത്രിയാണ് എന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് തന്നെയാണ്. അല്ലാത്ത പക്ഷം ഇന്ത്യന്‍ മതേതര, ന്യുനപക്ഷ മനസുകളില്‍ അസ്വസ്ഥതയും അഗ്‌നിയും പുകഞ്ഞു കൊണ്ട് തെന്നെയിരിക്കും. ലോക വന്‍ശക്തിയാകാന്‍ കൊതിക്കുന്ന ഒരു രാഷ്ടത്തിനു അത് ഒരിക്കലും ഭൂഷണമായിരിക്കില്ല.

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

jomonks2004@gmail.com

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.