Follow the News Bengaluru channel on WhatsApp

“അപകടം വിതക്കുന്ന മത തീവ്രവാദം” ബെംഗളൂരു കലാപം നൽകുന്ന പാഠമെന്ത്? 

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

ബെംഗളൂരുവിൽ എന്താണ്  സംഭവിക്കുന്നത്?

പൂന്തോട്ടങ്ങളുടെ നഗരം എന്നറിയപെടുന്ന, കടുത്ത വേനലിൽ പോലും തണുത്തകാലാവസ്ഥയുള്ള ഐ ടി ഹബ് എന്ന് ലോകം വിളിക്കുന്ന, ഒരു കോടി ജനങ്ങൾ  അധിവസിക്കുന്ന, 15 ലക്ഷം മലയാളികൾക്ക് അന്നം നൽകുന്ന നഗരത്തിൽ മത വിദ്വെഷത്തിൻറെ അശാന്തി പടരുകയാണോ?

ഫേസ്ബുക്കിൽ ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ചു 2020 ഓഗസ്റ്റ് 11 ന് രാത്രി കിഴക്കൻ ബെംഗളൂരുവിൽ കെജി ഹള്ളിയുടെയും ഡിജെ ഹള്ളിയുടെയും പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ നടന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിൻറെ ശ്രദ്ധയാകർഷിച്ചത് .

വിവിധ മതങ്ങളും, അവര്‍ തമ്മിലുള്ള സൗഹാർദ്ദവും ബഹു സ്വരതയോടെ നിലനിന്നു പോരുന്ന ഒരു നഗര ജീവിത സമൂഹത്തിൽ പ്രവാചകനെതിരെ മോശമായ പരാമർശം നടത്തി എന്നതിന്റെ പേരിൽ പെട്ടന്ന് ഒരു പറ്റം ആളുകൾ അക്രമണോല്സുകരായി അഴിഞ്ഞാടിയത്, അക്രമം  നടത്തിയത് എന്തിന്റെ പേരിലായാലും കാടത്തം തന്നെയാണ്. നിയമവാഴ്ചയെ ഒരു കൂട്ടർ നോക്കുകുത്തിയാക്കുന്നതും വെല്ലുവിളിക്കുന്നതും പരിഷ്കൃത ജനതക്ക്  ഒട്ടും യോജിച്ചതല്ല.

ബെംഗളൂരു കലാപം

കാടത്തമെന്നാൽ ബൗദ്ധികവും, മാനുഷികവും സാംസ്കാരികവുമായ ഔന്നിത്വത്തിൽ എത്താൻ ശ്രമിക്കാത്ത, വിവിധ മതങ്ങളുടെ സാരാംശവും  മൂല്യങ്ങളും പഠിക്കാത്ത മനുഷ്യനെ തിരിച്ചറിയാൻ ശ്രമിക്കാത്ത, മനുഷ്യത്വവും അപരജീവിയോടുള്ള കരുണയുമില്ലാത്ത അന്ധമായ ആത്മബോധം രൂപപ്പെടുത്തിയ മതാന്ധത ബാധിച്ച ഒരു അറു പിന്തിരിപ്പൻ അവസ്ഥ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

ബെംഗളൂരു കലാപം, നാശനഷ്ടങ്ങള്‍

 

പ്രവാചകനോട് യഥാർത്ഥത്തിൽ സ്നേഹം ഉള്ളവർ ചെയ്യേണ്ടത്, അപരനെ ദ്രോഹിച്ചുകൊണ്ടുള്ള, നശിപ്പിച്ചു കൊണ്ടുള്ള അക്രമമല്ല, മറിച്ചു അദ്ദേഹം ആരായിരുന്നുവെന്നു പറഞ്ഞു മനസിലാക്കികൊടുത്തു, പ്രകോപനം സൃഷ്ടിക്കുന്നവർക്കു മികച്ചൊരു മാതൃകയാവുക നൽകുക എന്നതായിരുന്നു.

മറിച്ചുള്ള ധാരാളം അവതാരങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് സുലഭമാണ്. മാട്ടിറച്ചിയുമായി പോയാൽ സംഘം ചേർന്ന് തല്ലി കൊല്ലുക, മൃഗങ്ങളുടെ പേരിൽ മനുഷ്യരെ ആക്രമിക്കുക, പള്ളി പൊളിക്കുക, മതവിശ്വാസത്തിന്റെ പേരിൽ അപരന് നീതി നിഷേധിക്കുക തുടങ്ങിയ കർമങ്ങളിൽ ഏർപ്പെട്ട എല്ലാവരും ഈ പറഞ്ഞ ഭൂതഗണങ്ങളിൽപ്പെടും.

ഒരു മതവും, മതഗ്രന്ഥങ്ങളും  മത വിദ്വെഷവും അക്രമവും പഠിപ്പിക്കുന്നില്ല. സമാധാനത്തിന്റെ മതമാണ്  ഇസ്ലാം. പ്രവാചകനെ സ്നേഹിക്കുന്നവർ ഈ മാതൃകയാണ് കൈക്കൊള്ളേണ്ടത്. അല്ലാതെ നാട് തീയിട്ട് നശിപ്പിക്കുകയല്ല, വിമർശകരുടെ വീടും നാടും ആക്രമിക്കുകയും, കൈ വെട്ടുകയുമല്ല  ചെയ്യണ്ടത് . അങ്ങനെയൊക്കെ ചെയ്യുന്നതാണ്, യഥാർത്ഥത്തിൽ പ്രവാചക നിന്ദ. ഇത്തരം പ്രവർത്തികൾവഴി യാഥാർഥ്യത്തിൽ പ്രവാചകൻ   അപമാനിക്കപ്പെടുകയാണ് എന്ന് ഈ പ്രഖ്യാപിത മത ദൈവ സംരക്ഷകർ തിരിച്ചറിഞ്ഞാൽ നന്നായിരിക്കും.

ക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ, അന്യമതസ്ഥന്‍റെ അവകാശങ്ങൾ ഹനിക്കുന്നതും അവതാര പുരുഷനായ രാമനെ അപമാനിക്കുന്നതും, കൊള്ളയും കൊലയും കലാപം ഉണ്ടാക്കുന്നതും ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ട അഭിനവ വിശ്വാസ ദുർഭൂതങ്ങളാണ് എന്നുകൂടി പ്രവാചക പ്രേമികൾ തിരിച്ചറിഞ്ഞാൽ നന്ന്.

കലാപത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ 

ബെംഗളൂരുവിൽ ഇസ്ലാം മത  തീവ്രവാദികൾ കലാപം സൃഷ്ടിക്കുമ്പോൾ അനാവരണം ചെയ്യപ്പെടുന്ന മറ്റൊന്നുകൂടിയുണ്ട്. ഇവർ ഹൈന്ദവ രാഷ്ട്ര വാദികളുടെ മറുവശമല്ല മറിച്ചു അവർക്കു വേണ്ടി പണിയെടുക്കുന്ന ഒരു ബി ടീം കൂടിയാണ് എന്നതാണ്. പ്രത്യക്ഷമായി മത ആശയ വൈരുധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇവർ  തമ്മിലുള്ള അന്തർധാര സജീവം എന്ന് സംശയം ജനിപ്പിക്കുന്നു. കലാപ സംഘടനത്തിനു കോർപ്പറേറ്റ് ഫണ്ടു ആരെങ്കിലും കൈപറ്റുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

ബി ജെ പി ഭരണത്തിലുള്ള കർണാടകയിൽ ഒരു പരിധിവരെ തെറ്റില്ലാത്ത ഒരു പ്രതിപക്ഷമുള്ള സംസ്ഥാനത്ത്, കോൺഗ്രസിൽ നിന്നുള്ള ഒരു ദളിത് ഹിന്ദു എം എല്‍ എയെ ലക്‌ഷ്യം വെച്ച് ആക്രമണം നടത്തുന്നത് എന്തിനു വേണ്ടിയാണ്?

കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന ദളിത് വോട്ട് ബാങ്കിനെ ബിജെപിയിൽ എത്തിക്കുക എന്ന ദൗത്യമാണ് എസ് ഡി പി  ഐ  പോലുള്ള സംഘടനകൾ ഏറ്റെടുത്തിരിക്കുന്നത് എന്ന ബലമായ സംശയം ഇതോടെ ഉയരുന്നുണ്ട്.

ജാതി അടിസ്ഥാനത്തിൽ, 19.5% വരുന്ന ദളിതർ കർണാടകയിലെ വലിയ ശക്തിയാണ്. 7% എസ് ടി  പോപ്പുലേഷൻ കൂടി ചേർന്നാൽ ഏതാണ്ട് 27% വരും. തീർച്ചയായും സംഘപരിവാരത്തിനെതിരെയുള്ള കോൺഗ്രസിൻ്റ പ്രധാന വോട്ട് ബാങ്ക്. അതു പിളർത്തി അവർക്കിടയിൽ ഹിന്ദുത്വ വികാരം ഉണർത്തി ബിജെപിയിൽ എത്തിക്കാൻ വേണ്ടിയാണ് ന്യുനപക്ഷ മത തീവ്ര വാദികൾ ഈ കലാപം ആസൂത്രണം ചെയ്തത് എന്ന്
പലരും കരുതുന്നുണ്ട്. ഭൂരിപക്ഷ വർഗീയതക്ക് തഴച്ചു വളരാനുള്ള നിലമൊരുക്കലാണ്, ന്യുന പക്ഷ മത മൗലിക വാദികൾ ചെയ്യുന്നത് .മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സവർണ ഹൈന്ദവ വാദികളുടെ കോടാലി കൈയായി ഇവർ പ്രവർത്തിക്കുന്നു.

മത അസഹിഷ്ണുതയുടെ പരീക്ഷണ ശാലകൾ

1992 ൽ ബാബരി മസ്ജിദ് തകർത്തതിന് ശേഷം, അസ്വസ്ഥമായ മുസ്ലിം  മനസ്സുകളെ ചൂഷണം ചെയ്താണ് മത മൗലികവാദ ശക്തികൾ രംഗത്ത് വന്നത്. ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച കോൺഗ്രസ് പോലുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ ഗണ്യമായ  മുസ്ലിം ജന വിഭാഗത്തിന്  വിശ്വാസം നഷ്ട്ടപെട്ടതും ഇവർ ഫലപ്രദമായി മുതലെടുത്തു . പോപ്പുലർ ഫ്രണ്ട്, എസ് ഡി പി  ഐ ഇങ്ങനെ പല പേരിൽ അവർ പ്രത്യക്ഷപ്പെട്ടു. ചില അരാജക വിധംശ്വക  ശക്തികൾ  പണവും മറ്റു സഹായങ്ങളും നൽകി ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ഒരു പുതിയ രീതിയിലുള്ള മതാധിഷ്ടിത  രാഷ്ട്രീയ സംഘടനാ ശക്തിയായി ഈ പ്രസ്ഥാനങ്ങൾ, പതുക്കെ മുസ്ലിം ഇടങ്ങളിൽ സ്ഥാനം പിടിച്ചു.

ബാബരി മസ്ജിദ്

370 വകുപ്പ് റദ്ദാക്കിയത്, കാശ്മീർ വിഭജനം , സി എ ഇ വിരുദ്ധ സമരങ്ങൾ, ഡൽഹി വർഗീയ കലാപം, അയോധ്യയിലെ ക്ഷേത്ര ശിലാ സ്ഥാപനം തുടങ്ങി അടുത്ത കാലത്തു നടന്ന സംഭവ വികാസങ്ങൾ ഇന്ത്യൻ മുസ്ലിം മനസ്സുകളിൽ കടുത്ത അസംതൃപ്തിയും ഭരണകൂടത്തിനോടും മുഖ്യ ധാര രാഷ്ട്രീയ പാർട്ടികളോടും അവിശ്വാസവും സൃഷ്ടിച്ചിട്ടുണ്ട്.

ഈ അരക്ഷിതാവസ്ഥ നിറഞ്ഞ സാഹചര്യം കൃത്യമായി മനസ്സിലാക്കി, മുസ്ലിം സമുദായത്തിനകത്തെക്കു നുഴഞ്ഞു കയറി സ്വാധിന ശക്തിയായി മാറുക എന്നതാണ് മത മൗലിക വാദികൾ പയറ്റുന്ന തന്ത്രം. മതവും വിശ്വാസവും സാഹചര്യങ്ങളും ഒരു ജനതയുടെ  മസ്തിഷ്ക്ക പ്രക്ഷാളനത്തിനു ഫലപ്രദമായി ഉപയോഗിക്കാൻ അവർക്കു കഴിയും. പുറമെ  മത സൗഹാർദ്ദത്തിന്റെയും പുരോഗമന ചിന്തയുടെയും  മുഖം മൂടി അണിഞ്ഞു നിൽക്കുന്ന ചില സംഘടനകൾ, പല നിർണായക ഘട്ടങ്ങളിൽ കടുത്ത മത മൗലികവാദത്തിന്റെ വ്യക്താക്കളായി മാറി സമുദായത്തെ വഴി തെറ്റിക്കും.

വൈദേശിക മൂലധന ശക്തികളുടെ പിൻബലത്തോടെ, കേരളം ഒരു കാലത്തു ഇവരുടെ പരീക്ഷണ ശാലയായിമാറിയത് മലയാളികൾ മറന്നിട്ടില്ല . 2010 ജൂലൈ 4 ന് തൊടുപുഴ ന്യൂ മാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ജോസഫ് മാഷിന്റെ  വലതു കൈപ്പത്തി വെട്ടി മാറ്റിക്കൊണ്ടാണ് ഇക്കൂട്ടർ തങ്ങളുടെ അധിശ വർഗീയ അജണ്ട പരീക്ഷിച്ചത്.

കൃത്യമായ രാഷ്ട്രീയ, സാമുദായിക, സാമ്പത്തിക ശക്തികളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് തന്നെയാണ്, ഇക്കൂട്ടർ, ഒരു മതേതര ജനാധിപത്യ സംവിധാനത്തിനകത്തു നിലനിൽക്കുന്ന നിയമ വാഴ്ചയെ വെല്ലിവിളിച്ചു തങ്ങളുടെ മത വിശ്വാസത്തെ ഏതു അക്രമവും കൊലവിളികളും കൊണ്ട് സംരക്ഷിക്കും എന്ന്  പ്രഖ്യാപിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖ അന്വേഷണ ഏജൻസിയായ എന്‍ ഐ എ ഈ കേസ് ഏറ്റെടുത്തു അന്വേഷിച്ചുവെങ്കിലും പല  പ്രധാന പ്രതികളെയും പിടികൂടാൻ കഴിഞ്ഞില്ല. 18 പേര് കുറ്റക്കാർ എന്ന് കണ്ടെത്തി കുറ്റപത്രം നൽകിയെങ്കിലും, 2015 ഏപ്രിൽ 30 നു 13 പേരെ മാത്രമേ ശിക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞുള്ളു. ഒരു സംഘടിത ക്രിമിനൽ കുറ്റം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിനു  തക്ക ശിക്ഷ നല്കാൻ നമ്മുടെ നിയ സംവിധാനങ്ങൾക്കു  കഴിഞ്ഞോ എന്ന് സംശയമുണ്ട് .

ഇതിനിടെ, ബെംഗളൂരുവിൽ മതനിന്ദ നടത്തിയതിന്‍റെ  പേരില്‍ അറസ്റ്റിലായ നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു, മീററ്റിലെ മുസ്ലീം സംഘടനാ നേതാവ് ഷഹ്സെബ് റിസ്വി രംഗത്ത് വന്നതും കണ്ടു. നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക്  51 ലക്ഷം രൂപയാണ് പാരിതോഷികമായി  ഷഹ്സെബ് റിസ്വി  വാഗ്ദാനം ചെയ്തത്. അക്രമണോല്സുക മത വികാരത്തെ പിന്നെയും ഇളക്കി വിടാനുള്ള ശ്രമം ..!

പ്രവാചകനെയും മതത്തെയും അപമാനിച്ച നവീനെ കൊലപ്പെടുത്തുന്നവര്‍ക്ക് ഈ തുക   പാരിതോഷികമായി നല്‍കുമെന്നായിരുന്നു റിസ്വിയുടെ പ്രഖ്യാപനം. ഇതിനായി സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ സംഭാവന നല്‍കണമെന്നും റിസ്വി വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. ആഹ്വാനത്തിന് പിന്നാലെ  ഉത്തര്‍ പ്രദേശ് പോലീസ് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു.പിന്നീട് പോലീസ്  ഇയാളെ അറസ്റ്റ് ചെയ്തു.

ഈ സംഭവ പരമ്പരകളെല്ലാം ചൂണ്ടിക്കാട്ടുന്നത്, രാജ്യത്തിനകത്തു ശിഥിലീകരണ മത മൗലിക വാദ ശക്തികൾ എത്രത്തോളം പിടിമുറുക്കി കഴിഞ്ഞു എന്നാണ്. ഒരു വശത്തു അയോധ്യയിലെ  ക്ഷേത്ര നിർമാനത്തിനു ശില പാകി സവർണ ഹൈന്ദവ വികാരവും, മറുവശത്തു  വൈകാരിക പ്രകോപനങ്ങൾ സൃഷ്ട്ടിച്ചു മുസ്ലിം ജന വിഭാഗത്തെ കലാപ സമാനമായ ജീവിത അന്തരീക്ഷത്തിലേക്ക് തള്ളി  വിടുന്നത് രാഷ്ട്ര താല്പര്യത്തിനും ജനാധിപത്യ  സംവിധാനത്തിനും കനത്ത ക്ഷതം ഏൽപ്പിക്കും എന്നതിൽ  രണ്ടു പക്ഷമില്ല .

മത വിശ്വാസവും  അധികാര  രാഷ്ട്രിയവും

തത്തിന്റെ പേരിൽ അക്രമവും കൊള്ളയും കൊലയും നടത്തുന്നവർ യഥാർത്ഥ മത വിശ്വാസികൾ അല്ല എന്ന് ഏവർക്കും  അറിയാം. ” മത തീവ്ര വാദത്തിനു മതമില്ല ”

നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തു അരങ്ങേറുന്ന അക്രമങ്ങൾ പലതും മതത്തിന്റെയും വിശ്വാസത്തിന്റെയും  പേരിലാണ് എന്നതാണ്  വൈരുധ്യം .ഇക്കൂട്ടർക്ക്  സാമുദായിക രാഷ്ട്രീയ മേച്ചിൽ പുറങ്ങളിൽ സ്വീകാര്യത ലഭിക്കുന്നു എന്നത് വലിയ ആശങ്ക ജനിപ്പിക്കുന്നു. സമൂഹത്തിൽ വിള്ളലും അസ്വസ്ഥതയും സൃഷ്ടിക്കുന്നവർക്ക്‌  രാജ്യ വിരുദ്ധ ശക്തികളുമായുള്ള ബന്ധങ്ങളും സാമ്പത്തിക പിന്തുണയും ലഭിക്കുന്നുണ്ടോ എന്ന അന്വേഷണങ്ങളും പാതി വഴിയിൽ തന്നെ.

കൃത്യമായ ആസൂത്രണത്തോടെ, ആദ്യം ഈ അടവ് പരീക്ഷിച്ചത് കേരളത്തിലാണ്. പ്രവാചക നിന്ദ ആരോപിച്ചു, മുസ്ലിം വർഗീയ മത മൗലിക വാദികൾ നടത്തിയ കൊടും ക്രൂരത, കേരളീയ സമൂഹത്തിലെ മതേതര സംവിധാനത്തിന്

ജോസഫ് മാഷ്‌

വിള്ളലുകൾ വീഴ്ത്തി. ഹിന്ദുത്വ ശക്തികളും, വലതു മത തീവ്ര വാദികളും, തങ്ങളുടെ വർഗീയ അജണ്ട പ്രചരിപ്പിക്കാൻ ഇതൊരു അവസരമായി കണ്ടു .

പ്രൊഫസർ ജോസഫ് ഉൾപ്പെടുന്ന പരമ്പരാഗത കൃസ്ത്യൻ വിഭാഗത്തിനകത്തു പോലും  കടുത്ത അഭിപ്രായ ഭിന്നത സൃഷ്ടിക്കാൻ ബി ജെ പിയുടെ ആശയ പ്രചാരണത്തിന് കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. കാലാകാലങ്ങളായി കോൺഗ്രസ് രാഷ്ടിയം പിന്തുടരുന്നവരിൽ ചിലരെങ്കിലും ബിജെപി ആശയത്തിൽ പതുക്കെ ആകൃഷ്ടരായി. കേരളത്തിലെ  ചില ന്യുനപക്ഷങ്ങൾ അമിതമായി ഭരണ അധികാര കേന്ദ്രങ്ങളുടെ ഗുണ ഭോക്താക്കളാകുന്നു എന്ന  എ കെ  ആൻറണിയുടെ പ്രസ്‌താവന, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ അഞ്ചാം മന്ത്രി വിവാദവും ഇതര സമുദായങ്ങൾ ആശങ്കയോടെ കണ്ടു.

നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ കണ്ട് ഭ്രമിച്ചു ബി ജെ പി അനുഭാവികളായവരൊന്നുമല്ല അവർ. മറിച്ച് മുസ്ലീങ്ങളിൽ ഒരു വിഭാഗം മഹാ വർഗീയവാദികളാണെന്നും അവരെ നേരിടാൻ ബി ജെ പി ഉണ്ടെങ്കിലേ പറ്റൂ എന്ന ഭൂരിപക്ഷ ഹൈന്ദവ ശക്തികളുടെ രാജ്യത്തൊട്ടാകെയുള്ള  പ്രചാരണം ഇവരെ സ്വാധിനിച്ചു എന്ന് വേണം കരുതാൻ.

തൊടുപുഴ സംഭവം കൃസ്ത്യൻ കമ്മ്യൂണിറ്റിയിൽ വലിയ ഒരു ഭയപ്പാടുണ്ടാക്കിയിരുന്നു
ഇതു യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല. ഇത്തരം ഒരു സാഹചര്യം  ബോധപൂർവം സൃഷ്ടിച്ച് കൃസ്ത്യാനികൾക്കിടയിൽ അരക്ഷിത ബോധം ഉണ്ടാക്കാൻ വേണ്ടിയാവണം ജോസഫ് മാഷിൻ്റെ കൈവെട്ട് ആസൂത്രണം ചെയ്തത്. തൊട്ടുപിന്നാലെ ബി ജെ പി അവസരം  മുതലെടുക്കാൻ അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കി.

രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് കേരളത്തിൽ നിന്ന് എന്‍ ഡി എക്ക് പുറത്തു നിന്ന് ക്ഷണിക്കപ്പെട്ടവരിൽ 7 ൽ 6 പേരും വിവിധ കൃസ്ത്യൻസഭകളിലെ പുരോഹിതരാണ്. ബി ജെ പി അവരുടെ  കേരള പ്ലാൻ നടപ്പിലാക്കി തുടങ്ങുന്നതിന് മുമ്പ് നിലമൊരുക്കുന്നതിൽ  കൈവെട്ട്   കേസിന്  വലിയ  പ്രാധാന്യമുണ്ട്.

കർണാടകത്തിലെ ദളിതരെ പോലെ കേരളത്തിലെ കൃസ്ത്യാനികളും 19% വോട്ട് ബാങ്കാണ്. അതും ബി ജെ പി വിരുദ്ധ വോട്ട് ബാങ്ക്. അതിലുണ്ടാകുന്ന എതൊരു വിള്ളലും തങ്ങൾക്കു ഗുണം ചെയ്യുമെന്ന് ബി ജെ പി നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.

പുലികേശി നഗർ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തി

കർണാടകത്തിലെയും കേരളത്തിലെയും സംഭവങ്ങളിലെ സമാനത  ഈ അവസരത്തിൽ സൂക്ഷമായി വിലയിരുത്തേണ്ടതാണ്. എല്ലാ ഗെയിമും ഓപ്പറേറ്റ് ചെയ്യുന്നത് ഒരേ പ്ലാറ്റ് ഫോമിൽ   നിന്നാണോ  എന്ന  സംശയം അതുകൊണ്ട് തന്നെ സ്വാഭാവികം. എസ്.ഡി പി ഐ, പോപ്പുലർ  ഫ്രണ്ട് എല്ലാം, ചില നിഷിപ്ത താല്പര്യ കേന്ദ്രങ്ങളുടെ പരോക്ഷ പ്രതിനിധികളും ഉപകാരണങ്ങളുമാണെന്നും അവരുടെ അജണ്ടകൾ പ്രയോഗവത്കരിക്കാനുള്ള വെറും കോടാലി കൈകൾ മാത്രമാണ് എന്നുള്ള നിരീക്ഷണങ്ങൾ പലപ്പോഴും  ഉയർന്നിട്ടുണ്ട്. ഗെയിം പ്ലാനിലെ സമാനതകളിൽ വ്യത്യാസം ഒന്ന് മാത്രമേയുള്ളു, മതങ്ങളുടെ നാമം .

ബെംഗളൂരു കലാപവും കർണാടക രാഷ്ടിയവും

ക്ഷിണേന്ത്യയിൽ സംഘ് പരിവാരത്തിനു ആദ്യമായി രാക്ഷ്ട്രീയ അധികാരം ലഭിച്ച സ്ഥലമാണ് കർണാടക. ജാതി മത സമ വാക്യങ്ങൾ രാഷ്ട്രീയ ഗതി വിഗതികൾ നിർണയിക്കുന്ന കന്നഡ മണ്ണിൽ, ഭരണാധികാരം പിടിക്കാൻ വിവിധ ജാതി മത സംഘടനകളെ എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്. ലിംഗായത്, വൊക്കലിംഗ, മുസ്ലിം,ദളിത്  വോട്ടു ബാങ്ക് രാഷ്ട്രീയം എന്നും ശക്തമായി നിലകൊണ്ടു .

തെരെഞ്ഞെടുപ്പ്  രാഷ്ട്രീയത്തിൽ, വിവിധ ജാതി മത പ്രസ്ഥാനങ്ങളുടെ ബലാബലത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും അധികാര ഘടനയെ സ്വാധിനിക്കും. കോൺഗ്രസ് പിന്തുണച്ച കുമാര സ്വാമി സർക്കാരിനെ  ബി ജെ പി അട്ടിമറിച്ചതും ഈ കണക്കുകളുടെ പ്രായോഗിക വൽക്കരണം നടപ്പിലാക്കിയാണ്. ഒപ്പം  മൂലധന അധികാര രാഷ്ട്രീയത്തിൽ പങ്കു കച്ചവട സാധ്യതകളെ ഫലപ്രദമായി ഉപയോഗിച്ചും.

കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു വിജയിച്ച പുലികേഷ് നഗർ കോൺഗ്രസ്  എം എല്‍ എ ശ്രീനിവാസ മൂർത്തിയെ ലക്‌ഷ്യം വെച്ച്  മുസ്ലിം മൗലികവാദികൾ കലാപം സംഘടിപ്പിക്കുമ്പോൾ, യാഥാർഥ്യത്തിൽ നേട്ടം കൊയ്യുന്നത് സംഘ പരിവാരമാണ്. കൃത്യമായ  ആസൂത്രണത്തിലൂടെ കോൺഗ്രസ് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി ലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും

ദശാബ്ദങ്ങളുടെ നീണ്ട പരിശ്രമങ്ങളുടെ ഫലമായായി പിടിച്ചെടുത്ത ഭരണാധികാരം നില നിർത്തുവാനുള്ള ശ്രമങ്ങൾ ഒരു വശത്തു നടപ്പിലാക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ വർഗീയ അജണ്ടകളെ ജനങ്ങൾക്കിടയിൽ തുറന്നു കാട്ടിയ ദബോൽക്കർ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നി ധിഷണാശാലികളായ ബുദ്ധിജീവികളെ നിശ്ശബ്ദരാക്കാനും അവർക്കു കഴിഞ്ഞു.

ഇങ്ങിനെ രാഷ്ട്രീയ ആധിശത്തിനായുള്ള  പോരാട്ടത്തിൽ, എതിർ ധ്രുവത്തിലുള്ള കളിക്കാരെ ഉപയോഗിക്കാൻ വീണു കിട്ടുന്ന അവസരങ്ങളാണ് ബെംഗളൂരു കലാപം പോലെയുള്ള സംഭവങ്ങൾ. ഈ സാധ്യതൾ ഇങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നത്  സംസ്ഥാനത്തെ ഭാവി രാഷ്ട്രീയത്തെ സ്വാധിനിക്കും.

ഈ അവസരത്തിൽ, ബി ജെ പി അനുകൂല രാഷ്ട്രീയത്തിന് നിലമൊരുക്കുന്ന പ്രവൃത്തികളാണ്‌ എസ് ഡി പി ഐ പോലുള്ള സംഘടനകൾ ചെയ്യുന്നത്. ഇവരുടെ ബാറ്റിൽ നിന്ന് എഡ്ജ് എടുത്ത് ബി ജെ പി ക്ക്  യാദൃശ്ചികമായി ക്യാച്ച് കിട്ടുന്ന സ്ഥിതിയല്ല മറിച്ച് ബോധപൂർവം പന്ത് എറിഞ്ഞു ടൈം സെറ്റു ചെയ്ത് ബി ജെ പിയുടെ ക്യാച്ചിങ്ങ് പൊസിഷനിലേക്ക് പ്ലേസ് ചെയ്യുകയാണ്.

അതെ, മത മൗലികവാദത്തിന്റെയും സാമ്പത്തിക അധികാര രാഷ്ട്രീയത്തിന്റെയും ചേരുവകൾ നന്നായി വിളക്കി ചേർത്തുകൊണ്ടുള്ള പുത്തൻ അക്രമണോല്സുക മത വിഘടന വാദ പ്രത്യയശാസ്ത്രം രൂപപെടുത്താനുള്ള സംഘടിത ശ്രമങ്ങളാണ് ബെംഗളൂരു കലാപത്തിന്റെ അടിത്തട്ടിലുള്ള   രാഷ്ട്രീയം വിളിച്ചു പറയുന്നത് .

ജനിധിപത്യ മതേതര സംവിധാനത്തെ ദുർബല പെടുത്തുന്ന കെണികളിൽ ചെന്ന് വീഴാതെ സാമാന്യ ജനത്തെ ബോധവൽക്കരിക്കേണ്ടത് പുരോഗമന  ജനാധിപത്യ ശക്തികളുടെ കടമയാണ് . മത ന്യുന പക്ഷങ്ങൾ, ദലിതുകൾ, ആദിവാസികൾ, തൊഴിലാളികൾ ഉൾപ്പെടയുള്ള പിന്നോക്ക ജനവിഭാഗങ്ങളെ ശരിയായ രാഷ്ട്രീയ കാഴ്ച പ്പാടോടെ നയിക്കുവാനുള്ള ഉത്തരവാദത്തിൽ  എങ്ങിനെ അവർ വിജയിക്കുന്നു എന്നത് വരും കാല കർണാടക രാഷ്ട്രീയത്തെ സ്വാധിനിക്കുമെന്നതിൽ തർക്കമില്ല.

ജോമോന്‍ സ്റ്റീഫന്‍ I jomonks2004@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.