Follow the News Bengaluru channel on WhatsApp

ഇന്ത്യൻ ക്രിക്കറ്റിനെ രണ്ടു തവണ ലോകത്തിൻ്റെ നെറുകയിലെത്തിച്ച ധോണിയുടെ പടിയിറക്കവും വെർച്വൽ ലോകത്ത് വൻ വിജയം സ്വന്തമാക്കിയ ആലപ്പുഴക്കാരൻ്റെ പടികയറ്റവും-ഒരാഴ്ചക്കാലത്തെ രണ്ടു വിശേഷങ്ങൾ

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

എം എസ് ധോണി
വെറുമൊരു പ്രഖ്യാപനത്തിൽ ഒതുങ്ങിപ്പോകേണ്ട ഒരു വിടവാങ്ങൽ ആവരുതായിരുന്നു ധോണിയുടേത്

ഇന്ത്യയ്ക്ക് രണ്ടു ലോകകപ്പുകൾ നേടിക്കൊടുത്ത പ്രതിഭാസം. ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷർ. ഏതൊരു ടീമിനും എതിരെ കൂസലില്ലാതെ കീപ്പറും ക്യാപ്റ്റനും നല്ലൊരു ബാറ്റ്സ്മാനും ആയി ഒരേ സമയം നി‍ലകൊണ്ടൊരു മനുഷ്യൻ. ധോണിയുണ്ടാക്കിയ വിടവ് ഏറെക്കാലം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നിൽക്കും. തീർച്ച.

ഒരു വിടവാങ്ങൽ മത്സരത്തിനുപോലും അവസരം നൽകാതെയാണ് അദ്ദേഹത്തെ പറഞ്ഞുവിടുന്നത്. എത്രയോ മത്സരങ്ങൾ ഉണ്ടായിരുന്നു ലോകകപ്പിനുശേഷം. ഒരു മത്സരത്തിലെങ്കിലും അദ്ദേഹത്തെ ഉൾപ്പെടുത്താമായിരുന്നു.

ജീവിത വിജയങ്ങളുടെ അല്ലെങ്കിൽ നേട്ടങ്ങളുടെ കണക്കെടുപ്പിൽ എക്കാലത്തും പുലർത്തിപോരുന്ന ചില അടിസ്ഥാന കണക്കു കൂട്ടലുകളുണ്ട്. മികച്ച പ്രകടനം കൊണ്ട് ഒരു വ്യക്തി തിരിച്ചറിയപ്പെടുന്നു.
തിരിച്ചറിയൽ ബഹുമാനത്തിലേക്ക്….
ബഹുമാനം ശക്തിയിലേക്കും നയിക്കും….

വെറും സാധാരണക്കാരനിൽ നിന്നും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു ക്രിക്കറ്ററും ഹീറോയും ആയി വളർന്ന ധോണിയെ വിശേഷിപ്പിക്കാവുന്ന വാക്കുകൾ ..!

ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലൂം മാറാനാവാത്ത രണ്ടു ലോകോത്തര വിജയങ്ങൾ മതി ധോണിയെന്ന പ്രതിഭയെ ഇന്ത്യൻ ജനത എക്കാലത്തും നെഞ്ചിലേറ്റാൻ.

2007 സെപ്റ്റംബർ 24 ലെ സായാഹ്‌നം. ജോഹന്നാസ്ബർഗിൽ നടന്ന ആദ്യ  ലോക ടി  20  ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ മത്സരം. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണം. ഫോമിൽ ബാറ്റു ചെയ്യുന്ന മിസ്ബാഹ് ഉൽഹഖ് ക്രീസിൽ. അവസാന ഓവർ ബൗൾ ചെയ്യാൻ ധോണി ജോഗിന്ദർ ശർമയെ വിളിക്കുന്നു. രണ്ടാം ബോളിൽ   ഒരു സിക്സർ അടിച്ചുകൊണ്ടു മിസ്ബാഹ്, പാകിസ്താനെ വിജയത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. പക്ഷെ ക്യാപ്റ്റൻ ധോണി ജോഗിന്ദറിന്റെ അടുത്ത് ചെന്ന് ധൈര്യം പകർന്നു ചില ഉപദേശങ്ങൾ നൽകി. തൊട്ടടുത്ത പന്ത് ശ്രീശാന്തിന്റെ കൈയ്യിൽ. പാക്കിസ്ഥാൻ ഓൾ ഔട്ട്. ഇന്ത്യ ലോക ചാമ്പ്യന്മാർ …!

2011 ഏപ്രിൽ 2ന് ബോംബയിൽ നടന്ന ലോക ഏകദിന ട്രോഫി ഫൈനൽ. ശ്രീലങ്കക്ക് എതിരെ അവസാന ഓവറിൽ വിന്നിങ് ഷോർട് അടിച്ചു ധോണി ടീമിനെ വിജയത്തിലേക്ക് നയിച്ചു. മാൻ ഓഫ് ദി മാച്ച് അവാർഡ്‌ ധോണിക്ക്, ലോക കപ്പ് ഇന്ത്യക്ക്….!

ഇന്ത്യന്‍ ക്രിക്കറ്റിന് നികത്താവാനാത്ത നഷ്ടം സമ്മാനിച്ചാണ് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇടവേളയ്ക്ക് ശേഷം ധോണിയുടെ മടങ്ങിവരവ് സ്വപ്‌നം കണ്ടിരുന്ന ആരാധകരെ ഒന്നാകെ നിരാശപ്പെടുത്തി ആഗസ്റ്റ് 15ന് രാത്രിയിലാണ് ധോണി ഇന്ത്യന്‍ ജഴ്‌സി അഴിച്ചു വച്ചത്. ധോണി പടിയിറങ്ങിയതോടെ വിക്കറ്റിന് പിന്നില്‍ അടുത്തതാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ഒരു ചോദ്യം വല്ലാതെ ഉയരുന്നുണ്ട്. നിരവധി പ്രതിഭകൾ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ധോണി അവരിൽ നിന്നും വ്യത്യസ്തനാകുന്നത് എന്ത് കൊണ്ട് ?
അതിന് പ്രത്യേകിച്ചു കാരണം ഇന്ത്യൻ മെട്രോ സിറ്റി ബോയ് ആയിരുന്നില്ല ധോണി എന്നതാണ്.!   ജാർഖണ്ടിലെ റാഞ്ചിയിൽ നിന്നുള്ള ഒരു സാധാരണക്കാരൻ..!     റെയിൽവേ ടിക്കറ്റ് എക്‌സാമിനർ ആയി ജോലി ചെയ്തു, പതുക്കെ കായികരംഗത്തു തന്റെ കഴിവുകൾ പ്രദർശിപ്പിച്ചു, ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും നേട്ടങ്ങൾ ഉണ്ടാക്കിയ ക്യാപ്റ്റൻ.. പ്രതിസന്ധി ഘട്ടത്തിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരേ ഒരു ഇന്ത്യൻ ക്യാപ്റ്റൻ..

സച്ചിൻ ടെണ്ടുൽക്കർ മാസ്റ്റർ ബ്ലാസ്റ്റർ ആയിരുന്നു.. വളരെക്കാലം ഇന്ത്യൻ ടീമിന്റെ നേടും തൂൺ. ലോക  ക്രിക്കറ്റ് ഭൂപടത്തിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ അഭിമാനം.

പക്ഷെ ധോണി വ്യത്യസ്തനാകുന്നത്, പ്രതിസന്ധി നിറഞ്ഞ ഒരു മത്സരത്തിൽ, അവസാന ഘട്ടത്തിൽ രക്ഷകനായി മാറുവാൻ പലപ്പോഴും അദ്ദേഹത്തിന് കഴിയുമായിരുന്നു എന്നതുകൊണ്ടാണ്. മറ്റുള്ള എല്ലാ ഇന്ത്യൻ ക്യാപ്റ്റൻമാരും ഏതെങ്കിലും ഇന്ത്യൻ  മെട്രോ സിറ്റിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് വളർന്ന  “മെട്രോ  പ്രോഡക്റ്റുകൾ ”  ആയിരുന്നു,  ധോണി അങ്ങനെയായിരുന്നില്ല, തികച്ചും ഒരു  സാധാരണ ഇന്ത്യക്കാരൻ. ആദ്യകാലത്തു ഇന്ത്യൻ ടീമിൽ വരുമ്പോൾ ഇംഗ്ളീഷ് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ചോദ്യങ്ങൾക്കു ഹിന്ദിയിൽ ആയിരുന്നു ഉത്തരം കൊടുത്തിരുന്നത്. ക്രിക്കറ്റ് കമന്റേറ്റർ രവി ശാസ്ത്രി അത് ഇംഗ്ളീഷ് ഭാഷയിൽ പരിഭാഷ ചെയ്യുമായിരുന്നു. ഗവാസ്‌ക്കർ കംമെന്ടറി ബോക്സിൽ വെച്ച് പറയുമായിരുന്നു.. How An  Indian rural boy is playing spectacularly well… !

ഒരു ലീഡർ എങ്ങിനെ തന്റെ ടീമിനെ നയിക്കണം, സഹ കളിക്കാരെ എങ്ങിനെ പ്രോത്സാഹിപ്പിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് ധോണി എന്ന ക്യാപ്റ്റൻ . ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നതിലപ്പുറം ഇന്ത്യൻ യുവ മനസ്സുകളിൽ അദ്ദേഹം എന്നും ഒരു ഹീറോ ആയിരിക്കും. കോടിക്കണക്കിനു ജനങ്ങളെ ആവേശം കൊള്ളിക്കുന്ന, പ്രോചോദിപ്പിക്കുന്ന നായകൻ ..!

കേന്ദ്ര സർക്കാരിന്റെ വീഡിയോ കോൺഫ്രൻസിങ്ങ് സോഫ്റ്റ് വെയർ ചലഞ്ചിൽ മലയാളിക്ക് വിജയം

വിവര സാങ്കേതിക വിദ്യയിൽ ഒരു മലയാളി നേടിയെടുത്ത വിജയമാണ് ഈ ആഴ്ചയിലെ പ്രധാന വാർത്ത.

രാജ്യം ശ്രദ്ധിച്ച വളരെ പ്രധാനപ്പെട്ടൊരു നേട്ടം കൈവരിച്ചു മലയാളിയുടെ അഭിമാനമായി മാറിയത് ആലപ്പുഴക്കാരനായ ജോയി സെബാസ്റ്റ്യൻ. സൂം,ഗൂഗിൾ   എന്നി വീഡിയോ കോൺഫ്രൻസിങ്ങ് സോഫ്റ്റ് വെയർകൾക്ക് പകരമായി ഒരു ഇന്ത്യൻ ഉത്പന്നം വികസിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ചലഞ്ചിലാണ് ജോയി സെബാസ്റ്റ്യന്റെ സ്റ്റാർട്ട് അപ്പ് കമ്പനി  ‘ടെക്ജെന്‍ഷ്യ’ വിജയം നേടിയത്.

സൂമില്‍നിന്നും മറ്റു സോഫ്റ്റ്‌വേറുകളില്‍നിന്നും വ്യത്യസ്തമായി മികച്ച സാങ്കേതികമികവു പ്രകടിപ്പിച്ചതിനാലാണ് ഈ നേട്ടം കൊയ്യാൻ കേരളത്തിലെ ഒരു കൊച്ചു കമ്പനിക്ക് കഴിഞ്ഞത്. ആദ്യഘട്ടത്തില്‍ 12 കമ്പനികള്‍ ആപ്പ് വികസിപ്പിക്കാനുള്ള മത്സരത്തിൽ  ഇടംനേടിയിരുന്നു. അവയ്ക്കു  മൂലമാതൃക( പ്രോട്ടോ ടൈപ്പ്) വികസിപ്പിക്കാനായി അഞ്ചുലക്ഷം രൂപവീതം നല്‍കി. പിന്നീട് സാങ്കേതിക തികവിൽ മുന്നിൽ വന്ന മൂന്നു കമ്പനികളെ തിരഞ്ഞെടുത്തു, 20 ലക്ഷം രൂപവീതം നല്‍കി പൂർണ മാതൃക നിർമ്മിക്കാൻ ആവശ്യപ്പെട്ടു .ഇതു പരിശോധിച്ചാണ് ജൂറി ‘ടെക്ജെന്‍ഷ്യ’യെ വിജയിയായി പ്രഖ്യാപിച്ചത് .

എന്താണ്  വീഡിയോ കോൺഫറൻസിംഗ് ഇന്നൊവേഷൻ ചലഞ്ച്?

കോവിഡ് പശ്ചാത്തലത്തിലാണ് തനതായ ഒരു ഇന്ത്യൻ വീഡിയോ കോൺഫറൻസിംഗ് ടൂളിന്റെ  ആവശ്യകത ഏറെ ചർച്ചയായത്. രാജ്യത്തെ ഐടി കമ്പനികളിൽ നല്ല പങ്കും കുറഞ്ഞ ചെലവിൽ ഐടി സേവനങ്ങൾ വിദേശത്തു നിന്നും സബ് കോൺട്രാക്ട് എടുത്തു ചെയ്യുന്നവയാണ്. നൂതനമായ ഐടി പ്രോഡക്ടുകൾ താരതമ്യേന വളരെ കുറച്ചു മാത്രമേ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നുള്ളൂ.

ഈ പശ്ചാത്തലത്തിലാണ് വീഡിയോ കോൺഫറൻസിംഗിന് ഉപയോഗിക്കുന്ന സൂമിനും ഗൂഗിളിനും പകരം രാജ്യത്തിനു തനതായി ഒരു ടൂൾ ഉണ്ടാക്കാൻ ഇന്ത്യാ സർക്കാർ തീരുമാനിച്ചത്.

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കമുള്ള, മികച്ച വീഡിയോ റെസലൂഷനും ഓഡിയോ ക്വാളിറ്റിയും സാധ്യമാകുന്ന, എല്ലാ പ്ലാറ്റ് ഫോമിലും പ്രവർത്തിക്കുന്ന ഒരു ലോകോത്തര നിലവാരത്തിലുള്ള ഒരു വീഡിയോ കോൺഫറൻസിങ് ആപ്പ് വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് .

ഒട്ടേറെപ്പേരുമൊത്ത് ഒരേ സമയം വീഡിയോ കോൺഫറൻസുകൾ നടത്താൻ സാധിക്കണം. കുറഞ്ഞതും, കൂടിയതുമായ ബാൻഡ് വിഡ്ത്തിൽ പ്രവർത്തിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്ലാറ്റ് ഫോം ആർക്ക് ഉണ്ടാക്കാം? ഇതായിരുന്നു ഇന്നൊവേഷൻ ചലഞ്ച്.

ടെക്ജെൻഷ്യയുടെ പ്രോഡക്റ്റ് ആയ വി കൺസോളിനെ മറ്റു വീഡിയോ കോൺഫറൻസിംഗ് ടൂളുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന പ്രത്യേകത എല്ലാ വീഡിയോയും ഒറ്റ സ്ട്രീമിൽ പ്രക്ഷേപണം ചെയ്യുന്നു എന്നതാണ്. ഇത് പ്രവർത്തിപ്പിക്കാൻ ചെലവ് കുറഞ്ഞ ബാൻഡ് വിഡ്ത്ത് മതിയാകും എന്നാൽ മറ്റുള്ള ടൂളുകളിൽ പങ്കെടുക്കുന്ന ഓരോ ആളിന്റെയും വീഡിയോ പ്രത്യേകമായാണ് സ്ട്രീം ചെയ്യുക. അതുകൊണ്ട് വലിയ ബാൻഡ് വിഡ്ത്ത് വേണം.

ആപ്പ് ഉപയോഗിക്കുമ്പോൾ നല്ല ക്ലാരിറ്റി ഉണ്ടാകണമെന്നും ഒരേസമയം   മുപ്പതിലധികം പേർക്ക് പങ്കെടുക്കാൻ കഴിയണമെന്നായിരുന്നു ചലഞ്ചിന്റെ നിബന്ധന. എന്നാൽ’ വി കൺസോളിൽ’ നൂറിലധികം പേരെ പങ്കെടുപ്പിക്കാം. 300 പേർക്ക് കാണുകയും ചെയ്യാം. മീറ്റിങ്ങില്‍ ഒരാള്‍ കയറിയാലും 50 പേര്‍ കയറിയാലും ദൃശ്യമേന്മയില്‍ മാറ്റമില്ല.ലക്ഷ്യത്തിന് എത്രയോ അപ്പുറത്തേക്കുള്ള വിജയമാണ് ജോയിയും സംഘവും നേടിയെടുത്തത് ..!.

കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ മുന്നേറ്റത്തിന് ടെക്ജെൻഷ്യയുടെ വിജയം ഉത്തേജകമാകും.സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനു വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ വ്യവസായ വാണിജ്യ മന്ത്രാലയം 2018ൽ നടത്തിയ റാങ്കിംഗിൽ സ്റ്റാർട്ട് അപ്പുകൾക്കുള്ള ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം വളരെ മുന്നിലാണ്.

ഒരു സംരംഭകന് നല്ലൊരു പ്രോട്ടോടൈപ്പ് ഉണ്ടെങ്കിൽ അത് പ്രോഡക്ടായി വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായമുൾപ്പെടെ എല്ലാവിധ പിന്തുണയും   നല്കാൻ കേരള സർക്കാർ  തയ്യാറാണ്. കേരള സ്റ്റാർട്ട് അപ്പ് മിഷൻ, സർക്കാർ സ്ഥാപനമായ കെ.എഫ്.സി യുടെ സഹകരണത്തോടെ ബൃഹുത്തായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വരുന്ന അഞ്ചുവർഷം കൊണ്ട് 5000 നവസംരംഭകരെ വളർത്തിയെടുക്കാനാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിൽ പുതിയ വ്യവസായ സംരഭങ്ങൾ വരാനുള്ള സാഹചര്യമില്ല എന്ന് തല്പര കക്ഷികൾ കുപ്രപ്രചാരണം നടത്തുമ്പോഴാണ് ഒരു മലയാളിയുടെ വിജയ ഗാഥ. അടുത്തയിടെ കൊച്ചിയിലെ കുറച്ചു യുവജനങ്ങളുടെ സ്റ്റാർട്ട് അപ്പ് സംരംഭവമായ  ബെവ് ക്യൂ ആപ്പിനെതിരെ ഉണ്ടായ കോലാഹങ്ങൾ ഈ സമയം ഓർക്കേണ്ടതാണ്. ഒരു വശത്തു ന്യുതന ഐ ടി വ്യവസായങ്ങൾ വരാനുള്ള സാഹചര്യം കേരളത്തിൽ സൃഷ്ഠിക്കുന്നില്ല എന്ന് മാധ്യമങ്ങളടക്കമുള്ള കക്ഷികൾ വിമർശനം ഉയർത്തുകയും അതെ സമയം പുതുതായി വളർന്നു വരുന്നവയെ വസ്തുനിഷ്ഠമല്ലാത്ത ആക്ഷേപങ്ങൾ നിരത്തി നിരുത്സാഹിപ്പിക്കുകയും ചെയുന്ന പ്രവണത അവസാനിപ്പിച്ചാൽ കേരളത്തിന്റെ ഭാവി ശുഭകരമായിരിക്കും.

ജോമോൻ സ്റ്റീഫൻ
jomonks2004@gmail.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.