പ്രണബ് ദാ – വിടവാങ്ങിയത് സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും കരുത്തനായ ഭരണകര്‍ത്താവും
ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളും, സമീപകാല ഇന്ത്യയിലെ മികച്ച പാര്‍ലമെന്റേറിയനുമായ പ്രണബ് കുമാര്‍ മുഖര്‍ജി വിടവാങ്ങുമ്പോള്‍ ഓര്‍മ്മയാകുന്നത് കരുത്തനായ ഒരു നേതാവ് മാത്രമല്ല, സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖം കൂടിയാണ്.
നെഹ്രുവിന്റെ മരണ ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ സമകാലീനനും വലം കൈയ്യുമായ വികെ കൃഷ്ണമേനോന്‍ എന്ന പ്രഗല്‍ഭനായ നേതാവിന്റെ തെരഞ്ഞെടുപ്പ് ചുമതലയിലുടെ പൊതു രംഗത്ത് ഹരി ശ്രീ കുറിക്കാന്‍ പ്രണബ് മുഖര്‍ജിക്ക് ഭാഗ്യം ലഭിച്ചു.
രാഷ്ട്രീയ സാഹിത്യ മേഖലയില്‍ ധിഷണ ശാലികളെ എന്നും സംഭാവന ചെയ്തിട്ടുള്ള ബംഗാളിന്റെ തട്ടകത്തില്‍ നിന്നും സിദ്ധാര്‍ഥ് ശങ്കര്‍ റായുടെ ആശീര്‍വാദത്തോടെ അധികാര സിരാകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്തിലേക്കു മെല്ലെ അടിവെച്ചു ഉയരാന്‍ പ്രണബ് ദാക്ക് അധികം നാള്‍ വേണ്ടി വന്നില്ല.
1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയില്‍ ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, സ്വാതന്ത്ര്യ സമര നേതാവായിരുന്ന കെ. കെ . മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്‍ജിയുടെയും മകനായാണ് ജനനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.
1969 ല്‍ ബംഗാളിലെ മിഡ്‌നാപൂരില്‍ നടന്ന ഉപ തെരെഞ്ഞെടുപ്പില്‍ വികെ കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതല നിര്‍വഹിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത് . അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവ് കണ്ട് ഇന്ദിരാഗാന്ധി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും , അതെ വര്‍ഷം ജൂലായില്‍ തന്റെ മുപ്പത്തി അഞ്ചാമത്തെ വയസ്സില്‍ പ്രണബ് മുഖര്‍ജി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാല്‍കുത്തിയ ചരിത്രദിവസമാണ് താന്‍ രാജ്യസഭയുടെ പടികയറിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . പിന്നീട് 1975,1981,1993,1999 എന്നീ വര്‍ഷങ്ങളിലും പ്രണബ് രാജ്യസഭയിലെത്തി.
കോണ്‍ഗ്രസ് വൃത്തങ്ങളില്‍ പ്രണബ് ദാ ‘മാന്‍ ഓഫ് ഓള്‍ സീസണ്‍സ്’, ട്രബിള്‍ ഷൂട്ടര്‍ എന്നൊക്കെ വിളിക്കപ്പെട്ടു . 1973 ലെ ഇന്ദിരാ ഗവണ്‍മെന്റില്‍ പ്രണബ് സഹ മന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനെന്ന നിലയില്‍ അടിയന്തരാവസ്ഥ കാലത്തെ ആരോപണങ്ങള്‍ പ്രണബിന് നേര്‍ക്കും നീണ്ടു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ പ്രണബ് ധനമന്ത്രിയായി അവരോധിക്കപ്പെട്ടു.എന്നാല്‍, 1984 ഒക്ടോബര്‍ 31ന് ഇന്ദിര കൊല്ലപ്പെട്ടതോടെ പ്രണബിന്റെ രാഷ്ട്രീയഗ്രാഫും അധികാര സ്വാധീനങ്ങളും ഇടിഞ്ഞു.
ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാജീവ്ഗാന്ധിക്കൊപ്പം പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രണബ് മുഖര്‍ജി. അടുത്ത പ്രധാന മന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് അധികാര ഇട നാഴികളിലെ ഉപജാപക വൃന്ദങ്ങള്‍ പ്രണബിനെ പിന്നില്‍ നിന്നും കുത്തി .കുടുംബവാഴ്ചയെ എതിര്‍ക്കുന്നവന്‍ എന്ന ദുഷ്പേര് ചാര്‍ത്തികൊടുത്തു മുഖര്‍ജിയെ രാജീവ് ഗാന്ധിയില്‍ നിന്നും അകറ്റി, കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.
പ്രണബിന്റെ പിതാവും കോണ്‍ഗ്രസ് നേതാവുമായ കെ കെ മുഖര്‍ജി അന്തരിച്ചപ്പോള്‍ അനുശോചനസന്ദേശം അയക്കാന്‍പോലും രാജീവ് തയ്യാറായില്ല. തുടര്‍ന്ന് ബംഗാളില്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ്’ എന്ന പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല . 87ല്‍ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോള്‍ അദ്ദേഹം രാഷ്ട്രീയമായി ഒറ്റപെട്ടു. പിന്നീട് രാജീവ് ഗാന്ധിയുടെ മരണശേഷം 1993ലാണ് രാജ്യസഭയിലൂടെ വീണ്ടും പാര്‍ലമെന്റിലെത്തുന്നത്.
1969നും 2012നും ഇടയില്‍ ഈ ആറുവര്‍ഷം മാത്രമാണ് പ്രണബ് പാര്‍ലമെന്റ് അംഗമാകാതിരുന്നത്. രാജീവ് കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട മുഖര്‍ജിയെ തമിഴ് നാട്ടില്‍ നിന്നുള്ള നേതാവ് ജി കെ മൂപ്പനാര്‍ ഇടപെട്ടാണ് രാജീവിന്റെ അവസാനഘട്ടത്തില്‍ എഐസിസി വ്യക്താവായി തിരികെ കൊണ്ടുവന്നത് .
രാജിവന്റെ മരണശേഷം 1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായതോടെ വീണ്ടും ശക്തനായി. ആദ്യം ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍. പിന്നീട് ധനമന്ത്രി.
സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി 1998ല്‍ സോണിയ ഗാന്ധിയെ നിയമിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പ്രണബാണ്.
പ്രവര്‍ത്തകസമിതി അംഗങ്ങളും അക്കാലത്തെ മുതിര്‍ന്ന നേതാക്കളുമായ ശരദ് പവാറും പി എ സാങ്മയും താരീഖ് അന്‍വറും സോണിയയുടെ വിദേശജന്മ പ്രശനമുയര്‍ത്തി കലാപമുണ്ടാക്കിയപ്പോള്‍ മൂവരെയും പുറത്താക്കാന്‍ മുന്നില്‍ നിന്നു. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന്‍. അപ്പോഴും പ്രധാനമന്ത്രി പദം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.
ഒന്നും രണ്ടും യുപിഎ സര്‍ക്കാരിന്റെ പ്രധാന പ്രശ്‌നപരിഹാരകന്‍ പ്രണബ് ആയിരുന്നു. മുപ്പത്തേഴ് വര്‍ഷം പാര്‍ലമെന്റ് അംഗമായ പ്രണബ് മുഖര്‍ജിക്ക് ലഭിക്കാതെ പോയത് പ്രധാനമന്ത്രി പദവിമാത്രം. പ്രധാനമന്ത്രിപദത്തിനരികിലെത്തിയത് ഒന്നിലേറെ തവണ. 2004 ല്‍ ബംഗാളിലെ ജംഗിപൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭാ അംഗമായി
വിജയിച്ചു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയോഗം സോണിയഗാന്ധിയെ നേതാവാക്കി. ബിജെപി സോണിയയുടെ ജന്മസ്ഥലം ഉന്നയിച്ച് പ്രചാരണം നടത്തിയതോടെ അവര്‍ പിന്മാറി. പകരം പ്രധാന മന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് മന്‍മോഹന്‍സിങ്ങിനെ.
ധനമന്ത്രിയായിരിക്കെ തന്റെ വകുപ്പിന് കീഴില്‍ റിസേര്‍വ് ബാങ്ക് ഗവെര്‍ണറായി ജോലി ചെയ്ത മന്‍മോഹന്‍സിങ് നയിക്കുന്ന സര്‍ക്കാരില്‍ മന്ത്രിയായി ചേരില്ലെന്ന് വാര്‍ത്ത വന്നത് പ്രണബിനെ അസ്വസ്ഥനാക്കി.അദ്ദേഹത്തിന് സര്‍ക്കാരില്‍ അംഗമാകാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ വന്നു, തുടര്‍ന്ന് സോണിയ ഗാന്ധി ഇടപെട്ടു മന്ത്രി സഭയില്‍ അംഗമാകാന്‍ നിര്‍ബന്ധിച്ചു. വിയോജിപ്പുകള്‍ മാറ്റി വെച്ചുകൊണ്ട് അദ്ദേഹം ഗാന്ധി കുടുംബവുമായി സഹകരിച്ചു .
2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം സ്‌പെക്ട്രം അഴിമതി തുടങ്ങി 183 വിഷയങ്ങളില്‍ ചെറുതും വലുതുമായ മന്ത്രിതല സമിതി രൂപീകരിച്ചപ്പോള്‍ 83 സമിതിയുടെയും തലവനായി . മികച്ച പാര്‍ലമെന്ററിയന്‍ എന്ന രീതിയിലും പേരെടുത്ത പ്രണബ് 44 വര്‍ഷംനീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വിദേശം, പ്രതിരോധം, ധനം, വാണിജ്യം തുടങ്ങി പ്രധാന വകുപ്പുകളെല്ലാം കൈകാര്യംചെയ്തു.
മന്‍മോഹന്റെ സാമ്പത്തികനയത്തോട് വിയോജിപ്പുള്ളതിനാല്‍ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രണബ് സോണിയയെ അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ വകുപ്പുകളില്‍ ഏതെങ്കിലുമാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് പ്രതിരോധം.
കോഴവിവാദത്തില്‍ നട്വര്‍സിങ് രാജിവച്ചതോടെ 2005 ഡിസംബറില്‍ പ്രണബ് വിദേശമന്ത്രാലയത്തിലെത്തി. 2009 ജനുവരിയില്‍ മന്‍മോഹന്‍സിങ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍ പ്രണബിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല ലഭിച്ചു.
ധനമന്ത്രി എന്ന നിലയില്‍ എടുത്ത തീരുമാനങ്ങളും UPA യിലെ ഇതര കക്ഷികളെ ഏകോപിപ്പിച്ചു മുന്നോട്ടു പോകുന്നതില്‍ പ്രകടമാക്കിയ പ്രഗല്‍ഭ്യവും രണ്ടാം യുപിഎ സര്‍ക്കാരിന്റെ വരവിന് കാരണമായെന്ന് പ്രണബ് തന്നെ അവകാശപ്പെട്ടിട്ടുണ്ട്..
2012 ലെ നിര്‍ണ്ണായക പ്രസിഡന്റ് തെരെഞ്ഞെടുപ്പ് സമയത്തു സര്‍വ സമ്മതനായി പ്രണബ് മുഖര്‍ജിയുടെ പേര് ഉയര്‍ന്നു വന്നു .ആദ്യം ആനുകൂലമായല്ല കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിച്ചത് . ഒടുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലില്‍ നിന്നുമുള്ള കനത്ത ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രണബിനെ രാഷ്ട്രപതിയാക്കാന്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ്സും സമ്മതിച്ചത്.
എന്നാല്‍ പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ച കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയ അബദ്ധം കാണിച്ചു എന്ന് കരുതുന്ന രാക്ഷ്ട്രീയ നിരീക്ഷകരുമുണ്ട് . ദീര്‍ഘ കാല രാഷ്ട്രീയ സംഘടനാ പരിചയമുള്ള പ്രായോഗികമതിയായ നേതാവിനെയാണ്
ഭരണതലത്തില്‍ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത് എന്നാണ് അവര്‍ വാദിച്ചത് .
അദ്ദേഹം തന്റെ രാഷ്ട്രീയ കര്‍മ്മങ്ങളുമായി, രാഷ്ട്രപതി ഭവനിലേക്ക് പോയ തിനുപകരം തന്റെ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍തന്നെ തുടരുകയായിരുന്നെങ്കില്‍, ഒരു പക്ഷേ ഇന്ത്യയുടെ ചരിത്രം തന്നെ , ഒരല്‍പ്പം വഴിമാറിപ്പോകുമായിരുന്നു എന്ന്
വിശ്വസിക്കുന്നവരും ചിന്തിക്കുന്നവരും ധാരാളം ..!
അധ്യാപകനായും പത്രപ്രവര്‍ത്തകനായും ഔദ്യോഗിക ജീവിതം തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകനായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ബംഗാളിലെ ഇടതു രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ഭൂമികയുടെയും സ്വാധീനമാകാം , പ്രണബ് മുഖര്‍ജി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ഡെന്‍ സിയാവോ പെങ്ങിന്റെ ആരാധകനായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇന്ത്യയിലെ മുഖ്യ ധാര ഇടതു നേതാക്കളുമായി നല്ല ബന്ധം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. വാസ്തവത്തില്‍ 2007 ല്‍ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്ട്രപതി പദത്തിലേക്ക് നിര്‍ദേശിക്കുന്നത്.
രാഷ്ട്രീയത്തിലെ ഒരു ജ്ഞാന വൃക്ഷമായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അദ്ദേഹം അറിവിന്റെ നിറകുടവും അക്ഷരാര്‍ത്ഥത്തില്‍ ഒരു സര്‍വ്വ വിജ്ഞാനകോശവുമായിരുന്നു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു.
2019-ല്‍ ഭാരത രത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2008ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
അമ്പത് വര്‍ഷങ്ങള്‍ നീണ്ട പൊതുജീവിതം അവസാനിപ്പിച്ച് പ്രണബ് കുമാര്‍ മുഖര്‍ജി വിടവാങ്ങിയപ്പോള്‍, രാജ്യത്തിന് നഷ്ടപെട്ടത് സിദ്ധാന്തങ്ങളിലും പ്രായോഗത്തിലും അഗ്രഗണ്യനായ ഒരു ചാണക്യനെയും രാഷ്ട്ര തന്ത്രഞനെയുമായിരുന്നു.
സമര്‍ഥനായ രാഷ്ട്രീയക്കാരന്‍,നിപുണനായ ഭരണാധികാരി,തന്ത്രജ്ഞനായ പ്രശ്‌ന പരിഹാരി,വിദഗ്ധനായ സമവായ വാദി,പണ്ഡിതനായ പ്രായോഗിക വാദി തുടങ്ങിയ വിലാസങ്ങളില്‍ തിളങ്ങിയ ആ ധന്യ ജീവിതം ശത കോടി ഇന്ത്യന്‍ മനസ്സുകളില്‍ എക്കാലത്തും ജീവിക്കും എന്നതില്‍ തര്‍ക്കമില്ല.
jomon stephan I jomonks2004@gmail.com
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
