Follow the News Bengaluru channel on WhatsApp

മനീഷ വാല്‍മീകി- യു പിയിലെ ഹത്രാസില്‍ നിന്നും ഭാരതത്തിന്റെ ആത്മാവിലേക്ക് അഗ്‌നി പടര്‍ത്തിയ പെണ്‍കുട്ടി

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

ദില്ലിയിലെ രാജവീഥികളില്‍ നീതിക്കുവേണ്ടിയുള്ള നിലവിളി ഉയര്‍ത്തിയ ‘നിര്‍ഭയ’ സംഭവത്തിന് ശേഷം, ഇന്ത്യ മഹാരാജ്യത്തിന്റെ തെരുവുകളിലും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനസ്സുകളിലും ഒരിക്കല്‍ കൂടി നീതിനിഷേധത്തിന് എതിരായുള്ള പ്രതിഷേധങ്ങളുടെ കനലുകള്‍ വീണ്ടും എരിയുകയാണ്.

മെഴുകുതിരികള്‍ കത്തിച്ചു പിടിച്ച യുവത്വങ്ങള്‍ ഭരണകൂടത്തിന്റെ നെറികേടിനെതിരെ വീണ്ടും ഉച്ചത്തില്‍ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു. പ്രമാണിമാരായ ഭരണവര്‍ഗ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സത്യം പറയാനുള്ള നാവും ശക്തിയും നല്‍കാന്‍ ഈ പ്രതിഷേധങ്ങള്‍ക്കു കഴിയുമോ എന്നറിയില്ല. എന്നാല്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിയുടെയും ജീവനും മാനവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍, രാഷ്ട്ര പിതാവിന്റെ ജന്മ ദിനത്തില്‍ നടക്കുന്ന കാഴ്ചയാണ് ലോകം ദര്‍ശിച്ചത്.

സെപ്റ്റംബര്‍ 14ന് നാല് സവര്‍ണ യുവാക്കള്‍ ചേര്‍ന്ന് 19 വയസുള്ള ദളിത് യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും, തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 29 ) ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് യുവതി മരണപെട്ടു . സംഭവത്തില്‍ പോലീസ് പരാതി സ്വീകരിക്കാന്‍ വൈകിയെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ മരണശേഷം കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം അര്‍ധരാത്രിയില്‍ പോലീസ് സംസ്‌കരിക്കുകയും പിറ്റേ ദിവസം ബലാത്സംഗം നടന്നിട്ടില്ലെന്ന് പോലീസ് പ്രഖ്യാപിക്കുകയും ചെയ്തു.

സത്യം വിളിച്ചു പറഞ്ഞത് മാധ്യമങ്ങള്‍

സത്യസന്ധതയും അര്‍പ്പണമനോഭാവമുള്ള ചില മാധ്യമ പ്രവര്‍ത്തകരാണ് ആ പെണ്കുട്ടിയോടും കുടുംബത്തോടും ഭരണകൂടം കാണിച്ച ക്രൂരത ലോകത്തെ അറിയിച്ചത്. ABP TV ചാനല്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രതിമ മിശ്രയും ഛായാഗ്രാഹകന്‍ മനോജ് അധികാരിയും ഇന്ത്യ ടുഡെ റിപ്പോര്‍ട്ടര്‍ തനുശ്രീ പാണ്ഡെയും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പുതിയ അനുഭവം എഴുതിച്ചേര്‍ത്തിരിക്കുന്നു. ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ അതിക്രൂരമായി പീഢിപ്പിച്ച് അതിപൈശാചികമായി കൊലചെയ്തപ്പോള്‍ ഇന്ത്യയിലെ ദേശിയ മാധ്യമങ്ങള്‍ പ്രതികള്‍ക്കൊപ്പം കൂട്ടുപ്രതികളെപ്പോലെ നിലകൊണ്ടപ്പോള്‍ യുപിയില്‍, ഹത്രാസില്‍ എന്താണ് നടന്നത്, എന്താണ് നടക്കുന്നത് എന്ന് സധൈര്യം ലോകത്തോട് വിളിച്ചു പറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍. ആ ധീരരായായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.

പലവട്ടം യോഗി ആദിത്യനാഥിന്റെ പോലീസ് ഭീക്ഷണി മുഴക്കി, ഹത്രാസില്‍ തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു.പക്ഷെ, ഒരു കൂസലുമില്ലാതെ വീണ്ടും വീണ്ടും സത്യം അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു .ഹത്രാസില്‍ തുല്ല്യതയില്ലാത്ത പീഢനങ്ങള്‍ക്കൊടുവില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട 19 വയസ്സുകാരിയായ ആ ദലിത് പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് തോക്കേന്തി നില്‍ക്കുന്ന യോഗിയുടെ പോലീസിനെ ഒട്ടും കൂസാതെ അവര്‍ അവരുടെ കൃത്യനിര്‍വഹണം നടത്തി.

ഗൗരി ലങ്കേഷും ഡോക്ടര്‍ കഫീല്‍ ഖാനും,ജസ്റ്റിസ് ലോയയും, പ്രശാന്ത് ഭൂഷണും, ഗോവിന്ദ പന്‌സാരെയും, നരേന്ദ്ര ധാബോല്‍ക്കറും, അനന്തമൂര്‍ത്തിയും, പ്രകാശ് രാജും, ഹേമന്ത് കര്‍ക്കരയും, സഞ്ജീവ് ഭട്ടിനുമെല്ലാം ശേഷവും നീതിയുടെ ശബ്ദങ്ങളും വെളിച്ചങ്ങളും നാമവിശഷമായിട്ടില്ല . നീതിക്കുവേണ്ടി നിലകൊള്ളുന്ന ഒരായിരം പുതു ശബ്ദങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ അലയടിക്കുകയാണ്.

ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്ന യോഗി ഭരണം

ദളിത് പെണ്‍കുട്ടികള്‍ നിരന്തരം ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാവുകയാണ് യു പിയില്‍. യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രക്തച്ചൊരിച്ചില്‍ പെരുകി. അക്രമി സംഘങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ പിന്തുണ അവര്‍ക്കാണ്. ഹത്രാസ് കേസിലും ബലാല്‍സംഗം നടന്നിട്ടില്ല എന്നു സ്ഥാപിക്കാനാണ് പൊലീസിനു ധൃതി. മരിച്ച വീട്ടില്‍ ഒന്ന് ഉറക്കെ കരയാനാവാതെ ഭയന്നു കഴിയുകയാണ് കുടുംബം. മകളുടെ മുഖം അവസാനമായി ഒന്നു കാണാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. പുറത്തിറങ്ങാന്‍ അനുവാദമില്ല. മിണ്ടരുത് എന്നാണ് ഉത്തരവ്. മൊബൈല്‍ ഫോണ്‍പോലും മാറ്റിയിരിക്കുന്നു എന്നാണ് സഹോദരന്‍ പറഞ്ഞത്. നരേന്ദ്ര മോഡി വാഗ്ദാനം ചെയ്യുന്ന ഏതു രാമ രാജ്യത്തിലാണ് നാം ജീവിക്കുന്നത് ??

പ്രതിഷേധങ്ങളെ തുടര്‍ന്ന് ഹത്രാസിലേക്കുള്ള റോഡുകളെല്ലാം അടച്ചു പൂട്ടിയിട്ട് ദിവസങ്ങളായി. പെണ്‍കുട്ടിയുടെ ജഡം കത്തിച്ചുകളഞ്ഞ് കുടുംബത്തെ വീട്ടു തടങ്കലിലാക്കി അവിടെ കാവല്‍നില്‍ക്കുകയാണ് യു പിയിലെ പൊലീസ്. ആ പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ദില്ലിയില്‍നിന്നു പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അക്രമിച്ചു പിടികൂടി തിരിച്ചയക്കുന്നതും രാജ്യം കണ്ടു.

അവസാന മൊഴിയില്‍ താന്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു എന്നു പരാതിപ്പെട്ട പെണ്‍കുട്ടിയെ മരണശേഷവും അപമാനിക്കുകയാണ് യോഗി സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്താനും കുടുംബാംഗങ്ങളെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊതുപ്രവര്‍ത്തകരെയും അകറ്റിനിര്‍ത്താനും പൊലീസ് പ്രകടിപ്പിക്കുന്ന തിണ്ണമിടുക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അതൊരു ബലാല്‍സംഗമേ ആയിരുന്നില്ലെന്ന് പൊലീസ് വാശിപിടിക്കുന്നു. ഉടലുകീറി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞേക്കും. ഇതെല്ലാം കാണുമ്പോള്‍ യു.പി ഇന്ത്യയുടെ ഭാഗമാണോ, നാം ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണോ എന്നല്ലാമുള്ള ചോദ്യങ്ങള്‍ ഉയരുന്നു.

തീവ്ര ഹിന്ദുത്വ നിലപാടിലൂടെ ഉത്തര്‍പ്രദേശില്‍ അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുടെ ചുവടുപിടിച്ചാണ് ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തിയത്. ഇതിന്റെ പിന്നില്‍ മുഖ്യമായും പ്രവര്‍ത്തിച്ചതും അജയ് ബിഷ്ട്ട് എന്ന യോഗി ആദിത്യനാഥ് തന്നെയാണ്.

ദളിതരും ദരിദ്രരും ന്യുനപക്ഷങ്ങളും ഇത്രയധികം വേട്ടയാടപ്പെടുന്ന, ആക്രമിക്കപ്പെടുന്ന, ബലാത്സംഗം ചെയ്യപ്പെടുന്ന, കൊലചെയ്യപ്പെടുന്ന നാട് ഇന്ത്യയില്‍ വേറെ എവിടെയാണുള്ളത് ..?

പ്രതിഷേധം ശക്തമാക്കി നേതാക്കളും പാര്‍ട്ടികളും

കേസിലെ വീഴ്കള്‍ മറച്ചുവെക്കാനായി ഇരയുടെ കുടുംബത്തെക്കൊണ്ട് നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പിടുവിക്കുകയാണെന്നും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അവരെ കാണാന്‍ അനുവദിക്കാത്തത അതുകൊണ്ടാണെന്നും ഗുജറാത്ത് എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനി ആരോപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മോദി മൗനം വെടിയണമെന്നും സുപ്രീം കോടതി ഇടപെടണമെന്നുമായിരുന്നു ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ വാക്കുകള്‍. ‘ഞങ്ങള്‍ ഹാത്രസ് സന്ദര്‍ശിക്കും, ഇരയ്ക്ക് നീതി ഉറപ്പാക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നതു വരെ പ്രതിഷേധം അവസാനിപ്പിക്കില്ല.’ അദ്ദേഹം പറഞ്ഞു.

 

ഉത്തര്‍ പ്രദേശില്‍ ‘ ജംഗിള്‍ രാജ് ‘ ഭരണമാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ആരോപിച്ചു. ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ നിര്‍ഭയ സംഭവത്തിനെതിരെയുണ്ടായതിന് സമാനമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് ദില്ലി ജന്തര്‍ മന്ദറില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. നീതി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിഷേധം ആളിക്കത്തുന്നു.

ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ദില്ലിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി, രൂക്ഷമായ ഭാഷയിലാണ് നേതാക്കള്‍ ബിജെപി സര്‍ക്കാരിന് എതിരെ പ്രതികരിച്ചത്.
വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യാ ഗേറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.നടി സ്വര ഭാസ്‌കര്‍ മുതല്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ജന്തര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ബി ജെ പി ക്യാമ്പിലും പ്രതിഷേധം

യുപി പോലീസിന്റെ ‘സംശയകരമായ പ്രവൃത്തികള്‍’ സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായ നശിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവായ ഉമാ ഭാരതിയുടെ വാക്കുകള്‍. ഇരയായ യുവതിയുടെ ദളിത് കുടുംബത്തിന് ആരെയെങ്കിലും കാണുന്നതിന് ഏതെങ്കിലും നിയമങ്ങള്‍ തടസ്സമുണ്ടെന്ന് കരുതുന്നില്ലെന്നും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും അവരെ കാണാന്‍ അവസരമൊരുക്കണമെന്നും ഉമാ ഭാരതി ആവശ്യപ്പെട്ടു. ‘നമ്മള്‍ അടുത്തിടെയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടുകയും രാജ്യത്ത് രാമരാജ്യം കൊണ്ടുവരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തത്. പക്ഷെ പോലീസിന്റെ സംശയകരമായ പ്രവൃത്തികള്‍ നിങ്ങളുടെയും യുപി സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായയിടിച്ചു.’ ഉമാ ഭാരതി ട്വീറ്റ് ചെയ്തു. വന്‍ പ്രതിഷേധമുയര്‍ന്ന സംഭവത്തില്‍ ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് യുപി സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്.

കുടുംബത്തിന് ഭീഷണിയുമായി യു .പി . സര്‍ക്കാരും ഉദ്യോഗസ്ഥരും

നരകയാതന അനുഭവിച്ച് മരണത്തിന് കീഴടങ്ങിയ യുവതിയുടെ കുടുംബത്തിന് ഭീഷണിയുമായി ഉദ്യോഗസ്ഥര്‍. ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലശ്കറാണ് കുടുംബാംഗങ്ങള്‍ക്ക് നേരെ ഭീഷണിയുയര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ അല്പം കഴിഞ്ഞാല്‍ മടങ്ങും, പിന്നെ ഞങ്ങള്‍ മാത്രമെ നിങ്ങളുടെ കൂടെയുണ്ടാകൂ, മൊഴി തിരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, എന്നിങ്ങനെയായിരുന്നു ഭീഷണി. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പെണ്‍കുട്ടിയുടെ സംസ്‌കാരം നടത്തിയത് പ്രവീണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് ജില്ലാ ഭരണകൂടത്തിനെതിരെ ഉയര്‍ന്നത്.

ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്താനൊരുങ്ങി യുപി സര്‍ക്കാര്‍. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ പറയുന്നു . മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിനു പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതിനാലാണ് നുണപരിശോധന നടത്തുന്നതെന്ന് യുപി പൊലീസ് വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസ് മേധാവിയും സംഭവത്തെ ന്യായികരിച്ചു രംഗത്ത് വന്നു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ മൊഴിയിലും പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ലെന്നും മര്‍ദിച്ചെന്നു മാത്രമാണു സൂചിപ്പിച്ചതെന്നുമായിരുന്നു എഡിജിയുടെ വിശദീകരണം.കഴുത്തിലുണ്ടായ പരുക്കാണു മരണകാരണമെന്നും അദ്ദേഹം പറയുന്നു .

ദളിത് സ്ത്രീ പീഡനത്തിന് എന്ന് അറുതി വരും ?

രാജസ്ഥാന്‍ , ഉത്തര്‍ പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഢ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് സ്ത്രീ പീഡന സംഭവങ്ങള്‍ തുടര്‍ കഥയാവുകയാണ്.
ഹാത്രസില്‍ ഒരു പശുവാണ് കൊല്ലപ്പെട്ടതെങ്കില്‍ , ഒരുപക്ഷെ നാടിന്റെ സ്ഥിതി വേറെ ഒരു തരത്തില്‍ ആകുമായിരുന്നു …
ഒരു മനുഷ്യ സ്ത്രീ സമാനതകളില്ലാത്ത വിധം പീഡിപ്പിക്കപ്പെടുകയും നിലവിളിക്കാന്‍ അവസരം നല്‍കാതെ നാവ് മുറിച്ചെടുക്കപ്പെടുകയും ചെയ്ത ക്രൂരമായ കൊലപാതകത്തോട് നിശ്ശബ്ദരായിരിക്കാന്‍ ആവശ്യപ്പെടുന്ന ഭരണകൂട ഭീകരതയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് ?

ഗംഗയുടെയും സരയു നദിയുടെയും തീരത്ത് പുത്തന്‍ കല്ലിടല്‍ നടത്തി ചരിതങ്ങള്‍ ചമച്ചു ലക്ഷ്യമിടുന്ന ആ സങ്കല്പ രാമ രാജ്യം മാനവികതയുടെ ശവപ്പറമ്പാവുമെന്ന യാഥാര്‍ഥ്യം ഇന്ത്യന്‍ ഗ്രാമീണ ജനത നല്ലവണ്ണം തിരിച്ചറിയുന്നുണ്ട്.

ഇന്ത്യയുടെ ആത്മാവ് നാം തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് തീവ്രവാദത്തിന്റെ ആദ്യ രക്തസാക്ഷിയായ ബാപ്പുജിയുടെ ഓര്‍മ ദിനത്തില്‍ ഡല്‍ഹി തെരുവീഥികളില്‍
ഒത്തു കൂടിയ ജനത ഏറ്റുപറഞ്ഞത് വെറുതെയാവില്ല.

ഹാത്രസ് പോലുള്ള നീചസംഭവങ്ങള്‍ ,ഇപ്പോഴും ഇന്ത്യന്‍ മിഡില്‍ ക്ലാസിന് സ്വന്തം തൊലിയില്‍ തട്ടിയിട്ടില്ല. സംഘടനകളുടെ, രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
ഇര ഒരു പാവപെട്ട ഗ്രാമീണ ദളിത് പെണ്‍കുട്ടി, നഗര മിഡില്‍ ക്ലാസ് ബാക്ക്ഗ്രൗണ്ടില്‍ നിന്നല്ല . ഇത്രയെങ്കിലും രോഷമുയരാന്‍ കാരണം സോഷ്യല്‍ മീഡിയ ഉണര്‍ന്നു പ്രതികരിച്ചത് കൊണ്ട് മാത്രം. പക്ഷേ മനുഷ്യര്‍ പൊറുതിമുട്ടിയാല്‍, അവന്റെ സ്വര്യ ജീവിതത്തില്‍ ഭരണകൂട ഭീകരതകൊണ്ട് തകര്‍ത്താല്‍, നഗര തലസ്ഥാനങ്ങള്‍ വളയുന്ന അവസ്ഥയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാക്കി. മനുഷ്യത്വം മരിക്കാത്ത മാനവഹൃദയങ്ങളാണ്,അവരുടെ ജാഗ്രതയിലാണ് ജനാധിപത്യം പുലരുന്നത്.

യു പി യിലെ ഗ്രാമീണ ദളിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്ക പെടുന്നത് ആവര്‍ത്തിക്കുകയാണ് . ഉന്നവ, സത്വ, സംഭവങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഹത്രാസ് ….
പ്രതി സ്ഥാനത്തു വരുന്നത് ഉയര്‍ന്ന ജാതിക്കാരും എം .ല്‍ .എ അടക്കമുള്ള രാഷ്ടിയക്കാരും സവര്‍ണ്ണ മാടമ്പികളും. ഈ പെണ്‍കുട്ടികളുടെ നിലവിളി ഇന്ത്യയുടെ ആത്മാവുകളില്‍ നിലക്കാതെ മുഴങ്ങുന്നു . ഈ കരച്ചിലിന് എന്ന് അറുതി വരും ? ഇവര്‍ക്ക് എന്ന് നീതി ലഭിക്കും ..??

ജോമോന്‍ സ്റ്റീഫന്‍ I jomonks2004@gmail.com

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.