അക്കിത്തം: ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കുമ്പോൾ ഉള്ളിൽ ആയിരം സൗരമണ്ഡലമുദിക്കുന്ന മഹാകവി  

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി യാത്രയായി ….

സമകാലിക മലയാളത്തിലെ മഹാകവികളുടെ പരമ്പരയിൽ നമ്മോടൊപ്പമുണ്ടായിരുന്ന ഏക കവിയാണ്  വിടവാങ്ങിയത്. സ്‌നേഹത്താൽ നിർമിക്കപ്പെടേണ്ടതാണ് ജീവിതം എന്ന് പഠിപ്പിച്ച, മാനവികതാവാദവും അഹിംസാവാദവും അന്തർധാരയായ കവിതകൾ എഴുതിയ, മാനവികതയിലൂന്നിയ ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും ജീവിത മുഖമുദ്രയാവണം എന്ന് കരുതിയ, മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന്  വിശ്വസിച്ച മനുഷ്യസ്നേഹി അരങ്ങൊഴിഞ്ഞു.

2020 ഒക്ടോബർ 15ന് രാവിലെ  തൃശ്ശൂരിലെ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കെ  അദ്ദേഹം അന്തരിച്ചു. 94 വയസ്സായിരുന്നു. പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ. ആറുമക്കളുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡ് (1972) – ബലിദർശനം എന്ന കൃതിക്ക്, കേ ന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973), ഓടക്കുഴൽ അവാർഡ് (1974), സഞ്ജയൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം (2002), അമൃതകീർത്തി പുരസ്കാരം (2004) എഴുത്തച്ഛൻ പുരസ്കാരം (2008) , മാതൃഭൂമി സാഹിത്യ പുരസ്കാരം(2008), വയലാർ അവാർഡ് – 2012. കൂടാതെ 2017 ൽ പത്മ ശ്രീ പുരസ്കാരവും, സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2019  ലെ ജ്ഞാനപീഠ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവര്‍ത്തനം എന്നിങ്ങനെ വിവിധമേഖലകളിലായി ആകെ 47 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

കുമാരനല്ലൂരിലെ  ഉണ്ണി നമ്പൂരിയിൽ നിന്നും അക്കിത്തത്തിലേക്ക്

1926 മാര്‍ച്ച് 18 ന് പാലക്കാട് ജില്ലയില്‍ കുമരനല്ലൂരില്‍ ജനിച്ചു. അച്ഛൻ :  അക്കിത്തം വാസുദേവന്‍നമ്പൂതിരി. അമ്മ : ചേകൂര്‍ പാര്‍വ്വതി അന്തര്‍ജനം. 8 മുതല്‍ 12  വയസ്സു വരെ പിതാവില്‍ നിന്നും മറ്റും  ഋഗ്വേദവും പിന്നീട്  കൊടക്കാട്ട്ശങ്കുണ്ണി നമ്പീശനില്‍നിന്നു സംസ്കൃതം, ജ്യോതിഷം എന്നിവയും പതിനാലാം  വയസ്സില്‍ തൃക്കണ്ടിയൂര്‍കളത്തില്‍ ഉണ്ണികൃഷ്ണമേനോനില്‍നിന്ന് ഇംഗ്ളീഷ്,കണക്ക് എന്നിവയും അഭ്യസിച്ചു. ടി.പി.കുഞ്ഞുകുട്ടന്‍നമ്പ്യാരി ല്‍നിന്നു കാളിദാസകവിതയും, വി.ടി. ഭട്ടതിരിപ്പാടില്‍ നിന്നു തമിഴും പഠിച്ചിട്ടുണ്ട്.  കുമരനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന്നു ശേഷം കോഴിക്കോട്  സാമൂതിരി  കോളേജില്‍ ഇന്റര്‍മീഡിയറ്റിന്നു ചേര്‍ന്നുവെങ്കിലും പഠിപ്പു തുടരാന്‍ കഴിഞ്ഞില്ല.

ചിത്രകല, സംഗീതം എന്നിവയിലായിരുന്നു ശൈശവകൌമാരങ്ങളില്‍ താത്പര്യം. എട്ടു വയസ്സില്‍ കവിത എഴുതാന്‍  തുടങ്ങി. ഇടശ്ശേരി, ബാലാമണിയമ്മ, നാലപ്പാടന്‍,  കുട്ടികൃഷ്ണമാരാര്,  വി.ടി., എം. ആര്‍.ബി. എന്നിവരുടെ സാന്നിധ്യ സാമീപ്യങ്ങളും ശിഷ്യത്വവും അക്കിത്തത്തിലെ കവിയെ  വളര്‍ത്തി.

യോഗക്ഷേമസഭ വഴി ദേശിയ പ്രസ്ഥാനത്തിൽ

തൃശ്ശൂര്‍ യോഗക്ഷേമസഭയിലെ അംഗമെന്ന നിലയില്‍, നമ്പൂതിരി സമുദായ
പരിഷ്കരണങ്ങള്‍ക്കു വേണ്ടി പ്രയത്നിച്ചു. മഹാത്മജിയുടെ നേതൃത്വത്തില്‍ ശക്തമായിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനം ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു.
1946 – 49 കാലത്ത് യോഗക്ഷേമസഭയുടെപ്രമുഖനേതാക്കളായിരുന്ന വി.ടി. ഭട്ടതിരിപ്പാട്, ഇഎംഎസ്. നമ്പൂതിരിപ്പാട്, ഒഎംസി. നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു.
1950 – 52 കാലഘട്ടത്തില്‍ പൊന്നാനി കേന്ദ്രകലാസമിതിയുടെ സെക്രട്ടറി, 1953 – 54 ല്‍ പ്രസിഡണ്ട്. ഇടശ്ശേരി, വി.ടി, നാലപ്പാടന്‍, വി.എം. നായര്‍, ബാലമണിയമ്മ, എന്‍.വി.കൃഷ്ണവാരിയര്‍, സി.ജെ.തോമസ്, എം. ഗോവിന്ദന്‍, എസ്.കെ. പൊറ്റെക്കാട്ട് എന്നിവര്‍ക്ക് ഈ കലാസമിതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പൊന്നാനി കേന്ദ്രകലാസമിതിയാണ്, പില്‍ക്കാലത്ത്, കേരളത്തിലെ നാടകപ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച മലബാര്‍ കേന്ദ്രകലാസമിതിയായി വികസിച്ചത്.

ഇടശ്ശേരി കണ്ടെത്തിയ കവി

അക്കിത്തം കവിയായി മാറിയതിനു പിന്നിലെ പ്രചോദനവും ഗുരുവരവും ഇടശ്ശേരിയായിരുന്നു എന്നു പറഞ്ഞാല്‍  അതിശയോക്തിയല്ല .എന്നിരുന്നാലും താനില്ലെങ്കിലും അക്കിത്തത്തിലെ കവി ഉണ്ടാകും എന്ന് ഇടശ്ശേരി പറയുമായിരുന്നു.

ഒഴിവുദിനങ്ങളിലെല്ലാം അക്കിത്തം പുതിയ കവിതകളുമായി ഇടശ്ശേരിയുടെ നാട്ടിലേക്കു വണ്ടികയറി. നാട്ടുവായനശാലയിലെ അഭിമുഖങ്ങളിലൂടെ ഒരു ഗുരു ശിഷ്യ ബന്ധം വളർന്നു എന്ന് വിശേഷിപ്പിക്കാം. 34 വർഷത്തിൽ പരം നീണ്ട വ്യക്തി ബന്ധം അക്കിത്തം എന്ന വ്യക്തിയിലെ കവിയെയും മനുഷ്യ സ്നേഹിയെയും വാർത്തെടുത്തു.

മനുഷ്യനും ജീവിതവും ബന്ധങ്ങളും കവിതയ്ക്ക് പാത്രീഭവിക്കുമ്പോൾ കവിതയുടെ ഏതു കോണിലാണു കണ്ണീരെന്നു കുഴിച്ചുനോക്കാനും അതിനൊത്തു രചനകൾ സ്ര്യഷ്ടിക്കാനും അക്കിത്തം പഠിച്ചതും ഇടശ്ശേരി എന്ന മഹാകവിയുടെ അക്ഷരങ്ങളുടെ പണിപ്പുരയിൽ നിന്നായിരുന്നു.

ഇടശ്ശേരിയുടെ തിരുത്തലുകളോടെയെന്ന്‌ അക്കിത്തത്തിന്റെ കവിത രചനകളുടെ  തുടക്കം . ആദ്യമാദ്യം പൂര്‍ണമായ പൊളിച്ചെഴുത്തായിരുന്നെങ്കില്‍ പിന്നീട്‌ ഏതാനും വാക്കുകളിലൊതുങ്ങി വെട്ടിത്തിരുത്ത്‌. പിന്നെ അതും വേണ്ടെന്നായി. സ്വന്തം നിലയ്‌ക്ക്‌ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്ന്‌ അക്കിത്തത്തെ നിര്‍ബന്ധിച്ചതും ഇടശ്ശേരിതന്നെ. അച്ചടിച്ച് വരുന്ന തന്റെ കവിതകളെ കണ്ട് കവി പലപ്പോഴും ആശ്ചര്യഭരിതനായി. വാക്കുകള്‍ കൂട്ടിയെഴുതുമ്ബോള്‍ നക്ഷത്രങ്ങള്‍ പിറക്കാന്‍ തുടങ്ങിയെന്നാണ്‌ അക്കിത്തം ഇതിനെ വിശേഷിപ്പിച്ചത്‌.

ആദ്യഖണ്ഡകാവ്യമായ “ദേശസേവിക”പുസ്‌തകമാക്കാന്‍ നിര്‍ദേശിച്ചതും ഉറൂബിനെക്കൊണ്ട്‌ അവതാരിക എഴുതിക്കാന്‍ മുന്നില്‍നിന്നതും ഇടശ്ശേരി തന്നെ. മലബാറിലെ സാഹിത്യ സദസ്സുകളിലെ അക്കാലത്തെ ഒരു നക്ഷത്രമായ പി.സി. കുട്ടിക്കൃഷ്നൻ എന്ന ഉറൂബ് ആശീർവദിച്ചു അനുഗ്രഹിച്ച കവിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 34 വര്‍ഷത്തെ നീണ്ട കാലയളവിൽ ഇടശ്ശേരി കാണാത്ത ഒരു കവിതയും അക്കിത്തത്തിന്റേതായി പ്രസിദ്ധികരിച്ചു വന്നില്ല എന്നതും വസ്തുത.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിച്ച കവി – ആധുനികതയുടെയും

മലയാള കവിതയിൽ ആധുനികത ആരംഭിക്കുന്നത് അക്കിത്തം 1952 ൽ പ്രസിദ്ധീകരിച്ച ‘ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം’ എന്ന ഖണ്ഡകവ്യത്തിലാണെന്ന് നിരൂപകന്മാർ അഭിപ്രായഭേദമെന്യേ വിലയിരുത്തിയിട്ടുണ്ട്.

‘വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്നത് ഈ കവിതയിലെ വരികളാണ്.

വരികളിലൂടെ മാത്രം വായിച്ചവരൊക്കയും, അന്നും ഇന്നും, ഈ വരികൾ തെറ്റിദ്ധരിച്ചിട്ടുണ്ട്. കവിയെ ‘ഇരുട്ടിന്റെ കവി’ ആയി ഒരുകൂട്ടർ വിശേഷിപ്പിച്ചു. പുരോഗമന ആശയങ്ങളിൽ നിന്നുള്ള വ്യതിചലനമെന്നു വിമർശനം കേട്ടു. പലർക്കും അനഭിമതനാകുകയും ചെയ്തു.

കവിതയിൽ നിന്നുമുള്ള കുറച്ചു വരികൾ കൂടി ചേർത്ത് വായിക്കുകയാണെങ്കിൽ സാഹചര്യം കൂടുതൽ വ്യക്തമാക്കപ്പെടുന്നുണ്ട്.

അരിവെപ്പോന്റെ തീയിൽച്ചെ-

ന്നീയാംപാറ്റ പതിക്കയാൽ

പിറ്റേന്നിടവഴിക്കുണ്ടിൽ –

കാണ്മൂ ശിശു ശവങ്ങളെ.

കരഞ്ഞു ചൊന്നേൻ ഞാനന്ന്

ഭാവി പൗരനോടിങ്ങനെ;

“വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’

ഇവിടെ ‘അരി വെപ്പോന്റെ’ തീയിൽ ചെന്ന് ‘ഈയാംപാറ്റ’ പതിച്ചപ്പോൾ കവിക്ക് പിറ്റേന്ന് കാണേണ്ടിവന്നത് ശിശു ശവങ്ങളാണ്. ഈ ദയനീയമായ കാഴ്ച കാണേണ്ടിവന്നത് തനിക്കു ചുറ്റും വെളിച്ചമായതു കൊണ്ടാണ്, തമസ്സായിരുന്നെങ്കിൽ ശിശു ശവങ്ങളാകുന്ന ഈ ദുഃഖങ്ങളൊന്നും തനിക്കു കാണേണ്ടിവരില്ലായിരുന്നു.

മറ്റുള്ളവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കവേ മനസ്സില്‍ ആയിരം സൗരമണ്ഡലങ്ങള്‍ ഉദിക്കുന്നു എന്നും, ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ചെലവാക്കവേ ഹൃദയത്തില്‍ നിത്യനിര്‍മ്മല പൗര്‍ണമി ഉണ്ടാവുന്നു എന്നും പിന്നീട്  അക്കിത്തം എഴുതുന്നുണ്ട് .

പ്രതിഷേധ  കനലുകളിൽ ഉടലെടുത്ത കവിതകൾ

അക്കിത്തത്തിന്റെ ആദ്യകാല കവിതകളും പ്രതിഷേധത്തില്‍ നിന്നുണ്ടായതാണ്. കുമരനല്ലൂരിലെ ക്ഷേത്രമതിലുകള്‍ വികൃതിക്കുട്ടികള്‍ കരിക്കട്ടകൊണ്ട് വരച്ച് വൃത്തികേടാക്കിയപ്പോൾ മനസ്സിലുയര്‍ന്ന പ്രതിഷേധം കവിതകളുടെ രൂപത്തിൽ പുറത്തു വന്നു.

‘അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്ക്കുകില്‍  
വമ്പനാമീശന്‍ വന്നിട്ടെമ്പാടും നാശമാക്കീടും..”

നിരൂപകര്‍ അക്കിത്തം കവിതയില്‍ വേദാന്തം ദര്‍ശിക്കുമെങ്കിലും, കര്‍ഷകനും തൊഴിലാളിയും അടിയാളവര്‍ഗവും ചേര്‍ന്ന സാധാരണക്കാരന്റെ വിയർപ്പും വികാരവുമൊക്കെ അക്കിത്തം കവിതകളിൽ കാണാവുന്നതാണ്.

മഹാകവി ഇടശ്ശേരി ഗോവിന്ദൻനായരുമായും സാഹിത്യകാരനും സാമൂഹിക പരിഷ്കർത്താവുമായ വിടി.ഭട്ടതിരിപ്പാടുമായുള്ള നിരന്തരസംസർഗമായിരുന്നു ഒരർഥത്തിൽ തന്‍റെ സർഗ്ഗ വാസനയെ പരിപോഷിപ്പിച്ചതെന്നു അക്കിത്തം പലകുറി പറഞ്ഞിട്ടുണ്ട്. അവരുണ്ടായിരുന്നില്ലെങ്കിൽ ഞാനില്ല. എനിക്ക് കവിത എന്താണെന്ന്‌ പഠിപ്പിച്ചുതന്നത് ഇടശ്ശേരിയാണ്. സ്വസമുദായത്തിലെ ജീർണതകളെ മനസ്സിലാക്കാനും എതിർക്കാനുള്ള കരുത്ത്‌ വി.ടി യിൽ നിന്നും സ്വായത്തമാക്കി.
സാഹിത്യകാരൻ ഒരു സാമൂഹികജീവികൂടിയാണെന്നുള്ള യാഥാര്‍ഥ്യം വി.ടി.യും പകര്‍ന്നു നല്‍കി. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ  വിടി നാടകങ്ങളില്‍ അഭിനയിച്ചു.

കമ്യൂണിസ്റ്റ് പുരോഗമന ആശയത്തിലൂന്നിയായിരുന്നു ഒരു കാലത്ത് അദ്ദേഹത്തിന്‍റെ ചിന്താധാരയും രചനകളും ഇടതുസംഘടനകളുമായി സജീവബന്ധം പുലർത്തിയിരുന്നു. ഇഎംഎസ്സുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്. എന്നാല്‍, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയിലൂടെ അദ്ദേഹം പുരോഗമനവാദികളുടെ എതിർ പക്ഷത്തായി.
കമ്മ്യൂണിസത്തിനെതിരായിരുന്നില്ല തന്റെ കവിത, മറിച്ച് കമ്മ്യൂണിസ്റ്റ്  ആശയത്തിന്റെ പ്രയോഗവൽക്കരണത്തിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വന്നുഭവിച്ച മനുഷ്യ വിരുദ്ധതക്കും   ഹിംസക്കും എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറ‌ഞ്ഞിട്ടുണ്ട്.

ഇഎംഎസ് മുതല്‍ തായാട്ട് ശങ്കരന്‍ അടക്കമുള്ളവര്‍ അക്കിത്തത്തിന്റെ നിലപാടു മാറ്റത്തെ തുറന്നു കാട്ടി രംഗത്ത് വന്നു. കല്‍ക്കത്താ തീസിസിലെ “ഹിംസാ സിദ്ധാന്ത’ത്തോടുള്ള എതിര്‍പ്പ് കാരണമാണ് താന്‍ കമ്മ്യൂണിസത്തില്‍ നിന്നകന്നത് എന്നദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പിന്നീട് ഗുജറാത്തിലടക്കം സംഘ്പരിവാരം നടത്തിയ വന്‍ നരഹത്യകളില്‍ അദ്ദേഹം തീർത്തും നിശ്ശബ്ദനായിരുന്നു.

ദാർശനിക  നിലപാടുകളിലെ  വൈരുധ്യങ്ങൾ

1940 കളിൽ  ദേശീയതയുടെയും നവോത്ഥാനത്തിന്റെയും സന്തത സഹചാരിയും വ്യക്തവുമായിരുന്ന കവി പതുക്കെ ‘ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ‘ രചിച്ച് ആധുനികത  കവിതാ സങ്കല്പത്തിന്റെ   മേലങ്കി അണിയുന്നുണ്ട്. കവികളുടെ, എഴുത്തുകാരുടെ ജീവിതത്തിൽ ആശയ വൈരുധ്യങ്ങളുടെ സമ്മേളനം കാണാറുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയ ജന്മിത്ത വിരുദ്ധ കാര്‍ഷിക കലാപങ്ങളോടുള്ള വിയോജിപ്പ് അക്കിത്തം “സായുധ വിപ്ലവത്തിന്റെ ദുരിതപര്‍വം’ എന്ന ലേഖനത്തില്‍ വളച്ചുകെട്ടില്ലാതെ പറയുന്നുണ്ട്. പക്ഷേ, ഹിംസാത്മക  രാഷ്ട്രീയ  പ്രത്യയ  ശാസ്ത്രത്തെ   തള്ളി പറയുമ്പോഴും, ദേശിയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന, ഗാന്ധിയെ ആഴത്തില്‍ അറിഞ്ഞ കവി ഗാന്ധിവധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ സുഹൃത്താകുക എന്ന വൈരുധ്യ വൃത്തത്തിൽ പേട്ടുപോകുന്നു. ഗാന്ധി വധത്തിനുശേഷം തകര്‍ന്നടിഞ്ഞ ഹിന്ദുത്വ ദേശിയ വംശീയ വാദം, പതുക്കെ പതുക്കെ ഉണർന്നു വരുന്ന കാലഘട്ടത്തിലാണ് ബാബരി മസ്ജിദ് തകര്‍ക്കപെടുന്നത്. തുടർന്ന് ഗുജറാത്ത്‌ വംശഹത്യ നടന്നു  കഴിയുമ്പോഴേക്കും, ഇന്ത്യന്‍ ഫാസിസം രാഷ്ട്രീയ ഭരണ അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠ നേടിയിരുന്നു.

ഒരു ഹിംസാത്മക  രാഷ്ട്രീയപ്രക്രിയയിൽ മൗനം പാലിക്കുന്ന കവി, തന്റെ കവിത്വം നിറഞ്ഞ ഭൂതകാലത്തിന്റെ നന്മയിൽ നിന്നും ഒളിച്ചോടുന്നതായി കാണാം. ദാർശനിക നിലപാടുകളിലെ പിന്മാറ്റം പ്രതിഫലിക്കുന്നത്, അദ്ദേഹത്തിന്റെ സാംസ്‌കാരിക പ്രക്രിയയിൽ കൂടിയായിരുന്നു.

നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന നമ്പൂതിരി നവോത്ഥാനാശയത്തിന്റെ വക്താവായിരുന്ന അക്കിത്തം പിന്നീട് സവര്‍ണ ജീര്‍ണതകളെ താലോലിക്കുന്നവരോടൊപ്പം അണിചേര്‍ന്നു. അതിരാത്രം മുതലുള്ള പല ജീര്‍ണതകളുടെയും സംഘാടകനും അനുകൂലിയുമായി. സംസ്കൃത ഭാഷക്ക് വലിയ പ്രാധാന്യം നല്കണം എന്ന അദ്ദേഹത്തിന്റെ അഭിപ്രായവും വിമർശിക്കപ്പെട്ടു.

ഗാന്ധി അനുയായിൽ നിന്നും ഗാന്ധി ഘാതകരുടെ സാംസ്‌കാരിക സംഘടനയുടെ നേതൃനിരയിലേക്ക് ഒരു മനഃസ്താപവുമില്ലാതെ പോകുന്ന കാഴ്ചയും സാംസ്‌കാരിക കേരളം കണ്ടു.

മാനവികതയുടെ   ഋഷിദര്‍ശനങ്ങൾക്ക് വിട

ഇടശ്ശേരിയുടെ നേതൃത്വത്തിൽ മാനവികതയിലൂന്നി രൂപപ്പെട്ട ഒരു നിരവധി സാഹിത്യ സാമൂഹിക പ്രവർത്തകരുടെ സാംസ്കാരികപരിസരത്തിൽ നിന്നും ഊർജ മുൾക്കൊണ്ടു വളർന്നു പന്തലിച്ച കവി ഹൃദയം പിന്നീട് എം .ഗോവിന്ദനിലേക്കും എം.എൻ.റോയിയെപ്പോലുള്ള റാഡിക്കൽ ഹ്യൂമനിസ്റ് ലേക്കും ചെന്നെത്തുന്നതും കാണാം.

മലയാളകവിതയിലെ പൊന്നാനിക്കളരി എന്ന് വിളിക്കാവുന്ന കാവ്യധാരയുടെ അവസാനവക്താവായിരുന്നു അക്കിത്തം. പോരാളിയും സന്ന്യാസിയും ഒരാളില്‍ ഒന്നിച്ചതിന്‍റെ ഋഷിദര്‍ശനമായ  അക്കിത്തം കവിതകള്‍  ഇനി ഇല്ല. സമസ്ത ജീവജാലങ്ങളോടും സ്നേഹവും കരുണയും ഉണ്ടാവണമെന്നു കവിതകളിലൂടെ പറയാന്‍ ശ്രമിച്ച കവി ശ്രേഷ്ഠന് നാടിൻറെ വിട.

ജോമോന്‍ സ്റ്റീഫന്‍ I jomonks2004@gmail.com

ചിത്രങ്ങള്‍ക്ക് കടപ്പാട് : akkitham.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.