ഫ്രാൻസിലെ അധ്യാപക വധം ലോകത്തിന് നൽകുന്ന സന്ദേശം എന്ത്?

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദർശിപ്പിച്ചതിന്റെ പേരില്‍ ഫ്രാൻ‌സിൽ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ലോകം. മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു ക്ലാസിനെ തുടര്‍ന്നുള്ള ചില സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ കൊലപാതകം.

ഇസ്‌ലാം മതവിശ്വാസത്തിന്റെ സംരക്ഷകർ എന്ന ലേബലിൽ ഒരു കൂട്ടം മതമൗലിക ഭ്രാന്തന്മാർ കാട്ടികൂട്ടുന്ന ഈ നടപടികൾ, അക്രമത്തോടും ഭീകരതയോടും ചേര്‍ന്നുനില്‍ക്കുന്ന ‘ജിഹാദി  ബാധ’ ആഗോള മുസ്ലിം യുവതലമുറയിൽ എത്രത്തോളം പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണ്.

ഇതര മത വിശ്വാസങ്ങളോടുള്ള അസഹിഷ്ണുത, മതേരത്വം, ജനാധിപത്യം എന്ന സംജ്ഞകളോടുള്ള വെല്ലുവിളി, ആവിഷ്കാര അഭിപ്രായ സ്വാതന്ത്രങ്ങളോടുള്ള  കടന്നാക്രമണം എന്നി സ്ഥിരം പല്ലവികളിൽ ഒതുക്കാവുന്നതല്ല, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആവർത്തിക്കുന്ന മതത്തിന്റെ പേരിലുള്ള ഈ ഭീകര പ്രവർത്തനം.

2020 ഒക്ടോബര്‍ 16 നാണ് പാരിസിലെ പ്രാന്ത പ്രദേശമായ കോണ്‍ഫ്രാന്‍സ് സെന്റ് ഹൊണാറീനില്‍ സ്‌കൂള്‍ അധ്യാപകനായ സാമുവേല്‍ പാറ്റി അതി ദാരുണമായി കൊല ചെയ്യപ്പെട്ടത്. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരന്‍ പ്രതിയെ സംഭവ സ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്കോയിൽ ജനിച്ച ചെചെൻ വംശജനാണ് അധ്യാപകനെ കൊലപ്പെടുത്തിയ അബ്‌ദൗലഖ്. റഷ്യയിൽ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

2015ല്‍ ഫ്രഞ്ച് ആക്ഷേപമാസികയായ ഷാര്‍ലെ എബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതിനെതുടര്‍ന്നും അക്രമം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫിസില്‍  കടന്നു കയറി തീവ്രവാദികൾ നടത്തിയ  വെടിവയ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ ആദ്യവാരമായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയം പഠിപ്പിച്ചുകൊണ്ടിരിക്കെ പ്രവാചക കാർട്ടൂണുകൾ പാറ്റി ക്ലാസിൽ പ്രദർശിപ്പിച്ചത്. ഇതിനെ തുടർന്ന്  ചരിത്ര, ജ്യോഗ്രഫി അധ്യാപകനായ പാറ്റിയെ ലക്‌ഷ്യം വെച്ച് തീവ്രവാദി ഗ്രൂപ്പുകൾ ആക്രമണം സംഘടിപ്പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അദ്ധ്യാപകനെ  തിരിച്ചറിയാൻ കൊലപാതകിയെ സഹായിച്ചത് നാല് വിദ്യാർഥികളാണ്. ഇവർക്കു പണം ലഭിക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ  AFP  റിപ്പോർട്ട് ചെയ്തു. സ്കൂളിലെ ഒരു കുട്ടിയുടെ പിതാവാണ് പാറ്റിക്കെതിരെ ഓൺലൈൻ പ്രചാരണം ആരംഭിച്ചത്. തീവ്ര ആശയമുള്ള ഒരു പുരോഹിതനും  അറസ്റ്റ് ചെയ്യപ്പെട്ട ആറുപേരിലുൾപ്പെടുന്നു.

ഉറച്ച നിലപാടുമായി ഫ്രഞ്ച് ഭരണകൂടം

പ്രവാചകൻ്റെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്നതിൻ്റെ പേരിൽ ഫ്രാൻസിൽ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട അധ്യാപകൻ സാമുവൽ പാറ്റിക്ക് (47)  ഫ്രഞ്ച് സർക്കാർ രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ  ‘ലെജിയൻ ഓഫ് ഓണർ’  നൽകിയാണ് ആദരിച്ചത്. സോർബോൺ സർവകലാശാലയിൽ നടന്ന പരിപാടിയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആണ് സാമുവലിന് മരണാനന്തര ബഹുമതി നൽകിയത്.

“ഇസ്‌ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ശക്തമായ നിയമം നിർമാണം നടത്തും. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ മുസ്ലിം ജാനവിഭാഗത്തെ വിദേശ  ഇസ്ലാം സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം” –  തടിച്ചു കൂടിയ ജനക്കൂട്ടത്തെ  സാക്ഷിയാക്കി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോണ്‍ പ്രസ്താവിച്ചു. പ്രസംഗത്തില്‍, ഫ്രഞ്ച് സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങളും മാക്രോണ്‍ ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരിലെ മഹാഭൂരിപക്ഷം വരുന്ന വെളുത്തവരല്ലാത്ത, മുസ്‌ലിം ജനതയെയും അവരുടെ വംശപരമ്പരകളെയും ഫ്രഞ്ച് മുഖ്യധാരയുമായി സമന്വയിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ച അദ്ദേഹം എടുത്തു പറഞ്ഞു .

കുടിയേറ്റ ജനതയേയും അവരുടെ വംശപരമ്പരകളേയും സമന്വയിപ്പിക്കാന്‍ കഴിയാത്തത് ഫ്രാന്‍സില്‍ അസമത്വം വളരുന്നതിന് വഴിവെച്ചിട്ടുണ്ട്. ഇത് ചില ഫ്രഞ്ച് യുവാക്കളെ, പ്രത്യേകിച്ച് ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരെ, തീവ്രവാദത്തിലേക്ക് നയിച്ചു. പിന്നീട് അവര്‍ ഇസ്‌ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടാന്‍ സിറിയയിലേക്ക് പോകുകയോ അല്ലെങ്കില്‍ സ്വദേശത്ത് ഭീകരാക്രമണങ്ങള്‍ നടത്തുകയോ ചെയ്യുന്നു. ഡിസംബറില്‍ ഒരു നിയമമായി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഒരു ആമുഖമായിരുന്നു മാക്രോണിന്റെ പ്രസംഗം.

നിങ്ങൾ ഞങ്ങളെ ഭയപ്പെടുത്തരുത്. ഞങ്ങൾ ഭയപ്പെടുന്നില്ല. നിങ്ങൾ ഞങ്ങളെ ഭിന്നിപ്പിക്കില്ല. ഞങ്ങൾ ഫ്രാൻസാണ് !”  ചരിത്രപ്രധാനമായ പ്രതിഷേധ സ്ഥലത്ത് ഒത്തുകൂടിയ പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ട്വീറ്റ് ചെയ്തു.

തീവ്രവാദം പഠിപ്പിക്കുന്ന പാന്റിനിലെ ഗ്രാന്റ്‌ മോസ്ക്‌ ഫ്രഞ്ച് സർക്കാർ പൂട്ടി. ചരിത്ര അദ്ധ്യാപകന്റെ കഴുത്ത്‌ അറുക്കുവാൻ പ്രചോദനമായത്‌ ഇവിടുത്തെ പ്രബോധനങ്ങളാണെന്ന തിരിച്ചറിവിൽ നിന്നാണ്‌ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട്‌ പോകുന്നത്.

യൂറോപ്പിലേക്ക്  കുടിയേറുന്ന മുസ്ലിം അഭയാർഥികൾ

യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിൽ  ഇന്ന് ജീവിക്കുന്ന ഏതാണ്ട് രണ്ടരക്കോടി (25 മില്യണ്‍) മുസ്‌ലിംകളില്‍ ഏറ്റവുമധികം പേര്‍ (57 ലക്ഷം) ഫ്രാന്‍സിലാണ്. (ജനസംഖ്യയുടെ 8.8%). വിദേശത്ത് ജനിച്ച് ഫ്രാന്‍സിലേക്ക് കുടിയേറിയവരുടെ എണ്ണം 2010 മുതല്‍ വര്‍ധിച്ചിട്ടുണ്ട്.

6.7 കോടി ജനസംഖ്യയുള്ള ഫ്രാന്‍സില്‍ വലിയ രണ്ടാമത്തെ മതം ഇസ്ലാമാണ് (57ലക്ഷം മുസ്ലിംകൾ), കത്തോലിക്കാ വംശജര്‍ കഴിഞ്ഞാല്‍, ശേഷം വരുന്ന മൂന്ന് കത്തോലിക്കേതര ന്യൂനപക്ഷങ്ങളായ ജൂതര്‍, പ്രൊട്ടസ്റ്റന്റുകള്‍, ബുദ്ധിസ്റ്റുകള്‍ എന്നിവര്‍ക്ക് ആകെയുള്ള അനുയായികളേക്കാള്‍ കൂടുതല്‍ ഇസ്‌ലാമിനുണ്ട്. ഫ്രാന്‍സിലെ മുസ്‌ലിംകള്‍ വ്യത്യസ്ത വംശാവലികളില്‍പ്പെട്ടവരാണ്.

ഭൂരിപക്ഷവും ഉത്തര ആഫ്രിക്കൻ രാജ്യങ്ങളായ  അല്‍ജീരിയ, മൊറോക്കോ, ടുനീഷ്യ എന്നിവിടങ്ങളിൽ  നിന്നും കുടിയേറി പാർത്തവരാണ്. സ്വാതന്ത്ര്യത്തിനായുള്ള കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ (1954-62) ക്കുശേഷമാണ് വലിയൊരു മുസ്‌ലിം ജനവിഭാഗം ഫ്രാന്‍സില്‍ എത്തിയത്.

ISIS ആക്രമണങ്ങൾക്കു ശേഷം സിറിയ, ഇറാക്ക് എന്നിവിടങ്ങളിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വൻതോതിലുള്ള കുടിയേറ്റമാണ് നടന്നത്.

അന്യവൽക്കരണം, നിരാശ, തീവ്രവാദം

രാജ്യത്തെ 60% ജയില്‍വാസികളും മുസ്‌ലിം സമുദായത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ടു വന്നതോടെയാണ് ഫ്രാന്‍സിലെ മുസ്‌ലിംകളുടെ ഏകീകരണം (integration) എന്ന പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നത്.  ഫ്രാന്‍സിലെ മുസ്‌ലിം തടവുപുള്ളികള്‍ മിക്കപ്പോഴും തൊഴില്‍രഹിതരും അങ്ങേയറ്റത്തെ ദരിദ്രാവസ്ഥയില്‍ കഴിയുന്നവരുമാണെന്നാണ് ഒരു പഠനം പറയുന്നത്. അവര്‍ പൊതുവില്‍ സാമ്പത്തിക പരാധീനതകളുള്ള കാലത്ത് ഫ്രാന്‍സില്‍ എത്തിയ രണ്ടാംതലമുറയില്‍പ്പെട്ട അറബ് വംശജരായ കുടിയേറ്റക്കാരാണ്. പല കാരണങ്ങള്‍കൊണ്ടും അവര്‍ തീര്‍ത്തും നിരാശരായി മാറിയവരായിരുന്നു. പലപ്പോഴും സമൂഹത്തോടുള്ള പ്രതിഷേധവും പകയും കുറ്റകൃത്യം ചെയ്യുന്നതിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. ഇങ്ങിനെ പരിതാപകരമായ ജീവിതത്തിലൂടെ കടന്നുപോകുന്നവരെ വലയിലാക്കി പ്രലോഭിപ്പിച്ചു വലയിൽ വീഴ്‌ത്തുന്ന തന്ത്രമാണ് ഭീകരവാദികൾ സ്വീകരിക്കുന്നത്.  തീവ്ര മത ആശയങ്ങൾ മറയാക്കി യുവതലമുറയെ ഫലപ്രദമായി ചൂഷണം ചെയ്തു അക്രമോല്സുക പദ്ധതികൾ നടപ്പിലാക്കും.

സാമൂഹ്യ സാമ്പത്തിക തൊഴിൽ പരമായ പ്രശ്നങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന അന്യവത്കരണവും നിരാശാബോധവും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കാനിടയാക്കി. അതോടെ ഫ്രഞ്ച് തടവറകളില്‍ ഭൂരിപക്ഷം മുസ്‌ലിംകളായി. ജയിലുകളില്‍ വലിയ തോതില്‍ മുസ്‌ലിംകളാണുള്ളതെന്നും അതില്‍ ഭൂരിപക്ഷവും പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍പ്പെടുന്നവരാണെന്നുമാണ് കണക്കുകൾ വെളിപ്പെടുത്തുന്നത് .
2001 സെപ്റ്റംബര്‍ പതിനൊന്നിലെ  അമേരിക്കൻ  ഭീകരാക്രമണങ്ങള്‍ക്കുശേഷം തീവ്ര മത ആശയങ്ങൾ പ്രചരിപ്പിക്കുന്ന രീതി കൂടുതല്‍ പ്രകടമായി. 2015ലെ ചാര്‍ളി ഹെബ്‌ദോ ആക്രമണം ഇതിനു ആക്കം കൂട്ടി.

ആഗോള ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്റെ ചില നാൾവഴികൾ

മതപരമായ പ്രചോദനത്താൽ പ്രകോപിതരായ ഇസ്ലാമിസ്റ്റ് സംഘടനകൾ പൗരസമൂഹത്തിനെതിരെ നടത്തുന്ന അക്രമപ്രവർത്തനങ്ങളാണ് ഇസ്ലാമിക ഭീകരപ്രവർത്തനം എന്നറിയപ്പെടുന്നത്. ( കടപ്പാട്  – വിക്കിപീഡിയ). ഇന്ത്യ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, യെമൻ, സിറിയ എന്നിവിടങ്ങളിലാണ് ഇസ്ലാമിക ഭീകരത മൂലമുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളും കൂടുതൽ മരണങ്ങളും സംഭവിച്ചത്. 2016-ലെ ആഗോള തീവ്രവാദ സൂചിക പ്രകാരം 2015-ൽ, ഐസിസ്, ബോക്കോ ഹറാം, താലിബാൻ, അൽ-ഖ്വൊയ്ദ എന്നീ നാല് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണ്,  74 ശതമാനത്തോളം ഇസ്ലാമിക ഭീകരവാദത്തിൽ നിന്നുള്ള മരണങ്ങൾക്ക് കാരണമായത്.

താലിബാൻ –  റഷ്യൻ പിന്തുണയുള്ള അഫ്ഗാൻ ഭരണകൂടത്തോട് ഏറ്റുമുട്ടിക്കൊണ്ടു പാകിസ്താനിലും അഫ്ഗാനിസ്താനിലും  വളർന്ന ഒരു ഗ്രൂപ്പ് പിൽക്കാലത്തു താലിബാൻ എന്ന് അറിയപ്പെട്ടു. 1996 ൽ അഫ്ഗാൻ ഭരണാധികാരി മുഹമ്മദ് നജീബുള്ളയെ അധികാരഭ്രഷ്ടനാക്കി രാഷ്ട്രീയ സൈനിക അധികാരം കരസ്ഥമാക്കി. അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളും രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരുന്ന താലിബാൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്.

കാണ്ഡഹാർ ഇന്ത്യൻ വിമാന റാഞ്ചൽ – 1999 ഡിസംബർ 24 നു നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ ഡൽഹിയിലുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു യാത്രക്കാരുമായി വരികയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം  പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹർക്കത്തുൾ-മുജാഹിദ്ദീൻ  തട്ടിയെടുത്തു. വിമാനം ലാഹോർ,അമൃത്സർ, ദുബായ് എന്നിവിടങ്ങളിൽ ഇറക്കിയ ശേഷം അഫ്ഗാനിലെ കാണ്ഡഹാർ എയർപ്പോട്ടിൽ ഇറക്കി. ഇന്ത്യൻ ജയിലിൽ കഴിയുന്ന മൂന്ന് തീവ്രവദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചൽ നാടകം അവസാനിച്ചത്.

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണം – അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.

ISIS രൂപീകരണം – ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ സലഫി ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (ഇറാഖിലും ഷാമിലുമുള്ള ഇസ്‌ലാമിക രാഷ്ട്രം) ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു.

ശ്രീലങ്കയിലെ തീവ്രവാദി ആക്രമണങ്ങൾ-  2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ നടക്കുകയുണ്ടായി.  തലസ്ഥാനമായ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും, മൂന്നു ആഡംബരഹോട്ടലിലും ഭീകരർ ബോംബാക്രമണം നടത്തി . ആ ദിവസം വൈകീട്ട് ദെമാത്തഗോഡയിലെ ഹൗസിങ് കോളനിയിലും, ദെഹിവാലയിലെ ഗസ്റ്റ് ഹൗസിലും ചെറിയ സ്ഫോടനങ്ങൾ നടക്കുകയുണ്ടായി. ശ്രീലങ്കയിലെ വിവധ നഗരങ്ങൾ തീവ്രവാദികൾ ലക്ഷ്യം വച്ചിരുന്നു. 39 വിദേശപൗരന്മാരുൾപ്പട്ടെ 359 ഓളം ആളുകൾ ഈ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടു എന്നു ഔദ്യോഗികകണക്കുകൾ പറയുന്നു. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു.

നിശബ്ദമായി പടരുന്ന  തീവ്ര ആശയങ്ങൾ

നിശബ്ദമായി ഒരു തീവ്രവർഗ്ഗീയ നിലപാടുകൾ ലോകത്തെമ്പാടുമുള്ള  ചില മുസ്ലിം ചെറുപ്പക്കാരിൽ പടരുന്നുണ്ട് എന്നത് സത്യമാണ്. കൈ വെട്ടിയാലും കൊന്നാലും സ്വർഗ്ഗം കിട്ടും എന്നാണ് ചില മുസ്ലിം മത മൗലികവാദി ഗ്രൂപ്പുകൾ പഠിപ്പിക്കുന്നത്. ഈ ആശയ സംഹിത പല പേരുകളിൽ ഇസ്ലാം ലോകത്തു പ്രചരിക്കുന്നു.

ലോക ചരിത്ര നിർമിതികളെയും സാംസ്‌കാരിക ചിഹ്നങ്ങളെയും അവർ വെറുതെ വിടില്ല. ചരിത്ര സ്മാരകങ്ങളെ ബഹുദൈവാരാധനയുടെ അടയാളങ്ങളായി കണ്ട് തട്ടിത്തകർക്കും. അഫ്ഗാനിൽ അധികാരം പിടിച്ച താലിബാൻ, ബാമിയാനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ പ്രതിമകൾ തകർത്തത് ഉദാഹരണം. സിറിയയിൽ, പുരാതന ഇറാക്ക് എന്ന അറിയപ്പെടുന്ന മെസപ്പെട്ടോമിയയിൽ ISIS ഇതു ആവർത്തിക്കുന്നതും ലോകം കണ്ടു.

പെട്രോ ഡോളർ  സമ്പത്ത് അധിഷ്ഠിതമായ ഭരണകൂടങ്ങളിൽ  നിന്നും ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ ഒഴുക്കിയ സാമ്പത്തിക പിൻബലവും പല ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ലോകത്ത് വളർത്തുകയായിരുന്നു എന്ന ശക്തമായ വാദമുഖങ്ങൾ ഉണ്ട് . മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് കയറ്റി അയക്കുന്ന ഭീകര പ്രത്യയശാസ്ത്രത്തിന്റെ വിളനിലമായി ചില രാജ്യങ്ങളും സമൂഹങ്ങളും മാറിയിരിക്കുന്നുവെന്ന വസ്തുനിഷ്ടമായ യാഥാർത്ഥ്യത്തെ മുൻനിർത്തി ഒരു നൂറ്റാണ്ടിനിടക്ക് ഇവരിൽ സംഭവിച്ച പരിവർത്തനങ്ങൾ പഠന വിധേയമാക്കേണ്ടതാണ്.

പലപ്പോഴും  ഇവർ മത പരിഷ്കർത്താക്കളായി തങ്ങളെ സ്വയം അടയാളപ്പെടുത്തി രംഗത്ത് വരും . മുസ്ലിംകളെ നവീകരിക്കുക എന്ന  വലിയ ഉത്തരവാദിത്തമാണ് തങ്ങൾ നിർവഹിക്കുന്നതെന്നും പ്രഖ്യാപിച്ചാണ് മസ്തിഷ്ക്ക പ്രക്ഷാളന തീവ്ര ആശയങ്ങൾ കുത്തി നിറക്കുന്നത്.

ഭീകരവാദത്തിന്റെ  ഇന്ത്യൻ പതിപ്പുകൾ
1977 ല്‍ രൂപംകൊണ്ട ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമി (സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) എന്ന തീവ്രവാദ സംഘടനയുടെ പിന്മുറക്കാരാണ് പി.എഫ്.ഐ. 1979 ലെ ഇറാനിലെ ‘ഇസ്‌ലാമിക’ വിപ്ലവത്തില്‍ നിന്നാവേശം കൊണ്ടാണ്, ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം സിമി ഉയര്‍ത്തിയത്. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ക്ക് വളരാനും, മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനും സിമി അവസരമൊരുക്കി. 1993 ല്‍ സിമി നിരോധിക്കപ്പെട്ടു. പരസ്യ പ്രവര്‍ത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കള്‍ക്ക് കൂടി പങ്കുള്ള സംഘടനയാണ് പിന്നീട് രൂപം കൊണ്ട എന്‍.ഡി.എഫ്.

1992 ൽ ബാബരി  മസ്ജിദ് തകർത്തതിന് ശേഷം, അസ്വസ്ഥമായ മുസ്ലിം മനസ്സുകളെ ചൂഷണം ചെയ്താണ് മത മൗലിക വാദ ശക്തികൾ പിന്നീട് രംഗത്ത് വന്നത്. ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച കോൺഗ്രസ് പോലുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ ഗണ്യമായ മുസ്ലിം ജന വിഭാഗത്തിന് വിശ്വാസം നഷ്ട്ടപെട്ടതും ഇവർ ഫലപ്രദമായി മുതലെടുത്തു. പോപ്പുലർ ഫ്രണ്ട് , SDPI  ഇങ്ങനെ പല പേരിൽ അവർ പ്രത്യക്ഷപ്പെട്ടു. ചില അരാജക വിധംശ്വക ശക്തികൾ പണവും മറ്റു സഹായങ്ങളും നൽകി ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ  ഒരു പുതിയ രീതിയിലുള്ള മതാധിഷ്ടിത രാഷ്ട്രീയ സംഘടനാ ശക്തിയായി ഈ പ്രസ്ഥാനങ്ങൾ പതുക്കെ മുസ്ലിം മനസ്സുകളിൽ സ്ഥാനം പിടിച്ചു.

പ്രവാചക നിന്ദ ആരോപിച്ചു 2010 ജൂലൈ 4 ന് തൊടുപുഴ ന്യൂ മാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ജോസഫ് മാഷിന്റെ വലതു കൈപ്പത്തി വെട്ടി മാറ്റിയതും ഇപ്പോൾ ഫ്രാൻ‌സിൽ നടന്ന സംഭവവും തമ്മിലുള്ള  സാദൃശ്യം യാദൃശ്ചികമല്ല. ഏതെല്ലാം ഒരേ ആശയത്തിന്റെ വിവിധങ്ങളായ പ്രായോഗിക വൽക്കരണമാണ്. രണ്ടുപേരും അധ്യാപകർ. കുട്ടികളെ ലോകത്തെ വിവിധ കോണുകളിലൂടെ, ആവിഷ്കാരങ്ങളിലൂടെ കാണിക്കാൻ പരിശ്രമിച്ചവർ.

കേരളത്തിൽ ജോസഫ് മാഷിൻറെ കൈ വെട്ടിയും ഫ്രാൻസിൽ സാമുവേൽ പാറ്റിയുടെ തലയറുത്തുമാണ് ഇക്കൂട്ടർ തങ്ങളുടെ അധിശ വർഗീയ അജണ്ട നടപ്പിലാക്കിയത്.

സമാധാനം, കാരുണ്യം, സഹോദര്യം എന്നി മൂല്യങ്ങൾ പഠിപ്പിച്ച മതത്തിന്റെ പേരിൽ ഒരുകൂട്ടം ആളുകൾ, പൊടുന്നനെ അക്രമണോല്സുക ഭീകര മുഖം എടുത്തണിയുന്ന ഞെട്ടിക്കുന്ന അനുഭവങ്ങൾ …..
ഒരു മത തീവ്രവാദിയെ പതുക്കെ  സൃഷ്ടിച്ചു ,പ്രകോപിപ്പിച്ച് ഒരു മനുഷ്യൻറെ
കൈ വെട്ടാൻ അല്ലെങ്കിൽ തലയറുക്കാൻ മാത്രം ശക്തിയുള്ള കടുത്ത ഭീകര ആശയത്തിലേക്ക് അവരെ തള്ളി വിടുന്ന നിശ്ശബ്ദരും പുറമേക്ക് നിഷ്പക്ഷരെന്നോ നിഷ്കളങ്കരെന്നോ തോന്നിക്കുന്ന ഒരു ആൾകൂട്ടത്തെയാണ് നമുക്ക് ചുറ്റും രൂപപ്പെട്ടു കഴിഞ്ഞു എന്ന യാഥാർഥ്യത്തെയാണ് ശരിക്കും പേടിക്കേണ്ടത്.

മുസ്ലിം തീവ്രവാദി തലയറുത്ത് കൊന്ന സാമുവേൽ പാറ്റി എന്ന അധ്യാപകനുവേണ്ടി, ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഫ്രാൻസിൽ  വലിയൊരു ജനം ഒത്തുകൂടി. ലോകെത്തമ്പാടും പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നു.

പക്ഷെ കേരളത്തിൽ ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയപ്പോൾ ജാതിക്കും മതത്തിനും രഷ്ട്രീയത്തിനും അപ്പുറത്തു മുഷ്യത്വത്തിനും മാനവികതക്കും വേണ്ടി  ഒത്തുകൂടാൻ നമ്മൾക്കു കഴിഞ്ഞിരുന്നില്ല.

ഫേസ്ബുക്കിൽ ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ചു  2020 ഓഗസ്റ്റ് 11 ന് രാത്രി ബെംഗളൂരുവിൽ നടന്ന കലാപവും ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ്.

ബഹുസ്വരത നിലനിൽക്കുന്ന ഒരു നഗര ജീവിത സമൂഹത്തിൽ, വിവിധ ഭാഷ,മത, ജാതി സമൂഹങ്ങൾ, സൗഹാർദ്ദപരമായി ജീവിച്ചു പോരുന്ന അന്തരീക്ഷത്തിൽ, പ്രവാചകനെതിരെ മോശമായ പരാമർശം നടത്തി എന്നതിന്റെ പേരിൽ പെട്ടന്ന് ഒരു പറ്റം ആളുകൾ അക്രമണോല്സുകരായി അഴിഞ്ഞാടിയത്, അക്രമം നടത്തിയത്, എന്തിന്റെ പേരിലായാലും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്.

ഫ്രാന്‍സില്‍ ഫ്രഞ്ച് അധ്യാപകന്റെ കഴുത്തറുത്തു കൊല്ലപ്പെട്ട വാര്‍ത്ത ലോകമെങ്ങും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ മിക്ക പത്രങ്ങളിലും ഈ വാര്‍ത്ത കണ്ടില്ലെന്ന് നടിച്ചു. മാതൃഭൂമി കൊടുത്തത് ചരമകോളത്തിൽ, മംഗളം പത്രം സ്പോർട്സ് പേജിൽ ഒതുക്കി. മറ്റു പല പത്രങ്ങളു० ഈ വാർത്തക്കു വലിയ പ്രാധാന്യം നൽകിയില്ല. മുഖ്യധാരാ ഇടതു മാധ്യമങ്ങളും, കേരള ക്രൈസ്തവരുടെ ദീപക പത്രവും വലിയ തലകെട്ടോടെ വാർത്ത നൽകി. ശ്രീലങ്കയിൽ  ഈസ്റ്റർ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയുടെ കണ്ണീര് ഉണങ്ങാത്തതിനാലു० ഹാഗിയാ സോഫിയയിൽ നടന്ന ദുർവിധിയുമൊക്കെയാവാം ദീപിക പത്ര० ഈ വാര്‍ത്തയ്ക്ക് ഇത്രയും പ്രാധാന്യം നല്‍കിത്.

ജോസഫ് മാഷിന്റെ കൈവെട്ടു കേസിൽ കടുത്ത നിശബ്ദതയും  അലംഭാവവും  കാണിച്ച കേരള ക്രൈസ്തവ സഭകൾ, തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയത്തിലും ഫ്രാൻസിലെ സാമുവേൽ പോറ്റി കൊലപാതകത്തിലും  ശക്തമായ പ്രതികരണങ്ങളുമായി രംഗത്ത്  വന്നതും ശ്രദ്ധേയമാണ്.

വേണ്ടത്  സമാധാനപരമായ  പരിഹാര ശ്രമങ്ങൾ

ലോകം വല്ലാതെ മാറിപ്പോയിരിക്കുന്നു. പേരു കൊണ്ടു ആളുകള്‍ ഭീകരവാദികളാകുന്ന കാലത്തിലാണ് നം ജീവിക്കുന്നത്, കേവലം ഒരു ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍ മൂലം ലോകത്തെമ്പാടും വലിയ ഒരു ജനവിഭാഗം സംശയത്തിന്റെ നിഴലിലാണ്. വിവിധ രൂപങ്ങളിൽ പടരുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെ യഥാർത്ഥ കാര്യ കാരണങ്ങൾ പഠന വിധേയമാക്കപ്പെടണം. എങ്കിൽ മാത്രമേ പരിഹാരങ്ങളും ഉണ്ടാകുകയുള്ളൂ.

കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നതിന്റെ അടിസ്ഥാനകാരണം സാമ്പത്തിക സാമൂഹിക തൊഴിൽ മേഖലകളിലെ അസമത്വം ആയിരിക്കാം. ഇതു കണ്ടെത്തി ശാശ്വത പരിഹാരം ഉണ്ടാക്കിയാൽ മാത്രമേ  ലോകത്തു  സമാധാനം പുലരുകയുള്ളു. ഒരു പക്ഷെ, സാമ്പത്തിക അസമത്വം ഏറ്റവും കൂടുതൽ പ്രകടമായിട്ടുള്ളത്  മുസ്ലീം സമുദായം ആയിരിക്കും. മത തീവ്രവാദികൾ ഈ അവസ്ഥ ചൂഷണം ചെയ്യുന്നതാണ് ഫലപ്രദമായി തടയുക എന്നത് വലിയ വെല്ലുവിളിയാണ്. അതിൽ ലോക രാഷ്ട്രങ്ങളും ജനസമൂഹവും എത്രത്തോളം വിജയിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇസ്ലാമിക ഭീകരവാദത്തിലേക്കു മൂന്നാം ലോക രാജ്യങ്ങളിലെ ദാരിദ്രവും പട്ടിണിയും അനുഭവിക്കുന്ന യുവജനങ്ങൾ  ആകർഷിക്കപ്പെടുന്ന സ്ഥിതിക്ക് പരിഹാരമുണ്ടാവുന്നത്.

മുസ്ലീം തീവ്രവാദികള്‍ നടത്തുന്നതുമാത്രമല്ല തീവ്രവാദം. അത് ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മറ്റു മതസ്ഥരെ ആക്രമിക്കുന്നതിനെയും കൊലപെടുത്തുന്നതിനെയും തീവ്രവാദം എന്ന് പറയാന്‍ നമുക്ക് മനസുണ്ടാവണം. തീവ്രവാദി ഹിന്ദുവായാലും മുസ്‌ലിമായാലും കൃസ്ത്യാനിയായാലും തീവ്രവാദിയാണ്‌. അവനെ തെരഞ്ഞുപിടിച്ച്‌  നിയമത്തിന്റെ  മുന്നിൽ കൊണ്ടുവരണം,കുറ്റക്കാരനാണെന്ന്‌ തെളിഞ്ഞാല്‍ രാജ്യത്തിൻറെ നിയമമനുസരിച്ചു ശിക്ഷിക്കണം. ലോകത്തു ആകമാനം നടന്ന ആക്രമണങ്ങളിൽ, സ്ഫോടനങ്ങളില്‍ നിരപരാധികളായ മുസ്ലീകളും ഇരയായിട്ടുണ്ട്. അപ്പോള്‍ തീവ്രവാദം ഒരു മതത്തിന്റെ രോഗമല്ല മറിച്ച് സംസ്കാര ശൂന്യരായ, അന്ധരായ ചില മനുഷ്യരുടേതാണെന്ന് നാം തിരിച്ചറിയണം.

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും മതത്തില്‍ നിന്ന്‌ ഇത്തരം ഭീകരതയുടെ താവളങ്ങളിലേക്ക് ആനയിക്കുന്നവരെ നാം ഒറ്റപ്പെടുത്തുക തന്നെ വേണം.

ജോമോൻ സ്റ്റീഫൻ | jomonks2004@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.