കേരളം നമ്പര്‍ വണ്‍; ഇന്ത്യയിലെ മികച്ച ഭരണ നിര്‍വഹണത്തിന് വീണ്ടും അംഗീകാരം നേടുമ്പോള്‍ കേരള വികസന മോഡലിനെപ്പറ്റി ഒരു അന്വേഷണം

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി വീണ്ടും കേരളം. ബെംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്സ് (പിഎഐ) 2019ലാണ് കേരളം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി നിരവധി പഠന ഗവേഷണനങ്ങള്‍ നടത്തുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ ആണ്. ഐഎഎസുകാരുള്‍പ്പെടെ സാമ്പത്തിക സാമൂഹിക ഭരണ മേഖലയില്‍ കഴിവും പ്രഗല്‍ഭ്യവും തെളിയിച്ച ഒരു സമിതിയുടെ മേല്‍നോട്ടത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധികരിക്കുന്നത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യ, കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരും പി എ സിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം മുന്നിലെത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. അതേസമയം, വികസനത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കേരളവുമായി താരതമ്യം ചെയ്യുന്ന ഉത്തര്‍ പ്രദേശ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാന്‍ പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്സ് 2020
(പിഎഐ) സൃഷ്ടിക്കുന്ന തെളിവുകളും അത് നല്‍കുന്ന ഉള്‍ക്കാഴ്ചകളും ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട് കസ്തൂരിരംഗന്‍ പറഞ്ഞത്.

സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിങ്ങനെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിലുള്ളത്. ഉത്തര്‍പ്രദേശിനൊപ്പം ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ ഭരണമികവിനുള്ള അംഗീകാരമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളം ഒരിക്കല്‍ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സര്‍ക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളില്‍ നമുക്ക് മുന്നേറാനായി.

ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമേകുന്നതാണ് ഈ നേട്ടം. മുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ അദ്ദേഹം എഴുതി.

ഐക്യകേരള രൂപീകരണം

കേരളം എന്നുവരെ ആര്‍ജിച്ച പല മികച്ച നേട്ടങ്ങളുടെയും പിന്നില്‍ ശക്തമായ ജനമുന്നേറ്റങ്ങളുടെയും സംഘടിത പോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. സ്വാതന്ത്ര്യസമരകാലത്താണ് ‘ഐക്യകേരളം’ എന്ന ആവശ്യത്തിന് പ്രാധാന്യമേറുന്നത്. എറണാകുളത്ത് കൂടിയ നാട്ടുരാജ്യ പ്രജാസമ്മേളനം (1928) ലാണ് ഐക്യ കേരളം എന്ന ആശയം ശക്തമായി ഉന്നയിച്ചു പ്രമേയം പാസ്സാക്കിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യം ശക്തിപ്പെട്ടത് മലബാറിലാണ്. ആദ്യകാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ മൂന്നുഭാഗത്തുനിന്നും പ്രതിനിധികള്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇതില്‍ പ്രധാനം ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് സമ്മേളനമാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. 1928 മേയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഈ സമ്മേളനത്തിലും ഇതു സംബന്ധിച്ച് പ്രമേയം പാസ്സാക്കി. സ്വാതന്ത്ര്യസമരവും സാമൂഹ്യസാംസ്‌കാരിക സമ്മേളനങ്ങളും കേരളം ഒന്നാകണമെന്ന ചിന്താഗതി സൃഷ്ടിച്ചു.

അയിത്തത്തിനെതിരെയുള്ള ആദ്യസമരമായ വൈക്കം സത്യാഗ്രഹം (1924), ഗുരുവായൂര്‍ ക്ഷേത്ര സമരം(1931-32 ), പാലിയം സത്യാഗ്രഹം(1947 ) തുടങ്ങിയവ കേരളജനതയെ മനസ്സുകൊണ്ട് ഒന്നാക്കി. 1938ല്‍ കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യകേരളത്തിനുവേണ്ടി നിവേദനം പ്രവര്‍ത്തകസമിതിക്കു നല്‍കി. 1946 മേയ് 26നാണ് ഐക്യകേരളത്തിന് വേണ്ടിയുള്ള ശക്തമായ യജ്ഞം കോണ്‍ഗ്രസ് തുടങ്ങിയത്.

1956 നവംബര്‍ 1 നു ഐക്യകേരളം നിലവില്‍ വന്നു . തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ത്ത് ഭാഷ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
ഇന്ന് കാണുന്ന ‘ കേരള മോഡല്‍ ‘ വികസനത്തിന്റെ അടിത്തറ പാകിയത് നവ കേരള പിറവി മുതല്‍ക്കാണെന്നു പറയാം. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

ആധുനികകേരളം സൃഷ്ടിക്കപ്പെടുന്നതിനുപിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വലിയ സംഭാവനയുണ്ട്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ, ജാതിഭേദവും മതദ്വേഷവുമില്ലാത്ത നാടായി മാറ്റാനാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ ശ്രമിച്ചത്.

ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, പൊയ്കയില്‍ അപ്പച്ചന്‍, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍,വക്കം അബ്ദുള്‍ഖാദര്‍,വി.ടി.ഭട്ടതിരിപ്പാട്,അയ്യാ വൈകുണ്ഠ സ്വാമികള്‍, ചവറ കുര്യാക്കോസ് അച്ഛന്‍ , മറ്റു നിരവധി മഹാരഥന്മാരും ഉഴുതുമറിച്ച് സാമൂഹ്യ നവോത്ഥാനത്തിന്റെ വിത്തുപാകിയ മണ്ണില്‍ അലയടിച്ചുയര്‍ന്ന കാര്‍ഷികസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തും ജന്മിത്തത്തിന്റെയും ചൂഷണത്തിന്റെയും അടിവേരറുത്തും സാമ്പത്തിക നവോത്ഥാനത്തിന്റെ തിരിതെളിച്ചത് ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന ജന മുന്നേറ്റങ്ങളും അതിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും
പിന്നീട് ഇടതു – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായിരുന്നു.

കേരള വികസന മോഡല്‍

വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, കുറഞ്ഞ ജനന നിരക്ക് തുടങ്ങിയ സാമൂഹിക സൂചകങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളാണ് കേരള മോഡല്‍ വികസനത്തിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം കുറവാണെങ്കിലും സാമൂഹിക വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് വികസിത രാജ്യങ്ങളോടൊപ്പം എത്താന്‍ സാധിച്ചു.

കേരള സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളില്‍ വികസിച്ചുവന്ന സവിശേഷമായ സാമൂഹ്യ-സാമ്പത്തിക അവസ്ഥാവിശേഷത്തിനും അതിലേക്കു നയിച്ച നയങ്ങള്‍ക്കും നല്‍കപ്പെടുന്ന പേരാണ്’ കേരളാ വികസന മോഡല്‍’ .

താരതമ്യേന കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയര്‍ന്ന സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ചേര്‍ന്ന സന്തുലിത വികസന വസ്ഥയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഈ മോഡല്‍, ‘കേരള പ്രതിഭാസം’ എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ തുലനതയില്ലാത്ത ജനസംഖ്യാസ്വരൂപവും(Demographic profile) ഭൂമിശാസ്ത്രവും ഈ പ്രതിഭാസത്തിന്റെ വികാസത്തെ സഹായിച്ചിരിക്കാം എന്നു കരുതപ്പെടുന്നു.
ജനസംഖ്യയില്‍ ഒരു വലിയ ശതമാനം പ്രവാസത്തിലായിരിക്കുന്നു എന്നതാണ് ഈ മോഡലിന്റെ ഒരു പ്രത്യേകത. സമ്പദ് വ്യവസ്ഥ വലിയൊരളവോളം പ്രവാസികളുടെ വരുമാനത്തെ ആശ്രയിക്കാന്‍ ഇതു കാരണമായി. സംസ്ഥാനത്തെ സാമ്പത്തികോല്പാദനത്തിന്റെ 20 ശതമാനത്തോളം പ്രവാസികളുടെ സംഭാവനയാണ്. പ്രവാസികളില്‍ ഒട്ടേറെപ്പേര്‍ ഗള്‍ഫ് നാടുകളില്‍ സേവന മേഖലയിലും, ചെറു കച്ചവടങ്ങളിലും,നിര്‍മ്മാണരംഗത്തും മറ്റും തൊഴില്‍ കണ്ടെത്തി. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള വരുമാനം കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നില നിറുത്തുന്നു എന്ന് കേരളാ മോഡലിനെ വിശേഷിപ്പിക്കാം.

കേരള വികസന മോഡലിന്റെ ചില നാഴികകല്ലുകള്‍

1 . ഭൂപരിഷ്‌കരണം

ഐക്യകേരളം രൂപീകരണത്തിന് ശേഷം ആദ്യമായി അധികാരത്തില്‍ വന്ന EMS നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്‌റ് സര്‍ക്കാരാണ് ഭൂപരിഷ്‌കരണം നടപ്പിലാക്കാനുള്ള ബില്‍ നിയമ സഭയില്‍ അവതരിപ്പിച്ചത്. ഇതിനു മുന്നോടിയായി ഒഴിപ്പിക്കല്‍ നിരോധനനിയമം (The Kerala Stay of Eviction Proceedings Act, 1957) കൊണ്ടുവന്നു. കേരളത്തിലെ സാധാരണക്കാരന്റെ അവകാശ ബോധത്തെ തൊട്ടുണര്‍ത്തിയ ചരിത്രപരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ടത് കാര്‍ഷിക ബില്‍ ആണ് .

ഭൂപരിഷ്‌കരണനിയമം 1959 ജൂണ്‍ 10-ആം തിയതിയിണ് കേരളനിയമസഭ പാസാക്കിയത്. കേരള കാര്‍ഷികബന്ധബില്‍ (kerala Agrarian Relations Bill, 1957) എന്നറിയപ്പെടുന്ന ഈ ബില്ലില്‍ കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുക, പാട്ടവ്യവസ്ഥകള്‍ റദ്ദാക്കുക, എല്ലാ കുടിയാന്‍മര്‍ക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും നല്‍കുക, ഒഴിപ്പിക്കല്‍ പൂര്‍ണ്ണമായി തടയുക, കുടിയാന്റെ കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന് കുടിയാന് അവകാശം ലഭ്യമാക്കുക, ഭൂമിയില്ലാത്ത കര്‍ഷകതൊഴിലാളികള്‍ക്കും ഹരിജന, ഗിരിജനങ്ങള്‍ക്കും മിച്ചഭൂമി വിതരണം ചെയ്യുക, ജന്മിത്തം അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഉണ്ടായിരുന്നു.

ഭൂപരിഷ്‌കരണം അഥവാ കാര്‍ഷിക പരിഷ്‌കരണം എന്നതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥതയും കൈവശാവകാശവും നിര്‍ണയിക്കുന്ന സമ്പ്രദായങ്ങളിലുളള മാറ്റത്തെയാണ് വിവക്ഷിക്കുന്നത്. ഭൂമിയുടെ നീതിപൂര്‍വ്വമായ പുനര്‍വിതരണമാണ് ഭൂപരിഷ്‌കരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു കാര്‍ഷിക രാജ്യത്തില്‍ ഭൂപരിഷ്‌കരണത്തിന് വലിയ പ്രാധാന്യമുണ്ട്. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്‌കാരങ്ങളും ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

1969 -70 കളില്‍ ഭൂപരിഷ്‌കരണ നിയമം പൂര്‍ണ തോതില്‍ നടപ്പിലായതോടെ കാര്‍ഷിക ബന്ധങ്ങളില്‍ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടായി. ഒന്നാമതായി കുടികിടപ്പുകാര്‍ക്ക് പഞ്ചായത്തുകളില്‍ പത്ത് സെന്റ്, മുനിസിപ്പാലിറ്റിയില്‍ അഞ്ച് സെന്റ്, കോര്‍പ്പറേഷനുകളില്‍ 3 സെന്റ്എന്നിങ്ങനെ അവരുടെ കുടികിടപ്പുഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കി. രണ്ടാമതായി, സംസ്ഥാനത്ത് ജന്മിത്ത സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്തു. മൂന്നാമതായി, കൈവശ ഭൂമിക്ക് പരിധി നിര്‍ണയം വരികയും അധിക ഭൂമി അഥവാ മിച്ചഭൂമി ഭൂരഹിതരായ കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ലഭ്യമാക്കി.

2. ഭവന നിര്‍മ്മാണ പദ്ധതികള്‍

ഭൂപരിഷ്‌കരണത്തിന് ശേഷം മറ്റൊരു വിപ്ലവകരമായ കാല്‍വെയ്പായിരുന്നു ലക്ഷംവീട് പദ്ധതി. ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി മന്ത്രിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ നേതൃത്വം നല്‍കി നടപ്പിലാക്കിയ പദ്ധതി. 1976ലെ കണക്കനുസരിച്ച് 57,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. പിന്നീട് പല പദ്ധതികളിലൂടെ ഭവനരഹിതരായവര്‍ക്കു ആശ്വാസം നല്‍കുന്ന നടപടികള്‍ മാറി മാറി ഭരണത്തില്‍ വന്ന ഇടതു വലതു സര്‍ക്കാരുകള്‍ നടപ്പിലാക്കി. ഇപ്പോള്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷത്തി അമ്പതിനായിരം പേര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

3. സാര്‍വത്രിക പൊതു വിദ്യാഭ്യാസം

കേരളത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ വലിയൊരു ചാലക ശക്തി, പൊതു വിദ്യാഭ്യാസ രംഗത്തെ മികച്ച വിജയമാണ്. ഇന്ത്യ രാജ്യം സ്വാതന്ത്യ്രമാകുന്നതിനു മുന്‍പ് തന്നെ കേരളത്തിലെ ജനങ്ങള്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇതിലൂടെ സൃഷ്ടിക്കപ്പെട്ട മാനുഷിക വിഭവ ശേഷി, ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പിന്നീട് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള ലോകത്തിലെ വിവിധ നാടുകളിലെ തൊഴില്‍ മേഖലയില്‍ മലയാളിയെ എത്തിച്ചു.

പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കികൊണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1944-45 ല്‍ ഉത്തരവിറക്കി. 1945 ല്‍ ഇംഗ്ലീഷ് സ്‌കൂളുകളില്‍ പഠനമാധ്യമം മാതൃഭാഷയാക്കി .1949 ല്‍ തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെ ഏകീകൃത പഠനസമ്പ്രദായം നിലവില്‍ വന്നു. ഏകീകൃത പഠനസമ്പ്രദായത്തിന്റെ കീഴില്‍ ഇ .എസ് .എല്‍.സി പരീക്ഷഎസ്.എസ്.എല്‍.സി പരീക്ഷയയി പുനര്‍നാമകരണം ചെയ്തു. ആദ്യത്തെ എസ്.എസ് എല്‍ സി പരീക്ഷ 1952 മാര്‍ച്ചില്‍ നടത്തി.

4 .പൊതുജന ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍

കേരളത്തിന് ചിട്ടപ്പെടുത്തിയ ആരോഗ്യ പരിപാലനത്തിന്റെ നീണ്ട ചരിത്രമുണ്ട് . യൂറോപ്യന്‍ വൈദ്യശാസ്ത്രത്തിന്റെ വരവിനു മുന്‍പ്, ആയുര്‍വേദ വൈദ്യന്മാര്‍ അവരുടെ ചികിത്സാരീതികള്‍ അവരുടെ തന്നെ തലമുറകള്‍ക്കു കൈമാറിവന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പഴയ സംസ്ഥാനങ്ങളായ തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാട്ടുരാജാക്കന്മാര്‍ പാശ്ചാത്യ പരിചരണ സമ്പ്രദായം അവര്‍ക്ക് ലഭ്യമാക്കുന്നതിന് മുന്‍കൈയെടുത്തു.

കേരള സംസ്ഥാനം രൂപപ്പെടുന്ന സമയത്ത് വൈദ്യ പരിചരണസംവിധാനം എല്ലാ പൗരന്മാര്‍ക്കും പ്രാപ്യമായിരുന്നു. സംസ്ഥാനം രൂപീകരിച്ച സമയം മുതല്‍, ഗവണ്മെന്റ് ബഡ്ജറ്റിന്റെ ഒരു വിഹിതം ആരോഗ്യത്തിനായി പരിഗണിച്ചിരുന്നു. സര്‍ക്കാര്‍ വികസന ചെലവിന്റെ വലിയ പങ്ക് സാമൂഹിക മേഖലയിലുള്ള ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായാണ് നിക്കിവയ്ക്കുന്നത്.

പൊതുമേഖലയിലെ ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ഇടപെടലാണ് ആരോഗ്യ രംഗത്ത് കേരളത്തിന്റെ വിജയ രഹസ്യം. ഗ്രാമ പഞ്ചായത്തു തലത്തിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സ്ഥാപനങ്ങള്‍ വഹിച്ച പങ്കു നിസ്തുലമാണ്. കേരളീയരില്‍ ആയുര്‍ ദൈര്‍ഘ്യ വര്‍ദ്ധനവിനും ഏതു കാരണമായി.

ആഗോള നിലവാരത്തിലുള്ള മറ്റൊരു നേട്ടമാണ് കേരളത്തിലെ കുറഞ്ഞ ശിശുമരണ നിരക്ക്. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം വെറും പത്താണ്. അമേരിക്ക ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളുടെ ശിശുമരണ നിരക്കിന് തുല്യമായ സ്ഥിതിയാണ് കേരളത്തിലേത്.

5 .സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം

സാക്ഷരതയെന്നാല്‍ കേവലം അക്ഷരം പഠിക്കല്‍ മാത്രമല്ല, ജീവിതത്തെ അറിയുക എന്നതുകൂടിയാണ് എന്ന് അഭിപ്രായപ്പെട്ടത് ലോക പ്രശസ്ത വിദ്യാഭ്യാസചിന്തകന്‍ പൌലോ ഫ്രെയറാണ്.

അക്ഷരങ്ങളും അറിവും ജനകീയ വല്‍ക്കരിക്കണം എന്ന ആശയത്തില്‍ നിന്നാണ് 1988 – 1991 കാലഘട്ടത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം കേരളത്തില്‍ നടപ്പിലാക്കിയത്. സര്‍ക്കാര്‍ സഹകരണത്തോടെ,കേരള ശാസ്ത്ര സാഹിത്യ പരിഷത് പോലെയുള്ള നിരവധി സംഘടനകള്‍ മുന്‍കൈ എടുത്തു നടപ്പിലാക്കിയ പദ്ധതി, കേരളീയ ഗ്രാമങ്ങളില്‍ ഒരു പുത്തന്‍ ഉണര്‍വും ആവേശവും സൃഷ്ടിച്ചു. ജനീകീയ കൂട്ടയ്മയുടെ വന്‍ വിജയമാണ് കേരളെത്തിലെമ്പാടും ദൃശ്യമായത്.

ഇന്ത്യയില്‍ സമ്പൂര്‍ണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രില്‍ 18 ന് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

6 .ജനകീയ ആസൂത്രണ പ്രസ്ഥാനം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തില്‍ 1996-ല്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചിലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികള്‍ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂര്‍ണ്ണജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതില്‍ 2009-10 ലെ ഭാരത സര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിനു ലഭിച്ചു.

ത്രിതല പഞ്ചായത്തുകളെയും മുന്‍സിപ്പല്‍ കോര്പറേഷനുകളെയും യഥാര്‍ഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും അവയെ പ്രാദേശിക സര്‍ക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന്റെ പ്രധാന ഉദ്ദേശം.

7 .കുടുംബശ്രീയും വനിതാ മുന്നേറ്റവും

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച സംവിധാനമാണ് കുടുംബശ്രീ. വനിതകളുടെ സ്വയം സഹായ ഗ്രൂപ്പ് വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ഉദ്ദേശം. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി.

ഇന്ന് കേരളത്തില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുകയും സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും ചെയ്തിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്‌മെന്റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്.

എന്തുകൊണ്ട് കേരളം മാതൃക ..?
തിരുവിതാംകൂര്‍ കൊച്ചി രാജവംശങ്ങളുടെ ജനോപകാരപ്രദമായ നടപടികളും ക്രിസ്ത്യന്‍ മിഷണറിമാരുടെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വികസനത്തിന് തുടക്കം കുറിച്ചു. പിന്നീട് ദേശിയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളും കേരള നവോത്ഥാന മുന്നേറ്റങ്ങളും സവിശേഷമായ ഒരു കേരള മാതൃക സൃഷ്ടിക്കുന്നതില്‍ അടിത്തറ പാകി . പൊതു വിദ്യാഭ്യാസ മേഖല, കേരളത്തിന്റെ സിവില്‍ സര്‍വ്വീസ്,പൊതു മേഖല എന്നിവയും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഐക്യ കേരളത്തിന്റെ രൂപീകരണത്തോടെ കേരള വികസനത്തിന് പുതിയൊരു ദിശ ബോധം കൈവന്നു.

ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യസെന്‍ ഒരിക്കല്‍ പറഞ്ഞു; ‘ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യുന്ന കാര്യത്തില്‍ കേരളത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്” .
‘കേരള വികസന മാതൃക’ ചൂണ്ടികാട്ടി നിരധി വേദികളില്‍ അമര്‍ത്യ സെന്‍ നിരത്തിയ വസ്തുതകള്‍ കേരള സംസ്ഥാനം സാമൂഹ്യസൂചകങ്ങളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണെന്ന് തെളിയിക്കുന്നതായി.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും സയ്യിദ് മക്തി തങ്ങളും മറ്റും നയിച്ച നവോത്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ കേരളം ഇന്നും അഭിമാനംകൊള്ളുന്നു. നവോത്ഥാന നായകര്‍ ഏത് മതക്കാരാണെന്ന് നോക്കാതെ അവര്‍ പഠിപ്പിച്ചതും കാണിച്ചുതന്ന മാതൃകകളും മുന്‍ നിറുത്തി കേരളീയര്‍ ഇവരുടെ സ്മരണകളെ ബഹുമാനിക്കുന്നു, ആദരിക്കുന്നു.

നവോത്ഥാനപ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുവന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ സ്വാതന്ത്യ്രസമരത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചു. കര്‍ഷകരുടെ, തൊഴിലാളികളുടെ ശബ്ദങ്ങള്‍ക്ക് അവര്‍ നാവുനല്‍കി. ഭൂമിയും അതില്‍ അവകാശവും അവര്‍ക്ക് നേടിക്കൊടുത്തു. രാജ്യത്തിന്റെ പല ഭാഗത്തെയും ജനങ്ങള്‍ക്ക് ഇതൊക്കെ ഇന്നും സ്വപ്നം മാത്രമാണ്.

സംരക്ഷിക്കണം വികസനത്തിന്റെ ഈ കേരള മാതൃകയെ

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കേരളം നിരവധിയായ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ പല മേഖലയിലും ബഹുമുഖ പ്രശ്‌നങ്ങളും ഇപ്പോഴും നേരിടുന്നു. നാളിതുവരെ ആര്‍ജിച്ച നേട്ടങ്ങള്‍ നിലനിറുത്തുക എന്നതിനപ്പുറം പുതിയതായി ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ സമര്‍ത്ഥമായി തരണം ചെയ്യുക എന്നതാണ് കേരളം നേരിടുന്ന നൂതന വെല്ലുവിളികള്‍.

അഭ്യസ്ത വിദ്യര്‍ക്കിടിയിലെ തൊഴിലില്ലായ്മ, പ്രവാസികളുടെ തിരിച്ചു വരവ്, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍, നിപ്പ, കോവിഡ് പോലുള്ള പകര്‍ച്ച വ്യാധികള്‍, കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിക പ്രശ്‌നങ്ങള്‍, മുതലായവ ഉദാഹരണങ്ങള്‍.

ഈ പ്രശ്‌നങ്ങളെ എങ്ങിനെ ഫലപ്രദമായി തരണം ചെയ്യാം എന്നത് വലിയ ചോദ്യ ചിഹ്നമാണ്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ കുറെക്കാലമായി കേരളം പലതരം ദുരന്തങ്ങളില്‍ അകപ്പെടുന്നു. ഓഖിയും നിപ്പയും പ്രളയവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. അവയുടെ പ്രത്യാഘാതങ്ങളെ മറിക്കടക്കാനെന്നോണം ഒരു നവകേരള സൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി എത്തിപ്പെട്ടത്. പുതുക്കിപ്പണിയലല്ല; നവകേരളം തന്നെ സൃഷ്ടിക്കുക എന്ന അജണ്ടയിലേക്ക് ഭരണകൂടവും ജനങ്ങളും നിര്‍ബന്ധിതമാക്കുന്ന അവസ്ഥ സംജാതമായി.

നിലവിലെ കോവിഡ് വൈറസ് ഭീതിയുടെ സാഹചര്യത്തില്‍ മലയാളികള്‍ നിരവധി പുതിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ജീവിത സുരക്ഷ കൈവരിക്കാന്‍ ആരോഗ്യ സുരക്ഷയോടൊപ്പം തന്നെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയും പ്രധാനമാണെന്ന് ഈ രോഗാവസ്ഥ നമ്മെ ബോധ്യപ്പെടുത്തി.

കോവിഡാനന്തര കേരളത്തിന്റെ ഭാവി എങ്ങിനെയായിരിക്കണം എന്ന ആരോഗ്യപരമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. ദുരന്തങ്ങള്‍ ഇല്ലാത്ത, പാരിസ്ഥിക സന്തുലനം കാത്തു സൂക്ഷിക്കുന്ന, കാലാവസ്ഥ മാറ്റങ്ങളുടെ ആഘാതം കുറക്കാന്‍ കഴിയുന്ന ഒരു നവ കേരള സൃഷ്ടിയാണ് ആവശ്യം. മനുഷ്യനെയും പ്രകൃതിയെയും ഒരു പോലെ പരിഗണിക്കുന്ന, ഭരണനയങ്ങള്‍ക്ക് പ്രസക്തി കൂടി വരികയാണ്.

നവ കേരള നിര്‍മിതിയില്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള വികസന മാതൃകകളാണ് പിന്തുടരേണ്ടത്. ഇത്തരത്തിലുള്ള വികസനം മാത്രമേ സുസ്ഥിരവികസനം എന്ന് വിവക്ഷിക്കാനാവുകയുള്ളു. കേരളത്തിന്റെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് പരിശോധിച്ചാല്‍ വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, പരിസ്ഥിതി സൗഹൃദ ടൂറിസം, സേവന മേഖലയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ ഇവയൊക്കെയാണ് നമുക്ക് അനുയോജ്യം എന്ന് കാണുവാന്‍ സാധിക്കും.

പരിസ്ഥിതി സന്തുലനത്തില്‍ ഊന്നിയതും മനുഷ്യന്റെ അധ്വാനശേഷിയെ പരമാവധി വികസിപ്പിച്ചുപയോഗിക്കാവുന്നതും സാമൂഹ്യ ആസൂത്രണത്തില്‍ അധിഷ്ഠിതമായ, പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഒരു പുതിയ വികസന സമീപനം കേരളത്തില്‍ ഉയര്‍ന്നു വരേണ്ടതായുണ്ട്.

ജോമോന്‍ സ്റ്റീഫന്‍
jomonks2004@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.