അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് – ‘അടി തെറ്റിയാൽ ട്രംപും വീഴും’

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

1991 ൽ ഇറങ്ങിയ മലയാള സിനിമ സന്ദേശത്തിൽ ഒരു കഥാരംഗമുണ്ട്. കനത്ത തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങിയപ്പോൾ  നേതാവിനോട് പാർട്ടി കമ്മിറ്റിയിൽ ഒരു അനുയായി ചോദിക്കുന്നു ” തിരഞ്ഞെടുടുപ്പിൽ നമ്മൾ എന്തുകൊണ്ട് തോറ്റു.? ”

ഒരു പക്ഷെ കാലത്തിനു മുൻപേ സഞ്ചരിച്ചും, പ്രായോഗിക രാഷ്‌ടീയത്തിലെ ജീർണതകൾ ചൂണ്ടിക്കാട്ടിയതുമായ ഒരു പ്രമേയം. അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രം മലയാളിക്ക് പകർന്നു നൽകിയത്. ഒരു സ്വതന്ത്ര ബുദ്ധിജീവിയായ  ശ്രീനിവാസന്റെ  വരികളും, കഥാ തന്തുവിനെ അഭ്രപാളികളിൽ അതിഗംഭീരമായി പകർത്തിയ പ്രതിഭാധനനായ സംവിധായകൻ സത്യൻ അന്തിക്കാടും, രാഷ്ട്രീയ ചിന്താകുതുകികളായ മലയാളി മനസ്സുകളിൽ കോറിയിട്ട  സാമൂഹിക രാഷ്ട്രീയ വിമർശന കഥാ സന്ദർഭങ്ങൾ ഇപ്പോഴും സജീവമായി നിലനിക്കുന്നതായി കാണാം ..

“വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു “…. ഈ സംഭാഷണ ശകലം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ഒരു ക്‌ളീഷയായി അവശേഷിക്കുന്നു ..!

‘അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ ‘ എന്ന നേതാവിന്റെ  മറുപടിയും, ”എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങ് പറഞ്ഞാലെന്താ’ എന്ന അനുയായിയുടെ മറു ചോദ്യവും എക്കാലവും നമ്മെ ചിന്തിപ്പിക്കുന്നു.

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ്  എന്ന കച്ചവടക്കാരനായ റിപ്പബ്ലിക്കൻ പ്രസിഡന്റ്  കനത്ത  പരാജയം ഏറ്റു വാങ്ങിയ  സാഹചര്യത്തിൽ  ‘”എന്തുകൊണ്ട്  നമ്മൾ തോറ്റു ” എന്ന സന്ദേശം സിനമയിലെ കഥാ രംഗം ഏവരുടെയും മനസ്സുകളിൽ വീണ്ടും ഉയർന്നേക്കാം.

ലോക വൻശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ തോൽവിയുടെ കാര്യകാരണങ്ങൾ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തിയ പ്രചാരണങ്ങൾ അമേരിക്കൻ ജനത തള്ളിക്കളഞ്ഞു എന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ പൊതുവെ സാമ്പത്തിക നയവും വിദേശ നയവുമാണ്‌ കാര്യമായ ചർച്ചക്ക് വിധേയമാകുന്നത്. എങ്കിലും ഡൊണാൾഡ് ട്രംപിന്‍റെ  തെരെഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ ഇവയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

 

ഡൊണാൾഡ് ട്രംപിന്റെ  തോൽവിയുടെ   പ്രധാന കാരണങ്ങൾ
1. എതിർ കക്ഷിയായ  ഡെമോക്രറ്റുകളെയും പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെയും  പുച്ഛിച്ചും പരിഹസിച്ചുമുള്ള ക്യാമ്പയിൻ.

2.  കോവിഡ്  പ്രതിസന്ധിയെ  മുഖ വിലക്കെടുത്തില്ല.കോവിഡ് ബാധിച്ചു രണ്ടര ലക്ഷത്തോളം അമേരിക്കൻ പൗരന്മാർ മരണപ്പെട്ടത് തിരിച്ചടിയായി.

3. കോവിഡ് കാലത്തു ലോക്ക് ഡൌൺ ആവശ്യമില്ല, മാസ്ക് ധരിക്കേണ്ട , സോഷ്യൽ ഡിസ്റ്റൻസിങ്  ആവശ്യമില്ല എന്ന നിലപാട് ജനം അംഗീകരിച്ചില്ല.

4. പോലീസ്  ഭീകരത മൂലം കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ മരണം
വ്യാപക പ്രതിഷേധം ഉയർത്തി.

5. വെള്ളക്കാരായ ബ്ലൂകോളർ ജോലിക്കാരുടെ, തൊഴിൽ നഷ്ടവും ജീവിതപ്രശ്‌നങ്ങളും മുഖ്യപ്രശ്‌നമായി ട്രംപ്‌ അവതരിപ്പിച്ചത്, കറുത്ത വംശജർ ഉൾപ്പെടെയുള്ള  മറ്റുള്ളവരെ
എതിർപക്ഷത്താക്കി.

6. കുടിയേറ്റക്കാരും കറുത്തവംശജരുമാണ്‌ , ‘ വെള്ളക്കാരുടെ ‘  തൊഴിൽനഷ്ടത്തിന്‌ കാരണമെന്ന്‌ അദ്ദേഹം വാദിച്ചു.

7. മുസ്ലിം വിരുദ്ധത, കുടിയേറ്റ വിരുദ്ധത, വെള്ളക്കാരന്റെ വംശീയമേന്മാ വാദം, ക്രൈസ്‌തവ മതമൗലികവാദം എന്നിവ സമാസമം  ചേർത്ത്‌ അമേരിക്കയുടെ ‘വെള്ള വംശീയ സ്വത്വം’ ഉയർത്തിപ്പിടിച്ചത് തിരിച്ചടിയായി.

8. അമേരിക്കയിലെ 99 ശതമാനം സ്വത്തും കൈയടക്കിവച്ചിരിക്കുന്ന ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ സാമ്പത്തിക താൽപ്പര്യങ്ങൾമാത്രം പരിഗണിക്കുന്ന മുതലാളിത്തക്രമ വാദഗതിക്കു മുൻഗണന നൽകി.

9.  ജനസംഖ്യയുടെ 65 ശതമാനം  വരുന്ന  വിവിധ ക്രൈസ്‌തവ വിഭാഗങ്ങളെ  പിന്തുണച്ചു
ക്രിസ്‌ത്യൻ സ്വത്വമെന്ന വികാരം ഉയർത്തി. ഇത് മതമൗലികവാദികളായ ക്രിസ്‌ത്യൻ സയണിസ്റ്റുകൾ, പ്രൊട്ടസ്റ്റന്റ്‌കൾ എന്നിവരുടെ പിന്തുണ നേടാൻ കഴിഞ്ഞുവെങ്കിലും പൂർണ അർത്ഥത്തിൽ വോട്ടായി മാറിയില്ല.

10. കടുത്ത ചൈനാ വിരുദ്ധ പ്രചാരണം അഴിച്ചു വിട്ടുവെങ്കിലും തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.

ജോ ബൈഡനെയും  ഡെമോക്രറ്റുകളെയും   അനുകൂലിച്ച ഘടകങ്ങൾ

1. കോവിഡ്-19 മഹാമാരി മൂലം ദുരിതത്തിലായ യുഎസിലെ സ്ഥിതി മെച്ചപ്പെടുത്തുമെന്നും പ്രസിഡൻ്റ് ട്രംപ് സൃഷ്ടിച്ച പ്രശ്നങ്ങള്‍ അവസാനിപ്പിക്കുമെന്നുള്ള പ്രചാരണം .

2. അമേരിക്കയിലെ ഏല്ലാ ജനവിഭാഗങ്ങളെയും  ഒരു പോലെ കാണുമെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നൽകുമെന്ന വാഗ്ദാനം.

3. ബ്ലാക്ക്‌ ലൈവസ്‌ മാറ്റേഴ്‌സ്‌ പ്രസ്ഥാനം 13.4 ശതമാനം വരുന്ന കറുത്ത വംശജരുടെ വോട്ട്‌ ജോ ബൈഡന്‌ അനുകൂലമാക്കി

4. ഇന്ത്യൻ വംശജയായ കമല ഹാരിസിന്‍റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം, ജനസംഖ്യയിൽ 5.9 ശതമാനം വരുന്ന ഏഷ്യൻ വംശജർക്കിടയിൽ തരംഗമുണർത്തി.

5. യുവ ജനതയുടെ വോട്ടു നേടാൻ കഴിഞ്ഞു. അമേരിക്കയിൽ 40 ശതമാനം വോട്ടർമാർ 18നും 45 നുമിടയിൽ പ്രായമുള്ളവരാണ്‌. 1996നുശേഷം ജനിച്ച വോട്ടർമാർ 10 ശതമാനവും. ‘ജനറേഷൻ ഇസഡ്‌’ എന്നറിയപ്പെടുന്ന ഇക്കൂട്ടർ ഡെമോക്രാറ്റിക്‌ പാർടിയിലെ പ്രോഗ്രസീവ്‌ വിങ്ങിനെ പിന്തുണയ്‌ക്കുന്നവരാണ്‌.

6. ഡെമോക്രറ്റുകൾ  മുന്നൊട്ടുവെച്ച ജനാധിപത്യ സോഷ്യലിസത്തിന്‍റെ മുദ്രാവാക്യവും നയ സമീപനങ്ങളും സാധാരണക്കാരായ അമേരിക്കൻ ജനതയെ ആകർഷിച്ചു.

7.  കറുത്തവംശജർ, ഏഷ്യൻ വംശജർ, വിവിധ മുസ്ലിം ജന വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഡെമോക്രാറ്റുകൾക്ക്‌ അനുകൂലമായ നിലപാട് സ്വീകരിച്ചു.

അമേരിക്കൻ ദേശീയത ഉയർത്തി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ

അമേരിക്കയുടെ മുറിവുണക്കാനുള്ള സമയമാണിത്.അമേരിക്കയെന്നാല്‍ ചുവപ്പും നീലയും സംസ്ഥാനങ്ങളല്ല.ഐക്യനാടുകളാണ്. കറുത്ത വര്‍ഗക്കാര്‍ അമേരിക്കയുടെ അവിഭാജ്യ ഘടകമാണ്. താന്‍ വിഭജിക്കുന്ന നേതാവാകില്ലെന്നും വിജയം ഉറപ്പിച്ച ജോ ബൈഡൻ പറ‌ഞ്ഞു.

 

” ഡെമോക്രറ്റുകളും റിപ്പബ്ലിക്കന്മാരും  പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍ ” സന്ദേശം സിനിമ ഡയലോഗ്  അനുസ്മരിപ്പിക്കും വിധം, ജോ ബൈഡൻ വിജയിച്ചതോടെ അമേരിക്കൻ ദേശിയ വാദം അദ്ദേഹം ഉയർത്തി കഴിഞ്ഞു.

‘അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കണം. വെളിച്ചം പരത്തുന്ന തിരുമാനങ്ങളും ഇരുണ്ട ചിന്തകളും തമ്മിലുള്ള നിരന്തരമായ പോരാട്ടങ്ങളാണ് നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തിയത്’ – അദ്ദേഹം പറയുന്നു. അതെ, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അമേരിക്കയിൽ ഒറ്റ ജനതയെ ഉള്ളു. അമേരിക്കക്കാർ …!  ജോ ബൈഡനെ  സ്വാഗതം ചെയ്തും ആശംസകൾ നേർന്നുകൊണ്ടുള്ള ബാനറുകൾ എങ്ങും ഉയർന്നു കഴിഞ്ഞു.

കറുത്തവർ, ലാറ്റിനോകൾ, ഇറ്റലിക്കാർ, ജൂതർ, ആഫ്രോ അമേരിക്കക്കാര്‍, അറബികൾ, റെഡ് ഇന്ത്യക്കാര്‍, ഇറ്റലിക്കാര്‍, ജാപ്പനീസ് – ചൈനീസ് വിഭാഗക്കാര്‍, കരീബിയന്‍ സമുദായങ്ങള്‍ തുടങ്ങിയ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ കലർപ്പാണ് അമേരിക്കൻ ദേശീയ സമൂഹം. ഇവരെയും റിപ്പബ്ലിക്കൻ കക്ഷിയെ പരമ്പരാഗതമായി പിന്തുണക്കുന്ന വെളുത്ത വംശജരെയും ഒരുമിപ്പിച്ചു മുന്നോട്ടു ഭരണം നടത്തുക എന്നതാണ് ബൈഡന്‍റെ പ്രധാന വെല്ലുവിളി.

യുഎസിന്‍റെ 46–ാം പ്രസിഡണ്ടായിട്ടാണ് ഡമോക്രാറ്റ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡണ്ടുമായ ജോ ബൈഡൻ (77) തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വംശജയായ കമല ഹാരിസ് (56)  വൈസ് പ്രസിഡണ്ടാകും. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ് കമല ഹാരിസ്.

ഡൊണാൾഡ് ട്രംപും  നരേന്ദ്ര മോദിയും

അമേരിക്കൻ  പ്രസിഡന്റ്  ഡൊണാൾഡ് ട്രംപും  നരേന്ദ്ര മോദിയും  തമ്മിലുള്ള സൗഹൃദം ലോകത്തെമ്പാടും പ്രസിദ്ധമാണ്. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയുടെ വിജയത്തെ തുടർന്നാണ് മോഡി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. പ്രസിഡന്റായ ശേഷം ആദ്യമായി ട്രംപ് ഇന്ത്യയിലേക്ക് വരാൻ സമ്മതം മൂളിയപ്പോൾ മോദി അതിനായി തിരഞ്ഞെടുത്തത് സ്വന്തം ജന്മനാടായ ഗുജറാത്താണ്.
“രണ്ട് ഉജ്ജ്വല വ്യക്തിത്വങ്ങൾ, ഒരു അസുലഭ മുഹൂർത്തം”, രണ്ടു രാഷ്ട്രങ്ങൾ, ഒരു അപൂർവസൗഹൃദം” എന്നൊക്കെ അഹമ്മദാബാദിലെ ഹോർഡിങ്ങുകളിൽ മോദി-ട്രംപ് എന്നിവർ ചേർന്ന ഫോട്ടോകൾക്ക് കീഴെ വലിയ അടിക്കുറിപ്പോടെ പ്രദർശിപ്പിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം ട്രംപ് അഹമ്മദാബാദില്‍ എത്തിയതിന്‍റെയും നമസ്‌തേ ട്രംപിന്‍റെയും പ്രധാനഭാഗങ്ങള്‍ ചേർത്ത്  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപ് ഉപയോഗിച്ചു. ഇരു നേതാക്കളും കൈകള്‍ കോര്‍ത്തുപിടിച്ച് വേദിയിലേക്ക് കടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കയിലെ ഇന്ത്യക്കാരെ സ്വാധിനിക്കാൻ ട്രംപ് ക്യാംപ് ഉപയോഗിച്ചുവെങ്കിലും ഫലം കണ്ടില്ല.

ട്രംപിന്‍റെ പരാജയം മോദിക്ക് കനത്ത തിരിച്ചടിയാണ് എന്ന രീതിയിലുള്ള മാധ്യമ വിശകലങ്ങൾ വന്നു കഴിഞ്ഞു. കടുത്ത വംശീയ നിലപാടുകളിൽ  ഇരുവരും തമ്മിൽ പല സാമ്യങ്ങളുണ്ടായിരുന്നു. ഇൻഡ്യന്‍ സാഹചര്യത്തില്‍ വികസിച്ച സവര്‍ണ ജാതി രാഷ്ട്രീയവും, അമേരിക്കൻ വെളുത്ത വംശീയ മേധാവിത്വവും തമ്മിലെ ബന്ധം വികസിക്കുന്നതിലെ അപകടം പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഡെമോക്രറ്റുകളുടെ വിജയം  ഇന്ത്യ – അമേരിക്ക ബന്ധങ്ങളെ എങ്ങിനെ ബാധിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. ഇന്ത്യൻ വംശജ കമല ഹാരിസിലാണ്  ഇനി പ്രതീക്ഷ.  ചൈനയുമായി  ഇന്ത്യയും മോദിയും കൊമ്പു കോർത്ത് നിൽക്കുന്ന വേളയിൽ അമേരിക്കൻ പിൻതുണ മോദിക്ക് നിർണായകമാണ്.

അമേരിക്കൻ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ജോ ബൈഡനു  കഴിയുമോ ?

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്കാണ് അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക ( യു.എസ്‌.എ.)എന്ന് അറിയപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിലാണ് അമേരിക്ക ആഗോള ശക്തിയായി വളർന്നു വന്നത്. വ്യാവസായിക, സാങ്കേതിക മേഖലകളിൽ കൈവരിച്ച വളർച്ച അമേരിക്കയുടെ കുതിച്ചുകയറ്റത്തിനു കാരണമായി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളായിരുന്നു അമേരിക്കയുടെ കുതിച്ചുകയറ്റത്തിന് മറ്റൊരു  പ്രധാന കാരണം. രണ്ട് ലോക മഹായുദ്ധങ്ങളിലും അവർ പങ്കെടുത്തെങ്കിലും സ്വന്തം ഭൂമിയിൽ പടവെട്ടേണ്ടി വന്നില്ല. സഖ്യകക്ഷികളുടെ മണ്ണിലായിരുന്നു അവരുടെ പോരാട്ടങ്ങളത്രയും. ഇതിനാൽ യുദ്ധത്തിന്റെ ദുരിതങ്ങൾ അമേരിക്കയെ സ്പർശിച്ചതേയില്ല. എന്നാൽ അതുവരെ മേധാവിത്വം പുലർത്തിയിരുന്ന യൂറോപ്യൻ രാജ്യങ്ങളാ‍കട്ടെ യുദ്ധത്തിന്റെ അനന്തരഫലമായി വെട്ടിമുറിക്കപ്പെടുകയും സാമ്പത്തികമായി തളരുകയും ചെയ്തു. 1929 മുതൽ 1939 വരെ ലോകമെമ്പാടും രൂപംകൊണ്ട സാമ്പത്തിക മാന്ദ്യവും അമേരിക്കയ്ക്ക് പോറലേൽപ്പിച്ചില്ല.  ഇതെല്ലാം അന്നുവരെ ലോക സമ്പത് ശക്തികളായിരുന്ന യൂറോപ്യൻ രാഷ്ട്രങ്ങളെ മറികടന്ന് വൻ ശക്തിയാകാൻ അമേരിക്കയെ സഹായിച്ചു. 1950 – കളോടെ ആഗോള സമ്പത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിക്കാനും ലോക അധികാരം കൈയ്യാളാനും അമേരിക്കക്കു കഴിഞ്ഞു.

1990കളിൽ സോവ്യറ്റ് യൂണിയൻ ശിഥിലമായതോടെ അമേരിക്കൻ ഐക്യനാടുകൾ ആഗോള പൊലീസായി വളർന്നു. സമസ്ത മേഖലകളിലും അമേരിക്കൻ അധീശത്വം നിലവിൽ‌വന്നു.

1789 ൽ ജോർജ് വാഷിംഗ്‌ടൺ മുതൽ നിരവധി പ്രശസ്തരായ പ്രെസിഡന്റുമാർ  ഭരിച്ച  അമേരിക്കയെ  ഡെമോക്രറ്റുകളായ  ജോ ബൈഡനും കമല ഹാരിസും  എങ്ങിനെ മുന്നോട്ടു നയിക്കും എന്നത് പ്രധാനമാണ്.

ജോർജ് വാഷിംഗ്‌ടൺ, എബ്രഹാം ലിങ്കൺ , ഫ്രാങ്ക്ക്‌ലിൻ റൂസ്‌വെൽട്, ഹാരി ട്രൂമാൻ, ഐസൻ ഹോവർ, ജോൺ ഫ് കെന്നഡി , ജിമ്മി കാർട്ടർ , റൊണാൾഡ്‌  റീഗൻ , ബരാക്ക് ഒബാമ, ജോർജ്‌ ബുഷ്  എന്നി പ്രഗൽഭരായ  മുൻഗാമികൾ വെട്ടി തെളിച്ച പാതയിൽ അമേരിക്കയുടെ ആഗോള മേധാവിത്വവും അധീശത്വവും നിലനിർത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.

കൊറോണ, സാമ്പത്തികസ്ഥിതി, വർഗവിവേചനം, തൊഴിൽ മേഖല, ലോക രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ   എന്നി   പ്രശ്നങ്ങളൊക്കെ പരിഹരിക്കാനുള്ള പദ്ധതികളും ശേഷിയും  ബൈഡനും കൂട്ടർക്കും ഉണ്ടെന്ന് അമേരിക്കൻ ജനതയെ ബോധ്യപെടുത്തുവാനുള്ള ഉത്തരവാദിത്വം അവർ എത്രത്തോളം നിർവഹിക്കും എന്നത് പരമ പ്രധാനമാണ്. സമീപ ഭാവിയിൽ അമേരിക്കയുടെയും ലോകത്തിന്റെതന്നെയും  ഗതി വിഗതികൾ നിയന്ത്രിക്കുന്ന  ലോക നേതാക്കളായ ജോ ബൈഡനിലേക്കും കമല ഹാരിസിലേക്കും ലോക ജനത ഉറ്റുനോക്കുന്നതും അതുകൊണ്ടു തന്നെയാണ്.

ജോമോൻ സ്റ്റീഫൻ | jomonks2004@gmail.com

Photos Courtesy : www.inquirer.com,www.time.com, www.vanityfair.com, Cover illustration : MIKE TOFANELLI/www.vanityfair.com,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.