Follow the News Bengaluru channel on WhatsApp

ബീഹാറിൽ തെരെഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠവും സൂചനകളും എന്താണ് ..?

കോവിഡ് കാലഘട്ടത്തിൽ ഒരു വലിയ ഇന്ത്യൻ സംസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പാണ് ബിഹാറിൽ കഴിഞ്ഞത്. ഹിന്ദി ഹൃദയ ഭൂമിയയിൽ അധീശത്വം അരക്കെട്ടുറപ്പിക്കാൻ സംഘ് പരിവാർ ശക്തികൾ ഒരുവശത്തും, ബിജെപി വിരുദ്ധ രാഷ്ട്രീയ സാദ്ധ്യതകൾ സജീവമാക്കാൻ അർജെഡി കോൺഗ്രെസ്, ഇടതു കൂട്ടുകെട്ട് മറു വശത്തും വീറോടെ പോരാടിയ കാഴ്ചയാണ് രാജ്യം ദർശിച്ചത്.

ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ബിഹാറിൽ എൻഡിഎ സഖ്യം ഭരണം നിലനിർത്തി.243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്.  ബിജെപി 74 സീറ്റും, ജെഡിയു 43 സീറ്റും, വിഐപിയും എച്ച്എഎമ്മും നാല് സീറ്റും നേടി. 75 സീറ്റ് നേടി ലാലു പ്രസാദ് യാദവിന്റെ പാർട്ടി ആർജെഡി നിയമ സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്‍റെ അമരക്കാരനാകുകയാണ്. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.

രാജ്യം ശ്രദ്ധിച്ച തെരഞ്ഞെടുപ്പാണ് ബിഹാറിൽ നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ സർക്കാർ കടുത്ത ഭരണ വിരുദ്ധ വികാരം നേരിട്ടാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. കേവലഭൂരിപക്ഷം നേടാനാവില്ലെന്ന് പല എക്സിറ്റ് പോള്‍ ഫലങ്ങളും പറഞ്ഞിരുന്നു. അവസാനം ഫലം വന്നപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.

എൻഡിഎയിൽ ജെഡിയുവിനെക്കാൾ ബിജെപി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചത് സഖ്യത്തിൽ മുറുമുറുപ്പിന് വഴിയൊരുക്കിയിട്ടുണ്ട്. ബിജെപി നിശ‌ബ്ദമായി തങ്ങളെ ചതിച്ചുവെന്ന ആരോപണവുമായി ജെഡി യുവിന്റെ പല പ്രാദേശിക നേതാക്കളും രംഗത്തെത്തി. എന്നാൽ മോദിയുടെ പ്രചാരണവും പ്രഭാവാവുമാണ് ഈ തിരഞ്ഞെടുപ്പിൽ തങ്ങളെ മുന്നിലെത്തച്ചതെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു) തങ്ങൾക്കേറ്റ തിരിച്ചടിയിൽ ചിരാഗ് പാസ്വാന്റെ എൽജെപിയെ പഴിക്കുമ്പോൾ, വോട്ട് വിഭജിച്ചതിന് അസദുദ്ദീൻ ഒവൈസിയെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.

നേട്ടം കൊയ്ത് ഇടതു പാർട്ടികൾ
 

ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ്  ഇടതുപക്ഷം 29 സീറ്റിൽ മത്സരിച്ചത്. സിപിഐ എംഎൽ (ലിബറേഷൻ) – പത്തൊൻപത് , സിപിഐ (എം) – നാല്‌, സിപിഐ – ആറ്‌ സീറ്റുകളിലാണ് ജനവിധി തേടിയത്.

അമ്പതിലേറെ  മണ്ഡലങ്ങളില്‍ സ്വാധീനമുള്ള സി.പി.ഐ എം.എല്‍ ലിബറേഷനാണു  ഇടതു പാർട്ടികളിൽ ഏറ്റവും ശക്തമായ പാർട്ടി. കഴിഞ്ഞ ബീഹാർ നിയമ സഭയിൽ  അവർക്കു  മൂന്ന് എം.എല്‍.എമാരുണ്ടായിരുന്നു. സി.പി.ഐ (എം.ൽ ) നൊപ്പം സിപിഐ, സി.പി.ഐ(എം) കൂടി ചേർന്നപ്പോൾ നിർണായക വോട്ടു ബാങ്കായി ഇടതുപക്ഷം മാറി. രണ്ടു പതിറ്റാണ്ടിനിടെ ശക്തമായ ഇടതു മുന്നേറ്റത്തിനാണ് ബീഹാർ സാക്ഷ്യം വഹിച്ചത്. ദീപാങ്കർ ഭട്ടാചാര്യ, കനയ്യ കുമാർ, നാം നരേഷ് പാണ്ഡേ, അവധേശ് കുമാർ എന്നിവരാണ് ബിഹാറിൽ പ്രചാരണ രംഗത്ത്  ഇടതുപക്ഷത്തെ നയിച്ചത്.

പാറ്റ്ന റൂറൽ, ആർവാൾ, സിവാൻ, ജഹനാനന്ദ്, കാട്ടിഹർ, ബെഗുസരായ്, മധുബാനി, ഖാജാരിയ എന്നി ജില്ലകളിൽ സ്വാധിനമുള്ള ഇടതുപക്ഷം ഇരുപത് സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്നു. വോട്ട് എണ്ണലിന്റെ ഒരു ഘട്ടത്തിൽ 19 സീറ്റുകളിൽ വരെ അവർ മുന്നിട്ടു നിന്നിരുന്നു.

ജെ.എന്‍.യുവിലെയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചും സമരമുഖങ്ങളിൽ  ഇടതുപാര്‍ട്ടികളുടെ ജിഹ്വയായവരുമാണ്  പ്രധാനമായും മല്‍സര രംഗത്തു വന്നത്. കനയ്യ കുമാറിന്റെ നേതൃത്വത്തിൽ ഇടതുപാര്‍ട്ടികളുടെ വിദ്യാര്‍ഥി നേതാക്കളായിരുന്നു മഹാസഖ്യത്തിന്റെ പ്രചാരണ മുഖങ്ങള്‍. മൂന്നു സീറ്റുകളിൽ ഇടതു സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്‌ ആയിരത്തിൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലാണ്.

ഗ്രാമീണരുടെ ദുരിതവും  തൊഴിലില്ലായ്മയുമാണ് ഇടതുപക്ഷം മുഖ്യ പ്രചാരണ വിഷയമാക്കിയത്.
ലോക്ക്ഡൗണിനെതുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന്  ബിഹാറിൽ  തിരിച്ചെത്തിയ
തോഴിലാളികളെ സര്‍ക്കാര്‍ അവഗണിച്ചതാണ് തെരഞ്ഞെടുപ്പിലെ പ്രധാനമായി ചർച്ച
ചെയ്യപ്പെട്ട ഒരു വിഷയം. തൊഴിലാളികൾ അനുഭവിച്ച യാത്ര ദുരിതമാണ് മറ്റൊന്ന്. കോവിഡ് പ്രതിസന്ധിയിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട്  ഗ്രാമങ്ങളിൽ തിരിച്ചെത്തിയ തൊഴിലാളികളുടെ കൂടെ അണിനിരന്നതും അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ടതും ഇടതു പാർട്ടികൾക്ക് സ്വീകാര്യത വർധിപ്പിച്ചു.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷം ഒറ്റകെട്ടായി മത്സര രംഗത്ത് വന്നത് ദേശിയ ശ്രദ്ധ ആകർഷിച്ചു. ബിഹാറിൽ  നേടുന്ന വിജയം,അടുത്ത വർഷം നടക്കുന്ന ബംഗാൾ,തമിഴ് നാട്, കേരള  തെരഞ്ഞെടുപ്പുകളിൽ  ജനവിധിയെ സ്വാധിനിക്കുക മാത്രമല്ല ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി വർധിപ്പിക്കുകയും ചെയ്യും.

ബിഹാറിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം  നേടിയത് ഇടതുപക്ഷ സ്ഥാനാർഥിയാണ്. ബൽറാംപുർ മണ്ഡലത്തിൽ സിപിഐ എംഎല്ലിന്റെ മെഹ്‌ബൂബ്‌ അലം 53,597 വോട്ടിനാണ്‌ എതിർസ്ഥാനാർഥി വികാസ്‌ശീൽ ഇൻസാൻ പാർടിയിലെ വരുൺകുമാർ ഝായെ തോൽപ്പിച്ചത്‌. അലത്തിന്‌ 1.04 ലക്ഷം വോട്ട്‌ ലഭിച്ചപ്പോൾ എതിരാളിക്ക്‌ കിട്ടിയത്‌ 50,668.

മെഹ്‌ബൂബ്‌ അലത്തിനു പുറമെ മൂന്നു പേർക്കു കൂടി മാത്രമാണ്‌ അരലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം. ബ്രംപുരിൽ ആർജെഡിയുടെ ശംഭുനാഥ്‌ യാദവ്‌ 51,141 വോട്ടിനും സന്ദേശിൽ ആർജെഡിയുടെ കിരൺ ദേവി 50,607 വോട്ടിനും അമൗറിൽ എഐഎംഐഎമ്മിന്റെ അക്‌തറുൾ ഇമാൻ 52,515 വോട്ടിനും ജയിച്ചു.

വിഭൂതിപ്പുരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം അജയ്‌കുമാർ 40,496 വോട്ടിനാണ്‌ ജെഡിയുവിന്റെ രാംബാലക്‌ സിങ്ങിനെ തോൽപ്പിച്ചത്‌. മാഞ്ചിയിൽ സിപിഐ എമ്മിന്റെ സത്യേന്ദ്ര യാദവ്‌ 25,386 വോട്ടിനാണ്‌ സംഘപരിവാർ പിന്തുണയോടെ മത്സരിച്ച റാണാ പ്രതാപ്‌ സിങ്ങിനെ തോൽപ്പിച്ചത്‌. ഇവിടെ എൻഡിഎ സ്ഥാനാർഥി മൂന്നാമതായി.

പല മണ്ഡലങ്ങളും  വലിയ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത ഇടതുപക്ഷത്തിന്‌ മൂന്ന്‌ മണ്ഡലങ്ങൾ നേരിയ വ്യത്യാസത്തിനാണ്‌‌ നഷ്ടമായത്‌. മട്ടിഹാനിയിൽ സിപിഐ എമ്മിന്റെ രാജേന്ദ്രപ്രസാദ്‌ സിങ്‌ 813 വോട്ടിനാണ്‌ തോറ്റത്‌. ബച്ച്‌വാരയിൽ സിപിഐയുടെ അബ്‌ദേഷ്‌കുമാർ റായി ‌ 484 വോട്ടിനും ഭൊറെയിൽ സിപിഐ എം എല്ലിന്റെ ജിതേന്ദ്രപ്രസാദ്‌‌ 462 വോട്ടിനും പരാജയപെട്ടു.

RJD മഹാസഖ്യം എന്തുകൊണ്ട് വിജയിച്ചില്ല ?

ബീഹാറിൽ മഹാസഖ്യം പിന്നോട്ട് പോകാന്‍ പ്രധാനമായും മൂന്നു  കാര്യങ്ങളുണ്ട്.

ഒന്നാമത്,
ബിജെപി വിരുദ്ധ രാഷ്ട്രീയം വേണ്ട വിധം പറയുവാൻ മഹാ സഖ്യത്തിന് കഴിഞ്ഞില്ല.
നോട്ടു നിരോധനം മുതൽ കോവിഡ് വരെയുള്ള വിഷയങ്ങളിൽ ജനം അനുഭവിച്ച ദുരിതങ്ങൾ ശരിയായി പ്രചരിപ്പിച്ചു വോട്ടാക്കി മാറ്റുന്നതിൽ പരാജയപെട്ടു. ആർജെഡി മുന്നണിയിൽ  തേജസ്വിയും ഇടതു പാർട്ടികളും മാത്രമാണ് ശരിയായ രാഷ്ട്രീയ നിലപാട് പറഞ്ഞു ജനങ്ങളോട്  സംവദിച്ചത്.
മുകേഷ് സർക്കാർ വിരുദ്ധ തരംഗത്തെ നരേന്ദ്ര മോദിയെ കളത്തിലിറക്കി  മറികടക്കാൻ ബി ജെ പി സഖ്യത്തിനായി.

രണ്ടാമത്തേത്,
ഹൈദ്രാബാദുകാരൻ  അസദുദ്ദീൻ  ഒവൈസിയുടെ പാർട്ടി, എസ് ഡി പിഐ  ,ലീഗ് എന്നിവർ ഇസ്ലാമിക തീവ്രവാദം പറഞ്ഞ് പ്രചരണം നടത്തിയതാണ്. മതേതര  വോട്ടുകൾ  ചിതറിക്കുക മാത്രമല്ല, ഹിന്ദുവോട്ട് ഏകീകരിച്ച് ബിജെപി യുടെ പെട്ടിയിൽ വീഴ്ത്താനും കാരണമായി. മുസ്ലിം ജനതയുടെ രക്ഷക വേഷം ചമഞ്ഞു, ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്ന, ഒരു രാഷ്ട്രീയ ഏജന്റ് മാത്രമാണ് ഇസ്ലാമിക വാദിയായ ഈ ഒവൈസി എന്ന്  കോൺഗ്രസ് ആരോപിക്കുന്നു. നാഗ്പൂരിൽനിന്നും എന്തെങ്കിലും പ്രതിഫലം ലഭിക്കുന്നുണ്ടോ എന്ന് മാത്രം അന്വേഷിച്ചാൽ മതിയെന്നും അവർ പറയുന്നു.

മൂന്നാമത് ,
കോൺഗ്രസിന്റെ   അനാവശ്യ സമ്മർദ്ദവും ആക്രാന്തവുമാണ്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍
40 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഇത്തവണ 70 സീറ്റിന് വേണ്ടി വാശിപിടിച്ചു. ബീഹാറിലെ പ്രധാന പ്രാദേശിക പാർട്ടികളായ യാദവരുടെ പാർട്ടിയ്ക്കും, മത്സ്യ തൊഴിലാളികളുടെ പാർട്ടിക്കും കോൺഗ്രസിന്റെ ഈ കടും പിടത്തം  കാരണം സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. ആ പ്രാദേശിക പാർട്ടികൾക്ക് കരുതിയിരുന്ന 10 സീറ്റുകൾ കൂടി കോൺഗ്രസിന് കൊടുക്കേണ്ടി വന്നു.
ആ രണ്ടു ചെറു പാർട്ടികൾ   മഹാ സംഖ്യത്തിൽ പിൻമാറി, NDAയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
വാശി പിടിച്ചു വാങ്ങിയ ആ സീറ്റുകളിലൊക്കെ കോൺഗ്രസ് തകർന്നടിഞ്ഞു. ഇസ്ലാമിക വർഗ്ഗീയതയും ഏകീകരണവും  പറഞ്ഞ് പ്രചരണം നത്തിയ ഒവൈസി-ലീഗ്- ഐ സ് ഡി പി  സഖ്യം ഗുണം ചെയ്തത് ബിജെപിക്ക്.

ബീഹാറൊരു സന്ദേശമാണ് നൽകിയത് ,

മതം പറഞ്ഞും  വർഗ്ഗീയത പരത്തിയും  വോട്ട് ചോദിക്കുന്നവരെ, എടുത്ത് പുറത്തെറിയുക തന്നെ വേണം. അത് കോൺഗ്രസായാലും, അസദുദ്ദീൻ  ഒവൈസി  ആയാലും വെൽഫയർ പാർട്ടിയായാലും,എസ് ഡി പിഐ  ആയാലും, മതവും ജാതിയും പറഞ്ഞു  നാടിനെ വിഭജിക്കുന്നത് അനുവദിച്ചുകൂട.

ജന വിശ്വാസവും അടിത്തറയും  നഷ്ടപ്പെട്ട്  കോൺഗ്രസ്
സീറ്റ് വിഭജന സമയത്തു് കോണ്ഗ്രസിന് 50 സീറ്റിൽ കൂടുതൽ കൊടുക്കരുത് എന്നായിരുന്നത്രെ ലാലു പ്രസാദ് യാദവ് മകൻ തേജസ്വിക്ക് നൽകിയ ഉപദേശം. കോൺഗ്രസിന്റെ കടും പിടുത്തം കാരണം തേജസ്വി യാദവ് പിതാവിന്റെ ഉപദേശം കാര്യമായി എടുത്തില്ല . ഫലം എന്താണെന്ന് തേജസ്വിയും RJD യും മാത്രമല്ല ബീഹാർ ജനതയും  ഇപ്പോൾ പറയുന്നുണ്ടാകണം.

ബിജെപിയുമായി നേരിട്ട് ഏറ്റു മുട്ടിയ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്ഗ്രസ് പിന്നിലാണ് എന്ന് തെരെഞ്ഞെടുപ്പ്  വിശകലന ഫലങ്ങൾ കാണിക്കുന്നു . മത്സരിച്ച നാലിലൊന്ന് സീറ്റിൽ പോലും മുന്നിലെത്താൻ കഴിഞ്ഞില്ല.കോണ്ഗ്രസിനെ ജയിപ്പിച്ചു വളഞ്ഞ വഴിയിൽ ബിജെപിയിലെത്തിക്കുന്നതിലും നല്ലത് നേരിട്ട് ബിജെപിക്ക് കുത്തുന്നതാണെന്ന്
സാധാരണക്കാരിൽ സാധാരണക്കാരായ  ബീഹാർ  വോട്ടർമാർ കരുതിക്കാണണം.

രാഷ്ട്രീയ – സാമ്പത്തിക നയങ്ങളിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് മാത്രമല്ല ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പാർട്ടിയിൽ ഒരു അനുഭാവി വോട്ടർ എന്ന നിലയിൽ പോലും രാജ്യത്താകമാനം ജനങ്ങൾക്ക് മടുപ്പ് വന്നു  കഴിഞ്ഞു എന്നത്  ഒരു
വസ്തുതയായി കഴിഞ്ഞു. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ കൂടെ ഇതിന്റെ കൂടെ ചേർത്ത് വായിക്കണം. കോൺഗ്രസ് ടിക്കറ്റിൽ  ജയിച്ചു, പിന്നീട് ബി ജെ പി യുടെ വലയിലിൽ  കുടുങ്ങി, അമിത് ഷായുടെ പണ ചാക്ക് കണ്ട് കാലു മാറിയതുകൊണ്ടാണ്   21 സ്ഥലത്തു  അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.ഭൂരിഭാഗം സീറ്റുകളിലും പഴയ അതേ കോണ്ഗ്രസുകാർ ബിജെപി ചിഹ്നത്തിൽ അവിടെ ജയിച്ചു കയറി.

വോട്ട് എണ്ണുന്നതിന്റെ  തലേ ദിവസം കോൺഗ്രസ് മത്സരാത്ഥികൾക്കു പാർട്ടി നൽകിയ നിർദേശം, ആ പാർട്ടി എത്തിനിൽക്കുന്ന ജീർണാവസ്ഥ ഒരിക്കൽ കൂടി വ്യക്തമാക്കി.    വിജയസൂചന കിട്ടിയാലുടന്‍ ആഘോഷത്തിനൊന്നും നില്‍ക്കാതെ നേരെ ഹോട്ടലില്‍ ഒത്തുകൂടാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കൊടുത്ത  നിര്‍ദേശം. തൂക്കുസഭയാണെങ്കില്‍  ബി ജെ പി യുടെ ചാക്കിട്ടുപിടുത്തത്തിൽ  നിന്നും  കോൺഗ്രസ് എം ൽ എ മാരെ രക്ഷിച്ചെടുക്കാനുള്ള പെടാപ്പാട് ..!   ബിഹാറിൽ തൂക്കുസഭ വന്നിരുന്നുവെങ്കിൽ,   കര്‍ണാടക, മധ്യപ്രദേശ്, ഗോവ, മണിപ്പുര്‍ തന്ത്രം, ബി.ജെ.പി. ബിഹാറിൽ  പയറ്റുകതന്നെ ചെയ്യുമായിരുന്നു. അതിനുള്ള തന്ത്രങ്ങളും  ആളും ‘അര്‍ഥ’വും അവർ  തയാറാക്കിയിരുന്നു.

ബീഹാർ ഫലം ഒരു സൂചിക

ബി ജെ പി ഇതര  രാഷ്ട്രീയ സംഘടനകൾക്ക്  ബീഹാർ നൽകുന്ന പാഠം ഒന്നേയുള്ളൂ.  സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന, ശക്തമായ നിലപാട് പറയുകയും അതിൽ ഉറച്ചു നിൽക്കുന്ന രാഷ്ട്രീയ കക്ഷികളുമായി മാത്രമേ  തെരെഞ്ഞെടുപ്പ് സഖ്യം ഗുണകമാകുകയുള്ളു. മണ്ഡൽ കമ്മീഷൻ കാലത്തു  ബിഹാറിൽ പൊട്ടി മുളച്ച  ജാതി അധിഷ്ഠിത  രാഷ്ട്രീയത്തിൽ നിന്നും, വർഗ്ഗാ അധിഷ്ഠിത

രാഷ്ട്രീയ കാഴ്ചപ്പാടിലേക്കു  ബിഹാറിലെ സാധാ  ഗ്രാമീണ ജനതയുടെ   നിലവാരം ഉയർന്നു.
കോണ്ഗ്രസിനെ എത്രത്തോളം  വിശ്വസിക്കാം എന്ന ചോദ്യം RJD അടക്കമുള്ള ബി ജെ പി ഇതര പാർട്ടികളുടെ  ആശങ്കയായി മാറികഴിഞ്ഞു.  സഖ്യ കക്ഷിയായി കൂടെ നിറുത്തുമ്പോൾ തന്നെ ബാധ്യത കൂടി കൊണ്ടിരിക്കും എന്ന തോന്നൽ.  കോൺഗ്രസിന്റെ ‘ റിസോർട് ‘ രാഷ്ട്രീയം  ജനം മടുത്തു കഴിഞ്ഞു  എന്നതിന്റെ വ്യക്തമായ സൂചനയാണ്  ബീഹാർ ഫലം നൽകുന്നത്.   ഇടതു പാർട്ടികൾ ഉയർത്തിയ വർഗ്ഗ രാഷ്ട്രീയം, ഏത് ഇരുണ്ട കാലത്തും, ഭാവിയിലും  പ്രസക്തമായി തുടരുമെന്നും ബീഹാർ ഫലങ്ങൾ തെളിയിച്ചു.

വരാൻ പോകുന്ന  ബംഗാൾ ,തമിഴ് നാട് ,കേരള തെരഞ്ഞെടുപ്പുകൾ

 

ബംഗാൾ പിടിക്കാനുള്ള തന്ത്രങ്ങളിലാണ് അമിത് ഷായും കൂട്ടരും. 2021 ഏപ്രിൽ മാസത്തിൽ നടക്കുവാനിരിക്കുന്ന തെരെഞ്ഞെടുപ്പിനു തകൃതിയായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഒരു ശക്തമായ ത്രികോണ മത്സരമാകും  ബംഗാളിൽ  നടക്കുക. ചെറുത്തുനില്പുമായി മമത ബാനർജിയും, നഷ്ട പ്രതാപം വീണ്ടെടുക്കാൻ  ഇടതു പാർട്ടികളും  കോൺഗ്രസ്സും ഉണ്ടാകും.

ഇതിനിടെ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ഉറച്ച് സി.പി.ഐ.എം.എല്‍ ലിബറേഷന്‍. ബി ജെ പി  – മമത  വിരുദ്ധ  തെരെഞ്ഞെടുപ്പ്   സഖ്യത്തില്‍ ചേരുന്ന കാര്യത്തിൽ ചർച്ചകൾ ആവശ്യമാണ് . സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യത്തില്‍ ചേരുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും തങ്ങള്‍ സഖ്യത്തിലേക്ക് വരില്ലെന്നും സി.പി.ഐ.എം.എല്‍ (ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

ബീഹാര്‍  തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി കണ്ടില്ല. കോണ്‍ഗ്രസിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടുവെന്നും ബിഹാറിൽ, 70 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയത് തിരിച്ചടിയായെന്നും,കോണ്‍ഗ്രസിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും  ദീപാങ്കര്‍ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. തമിഴ് നാട്ടിൽ ദ്രാവിഡ് ശക്തികളുടെ പോരാട്ടം  വീണ്ടും   തുടരും. ബി ജെ പി അനുകൂല നിലപാടുള്ള AIDMK യെ പുകച്ചു പുറത്താക്കാൻ MK സ്റ്റാലിന്റെ നേതൃത്വത്തിലുള്ള  ഡിഎംകെ, കോൺഗ്രസ്,  ഇടതു കൂട്ടുകെട്ടിന് കഴിയുമോ എന്നതാണ് ചോദ്യം. കളം
പിടിക്കാൻ ചില തമിഴ് സിനിമ സൂപ്പർ സ്റ്റാറുകളും രംഗത്ത്  വന്നേക്കാം.

കേരളത്തിലാകട്ടെ സി പി ഐ (എം) നേതൃത്വം നൽകുന്ന സർക്കാരിനെതിരെ സർവ ശക്തിയും എടുത്തു പോരാടാനാണ് കോൺഗ്രസ് സഖ്യം  ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മുഖമായ വെൽഫയർ പാർട്ടിയുമായും, കടുത്ത ഇസ്ലാമിക ആശയം പിന്തുടരുന്ന SDPI-യോടുമൊക്കെയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന കേരളത്തിലെ UDF രാഷ്ട്രീയ കക്ഷി ഭരണ നേട്ടത്തിന് വേണ്ടി കൂട്ടുകൂടുന്നത്.

ഇതു മറ്റൊരു ബീഹാറിലേക്കുള്ള ചുവടു വയ്പ്പാണത് എന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. മുസ്ലിം ലീഗിന്റെ  നേതൃത്വത്തിൽ  കോൺഗ്രസിന്റെ മൗന സമ്മതത്തോടെ ഒരു മത വർഗീയ കൂട്ടുകെട്ട് ഒരുങ്ങുന്നു.ബിഹാറിൽ കണ്ട അതെ  രാഷ്ട്രീയ സാഹചര്യമാണിപ്പോൾ കേരളത്തിലും ഉടലെടുക്കുന്നത്. ന്യുന പക്ഷ മത തീവ്രവാദം പറഞ്ഞും പ്രചരിപ്പിച്ചും  മതേതര നിലപാടുള്ളവരെ വരെ  മാറി ചിന്തിപ്പിച്ചും മതേതര വോട്ടുകൾ ഭിന്നിപ്പിച്ചും സംഘ് പരിവാർ ശക്തികൾക്ക്  വഴി വെട്ടി കൊടുക്കുന്ന രാഷ്ട്രീയം.

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.