Follow the News Bengaluru channel on WhatsApp

കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍- രണ്ടാം ഭാഗം

 

ഭാഗം:2

”സയനൈഡിന്റെ വിളിപ്പേരോ സ്വാതന്ത്ര്യം?”

 

പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടെണ്ടത്

I. പുതിയ നിയമങ്ങള്‍ അവയുടെ അവതരണത്തിലും, ഉള്ളടക്കത്തിലും തീര്‍ത്തും ജനാധിപത്യ വിരുദ്ധവും, ഫെഡറലല്‍ തത്വങ്ങളുടെ ലംഘനവുമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കലാണ് ഈ നിയമങ്ങള്‍. കൃഷിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ നിലവിലുള്ള എല്ലാ നിയമങ്ങളേയും അത് അസാധുവാക്കുന്നു.

II. ഈ നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് തികച്ചും എതിരാണ്. രാജ്യത്തെ കാര്‍ഷിക മേഖലയെ കുത്തക കോര്‍പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി ബഹുഭൂരിപക്ഷം ചെറുകിട ഇടത്തര കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും കാര്‍ഷിക വൃത്തിയില്‍ നിന്നും നിശ്ശേഷം നിഷ്‌കാസിതരാക്കി ദാരിദ്രത്തിന്റെ ദുരിതത്തിലേക്ക് വലിച്ചെറിയുന്നതാണ്.

III. കാര്‍ഷിക സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും അപകടത്തില്‍ ആക്കുന്നതാണ് പുതിയ നിയമങ്ങള്‍. കാര്‍ഷിക വൈവിധ്യത്തേയും ഇത് പ്രതികൂലമായി ബാധിക്കും. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനും, വിലക്കയറ്റത്തിനും, വ്യാപകമായ പൂഴ്ത്തിവെപ്പിനും കരിഞ്ചത്തക്കും ഒക്കെ ഇത് വഴിവെക്കും.

ഇന്ത്യ ഇപ്പോഴും അടിസ്ഥാനപരമായി ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയാണ്. നമ്മുടെ രാജ്യത്തെ ഏതാണ്ട് 42% ജനങ്ങളും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടു ജീവിതം കഴിയുന്നവരാണ്. ഈ കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും (86%) ചെറുകിട ഇടത്തരം കര്‍ഷകരാണ് (രണ്ടോ അഞ്ചോ ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍). അതായത് കാര്‍ഷികമേഖലയില്‍ നടക്കുന്ന എന്ത് മാറ്റങ്ങളും, ചലനങ്ങളും രാജ്യത്തെ ഏതാണ്ട് പകുതിയോളം ജനങ്ങളുടെ ജീവിനോപാധിയെ നേരിട്ട് തന്നെ ബാധിക്കും എന്നര്‍ത്ഥം. കര്‍ഷകരെ സംബന്ധിച്ചിടത്തോളം അതുകൊണ്ടാണ് ഈ നിയമങ്ങള്‍ അവര്‍ക്ക് സ്വന്തം ജീവല്‍ പ്രശ്‌നമായിരിക്കുന്നതും അവര്‍ അതിജീവനത്തിനായി സമരത്തിന് തയ്യാറാവുന്നതും. കാര്‍ഷിക വൃത്തിയെയും അതുവഴി കര്‍ഷകരുടെ ജീവിതത്തെ തന്നെയും വളരെ വിപരീതമായി ബാധിക്കുന്നതാണ് ഈ നിയമങ്ങള്‍. ഇപ്പോള്‍ തന്നെ വളരെ ദയനീയമായ രാജ്യത്തെ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കും പുതിയ കാര്‍ഷിക നിയമങ്ങള്‍. രാജ്യത്ത് ഒരു വര്‍ഷം ഏതാണ്ട് 12000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. പുതിയ നിയമങ്ങള്‍ ആ സ്ഥിതി വിശേഷത്തെ കൂടുതല്‍ രൂക്ഷമാക്കാനാണ് കാരണമാവുക.

യഥാര്‍ത്തത്തില്‍ ഈ നിയമങ്ങളുടെ പേരുകള്‍ തന്നെ അതിന്റെ കാപട്യത്തെ വിളിച്ചറിയിക്കുന്നതാണ്. കുപ്പിയുടെ പുറത്ത് ‘പഞ്ചസാര’ എന്ന ലേബല്‍ ഒട്ടിച്ച് അകത്ത് പൊട്ടാസിയം സയനൈഡ് നിറക്കുന്നത് പോലെയാണ് ഈ നിയമങ്ങള്‍. ”കാര്‍ഷിക ഉല്‍പ്പാദക വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) നിയമം 2020” എന്നാണ് ഒരു നിയമം (Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020). മറ്റൊന്ന് ”കാര്‍ഷിക വില ഉറപ്പ്, കാര്‍ഷിക സേവന നിയമം (ശാക്തീകരണവും, സംരക്ഷണവും) 2020” (Farmers (Empowerment and Protection) Agreement of Price Assurance, Farm Services Act, 2020). ഈ നിയമങ്ങളില്‍ ഇല്ലാത്തതാകട്ടെ അവയുടെ പേരുകളില്‍ ഉള്ള ഈ സുരക്ഷയും, ശാക്തീകരണവും, വില ഉറപ്പും തന്നെയാണ്.

മൂന്നാമത്തെ നിയമം അവശ്യ സാധന (ഭേദഗതി) നിയമം 2020 ആണ്. (Essential Commodities (Amendment) Act, 2020). ഇതുവരെ അവശ്യ സാധനങ്ങളായിരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയെ അവശ്യ സാധനങ്ങള്‍ അല്ലാതാക്കുകയാണ് ഈ നിയമത്തിന്റെ ഉദ്ധേശലക്ഷ്യം. അതുകൊണ്ട് പുറത്തെ ലേബല്‍ നോക്കി ഉള്ളിലുള്ളത് എടുത്തു തൊണ്ടയിലേക്ക് കമഴ്ത്തരുത് എന്ന് നമുക്ക് ഈ നിയമങ്ങളുടെ ഉള്ളിലിരിപ്പറിയാതെ ഇതിനെ വാഴ്ത്തി നടക്കുന്ന നിഷ്‌കളങ്കരോട് ഓര്‍മിപ്പിക്കാം.

മൂന്ന് നിയമങ്ങളും എങ്ങിനെയാണ് ഇന്ത്യന്‍ കര്‍ഷകരുടെ മരണവാറണ്ട് ആകുന്നതെന്നും, കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയുടെ നിരുപാധിക ‘ഒസ്യത്ത്’ ആവുന്നതെന്നും വിശദമായി പരിശോധിക്കാം.

നിയമം-1: ”കാര്‍ഷിക ഉല്‍പ്പാദക വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) നിയമം 2020” (Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം സംസ്ഥാന സര്‍ക്കാരുകളുടെ എ.പി.എം.സി. (Agriculture Produce Marketing Committees) നിയമങ്ങള്‍നുസൃതമായി പ്രവര്‍ത്തിക്കുന്ന നിയന്ത്രിത വിപണിക്ക് പുറത്ത് വില്‍ക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ളതാണ് ഈ നിയമം. അതുകൊണ്ട് ഇതിനെ ‘APMC Bypass Bill’ എന്നും വിളിക്കുന്നുണ്ട്. അതായത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം ഇഷ്ടമുള്ള ആര്‍ക്കും എവിടേയും വില്‍ക്കാന്‍ ‘സ്വാതന്ത്ര്യം’ നല്‍കുന്നതിനാണ് ഈ നിയമം എന്നതാണ് സര്‍ക്കാരിന്റെ ഭാഷ്യം. കേള്‍ക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നും അത് നല്ലതല്ലേ. എവിടെയും ആര്‍ക്കും വില്‍ക്കാമെങ്കില്‍ കൂടുതല്‍ വില കര്‍ഷകന് ലഭിക്കില്ലേ എന്നൊക്കെ. കാര്‍ഷിക ജീവിതം തന്നെ ഒരിക്കലെങ്കിലും നേരില്‍ കാണാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ അങ്ങനെ തോന്നുകയും ചെയ്യും. എന്നാല്‍ യാഥാര്‍ത്ഥ്യം അടുത്തറിയുമ്പോഴാണ് ഈ സ്വാതന്ത്ര്യം കടലാസ്സില്‍ മാത്രമുള്ളതാണ് എന്ന് നമ്മള്‍ തിരിച്ചറിയുക. ദിവസവും നൂറ് രൂപയില്‍ താഴെ മാത്രം കൂലി ലഭിക്കുന്ന ഒരാളോട് പട്ടണത്തിലെ പത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ പേര് പറഞ്ഞുകൊടുത്ത് ഇതില്‍ എവിടെനിന്നും ഭക്ഷണം കഴിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നിനക്കുണ്ട്, നിന്റെ വീടിനടുത്തുള്ള തട്ടുകട ഞങ്ങള്‍ പൂട്ടുകയാണ് എന്ന് പറയുന്നത്‌ പോലെയാണ് ഈ ‘സ്വാതന്ത്ര്യം’. അയാള്‍ക്കാവശ്യം സിറ്റിയിലുള്ള ഏത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാനുള്ള യാതൊരു അര്‍ത്ഥവുമില്ലാത്ത ഈ ‘സ്വാതന്ത്ര്യം’ അല്ല, മറിച്ച് ആ നൂറു രൂപ കൊടുത്ത് ദിവസവും ഭക്ഷണം ലഭിക്കുന്ന തട്ടുകട നിലനില്‍ക്കുക എന്നതാണ്. ”എനിക്ക് നിങ്ങളുടെ സ്വാതന്ത്ര്യം വേണ്ട, എനിക്ക് വിശപ്പ് മാറ്റാനുള്ള തട്ടുകട മതി” എന്ന് അയാള്‍ പറയും. ഇത് തന്നെയാണ് ഈ ‘സ്വാതന്ത്ര്യക്കാരോട്’ കര്‍ഷകര്‍ക്കും പറയാനുള്ളത്. കോഴികള്‍ക്ക് എവിടെവേണമെങ്കിലും പോകാനുള്ള സ്വാതന്ത്യം നല്‍കുന്നു എന്ന നാട്യത്തില്‍ രാത്രി കോഴിക്കൂട് തുറന്നിടുന്നത് യഥാര്‍ത്തത്തില്‍ കുറുക്കനെ കൂട്ടിനുള്ളിലേക്ക് കടത്താനുള്ള കുടില ബുദ്ധിയാണ്. അതാണ് യഥാര്‍ത്തത്തില്‍ ഈ ബില്‍. സ്വാതന്ത്ര്യം കോഴിക്കല്ല യഥാര്‍ത്തത്തില്‍ കുറുക്കനാണ്. കോഴിയെ പിടിക്കാനുള്ള സ്വാതന്ത്ര്യം. അതുപോലെ ഈ ബില്‍ കോര്‍പറേറ്റിന് കര്‍ഷകരെ പിടിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കലാണ്. കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നനല്‍കുന്നതല്ല മറിച്ച് അവരുടെ മരണ വാറണ്ട് ആണ് ഈ കര്‍ഷക മാരണ നിയമങ്ങള്‍.

എന്താണ് ഈ എ.പി.എം.സി. മണ്ഡികള്‍?

എപിഎംസി. മണ്ഡികള്‍ അഥവാ ചന്തകള്‍ കേരളത്തില്‍ നിലവിലുള്ള സംവിധാനമല്ല. അതുകൊണ്ട് ഒരു പക്ഷെ കേരളത്തില്‍ ഇത് അത്ര തന്നെ സുപരിചിതവുമാവില്ല (കേരളത്തില്‍ കൂടുതല്‍ ഫലപ്രദവും സമഗ്രവുമായ കര്‍ഷക താല്‍പര്യ സംരക്ഷണ സംവിധാനങ്ങള്‍ ഏറെ കാലമായി നിലവിലുണ്ട്). ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒഴിച്ച് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഈ സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എപിഎംസി എന്നത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കാനും, അവര്‍ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കാനും, അതാതു സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കുന്ന കമ്മിറ്റികളാണ്. ഈ കമ്മിറ്റികള്‍ അവരുടെ കീഴില്‍ നടത്തുന്ന ചന്തകളാണ് എപിഎംസി മണ്ഡികള്‍. സംസ്ഥാനത്തെ പല മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ആ പ്രദേശത്തെ കര്‍ഷകര്‍ക്കായുള്ള ചന്തകള്‍ നടത്തുന്നു ഈ കമ്മിറ്റികള്‍. അതാതു പ്രദേശത്തെ കര്‍ഷകര്‍ ആ പ്രദേശത്തിനായുള്ള ചന്തയില്‍ അവരുടെ ഉല്‍പ്പന്നം കൊണ്ടുവരണം. ആ ചന്തയില്‍ വെച്ച് ഉല്‍പ്പന്നം ലേലം ചെയ്തു വില്‍ക്കുന്നു. ഈ ലേലം പിടിക്കുന്നത് എപിഎംസിയില്‍ നിയമപരമായി രജിസ്ടര്‍ ചെയ്തിട്ടുള്ള എജന്റുമാര്‍ ആയിരിക്കും. ഇവരെ ‘അര്‍ത്തിയാ’ (arhtiya) എന്നാണ് വിളിക്കുന്നത്. ഈ എജന്റുമാര്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നം സര്‍ക്കാര്‍ എജന്‍സിക്കോ (FCI), അല്ലെങ്കില്‍ മറ്റു സ്വകാര്യ വ്യാപാരികള്‍ക്കോ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കോ (processors), കയറ്റുമതി ചെയ്യുന്നവര്‍ക്കോ ഒക്കെ വില്‍ക്കാം. ഉല്‍പ്പന്ന വിലയുടെ 2.5% കമ്മീഷനായി സര്‍ക്കാറോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന മറ്റ് സ്വകാര്യ ഏജന്‍സികളോ ഈ എജന്റുമാര്‍ക്ക് നല്‍കും. കഷകരുടെ ഉല്‍പ്പന്നങ്ങള്‍ വൃത്തിയാക്കുക, പാക്ക് ചെയ്യുക, ലോഡ് ചെയ്യുക തുടങ്ങി പല സേവനങ്ങളും ഈ എജന്റുമാര്‍ നല്‍കുന്നു. മാത്രമല്ല പലപ്പോഴും ചെറുകിട കര്‍ഷകര്‍ക്ക് ലോണ്‍ കൊടുക്കുന്നതും ഇത്തരം എജന്റുമാര്‍ ആയിരിക്കും. കേരളത്തിലേതുപോലെ സഹകരണ ബാങ്കിംഗ് മേഖല ശക്തമല്ലാത്ത സ്ഥലങ്ങളില്‍ വായ്പയ്ക്കായി ഇത്തരം എജന്റ്‌റ്മാരും, പണം പലിശക്ക് കൊടുക്കുന്നവരും, വ്യാപാരികളും ഒക്കെയാവും കര്‍ഷകര്‍ക്ക് ആകെയുള്ള ആശ്രയം. അവര്‍ക്ക് തന്നെ വിളകള്‍ കുറഞ്ഞവിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ ഒഴിവാക്കുന്നതിന് എപിഎംസി മാര്‍ക്കറ്റുകള്‍ രണ്ടു പ്രധാന നിബന്ധനകള്‍ പാലിക്കുന്നു.

1. സര്‍ക്കാര്‍ താങ്ങുവില (Minimum Support Price) പ്രഖ്യാപിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആ വിലയില്‍ താഴെ വ്യാപാരം നടത്താന്‍ പാടില്ല.

2. എപിഎംസി വ്യാപാര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് എപിഎംസി ചന്തകളില്‍ വെച്ച് മാത്രമേ മൊത്ത വ്യാപാരം നടത്താന്‍ പാടുകയുള്ളു. എപിഎംസി. കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എപിഎംസി ചന്തകള്‍ക്ക് പുറത്ത് കര്‍ഷകരും വ്യാപാരികളും നേരിട്ട് വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.

ഈ നിബന്ധനകള്‍ കര്‍ഷകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് ഈ മണ്‍ഡികള്‍ക്ക് പുറത്തുവെച്ച് നേരിട്ട് ആരുമായും വ്യാപാരം നടത്താനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണ് തങ്ങളെന്നുമാണ് സര്‍ക്കാര്‍ വാദം. എന്തിനാണ് എപിഎംസി. ഈ നിബന്ധനകള്‍ വെച്ചിട്ടുള്ളത്? കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറവ് വില നല്‍കി ചൂഷണം ചെയ്യുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനാണ് ഈ എപിഎംസി. ചന്തകള്‍ രൂപീകരിച്ചത്. നമുക്കറിയാം കൃഷി എന്നത് ഏറെ അനിശ്ചിതത്വം നിറഞ്ഞതാണ്. വിതക്കും വിളവെടുപ്പിനും ഇടയില്‍ ഒരുപാട് ഘടകങ്ങള്‍ കൃഷിയെ ബാധിക്കാം. അതുകൊണ്ട് ഈ റിസ്‌ക് മുഴുവന്‍ എടുത്ത് നമുക്ക് വേണ്ടി ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും കൃഷിയില്‍ തുടരാനും സാധ്യമാകുന്ന രീതിയിലുള്ള സുരക്ഷ നല്‍കുക എന്നത് പ്രധാനമാണ്. അതിന് കര്‍ഷകന് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനമായി ലഭിക്കണം. നേരത്തെ സൂചിപ്പിച്ചതുപോലെ ബഹുഭൂരിപക്ഷവും ചെറുകിട കര്‍ഷകരാണ്. അവര്‍ക്ക് വിളകള്‍ സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാത്തവരായിരിക്കും. അതുകൊണ്ട് വിളവെടുപ്പ് കഴിഞ്ഞ ഉടനെ തങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാവും. അത്തരത്തില്‍ രണ്ടുമുറി ചെറിയ വീടുള്ള കര്‍ഷകനോട് ”നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും സ്റ്റോര്‍ ചെയ്യാം. എപ്പോള്‍ വേണമെങ്കിലും വില്‍ക്കാം” എന്നൊക്കെ പറയുന്നതില്‍പരം അസംബന്ധം മറ്റൊന്നുമില്ല.

മാത്രമല്ല ജീവിക്കുന്നതിനും, പഴയ കടം വീട്ടുന്നതിനും ഒക്കെ കര്‍ഷകന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണം. കര്‍ഷകരുടെ ഈ സ്ഥിതി മനസ്സിലാക്കി അവരെ ചൂഷണം ചെയ്യാന്‍ വ്യാപാരികളും എജന്റുമാരും ഒക്കെ ശ്രമിക്കും. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം എങ്ങനെയെങ്കിലും വില്‍ക്കാതെ തരമില്ല എന്നവര്‍ക്കറിയാം. കര്‍ഷകര്‍ ഇവരില്‍ പലരില്‍നിന്നും ലോണും വാങ്ങിയിരിക്കും. പലപ്പോഴും കാര്‍ഷിക ചിലവിനുവേണ്ടി വരും വര്‍ഷങ്ങളിലെ വിളപോലും പണയ്‌പ്പെടുത്തേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. അപ്പോള്‍ വില കുറച്ചു വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും. ഈ ചൂഷണത്തില്‍ നിന്ന് (distress sale) നിന്ന് അവരെ രക്ഷിക്കുക എന്നതാണ് എപിഎംസിയുടെ ലക്ഷ്യം. വ്യാപാരികള്‍ നേരിട്ട് ചെന്ന് സമ്മര്‍ദം ചെലുത്തി കര്‍ഷകരില്‍നിന്നും ചുരുങ്ങിയ വിലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കവര്‍ന്നെടുക്കുന്നത് തടയുന്നതിനാണ് എ.പി.എം.സി.യിലെ വ്യവസ്ഥകള്‍. അതായത് കര്‍ഷകരെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാനുള്ള രക്ഷാകവചമാണ് എപിഎംസി., അല്ലാതെ കര്‍ഷകരുടെ സ്വാതന്ത്ര്യം കവരുന്ന തടങ്കല്‍ പാളയമല്ല അത്. ഈ യയാഥാര്‍ഥ്യമാണ് ‘സ്വാതന്ത്ര്യവാദികള്‍’ ജനങ്ങളില്‍നിന്ന് മറച്ചുവെക്കുന്നത്. എപിഎംസി. സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ ചന്തകള്‍ തുറക്കുകയും, ചൂഷണസാധ്യതകള്‍ പരമാവധി കുറക്കുകയും ഒക്കെയാണ് വേണ്ടത്. അല്ലാതെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ നിലവിലുള്ള സുരക്ഷാസംവിധാനം കൂടി ഇല്ലാതാക്കുകയല്ല.

പുതിയ കാര്‍ഷിക നിയമം ഈ എപിഎംസി സംവിധാനത്തിന് ബദലായി ഒരു സമാന്തര സംവിധാനമായി സ്വകാര്യ ചന്തകള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നു. ഈ സ്വകാര്യ ചന്തകളില്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും, എന്ത് വിലയ്ക്കും വില്‍ക്കാം എന്നതാണ് സര്‍ക്കാരിന്റെ ഭാഷ്യം. സംസ്ഥാന സര്‍ക്കാരുകള്‍ ഈ സ്വകാര്യ ചന്തകളില്‍ നികുതി പിരിക്കുന്നത് നിരോധിക്കുന്നു ഈ നിയമം. ഈ സ്വകാര്യ ചന്തകളില്‍ താങ്ങുവില (MSP) എന്ന ഒന്നില്ല. അവിടെ മിക്കവാറും വന്‍കിട കുത്തക കമ്പനികള്‍ക്ക് വേണ്ടി ആയിരിക്കും കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുക. അങ്ങനെ സ്വകാര്യ കുത്തകകള്‍ നിയന്ത്രിക്കുന്ന ചന്തകള്‍ പ്രബലമാവുന്നതോടെ APMC ചന്തകള്‍ അടക്കുകയും, സര്‍ക്കാരിന്റെ ഭക്ഷധാന്യ സംഭരണം നിലക്കുകയും ചെയ്യും. പിന്നെ കോര്‍പറേറ്റ് കുത്തകകള്‍ നിയന്ത്രിക്കുന്ന സ്വകാര്യ വിപണിയില്‍ (unregulated private market yards) അവരുടെ നിയന്ത്രണത്തിലായിരിക്കും കര്‍ഷകര്‍. വിലപേശല്‍ ശക്തിയില്ലാത്ത ചെറുകിട കര്‍ഷകര്‍ ക്രമേണ രംഗത്തുനിന്ന് നിഷ്‌കാസിതരാവുകയും വന്‍കിട കൃഷിക്കാര്‍ മാത്രം അവശേഷിക്കുകയും ചെയ്യും.

എപിഎംസി. സംവിധാനം ഇല്ലാതായാല്‍ എന്താവും അവസ്ഥ എന്നതിന് ഉദാഹരണമാണ് ബീഹാര്‍. 2006ല്‍ ബീഹാര്‍ എപിഎംസി. സംവിധാനം നിര്‍ത്തലാക്കിയതിനു ശേഷം കര്‍ഷകരുടെ വരുമാനം ഗണ്യമായി കുറയുകയാണ് ഉണ്ടായത്. ക്വിന്‍റലിന് 1800 രൂപ താങ്ങുവിലയുള്ള നെല്ലിന് 600-700 രൂപയ്ക്ക് കര്‍ഷകര്‍ക്ക് വില്‍ക്കേണ്ടി വരുന്നു (കേരളത്തില്‍ നെല്ലിന് താങ്ങുവില 2400-2600 രൂപയോളമാണ്). ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും വിപണിയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ പോലും വേണ്ടത്ര വിളവെടുപ്പ് തന്നെ ഇല്ലാതായിരിക്കുന്ന ദയനീയ അവസ്ഥയില്‍ അവര്‍ കാര്‍ഷികവൃത്തി തന്നെ ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടി അന്യസംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്ന സ്ഥിതിയിലാണ്.
കോടതിയില്‍ പോകരുത്

ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ പ്രവര്‍ത്തികളേയും കോടതിയില്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതായത് കര്‍ഷകന് മാത്രമല്ല, ആര്‍ക്കും കര്‍ഷകനോട് സര്‍ക്കാരോ, കമ്പനികളോ, വ്യാപാരികളോ ഒക്കെ ചെയ്യുന്ന എന്ത് നീതി നിഷേധത്തെയും കോടതിയില്‍ ചോദ്യം ചെയ്യുന്നതിന് അവകാശമുണ്ടായിരിക്കുന്നതല്ല എന്ന് നിയമം അനുശാസിക്കുന്നു (അദ്ധ്യായം-5,ഭാഗം 13,15). നീതിക്കായി നീതിപീഠത്തെ സമീപിക്കുന്നതിനുള്ള പൗരന്‍റെ അടിസ്ഥാന ജനാധിപത്യ ഭരണഘടനാ അവകാശങ്ങളെ പുതിയ കാര്‍ഷിക നിയമങ്ങളള്‍ പാടേ നിഷേധിക്കുന്നു. ഭരണകൂടം തന്നെ പരാതിക്കാരനും, വിചാരണക്കാരനും, ന്യായാധിപനും ആകുന്ന സംവിധാനമാണ് ബില്ലിലെ ഈ വ്യവസ്ഥ. ഈ നീക്കം ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് ഇതേ മാതൃക ഭാവിയിലെ നിയമങ്ങളിലും ഉപയോഗിക്കപ്പെടുന്നതിന് വഴിവെക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ ”ജനാധിപത്യം അല്പം കൂടിയതാണല്ലോ നമ്മുടെ ‘പരിഷ്‌കാരങ്ങള്‍’ നടപ്പിലാക്കുന്നതിന് തടസ്സമായിരിക്കുന്നത്” എന്ന സര്‍ക്കാറിന്റെ പരാതിക്ക് പരിഹാരം കാണുകയാണ് നിയമത്തില്‍, ജനാധിപത്യ അവകാശത്തെ തന്നെ ഇല്ലാതാക്കിക്കൊണ്ട്. കോടതികള്‍ ചിത്രത്തിലില്ലാതാവുന്നതോടെ കര്‍ഷകനെ സംബന്ധിച്ചിടത്തോളം കമ്പനികളുടെയും ഉദ്യോഗസ്ഥരുടെയും ദയക്ക് പൂര്‍ണമായും കീഴ്‌പെട്ടു നില്‍ക്കുക എന്നത് മാത്രമാണ് കരണീയമായിട്ടുള്ളത്.

 

തുടരും….


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.