Follow the News Bengaluru channel on WhatsApp

അപകടത്തിലാവുന്ന ഭക്ഷ്യ സുരക്ഷ – കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍- അവസാന ഭാഗം

കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റ് വിളനിലമാവുമ്പോള്‍

-സുരേഷ് കോടൂര്‍

ഭാഗം : മൂന്ന്  

”അപകടത്തിലാവുന്ന ഭക്ഷ്യസുരക്ഷ”

ഭക്ഷ്യ സ്വയംപര്യാപ്തതയേയും, കാര്‍ഷിക വൈവിധ്യത്തെയും, അവശ്യവസ്തു വിലനിയന്ത്രണങ്ങളേയും പാടേ തകര്‍ക്കുന്നതാണ് മറ്റ് രണ്ട് നിയമങ്ങളും. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനും, വിലക്കയറ്റത്തിനും, കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വഴിവെക്കുന്നതാണ് ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍.

നിയമം-2: ”കാര്‍ഷിക വില ഉറപ്പ്, കാര്‍ഷിക സേവന നിയമം (ശാക്തീകരണവും, സംരക്ഷണവും) 2020” (Farmers (Empowerment and Protection) Agreement of Price Assurance, Farm Services Act, 2020)

ഈ നിയമം കര്‍ഷകര്‍ക്ക് കരാര്‍ കൃഷിയില്‍ ഏര്‍പ്പെടുന്നതിനുള്ള (contract farming) വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നു. വ്യാപാരികളോ കമ്പനികളോ ഒക്കെ കര്‍ഷകരുമായി നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കൃഷിയിറക്കുന്നതിന് മുന്‍പ് തന്നെ കരാറില്‍ (farm agreement) ഏര്‍പ്പെടുന്നതിനെക്കുറിച്ചുള്ള നിയമമാണ് ഇത്. കര്‍ഷകര്‍ കൃഷിചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നം ഇത്ര വിലക്ക് വാങ്ങിക്കൊള്ളാം എന്നാണ് കരാര്‍ (Trade and Commerce Agreement). അതുപോലെ കൃഷിയുടെ എല്ലാ ഘട്ടത്തിലും (വിത്ത്, വളം, യന്ത്രസാമഗ്രികള്‍, സാങ്കേതികവിദ്യ, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഒക്കെ കൊടുത്ത്) വാങ്ങുന്ന കമ്പനി നിയന്ത്രണം നിര്‍വഹിക്കുന്ന രീതിയിലുള്ള കരാറും (Production Agreement) അനുവദനീയമാണ്. അത്തരം കരാറില്‍ കര്‍ഷകന് അയാള്‍ നല്‍കുന്ന സേവനത്തിനു മാത്രം പ്രതിഫലം കൊടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണനിലവാരങ്ങള്‍, ഏതുതരം വിളകള്‍ ആയിരിക്കണം, ധാന്യത്തിന് ഇത്ര വലിപ്പം ഉണ്ടായിരിക്കണം, ഇന്ന നിറം ഉണ്ടായിരിക്കണം എന്നത് തുടങ്ങി കൃഷിക്ക് ഉപയോഗിക്കുന്ന രാസവളത്തിന്റെ അംശം ധാന്യത്തില്‍ ഇത്ര അളവില്‍ കൂടതല്‍ ഉണ്ടായിരിക്കരുത് എന്നുവരെ കര്‍ഷകനുമായി കരാരുണ്ടാക്കുന്ന ആള്‍ക്ക് അല്ലെങ്കില്‍ കമ്പനിക്ക് കരാറില്‍ എഴുതിച്ചേര്‍ക്കാം. കരാറില്‍ പറഞ്ഞ ഗുണനിലവാരമുള്ള ഉല്‍പ്പന്നം കര്‍ഷകന്‍ കൊണ്ടുവന്നു തന്നാല്‍ മാത്രമേ കരാറില്‍ എര്‍പ്പെട്ട കമ്പനിക്ക് കര്‍ഷകനില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങേണ്ടതുള്ളു. അതായത് വിതക്കുന്നതിനും കൊയ്യുന്നതിനും ഇടയില്‍ ഏതെങ്കിലും കാരണവശാല്‍ കൃഷിനാശം സംഭവിച്ചാല്‍ ഉത്തരവാദിത്തവും നഷ്ടവും കര്‍ഷകന് മാത്രമായിരിക്കും. കമ്പനിക്ക് നഷ്ടത്തില്‍ ഒരു ഉത്തരവാദിത്തവുമില്ല. കമ്പനികളാണ് എന്ത് കൃഷി ചെയ്യണമെന്നും, ഏത് വിത്ത് വിതക്കണമെന്നും ഒക്കെ തീരുമാനിക്കുക. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ഈ കമ്പനികള്‍ പറയുന്നതെന്തോ അത് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. ബാങ്കുകളും മറ്റും കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ഷകര്‍ക്കും, കമ്പനികള്‍ നിര്‍ദേശിക്കുന്ന വിളകള്‍ക്കും മാത്രമേ ലോണ്‍ അനുവദിക്കുകയുള്ളൂ തുടങ്ങിയ നിബന്ധനകള്‍ വെക്കുവാന്‍ തുടങ്ങും. കമ്പനികളാകട്ടെ കൂടുതല്‍ ലാഭം ലഭിക്കുന്ന കയറ്റുമതിക്ക് പറ്റിയ വിളകള്‍ കൃഷി ചെയ്യാനാവും താല്പര്യം കാണിക്കുക. അതിനനുസരിച്ച് വിളകള്‍ നിശ്ചയിക്കപ്പെടുകയും, കൃഷിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്യുന്ന അവസ്ഥ വരും.

വിളയുടെ ഗുണനിലവാരം, കാര്‍ഷിക രീതി തുടങ്ങിയവയൊക്കെ കരാറിന്റെ ഭാഗമാവുമ്പോള്‍ കമ്പനികള്‍ക്ക് കര്‍ഷകന്റെ മേല്‍ എപ്പോഴും മേല്‍ക്കൈ ഉണ്ടാവും. കര്‍ഷകന് എന്നല്ല ലോകത്ത് ആര്‍ക്കും വിളയുടെ ഗുണനിലവാരത്തെ കുറിച്ച് ഒരുറപ്പും പ്രവചിക്കാന്‍ കഴിയാത്തതുകൊണ്ട് കര്‍ഷകന്‍ എപ്പോഴും കരാര്‍ ഒരു ഭീഷണി ആയി നിലനില്‍ക്കും. കൊയ്ത്ത് കാലത്ത് വിപണിയില്‍ വില കുറയുന്ന അവസരങ്ങളില്‍ കരാറിലുള്ള ഇത്തരം എന്തെങ്കിലും കാരണം പറഞ്ഞ് കമ്പനിക്ക് തലയൂരുകയോ അല്ലെങ്കില്‍ വില കുറച്ചുകിട്ടുന്നതിനായി കര്‍ഷകനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യാന്‍ കഴിയും എന്നര്‍ത്ഥം. നിയമ പരിരക്ഷ ഇല്ലാത്ത കര്‍ഷകനാകട്ടെ കുത്തകകമ്പനികളുമായി ഇക്കാര്യത്തില്‍ യുദ്ധം ചെയ്യുക എന്നത് അസാധ്യമാവും. സംസ്ഥാനങ്ങള്‍ക്ക് കര്‍ഷകരുടെ രക്ഷക്കെത്താന്‍ ആഗ്രഹമുണ്ടെങ്കില്‍പോലും അതിന് കഴിയാത്ത രീതിയില്‍ സംസ്ഥാനത്തെ നിയമങ്ങളുടെ പരിധിയില്‍ നിന്ന് കരാര്‍ കൃഷിയെ പൂര്‍ണമായും വിമുക്തമാക്കിയിട്ടുമുണ്ട് പുതിയ കാര്‍ഷിക നിയമത്തില്‍.
ഇടനിലക്കാരെ ഒഴിവാക്കാനാണ് പുതിയ നിയമങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഈ നിയമം ഇടനിലക്കാരെ ഒഴിവാക്കുന്നില്ല എന്ന് മാത്രമല്ല കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ഥ്യം. കോര്‍പറേറ്റ് കമ്പനികള്‍ തന്നെ ശക്തരായ ഇടനിലക്കാരായി നില്‍ക്കുന്നു എന്ന് മാത്രമല്ല ‘സേവന ദാതാക്കള്‍’ എന്ന നിലയില്‍ (‘aggregators’, ‘farm service providers’) മറ്റ് ഇടനിലക്കാരെയും കരാറില്‍ ഉള്‍പ്പെടുത്താമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. യഥാര്‍ത്തത്തില്‍ ഈ ഇടനിലക്കാരായിരിക്കും കര്‍ഷകരുമായി കമ്പനികള്‍ക്ക് വേണ്ടി ഇടപെടുക. അതായത് ഇടനിലക്കാരെ ഒഴിവാക്കുകയല്ല മറിച്ച് കൂടതല്‍ ശക്തരായ ഇടനിലക്കാരെ ഉണ്ടാക്കുകയാണ് ഈ നിയമങ്ങള്‍.

ഇതൊന്നും പോരാതെ കമ്പനികളെ അവശ്യ സാധന നിയമത്തിന്റെ പരിധിയില്‍ നിന്നുകൂടി വിമുക്തമാക്കിയിട്ടുണ്ട് പുതിയ ബില്ലുകള്‍. നേരത്തെ പറഞ്ഞത് പോലെ കൂട് അടക്കാനുള്ള അവകാശം കോഴികളില്‍ നിന്ന് എടുത്തു മാറ്റി, എല്ലാ അവകാശങ്ങളും എല്ലാ പരിരക്ഷകളും കുറുക്കന് നല്‍കിയ ശേഷം കോഴികളോട് ഗീര്‍വാണം പറയുന്നത് ‘നിന്നെ കൂട്ടില്‍ അടച്ചുവെക്കാതെ കുറുക്കന്റെ ഭക്ഷണമാകാനുള്ള സര്‍വ സ്വാതന്ത്ര്യവും നല്‍കുകയാണ് ഞങ്ങള്‍’ എന്നാണ്. ഈ കുറുക്കന് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെയാണ് പലരും ഒന്നുമറിയാതെ കോഴിയുടെ അക്കൌണ്ടിലാക്കി കൊട്ടിഘോഷിക്കുന്നത്. ഇങ്ങനെ കോര്‍പറേറ്റുകള്‍ക്ക് ഭക്ഷണമാകാനുള്ള ‘സ്വാതന്ത്ര്യം’ വേണ്ടെന്നു വെക്കുന്നത് കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണെന്നുപോലും ചിലര്‍ ‘ബുദ്ധി’ ഉപദേശിച്ചു നടക്കുന്നുണ്ട്.

 

നിയമം-3: ”അവശ്യ സാധന (ഭേദഗതി) നിയമം 2020” (Essential Commodities (Amendment) Act, 2020).

നാം വിചാരിക്കുന്നത് ഭക്ഷണമാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അവശ്യവസ്തു എന്നാണ്. എന്നാല്‍ പുതിയ നിയമമനുസരിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു ഭക്ഷണം അവശ്യവസ്തു അല്ല എന്ന്. ഈ വിചിത്ര നിയമം നിലവിലുള്ള അവശ്യസാധന നിയമത്തെ റദ്ദ് ചെയ്യുകയാണ്. പുതിയ നിയമം പ്രധാന ഭക്ഷണ വസ്തുക്കളായ അരി, ഗോതമ്പ് മുതലായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തിന് പ്രാഥമികമായും വേണ്ട വസ്തുക്കളെ ഒക്കെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. അതോടെ ഈ വസ്തുക്കളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവയൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഇടപെടാനുള്ള അവകാശം നഷ്ടമായിരിക്കുന്നു.

1955ലെ അവശ്യ സാധന നിയമം ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ മിതമായ വിലക്ക് ലഭ്യമാക്കും എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് രൂപം കൊണ്ടത്. അവശ്യ സാധനങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ ശേഖരിച്ചു വെക്കുന്നതും, അവയ്ക്ക് അമിതമായ വില ഈടാക്കുന്നതും തടയുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. പരിധിയില്ലാതെ ധാന്യങ്ങള്‍ വാങ്ങി സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനുമൊക്കെ ഉള്ള കോര്‍പറേറ്റുകളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് തടസ്സമായിരുന്നു നിലവിലുള്ള ഈ നിയമം. ഈ തടസ്സം നീക്കുക എന്നതാണ് അവശ്യ സാധന നിയമം ഫലത്തില്‍ ഇല്ലാതാക്കുന്ന പുതിയ ബില്ല് കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഫലത്തില്‍ കോര്‍പറേറ്റുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒക്കെ നിയമവിധേയമാക്കുകയാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍.
അമിത വിലയുടെ പേരില്‍ ഇടപെടാന്‍ അനുവദിക്കുന്ന നിയമത്തിലെ നിബന്ധനയാകട്ടെ വലിയൊരു തമാശയാണ്. കഴിഞ്ഞ പന്ത്രണ്ടു മാസങ്ങളിലെ ശരാശരി വിലവര്‍ധന (moving average) 50%ല്‍ താഴെയാണെങ്കില്‍ കൊള്ളവില അനുവദിക്കാമെന്നും, അത് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടരുത് എന്നുമാണ് നിയമത്തിലെ വ്യവസ്ഥ. പെട്രോള്‍ പോലെ അരിക്കും പച്ചക്കറിക്കുമൊക്കെ ദിവസംതോറും വില കൂട്ടുന്ന ‘നല്ല ദിവസങ്ങള്‍’ തന്നെയാണ് നമ്മെ കാത്തിരിക്കുന്നത് എന്നര്‍ത്ഥം. ഈ പരിമിതമായ നിബന്ധനയില്‍ നിന്ന് പോലും കമ്പനികളെ ഒഴിവാക്കാനുള്ള സൂത്രവിദ്യയും ഈ നിയമത്തില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. കമ്പനിയുടെ ശേഖരണ പരിധിക്കുള്ളിലൊതുങ്ങുന്ന അത്രയുമേ പൂഴ്ത്തി വെച്ചിട്ടുള്ളൂ എങ്കില്‍ അത്തരക്കാര്‍ക്കെതിരെ അമിത്രവിലയുടെ പേരില്‍ ഒരു നടപടിയും ഉണ്ടാവില്ല. കയറ്റുമാതിക്കാരാണെങ്കില്‍ കയറ്റുമതിക്ക് വേണ്ടി എത്ര പൂഴ്ത്തിവെച്ചാലും ഒരു നടപടിയും ഉണ്ടാവരുത് എന്നും നിയമത്തിലെ ‘മനോഹരമായ’ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കുന്നു.

ചുരുക്കത്തില്‍ നമ്മുടെ ഭക്ഷ്യ സുരക്ഷയെത്തന്നെ അപകടത്തിലാക്കുന്ന ഏറ്റവും മാരകമായ ബില്ലാണ് അവശ്യ സാധന നിയമത്തില്‍ വരുത്തിയിട്ടുള്ള ഈ ഭേദഗതി നിയമം. കയറ്റുമതിക്ക് വേണ്ടി ഭക്ഷ്യ ധാന്യങ്ങള്‍ വന്‍തോതില്‍ ശേഖരിക്കപ്പെടുകയും ആഭ്യന്തര വിപണിയില്‍ ഭക്ഷണ ധാന്യങ്ങള്‍ ലഭ്യമാവാതെ വരുകയും ചെയ്യുന്ന സ്ഥിതിയില്‍ വിലക്കയറ്റം മാത്രമല്ല രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് തന്നെ രാജ്യം വഴുതിവീഴും. ജനങ്ങളുടെ വിശപ്പിനെ വിറ്റുപോലും ലാഭം കൊയ്യാനുള്ള പൂര്‍ണ ലൈസന്‍സ് നല്‍കുകയാണ് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക്. അവരുടെ നിര്‍ബാധമുള്ള തേര്‍വാഴ്ചക്ക് ആരും ഒന്നും തടസ്സമാവുകയില്ല എന്ന് ഉറപ്പാക്കുകയാണ് ഈ പുതിയ കാര്‍ഷിക നിയമങ്ങളുടെ ലക്ഷ്യം.

പുതിയ സുവര്‍ണാവസരം തേടി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മാത്രം അമ്പതിലേറെ കാര്‍ഷിക-വ്യവസായ കമ്പനികളാണ് ഇന്ത്യയില്‍ മുളച്ചുപൊന്തിയിട്ടുള്ളത്. അതില്‍ ബഹുഭൂരിപക്ഷവും അംബാനി, അദാനി, പതഞ്ജലി എന്നീ ഇന്ത്യന്‍ കുത്തകകളുടേതാണ്. ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് വളരെ കുറഞ്ഞ വില കൊടുത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം കയറ്റുമതി ചെയ്ത് ലാഭം കൊയ്യാനുള്ള ഈ അവസരം വിദേശ കമ്പനികളും പാഴാക്കുന്നില്ല. സര്‍ക്കാരാകട്ടെ വിപണിയെ കുത്തക മുതലാളികള്‍ക്ക് യധേഷ്ടം വിഹരിക്കാനുള്ള വേദിയാക്കുന്നതിനുള്ള എല്ലാ ഉപായങ്ങളും ഉപയോഗിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ കാപട്യവും കുടിലതയും തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്. കര്‍ഷകരുടെ മാത്രമല്ല ജനസാമാന്യത്തിന്റെ തന്നെ അതിജീവനത്തെയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ വെല്ലുവിളിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകസമരത്തിന് സകല ജനവിഭാഗങ്ങളുടെയും ശക്തമായ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. അതിശക്തമായ ബഹുജന പ്രതിരോധ മുന്നേറ്റത്തിലൂടെ ഈ ജനവിരുദ്ധ നിയമങ്ങളെ പൂര്‍ണമായും പിന്‍വലിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരേണ്ടത്, ഈ ഐതിഹാസിക സമരത്തിന്റെ മുന്നില്‍ പടനയിക്കുന്ന കര്‍ഷകര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ടത്, നാളെയെക്കുറിച്ചും വരും തലമുറകളെക്കുറിച്ചും കരുതലുള്ള ഓരോ വ്യക്തിയുടേയും ചുമതലയാണ്.

(അവസാനിച്ചു)

അഭിപ്രായങ്ങള്‍ അറിയിക്കാം : sureshkodoor@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.