Follow the News Bengaluru channel on WhatsApp

വൈറ്റിലയും കുണ്ടന്നൂരും വെറും പാലങ്ങള്‍ അല്ല ; കേരളത്തിന്റെ ബദല്‍ വികസന സമീപനങ്ങളാണ്.

വൈറ്റിലയും കുണ്ടന്നൂരും – കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേട്ട രണ്ടു സ്ഥല നാമങ്ങള്‍. എന്തുകൊണ്ട് ..?

ബദല്‍ വികസന സമീപനങ്ങളില്‍ ഒരു ഭരണകൂടം എങ്ങിനെ ജനകീയ സമീപനം സ്വീകരിക്കുന്നു, പ്രായോഗികതലത്തില്‍ നടപ്പിലാക്കി മാതൃകയാവുന്നു എന്നതാണ് വൈറ്റിലയും കുണ്ടന്നൂരും അടയാളപ്പെടുത്തുന്നത്.

ബദല്‍ വികസന സമീപനങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടോടെ പദ്ധതികള്‍ ഏറ്റടുത്തു നടപ്പിലാക്കുന്ന മനോഹര ദൃശ്യങ്ങളാണ് സമകാലിക കേരളം സാക്ഷ്യം വഹിക്കുന്നത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍ കൊച്ചിയിലെ വൈറ്റിലയാണ് . രണ്ടു ദേശിയ പാതകള്‍ സംഗമിക്കുന്ന സ്ഥലം കുണ്ടന്നൂര്‍. കേരളത്തില്‍ തെക്കു തിരുവനന്തപുരം മുതല്‍ അങ്ങേയറ്റം വടക്ക് കാസര്‍ഗോഡ് വരെയുള്ള റോഡ് യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത ഏറ്റവും തിരക്കേറിയതും ഗതാഗത കുരുക്കുകൊണ്ടു കുപ്രസിദ്ധവുമായ രണ്ടു പ്രധാന ജംഗ്ഷനുകള്‍.

18 മാസങ്ങളായിരുന്നു നിശ്ചയിക്കപ്പെട്ട നിര്‍മ്മാണ കാലയളവ്. കൊവിഡുമൂലം കുറച്ചു നീണ്ടെങ്കിലും 2017 ല്‍ ആരംഭിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പൊതുജനത്തിന് തുറന്നു കൊടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടം തന്നെയാണ്.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം കഴിഞ്ഞു നാടിനു സമര്‍പ്പിക്കപ്പെട്ടപ്പോള്‍, മുഖ്യധാര മാധ്യമങ്ങള്‍ നമ്മളോട് പറയാത്ത ചില കാര്യങ്ങള്‍
പരാമര്‍ശിക്കാതെ തരമില്ല.

1. ഈ രണ്ടു പാലങ്ങളും ദേശിയ പാതയിലാണ് സ്ഥിതി ചെയ്യുന്നത് . സ്വാഭാവികമായും പാലങ്ങള്‍ നിര്‍മ്മിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള എന്‍ എച്ച് എ ഐ ക്കാണ് . എന്നാല്‍ പാലങ്ങള്‍ നിര്‍മ്മിച്ചത് കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത്
വകുപ്പാണ് .

2 .പാലങ്ങള്‍ നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ആയിരുന്നുവെങ്കില്‍, തൃശൂര്‍ പാലിയേക്കര പോലെ മറ്റൊരു ടോള്‍ ബൂത്ത് വൈറ്റിലയില്‍ ഉയരുമായിരുന്നു . നൂറ് രൂപയില്‍ ചുരുങ്ങാത്ത ടോള്‍ കാലങ്ങളോളം മലയാളികള്‍ അടക്കേണ്ടി വരുമായിരുന്നു.

3. സംസ്ഥാന സര്‍ക്കാരിന് ഇത് കേന്ദ്രം ചെയ്യേണ്ടതാണ് എന്ന് പറഞ്ഞു കൈ കഴുകാമായിരുന്ന വിഷയമായിരുന്നിട്ട് കൂടി കിഫ്ബി വഴി പണം കണ്ടെത്തി ജനങ്ങളുടെ ഗതാഗതക്കുരുക്കിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണുകയാണ് ചെയ്തിരിക്കുന്നത്.

4 .കിഫ്ബി മുന്നോട്ടുവയ്ക്കുന്ന വികസന മാതൃകയുടെ പ്രസക്തി ഒരിക്കല്‍കൂടി ദൃഢമാകുന്നു . ഒരു ഡസനെങ്കിലും റെയില്‍ മേല്‍പ്പാലങ്ങള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
നാടിനുവേണ്ടി മേന്മയുള്ള പശ്ചാത്തലസൗകര്യ സൃഷ്ടിക്ക് നവീനമായ മാര്‍ഗ്ഗങ്ങളിലൂടെ വിഭവസമാഹരണം നടത്തിയേ മതിയാകൂവെന്നത് LDF സര്‍ക്കാരിന്റെ നിശ്ചയദാര്‍ഡ്യമാണ്. പണം ഇല്ലാത്തതിനാല്‍ നിലച്ചുപോകുമായിരുന്ന വൈറ്റിലയ്ക്കും കുണ്ടന്നൂരിനുമടക്കമുള്ള പ്രോജെക്ട്കള്‍ക്കു തടസ്സമില്ലാതെ പണം എത്തിക്കാന്‍
കഴിയുന്നൂവെന്നതാണ് ഈ മാതൃകയുടെ വിജയം. ഇങ്ങനെ ഏതാണ്ട് അസാധ്യമെന്നു കരുതിയിരുന്ന പശ്ചാത്തലസൗകര്യ സൃഷ്ടിയാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.

5. ഈ രണ്ടു പാലങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച തുകയില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ ഡി എം ആര്‍ സിയെ ജോലി ഏല്‍പ്പിച്ചത് മൂലം ബാക്കി വന്ന പണം കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

6 . വൈറ്റിലയിലെയും കുണ്ടനൂരെയും മേല്‍പ്പാലങ്ങള്‍ നാടിന് സ്വന്തമാകുമ്പോള്‍ ചില കണക്കുകളും വിശകലനം ചെയ്യേണ്ടതുണ്ട്.
85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച വൈറ്റിലയിലെ മേല്‍പ്പാലനിര്‍മ്മാണം 78.36 കോടി രൂപക്കാണ് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഉപകരാര്‍ ലഭിച്ച രാഹുല്‍ കണ്‍സ്ട്രക്ഷന്‍സും പൂര്‍ത്തിയാക്കിയത്. 82.74 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച കുണ്ടനൂര്‍ മേല്‍പാലം 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അങ്ങനെ രണ്ട് മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് പതിനഞ്ച് കോടിയിലേറെ രൂപയുടെ ലാഭം സംസ്ഥാനത്തിന് നേടിത്തന്നു കൊണ്ടാണ്.

എന്താണ് ഇടത് ബദല്‍ എന്ന ചോദ്യത്തിനുള്ള മറുപടി വൈറ്റില പാലവും പാലാരിവട്ടത്തെ തകര്‍ന്നടിഞ്ഞ അഴിമതി പാലവും കേരള ജനത്തെ ഓര്‍മിപ്പിക്കുന്ന്‌നുണ്ട്…
കൃത്യമായ ഉത്തരമാണ് ഈ മേല്‍പ്പാലങ്ങള്‍…… അടയാളപ്പെടുത്തലുകളാണ് …….

ബദല്‍ വികസന മാതൃകകളല്ല;
വികസന ബദലുകളാണ് നമുക്കാവശ്യം

പാലങ്ങളും പുതിയ റോഡുകളും മാത്രമല്ല വികസന ബദലുകള്‍ ..കേരളീയ ജന ജീവിതത്തിന്റെ സമസ്ത മേഖകളിലും ആശ്വാസം പ്രദാനം ചെയ്യുന്ന നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ കാണിച്ചു തരുന്ന മാതൃകകള്‍ കൂടിയാണ് …

  • ആരോഗ്യ രംഗത്തെ ഫലപ്രദമായ ഇടപെടലുകള്‍
  • നിപ്പ , കോവിഡ് പ്രതിരോധം
  • പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
  • ക്ഷേമ പെന്‍ഷനുകള്‍
  • റേഷന്‍ സംവിധാനം വഴി ഭക്ഷണ കിറ്റ് വിതരണം

ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരായി ബദല്‍ സമീപനമുള്ളത് ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കാണ്. ബി ജെ പി മുന്നോട്ടുവെക്കുന്ന വര്‍ഗീയ അജന്‍ഡയെ ശക്തമായി പ്രതിരോധിക്കുന്നതും ഇടതു മുന്നണിയാണ്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് മുന്നിട്ട് പ്രവര്‍ത്തിക്കുന്നത്.

കേരളത്തിന്റെ സാമൂഹിക ക്ഷേമ വികസനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന എല്ലാ ഘടകങ്ങളേയും സംഭാവന ചെയ്തത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഭൂപരിഷ്‌കരണം, മെച്ചപ്പെട്ട കൂലി, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങള്‍, റേഷന്‍, ക്ഷേമ സൗകര്യങ്ങള്‍, അധികാരവികേന്ദ്രീകരണം എന്നു തുടങ്ങിയവയെല്ലാം ഉണ്ടായിട്ടുള്ളത്. മാത്രമല്ല, ജനാധിപത്യബോധം വികസിപ്പിക്കുന്നതിലും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പുതിയ പാലങ്ങള്‍ നാടിനു സമര്‍പ്പിച്ച് മുഖ്യമന്ത്രി

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ പാലങ്ങള്‍ നാടിനായി സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയിലും മുടങ്ങിക്കിടന്ന ഒരുപദ്ധതി സമയബന്ധിതമായി നാടിന് സമര്‍പ്പിക്കാനായതിലുമാണ് സന്തോഷവും അഭിമാനവും.

എല്‍ഡിഎഫ് സര്‍ക്കാര്‍ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഇരുപാലങ്ങളും നിര്‍മിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങള്‍ നിര്‍മിച്ചത്. ദേശീയപാത അതോറിറ്റിയില്‍നിന്നു നിര്‍മാണം ഏറ്റെടുത്തതുകൊണ്ട് ടോള്‍ പിരിവ് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ് ഇപ്പോള്‍ സാക്ഷാത്ക്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേണം നമുക്കൊരു പുതുകേരളം

മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അവ തകര്‍ക്കപ്പെടുന്ന ഗൂഢമായ പദ്ധതികള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത്തരം പദ്ധതികളെ ഉന്മൂലനം ചെയ്യുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്, ചില കുത്തക മാധ്യമങ്ങളുടെ പിന്‍ബലത്തോടെ ചില രാഷ്ട്രീയ പാര്‍ട്ടികളും മത വര്‍ഗീയ, അരാഷ്ട്രീയ സംഘടനകളും സ്വീകരിക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ കൈകോര്‍ത്തുകൊണ്ടു മതേതര ജനാധിപത്യ വ്യവ സ്ഥിതിയെ വെല്ലുവിളിക്കുന്നു, അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇവയോടെല്ലാം പൊരുതുന്ന, ചെറുത്തു തോല്‍പ്പിക്കുന്ന ഒരു പുത്തന്‍ കേരളം ഉണ്ടാവണം.

നാടിനു വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണ നേതൃത്വം

സാമൂഹ്യമായി ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ജനാധിപത്യ പരമായി നിര്‍വ്വഹിക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയ ഇച്ഛാശക്തി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ജീവിതാനുഭവങ്ങളില്‍ നിന്നും ബോധവല്‍ക്കരണത്തില്‍നിന്നുമാണ്. അനുഭവവും, ബോധവല്‍ക്കരണവും തെറ്റ്, ശരികളെ വേര്‍തിരിക്കുന്നു. ശരിയുടെ ഭാഗത്ത് നിന്ന് അതിനായി പ്രചരണം നടത്തുന്നു. ഈ രീതിയില്‍ ശക്തിപ്പെടുന്ന ജനകീയ സമ്മര്‍ദ്ദങ്ങളോട് അനുകൂലമായി പ്രതികരിക്കാന്‍ രാഷ്ടീയ നേതൃത്വങ്ങള്‍ നിര്‍ബന്ധിതരാക്കണം. അത് കാര്യങ്ങള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയിലേക്ക് നയിക്കുന്നു. അതിനാല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതും സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതും ജനങ്ങളില്‍ നിന്നാണ്.

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ, കേരള സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും കിഫ്ബിക്കും കരാറുകാര്‍ക്കും തൊഴിലാളി സുഹൃത്തുക്കള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

ജോമോന്‍ സ്റ്റീഫന്‍
jomonks2004@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.