Follow the News Bengaluru channel on WhatsApp

പാലു കാച്ചുന്ന നേരത്ത് 

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

ഒന്ന്

പാലു കാച്ചുന്ന നേരത്ത്

 

അടുത്തബന്ധുവായ ജയമോഹന്റെ മകള്‍ സിന്ധുവിന്റെ ‘പാലുകാച്ചുന്ന’ ചടങ്ങിനു രാവിലെ കൃത്യ സമയത്തുതന്നെ കുടുംബസമേതം ഞാനെത്തി. പാലുകാച്ചല്‍, പാര്‍ക്കല്‍ എന്നെല്ലാം പറഞ്ഞാല്‍ ഉത്തരാധുനിക മലയാളിക്കു മനസ്സിലാവാന്‍ സാധ്യതയില്ല, ‘ഹൗസ് വാമിങ്’ എന്ന പുതിയ മലയാളത്തില്‍ പറഞ്ഞാലാണു പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു സ്റ്റാറ്റസുണ്ടാവുക എന്ന അവസ്ഥയിലേക്കാണു ആഗോള മലയാളികള്‍ വളരുന്നത്. സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാരായ സിന്ധുവും അവളുടെ സഹയാത്രികന്‍ സാവനും വാങ്ങിയ പുതിയ ഫ്ലാറ്റില്‍ താമസം തുടങ്ങുന്നു. ബന്ധുമിത്രാദികള്‍ ഹാളിലും അടുക്കളയിലും കിടപ്പുമുറികളിലുമായി തിങ്ങി നിറഞ്ഞു നിന്നു.

ഇത്രയധികമാളുകള്‍ക്കു ഒരു ഫ്ലാറ്റിനുള്ളില്‍ നിന്നു കഴിച്ചുകൂടാന്‍ വയ്യാതായി. ഇരിക്കാനൊരു കസേരയോ, കിടക്കാനൊരു കട്ടിലോ ഇല്ല. ജയമോഹന്റെ വയസ്സായ അമ്മ നിലത്തിരിക്കുന്നതു കണ്ടപ്പോള്‍ കിടക്കാന്‍ ഒരു പായയും തലയണയും കൊണ്ടുവന്നു കൊടുത്താല്‍ നന്നായിരുന്നു എന്നു തോന്നി. അതെങ്ങനെയാണ്? പൂജയും പാലുചടങ്ങു കഴിഞ്ഞേ ഫര്‍ണീച്ചറും വീട്ടുപകരണങ്ങളും പുതിയ വീട്ടിലേക്കു കൊണ്ടുവരാന്‍ പാടുള്ളൂ എന്നല്ലേ ആചാരം?. വീട്ടില്‍ സാമാനങ്ങള്‍ പൂജക്കു മുമ്പേ വന്നാല്‍ എന്താണു കുഴപ്പമെന്നു ആലോചിച്ചപ്പോള്‍ യുക്തിപരമായ ഒരുത്തരവും കിട്ടിയില്ല. അതിന്റെ വിശദീകരണം എന്താവും? അതിനൊന്നും വിശദീകരണം കാണില്ല, വിശ്വസിച്ചാല്‍ മതി, ചോദ്യം ചെയ്യേണ്ട…!

പാലൊഴിച്ച പാത്രം, പുതിയ ഗ്യാസു സ്റ്റൌവിന്‍റെ മേലെവെച്ചു സിന്ധു കത്തിക്കുന്നു. എല്ലാവരും പാലുതിളച്ചു ചാടുന്ന രംഗം ആസ്വദിക്കാന്‍ ആകാംക്ഷയോടെ കാത്തുനിന്നു. പാത്രത്തിന്റെ വായ്ഭാഗം താഴ്ത്തി വെച്ചു കൊണ്ടു സാവന്റെ അമ്മ സാവിത്രി വിശദീകരിച്ചു: ‘കിഴക്കോട്ടു വായ് താഴ്ത്തിവെച്ചതാണ്, പാലുതിളച്ചു വരുന്നതു കിഴക്കോട്ടാവണം.’

ആദ്യം പാലു തിളപ്പിക്കുമ്പോള്‍ കിഴക്കോട്ടായാല്‍ വീട്ടുകാര്‍ക്കു ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുമെന്നാണു വിശ്വാസം. പാലു കിഴക്കോട്ടു തിളച്ചുചാടിയ വീടുകളില്‍ മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞു കളിയാടിയിട്ടുണ്ടോ, മറ്റു മൂന്നു ദിക്കുകളിലേക്കും പാലുചാടിയ വീട്ടുകാര്‍ക്കു ദോഷങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ എന്നോ, അതിന്റെ സ്ഥിതിവിവരക്കണക്കുകളോ രേഖകളോ വല്ലതും ഉണ്ടോ, അതിന്റെ അടിസ്ഥാനത്തിലാണോ ഈ വിശ്വാസം വേരുപിടിച്ചത് എന്നൊന്നും ആര്‍ക്കും ഒരു വ്യക്തതയുമില്ല. വിശ്വാസത്തിനു ശാസ്ത്രീയരേഖകളോ തെളിവുകളോ ഒന്നും ആവശ്യമില്ല. യുക്തിചിന്തയും ശാസ്ത്രാവബോധവും ഒരിക്കലും പൊരുത്തപ്പെടാത്ത ഇടമാണു വിശ്വാസം. ചരിത്രത്തെ തിരുത്തിക്കുറിച്ച വിഗ്രഹഭഞ്ജനത്തിനും വിശ്വാസലംഘനത്തിനും മേലെയായി, ‘വിശ്വാസം അതല്ലേഎല്ലാം’ എന്നുറപ്പിച്ചുസ്ഥാപിക്കുന്ന ആപ്തവാക്യങ്ങളല്ലേ, ദിവസേന കേട്ടുകൊണ്ടിരിക്കുന്നത്?

പാലു തിളക്കാന്‍ തുടങ്ങുന്നു, പാലു കിഴക്കോട്ടു മറിയാന്‍ പാത്രത്തിലേക്കു ശ്രദ്ധിക്കുന്നവര്‍ അകമേ പ്രാര്‍ത്ഥിച്ചു.

ആരുടേയും പ്രാര്‍ത്ഥന ശ്രദ്ധിക്കാതെ, പാത്രത്തിന്റെ എല്ലായിടത്തേക്കും പാലു തിളച്ചുമറിഞ്ഞു കവിഞ്ഞൊഴുകി. കാഴ്ചക്കാര്‍ കിഴക്കോട്ടു പാലു മറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ടെന്ഷനടിച്ചു പരസ്പരം നോക്കി. ഉടന്‍ ജയമോഹന്റെ വ്യാഖ്യാനം വന്നു:

‘ഏയ്ഗംഭീരമായല്ലോ, പാലു എല്ലായിടത്തേക്കും കവിഞ്ഞൊഴുകിയതിനാല്‍, സര്‍വ്വഇടങ്ങളിലും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുമെന്നര്‍ത്ഥം ‘

ഓ..സമാധാനം, എല്ലാവരുടെയും മുഖത്തു മുല്ലപ്പൂവിരിഞ്ഞു. വിശ്വാസം പ്രചരിപ്പിക്കുന്നതോടൊപ്പം വ്യാഖ്യാനിക്കാനും കഴിയണം, എന്നാല്‍ മാത്രമാണു വിശ്വാസത്തെ നിലനിര്‍ത്താനാവൂ എന്നതും മറ്റൊരു പാഠം.

ഗണപതിഹോമം നടത്തിയതിന്റെ അടയാളമായി കരിഞ്ഞ ഇഷ്ടികകളും ചാരവും കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു:

‘ ഗണപതി ഹോമം നടത്തിയല്ലേ? ആരാണു പൂജാരി ?’

‘നമ്മുടെ വിശാഖന്‍ ശാന്തി. ശ്രീനാരായണ സംഘത്തിലെ പൂജാരി ..!’

ബ്രാഹ്മണനിയമങ്ങളും പൂജാവിധികളും തകര്‍ത്തെറിഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാല്ലേ ഈ പൂജാരികള്‍? അവര്‍ ഗണപതിഹോമം നടത്തുമോ?’ എന്റെ പരിമിതമായ അറിവുകൊണ്ടു ചോദിച്ചു പോയതാണ്.

‘പൂജയെന്നാല്‍ ബ്രാഹ്മണന്‍ നിശ്ചയിച്ച പൂജകളാണ്. പൂജ കൊണ്ടു ജീവിക്കണമെങ്കില്‍ ഗുരുദേവന്റെ പുരോഗമന ധര്‍മ്മം പറഞ്ഞിരുന്നാ ലൊന്നും പറ്റില്ല. പൂജാരിയുടെ വയറു നിറയണമെങ്കില്‍ ബ്രാഹ്മണന്‍ നിശ്ചയിച്ച പൂജയും ആര്‍ക്കും മനസ്സിലാവാത്ത നാലഞ്ചു സംസ്‌കൃതം ശ്ലോകങ്ങളും ചൊല്ലണം. എന്നാലെ പൂജാരിയെ ആളുകള്‍ വിളിക്കൂ.’

ഈ വിശദീകരണം നല്‍കിയതു മറ്റൊരു ബന്ധുവായ രാജുവാണ്.

മനസ്സിലാവാത്ത ഭാഷയാണു മനുഷ്യരെ കീഴടക്കാന്‍ കഴിയുന്ന ആയുധം എന്ന സത്യം നമ്മള്‍ മനസിലാക്കുന്നു.

വിശാഖന്‍ ശാന്തി പറഞ്ഞുവത്രേ,’വാതിലിന്റെ സ്ഥാനം വാസ്തുശാസ്ത്ര പ്രകാരം ശരിയല്ല’. അതുകേട്ടപ്പോള്‍, സാവനു നീരസമായി, അയാള്‍ ചോദിച്ചു: ‘പൂര്‍ണ്ണമായും വാസ്തുശാസ്ത്രമനുസരിച്ചുണ്ടാക്കുന്ന ഫ്ലാറ്റുകള്‍ എവിടെ കിട്ടാനാണ് ? ‘

അമ്മ സമാധാനിപ്പിച്ചു: ‘നീ വിഷമിക്കേണ്ട സാവന്‍, വാസ്തുവിലെ അപാകതകള്‍ക്കു ചില പരിഹാര ക്രിയകളുണ്ട്’

‘ഇനി അതിനും വേണം ചിലവ്.. ഇന്നലെ വന്ന ആ വിശാഖന്‍ ശാന്തി പൂജയുടെ പേരും പറഞ്ഞു രൂപ ഇരുപത്തയ്യായിരമാണു വാങ്ങിപ്പോയത്. ഇനി പരിഹാര ക്രിയക്കു ഒരു ലക്ഷം വാങ്ങും.. ‘ സാവന്‍ പ്രതികരിച്ചു.

‘നീ വിഷമിക്കേണ്ട, പൂജ ഞാന്‍ ചെയ്യിക്കാം, പോരെ.? ‘

പരിഹാര ക്രിയയെന്നതും വിചാരം ആവശ്യപ്പെടുന്ന സംഗതിയാണ്. മനുവിന്റെ കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യവ്യവസ്ഥകള്‍ സ്ഥാപിക്കാനുള്ള നിയമങ്ങള്‍ തന്നെയാണു വാസ്തുശാസ്ത്രവും പ്രചരിപ്പി ക്കുന്നത്. ചാതുര്‍വര്‍ണ്ണ്യമനുസരിച്ചുള്ള ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഓരോരുത്തരുടെയും വീടുകള്‍ ഉണ്ടാക്കുവാന്‍ ഓരോ നിയമങ്ങളാണ്. ബ്രാഹ്മണനു വേണ്ടി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളാണ്  ഇക്കാലത്തു വാസ്തുവിദഗ്ധന്‍ ജാതിഭേദ മന്യേ പൊതു ജങ്ങള്‍ക്കായി ഉപദേശിക്കുന്ന നിയമങ്ങള്‍. ജാതിനിയമങ്ങള്‍ ലംഘിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന വ്യാഖ്യാനം തികച്ചും പുരോഗമനപരം. എന്നാല്‍ ബ്രാഹ്മണനു നിശ്ചയിച്ച നിയമങ്ങള്‍ മറ്റു താഴ്ന്ന ജാതിക്കാര്‍ക്കും, ക്ഷത്രിയന്റെ നിയമങ്ങള്‍, വൈശ്യനും ശൂദ്രനും, വൈശ്യന്റെ നിയമങ്ങള്‍ ശൂദ്രനും ദോഷകരമാണു എന്നതു വാസ്തു നിയമ ത്തിന്റെ ലംഘനമാണ്. വാസ്തുവിദഗ്ദ്ധന്റെ ആ പ്രവൃത്തി വാസ്തു ശാസ്ത്രവിരുദ്ധമല്ലേ? വാസ്തു നിയമങ്ങള്‍ ലംഘിക്കാനാണെങ്കില്‍ വാസ്തു ശാസ്ത്രം പാലിക്കുന്നതിന്റെ അര്‍ഥമെന്താണ് ?

ചര്‍ച്ച മനസ്സില്‍പുരോഗമിക്കുന്നതിനിടയില്‍ചായയും ഉപ്പുമാവും വന്നു, അതുകഴിച്ചുകൊണ്ടു വാസ്തുവിചാരം തുടര്‍ന്നു.

ഇത്തരം അര്‍ത്ഥരഹിതമായ നിയമങ്ങള്‍, യാന്ത്രികമായി ഒരു യുക്തി ചിന്തയോ മറുചോദ്യമോ ഇല്ലാതെ നമ്മള്‍ അനുസരിക്കുന്നു. ശാസ്ത്ര ത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ള ആളുക ളാണു അര്‍ത്ഥരഹിതമായ ആചാരങ്ങളെ അന്ധമായി അനുവര്‍ത്തിച്ചു പോരുന്നത് എന്ന യാഥാര്‍ഥ്യമറിയുമ്പോള്‍ നമ്മുടെ സാമൂഹത്തില്‍ പടര്‍ന്നുകിടക്കുന്ന ഇരുട്ടിന്റെ ഭീകരത വിരിച്ചിടുന്ന കറുത്ത നിഴലുകളെ ക്കുറിച്ചു ചിന്തിച്ചുപോയി.

എന്റെ വിചാരങ്ങള്‍ വീണ്ടും വസ്തുവിലെത്തി. വാസ്തുശാസ്ത്രത്തെ നിരാകരിക്കുന്ന വീടുകള്‍ക്കു മാര്‍ക്കറ്റില്‍ വില കുറവാണത്രേ. അതു കൊണ്ടു വാസ്തുശാസ്ത്രം വെറുമൊരു വിശ്വാസമാണെന്നും അതില്‍ ശാസ്ത്രമോ വസ്തുതയോ ഇല്ലെന്നും തിരിച്ചറിയുന്നവര്‍ക്കും വാസ്തുവിനെ ആശ്രയിക്കേണ്ടി വരുന്നു എന്നപ്രശ്‌നം ഉണ്ടാവുന്നുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പെരുപ്പിക്കാതെ, ഒരു അന്ധവിശ്വാസത്തിന്റെ പിന്നാലെ പോകുന്നതു ശരിയാണോ എന്നതാണ് ഇന്നത്തെ ചിന്താവിഷയം.

ഊണിന്റെ സമയമായപ്പോള്‍, അപാര്‍ട്‌മെന്റിന്റെ താഴെയുള്ള റെസ്റ്റോറന്റിലേക്കു ജയമോഹന്‍ ഞങ്ങളെ ക്ഷണിച്ചു. ഊണു കഴിഞ്ഞു എല്ലാവരും പിരിയുന്നു. ഞങ്ങള്‍ യാത്ര പറയാന്‍ നേരത്തു വെറുതെ വീട്ടുകാരി ചോദിച്ചു:

‘ വീട്ടുപകരണങ്ങള്‍ ഇന്നു വൈകീട്ടെത്തുമോ? ‘

‘ഇല്ല, പലേടത്തുനിന്നും പലതും വരാനുണ്ട്. എല്ലാം വന്നു ചേരാന്‍ രണ്ടുമൂന്നു ദിവസമെടുക്കും’

‘പിന്നെയെങ്ങനെ ഇവിടെ താമസിക്കും?’ എനിക്കു ചോദിക്കാന്‍ തോന്നി

‘വീട്ടുപകരണങ്ങള്‍ എല്ലാം എത്തുന്നതുവരെ ഒരാളെങ്കിലും രാത്രി ഇവിടെ കിടന്നാല്‍ മതി, അതു ഞാനോ സാവനോ കിടക്കും’

‘ അതെന്തിനാ ഒരാള്‍ കിടക്കുന്നതു? ‘

‘അങ്ങനെ,വേണം. ഹൗസ് വാമിങ് കഴിഞ്ഞ വീടുകളില്‍ ആരെങ്കിലും വന്നു രാത്രി താമസിക്കണം, ആള്‍ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതു ദോഷമാണ് ‘

എന്തുദോഷം? ഓരോ വിശ്വാസം,അത്ര തന്നെ.. പുരോഹിതന്‍ കുറെ നിര്‍ദേശങ്ങളും നിബന്ധനകളും കൊടുക്കുന്നു, അയാളെ അനുസരി പ്പിക്കാന്‍ കുറെ നിയമങ്ങള്‍ ഉണ്ടാവണം, അയാളുടെ പ്രസക്തി വര്‍ദ്ധിപ്പി ക്കുന്നതു ഇങ്ങനെ കുറെ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയാണ്.

ആചാരങ്ങള്‍ ഉണ്ടാവുന്നതും പ്രചരിക്കുന്നതും എപ്പോഴും ഉന്നതരില്‍ നിന്നും താഴോട്ടാണ്. ജാതീയമായും സാമ്പത്തികമായും ഉയര്‍ന്നവര്‍ ചെയ്യുന്നതു പിന്തുടരുകയെന്നതാണ് താഴ്ന്ന ജാതിക്കാരുടെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും ശീലം. നാടുവാഴിത്ത കാലങ്ങളില്‍ ബ്രാഹ്മണരെ അനുകരിച്ചുകൊണ്ടാണ്  ക്ഷത്രിയനും, കൂടെ വൈശ്യരും ശൂദ്രനും ജീവിക്കാന്‍ തുടങ്ങിയത്. ബ്രാഹ്മണനൊഴികെ എല്ലാവരും അടിച്ചമര്‍ത്തപ്പെട്ടവരാണ്. പല ശ്രേണികളിലായി കിടക്കുന്ന മനുഷ്യനു സമൂഹത്തില്‍ ഉയര്‍ന്നു വരാന്‍ അതിയായ ആഗ്രഹമുണ്ട്. ഉയര്‍ന്ന ജാതിക്കാരെ അനുകരിക്കുന്നതിലൂടെയാണു തങ്ങള്‍ ഉയര്‍ന്നവരായി എന്നുസ്വയം തോന്നുന്നതും സമൂഹം അംഗീകരിക്കുന്നതും. ഇന്ത്യന്‍ സമൂഹത്തില്‍ ബ്രാഹ്മണാചാരങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കു ആഴത്തില്‍ ഇറങ്ങുന്നതും ബ്രാഹ്മണിക്ക് മൂല്യങ്ങള്‍ മേല്‍ക്കൈ നേടുന്നതും ഇങ്ങനെയാണ്. എല്ലാവരും ബ്രാഹ്മണരാവാനാണു ആഗ്രഹിക്കുന്നത്. അതു സാധ്യമാവുമോ?

ശ്രീനാരായണഗുരുവിന്റെ വാക്കുകളാണ് ഓര്‍മ്മയില്‍ വരുന്നത് :

‘ആചാരങ്ങള്‍ക്കു വേണ്ടിയാണോ മനുഷ്യന്‍ ജീവിക്കുന്നത്? മനുഷ്യന്റെ നന്മക്കുവേണ്ടിയല്ലേ ആചാരങ്ങള്‍ ഉണ്ടാകേണ്ടത്  ?

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. news desk says

    പാലുകാച്ചൽ’
    ‘പാലുകാച്ചൽ’ എന്ന പേരിൽ ശ്രീ.കിഷോർ എഴുതിയ ലേഖനം പലരിലേക്കും ചാട്ടുളിപോലെ പാഞ്ഞു ചെല്ലുന്ന ഹാസ്യാവിഷ്ക്കാരമാണ്. സാമൂഹ്യാചാര വിഷയമാണ്‌. കിഷോറിന് എൻ്റെ അഭിനന്ദനങ്ങള്‍
    സഹസ്രാബ്ദങ്ങളായി യുക്തിപരല്ലാത്ത ഒട്ടനവധി ആചാരങ്ങളും അനാചാരങ്ങളും. സമൂഹത്തില്‍ തുടർന്നു വരുന്നു. പഴയതായാലും പുതിയതായാലും അവയെല്ലാം സമൂഹത്തെ അന്ധതയിൽ തളച്ചിടുന്നവയാണ്. അനാചാരങ്ങളെ തിരുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി ഒറ്റപ്പെടുത്തി ആക്രമിച്ച നിരവധി സംഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തിയുക്തം നിലകൊണ്ട ഡോ: എം.എം.കൽബുർഗി, ഗോവിന്ദ് പന്സാരെ, ദബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരെ ഈ സമീപ വർഷങ്ങളിൽ ഹിന്ദു തീവ്രവാദി സംഘടനകൾ കൊന്നു തള്ളിയത്.

    വിശ്വാസ-ആചാര-അനാചാര അനുഷ്ഠാനങ്ങൾ
    ISRO യിലെ ഏറ്റവും ഉന്നത പദവിയിലെത്തി വിരമിച്ച ഒരു ശാസ്ത്രജ്ഞന്‍ തിരുപ്പതി ക്ഷേത്രത്തിലേക്ക് വെങ്കിടേശ്വരന്റെ സ്വർണ്ണവിഗ്രഹം കാണിക്ക നൽകി തന്റെ വിശ്വാസ സംതൃപ്തിയുടെ പേരിൽ ശാസ്ത്രബോധത്തെ പരിഹസിപ്പിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ ബിരുദമുള്ളവരും സമൂഹത്തിലെ ഉയർന്ന രാഷ്ടീയ നേതൃത്വങ്ങളും അന്ധവിശ്വാസ ജടിലതയുടെ ഔദ്യോഗിക വക്താക്കളാണ്.

    വാസ്തു വിശ്വാസം
    മനുഷ്യാലയ ചന്ദ്രികയിലെ വാസ്തുപുരുഷൻ മലർന്നു ശയിക്കുകയാണെങ്കിൽ ബ്രഹ്ദ്സപദിയിലെ വാസ്തുപുരുഷൻ കമിഴ്ന്നു കിടക്കുന്നു. ഈ വാസ്തു പുരുഷന്മാരെ ചേർത്തുവെച്ചുകൊണ്ട് വാസ്തുനിരീക്ഷണം നടത്തുന്ന പാരമ്പര്യ വാസ്തുവിദഗ്ദരും സിവിൽ എഞ്ചിനിയർമാരും ചേർന്ന് വാസ്തു എന്തെന്നറിയാതെ വാസ്തു ഭീതിയിൽ അകപ്പെട്ടവരെ ചൂഷണം ചെയ്യുന്നു. (ശ്രീ. ആര്‍.വി. ആചാരി എഴുതിയ വാസ്തുശാസ്ത്രം പോരുളും പൊരുത്തക്കേടും എന്ന പുസ്തകം വായിക്കുക)

    കേരളത്തിലെ ഏറെ പ്രശസ്തനായ ഒരു പാരമ്പര്യ വാസ്തു വിദഗ്ദനെ 2018ലെ വെള്ളപ്പൊക്കത്തിൽ തൻ്റെ വീട്ടിൽ നിന്ന് കസേരയിലിരുത്തി രക്ഷപ്പെടുത്തുന്ന ചിത്രം പത്രത്തിൽ കണ്ടിരുന്നു (!) തന്റെ വീടിന്റെ വാസ്തു ശരിയല്ലെന്ന് അദ്ധേഹത്തിനു മുന്‍കൂട്ടി മനസ്സിലായില്ല?അന്ന് മുങ്ങിപ്പോയ കുറെ വീടുകളെങ്കിലും കൃത്യമായ വാസ്തു തന്ത്രത്തില്‍ പണിതതായിരിക്കുമല്ലോ(!)

    ജോതിഷ ശാസത്രം
    ഭൂമി സൂര്യനു ചുറ്റും ചരിക്കുകയാണെന്ന ഉത്തമ ബോധമുള്ളവർ തന്നെ സൂര്യൻ ഭുമിക്കു ചുറ്റും ചരിക്കുകയാണ് എന്ന ജ്യോതിഷ ശാസ്ത്രത്തെ വിശ്വസിക്കുന്നു. ഇന്ന് ബിരുദധാരിയായ ജ്യോതിഷികൾ കമ്പ്യൂട്ടർ ജാതകത്തിലുടെയും ആപ്പുകളിലൂടെയും തങ്ങളുടെ വിശ്വാസകളായ കക്ഷികളട് ജാതക പൊരുത്തങ്ങളും അതിന് പരിഹാരക്രിയകളും നിർദ്ദേശിച്ചു വഞ്ചിക്കുന്നു.വ്യാഴ ഗ്രഹമൊഴിച്ച് ശനിയും രാഹുവും ഒരിക്കലും തങ്ങളുടെ ജീവിത മണ്ഡലത്തിൽ പ്രവേശിക്കരുതേയെന്ന് പ്രാർത്ഥിച്ച് വിശ്വാസി നെഞ്ചിടിപ്പോടെ നില്ക്കുന്നു.

    കോവിഡ് മൂലം രാഷ്ട്രം കൊട്ടിയടച്ച കാലത്ത് ഓൺലൈനിൽ ദർശന സൗഭാഗ്യം നേടിയവർ.
    പരബ്രഹ്മ ദൈവങ്ങളുടെ പ്രസാദങ്ങള്‍ ‘ശുദ്ധമായി’ പോസ്റ്റ് വഴി സ്വീകരിച്ച് നിര്‍വൃതിയടയുന്നവർ.
    ക്ഷേത്രങ്ങളിലെ ‘ഉദയാസ്തമയ പൂജ’ യ്ക്ക് വിശ്വാസികൾക്കു മുമ്പിൽ തങ്ങളുടെ സാമ്പത്തിക ഉന്നതി പ്രഖ്യാപിച്ചുകൊണ്ട് ലക്ഷങ്ങൾ ചെലവഴിക്കുന്നവർ.
    ആയുസ്സു ദൈർഘ്യമുണ്ടെങ്കിൽ ലഭ്യമായേക്കാവുന്ന പൂമൂടൽ ചടങ്ങിന്
    വലിയ സംഖ്യകൾ നൽകി കാത്തിരിക്കുന്നവർ.
    അങ്ങനെയെത്രയെത്ര വിചിത്രമായ
    വിശ്വസങ്ങൾ ആചാരങ്ങൾ അനാചാരങ്ങൾ.
    സമീപകാല ശബരിമല സ്ത്രീ പ്രവേശന വിധി.
    സുപ്രീം കോടതിയിൽ നിന്ന് ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല വിധി വന്നതോടെ അത് സർവ്വാത്മനാ(?) അംഗികരിച്ചവർ മണിക്കൂറുൾക്കകം ‘ഭക്തരുടെ വികാരവും വിശ്വാസവും അപകടത്തിലാകുന്നു’ എന്ന മുറവിളി ഉയർത്തി. സമീപകാല ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കപട വിശ്വാസ സംരക്ഷണ സമരമായിരുന്നുവല്ലൊ അത്.
    തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ
    ‘അയപ്പസ്വാമിവിശ്വാസിസമൂഹ’ത്തിൻ്റെ ‘വിശ്വാസ വോട്ടുകൾ’ UDF നു ലഭിച്ചു. LDF ൻ്റെ ഒരംഗം മാത്രമായിരുന്നു അന്ന് പാർലമെണ്ടിലെത്തിയത്.
    തീവ്ര-മൃദു ഹൈന്ദവതകള്‍ ഒന്നിച്ചു ചേർന്ന അന്ധവിശ്വാസ രാഷ്ട്രീയത്തിൻ്റെ പരിസമാപ്തി.
    ആചാരങ്ങളോടും വിശ്വാസികളോടും കളിച്ചാൽ ഇങ്ങിനെയിരിക്കും എന്ന് ഏറെ പ്രബുദ്ധരും വിദ്യാസമ്പന്നരുമെന്ന് അഭിമാനിക്കുന്നവരുടെ മുന്നറിയിപ്പ്.
    സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കുന്ന സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി തല്‍ക്കാലം തോറ്റു പിന്തിരിഞ്ഞോടി.
    എന്നാല്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ അന്ധവിസ്വാസ സംരക്ഷണ രാഷ്ട്രീയമല്ല നാടിന്റെ വളച്ചയും വികസനവും ജനക്ഷേമവും പരിരക്ഷയും ശുശ്രൂഷയുമാണ് തങ്ങള്‍ക്ക് ഏറ്റവും വലുത് എന്ന് ജനം തിരിച്ചറിഞ്ഞു.
    ഭൂരിപക്ഷം വരുന്ന ചാനൽ, അച്ചടി മാധ്യമങ്ങൾ കച്ചവട ലാഭത്തിന് വേണ്ടി ദൈവീക പരിവേഷവും ആഘോഷ വിശേഷങ്ങൾക്ക് തത്സമയങ്ങളും വര്‍ണ്ണ തലക്കെട്ടുകളും നൽകി അനാചാരങ്ങളെ കമനീയമാക്കുന്നു.
    ഡിജിറ്റൽ ലോകവും സമുഹമാധ്യമങ്ങളും അനാചാരങ്ങൾക്ക് സദാചാര പരിവേഷം നൽകുന്നതിൽ ഒപ്പമുണ്ട്.
    യുക്തിവാദികളെന്നു പറയപ്പെടുന്നവരുടെ പുരോഗമന വിപ്ലവവായാടിത്തങ്ങളൊക്കെ വലതുപക്ഷവർഗിയ അയുക്തികകള പ്രോത്സാഹിപ്പിക്കാനുള്ളതാണ്.
    ഭരണകൂടം അന്ധവിശ്വാസങ്ങളും മതാചാരങ്ങളും രാഷ്ട്രീയ അധികാരങ്ങൾ നിലനിർത്തുന്നതിന് പരിരക്ഷ നൽകുന്നു.
    ആചാരങ്ങളും അനുഷ്ഠാനങ്ങളും വേദിക് കാലഘട്ട ചരിത്രത്തിൻ്റെ രൂപത്തിൽ തുടർച്ചയാവുകയാണോ?
    വേദിക് മേൽക്കോയ്മാ സമൂഹത്തിൽ വേദമുച്ചരിക്കുവാൻ അനുവാദമില്ലാത്തവർ മ്ലേച്ഛന്മാരായി വേർതിരിക്കപ്പെട്ടു. അവർക്ക് പ്രത്യേകം ആചാരാനുഷ്ഠാനങ്ങൾ നിലവിൽ വരുത്തി. ചാതുർവർണ്യവും മനു ശാസ്ത്രവും സമുഹത്തിൻ്റെ അനാചാര നിയമങ്ങളാക്കി.
    ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്ത ചാർവാക, ബുദ്ധ സിദ്ധാന്തൾ ഭീഷണിയായപ്പോൾ അവരെ മറികടക്കുന്നതിൽ വിജയം നേടിയതും അധികാരവും സ്വത്തും പ്രജാ നിയന്ത്രണമുള്ള ക്ഷത്രിയ രാജഭരണങ്ങളുടെ സഹായത്തോടെ സ്ഥാപനവൽക്കരിക്കപ്പെട്ട ബ്രാഹ്മണ്യത്വം ഇന്ന് പുതിയ ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ കാലഘട്ടത്തിൽ എത്തി നില്ക്കുകയാണ്.
    വിപ്ലവകരമായ അരുവിപ്പുറം പ്രതിഷ്ഠയും, ഒരു ജാതി ഒരു മതം മനുഷ്യനു് എന്ന ശ്രീനാരായണ ഗുരു വിൻ്റെ വിശ്വവിഖ്യാതമായ മഹൽ വിളമ്പരവും കേരള സമൂഹത്തിൽ നവോത്ഥാനത്തിൻ്റെ മാറ്റൊലിയുയർത്തി. എന്നാൽ, വലിച്ചുപറിച്ചു കളഞ്ഞതും ഉപക്ഷിച്ചതുമായ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും വീണ്ടും എടുത്തണിയുന്ന പ്രവണത സമൂഹത്തിൽ ശക്തമാവുന്നുണ്ട്
    ‘നാരായണഗുരുസ്വാമി’ എന്ന പേരിൽ ഗുരുവിൻ്റെ ജീവചരിത്രമെഴുതിയ പ്രൊഫ: എം.കെ സാനുവിൻ്റെ ഒരു നിരിക്ഷണം ചേർത്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
    ”നാരായണ ഗുരുസ്വാമിയുടെ നവോത്ഥാന ചിന്തകളെ മറ്റു പല അന്ധവിശ്വാസ സമൂഹങ്ങളുടെ ചിന്തകളെ പ്രൊത്സാഹിപ്പിക്കുന്ന അണിയിൽ ഉൾപ്പെടുത്താതിരിക്കുക”

    വല്ലപ്പുഴ ചന്ദ്രശേഖരൻ
    22 ജനുവരി 2021

Leave A Reply

Your email address will not be published.