Follow the News Bengaluru channel on WhatsApp

വിദേശ കുത്തകകളുടെ ചൂഷണങ്ങളും ‘വിസ്ട്രോൺ’ തൊഴിലാളികളുടെ കലാപവും

വല്ലപ്പുഴ ചന്ദ്രശേഖരന്‍

രണ്ടു വിഷയങ്ങളാണ് ഈ ലേഖനത്തിന് ആധാരമായിട്ടുള്ളത്.
ഒന്ന്- ബെംഗളൂരുവിലെ വിസ്ട്രോൺ കമ്പനി അവിടത്തെ തൊഴിലാളികൾ തല്ലിത്തകർത്ത സംഭവം. മറ്റൊന്ന്-പുതുക്കിയ തൊഴിൽ നിയമങ്ങൾ (കോഡുകൾ) കേന്ദ്രം ഉടൻ നടപ്പിലാക്കുന്നു.

ചരിത്രകാലത്ത് രാജഭരണകൂടങ്ങൾ പ്രജകളെ അടിമ കച്ചവടം നിർബ്ബന്ധ സൈന്യ സേവനത്തിനും താങ്ങാനാവാത്ത കരം പിരിവുകള്‍ക്കും കടത്തുചുങ്കങ്ങള്‍ക്കും മറ്റുമായി തിട്ടൂരങ്ങളും വിളമ്പരങ്ങളും വാറോലകളും ഇറക്കുക പതിവായിരുന്നു. നൂതന ജനാധിപത്യ കാലഘട്ടത്തിലെ നമ്മുടെ ഇന്ത്യയിലെ സ്ഥിതി ഇന്നും ഇതുതന്നെയാണ് എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പ്രതിപക്ഷത്തിന് ചർച്ചകൾ പോലും അനുവദിക്കാതെ ബുൾഡോസര്‍ ഭൂരിപക്ഷ സൗകര്യത്തിൽ കുത്തകകൾക്ക്വേണ്ടി കർഷകരേയും തൊഴിലാളികളെയും ഏറ്റവും നികൃഷ്ടമായി ചൂഷണം ചെയ്യുന്നതിനു അവസരമൊരുക്കിയ മൂന്നു കർഷക ബില്ലുകളും, നിലനില്ക്കുന്ന തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ചും പുതിയ ലേബർ കോഡുകളും പാർലമെണ്ടിൽ ധൃതിയിൽ ചുട്ടെടുത്തതും അത് തൊഴിൽ രംഗം കലുഷിതമാക്കുന്നതിലേക്കു നയിക്കുന്നതും.

വിസ്ട്രോൺ കലാപ’ ത്തിൻ്റെ കാരണങ്ങൾ

ഏറ്റവും കൂടുതൽ വിദേശ മൂലധന സമാഹരണം, മേക്കിന്ത്യ, തുടങ്ങിയവയുടെ പേരിൽ സ്വദേശ-വിദേശ വങ്കിട കുത്തക കമ്പനികൾക്ക് ഇന്ത്യയിലെ അസംഘടിത തൊഴിലാളികളെ ഏറ്റവും ഹീനമായ രീതിയിൽ ചൂഷണം ചെയ്യുവാന്‍ അവസരം ലഭിച്ചതും, അതിനെതിരെയുള്ള കലാപവുമായിരുന്നു വിസ്ട്രോൺ എന്ന ആഗോള കമ്പനിയില്‍ നടന്ന സംഭവം.

തൊഴിലാളികൾ തല്ലിത്തകർത്ത ഈ സ്ഥാപനം, ബെംഗളൂരുവിനടുത്ത് കോലാറിലെ നര്സാപുരയിൽ‍ ആഗോള കമ്പനിയായ ആപ്പിളിന് വേണ്ടി ഐഫോണുകൾ അസ്സംബ്ലി ചെയ്തു നല്‍കുന്ന തായ്‌വാന്‍ ആസ്ഥാനമായുള്ളതും ഇന്ത്യയില്‍ രജിസ്ടര്‍ ചെയ്തതുമായ സ്ഥാപനമാണ്‌ വിസ്ട്രോൺ ഇൻഫോകോം മാനുഫാക്ചറിംഗ് (ഇന്ത്യ) ഇവര്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലായി ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് ഐവാച്ച് മറ്റു നവീന കമ്പ്യുട്ടര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ടു ഡസനിലധികം സ്ഥാപനങ്ങളുണ്ട്.

ഈ സ്ഥാപനം തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളവും ഓവര്‍ ടൈം വേതനവും നല്‍കിയിരുന്നില്ല. എട്ടു മണിക്കൂര്‍ മൂന്നു ഷിഫ്റ്റുകള്‍ എന്നത് പന്ത്രണ്ടു മണിക്കൂർ നീണ്ട രണ്ടു ഷിഫ്റ്റുകളാക്കി, നിയമാനുസൃതമല്ലാത്ത ശമ്പളക്കട്ടുകൾ നടപ്പിലാക്കി, ഹാജർ സിസ്റ്റത്തിലെ അപാകതകൾ പലപ്പോഴും ശമ്പളം ഇല്ലാത്ത ദിവസങ്ങൾ, റിക്കോർഡ് ചെയ്തു ഓവർടൈം കോമ്പൻസേററ്റി ഒഴിവു ദിവസമാണെന്നു പറയുകയും ലീവ് അനുവദിക്കാതിരിക്കുക, സ്ത്രീ തൊഴിലാളികൾക്കും രാത്രി ഷിഫ്ട്ടിൽ ജോലി, ശുചീകരണത്തെഴിലാളികള്‍ക്ക് ഓവർടൈമില്ലാതെ തുടർച്ചയായി പന്ത്രണ്ടു മണിക്കൂര്‍ നിര്‍ബന്ധിത ജോലി തുടങ്ങിയ പരിഹരിക്കപ്പെടാത്ത ഒട്ടനവധി പ്രശ്നങ്ങൾ തൊഴിലാളികൾക്കിടയിൽ നിരന്തരം സംഘര്‍ഷങ്ങളായി നീറി പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇതിനും പുറമെയായി കഴിഞ്ഞ ദസറ, ദീപാവലി പുതുവര്‍ഷം തുടങ്ങിയ ഉത്സവങ്ങളുടെ വന്‍ ഡിമാണ്ട് മുന്നില്‍ കണ്ടു കൊണ്ട് ഉല്‍പ്പാദനം വർദ്ധിപ്പിക്കവാനള്ള സമ്മർദ്ധത്തെത്തുടർന്ന് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു മാനസിക പിരിമുറുക്കങ്ങളും.

ഇക്കഴിഞ്ഞ ഡിസംബർ 12, രാവിലെ തൊഴിലാളികൾ ഷിഫ്റ്റ്മാറുന്ന ‘ഒരു കൂടിച്ചേരലിന്റെ ’ സമയത്ത് അവരോട് അനുഭാവം പ്രകടിപ്പിച്ച പ്രദേശവാസികളും ഒത്തു ചേര്‍ന്നതോടെ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന സംഘർ‍ഷം കലാപ ജ്വാലയായി മാറിയത്.. തുടര്‍ന്ന് കമ്പനിയുടെ ഫ്രണ്ട് ഓഫീസ്, ഫോണ്‍ അസംബ്ളി ലൈനുകൾ, ഫർണിച്ചർ, കമ്പ്യൂട്ടറുകൾ തുടങ്ങി പലതും അടിച്ചു തകത്തു.ഫാക്ടറി വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടു. പാക്കുചെയ്ത ഐഫോണുകൾ നശിപ്പിച്ചു. നാല്പ്പതിലധികം ഏക്കർ വരുന്ന ഫാക്ടറിയുടെ പരിസരത്ത് 5000ത്തിലധികം തൊഴിലാളികൾ അപ്പോള്‍ സംഘടിച്ചിരുന്നു. ലാപ്ടോപ്പ് തുടങ്ങിയ പലതും ഫാക്റി വളപ്പിലും വെളിപ്രദേശത്തും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

ബെംഗളൂരുവിലെ പ്രമുഖ പത്രങ്ങളിലും, ചാനലുകളിലും ദിവസങ്ങളോളം ഇത് വൻ വാർത്തകളായിരുന്നു.. ഇത്രയും അക്രമാസക്തരായി തൊഴിലാളികൾ കലാപത്തിനിറങ്ങിയ ഒരു സംഭവം ബെംഗളൂരുവിൽ നിന്ന് റിപ്പോർട് ചെയ്തിട്ടില്ല എന്ന് മാത്രമല്ല അടുത്ത കാലത്തൊന്നും തൊഴിലാളികളുടെ ഇത്രയും വലിയ പ്രതിഷേധ പ്രകടനം ഇന്ത്യയില്‍ നടന്നിട്ടില്ല എന്നാണ് ഹിന്ദുപത്രം മുഖ പ്രസംഗത്തില്‍ കുറിച്ചത്.

15000 ത്തിലധികം പേർ ജോലി ചെയ്തിരുന്ന കമ്പനിയിൽ‍ 1400 പേർ മാത്രമയിരുന്നു റോളില്‍ ഉണ്ടായിരുന്നത്. കൊവിഡ്  മഹാമാരി കാരണം കോളേജുകളും അടച്ചിരുന്നതിനാൽ‍ കുറെ വിദ്യാർത്ഥികളും നഗരത്തില്‍ നിന്ന് ജോലി നഷ്ടപെട്ടവരും നര്സാപുര സമീപത്തുള്ള, തമിഴ്നാട് ആന്ധ്ര തുടങ്ങിയ സമീപ ജില്ലകളിൽ നിന്നും ഉത്തർപ്രദേശ് ബിഹാർ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വന്ന കരാർ തൊഴിലാളികളായിരുന്ന ഇവരിൽ ഏറെയും യുവാക്കളായിരുന്നു. തൊഴിലാളി സംഘടനയുണ്ടായിരുന്നില്ല. വാട്സാപ്പ് ഗ്രൂപ്പുകൾ മാത്രമായിരുന്നു അവരുടെ സംഘടന! അതുകൊണ്ട് തന്നെ അധമമായ തൊഴിലാളി ചൂഷണങ്ങൾ നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളും സ്ഥാപനത്തിനുണ്ടായി.

പതിവു രീതിയിൽ സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. കർണ്ണാടക സർക്കാറിൻ്റെ ഫാക്ടറി – തൊഴിൽ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ‍ കമ്പനി തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ നടന്നതായി റിപ്പോർട്ടു ചെയ്തു. എന്നാൽ തൊഴിലാളികൾക്ക് മാനേജ്മെൻറുകളുമായി എന്തെങ്കിലും പരാതികളുണ്ടെങ്കിൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടു പരിഹരി ക്കെണ്ടാതായിരുന്നു. അല്ലാതെ നിയമം കയ്യിലെടുത്തിട്ടുള്ള ഇത്തരത്തിലുള്ള അക്രമങ്ങൾ അനുവദിക്കകയുമില്ല. ആശയവിനിമയത്തിന്റെ വളരെ ചെറിയ ഒരു വിടവാണ് സംഭവത്തിനെല്ലാം കാരണം എന്നുമായിരുന്നു തൊഴില്‍മന്ത്രിയുടെ വിചിത്രമായ ലളിതവല്‍ക്കരണവും
നിയമപരമായ സാന്ത്വനവും മുന്നറിയിപ്പും.

എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽപ്പറത്തി തൊഴിലാളികളെ മൃഗീയചൂഷണനടത്തുകയും ശാരീരികമായും മാനസികമായും ഉപദ്രവിച്ച സ്ഥാപനത്തിനെതിരെയോ, തൊഴിൽ – വ്യവസായവകുപ്പിന്റെ നിരുത്തരവാദിത്തത്തിനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടികളൊന്നുമുണ്ടായില്ല.

പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ പ്രതികരണങ്ങൾ വിസ്ട്രോൺ എന്ന വിദേശ സ്ഥാപനത്തിൽ നടന്ന കലാപ റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയെ ഏറെ വ്യാകുലനാക്കിയിട്ടുണ്ട്. സംഭവം ഇന്ത്യയുടെ വിദേശ നിക്ഷേപ സൗഹൃദ സാഹചര്യത്തിനു ഹാനിയുണ്ടാകാതെയും മൂലധന ഒഴുക്കിന് തടസ്സമുണ്ടാകാതെയുമുള്ള നടപടികളുണ്ടാകുമെന്നും എത്രയും പെട്ടെന്നു കമ്പനിയ്ക്ക് ഉല്പാദനം ആരംഭിക്കുവാനുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പ്രസ്താവിച്ചു. ഇന്ത്യയുടെ സിലിക്കോൺവാലിയും ഉന്നത വ്യവസായിക നഗരവുമായ ബെംഗളൂരു ബിജെപിയുടെ തെക്കൻ രാഷ്ടീയ തലസ്ഥാനകേന്ദ്രമായി വളരുന്നതിനും ഈ നീക്കുപോക്കുകള്‍ അനിവാര്യമായിരിക്കാം.

പുതിയ ലേബ‍ര്‍ കോഡുകളുടെ തണലില്‍ തൊഴിലാളികളെ കൂടുതല്‍ പിഴിഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്കുമെന്നതാണ് ഉറപ്പുകൾ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമല്ല എന്നതിലെക്കാന് സർക്കാർ വ്യാഖ്യാനങ്ങൾ അടിവരയിടുന്നത്. നാടിനെ ഉന്നതിയിലേക്ക് നയിക്കുന്ന തൊഴിലാളികളല്ല അവരെ ചൂഷണം ചെയ്യുന്ന കുത്തകകളുടെ പ്രതിനിതിയാണെന്നും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണന്നും പരോക്ഷമായി പ്രഖ്യാപിക്കുക കൂടിയാണ് ഇവിടെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ.‍

പുതിയ ലേബർ ബില്ല്

2020 സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയിൽ പാർലമെന്റില്‍ ചർച്ചകളില്ലാതെയും പ്രതിപക്ഷങ്ങളുടെ ശക്തമായ എതിർപ്പും മറികടന്ന് പാസ്സാക്കിയ പുതിയ ലേബർ ബില്ല് (The IR Code) നിലനിന്നിരുന്ന 29 തൊഴിൽ നിയമങ്ങളെ നാലു ലേബർ കോഡുകളാക്കിക്കൊണ്ട് പരിഷ്ക്കരിച്ചവയാണ്, അസംഘടിത-സംഘടിത മേഖലയിലെ 50 കോടിയിൽപ്പരം തൊഴിലാളികൾക്ക് ഗുണകരമെന്ന് സർക്കാർ ഘോര ഘോരം അവകാശപ്പെടുന്നത്.

പത്തായിരത്തിലധികം സ്ളാബുകമുള്ളതും 30 ശതമാനം മാത്രം പരിരക്ഷ നൽകുന്ന നിലവിലെ 1948 ഫാക്ടറി ആക്ടിൽ നിന്നും വെറും 200 സ്ളാബുകളാക്കി കുറച്ചു കൊണ്ട് നിയമത്തിലെ നൂലാമാലകൾ ലഘൂകരിച്ചതോടെ ഇന്ത്യയിലെ നുറുശതമാനം അസംഘടിത തൊഴിലാളികൾക്കും ഗുണകരമാകുന്നതാണ് വിപ്ലവാത്മകപരമായ പുതിയ ലേബർ ബില്ലെന്നാണ് പ്രധാനമന്ത്രി പാർലമെണ്ടിൽ അവകാശപ്പെട്ടത്.

ഏറെ നാളായി കാത്തിരുന്നതും തങ്ങൾക്ക് ഏറെ അത്യാവശ്യവുമായ പുതിയ ബില്ലിനെ ഇന്ത്യയിലെ ഉന്നത വ്യവസായി സംഘടനകൾ ലഭിച്ചത്ച്ചതുപോലെ വ്യവസായികളുടെ കേന്ദ്ര സംഘടനകൾ ഹാർദ്ദവമായി സ്വാഗതം ചെയ്യപ്പെട്ടു.

തങ്ങളുടെ തലയിലേയ്ക്ക് വീണ ഒരു ഇടിത്തീയാണ് എന്ന് ഇന്ത്യയിലെ തൊഴിലാളി സമൂഹവും മുൻകൂട്ടിത്തന്നെ തിരിച്ചറിഞ്ഞിരുന്നു. പത്തിലധികം വരുന്ന കേന്ദ്ര തൊഴിലാളി സംഘടനകൾ ഇതിനെതിരെ രൂക്ഷവും ശക്തവുമായ എതിർപ്പു പ്രകടിപ്പിക്കുകയും ഒരു ദിവസത്തെ അഖിലേന്ത്യാ പൊതുമണിമുടക്ക് നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ബില്ലിനെ തുടക്കത്തിൽ അനുകൂലിച്ച ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് അവസാന നിമിഷത്തിൽ പൊതുപണിമുടക്കിൽനിന്ന് പിന്മാറി. ഇന്ത്യയിലെ തൊഴിലാളികള്‍ പുതിയ ലേബർ കോഡുകളുടെ തിക്തഫലങ്ങൾ വന്‍കിട തൊഴിലുടമകളിൽ നിന്നുമാത്രമല്ല ഭരണകൂടത്തിൽ നിന്നുകൂടി അനുഭവിക്കേണ്ടിവരുമെന്നാണ് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി തപൻ സിഹ്ന ഉറപ്പിച്ചു പറഞ്ഞത്.

ഇത് വളരെ ശരിയാണെന്നാണ് അ സംഘടിതരായ വിസ്ട്രോൺ തൊഴിലാളികളുടെ ഇക്കഴിഞ്ഞ കലാപവും തെളിയിക്കുന്നത്. തൊഴിൽ നിയമങ്ങളെക്കുറിച്ചും സംഘടനാ സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം ബോധവാന്മാരാകാത്തതും, നിയമപരമായ അവകാശങ്ങൾ സാധിച്ചെടുക്കുവാൻ സർക്കാർ വകുപ്പുകൾ അലഞ്ഞു തിരിയുവാനുള്ള പ്രായോഗികമായ സൗകര്യങ്ങളോ, അവസരങ്ങളോ ലഭിക്കാത്ത ഇന്ത്യയിലെ കോടിക്കണക്കിന് അസംഘടിത തൊഴിൽപ്പടകളിലെ അംഗങ്ങളാണ് വിസ്ട്രോണിലെ തൊഴിലാളികളും.

മറ്റൊരു വസ്തുത കടിഞ്ഞാണില്ലാതെ തൊഴിലാളികളെ നിയമിക്കുന്ന കോൺട്രാക്ടിംങ് കമ്പനികളുടെ അഴിഞ്ഞാട്ടങ്ങളാണ്. ഉടമയുടെ സ്ഥാനമേറെറടുക്കുന്ന ഇവർ സ്ഥാപനമുടമയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ്. ഏജൻറ് മുതലാളികളോട് അപേക്ഷിച്ചതുകൊണ്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്ന തിരിച്ചറിവാണ് അവസാനം അവരെ തങ്ങളുടെ തൊഴിലിടത്തോടു തന്നെ കലാപത്തിനിറങ്ങുവാൻ അവരെ പ്രേരിപ്പിച്ചത്.

ആപ്പിൾ വിസ്ട്രോൺ കുമ്പസാരങ്ങൾ

തൊഴിലാളികളുടെ ക്ഷേമനയങ്ങളിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ വിസ്ട്രോണിനെ ഞങ്ങൾ നിരീക്ഷത്തിലാക്കിയെന്നും എല്ലാം ശരായാക്കുന്നതു വരെ കരാർക്കമ്പനികളുടെ പട്ടികയിൽ നിന്നും മാറ്റി നിർത്തുമെന്നൊക്കെ ആപ്പിൾ ഭിഷണിയുര്‍ത്തിയപ്പോൾ തങ്ങളുടെ ഇന്ത്യൻ കമ്പനിയുടെ വൈസ് പ്രസിഡൻറിൻ്റെ നോട്ടകുറവാണെന്നും അദ്ദേഹത്തെ പുറത്താക്കി എന്നും, ഇനി ആവർത്തിക്കുകയില്ലെന്നുമൊക്കെയുള്ള കുമ്പസാരങ്ങളും നടത്തിയെങ്കിലും വിസ്ട്രോണിൻ്റെ മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ഇത്തരം പരിഹരിക്കപ്പെടാത്ത പലതരത്തിലുള്ള തൊഴിൽ – തൊഴിൽ സുരക്ഷിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുണ്ടായിരുന്നു.

വിദേശ കുത്തകകൾക്കും അതിസമ്പന്നർക്കും പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്നത് ഇന്ത്യൻ സർക്കാറിൻ്റെ നയമായതുകൊണ്ട് വിദേശ കമ്പനികളുടെ കുമ്പസാരത്തിനും ഏറ്റുപറച്ചിലുകൾക്കുമൊന്നും വലിയ പ്രാധാന്യമൊന്നുമില്ല.

പ്രതിഷേധിക്കുന്നവരേയും വിമർശിക്കുന്നവരേയും അർബ്ബൻ നക്സലൈറ്റുകൾ, തീവ്രവാദികൾ തുടങ്ങിയ നാമകരണം നടത്തുന്നത് ഇപ്പോൾ പുതിയ രീതിയാണ്. ഏതു സമരവും പ്രതിഷേധങ്ങളും അപരാധമാണ്. കോടതികൾ പോലും സ്വമേധയാ കേസ്സുകളെടുത്തു കൊണ്ടാണ് തങ്ങള്‍ക്കെതിരെ വരുന്ന വിമർശനങ്ങള്‍ക്ക് തടയൊരുക്കുന്നത്.

മറ്റൊന്ന്, തൊഴിലാളി കർഷക മുന്നേറ്റങ്ങളെ നിർവീര്യമാക്കുന്നതിന് അവർക്കിടയിൽത്തന്നെ തീവ്ര സങ്കുചിത മത ചിന്തകളുടെ വൈറസുകൾ കുത്തിവെക്കുന്നത് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. പൗരത്വ ഭേദഗതി സമരങ്ങൾക്കിടയിലും, കർഷക സമരങ്ങളിലും ഒരു ചേരിതിരിവ് -സൃഷ്ടിക്കുവാൻ ഹിന്ദു ദേശീയതാ വാദങ്ങളും മതവിശ്വാസങ്ങളും മറ്റും തങ്ങളുടെ പോഷക സംഘടകളിലൂടെ ഫലപ്രദമായി നടപ്പിലാക്കുന്നതിൻ്റെ ഒട്ടൊനവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.

കർഷക- തൊഴിലാളികളും ദരിദ്രരും ദളിതരും നിരക്ഷരും നിരാലംബരുമടങ്ങുന്ന സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള ഒരു സാമ്പത്തിക നയമല്ല ഈ സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്. പകരം ജനങ്ങളെ പല തട്ടുകളിലാക്കി വിഭജിച്ചുകൊണ്ട് മതനിരപേക്ഷതയ്ക്ക് വിഘ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളുടെ പരിമിതമായ വളർച്ചയെപ്പോലും പുറകോട്ടു നയിക്കുന്ന നിയമങ്ങളും ബില്ലുകളുമായാണ് സർക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്.ഇത് സമൂഹത്തിൽ ചൂഷണവും അസമത്വവും നീതി നിഷേധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനേ ഉപകരിക്കുകയുള്ളു.

അതിജീവനത്തിനുള്ള ഇന്ത്യൻ ജനതയുടെ നെട്ടോട്ടങ്ങൾ അനിയന്ത്രിതമാവുകയും അവ അതിശക്തമായ പ്രതിഷേധങ്ങളിലേയ്ക്കും അവരെ സ്വയം നയിക്കപ്പെടുകയും ചെയ്തേക്കാം. ഈയടുത്ത കാലത്തെ ഓരോ സംഭവങ്ങളും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.