Follow the News Bengaluru channel on WhatsApp

ജാതിചോദിക്കുന്നില്ല ഞാൻ

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’


അഞ്ച് 

“ജാതിചോദിക്കുന്നില്ല ഞാൻ…” 

 

 

ആറുദിവസത്തെ ജോലിപൂര്‍ത്തിയാക്കി വീണുകിട്ടുന്ന ഞായാറാഴ്ച ആഘോഷമാക്കുന്നശീലം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി മറുനാടന്‍ മലയാളികളായ ഞങ്ങളുടെ കുടുംബങ്ങളിലേക്കു എണ്ണ പരക്കുന്നതു പോലെ പടരുണ്ടായിരുന്നു. വൈകിവെളുക്കുന്ന പ്രഭാതം, പതിനൊന്നു മണിവരെ നീളുന്ന പത്രംവായന, പിണ്ഡതൈലത്തിന്റെ സുഭിക്ഷത യിലെ എണ്ണഗന്ധമുള്ള കുളി, ഊണ് കഴിച്ചു ആര്‍ഭാടമായ ഉച്ചയുറക്കം, വൈകുന്നേരം ചിലപ്പോള്‍ ഫാസ്റ്റ്‌ഷോ, അല്ലെങ്കില്‍ രാത്രി തിരക്കൊഴിഞ്ഞ റെസ്റ്റോറന്റില്‍ നിന്നും മഞ്ഞു കട്ടകള്‍ക്കിടയിലൊഴിച്ച ലഹരി നുണഞ്ഞു കഴിക്കുന്ന ഡിന്നര്‍…
അതാണ് ആഴ്ചയിലൊരിക്കല്‍ വീണുകിട്ടുന്നഞങ്ങളുടെ ഞായറാഴ്ചകളിലെ കുടുംബജീവിതത്തിന്റെ ടൈംടേബിള്‍ ഫോര്‍മാറ്റ്.. എന്നാല്‍, സഹപ്രവര്‍ത്തകനും സുഹൃത്തുമായ വേണുവേട്ടന്റെ മോളുടെ പെണ്ണുകാണല്‍ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടപ്പോള്‍ ഞയറാഴ്ചയാഘോഷങ്ങളുടെ താളംതെറ്റുമല്ലോ എന്നതില്‍ ചെറിയൊരു നീരസമുണ്ടായെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ശരിയല്ലെന്നു തോന്നി. വീണക്കു കോര്‍പറേറ്റ് സെക്ടറിലെ ഇന്റര്‍നേഷണല്‍ ബാങ്കില്‍ ജോലിയായിട്ടു വര്‍ഷം നാലുകഴിഞ്ഞു, എന്നാല്‍, കല്യാണാലോചന വളരെ സാവധാനത്തിലാണുഅലസമായി കയറിവരുന്നത് ..
പയ്യന്‍ പെണ്ണുകാണാന്‍ വരുന്നു, ഞാനുംശ്രീമതിയും വൈകുന്നേരം നാലു മണിയോടെതന്നെ വീട്ടിലുണ്ടാവണം എന്ന ശ്രീലതചേച്ചിയുടെ കല്പനയനുസരിച്ചു ഞങ്ങള്‍ നാലുമണിക്ക് തന്നെ അവരുടെ വീട്ടില്‍ ഹാജരായി.
ആലോചനയുടെ റൂട്ട്മാപ്പ് കുറേശ്ശേ പുറത്തുവന്നു. വീണയുടെ രൂപവും വേഷവും ഏതൊരു പുരുഷനും ആകര്‍ഷകമാണെങ്കിലും ആഭരങ്ങളണിയാത്ത, പെരുമാറ്റത്തില്‍ പൈങ്കിളിയല്ലാത്ത, തീരെ കാല്പനികമല്ലാത്ത പ്രകൃതമായതിനാല്‍ ആണുങ്ങള്‍ക്ക് അവളോട് അടുക്കാനും കൊഞ്ചാനുമൊന്നും അത്ര താല്പര്യം തോന്നാറില്ല. വീട്ടുകാര്‍ കൊടുത്ത മാട്രിമോണിയല്‍ പരസ്യത്തിലാണ് ഒരു പയ്യന്‍ അപേക്ഷ സമര്‍പ്പിച്ചത്.
പയ്യന്റെ പേരുണ്ടായിരുന്നു. ജോലി ദേശസാല്‍കൃത ബാങ്കിലാണെന്നും മലയാളിയാണെന്നും അറിയാം. ബാക്കിയെല്ലാം നേരിട്ട് ചോദിച്ചറിയാനിരിക്കുകയാണ്.
പയ്യനും കൂട്ടുകാരനും അയാളുടെ സഹയാത്രികയും കൂടിയാണ് വേണുവേട്ടന്റെ വീട്ടിലേക്കു വന്നത്. ഗൂഗിള്‍ മാപ്പിട്ടുവണ്ടിയോടിച്ചതുകൊണ്ട് എളുപ്പം വീട്ടിലെത്തി..അവര്‍ മൂന്നുപേരും കയറി വന്നത് യാതൊരു ഔപചാരികതകളുമില്ലാതെയാണ്. ഞങ്ങള്‍ നാലുപേരും ഹാളിലുണ്ടായിരുന്നു, ഡയലോഗ് തുടങ്ങിയത് പയ്യന്‍ തന്നെയാണ്. :
‘ഞാന്‍, സജി.. ഇവന്‍ എന്റെ കൂട്ടുകാരന്‍ പ്രവീണ്‍, അവന്റെ പാര്‍ട്ണര്‍ പ്രിയ..’
എല്ലാവരും ഇരുന്നു. അടുത്തത് വേണുവേട്ടന്റെ ഊഴമായിരുന്നു..
‘ഞാന്‍ വേണു, വീണയുടെ അച്ഛന്‍.. ഇത് ശ്രീലത, വീണയുടെ അമ്മ’. പിന്നെ, എന്നെയും ശ്രീമതിയെയും പരിചയപ്പെടുത്തി, വിഷയത്തിലേക്കു കടന്നു..
‘എനിക്കൊരു മകളേ ഉള്ളൂ. പറയത്തക്ക സ്വത്തും പണവുമൊന്നുമില്ല. മധ്യകേരളത്തിലെ ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വദേശം, അറിയാമല്ലോ, അവള്‍ക്കു വിദ്യാഭ്യാസവും ജോലിയുമുണ്ട്..’ അപ്പോഴേക്കും ശ്രീലതചേച്ചി വന്നു ചോദിച്ചു:
‘ ഒരു ചായയില്‍ തുടങ്ങാമല്ലോ,ല്ലേ? ‘
എല്ലാവരും സമ്മതിച്ചു, വീണ ചായയും ചില പലഹാരങ്ങളുമായി വന്നു.. പതിവു പോലെ എല്ലാ വര്‍ക്കും കൊടുത്തു. പയ്യന്റേയും പെണ്‍കുട്ടിയുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നു.. അവര്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍, സങ്കല്‍പ്പങ്ങള്‍ കൈമാറുന്നതിനായി,ഭാവിജീവിത പ്രതീക്ഷകള്‍ തുറന്നുപറയാന്‍ സൗകര്യമായി ബാല്‍ക്കണിയില്‍ അവസര മൊരുക്കികൊടുത്തു, രണ്ടുപേരും മുഖാമുഖമിരുന്നു….
പ്രവീണും പാര്‍ട്ണര്‍ പ്രിയയും ഞങ്ങളോടൊപ്പം ഇരുന്നു. വേണു തന്നെ സജിയുടെ കുടുംബവിവരങ്ങള്‍ തിരക്കി. പ്രവീണ്‍ പറഞ്ഞതു പ്രകാരം, സജി ഏകമകനാണ്, എംബിഎ നല്ല മാര്‍ക്കോടെ ജയിച്ചിട്ടുണ്ട്. ബാങ്കില്‍ ഓഫീസര്‍ കാഡറിലാണ് ജോലി. വിവാഹം കഴിഞാന്‍ താമസിക്കാനായി നഗരത്തില്‍ ഒരു ഫ്‌ലാറ്റ് ബുക്കു ചെയ്തിട്ടുണ്ട്. വേണുവേട്ടനു ഇതൊന്നും കേട്ടിട്ട് തൃപ്തിയായില്ല. അയാളുടെ ജാതി സ്വയം പറഞ്ഞിട്ടു ചോദിച്ചു:
‘പേരില്‍ ജാതിയില്ലാത്തതിനാല്‍ സജിയുടെ ജാതിവ്യക്തമല്ല, സജിയും എന്റെ ജാതിയില്‍ തന്നെയാണോ? ‘
അതിനു പ്രവീണ്‍ പറഞ്ഞ മറുപടി രസകരമായിരുന്നു:
‘ക്ഷമിക്കണം, സജിയുടെ ജാതി ഞാനന്വേഷിച്ചിട്ടില്ല. നിങ്ങള്‍ ഏതു ജാതിക്കാരായാലും കല്യാണത്തിനു അവനുപ്രശ്‌നമൊന്നുമില്ല, പെണ്‍കുട്ടിയുമായി മനപ്പൊരുത്തമുണ്ടാവണമെന്നേ അവന്‍ ആഗ്രഹി ക്കുന്നുള്ളൂ. ..’
വേണുവേട്ടന്‍ തുടര്‍ന്നു :
‘നിങ്ങള്‍ക്കു പ്രശ്‌നമില്ലായിരിക്കാം, എന്നാല്‍, എന്റെ മോളെ കല്യാണം കഴിക്കുന്ന പയ്യന്റെ ജാതിയും മതവും അറിയണമല്ലോ. ‘
ഒരുപക്ഷേ സ്വജാതിയല്ലെങ്കിലും പയ്യന്റെജാതി ഉയര്‍ന്നതാണെങ്കില്‍ നടത്താം എന്ന ധ്വനി അതിലുണ്ടാവുമോ എന്നെനിക്കു സംശയം തോന്നി.
ജാതിയും മതമൊന്നും പ്രശ്‌നമല്ലാത്തവര്‍ക്കു പോലും, വിവാഹമെന്നത് രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടിയായതിനാല്‍ മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ ജാതിയും മതവും കയറിവരുന്ന വഴി ഇതാണെന്നു മനസ്സിലായി.
‘ജാതി അറിയണമെന്നു നിര്‍ബന്ധമാണെങ്കില്‍ ചോദിക്കാം..’ പ്രവീണ്‍ ഉത്തരം നല്‍കി.
ദാഹിച്ചവശനായ ബുദ്ധഭിക്ഷു, ചണ്ഡാലപ്പെണ്‍കുട്ടിയോടു വെള്ളം ചോദിച്ചപ്പോള്‍, ആശ്ചര്യപ്പെട്ടുകൊണ്ടു, ‘ദാഹംമൂലം ജാതി മറന്നുപോയോ’ എന്ന അവളുടെ ചോദ്യത്തിനു ബുദ്ധഭിക്ഷുവിന്റെ, ‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ…’എന്ന കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ യിലെ പ്രസിദ്ധ വരികളുടെ നാടകീയ രംഗമാണ്എന്റെ മനസ്സിന്റെ അരങ്ങില്‍ തെളിഞ്ഞത് … .
‘എന്തൊക്കെ പറഞ്ഞാലും ജാതി നമുക്കുപേക്ഷിക്കാന്‍ കഴിയുമോ? ഇക്കാലത്തു ആളുകളുടെ വേഷത്തില്‍നിന്നും ഭാഷയില്‍നിന്നുമൊന്നും ജാതി മനസ്സിലാവില്ല.’ എന്ന വേണുവേട്ടന്റെ നിലപാട് എന്നെ ശ്രീനാരായണ ഗുരുവിന്റെ അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി..
ശ്രീനാരയണഗുരു ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വാക്ശുദ്ധിയും സംസാര ശൈലിയുംപ്രകൃതവും ഇഷ്ടപ്പെട്ട സഹയാത്രികനായിരുന്ന ഒരു സവര്‍ണ്ണനായ നാട്ടുരാജാവ് ചോദിച്ചു:
ജാതി ഏതാണ്?
ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടെ ?
രാജാവ് : ഇല്ല
ഗുരു : കണ്ടിട്ടും അറിഞ്ഞില്ലെങ്കില്‍ പിന്നെ കേട്ടാല്‍ എങ്ങനെ അറിയും?
സവര്‍ണ്ണനായ രാജാവിന്റെ മനസ്സില്‍ചാതുര്‍വര്‍ണ്ണ്യമനുസരിച്ച ജാതിയാണുള്ളത്. എന്നാല്‍ ഗുരു വിന്റെ വിവരവിജ്ഞാകോശത്തില്‍ ആണുംപെണ്ണും എന്ന രണ്ടുജാതിയെഉള്ളൂ, മനുസ്മൃതിയിലെ വിവേചനമുള്ള ജാതിയില്ല.
വേണുവേട്ടന്‍ വിശദീകരിച്ചു:
‘ഞാന്‍ ജാതീയമായഭ്രാന്തുകൊണ്ടൊന്നുമല്ല, ഓരോ ജാതിയിലും മതത്തിലും ഓരോരോ ആചാരങ്ങളാ ണല്ലോ? അത് പ്രശ്‌നങ്ങളുണ്ടാക്കും’
എന്തുപ്രശ്‌നമാണുണ്ടാക്കുക? ആണുംപെണ്ണും തമ്മില്‍ മാനസികമായി അടുക്കാനും, തമ്മില്‍ സാംസ്‌കാരികമായ സാധര്‍മ്യവുമുണ്ടെങ്കില്‍ പിന്നെ, കല്യാണത്തില്‍ജാതിക്കും മതത്തിനും ആചാരങ്ങള്‍ക്കും എന്ത് പ്രസക്തിയാണുള്ളത്? ഞാനൊരു തര്‍ക്കം ഉന്നയിച്ചില്ല.
‘ഇനി സ്ത്രീധനമായി വലിയപ്രതീക്ഷയെല്ലാമുണ്ടോ ആവൊ?’ അതാണ് ശ്രീലതചേച്ചീടെ ആധി….
ജാതി,മതം,ആചാരം എന്നീ വിഷയങ്ങളില്‍നിന്ന് വിവാഹം കച്ചവടത്തിന്റെ വഴിയിലേക്കാണോ തിരിയുന്നത് എന്നറിയാന്‍ എനിക്ക് കൗതുകമായി.അതിനു പ്രവീണ്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
‘സജിയുടെ അഭിപ്രായത്തില്‍ സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന ജീര്‍ണ്ണ സംസ്‌കാരത്തിന്റെ അടയാളമാണ് സ്ത്രീധനം, അതിനോടവനു വിയോജിപ്പാണ്..’
സ്ത്രീകള്‍, അടിമകള്‍ മാത്രമായിരുന്നില്ല, വാങ്ങാനും വില്‍ക്കാനും പുരുഷന് അധികാരമുള്ള ഒരു ഉപഭോഗവസ്തു കൂടിയായിരുന്നു. .അതെല്ലാം കഴിഞ്ഞകാല ചരിത്രം..എന്നാലിന്നു മനുസ്മൃതിയുടെ ഭരണം പോയി, സ്ത്രീപുരുഷ സമത്വം അംഗീകരിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്.
കാലം മാറുന്നു, കാറ്റു മാറി വീശുന്നു …
വേണുവേട്ടനൊരു നെടുവീര്‍പ്പിട്ടു…..
സമൂഹത്തില്‍നിന്നും ഇത്തരം പിന്തിരിപ്പന്‍ ചിന്തയൊന്നും പോയിട്ടില്ല എന്ന് കരുതി, ഒന്നും പഴയതു പോലെ നിലനില്‍ക്കുകയല്ല എന്നും എല്ലാം പുരോഗമനപരമായ മാറ്റത്തിന് വിധേയമാവുന്നുണ്ടെന്നും നാമറിയുന്നുണ്ട്. എന്നാല്‍ ഒരു തര്‍ക്കമോ സംവാദമോ ഇവിടെ പ്രസക്തമോ പ്രായോഗികമോ അല്ലായെന്നു ബോധ്യമായതിനാല്‍ മിണ്ടാതിരുന്നു…
‘ ജാതകം നോക്കേണ്ടേ ?’
ഇക്കാര്യത്തില്‍ സജിയുടെ നിലപാടറിയാന്‍ വേണുവേട്ടനു താല്പര്യമുണ്ടായിരുന്നു. അതിനും പ്രവീണ്‍ കൃത്യമായിത്തന്നെ മറുപടി പറഞ്ഞു:
‘ജാതകം നോക്കുന്നതു ഒരനാവശ്യമാണെന്നാണു സജിയുടെ അഭിപ്രായം. വിധിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, വരാനിരിക്കുന്ന വിധിയെ തടയാന്‍ ജ്യോത്സ്യനു കഴിയുമോ?’
അപ്പോഴേക്കും വീണയും സജിയും അവരുടെ ആശയവിനിമയമുഖാമുഖം പൂര്‍ത്തിയാക്കി ഹാളിലേക്കു വന്നു. എല്ലാവരുടെ മുഖത്തുംഅവര്‍ തമ്മില്‍ നടന്നചര്‍ച്ചയുടെ പരിസമാപ്തി എന്തെന്നറിയാനുള്ള കൗതുകമായിരുന്നു….
സജി വിശദീകരിച്ചു:
‘ആദ്യമായി പരിചയപ്പെട്ടല്ലേഉള്ളൂ.. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മറ്റുമുണ്ടല്ലോ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുറച്ചുകൂടി ആശയ വിനിമയം നടത്തിയ ശേഷം ഒരു തീരുമാനത്തിലെത്താം എന്നാണു ഞങ്ങള്‍ സംയുക്തമായി ഇപ്പോള്‍ എടുത്തതീരുമാനം..ജാതിയും ജാതകവും ഒന്നുമല്ലല്ലോ ജീവിതത്തിനു വേണ്ടത്.. ‘
ഒരു പെണ്ണുകാണല്‍ ചടങ്ങിന്റെ ആദ്യരംഗത്തിന്റെ തിരശീല അവിടെ വീഴുകയായിരുന്നു,ഒരു പക്ഷെ, തുടരാനിരിക്കുന്നഒരു ദീര്‍ഘമായ കുടുംബനാടകത്തിനു വേണ്ടി അരങ്ങൊരുങ്ങുകയാവാം… !

വിചാരം
മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം
ഇത്തിരി അനുകമ്പ⏩

ഇത്തിരി അനുകമ്പ

 

അതാണ് നിങ്ങളുടെ ആഭരണം⏩

അതാണ് നിങ്ങളുടെ ആഭരണം

തപ്പു കൊട്ടണ് തകിലടിക്കണ്⏩

തപ്പു കൊട്ടണ് തകിലടിക്കണ്

 

പാലു കാച്ചുന്ന നേരത്ത്⏩

പാലു കാച്ചുന്ന നേരത്ത് 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.