Follow the News Bengaluru channel on WhatsApp

നാടക സ്മരണകൾ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ നാല്  

നാടക സ്മരണകൾ

 

ബെംഗളൂരു ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി മൈസൂര്‍ റോഡ് പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്. ബെംഗളൂരുവില്‍ അറുപതോളം മലയാളി സംഘടനകള്‍ ഉണ്ട്. അതില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഗ്രന്ഥശാലയുമുള്ളത് ഡെക്കാന്‍ അടക്കം വളരെ കുറച്ചു സംഘടനകള്‍ക്കാണെന്നു തോന്നുന്നു. നാലു ദശാബ്ദത്തിലധികം കാലമായി ഡെക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈയുള്ളവന്‍ അതിന്റെ അധ്യക്ഷനായി തുടരുന്നു. ഒരു കാലത്ത് കലാസാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിലെ പ്രാധാന്യമേറിയ ഒരു ശാഖ നാടകരംഗമായിരുന്നു. ഒട്ടേറെ നാടകങ്ങള്‍ മത്സരങ്ങള്‍ക്കായും അല്ലാതെയും സംവിധാനം ചെയ്യുകയും അവതരിക്കപ്പെടുകയും സമ്മാനങ്ങള്‍ നേടുകയും ഉണ്ടായിട്ടുണ്ട്.

നാടക റിഹേഴ്‌സല്‍ ദിനങ്ങളും സ്റ്റേജിലെ അനുഭവങ്ങളും ഏപ്പോഴും താഴെവീണുടയാതെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. കഴുകപുരാണം എന്ന മത്സര നാടകത്തില്‍ കഴുകന്‍ വര്‍ഗ്ഗീയതയുടെ സിംബല്‍ ആണ്. ഒരു അക്രമണശേഷം കഴുകനെ തളക്കാന്‍ വരുന്ന മനുഷ്യന്‍ എന്ന കഥാപാത്രം ‘രക്ത ദാഹിയും വഞ്ചകനുമായ നീ രക്ഷപ്പെട്ടുവെന്നു കരുതേണ്ട’ എന്ന ഡയലോഗിന് പകരം പറഞ്ഞത് ‘രക്തസാക്ഷിയും വഞ്ചകനുമായ നീ’ എന്നാണ്. മനുഷ്യന്റെ റോളില്‍ അഭിനയിച്ച സ:ചന്ദ്രേട്ടന്‍ വേറൊരു നാടകത്തില്‍ അര്‍ജ്ജുനന്റെ റോളില്‍ അഭിനയിച്ചപ്പോള്‍ ദ്രോണാചാര്യനായി ഞാനായിരുന്നു വേഷമിട്ടത്. നാടകം ആധുനികനായതിനാല്‍ ആചാര്യന്‍ ഏകലവ്യന്റെ പെരുവിരല്‍ ഗുരു ദക്ഷിണയായി ചോദിച്ചപ്പോള്‍ അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് നീചന്റെ മറുപടി. ഇത് കേട്ട അര്‍ജുനന്‍ രോഷം പ്രകടിപ്പിച്ചത് ‘എന്ത് ? ഗുരുവിന്റെ ആജ്ഞയെ കൊസ്റ്റിന്‍ ചെയ്യുകയോ’ എന്നാണ്.

ഡെന്നിസ് പോള്‍ എഴുതിയ ആവര്‍ത്തനവിരസം എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ വേളയില്‍ നമ്പൂതിരിയുടെ കള്ളനായ മകനായി അഭിനയിച്ച കായംകുളം കാരന്‍ പയ്യന്‍ സജിക്ക് ‘ഭൂതവും ഭാവിയും’ എന്ന ഡയലോഗിന്റെ കഷ്ണം പറയാന്‍ തലകുത്തി നിന്നിട്ടും പറ്റിയില്ല. ‘ഫൂതവും ഫാവിയും’ എന്നെ നാവില്‍ വരൂ. ഒടുവില്‍ പോയകാലവും വരും കാലവും എന്നതാക്കി മാറ്റേണ്ടി വന്നു. കഴുകപുരാണം സൗത്ത് വെസ്റ്റ് കേരളസമാജത്തിന് വേണ്ടി അവതരിപ്പിച്ചപ്പോള്‍ എനിക്ക് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം പുരോഹിതരുടെ വേഷങ്ങളായിരുന്നു. നാടകത്തില്‍ മുഴുനീള റോളായതുകാരണം വേഷം മാറിവരാന്‍ വളരെ കുറച്ചു സമയമേ കിട്ടുകയുള്ളൂ. സന്യാസിയുടെ വേഷം കഴിഞ്ഞു പള്ളീലച്ചന്റെ വേഷമായ ളോഹ ഇടാന്‍ ഗ്രീന്‍ റൂമില്‍ പോയപ്പോഴാണ് ളോഹക്കുപകാരം മാലാഖമാരുടെ കുപ്പായമാണ് അവശ കലാകാരന്‍ ഉണ്ണിച്ചെക്കന്‍ വാടകക്കെടുത്തത് എന്നറിയുന്നത്. വേറെ ഒന്നും ചിന്തിക്കുവാനുള്ള ഗ്യാപ്പില്ലാത്തതിനാല്‍ പാകമല്ലാത്ത മാലാഖകുപ്പായം തന്നെ തിരുകി കയറ്റി പള്ളീലച്ചന്റെ റോളും കഴിഞ്ഞു മുസലിയാര്‍ വേഷം ഇടാന്‍ ഗ്രീന്‍ റൂമില്‍ എത്തിയപ്പോഴാണ് പുകില്.

മാലാഖകുപ്പായം അപ്പൂസും വേറെ മൂന്നു പേരും നിന്നും, ഇരുന്നും, കിടന്നുംപിടിച്ചു വലിച്ചിട്ടും കുപ്പായം ഊരാന്‍പറ്റിയില്ല. സ്‌പോട്ടില്‍ കത്രിക കിട്ടാത്തതിനാല്‍ ആരൊക്കെയോ തുണി കടിച്ചു കീറാന്‍ നോക്കിയിട്ടും നോ രക്ഷ. അടുത്ത സീനില്‍ പോകാന്‍ നേരമായി. പെട്ടെന്ന് തോന്നിയ പൊട്ട ബുദ്ധിയില്‍ മാലാഖക്കുപ്പായത്തിനു മുകളില്‍ മുണ്ടും ഫുള്‍ ഷര്‍ട്ടും തലയില്‍ വട്ടത്തൊപ്പിയും വെച്ച് മുസ്‌ലിയാരായി രംഗം കൊഴുപ്പിച്ചു. മാലാഖ കുപ്പായത്തെ പറ്റി പിന്നീട് അന്നത്തെ ഖജാന്‍ജി മോനിച്ചന്‍ പറഞ്ഞത് ളോഹക്കു കൊടുക്കേണ്ട വാടക പണം എടുത്ത് ഉണ്ണിച്ചെക്കന്‍ സ്മാള്‍ അടിച്ചു എന്നാണ്. നോട്ട് ഒണ്‍ലി ദാറ്റ്. പകരം സൗജന്യമായി കിട്ടിയ മാലാഖ കുപ്പായം നാടകം തട്ടേ കേറുന്നത് വരെ മനപ്പൂര്‍വം ആരെയും കാണിച്ചില്ലെന്ന മുണ്ടുടുക്കാത്ത സത്യവും വേറെ ഏതോ കാര്യത്തിന് കാണിപ്പയ്യൂരിനെ കണ്ടപ്പോള്‍ അഗ്രഗണ്യന്‍ പ്രശനം വെച്ച് നോക്കി പറഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു

ആവര്‍ത്തനവിരസത്തില്‍ നമ്പൂതിരിയുടെ മകളെ സ്‌നേഹിക്കുന്ന മുസ്ലിം യുവാവിന്റെ വേഷമായിരുന്നു എനിക്ക്. അതില്‍ സമൂഹത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കൊണ്ട് നാളെ ഞങ്ങള്‍ രജിസ്ട്രാര്‍ ഓഫിസില്‍ വെച്ച് വിവാഹിതരാകുമെന്നു പ്രഖ്യാപിക്കുമ്പോള്‍ ആജാനുബാഹുവും സ്റ്റേജില്‍ റിഹേഴ്‌സലിനെക്കാള്‍ ആവേശഭരിതനും ആകുന്ന പിള്ളേച്ചന്‍ ‘നായിന്റെ മോനെ അത്രക്കായോ’ എന്ന് പറഞ്ഞു എന്റെ കോളറില്‍ കടന്നു പിടിക്കുന്ന ഒരു സീനുണ്ട്. പിള്ളേച്ചന്‍ ആ രംഗം കൊഴുപ്പിച്ചു. എന്റെ മാറത്തെ രോമം അടക്കം മുറുക്കി പിടിച്ചപ്പോള്‍ എന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുകയും കണ്ണില്‍ നിന്ന് വെള്ളം വരുകയും ചെയ്തപ്പോള്‍ ആ രംഗത്ത് അഭിനയിക്കാതെ തന്നെ മുഖത്തു വേദനയുടെ ഭാവം വന്നു. പിന്നെ ഗ്രീന്‍ റൂമില്‍ വന്നു ഷര്‍ട്ട് അഴിച്ചപ്പോള്‍ ഒരുപിടി രോമം എന്റെ മാറില്‍ നിന്നും പറന്നുപോയി.

റിഹേഴ്‌സല്‍ നടക്കുമ്പോള്‍ എത്തിച്ചേരാത്ത ആള്‍ക്ക് സ്ഥിരമായി ഡ്യൂപ്പ് ആകുക കൊയിലാണ്ടിക്കാരന്‍ കരുണാകരനാണ്. അവസാനം നാടകം സ്റ്റേജില്‍ കയറുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ട് കുളമാക്കുകയും ചെയ്യും. ഒരു നാടകത്തില്‍ ആശാന്‍ ഒരു ശവത്തിന്റെ റോള്‍ കൈകാര്യം ചെയ്തിരുന്നു. അരമണിക്കൂര്‍ ശവമായി അരങ്ങില്‍ കിടക്കണം. ആ നാടകം കഴിഞ്ഞപ്പോള്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഉറങ്ങിപ്പോയിരുന്നു. ഒരിക്കല്‍ ഒരു സങ്കുചിത മനസ്‌കനായ നടന്‍ നാടകം അവതരിപ്പിക്കേണ്ട ദിവസത്തിന്റെ തലേന്ന് എന്തോ നിസ്സാരകാര്യത്തിനു പിണങ്ങി പോയി. വളരെ പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിക്കേണ്ട കഥാപാത്രമാണ്. രാത്രി പത്തു മണി വരെയും വീട്ടില്‍ വരാതെ നീചന്‍ ഞങ്ങളെ വെട്ടിലാക്കി. പിന്നെ രാത്രിക്കു രാത്രി ഈ റോള്‍ മുമ്പ് അഭിനയിച്ച പാലക്കാട്ടുകാരന്‍ ശിവദാസനെ ബാറില്‍ നിന്നും ഇറക്കികൊണ്ടുവന്നു രാത്രി മുഴുവന്‍ റിഹേഴ്‌സല്‍ കൊടുത്തു പിറ്റേ ദിവസം നാടകം തട്ടേ കയറ്റി സമ്മാനങ്ങളും വാങ്ങി. ഞങ്ങളെ വഞ്ചിച്ച സുഹൃത്തിനു മലയാളി സമൂഹം പിന്നീട് ഒരു കൃമിയുടെ വിലപോലും കൊടുത്തില്ല എന്നത് ചരിത്രം. ഇവിടെ ഒരു കലാകാരന് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഇരുണ്ട മുഖവും ദീപ്തമായ മുഖവും വെളിപ്പെടുകയാണുണ്ടായത്.

എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ ഒരു നാടകം അരങ്ങേറി. നാടക മത്സരത്തിന്റെ ഭാഗമായിട്ട്. ഞാന്‍ തന്നെ സംവിധാനവും പ്രധാന റോളും കൈകാര്യം ചെയ്യുന്നു. കേശവന്‍, ശേഷാദ്രി, ബാലസുബ്രഹ്മണ്യന്‍ പണിക്കര്‍ തറയിലെ ഒരു ശശി തുടങ്ങിയവര്‍ മറ്റഭിനേതാക്കള്‍. മെയ്ക് അപ്പിനും പിന്നണി സഹായത്തിനും പവിത്രേട്ട, വിന്വേട്ട തുടങ്ങിയ തോട്ടശേരി ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെ ഔട്‌സോഴ്‌സ്ഡ് ടീം വേറെ. നാടകം കത്തി കയറി ക്ലൈമാക്‌സിലേക്കടുക്കുന്നു. കേശവന്‍ വില്ലന്‍ റോളിലാണ്. കയ്യിലുള്ള പിസ്റ്റള്‍ എടുത്തു ഡയലോഗിന് ശേഷം എന്റെ നേര്‍ക്ക് നിറയൊഴിക്കണം. കളിത്തോക്കായിരുന്നതിനാല്‍ വെടി പൊട്ടുന്ന നേരത്തു ഔട്‌സോഴ്‌സ്ഡ് ടീം സ്റ്റേജിനു പുറത്ത് പടക്കം പൊട്ടിക്കണം. പക്ഷെ വേണ്ട സമയത്ത് പടക്കം പൊട്ടിയില്ല. കൊളുത്തിയ പടക്കം പൊട്ടാന്‍ കുറെ സമയമെടുത്തു. അപ്പോള്‍ എന്റെ തലയില്‍ ലഡു പൊട്ടി. പൊള്ളയില്‍ പിടിച്ചു ഞെക്കി കൊല്ലാന്‍ ആംഗ്യം കൊടുത്തു. അതുപ്രകാരം എനിക്ക് നിന്നെ കൊല്ലാന്‍ തോക്കിന്റെ ആവശ്യമില്ല എന്ന് ഒരു സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ഡയലോഗും കാച്ചി കേശവന്‍ എന്റെ കഴുത്തില്‍ പിടിക്കലും പുറത്തു പടക്കം പൊട്ടലും ഒരുമിച്ചായിരുന്നു. പക്ഷെ സംവിധാന മികവിനെ ജഡ്ജസ് പ്രത്യേകം പ്രശംസിക്കുകയുണ്ടായി. കലയും സാഹിത്യവും സംഗീതവും മനസ്സിലുണ്ടെങ്കില്‍ മലയാളത്ത നെഞ്ചിലേറ്റുന്നവരുടെ മുതിര്‍ച്ചയിലും ബഷീറിന്റെ ‘പ്രേമലേഖനത്തില്‍’ കേശവന്‍ നായര്‍ സാറാമ്മക്കെഴുതിയത് പോലെ ജീവിതം യൗവന തീക്ഷ്ണവും പ്രണയസുരഭിലവുമായിരിക്കും.


അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.