Follow the News Bengaluru channel on WhatsApp

ന്റെ അമ്മമ്മ

രാജേഷ് വെട്ടംതൊടി

പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. വര്‍ഷങ്ങളായി ബെംഗളൂരുവില്‍ താമസം. പ്രമുഖ സയന്റിഫിക്ക് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനിയായ ആന്റേലിയ സയന്റിഫിക്കില്‍ സര്‍വീസ് മാനേജരായി പ്രവര്‍ത്തിക്കുന്നു. പാലക്കാട് ഫോറം ബെംഗളൂരുവിന്റെ സെക്രട്ടറിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ഓര്‍മ്മക്കുറിപ്പ്

ന്റെ അമ്മമ്മ

ഒരു നാല്‍പതു നാല്‍പത്തി മൂന്ന് കൊല്ലക്കെ മുമ്പ് തീര്‍ത്താല്‍ തീരാത്ത സന്തോഷം ണ്ടാവണ്ത് ന്റെ അമ്മമ്മ വീട്ടില്‍ക്ക് വരുമ്പോളായിരുന്നു ട്ടോ. വേഷ്ടി ആയിരുന്നു അമ്മമ്മ പുറത്തു പോവുമ്പോള്‍ ഉടുക്കാ. അതിന്റെ കറുപ്പ് നിറമുള്ള വലിയ കര ഇപ്പളും മനസ്സില്‍ ണ്ട്യ. വയസ്സായതോണ്ട് ണ്ടായ ചെറിയ കൂനും, പണ്ടെങ്ങനോ സുഖം ഇല്ലിയണ്ടെയി കാഴ്ച കുറഞ്ഞ കണ്ണുകളും ഒന്നും അമ്മമ്മക്ക് ഞങ്ങളെ കാണാന്‍ വരുമ്പ ഒരു പ്രശ്‌നുംണ്ടാക്കീര്‍ന്നില്യ.

മലപ്പറം ജില്ലേല്‍ന്നു പാലക്കാട് ജില്ലേല്‍ക്കു വരണെങ്കില്‍ മൂന്ന് ബസ്സ്ങ്കിലും മാറികേറേ ണ്ടിരുന്നു. അതിനൊ ന്നും അമ്മമ്മക്ക് ഒരു ബുദ്ധിമുട്ടുംണ്ടാര്‍ന്നില്യ. ചിലപ്പോളൊക്കെ വെട്ടംതൊടി വീട്ടില്‍ന്നു പുലാമന്തോള്‍ വരെ ആഞ്ചാറ് മൈല്‍ നടക്കുംണ്ടായിരുന്നു ത്രേ. പാവം.

അമ്മമ്മടെ കയ്യില്‍ വസ്ത്രങ്ങളും അതു പോലെ ഞങ്ങള്‍ക്ക് തരാനുള്ള പലഹാരങ്ങളും കൊണ്ടോരാനായി പ്ലാസ്റ്റിക് വയറുകൊണ്ട് ണ്ടാക്കിയ ഒരു കൊട്ട ണ്ടായിരുന്നു. ആ കൊ ട്ടയും കയ്യില്‍ തൂക്കി മൂന്നാമത്തെ ബസ്സും ഇറങ്ങി ഒന്നര മൈല്‍ നടന്ന് അമ്മമ്മ മാസത്തില്‍ ഒരിക്കല്‍ വരും ട്ടോ.

ആകെള്ള ഒരു കുട്ടിയെ കാണാനാണ്. അതിനെ കല്യാണം കഴിച്ചു കൊടുത്തടക്കണത് ഞങ്ങടെ പൂവക്കോട്ടേക്കാണ് ട്ടോ. അതാണ് ന്റെ അമ്മ.

അമ്മക്ക് വേറെ ഏട്ടനോ ചേച്ചിയോ അനിയത്തികുട്ടിയോ അനിയന്‍ചെക്കനോ ഒന്നും ണ്ടാര്‍ന്നില്ല്യ. ഒരേ ഒരു കുട്ടി ആയിരുന്നു അമ്മമ്മക്ക്.

പട്ടാമ്പിയില്‍ നിന്ന് രാജ്കുമാര്‍ ബസ്സിലോ, മയില്‍വാഹനത്തിലോ അതുമല്ലെങ്കില്‍ പ്രയാഗയിലോ കയറിട്ടാണ് മിക്കവാറും അമ്മമ്മ വരാ.

അമ്മമ്മക്ക് ഞങ്ങളോട് എത്ര ഇഷ്ടംണ്ടാര്‍ന്നു ന്ന് ചോദിച്ചാല് ഒരു ആയിരം ഇരട്ടി കാക്കത്തൊള്ളായിരമോ അതിന്റെ അപ്പുറമോ ണ്ടാവും. അതല്ലെങ്കില് അതു അളക്കാന്‍ മാത്രം പറ്റിയ വലിയ ഉപകരണം ഇപ്പളും കണ്ട് പിടിച്ചിട്ടില്യന്ന് സാരം.

ഞങ്ങളെ അടിച്ചു നന്നാക്കാന്‍ വേണ്ടി അച്ഛന്‍ കൊണ്ടുവന്നു വച്ചിരുന്ന വടികള്‍ ചുമന്നിരുന്ന രണ്ട് ജനലുകള്‍ ണ്ടായിരുന്നേ ഉമ്മറത്ത്. ഭാരം താങ്ങി താങ്ങി അവയുടെ മുതുകും വളഞ്ഞിരുന്നോന്ന് സംശയം ണ്ടായിരുന്നു.

അമ്മമ്മ വരുമ്പോള്‍ ജനലുകള്‍ക്കും സന്തോഷം വരാറുണ്ടായിരുന്നുത്രേ
ന്താണ്ന്ന് വെച്ചാല്‍ വടികള്‍ എല്ലാം എടുത്തു വലിച്ചെറിയും അമ്മമ്മ. ന്റെ കുട്ടിയോളെ യ്യ് ങ്ങനെ അടിക്കണ്ട കുട്ടാ ന്നു മനസ്സില്‍ അച്ഛനോട് പറഞ്ഞിരിക്കണം അമ്മമ്മ.

അമ്മമ്മക്ക് തൊണക്ക് ഒരാള്‍ ണ്ടായിക്കോട്ടെ ന്ന് വിചാരിച്ചായിരുന്നു ഏട്ടനെ ഒന്നാം ക്ലാസ്സില്‍ വെട്ടംതൊടി വീടിന്റെ അടുത്തുള്ള ചെമ്മല സ്‌കൂളില്‍ ചേര്‍ത്തേ.
അത് വേണ്ടിയിരുന്നില്യ ന്നും അബദ്ധം ആയി ന്നും പിന്നീട് എല്ലാര്‍ക്കും മനസ്സിലായി ത്രേ

വികൃതിക്കു വേറെ പര്യയം ആയിരുന്നു ത്രേ ഏട്ടന്‍. അമ്മമ്മയെ വേണ്ടാത്തതൊക്കെ വിളിച്ചിരുന്നുന്ന് മണ്ണാത്തി ദേവകിയും കാളിയും ഒക്കെ അമ്മയോട് പറഞ്ഞിരുന്നുത്രേ. ന്നാലും വല്യ ഇഷ്ടായിരുന്നു അമ്മമ്മക്ക് ഏട്ടനെ. അങ്ങിനെ ഏട്ടന്റെ ടീ സി വാങ്ങി പൂവകോടിനടുത്തുള്ള മരുതൂര്‍ സ്‌കൂളില്‍ ചേര്‍ത്തു.

നിക്കും ചെമ്മല സ്‌കൂളില്‍ പഠിക്കാം ഇഷ്ടായിരുന്നു. അമ്മമ്മയുടെ ഒപ്പം ണ്ടാവാലോ എന്നും. എന്നാല്‍ വികൃതി കാണിച്ചാല്‍ കവിളിലൂടെ ആണി തുളച്ചു അതിന്റെ രണ്ടറ്റവും കയറില്‍ കെട്ടി ഉത്തരത്തില്‍ തൂക്കിയിടുന്ന മാഷന്മാര്‍ ഉണ്ട് എന്ന് ഏട്ടന്‍ പറഞ്ഞപ്പോള്‍ അത് വേണ്ടാന്ന് വെച്ചുട്ടോ. പിന്നെയല്ലേ ഗുട്ടന്‍സ് പിടികിട്ടിയത്.
അവടെ നല്ല രസായിരുന്നു. അമ്മമ്മയും, പുഴയും, അമ്പലവും എല്ലാം. അതോണ്ടെന്നേ ഏട്ടന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടാവാ. പിന്നെ മൂപ്പരെ അവിടെ നിന്ന് പറിച്ചുനട്ട ദേഷ്യവും.

അമ്മമ്മ വന്നാല്‍ ന്റെ അച്ഛന്റെ കുടുംബ ക്കാരെ ഒക്കെ ഒന്നു കാണാന്‍ പോവും. അപ്പ അമ്മമ്മടെ കയ്യും പിടിച്ചു വരമ്പത്തു കൂടി ങ്ങനെ പോവാന്‍ ന്ത് രസായിരുന്നു.

ഞാന് അമ്മമ്മേനെണോ അതോ അമ്മമ്മ ഇന്നേ ണോ പിടിച്ചിരുന്നത് ന്ന് ഇപ്പഴും മനസിലായിട്ടില്യ. ന്നാല് ഞങ്ങള് രണ്ടാളും എവിടെയും വീണിട്ടില്യ ട്ടോ. അതെന്നെ അല്ലേ വേണ്ടിരുന്നുത്?

പെരുമ്പ്രൂരും കല്ലുട്ടിയിലും തറവാട്ടിലും പ്ലാശ്ശേരിതൊടിയിലും ഒക്കെ ഒന്ന് ചുറ്റും. നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് അമ്മമ്മ ങ്ങനെ ഇരിക്കും.

ന്താടോ രാജാവേ ന്ന് ഇടക്കിടക്ക് കല്ലുട്ടിയിലെ മുത്തശ്ശി ന്നേ കളിയാക്കി ചോദിക്കും. അപ്പോള്‍ മുഖം താഴ്ത്തി അമ്മമ്മയുടെ വേഷ്ട്ടിയി ല്‍ പിടിച്ച് തള്ളവിരല്‍ കൊണ്ട് നിലത്തു വട്ടം വരക്കും.

വന്നാല്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിക്കില്യ അമ്മമ്മ. വേഗം തിരിച്ചു പോണം. വെട്ടംതൊടീല് മുത്തശ്ശി ണ്ടാര്‍ന്നു. അമ്മയെ കാണാന്‍ തിടുക്കാവും അമ്മമ്മക്ക്.

പോവുമ്പോള്‍ കുറച്ചു ഉറുപ്പിക കയ്യില്‍ നിര്‍ബന്ധമായി വെച്ചു തരും അമ്മമ്മ.

മുത്തശ്ശനും അമ്മമ്മയും വേറെ വേറെ വീട്ടില്‍ ആയിരുന്നു താമസി ച്ചിരുന്നേ.
അതെന്താണ് ന്നു ഇനിയും മനസിലായിട്ടില്യ.
മുത്തശ്ശന്റെ ചെമ്മലയില്‍ ഉള്ള വീട്ടില്‍ രണ്ട് കണ്ണും കാണാത്ത അനിയത്തി ണ്ടാര്‍ന്നേ.
ചിന്നമ്മ എന്നായിരിന്നു അവരെ വിളിച്ചിരുന്നത്.
ആരും ഇല്യത്ത അവരെ നോക്കാന്‍ മുത്തശ്ശന്‍ അവിടെ നിക്കായിരുന്നുന്ന് പിന്നീട് ആരും പറയാതെ ങ്ങട്ട് വിശ്വസിച്ചു.
വയസ്സായ അമ്മയെ ഒറ്റക്കാക്കി അമ്മമ്മക്കും ങ്ങട്ട് പോവാന്‍ പറ്റില്യര്‍ന്നേ.

മുത്തശ്ശന്‍ ഒരു ദിവസം രാവിലെ മുറ്റത്ത് വീണു.
രാത്രിവരെ ആശുപത്രിയില്‍ ആയിരുന്നെ.
അന്ന് രാത്രി മുത്തശ്ശന്‍ യാത്രയായി. ദൈവനാമം ഉറക്കെ ഉറക്കെ വിളിച്ചു രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്ന അമ്മമ്മയുടെ മനസ്സില് ഒരു സങ്കടകടല്‍ തന്നെ ആര്‍ത്തിരമ്പിട്ടുണ്ടാവും

കുട്ടികാലത്തു ആഹാരം കഴിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ടാര്‍ന്നു ത്രേ വെട്ടംതൊടീല്.
അതോണ്ടാണത്രെ ഗോപാലന്‍ നായര്‍ എന്ന അമ്മമ്മയുടെ നേരെത്താഴെള്ള അനിയന്‍ കുട്ടി നാടുവിട്ടു ആന്ധ്രയിലേക്ക് സ്ഥലം വിട്ടത്.

അവടെ പോയി നലോണ്ണം കഷ്ടപ്പെട്ടിട്ട് ണ്ടന്നാ അമ്മമ്മ പറഞ്ഞേര്‍ന്നത്.

എന്തായാലും ഓപ്പോള്‍ക്കും അമ്മയ്ക്കും വേണ്ടി ശിപായിയെ മാസാ മാസം വെട്ടംതൊടി വീട്ടിലേക്ക് പറഞ്ഞയക്കണ ഒരു സ്വഭാവം ണ്ടാര്‍ന്നു ആ വലിയമാമ്മക്ക്.

അങ്ങനെ അനിയന്‍ കുട്ടി തരണ കാശില്‍ നിന്നാ അമ്മമ്മ ഉറുപിക ഞങ്ങളുടെ കൈയില്‍ നിര്‍ബന്ധമായി വെച്ചു തന്നീര്‍ന്ന്.
ഇല്ലെങ്കില്‍ മനസമാധാനം ണ്ടാവില്യന്നും തോന്നീട്ടുണ്ട് ട്ടോ. അമ്മമ്മ തന്ന കാശ് കൂട്ടി കൂട്ടി വെച്ചിട്ടാണ് ആദ്യത്തെ ബാങ്ക് അക്കൗണ്ട് തുടങ്ങീത്.

സ്‌കൂള്‍ ഒഴിവു കാലത്തു അമ്മമ്മയെ കാണാന്‍ അമ്മ ജനിച്ച വെട്ടംതൊടിയിലേക്ക് പോവും. അവിടെ എത്തിയാല്‍ അമ്മമ്മ ക്ക് ഇരട്ടി കരുതലാണ്. അഞ്ചു മണി ആയാല്‍ കയ്യും പിടിച്ചു കുന്തിപുഴയില്‍ കൊണ്ട് പോയി കുളിപ്പിക്കും. വീടിന്റെ തൊട്ടടുത്താണ് കുന്തിപുഴ.

കുറേ കഥകള്‍ പറഞ്ഞു തന്നേര്‍ന്നു അമ്മമ്മ. അതിന്റെ യൊക്കെ സാരം ഒരു
നല്ല കുട്ടിയായി, എല്ലാവരെയും സ്‌നേഹിച്ചു സഹായിച്ചു വളരണം എന്നുതന്നെ ആയിരുന്നു.
ആ കഥകള്‍ ഒക്കെ മനസ്സില്‍ ശക്തമായി വേരൂന്നിയിരുന്നു ട്ടോ.

ആലിക്കല്‍ അമ്പലത്തില്‍ നാടന്‍ മൂച്ചിണ്ടായിരുന്നു. ന്തേര്‍ന്നു വലുപ്പം ന്ന് അറിയോ.

രാവിലെ ആവുമ്പോള്‍ ഇഷ്ടംപോലെ മാങ്ങ അമ്പലമുറ്റത്തു വീണു കിടക്കണ്ണ്ടാവും ട്ടോ . അതു പെറുക്കാന്‍ പോവാന്‍ രാവിലെതന്നെ അമ്മമ്മ വിളിച്ചു എഴുന്നേല്‍പ്പിക്കും

വൈകിയാല്‍ അടുത്ത വീട്ടിലെ ചേച്ചിമാരും ഏട്ടന്‍മാരും എല്ലാം പെറുക്കി കൊണ്ടോയിട്ടുണ്ടാവും. കുഞ്ഞോപ്പയും ണ്ടാവും ചിലപ്പോള്‍. അമ്മയുടെ അമ്മാമയുടെ ചെറിയ കുട്ടിയാണ് കുഞ്ഞോപ്പ.

അമ്മമ്മക്ക് നല്ല ഇഷ്ടായിരുന്നു കുഞ്ഞോപ്പയെ. അമ്മു ന്നാണ് വിളിച്ചിരുന്നത്. ന്നേക്കാളും ആറു മാസേ കൂടു അവള്‍ക്ക്. ന്നാലും അമ്മമ്മയോട് കൂട്ടുകൂടി ന്നേകൊണ്ട് നിര്‍ബന്ധിപ്പിച്ചു കുഞ്ഞോപ്പന്ന് വിളിപ്പിച്ചിരുന്നു. പിന്നെ പിന്നെ ഞാന്‍ അവളെ ഷീജ എന്ന് വിളിച്ചു ശീലിച്ചു.

അമ്മൂനെ പോലെ ഓട്ടത്തിലും ചാട്ടത്തിലും ഒക്കെ കുട്ടിയും സമ്മാനം വാങ്ങണംന്ന് ചിലപ്പോഴൊക്കെ പറഞ്ഞിരുന്നു അമ്മമ്മ. അവള്‍ക്കു കുറേ സമ്മാനങ്ങള്‍ കിട്ടീരുന്നു. പക്ഷേ ഞാന്‍ ഓട്ടത്തിലും ചാട്ടത്തിലും ഒന്നും സമ്മാനം വാങ്ങീരുന്നില്യ. സ്‌കൂള്‍ ലീഡര്‍ ഒക്കെ ആയിരുന്നെങ്കിലും ഓട്ടും ചാട്ടും ഒന്നും ങ്ങട്ട് പറ്റിര്‍ന്നില്യ.

ഇപ്പോഴും മിക്കവാറും മനസ്സില്‍ കയറി വരും അമ്മമ്മ. ഒരീസം അമ്മ അമ്മമ്മയെ കാണാന്‍ പോയിട്ടുണ്ടാര്‍ന്നു. രണ്ടുപേരും ഉമ്മറത്തെ തിണ്ണയില്‍ വര്‍ത്തമാനം പറഞ്ഞ് ഇരിക്കുമ്പോള്‍ അമ്മമ്മ പെട്ടെന്ന് അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു.
പിന്നെന്റെ അമ്മമ്മ ണീട്ടില്യ.

⏹️നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാം : ezhuthitam@newsbengaluru.com


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Jees says

    വേദന അറിയാതെ യുള്ള മരണം പുണ്യം ചെയ്തവർക്കാണ്

  2. Shilna prajodh says

    Fabulous….

Leave A Reply

Your email address will not be published.