Follow the News Bengaluru channel on WhatsApp

യാത്രയിലെ രസഗുള

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

കഥ അഞ്ച്   

യാത്രയിലെ രസഗുള

പടിപ്പെര വീട്ടില്‍ കുഞ്ഞി ലക്ഷ്മിയമ്മയും പരിവാരങ്ങളും സമ്മര്‍ വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ നഗരത്തില്‍ നിന്നും നാട്ടിലെത്തി. ഉത്സവകാലമായതിനാല്‍ പ്രത്യേകം സജ്ജമാക്കിയ സര്‍വ്വാണി പുരയിലെ മൂന്നു നേരം മൃഷ്ടാന്ന ഭോജനം, നാലു മണിക്കുള്ള ചായ, പലഹാരം മിതശീതോഷ്ണ മുറിയിലെ അന്തിയുറക്കം, ബന്ധുജന വെടിവട്ടം, ഇത്യാദികള്‍ക്ക് ഒന്നിനും മുട്ടില്ലായിരുന്നു.

‘നഗരം നാട്യപ്രധാനം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ എന്ന് ‘ക്ഷെ’ ബോധ്യപ്പെട്ടു. ഇതെഴുതിവെച്ചു കാലയവനികക്കുള്ളില്‍ മറഞ്ഞ കുറ്റിപ്പുറത്തു കേശവന്‍ നായരെ അറിഞ്ഞവര്‍ ഞങ്ങളില്‍ ചരിത്രകാരനായ ഞാനും പിന്നെ പണ്ഡിറ്റ് കുഞ്ചാവ ബ്രോയും മാത്രം. ബെടക്കൂസ് തോട്ടശ്ശേരിക്കാര്‍ക്കു മൂന്നു കേശവന്മാരെ മാത്രമേ അറിയുകയുള്ളൂ. ഒന്ന് എന്റെ ശിഷ്യന്‍ ചേറൂരെ വീട്ടില്‍ കേശവന്‍. രണ്ടാമത് ചരിഞ്ഞു ചത്തുപോയ ഗുരുവായൂര്‍ കേശവന്‍. ലാസ്റ്റിലി മ്മടെ അമ്മമ്മടെ നായര് കേശവന്‍ നായര്. എന്തായാലും പിന്നീട് കുറ്റിപ്പുറത്തിനെ കൂടുതല്‍ അറിഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കുവാന്‍ തോന്നി. എനി ഹൌ, കു. ല അമ്മക്ക് മൂന്നു നാലു ദിവസത്തെ നില്‍പ്പും നടപ്പും കാരണം മുട്ടുങ്കാലിന് താഴെ ചെറിയ നീരുണ്ടായി എന്നതൊഴിച്ചാല്‍ സബ് ടീക് ഹെ.

നാക്കിനു റെസ്‌ററ് കൊടുക്കാതെ ഒരാഴ്ച കൂട്ടം കൂടുവാനുള്ള വിഭവങ്ങള്‍ സ്റ്റോക്കിലായപ്പോള്‍ തിരിച്ചു നഗരത്തിലേക്കുള്ള യാത്രക്ക് കോപ്പുകൂട്ടി. ശുദ്ധാശുദ്ധിയില് കടുകിട കോംപ്രമൈസില്ലാത്തതിനാല്‍ ദിവസം രണ്ടു ജോഡി വസ്ത്രങ്ങള്‍ ആളൊന്നുക്ക് കണക്കുവെച്ചു ചക്രങ്ങള്‍ പിടിപ്പിച്ച നാലു വലിയ പെട്ടികളും അകമ്പടിക്കു് മൂന്നു വന്‍ ചരക്കു കൊള്ളിസഞ്ചികളും (ബിഗ് ഷോപ്പേര്‍) കയറ്റിയ ടാക്‌സി കൃത്യ സമയത്തന്നെ തീവണ്ടിയാപ്പീസിലെത്തി. അവിടെ മൊബൈല്‍ മന്നന്‍ സെല്‍ഫി ഗോബാലേട്ടനും കെട്ടിയോള്‍ പൊട്ടിച്ചിരിച്ചേച്ചിയും ഹാജര്‍ ഉണ്ടായിരുന്നു. ചേച്ചി ഡ്രസ്സ് ചേഞ്ച് ചെയ്താല്‍ ഉടന്‍ ഒരു സെല്‍ഫി എടുത്തു പോസ്റ്റിയില്ലെങ്കില്‍ ഗോബാലേട്ടന് എന്തോ ഒരു ഇദാണത്രേ.

അപ്പോഴേക്കുംഞങ്ങളെ സീ ഓഫ് ചെയ്യാന്‍ മുണ്ടിന്റെ കുത്ത് വയറിനു മേലെ കേറ്റി കുത്തി കൊച്ചു മണിയേട്ടനും കെട്ടിയോളും പൂരം കഴിഞ്ഞു മടങ്ങുന്ന മദ്ദളം കൊട്ടുകാരെ പോലെ രണ്ടു വണ്ടന്‍ ചക്കകളും പാക്ക്ചെയ്ത് എത്തിപ്പെട്ടു. കംപാര്‍ട്‌മെന്റ് എവിടെ വരുമെന്ന് അറിയിക്കുന്ന ഉച്ചഭാഷിണി കമാന്നു മിണ്ടാത്ത കാരണം അടുത്ത് കണ്ട റൂമില്‍ ഇടിച്ചുകയറി അന്വേഷിച്ചു. നീചന്‍ ലാപ്‌ടോപ്പില്‍ എന്തോ തിരഞ്ഞു. ഒന്നും കാണാതെ ദൂരവാണി കയ്യിലെടുത്തു രണ്ടുമൂന്നു കുത്തുകുത്തി. അമ്മ വീട്ടിലെ അനിയന്‍ കുട്ടിപ്പൊങ്ങന്‍ അളവില്‍ കവിഞ്ഞു ചക്കപ്പഴം തിന്ന് വയറുവേദനിച്ചു തൊള്ള തുറക്കുമ്പോള്‍ കുട്ടിക്ക് കൊതി പെട്ടതാണെന്നും പറഞ്ഞു ഭസ്മം തലയിലിട്ട് ഊതുമ്പോള്‍ അമ്മമ്മ കുശുകുശുക്കുന്നപോലെ ദൂരവാണിയുടെ വയ്ക്കഷണത്തിലേക്ക് എന്തോ മര്‍മര്‍ ചെയ്തു. പിന്നെ കൊതി കണ്‍ഫേം ചെയ്യാന്‍ ‘പുഹാ..യ്’ എന്ന് അമ്മമ്മ കോട്ടുവായ ഇടുമ്പോലെ ഒന്ന് വായപൊളിച്ചു കൂക്കിയ ശേഷം സ്ഥലം വെളിപ്പെടുത്തി. അവിടെ തീവണ്ടിപ്പുരക്ക് മേല്‍ക്കൂര ഇല്ലായിരുന്നു. ഇതിനിടക്ക് വണ്ടിയും ഒപ്പം അയിലൂര്‍ വേലക്ക് രാത്രി പൊട്ടിക്കുന്ന ആലുഴി അമിട്ടുപോലെ പാര്‍ര്‍ര്‍ര്‍ന്നു പറഞ്ഞു തകര്‍പ്പന്‍ മഴയും തുടങ്ങി. മഴനനഞ്ഞു കുളിച്ചു ലഗേജുകളും താങ്ങി ഓടിഞങ്ങളുടെ കംപാര്‍ട്‌മെന്റില്‍ കേറ്റാന്‍ സഹായിച്ച് ഗോബാലേട്ടനും സംഘവും വെള്ളത്തില്‍ വീണ ചാത്തന്‍ കോഴിയെപ്പോലെ അവരുടെ മദിരാശി വണ്ടിക്കു നേരെ പാഞ്ഞു. എ. സി. കംപാര്‍ട്‌മെന്റില്‍ മഴയും നനഞ്ഞു കയറിയ ഞങ്ങള്‍ ടോയ്ലെറ്റില്‍ കയറി കുപ്പായമെല്ലാം മാറി. കുഞ്ഞു ലക്ഷ്മി അമ്മ തണുത്തു വിറച്ചു, മുഷ്ടി ചുരുട്ടി റെയ്ല്‍വേയ്ക്കും മഴക്കും മൂര്‍ദ്ദാബാദ് വിളിക്കാനും, അതിശൈത്യം കൊണ്ട് ഒറ്റയ്ക്ക് വസ്ത്രം മാറാന്‍ പറ്റാത്ത അത്രയ്ക്ക് അവശയുമായി വെളിച്ചപ്പാട് തുള്ളാനും പല്ലു കൊണ്ട് ചെണ്ട കൊട്ടാനും തുടങ്ങി. സഹയാത്രികയായ തുളുനാടന്‍ പ്രൗഢ പ്രതിസന്ധിക്കു പരിഹാരം കണ്ടു. വിരിക്കാന്‍ വെച്ചിട്ടുള്ള വെള്ള വിരി എടുത്തു കഥകളിക്കു തിരശീല പിടിക്കുന്നതുപോലെ മറ പിടിച്ചാല്‍ രണ്ടു പേര് ചേര്‍ന്ന് വസ്ത്രം മാറാന്‍ സഹായിക്കാമെന്ന് പറഞ്ഞു.

‘നോ ആര്‍മി ക്യാന്‍ സ്റ്റോപ് ആന്‍ ഐഡിയ ഹൂസ് ടൈം ഹാസ് കം’ എന്ന് വിക്ടര്‍ ഹ്യൂഗോ തമാശക്ക് പറഞ്ഞതല്ല എന്ന് അപ്പോളാണ് പിടി കിട്ടിയത്. അങ്ങിനെ രണ്ടുപേര്‍ തിരശീല കൊണ്ട് മറ പിടിച്ചു സ്ത്രീ ജനങ്ങള്‍ അമ്മയുടെതുണി മാറ്റിക്കൊണ്ടിരിക്കെ അതുവഴി കടന്നുപോയ ഒരു സഹൃദയന്‍ അകത്തു ഡോക്ടറുണ്ടല്ലോ എന്ന് തിരക്കി. വേറൊരാള്‍ ചൂടുവെള്ളം വേണോ എന്നും ചോദിച്ചു. മൂന്നാമതൊരു മനുഷ്യസ്‌നേഹി അപ്പാപ്പന്‍, നവാഗത ശിശുവിന്റെ ആദ്യരോദനം കേള്‍ക്കാന്‍ ചെവി കൂര്‍പ്പിക്കാന്‍ പേനാക്കത്തിയെടുത്തു.

കേന്ദ്ര കഥാപാത്രം പരുക്കുകളൊന്നും ഇല്ലാതെ മറ നീക്കി പുറത്തുവന്നപ്പോള്‍ ഏതാണ്ട് അഞ്ചു മിനിട്ടോളം ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അങ്ങനെ ശുഭപര്യവസാനിയായി കലാശിച്ചു. അന്തരീക്ഷം ശാന്തമായപ്പോള്‍ സുഖവിവരം തിരക്കാന്‍ ഗോബാലേട്ടനെ വിളിച്ചു. അങ്ങേ തലക്കല്‍ മൂപ്പിലാന്റെ പെണ്ണുംപിള്ള പൊട്ടി ചിരിച്ചേച്ചി. ഗോബാലേട്ടന്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ ഫാനിന്റെ ചോട്ടില്‍ ഉണക്കാന്‍ ഇട്ടിരിക്കുകയാണെന്നു പറഞ്ഞു തുടങ്ങിയ ചിരിക്ക് ബ്രേക്ക് ഫെയിലിയര്‍ മണത്തപ്പോള്‍ സംഭാഷണം മുറിച്ചു.

സംഭവം കേട്ട ശേഷം ഡ്രൈവര്‍ ശശി ‘ഓരോ യാത്രയും അനുഭവങ്ങളുടെ മുതല്‍ കൂട്ടാണെന്ന് വളരെ ദാര്‍ശനികമായ് പറഞ്ഞപ്പോള്‍ അതില്‍ കുറച്ചു സത്യത്തിന്റെ മധുരമുണ്ടെന്നു തോന്നി.

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് –നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.