Follow the News Bengaluru channel on WhatsApp

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ ആറ് 

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

 

ദേവന്‍ ജാത്യാ കടത്തനാടന്‍ നമ്പൂതിരിയാണ്. നാട്ടില്‍ കുടുംബ ക്ഷേത്രവും കഴകവും എല്ലാം ഉണ്ട്. ബാംഗളൂരില്‍ സ്ഥിരതാമസം. ഒരു കേന്ദ്ര സര്‍ക്കാര്‍ പഞ്ചരത്ന കമ്പനിയില്‍ നല്ല കാലത്തു കുശിനിക്കാരനായി കയറിക്കൂടി. ജനനം കൊണ്ടു നമ്പൂതിരി ആണെങ്കിലും എല്ലാവരും അയ്യര്‍ എന്നാണ് വിളിച്ചിരുന്നത്. കമ്പനിയില്‍ സസ്യ, സസ്യേതര ഭക്ഷണം പാകം ചെയ്യണം. പാചക കലയില്‍ നിപുണന്‍. പക്ഷെ വീട്ടിലെ സ്മാള്‍ സ്‌കെയില്‍ പാചകം അത്ര പോരാ എന്ന് അന്തര്‍ജനം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടു ശാപ്പാടിനല്ലാതെ അടുക്കളയുടെ ഏഴയലത്തു കണ്ടുപോകരുതെന്നു ഉഗ്രശാസനം നിലവിലുണ്ട്.

ബട്‌ലര്‍ ഇംഗ്ലീഷ് എന്നപോലെ അയ്യര്‍ ഇംഗ്ലീഷ് മൈസൂര്‍ റോഡ് മലയാളികള്‍ക്ക് വളരെ പരിചിതം. ദിവസത്തില്‍ കുറെ ഇംഗ്ലീഷ് പറഞ്ഞില്ലെങ്കില്‍ അയ്യരെ ഭാര്യ ദേവി അനുഗ്രഹിച്ചാലും നിദ്രാദേവി അനുഗ്രഹിക്കാറില്ലത്രേ. സംസാര പ്രിയനായ അദ്ദേഹം വീട്ടില്‍ വരുന്ന ആരെയും വെറുതെ വിടാറില്ല. പിന്നീട് ഓര്‍ത്തും പറഞ്ഞും ചിരിക്കാന്‍ കുറെ വിഭവങ്ങള്‍ തീര്‍ച്ചയായും കിട്ടിയിരിക്കും. ഇംഗ്ലീഷ് വാക്കുകള്‍ തെറ്റായിട്ടാണ് പറയുന്നതെങ്കിലും ഒടുക്കത്തെ ആത്മവിശ്വാസത്തിലാണ് കാച്ചുക. സംസാരിക്കുമ്പോള്‍ കുറച്ചു മുന്നോട്ടുന്തിയ വയറില്‍ വൃത്താകൃതിയില്‍ തടവുക എന്നത് മൂപ്പരുടെ ശരീരഭാഷയുടെ പ്രത്യേകതയാണ്. വീട്ടിലിരിക്കുമ്പോള്‍ പൊതുവെ മേല്‍ക്കുപ്പായം ധരിക്കുന്ന പതിവില്ല. സ്ത്രീ ജനങ്ങള്‍ അഥിതികളായി വീട്ടില്‍ പോയാലും ഈ തടവലിനു മാറ്റമുണ്ടാവാറില്ല. വാമഭാഗം പോയി കുപ്പായമിട്ടു വരാന്‍ കണ്ണൂകാണിക്കും.

ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും വിഭവങ്ങള്‍ കിട്ടിയേക്കാം. അദ്ദേഹത്തിന്റെ ഭാഷയില്‍ പൊറോട്ടയും ബീഫും
നല്ല ഡോമിനേഷന്‍ ആണ്. സായി ബാബയുടെ ആശ്രമം മുട്ടത്തു വര്‍ക്കിയിലാണ്. അദ്ദേഹം ഞങ്ങളുടെ അയല്‍ വാസിയായിരുന്നപ്പോള്‍ ആണ് മകള്‍ ജനിച്ചത്. അപ്പോള്‍ ഒരു ലീവ് ലെറ്റര്‍ എഴുതി തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ വേണ്ടി എനിക്ക് തന്നു. അത് ഇപ്രകാരമായിരുന്നു. My wife is born. The boy is girl. I am the only husband. So leave me two week.

സ്ഥലത്തെ സാംസ്‌കാരിക സംഘടനയുടെ ഓണം ബുക്ലെറ്റിലേക്കു പിടിക്കുന്ന പരസ്യങ്ങള്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷില്‍ അഡ്വെര്‍സ്‌മെന്റ് ആണ്. കുറെ കന്നഡ മണമുള്ള ആംഗലേയ വാക്കുകളും ഇടക്ക് തട്ടിവിടും. ബോറന്‍ വിറ്റ, ഹോറന്‍, ടെംപ്രവരി ഇതൊക്കെ ലോക്കല്‍ ഇംഗ്ലീഷ് ആണ്. ഉച്ചഘട്ടം എന്ന സിനിമയുടെ ഇംഗ്ലീഷ് നോട്ടീസ് വായിച്ചതു ഉച്ചക്കാട്ടം എന്നായിരുന്നു. മൊബൈലില്‍ മെസ്സേജ് അയക്കുക, ഫേസ് ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ ഉപാധികളൊക്കെ മൂപ്പരുടെ പരിധിക്കു
പുറത്താണ്. ഇപ്പോഴും നമ്പര്‍ കുത്തുന്ന പഴയ ഹാന്‍ഡ്‌സെറ്റ് മാത്രമേ ഉപയോഗിക്കൂ. ഒരിക്കല്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ മരുമകന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്നിരുന്നു. പേരക്കുട്ടി ഓപ്പറേഷന്‍ പഠിപ്പിക്കാന്‍ തലകുത്തിനിന്നിട്ടും പറ്റിയില്ല. അവസാനം ഈ പൊട്ടന് ഒന്നും മനസ്സിലാവില്ല എന്നുപറഞ്ഞു പിന്‍വാങ്ങിയത്രെ. ഫുട്ബാളില്‍ വിന്‍ഡ് കുറവാണു എന്നും ജൂസില്‍ കുറച്ചു കൂടി സ്‌നോ ഇടാനും പറയും. ഒരിക്കല്‍ ഒരു സൗഹൃദ ചര്‍ച്ചയില്‍ ഭാര്യക്ക് മെന്റല്‍ പോസ് ആയെന്നു പറഞ്ഞത് ഞങ്ങള്‍ക്ക് ദഹിച്ചില്ല.പിന്നെ കാര്യം അറിയാന്‍ വിശദീകരണം വേണ്ടിവന്നു. അദ്ദേഹത്തിന്റെ അച്ഛന് കാലില്‍ വെരിക്ലോസ് വെയ്ന്‍ ഉണ്ടായിരുന്നത്രെ.

ഒരു മരണവീട്ടില്‍ അദ്ദേഹം പറഞ്ഞത് പരിചയത്തിലുള്ള ആരു മരിച്ചാലും നമ്മള്‍ പോയി കാണണം അല്ലെങ്കില്‍ നമ്മള്‍ മരിച്ചാല്‍ അവര്‍ വരില്ല എന്ന്. ഒരു ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ സര്‍ദാര്‍ജിയുടെ വേഷം കെട്ടിയ കുട്ടിയുടെ അച്ഛനോട് ഈ ടര്‍ബൈന്‍ കെട്ടാന്‍ എങ്ങിനെ പഠിച്ചു എന്ന്. ലോക്കല്‍ ന്യൂസ്പേപ്പറായ ഡെക്കാന്‍ ഹെറാള്ഡിന്റെ ഞായറാഴ്ച പതിപ്പായ സണ്‍ഡേ ഹെറാള്‍ഡ് ദിവസവും വായിക്കുമെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. ഡോക്ടര്‍ കൈ പിടിച്ചു പഴ്‌സ് നോക്കി ഓക്കേ പറഞ്ഞുവത്രേ.

ഒരു ദിവസം കമ്പനിയില്‍ ചെറിയ അഗ്‌നിബാധയുണ്ടായപ്പോള്‍ സെക്യൂരിറ്റി എല്ലാവരെയും ഇവോപറേറ്റ് ചെയ്തത്രേ. കമ്പനി പ്രൊഡക്ഷന്‍ മാനേജര്‍ ഫുഡ് ക്യാബിനില്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു ശങ്കക്കും ഇട നല്‍കാതെ ഉഗ്രന്‍ കാച്ചിയത് ഐ ആം ബില്‍ഡിംഗ് ഇറ്റ് സാര്‍ എന്നത്രെ. ഇലക്ഷന്‍ സമയത്തു സ്ഥലത്തില്ലെങ്കില്‍ അവരുടെ കമ്പനി ഡിറക്ടര്‍മാര്‍ക്കു എലെക്ട്രിക്കല്‍ വോട്ട് ചെയ്യാന്‍ പറ്റുമത്രേ. മരുമകനെ സീ ഓഫ് ചെയ്യാന്‍ വിമാനത്താവളത്തില്‍ പോയി വന്നു പറഞ്ഞത് അദ്ദേഹത്തിന് കിട്ടിയ സീറ്റ് ക്ലോക്ക് പിറ്റിനു തൊട്ടു പിറകിലാണ് എന്നാണ്.

ഞങ്ങളൂടെ തട്ടകത്തില്‍ നിന്നും സ്ഥലം മാറി ദൂരെ പോയ അയ്യരെ കണ്ടിട്ട് കുറെ കാലമായി. അടുത്ത കാഴ്ച്ചയിലെ വിഭവ സമാഹരണത്തിനായി കാത്തിരിക്കുകയാണ്.

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.