Follow the News Bengaluru channel on WhatsApp

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ ഏഴ്  

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

 

ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു ദിവസമായിരുന്നു ആ ഞായറാഴ്ച. അതെ. സമാജം കുടുംബ കൂട്ടായ്മയിലെ മാളവിക എന്ന മാളൂട്ടിയുടെ ഉന്നത വിജയത്തില്‍ സന്തോഷിക്കുവാനും അവളെ അഭിനന്ദിക്കാനും ചേര്‍ന്ന ഒരു ഉച്ച വിരുന്ന്. വളരെ അഭിമാനവും സന്തോഷവും ചാരിതാര്‍ഥ്യവും കൈവന്ന മൂന്നു നാലു മണിക്കൂറുകള്‍. ജീവിതത്തില്‍ അപൂര്‍വ്വം വീണുകിട്ടുന്ന ചരിത്ര മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത്. ഒന്നാമത്തെ ഉദ്യമത്തില്‍ തന്നെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പരീക്ഷ പാസ്സാകുക എന്നത് അസാധാരണമായി സംഭവിക്കുന്ന ഒരത്ഭുതമത്രെ. മാളവികയുടെ നിശ്ചയ ദാര്‍ഢ്യവും അക്ഷീണ പരിശ്രമങ്ങളും ഈ ലക്ഷ്യസാധ്യത്തിന്റെ നെടുംതൂണുകളായിരുന്നു. ശിവുവിന്റെയും, ബിന്ദുവിന്റേയും, മമ്മിയുടെയും സര്‍വ പിന്തുണകളും ഈ വിജയത്തിന്റെ പിന്നിലുണ്ടായിരുന്നു. അവര്‍ക്കും അതുപോലെ തന്നെ കണ്‍ട്രി ക്ലബ്ബിലെ അവരൊരുക്കിയ വിരുന്നില്‍ പങ്കെടുത്ത ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷത്തിന്റെയും ചാരിതാര്‍ഥ്യത്തിന്റെയും നിമിഷങ്ങളായിരുന്നു കടന്നുപോയത്.

ചന്നം പിന്നം പെയ്തുകൊണ്ടിരുന്ന ബാംഗ്‌ളൂര്‍മഴ പകലാരംഭത്തില്‍ ദ്വിചക്രചതുര്‍ചക്രശകടങ്ങളില്‍ എത്തിപ്പെട്ട അതിഥികള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഞങ്ങളെത്തുമ്പോള്‍ ആതിഥേയരും ക്ലബ് അംഗമെന്ന നിലയില്‍ സംഭവം ലേശം ചുളുവിലക്ക് ആക്കിതന്ന സമാജം അധ്യക്ഷനും കുടുംബവും എത്തിയിട്ടുണ്ടായിരുന്നു. വക്കീല്‍ പരീക്ഷ പാസ്സായിട്ടുണ്ടെന്ന മതിയായ കാരണം കൊണ്ട് പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും പേരിനു മുമ്പ് വക്കീലിനെ അകമ്പടി ചേര്‍ക്കാന്‍ അദ്ദേഹത്തിനും ഞങ്ങള്‍ക്കും പെരുത്തിഷ്ടമാണ്. ഞങ്ങളുടെ പ്രസിഡന്റ് ആപ്പ ഊപ്പയൊന്നുമല്ലെടേയ് വക്കീലാണെന്നു തല ഉയര്‍ത്തി എവിടെയും പൂശാമല്ലോ.

ഇതിനിടയില്‍ ഒരു കോഴിക്കോടന്‍ പട കുഞ്ഞുകുട്ടിപരാധീനങ്ങളുമായി വന്നു ചേര്‍ന്നു. ഗുഡ് മോര്‍ണിംഗ്, കുശല പ്രശ്‌നങ്ങള്‍, ഹാന്‍ഡ് ഷേക്സ്..
താമസം വിനാ പെണ്ണുങ്ങള്‍ പെണ്ണുങ്ങളായും ആണുങ്ങള്‍ ആണുങ്ങളായും തിരിഞ്ഞു. ആണ്‍പട എന്തോ ഗൂഢാലോചനയുമായി കുറെ നേരം അവിടെ ചുറ്റിപ്പറ്റി നിന്നു. ഇടക്ക് കിംഗ് ഫിഷര്‍, ബഡ്വൈസര്‍, ട്യൂബര്‍ഗ്, ഹോട്, കോള്‍ഡ് തുടങ്ങിയ ശബ്ദങ്ങളാല്‍ അന്തരീക്ഷം മദ്യശബ്ദമുഖരിതമായി. പിന്നീട് തലപ്പാവും, വേഷഭൂഷാദികളും, വേഷംകെട്ടും ഒന്നുമില്ലാത്ത ഒരു വെളമ്പനെ കൈ കൊട്ടി വിളിച്ചു.
മേല്പറഞ്ഞ സാധനങ്ങള്‍ ഗാസിബോയുടെ ഉന്നതങ്ങളില്‍ പിഴവ് കൂടാതെ എത്തിക്കാന്‍ കല്പിച്ചു. ഗൂഢാലോചനയില്‍ സംശയാലുക്കളായി, പന്തം കണ്ട പെരുച്ചാഴിയെ പോലെ മിഴിച്ചു നിന്ന ഒന്ന് രണ്ട് പൊടികളെയെല്ലാം നേത്ര -ഹസ്ത മുദ്രകള്‍ കൊണ്ടും അവയെ കൂസാതെ നിന്ന അലമ്പന്മാരെ ജിഹ്വ എന്ന മാരകമായ നശീകരണ സ്ഫോടകശക്തിയുള്ള എല്‍എംജി കൊണ്ടും തുരത്തി ഓടിച്ചു. ആസൂത്രിതമായ ജലസേചന സാഹസത്തിനായി ഗാസിബോയുടെ കോണ്‍ക്രീറ്റ് പടികള്‍ കേറവേ ഭാര്യാസമേതരായി എത്തിപ്പെട്ട ചില ആണ്‍ ശിങ്കങ്ങള്‍ മിടിക്കുന്ന ഹൃദയത്തോടെ താഴെയിരിക്കുന്ന പൊണ്ടാട്ടിമാരുടെ മൗനാനുവാദത്തിനായി കഥകളി മുദ്രകള്‍ കാണിക്കുന്നതും കാണായി. അതുകൊണ്ടു തന്നെ അവരുടെ മുഖങ്ങളില്‍ ബി. പി സംബന്ധമായ എന്തോ ഒരിദ്. ഇഞ്ചി കടിച്ച വാനര മുഖത്തിന്റെ ജാള്യവും ഉണ്ടാക്കി. ഒന്നോ രണ്ടോ ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധിയാര്‍ന്ന മുഖ കമലങ്ങളില്‍ ‘വീട്ടിലേക്കു വാട്ടോ കാണിച്ചു തരാം’ എന്ന താക്കീതും കണ്ടപോലെ തോന്നി. പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഒറ്റയ്ക്ക് വന്ന കണവ കേസരികള്‍ അവിചാരിതമായി വീണുകിട്ടിയ സ്വാതന്ത്ര്യത്തിന്റെ പാല്പായസം കുടിച്ച സന്തോഷത്തോടെ പടികള്‍ ചവിട്ടിക്കേറി. കൂവി തെളിയാന്‍ വെമ്പുന്ന മക്കള്‍ കൂട്ടം ആംഗലേയത്തിലും, കന്നഡത്തിലും, മലയാളത്തിലും പിന്നെ എല്ലാം കൂട്ടിക്കലര്‍ത്തിയ അവിയല്‍ ഭാഷയിലും പടക്കം പൊട്ടിച്ചു കളിച്ചു. താഴെ വീരനാരികള്‍ കഥാകാലക്ഷേപത്തിലേക്കു കൂപ്പുകുകുത്തി.

സാധനങ്ങള്‍ താലത്തില്‍ വരിയൊത്തു നിരത്തി കിടത്തി ഉന്നതങ്ങളില്‍ പാനീയങ്ങള്‍
ആനയിക്കപ്പെട്ടപ്പോള്‍ ഓരോരുത്തരും അവര്‍ പറഞ്ഞ അടയാളങ്ങള്‍ ഉള്ളവ യഥാസ്ഥാനങ്ങളില്‍ അണ്‍ലോഡ് ചെയ്തു. ഒന്നാംവട്ടം മാത്രമേ ഈ ജാഗരൂകത ഉണ്ടാവൂ എന്നറിഞ്ഞ ഒരു വിദ്വാന്‍ ‘വാട്ടീസ് ബ്യൂട്ടി വെന്‍ ലൈറ്റ് ഈസ് പുട് ഓഫ്’ എന്നു പറഞ്ഞു അസ്ഥാനത്തു ബര്‍ണാഡ് ഷായെ വലിച്ചിഴച്ചു. ചോരനിറമാര്‍ന്ന വീരഭദ്രന്മാര്‍ മേശമേല്‍ കുത്തി നിര്‍ത്തപ്പെട്ടപ്പോള്‍ ഏവരുടെയും മോന്തകള്‍ ചക്ക കൂട്ടാന്‍ കണ്ട ഗ്രഹണിക്കാരനെ പോലെ നൂറ്റമ്പതു വാട്‌സില്‍ പ്രകാശിച്ചു. നാരീക്ഷേമമന്വേഷിക്കാന്‍ താഴെയിറങ്ങിയ സംഘാടകരെ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ ഒരു ചേട്ടന്‍ ഒരു ബഡ്വൈസറിന്റെ കഴുത്തറത്തു. കൂട്ടത്തിലെ മുത്തപ്പന് സ്ഫടികക്കോപ്പയില്‍ നേദിച്ചു. അദ്ദേഹം പരമ്പരാഗത പൂജാവിധിയെന്നോണം നടുവിരല്‍ ദ്രാവകത്തില്‍ മുക്കി മൂന്നുവട്ടം മുന്നിലേക്ക് ഇറ്റി തെറിപ്പിച്ചു.

ശേഷം തുരു തുരാന്ന് കുപ്പീ കണ്ഠ ഛേദം നടന്നു. ദ്രാവകന്‍ നുരഞ്ഞു പൊന്താന്‍ അവസരം നല്‍കാതെ നീചന്മാര്‍ ദ്രുത പാനം നടത്തി.

വൃത്തം ഒന്ന് കഴിഞ്ഞപ്പോഴാണ് ഒരു ചേട്ടന്‍ ഉപദംശങ്ങള്‍ എത്താത്തതില്‍ അക്ഷമ പ്രകടിപ്പിച്ചത്.അദ്ദേഹം ഏപ്പോഴും അങ്ങിനെയാണ്. ഏതൊരു കാര്യത്തിനും ശടേന്ന് പ്രതികരണം വരും. പിന്നെ പുളിയുറുമ്പ് കടിച്ചപോലെ അതില്‍ തൂങ്ങി കിടക്കും. തല അറ്റുപോയാലും കടി വിടില്ല. ആരൊക്കെയോ അദ്ദേഹത്തോട് ശാന്തി ശാന്തി എന്ന് പറഞ്ഞു കോപം തണുപ്പിക്കാന്‍ ശ്രമിച്ചു. പിന്നെ കുരുമുളക് അരച്ച് ചേര്‍ത്ത് വരട്ടിയ സ്വയമ്പന്‍ കുക്കുട കഷ്ണങ്ങള്‍ എത്തുന്ന വരെ അദ്ദേഹം അസ്വസ്ഥനായ അര്‍ശസ്സുകാരനെ പോലെ ഏക പൃഷ്ഠത്തില്‍ ഇരിക്കുന്നതായി കണ്ടു.

ഒരു ചേട്ടന്റെ ഭാവന പതുക്കെ തലപൊക്കി തുടങ്ങി. ഭാവന വരുമ്പോള്‍ പല കാര്യങ്ങളും പുലി വരുന്നതുപോലെ വരും. പിന്നെ പൂച്ചയെ പോലെ അത് പോകുന്നതും കാണാം. അന്ന് വന്നത് ശബരിമല തന്ത്രി സംബന്ധമായ ഒരു സാധനമായിരുന്നു. സന്നിധിയില്‍ വെച്ച് ഒരു മുന്‍ തന്ത്രി മുഖ്യന്‍ സുഹൃത്തുക്കള്‍ക്ക് വീരഭദ്ര സല്‍ക്കാരം നടത്തിവന്നിരുന്ന കാര്യം ആരോ അനുബന്ധമായി പറഞ്ഞപ്പോള്‍ സംഭാഷണം ഏതോ ഒരു വാക്കിന്റെ സ്ലിപ്പിങ്ങില്‍ പല്ലുവേദനക്കാരന്‍ അവലോസുണ്ട കടിച്ചപോലെ നിന്നു. ശിരോ സംബന്ധിയായ ഒരു ന്യൂനത (തീര്‍ച്ചയായിട്ടും വട്ടല്ലെന്ന് അഫിഡവിറ്റ് തരുന്നു. വെറുതെ തെറ്റിദ്ധരിക്കാന്‍ നിന്നാല്‍ കൊന്തിടുവേന്‍.) എന്ന് മുട്ടുന്യായം പറഞ് ചേട്ടന്‍ ഈയടുത്ത് ഒന്ന് രണ്ട് ഒത്തുകൂടലുകള്‍ക്കു പാര വെക്കാന്‍ ഒരു അബോര്‍ട്ടീവ് അറ്റംപ്റ്റ് നടത്തിയ കാര്യം കൂട്ടിവായിക്കണം. ഈ ന്യൂനതയെ കുറിച്ച് വേറൊരു വിദ്വാന്‍ ക്ഷണനേരം കൊണ്ട് ഗവേഷണം നടത്തി പൂച്ചയെ പൊറത്തു ചാടിച്ചതുകാരണം പാര വെച്ചത് വെച്ചതിനേക്കാള്‍ വേഗത്തില്‍ എടുക്കേണ്ടി വന്നത്രെ.

പിന്നെ ഒരു ചേട്ടന്‍ പതിവ് പോലെ വര്‍ത്തമാനത്തിന്റെ ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടി ഓട്ടം തുടങ്ങി.

അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ ആദിമദ്ധ്യാന്തങ്ങളില്‍ അറിഞ്ഞോ അറിയാതെയോ എപ്പോഴും കടന്നുവരാറുള്ള നാരീ നഗര നാമധേയങ്ങള്‍ പുറത്തു ചാടിയപ്പോള്‍ ആരോ പ്രതീക്ഷിച്ചതു കിട്ടിയതില്‍ സന്തോഷിച്ചു തലയാട്ടുന്നതു കണ്ടു. പിന്നെ, വിഷയം ഉത്തരാഖണ്ഡിലെ ഉത്സവ രാവുകളും സുരപാനത്തിന്റെ ഹരിശ്രീ കുറിക്കലും.കൂട്ടം കൂടല്‍ പതി കാലത്തില്‍ കൊട്ടിക്കയറി മൂര്‍ദ്ധന്യത്തില്‍ കയറി പതുക്കെ പതുക്കെ പെണ്ണുങ്ങള്‍ രണ്ടുകാലും നിലത്തുരസി പിന്നിലേക്ക് തിരിഞ്ഞു നോക്കി സ്‌കൂട്ടി നിര്‍ത്തുമ്പോലെ നിന്നു. ശേഷം കൂട്ടത്തിലെ പയ്യന്‍സിന്റെ മംഗലകാര്യത്തിലേക്കു വര്‍ത്തമാനം വഴുതി വീണു പരിക്ക് പറ്റി. കല്യാണം കഴിച്ചു പണ്ടാരമടങ്ങിയവരും അടങ്ങിക്കൊണ്ടിരിക്കുന്നവരും അടങ്ങാന്‍ പോകുന്നവരുമായ ഭൂരിപക്ഷത്തി ന്റെ ഭീഷണിയില്‍ തെല്ലും കൂസാതെ വി. കെ. എന്‍ ശൈലിയില്‍ പയ്യന്‍ ‘പാം പറ’ എന്ന് പറഞ്ഞപ്പോള്‍ കാരണവര്‍ അവസരോചിതമായി എന്തോ എത്ര കുളം കണ്ടിരിക്കണു എന്നും തിരിച്ചും പറഞ്ഞു പയ്യന്‍സിനു ഗ്രൗണ്ട് സപ്പോര്‍ട് നല്‍കി. എങ്ങിനെ സമാധാന പൂര്‍ണ്ണ മായ ഒരു ദാമ്പത്യ ജീവിതം നയിക്കാം എന്ന വിഷയത്തില്‍ സ്റ്റഡി ക്ലാസ് തരാമെന്നു പറഞ്ഞ അഫിഡവിറ്റ് ചേട്ടനെ ആരോ ‘എങ്ങിനെ എളുപ്പം പണമുണ്ടാക്കാം’ എന്ന പുസ്തകമെഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുവാന്‍ പണമില്ലാതെ മേപ്പട്ട് നോക്കിയിരിക്കുന്ന കര്‍ത്താവിനോടുപമിച്ചു. ഡയലോഗുകള്‍ തുടരവേ കോഴിയും കോളിയും മസാലലേപനങ്ങളോടെ ആവി പറത്തിക്കൊണ്ട് സന്നിഹിതരാകുകയും ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു.

മൂക്കത്തു വിരല്‍ വെച്ചിരിക്കുന്ന ആതിഥേയനെ കണ്ട് കാര്യം ചോദിച്ചപ്പോള്‍, ഇതുവരെ ഇറിഗേഷന്‍ കമ്മിറ്റിയില്‍ കാണാത്ത ഒരാളെ ഇപ്പോള്‍ കണ്ടതില്‍ അത്ഭുതം കൂറിയാണെന്ന് ഒരാളും, രണ്ട് അമൂല്യമായ ദന്തങ്ങള്‍ അകാലത്തില്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തില്‍ മുമ്പിലിരിക്കുന്ന കുക്കുടാദികള്‍ പഴയപോലെ ദംശിച്ചു വധിക്കാനുള്ള കഷ്ടമോര്‍ത്താണെന്ന് ഇനിയൊരാളും പറഞ്ഞു. അതൊന്നുമല്ലെന്നും വെറുതെ എഴുതാപ്പുറം വായിച്ചാല്‍ ഷൂട്ട് പണ്ണിടുവേന്‍ എന്നും മൂക്കത്തു ലാന്‍ഡ് ചെയ്ത മശകത്തെ ലെവന്‍ ലക്ഷ്യസാദ്ധ്യം നടത്തുന്നതിന് മുമ്പേ വിരലാല്‍ താഡിച്ചതാണെന്നും അദ്ദേഹം എക്‌സ്പ്ലനേഷന്‍ നല്‍കി.

കിറുങ്ങിയിരുന്നു സംഭാഷണങ്ങള്‍ കേട്ടിരുന്ന മുന്‍ കാര്യദര്‍ശിയുടെ ഹൈബര്‍ണേഷനില്‍ വിചാരിക്കാത്ത നേരത്തു് പ്രസിഡന്റ് കയറി പിടിച്ചു. കാര്യദര്‍ശി കിരീടവും ചെങ്കോലും വേറെ നീചന്‍ തട്ടിപ്പറിച്ചതിന്റെ കലിപ്പ് തീര്‍ക്കാനായിരുന്നു അജ്ഞാത വാസമെന്നുള്ള ആരോപണം മറ്റു നീചന്മാര്‍ ആസ്വദിച്ചു. എന്നാല്‍ ആരോപണവിധേയനായവന്‍, മുള്‍ക്കിരീടം തലയില്‍ വെപ്പിച്ചതാണെന്നും ഇനി അടുത്ത നിര്‍ഭാഗ്യവാന് അത് കൈമാറുന്നവരെ പീഡനകാലമാണെന്നും തിരിച്ചടിച്ചു.

സമ്മേളനം പാതി കഴിഞ്ഞ നേരത്തു ഒരാള്‍ കൂടി പൗര്‍ണമി പുഞ്ചിരിപ്പൂനിലാവ് പരത്തി വന്നു ചേര്‍ന്നു.

സഹൃദയന്‍ ആദ്യം സമക്ഷത്തേക്കു വന്ന വീരഭദ്രനെ സ്‌നേഹപൂര്‍വ്വം മാറ്റിനിര്‍ത്തിയെങ്കിലും ഉയര്‍ന്ന സാമൂഹ്യബോധത്താല്‍ പിന്നീട് തീരുമാനം മാറ്റുകയുണ്ടായി. എളേപ്പനെ മോന്താന്‍ പഠിപ്പിച്ച കഥയുമായി അടുത്തയാള്‍ രംഗത്ത് വന്നു. അദ്ദേഹത്തിന്റെ ലോ വേസ്റ്റ് കളസം അഴിഞ്ഞു വീഴുന്നതു കാണാന്‍ ഒരാള്‍ പിന്നില്‍ തന്നെ നടന്നിരുന്നു. നടന്നു മടുത്തപ്പോള്‍ ഭക്ഷണ സമയത്തു് സ്വല്പം നിരാശാബോധത്തോടെ അദ്ദേഹത്തിന് ഒരു മുന്നറിയിപ്പ് കൊടുത്തു തൃപ്തനായി.

ഇത്രയും നേരം നാരീ സഭയില്‍ കുറെ കൂടെ ഗൗരവമായ വിഷയങ്ങളായ ജനറ്റിക്സും ആന്ത്രോപോളജിയുമൊക്കെയായിരുന്നു ചര്‍ച്ചാ വിഷയമെന്ന് അഭിജ്ഞവൃത്തങ്ങള്‍ അറിയിച്ചു.

സ്വാദിഷ്ടമായ വണ്ടര്‍ഫുള്‍ ഭക്ഷണം ഫുള്‍ വയര്‍ അടിച്ചു മേമ്പൊടിക്ക് ജാമൂനും ഐസ് ക്രീമും കഴിച്ചപ്പോള്‍ എല്ലാവരും പരമ ഹാപ്പി. പിന്നെ ചേര്‍ന്ന അനുമോദനയോഗം പ്രൗഢ ഗംഭീരമായി. ഈ വിജയത്തില്‍ കൂട്ടായ്മയിലെ എല്ലാവരും അങ്ങേയറ്റം സന്തോഷം രേഖപ്പെടുത്തി. മാളൂട്ടിയുടെ ശോഭനമായ ഭാവിക്ക് എല്ലാ വിധ ആശസകളും നേര്‍ന്നുകൊണ്ടു യോഗത്തിനു തിരശീല വീണപ്പോള്‍ ഒരു ദിവസം ധന്യമായതിന്റെ സംതൃപ്തി ഞങ്ങളുടെ മനസ്സുകളില്‍ ഒളി മങ്ങാത്ത സുവര്‍ണ്ണ ദീപനാളമായി മാറുകയും ചെയ്തു.

 

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.