ബ്രാമിണ്‍ ഇഡ്ലി

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

ഏഴ്  

ബ്രാമിണ്‍ ഇഡ്ലി

കുളിയും ആഹാരവുമെല്ലാം കഴിഞ്ഞു സൗകര്യം പോലെ ബിസിനെസ്സ് മീറ്റിങ്ങിനു പോവുകയാണെങ്കില്‍, മുംബൈയില്‍ നിന്നും വന്ന കച്ചവടം അടുത്ത ഫ്ളൈറ്റില്‍ മടങ്ങിപ്പോകും. വീണുകിട്ടുന്ന കച്ചവടം നഷ്ട്ടപ്പെടുത്തരുതെന്നു നിര്‍ബന്ധമുള്ളതു കൊണ്ടാണ് രാവിലെ ആറുമണിക്കു തന്നെ കുളിക്കാനും പ്രാതല്‍ കഴിക്കാനുമൊന്നും നില്‍ക്കാതെ ബിസിനെസ്സ് മീറ്റിങ്ങിനായി വീട്ടില്‍ നിന്നിറങ്ങിയത്.

മീറ്റിംഗ് കഴിഞ്ഞു മടങ്ങിയപ്പോള്‍ സമയം ഒമ്പതു മണി, മടങ്ങുമ്പോള്‍ കച്ചവട പങ്കാളി സുധര്‍മ്മനും കൂടെയുണ്ടായിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ വയറ്റില്‍ നിന്നും വിശപ്പിന്റെ വിളികേട്ടു. ഇനിയും വീട്ടിലെത്താന്‍ അരമുക്കാല്‍ മണിക്കൂര്‍ വേണം. വീട്ടില്‍ ചെന്നാലും കുളിച്ചു ആഹാരത്തിലേക്കെത്താന്‍ വീണ്ടും വൈകും. അത്രയും സമയം വിശപ്പ് സഹിക്കേണ്ട കാര്യമില്ല, എന്തെങ്കിലും കഴിച്ചു പോകാം, സുധര്‍മ്മനും സമ്മതം.

വണ്ടിനിര്‍ത്തി നോക്കിയപ്പോള്‍ അരികില്‍ കണ്ടതു, ‘ബ്രാമിണ്‍ ഇഡ്ലി ‘പ്യുവര്‍ വെജിറ്റേറിയന്‍’ എന്ന ഫാസ്റ്റ് ഫുഡിന്റെ ബോര്‍ഡാണ്. തൊട്ടടുത്ത് വേറെ ഹോട്ടലൊന്നും കാണാനുമില്ല. ഇനിയൊരെണ്ണം അടുത്തുണ്ടെങ്കില്‍തന്നെ അവിടെ വണ്ടിക്ക് പാര്‍ക്കിങ് സൗകര്യം ഉണ്ടാവണമെന്നുമില്ല, ആലോചിക്കുന്നതിനിടയില്‍ സുധര്‍മ്മന്‍ നിര്‍ദേശിച്ചു:

‘ഇവിടെ തന്നെ കയറാം. എന്റെ കുടല്‍ കരിഞ്ഞ മണം വരുന്നുണ്ട്…’ വിശക്കുന്നു എന്നതിനു തൃശൂര്‍ കാരന്‍ സുധര്‍മ്മന്റെ കാവ്യഭാഷയാണു കുടല്‍ കരിയല്‍ …

‘ശരി, ഇവിടെ തന്നെ കയറി എന്തെങ്കിലും കഴിച്ചു വയറിന്റെ വിളിയോടു പ്രതികരിച്ചു കളയാം….!

വണ്ടി പാര്‍ക്ക് ചെയ്തു, അകത്തു കടക്കുമ്പോഴേക്കും നെയ്യിന്റെ ഗന്ധം മൂക്കില്‍ തുളച്ചു കയറി, വായില്‍ വെള്ളമൂറി.. രണ്ടുഇഡ്ഡ്‌ലിയും വടയും ചായയും ആകാം. ടിക്കറ്റെടുത്തു. ടിക്കറ്റ് കൗണ്ടറില്‍ കാണിച്ചു ഇഡ്ഡ്‌ലിയും ചായയും വാങ്ങി ഒഴിഞ്ഞ ടേബിളില്‍ ഇരുന്നു…

ഇഡ്ഡ്‌ലിയുടേയും ചട്ണിയുടേയും സാമ്പാറിന്റേയും രുചികൊള്ളാം. എന്നാല്‍ ഈ രുചി, അസാധാരണമൊന്നുമല്ലായിരുന്നു. ഈ നഗരത്തില്‍ ഇതേ രുചിനിലവാര മുള്ള ഹോട്ടലുകള്‍ ആയിരമോ രണ്ടായിരമോ ഉണ്ടാകും..

‘സുധര്‍മ്മന്‍, ഈ ‘ബ്രാമിണ്‍ഇഡ്ഡ്‌ലി’ എന്ന് പേരിട്ടതിന്റെ രഹസ്യമെന്താണെന്നറിയുമോ? ‘

സുധര്‍മ്മനറിയാത്ത വിഷയങ്ങള്‍ കുറവാണ്, മൂപ്പര്‍ വിശദീകരിച്ചു:

‘ബ്രാമിണ്‍ ഹോട്ടല്‍’ എന്നാല്‍ മുന്തിയ ഹോട്ടല്‍ എന്നൊരു ധ്വനി സമൂഹത്തിലുണ്ട്. പാചകത്തില്‍ രുചിയില്‍, വൃത്തിയില്‍ ശുദ്ധിയില്‍ എല്ലാറ്റിലും ഒന്നാമത് ബ്രാഹ്മണനാണെന്ന ഒരു അബദ്ധധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതല്ലേ ഒരു സിനിമാ താരം പറഞ്ഞത്, അടുത്ത ജന്മം ഒരു ബ്രാമിണ്‍ ആയി ജനിക്കുന്നതാണ് അയാളുടെ ജീവിത സാഫല്യമെന്ന് ‘

‘പാചകം അവരുടെ തൊഴിലാണോ? അവര്‍ പരമ്പരാഗതമായി പൂജാരികള്‍ – വൈദികരല്ലേ? ‘

‘ജാതികളും തൊഴിലുകളും എല്ലാം അവര്‍ തന്നെയല്ലേ നിശ്ചയിച്ചത്? എല്ലാ ജാതിക്കാര്‍ക്കും ജോലി നിശ്ചയിച്ചപ്പോള്‍ അധ്വാനം ആവശ്യമില്ലത്ത പുരോഹിതന്റെ ജോലി സ്വയം എടുത്തു. മനുഷ്യന്‍ ചലിക്കേണ്ടത് എങ്ങനെയെന്നു ഇന്ത്യയില്‍ നിശ്ചയിച്ചത് ബ്രാഹ്മണരാണ്’

‘സ്വാതന്ത്ര്യം കിട്ടുന്നതുവരയല്ലേ ബ്രാമിണ്‍ ഭരണം? ഇപ്പോള്‍ ജനാധിപത്യമല്ലേ? പാചകത്തിലും കച്ചവടത്തിലും ഇക്കാലത്തു എല്ലാവരും ശോഭിച്ചു തുടങ്ങി… പിന്നെ, ബ്രാമിണ്‍ എന്ന പേരുകേട്ടാല്‍ ആളുകള്‍ ഭക്ഷണം കഴിക്കാന്‍ ഇരച്ചു കയറുമോ? അതൊരു കച്ചവട തന്ത്രമല്ലേ? ‘

‘ അതൊരു തന്ത്രമാണു, അതു കേവലം കച്ചവടതന്ത്രം മാത്രമല്ലാ ‘

സുധര്‍മ്മന്റെ വീക്ഷണം എനിക്ക് മനസ്സിലായില്ല.

‘ തെന്താ? ‘

സുധര്‍മ്മന്‍ വിശദീകരിച്ചു :

‘അതില്‍ ഒരു രാഷ്ട്രീയമുണ്ട്.. ജനാധിപത്യഭരണം വന്നപ്പോള്‍ ബ്രഹ്മണന്റെകയ്യില്‍ നിന്നും രാഷ്ട്രീയാധികാരം പോയെങ്കിലും, രാഷ്ട്രീയ-ഔദ്യോഗിക-മാധ്യമ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം സവര്‍ണ്ണാധിപത്യം തുടരുകയാണ്. സ്വാതന്ത്ര്യം കിട്ടി വര്‍ഷം എഴുപതു കഴിഞ്ഞിട്ടും സവര്‍ണ്ണ മേധാവിത്വം വിട്ടു കൊടുക്കാന്‍ അവര്‍ തയ്യാറല്ല. സമസ്ത രംഗത്തും അവര്‍ അധികാരം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരുകയാണ്… ‘

എനിക്കു ഇനിയും വ്യക്തമാവാത്ത പലതുമുണ്ടായിരുന്നു.

‘ബ്രാമിണ്‍ ഹോട്ടല്‍ എന്ന പേരു കൊണ്ടുമാത്രം കച്ചവടം വിജയിക്കുമോ? ‘

‘കേവലം ബ്രാമിണ്‍ എന്ന ആ പേരില്‍ തന്നെ ഉന്നതം, വൈദഗ്ധ്യം പരിശുദ്ധം എന്നെല്ലാമുള്ള ഒരു ധ്വനി മുമ്പേ തന്നെ സമൂഹത്തില്‍ ബ്രാഹ്മണര്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹം ഇന്നും ബ്രാഹ്മണ്യ സാംകാരികാടിമത്വത്തില്‍ നിന്നും മുക്തമായിട്ടില്ല. .’

ഇനിയൊരുപക്ഷേ, ചായ ഗംഭീരമാണെങ്കിലോ? എന്റെ സംശയം തുറന്നു പറഞ്ഞു:

‘നമുക്കു ചായ പരീക്ഷിക്കാം’ കൈകഴുകി ഞാന്‍ കൗണ്ടറില്‍ പോയി, ആവിപറക്കുന്ന രണ്ടു ചായയും വാങ്ങികൊണ്ടു വന്നു, ഒന്നു സുധര്‍മ്മനും കൊടുത്തു. സാവധാനം ചുണ്ടിലടുപ്പിച്ചു കുടിച്ചു. ചായയും മോശമില്ല….!

‘സുധര്‍മ്മന്‍, ചായയിലും രുചിയുടെ വിസ്മയമൊന്നുമില്ലല്ലോ . പിന്നെ..?’

സുധര്‍മ്മന്‍ ചായ രുചിച്ചുകൊണ്ട് വിശദീകരിച്ചു:

‘അത്ഭുതമൊന്നും ഉണ്ടാവണമെന്നു കസ്റ്റമേഴ്‌സിനും നിര്‍ബന്ധമില്ല. ബ്രാമിണ്‍ ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കുന്നതില്‍ സവര്‍ണ്ണനും അവര്‍ണ്ണനും ഒരുതരം ആത്മരതി അനുഭവിക്കുന്നുണ്ട്… അതൊരു ഇന്ത്യന്‍ നിര്‍മ്മിതപൊതുബോധമാണ്, ഈ പൊതുബോധനിര്‍മിതിയില്‍ എന്നും ബ്രാഹ്മണ്യം വിദഗ്ധരാണ്. ഈ വിശ്വാസമാണ് കച്ചവടത്തിന്റെയും സാംസ്‌കാരികാധിപത്യത്തിന്റെയും വിജയ രഹസ്യം..’

സുധര്‍മ്മന്‍ പറഞ്ഞത് ശരിയാണ്. ഹോട്ടലിലെ തിരക്ക് ശ്രദ്ധിച്ചു. കേവലം സാധാരണമായ ഈ ഭക്ഷണം കഴിക്കാന്‍ ജനം ഇടിച്ചുകയറി വരുന്നുണ്ടായിരുന്നു. ബ്രാമിണ്‍ ഇഡ്ഡ്‌ലി മാത്രമല്ല, നമ്പൂതിരി പല്‍പ്പൊടി, നമ്പൂതിരി അച്ചാറുകള്‍, സവര്‍ണ്ണ നാമത്തില്‍ ഇറക്കുന്ന എല്ലാ ഉല്‍പന്നങ്ങളും മാര്‍ക്കെറ്റില്‍ വിജയിക്കുന്നുണ്ട്, അവര്‍ വിജയിക്കട്ടെ…!

‘മൂവായിരം കൊല്ലത്തിലേറെ ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ഈ സമൂഹം ജനാധിപത്യ സമ്പ്രദായത്തിലെത്തിയ ഇന്നും, സാംസ്‌കാരികമായി അടക്കിഭരിക്കുകയാണ്, ബ്രാമിണ്‍ എന്നെ പേരു കേള്‍വിയില്‍ത്തന്നെ ലാഭവും പുലയ, ഈഴവ എന്ന അവര്‍ണ്ണ പേരുകള്‍ കേള്‍വിയില്‍ തന്നെ നഷ്ടവുമാണ്.’

ഹോട്ടലില്‍നിന്നും ഞങ്ങള്‍ പുറത്തിറങ്ങിയിട്ടും ഈ വിഷയം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. വണ്ടിയില്‍ കയറുമ്പോള്‍ സുധര്‍മ്മന്‍ തുടര്‍ന്നു :

‘ഇതുപോലെ തന്നെ ഒരു നെഗറ്റീവ് ചിന്തയും സമൂഹത്തിലുണ്ട്.. ‘പുലയ ഇഡ്ഡ്‌ലി’ യെന്നോ ‘ഈഴവ അച്ചാര്‍’ എന്നോ ഒരുല്‍പന്നം മാര്‍ക്കെറ്റില്‍ ഇറക്കിയാല്‍ അതിനു സ്വയം പ്രചാരംകിട്ടുമോ? കിട്ടില്ല, അവര്‍ അധമജാതിക്കാരാണെന്ന പൊതുബോധം ഇവിടെ നേരത്തെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വൃത്തിയും വെടിപ്പും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടവരായിരുന്ന അവര്‍ക്കു പാചകമറിയില്ല എന്നാണു നമ്മുടെ പൊതുബോധം. ആരെങ്കിലും ഒരാള്‍ അത്തരം കച്ചവടത്തിനിറങ്ങിയാല്‍ അയാള്‍ക്കറിയാം, അതെല്ലാം ഉടന്‍ പൂട്ടിപ്പോകും, ജാതിവ്യവസ്ഥയുടെ ക്രൂരതയില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി അവര്‍ണ്ണ ജാതികളില്‍ നിന്നും ജാതിമാറി മാര്‍ക്കംകൂടി മുസല്‍മാനും കൃസ്ത്യാനിയുമായവര്‍പോലും ഈ സവര്‍ണ്ണ ബോധത്തില്‍നിന്നും മുക്തമല്ല.. ‘ സുധര്‍മ്മന്റെ വാക്കുകളില്‍ പ്രതിഷേധം പടരുന്നുണ്ടായിരുന്നു ..

‘നവോത്ഥാന കാലത്തു പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ആണ് നമ്മുടെ സാഹിത്യവും നാടകവും സിനിമയും ശ്രമിച്ചത്. എന്നാലിന്നു കോവിഡ്  വന്നപ്പോള്‍ പൂജാരിയുടെ വീട്ടില്‍ അടുപ്പ് പുകയാത്തതിലായിരുന്നു ചിലര്‍ക്ക് സങ്കടം. ക്ഷേത്രങ്ങളില്‍ നിന്നു വരുമാനം കുറയുമ്പോള്‍ പുരോഹിതന്റെ ദാരിദ്ര്യം വലിയതാക്കി കാണിക്കാന്‍ ശ്രമിക്കുന്ന കലാകാരന്‍മാര്‍ സവര്‍ണ്ണദാസ്യമാണ് ചെയ്യു ന്നത്.. ‘

ഞാനാലോചിക്കാന്‍ തുടങ്ങിയതു ഇപ്പോഴാണ്. എനിക്കും കാഴ്ച കിട്ടാന്‍ തുടങ്ങുകയായിരുന്നു..

‘അത് ശരിയാണ് സുധര്‍മ്മന്‍.. സവര്‍ണ്ണന്‍ എങ്ങനെ ചിന്തിക്കുന്നു, അതു പോലെയാണ് നമ്മുടെ രാഷ്ട്രീയചിന്തകള്‍ വരെ നിലനില്‍ക്കുന്നത്. നമുക്കു മേളംകൊട്ടാന്‍ പാണനുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ മാരാര്‍ മതി. പൂജയും മന്ത്രവും പഠിച്ച അവര്‍ണ്ണര്‍ ഉണ്ടെങ്കിലും ശബരിമലയിലും ഗുരുവായൂരും വടക്കുന്നാഥനിലും നമ്പൂതിരി തന്നെ വേണം പൂജക്ക്..’

ഞങ്ങള്‍ അവരവരുടെ വീടുകളിലേക്ക് പിരിയാന്‍നേരമായപ്പോള്‍ വണ്ടി നിര്‍ത്തിയപ്പോഴും സുധര്‍മ്മന്‍ തുടര്‍ന്നു:

‘നമ്മുടെ സിനിമകളില്‍ ബുദ്ധിമാനായ ആളെ കാണിക്കുമ്പോള്‍ അയാള്‍ ബ്രാഹ്മണന്‍ ആവുന്നുണ്ട്. പ്രഗത്ഭനായ പോലീസ് ഓഫീസറും ചിന്തകനും എല്ലാം സവര്‍ണ്ണരാണ്. എന്നാല്‍ ഇതെല്ലാം കാണുന്നതും ആസ്വദിക്കുന്നതും അതെല്ലാം ശരിയാണെന്നു വിശ്വസിക്കുന്നതും അവര്‍ണ്ണ ജനതയാണു. നമ്മുടെ യുക്തിബോധത്തിനും വര്‍ഗ്ഗരാഷ്ട്രീയത്തിനും ഈ സവര്‍ണ്ണ ബോധത്തെ വേണ്ടപോലെ മറി കടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് വിമര്‍ശനമല്ല,, വസ്തുതയാണ്.’

സുധര്‍മ്മന്‍ യാത്രപറഞ്ഞു പിരിഞ്ഞിട്ടും എന്നെ ബ്രാമിണ്‍ ഇഡ്ഡ്‌ലി എന്റെ തലച്ചോറില്‍ പ്രവര്‍ത്തിക്കുകയാണ് …

അടിമത്വത്തിന്റെ ദുരവസ്ഥകളില്‍നിന്നും അവര്‍ണ്ണര്‍ ഉയര്‍ന്നുവരാന്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണതത്വത്തിനുപോലും പാരവെക്കാന്‍ സവര്‍ണ്ണതാല്‍പര്യത്തിനു കഴിയുന്നു..! അപരനെ വെറുക്കാനും അവനവനു മാത്രം നേടാനുമുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ വിജയമായിരുന്നു, ഇന്ത്യയില്‍ മാത്രമുണ്ടായിരുന്ന ഏറ്റവും വിചിത്രവും നികൃഷ്ടമായിരുന്നു ജാതിവ്യവസ്ഥ. അതിന്റെ തുടര്‍ വിജയങ്ങളാണ് ബ്രാമിണ്‍ ഇഡ്ഡ്‌ലിയും നമ്പൂതിരി പാല്‍പ്പൊടിയും നമ്പൂതിരീസ് അച്ചാറുകളൂം ആഘോഷിക്കുന്നത്.

 

വിചാരം
മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം

ഇത്തിരി അനുകമ്പ⏩

ഇത്തിരി അനുകമ്പ

 

അതാണ് നിങ്ങളുടെ ആഭരണം⏩

അതാണ് നിങ്ങളുടെ ആഭരണം

തപ്പു കൊട്ടണ് തകിലടിക്കണ്⏩

തപ്പു കൊട്ടണ് തകിലടിക്കണ്

 

പാലു കാച്ചുന്ന നേരത്ത്⏩

പാലു കാച്ചുന്ന നേരത്ത് 

ജാതിചോദിക്കുന്നില്ല ഞാൻ⏩

ജാതിചോദിക്കുന്നില്ല ഞാൻ

മരണമെത്തുന്ന നേരം⏩

മരണമെത്തുന്ന നേരം

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.