Follow the News Bengaluru channel on WhatsApp

ഒക്ടോബര്‍ രണ്ട് 

ചെറുകഥ : കല. ജി.കെ

ഒക്ടോബര്‍ രണ്ട് 

ഓടിക്കിതച്ചെത്തി സമയത്തിന് തീവണ്ടി പിടിക്കാനായത്തിന്റെ ആശ്വാസത്തില്‍ സൂസന്‍മരിയ ജനലരികെയുള്ള ഒറ്റസീറ്റിന്റെ കമ്പിയില്‍ പിടിച്ചുനിന്ന് കിതപ്പടക്കി. രണ്ടുദിവസത്തെ കാര്യമായതിനാല്‍ ഹാന്‍ഡ്ബാഗ് മാത്രമെടുത്താണ് ഇറങ്ങിയത്. ഡ്രെസ്സുകള്‍ ആവശ്യത്തിന് വീട്ടിലുണ്ട്. ഇരിക്കാനൊരിടം…… ?

തൊട്ടപ്പുറത്തെ ബെര്‍ത്തിലെക്ക് ഒന്നെത്തിച്ചു നോക്കി. കുറെ ചെറുപ്പക്കാര്‍ ആണും പെണ്ണുമായി. ആശ്വാസം. ഇരുത്തം വന്ന ഒരു അവിവാഹിതയുടെ എല്ലാവിധ ഭാവങ്ങളും ശരീരഭാഷയിലൂടെ പ്രകടപ്പിച്ച് അവള്‍ അവര്‍ക്കിടയിലേക്ക് കയറിച്ചെന്ന് ജനലിനരികെത്തന്നെ സ്ഥലം പിടിച്ചു. ചെറുപ്പക്കാരുടെ കലപിലകൂട്ടം. മൊബൈല്‍ ഫോണിലേക്ക് ഇടയ്ക്കിടയ്ക്ക് നോക്കിയും വിരലുകളാല്‍ ദ്രുതപ്രവര്‍ത്തനങ്ങള്‍ നടത്തിയും ചെറുപ്പത്തിന്റെ ആവേശങ്ങള്‍ മുന്നേറി. വാട്‌സാപ്പിന്റെ സന്ദേശങ്ങളുടെ പോക്കുവരവ് തിങ്ങിനിറഞ്ഞ ആ കമ്പാര്‍ട്ട്‌മെന്റില്‍ അതാതു മൊബൈല്‍ നമ്പറിലേക്ക് എത്തിച്ചേര്‍ന്നത്തിന്റെ വിഭിന്ന ശബ്ദങ്ങള്‍ കേള്‍ക്കാം. അവര്‍ക്കിടയില്‍ ഒരു പതിനാറു വയസ്സ് തോന്നിക്കുന്ന കുട്ടി ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ വായിക്കുന്നത് കൌതുകത്തെക്കാളെറെ ആശ്വാസമാണ് ഉണ്ടാക്കിയത്.. ചരിത്രവും മൂല്യങ്ങളും പുതുതലമുറയില്‍ സുരക്ഷിതമെന്ന ചെറുതലാത്ത ആശ്വാസം.

വീണ്ടും ഒരു പെണ്ണുകാണല്‍ ചടങ്ങിനായുള്ള എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് ഇപ്രാവശ്യവും വീട്ടിലേക്ക് പോകുന്നത്. ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാഞ്ഞത് കഴിവുകേടായി സ്വയം അംഗികരിക്കുന്നതിനെക്കാള്‍ അച്ഛന്റെയും അമ്മയുടെയും ഇഷ്ട്ത്തിനു വഴങ്ങിക്കൊടുക്കുന്ന ഒരു സന്തോഷത്തിലേക്ക് ചായാനാണ് അവള്‍ക്കിഷ്ടം..

തീവണ്ടിജനാല പകുത്ത് പകുത്ത് തരുന്ന ദൃശ്യങ്ങളിലേക്ക് അവള്‍ നോട്ടമെറിഞ്ഞു. പ്രകൃതി വരച്ചു തീര്‍ത്തതും പാതിയാക്കിയതുമായ ജീവനുള്ള ചിത്രങ്ങളില്‍ കണ്ണും മനസ്സും കൊടുക്കുന്നതിനു മുന്‍പേ പിടിച്ച് വലിച്ചോടുന്ന വണ്ടിച്ചക്രങ്ങളോട് ഈര്‍ഷ്യ തോന്നി. ചുളിഞ്ഞ മുഖവുമായി ജനാലയില്‍ കൈമുട്ടൂന്നി കൂട്ടം തെറ്റിയോടുന്ന മേഘങ്ങളെ കടന്നു പിടിച്ചു. തീവണ്ടിയോടൊപ്പം മത്സരിച്ചോടുന്ന വലിയ മേഘങ്ങള്‍. കൂട്ടം തെറ്റിയും കൂട്ടുകൂടിയും പാഞ്ഞകന്നും മെല്ലെ ഇഴഞ്ഞും അവ നീലരാശിയില്‍ പടര്‍ന്നിറങ്ങി. മേഘങ്ങളില്‍ നിന്നും താഴേക്കിറങ്ങി തിരിച്ച് കമ്പാര്‍ട്ട്‌മെന്റിലേക്ക് വന്നപ്പോള്‍ ഏറെയും സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഇതിനിടയില്‍ അവരെല്ലാം എവിടെ ഇറങ്ങി? അത്ഭുതം ആശ്ച്ചര്യത്തിനു വഴിമാറി, ‘രഘുപതി രാഘവ രാജാറാം’ പാടി ഗാന്ധിജിയും രണ്ട് കൂട്ടികളും പുസ്തകങ്ങളുമായി കയറിവന്നു. ഒക്ടോബര്‍ രണ്ടിനു തന്നെ ഗാന്ധിജിയെ നേരിട്ടു കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആ തേജസ്സുറ്റ മുഖത്തേയ്ക്ക് സ്‌നേഹാദരത്തോടെ നോക്കി. വെളുത്ത ആ മുഖത്ത് കറുത്ത ഗാന്ധികണ്ണട കൂടുതല്‍ ശോഭ നല്‍കുന്നുണ്ട്. ഖദര്‍ ദോത്തി അണിഞ്ഞ ആ ഗാന്ധി രൂപവും അനുയായികളും അവള്‍ക്കെതിരെയുള്ള സീറ്റില്‍ പുസ്തകങ്ങളും ചേര്‍ത്തുവച്ച് ഇരുന്നു. ആത്മകഥ ഗാന്ധി അവള്‍ക്കായി നീട്ടി. ഒരു പുഞ്ചിരിയോടെ അവ വാങ്ങിയതും ചര്‍ക്കയും നൂലും ഇണപിരിഞ്ഞുണ്ടാകുന്ന ഒരു ദൃശ്യ ശ്രാവ്യ വലയത്തിലേക്ക് അവള്‍ ഇഴഞ്ഞിറങ്ങി. ഇരുളടഞ്ഞ ഒരു തുരങ്കത്തിലൂടെ ദൈര്‍ഘ്യങ്ങളുടെ വേഗതയില്‍ തീവണ്ടി കൂകിപ്പാഞ്ഞ് ഗാന്ധിജിയുടെ പ്രാര്‍ഥനായോഗം നടക്കുന്ന സമ്മേളന വേദിയിലെത്തി. തിങ്ങി നിറഞ്ഞ ആവേശഭരിതരായ അനേകായിരങ്ങള്‍… ഗാന്ധിജി യോഗത്തില്‍ പങ്കെടുക്കാന്‍ അവശത മറന്ന് വേദിയിലേക്കുള്ള വീഥിയിലൂടെ നടന്ന് അണികളെ അഭിവാദ്യം ചെയ്തു. പക്ഷെ നിശ്ചയിക്കപെട്ട നിമിഷങ്ങളുടെ ഗതിവേഗതയില്‍ ഉറച്ചുവച്ച കാലടികള്‍ തെന്നിക്കപ്പെട്ടു. കുതിച്ചൊഴുകിയ രക്തത്തത്തോടെ അദ്ദേഹം കുഴഞ്ഞു വീണു. നിലവിളികളുടെയും ആര്‍ത്തനാദങ്ങളുടെയും ഇടയില്‍ ബോധരഹിതയായ അവളെ താങ്ങി തീവണ്ടി വീണ്ടും കൂകിപ്പാഞ്ഞ് ഇരുളടഞ്ഞ തുരങ്കത്തിലൂടെ വര്‍ണ്ണശബളമായ ബഹളങ്ങളിലേക്ക് തിരിച്ചെത്തി.

തുടര്‍ച്ചയായി അടിക്കുന്ന സെല്‍ഫോണ്‍ ഉണര്‍ത്തിവിട്ട അവളുടെ ബോധത്തിലേക്ക് തീവണ്ടിയിലെ ഗാന്ധി കടന്നു വരുന്നു. പുറത്ത് തിക്കിതിരക്കുന്ന ജനാവലി. നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും കൈയാമം വച്ചു സുമുഖനായ ഗാന്ധിയെയും പുസ്തകെട്ടു താങ്ങിയ കൂട്ടാളികളെയും ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ വായിച്ചിരുന്ന പതിനാറുകാരനേയും പോലീസ് കൂടെ കൂട്ടിയിരുന്നു. മണം പിടിച്ചോടുന്ന പോലിസ് നായക്കളുടെയും പോലീസുകാരുടെയും ഇടയില്‍ നിന്ന് അപ്പോഴും എന്തിനോ വ്യഗ്രത പൂണ്ടുള്ള അക്രമാസക്തമായ ഒരു ‘ടിക്ക് ടിക് ശബ്ദം’ ആധിപിടിച്ച് പെരുകുന്നുണ്ടായിരുന്നു.
കഥ കേള്‍ക്കാം : 🎧

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.