Follow the News Bengaluru channel on WhatsApp

അച്ച്വോട്ടന്റെ പ്ലാവ്

കഥ
അച്ച്വോട്ടന്റെ പ്ലാവ്

വിഷ്ണുമംഗലം കുമാര്‍

 

 

റോഡരികിലെ കുന്നിന്‍പറമ്പിലുള്ള പഴയവീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് രമേശന്‍ പുറത്തേക്ക് നോക്കി. ഏതാനും ചെടിച്ചട്ടികള്‍ അലസമായി നിരത്തിവെച്ച മുറ്റത്തിനപ്പുറം തൊടി നിറയെ കവുങ്ങുകള്‍ വളര്‍ന്നുനില്‍ക്കുന്നു. അതിനിടയില്‍ നല്ല കായ്ഫലമുള്ള ഒരു പപ്പായമരവും ചെറിയൊരു കറിവേപ്പിലച്ചെടിയുമുണ്ട്.

തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് ഉയരം കുറഞ്ഞു, സാമാന്യം തടിവണ്ണമുള്ള കവുങ്ങുകള്‍ പച്ചത്തലപ്പാവണിഞ്ഞു നില്‍ക്കുന്നത്. കിണറ്റിന്‍കരയിലെ വാഴക്കൂട്ടത്തിനരികില്‍ നിന്നാണ് കവുങ്ങുകളുടെ നിര ആരംഭിക്കുന്നത്. മിക്ക കവുങ്ങുകളിലും പച്ചയും പഴുത്തതുമായ രണ്ടും മൂന്നും വീതം അടയ്ക്കാക്കുലകള്‍ മുറ്റത്ത് വലിയൊരു ചിക്കുപായയില്‍ അടയ്ക്ക ഉണങ്ങാനിട്ടിരിക്കുന്നു.

ഈ കവുങ്ങുകളൊന്നും രമേശന്റെ അച്ഛന്‍ നട്ടതല്ല. തെങ്ങായാലും കവുങ്ങായാലും കൃത്യമായ അകലം പാലിച്ചേ അദ്ദേഹം നടുകയുള്ളൂ. കൃഷിയുടെ ശാസ്ത്രീയത അദ്ദേഹത്തിന് നല്ല വശമായിരുന്നു. മനുഷ്യരോടെന്നപോലെ മണ്ണിനോടും വൃക്ഷലതാദികളോടും വല്ലാത്തൊരു ഹൃദയബന്ധമുണ്ടായിരുന്നു പാലോളി അച്ചുവിന്. അതെ അതാണ് രമേശന്റെ അച്ഛന്റെ പേര്. അച്ചു നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു അച്ചുവിന്റെ കാല്‍പ്പാട് പതിയാത്ത, കൈക്കുറ്റം തീരാത്ത ഒന്നുംതന്നെ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അന്നാട്ടില്‍ ഉണ്ടായിരുന്നില്ല. എന്തിനും ഏതിനും നാട്ടുകാര്‍ക്ക് അച്ചു വേണമായിരുന്നു. ആ നാട്ടില്‍ ഏതൊരു ചടങ്ങിന്റെയും ഏത് പണിയുടെയും മുന്‍നിരയില്‍ മുഖ്യസ്ഥനായി അച്ചു നിന്നു. ആര്‍ക്കുവേണ്ടിയും എന്തു സേവനവും സൗജന്യമായി ചെയ്യാന്‍ അച്ചു സദാ ഒരുക്കമായിരുന്നു. സഹായികളായി നാലഞ്ചാളെങ്കിലും എപ്പോഴും അച്ചുവിന്റെ കൂടെ ഉണ്ടാവും.

ആ നാട്ടിലെ റോഡും വഴിയും കുളവും തോടും എന്നുവേണ്ട പൊതു ആവശ്യത്തിനുള്ള സകലതും അച്ചുവിന്റെ മുന്‍കയ്യാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. നാട്ടുകാര്‍ ഇപ്പോഴും ശുദ്ധജലം കുടിക്കുന്ന കിണറുകള്‍ മിക്കതും അച്ചു കുഴിച്ചതാണ്. സ്വകാര്യ പറമ്പുകളില്‍ കിണര്‍ കുഴിക്കുന്നതിന് അച്ചുവും കൂട്ടാളികളും കൂലി വാങ്ങിയിട്ടുണ്ടാവും. എന്നാല്‍ അച്ചുവിന്റെ അര്‍പ്പണബോധവും അധ്വാനത്തിലെ ആത്മാര്‍ത്ഥതയും കണക്കിലെടുക്കുമ്പോള്‍ ആ കൂലിയൊക്കെ നിസ്സാരം എന്നുതന്നെയല്ല, കൂലിവാങ്ങിപ്പണിയുടെ നൂറിരട്ടി കൂലിവാങ്ങാപ്പണിയെടുത്താണ് പാലോളി അച്ചു നാട്ടുകാരുടെ ആരാധ്യനായ അച്ച്വോട്ടനായത്. അദ്ദേഹത്തിന് അറിഞ്ഞുകൂടാത്ത ഒരുപണിയും അക്കാലത്തില്ല. എല്ലാപണികളിലും അദ്ദേഹം അതിസമര്‍ത്ഥനുമായിരുന്നു.

നാട്ടിലും പുഴയ്ക്കക്കരെ വാണിമേല്‍ മലയിലും എത്രയോ ഏക്ര ഭൂമി അച്ച്വോട്ടന്‍ കാടുവെട്ടിതെളിയിച്ച് തെങ്ങുംതൈ വെച്ച് പറമ്പാക്കിയിട്ടുണ്ട്. അതില്‍ ചെറിയൊരംശം പോലും രേഖാപരമായി അച്ച്വോട്ടന്റെ സ്വന്തമായില്ല. മണ്ണിനെ സ്‌നേഹിച്ച മണ്ണില്‍ കൈമെയ് മറന്ന് അധ്വാനിച്ച അച്ച്വോട്ടന്‍ ആ മണ്ണ് സ്വന്തമാക്കാന്‍ താത്പര്യം കാട്ടിയതേയില്ല. അതൊക്കെ മറ്റുള്ളവര്‍ തഞ്ചത്തില്‍ അവരുടേതാക്കി മാറ്റുകയാണുണ്ടായത്.

രമേശന്‍ ഇരിക്കുന്ന ഈ വീട്ടുപറമ്പ് കുടുംബസ്വത്തിന്റെ ഭാഗമായിരുന്നു. ഇതും അച്ച്വോട്ടന്‍ വിയര്‍പ്പൊഴുക്കി ആവാസയോഗ്യമാക്കിയതാണ്. കുന്നിന്‍ചെരിവില്‍ തട്ടുതട്ടുകളായി കിടന്നിരുന്ന ഈ പറമ്പില്‍ കുറെ കശുവണ്ടിമരങ്ങളും അഞ്ചെട്ട് പീറ്റതെങ്ങുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒട്ടും വളക്കൂറില്ലാത്ത കല്ലും ചരലും നിറഞ്ഞ മണ്ണ്. കുടുംബസ്വത്ത് ഭാഗംവെക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ കുന്നിന്‍പറമ്പിനോട് ആരും താത്പര്യം കാട്ടിയില്ല. ‘ഞാനൊരു കിണര്‍ കുഴിച്ചുനോക്കട്ടെ. വെള്ളംകിട്ടിയാല്‍ അപ്പറമ്പ് ഞാനെടുത്തോളാം’ അച്ചുവേട്ടന്‍ സഹോദരങ്ങളോട് പറഞ്ഞു. അച്ച്വോട്ടന് രണ്ടു ജ്യേഷ്ഠന്മാരും ഒരു അനിയത്തിയുമാണ്. കുടുംബച്ചെലവൊക്കെ നോക്കിയിരുന്നെങ്കിലും നാട്ടിലുള്ള അംഗീകാരം അച്ച്വോട്ടന് വീട്ടിലുണ്ടായിരുന്നില്ല.

‘കുന്നുമ്മേല്‍ വെള്ളം കിട്ട്വോ അച്ചൂ ?’ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. അതിനു മറുപടി നല്‍കാതെ, ചുണ്ടില്‍ ഇളംചിരിയുമായി, സ്വയം സ്ഥാനം കണ്ട സ്ഥലത്ത് അച്ചുവേട്ടന്‍ കിണര്‍ കുഴിക്കാനാരംഭിച്ചു. ഉറപ്പേറിയ മണ്ണ് കുഴിച്ചുതാഴ്ത്താന്‍ നന്നേ പ്രയാസപ്പെട്ടെങ്കിലും ഏതാണ്ട് അമ്പതടി താണപ്പോള്‍ വെളളം കണ്ടു. പനിനീരുപോലുള്ള വെളളം. കുന്നിന്‍പറമ്പില്‍ വീടുവെച്ച് സ്വസ്ഥതയോടെ താമസിക്കാനാവ്വോ എന്നതായിരുന്നു ചില നാട്ടുകാരുടെ അടുത്ത സംശയം. ‘വെള്ളം കിട്ട്യേത് അനുഗ്രഹേല്ലേ ? മണ്ണ് നന്നാക്കിയെടുക്കാന്‍ എനിക്കറിയാം’ അച്ച്വോട്ടന്‍ എല്ലാവരോടുമായി പറഞ്ഞു.

‘എന്താടോ ഇവിടെ പൊര എടുത്താല്‍ നമുക്കിവിടെ പാര്‍ത്തൂടെ?’ കശുവണ്ടി മരങ്ങള്‍ വെട്ടിമാറ്റി വീടിന് തറ കെട്ടാനായി നിലം നിരപ്പാക്കുമ്പോള്‍ അച്ച്വോട്ടന്‍ ഭാര്യ ദേവിയോട് ചോദിച്ചു. ‘അതെന്താ പാര്‍ത്തൂടാണ്ട്? നമുക്കിവിടെ മതി. ആരുടേം ശല്യണ്ടാവൂല്ല’. ദേവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതെടുത്താല്‍ മറ്റൊരു ഗുണം അച്ചുവേട്ടന് കിട്ടും. തറവാടുപുരയിടത്തില്‍ ചെറുതും വലുതുമായി ഏഴ് പ്ലാവുണ്ട്. തെക്കെ തൊടിയിലെ മുണ്ടന്‍പ്ലാവും കിണറ്റിന്‍കരയിലെ പുളിയന്‍പ്ലാവും കാതലുള്ളതാണ്. ഒരു വീടിനുവേണ്ട ഉരുപ്പടികള്‍ ഉണ്ടാക്കാനുള്ള തടിയുണ്ട്. മറ്റു പ്ലാവുകളിലൊന്നും മരപ്പണിയ്ക്ക് പറ്റിയ കാതലില്ല. എന്നാലോ ചക്ക ധാരാളമുണ്ടാവും. ഓഹരി കിട്ടുന്നവര്‍ രണ്ടുപ്ലാവും അച്ച്വോട്ടന് കൊടുക്കണമെന്ന് ഭാഗം നടക്കും മുമ്പെ ധാരണയായി. തെക്കെ തൊടി അനിയത്തി ലീലയ്ക്കാണ് കിട്ടിയത്. ചേലക്കാട്ടെ മാഞ്ചോട്ടില്‍ ദിവാകരനാണ് ലീലയുടെ ഭര്‍ത്താവ്. ഒരുപാട് സ്വത്തും പണവുമുള്ള സമ്പന്നന്‍. അല്പം ചട്ടമ്പിത്തരം കൈയിലുണ്ടെങ്കിലും ദിവാകരന് അച്ച്വോട്ടനെ ബഹുമാനമാണ്. ചില പ്രശ്‌നങ്ങളില്‍ ഇടപെടീക്കാന്‍ ദിവാകരന്‍ അച്ച്വോട്ടനെ ചേലക്കാട് കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ഭാഗക്കരാര്‍ രജിസ്ട്രാക്കി കഴിഞ്ഞപ്പോള്‍ ചില അപശബ്ദങ്ങള്‍ ഉയര്‍ന്നു. കുന്നിന്‍പറമ്പിന് വിസ്തൃതി കൂടുതലാണെന്ന് സഹോദരങ്ങള്‍ അടക്കം പറഞ്ഞു. നാട്ടുമുഖ്യസ്ഥനായി നടക്കുന്ന ചെറിയച്ഛന് ഇത്രയും വലിയ പ്ലാവ് വെറുതെ കൊടുക്കാന്‍ ഞങ്ങള്‍ പണക്കാരല്ലെന്ന് ഗോവിന്ദന്റെ മക്കള്‍ തുറന്നുപറഞ്ഞു. മാഞ്ചോട്ടില്‍ ബംഗ്ലാവിന്റെ അറ്റകുറ്റപണിയ്ക്ക് കാതലുള്ള ഒരു പ്ലാവ് ദിവാകരനും ആവശ്യമുണ്ടായിരുന്നു. ഏട്ടന് കൊടുത്ത വാക്ക് തെറ്റിക്കുന്നത് ശരിയാണോ എന്നു ചോദിച്ച ലീലയുടെ നേരെ ദിവാകരന്‍ കണ്ണുരുട്ടി. ചുരുക്കത്തില്‍ രണ്ടു പ്ലാവും അച്ച്വോട്ടന് കിട്ടിയില്ല. അദ്ദേഹം അതില്‍ പരാതിപ്പെട്ടുമില്ല. എവിടെനിന്നൊക്കെയോ കട്ടിളയും ജാലകവുമൊക്കെ ഒപ്പിച്ച് അച്ച്വോട്ടന്‍ വീടിന്റെ പണി പൂര്‍ത്തിയാക്കി. വീട്ടില്‍കൂടലിന് ഗോവിന്ദനും ലീലയും കുടുംബസമേതം എത്തിയിരുന്നു. അച്ച്വോട്ടനും ദേവിയും നിറഞ്ഞ സ്‌നേഹത്തോടെയാണ് അവരെ സ്വീകരിച്ചത്. പരിഭവത്തിന്റെ ലാഞ്ചന പോലും ഇരുവരുടെയും മുഖത്തുണ്ടായിരുന്നില്ല.

അതിനും അഞ്ചാറുവര്‍ഷം മുമ്പ് മറ്റൊരു സംഭവം നടന്നിരുന്നു. ഇപ്പോള്‍ രമേശന്‍ ഇരിക്കുന്ന ഈ വീടിന് മുമ്പിലെ റോഡിനപ്പുറം രണ്ടു ഫര്‍ലോങ് അകലെ ഫലഭൂയിഷ്ഠമായ മറ്റൊരു പറമ്പുണ്ട്. അച്ച്വോട്ടന്റെ അമ്മയ്ക്ക് അവരുടെ തറവാട്ടുസ്വത്തില്‍ നിന്നും വീതം കിട്ടിയതാണ്. അവിടെ വീടുണ്ടായിരുന്നില്ല. യൗവനത്തിന്റെ ആവേശവുമായി അച്ച്വോട്ടന്‍ നാടാകെ നിറഞ്ഞുനില്‍ക്കുന്ന കാലം. സഹായികളെയും കൂട്ടി അച്ച്വോട്ടന്‍ അവിടെ കിണര്‍ കുഴിച്ചു. അഞ്ചുകോല്‍ താഴ്ച്ചയില്‍ വെള്ളം കണ്ടു. പിന്നീട് പറമ്പിന്റെ വടക്കേ മൂലയില്‍ മണ്ണുനീക്കി കക്കുഴിയുണ്ടാക്കി ചെങ്കല്ല് വെട്ടാന്‍ തുടങ്ങി. ചെങ്കല്ല് ഒരേവലുപ്പത്തില്‍ വെട്ടിയെടുത്ത് ചെത്തിമിനുക്കുന്നത് ആയാസമേറിയ പണിയാണ്. അപൂര്‍വ്വം ചിലരെ ആ പണി ചെയ്യാറുള്ളൂ. കല്ലുവെട്ടിലും കല്ലുചെത്തിലും വിദഗ്ധനായിരുന്നു അച്ച്വോട്ടന്‍. മറ്റുപണികളുടെ തിരക്കിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളിലായിരുന്നു കല്ലുവെട്ട്. ആറേഴുമാസം കൊണ്ട് ഒരു വീടിന് ആവശ്യമായ ചെങ്കല്ലുകള്‍ അച്ച്വോട്ടന്‍ വെട്ടിയെടുത്ത് ചെത്തിമിനുക്കി അടുക്കിവെച്ചു. ആ പറമ്പില്‍ നിന്നുതന്നെ കായ്ഫലം കുറഞ്ഞ നാലഞ്ചു തെങ്ങുകളും കവുങ്ങുകളും മുറിച്ച് ചീന്തിയെടുത്ത് കഴുക്കോലും വാരിയും തയ്യാറാക്കി. കിഴക്കേ തൊടിയിലെ പ്ലാവ് വെട്ടിവീഴ്ത്തി തടി കീറിയെടുത്തു.

കൈക്കോട്ട് പടന്ന, മഴു, കൈമഴു, കല്ലുവെട്ടിമഴു, ഈര്‍ച്ചവാള്‍, പാര, ഉളി, ചുറ്റിക, ചിന്തേര്, കൊടുവാള്‍, നിലാമര്‍ത്തി, മുഴക്കോല്‍, കെട്ടുകയര്‍ തുടങ്ങി സകലമാന പണിയായുധങ്ങളും രണ്ടും മൂന്നും ജോടിവീതം അച്ച്വോട്ടന് സ്വന്തമായുണ്ടായിരുന്നു. കട്ടിളയും ജാലകവുമൊക്കെ ഉണ്ടാക്കിയത് ആശാരി നാണുവാണെങ്കിലും അതിന്റെയും മൂത്താശാരി അച്ച്വോട്ടനായിരുന്നു.

നാലുമുറികളും ഉമ്മറത്തും അടുക്കളഭാഗത്തും സാമാന്യം വീതിയുള്ള കോലായയുമുള്ള നല്ലൊരു വീടാണ് അച്ച്വോട്ടന്‍ പണിതത്. മേല്‍ക്കൂര ഓലമേഞ്ഞു. അക്കാലത്ത് ആ നാട്ടില്‍ ഒട്ടുമിക്കതും ഓലമേഞ്ഞ വീടുകളായിരുന്നു. മണ്‍കട്ടകൊണ്ടുള്ള ചുമരായിരുന്നു സാധാരണക്കാരുടെ വീടുകള്‍ക്ക്. ചെങ്കല്ല് കൊണ്ടുള്ള ചുമരുകള്‍ ലക്ഷുറിയാണ്. ബന്ധുക്കളും അയല്‍ക്കാരും ഒത്തുകൂടി പാലുകാച്ചിയ ദിവസം അടുക്കളയില്‍ നിന്നുയര്‍ന്ന സംഭാഷണം ഉമ്മറക്കോലായില്‍ ഇരിക്കുകയായിരുന്ന അച്ച്വോട്ടന്റെ ചെവിയില്‍ വന്നുവീണു. ‘അല്ല മന്ദിയേടത്തി ശരിയ്ക്കും പറഞ്ഞാല്‍ ഗോപാലനല്ലേ ഇപ്പൊ സ്വന്തമായൊരു പുര വേണ്ടത്? ഓന്റെ ഓള് മരിച്ചിട്ട് രണ്ടുമൂന്നു കൊല്ലായില്ലേ? മൂന്നാല് കുഞ്ഞുമക്കളില്ലേ ഓന്? അച്ചൂനെന്താ എപ്പം വേണെങ്കിലും വേറൊരു പുര എടുത്തൂടെ? നാട്ടുകാര് മുഴുവന്‍ ഓന്റോടില്ലേ ? ‘പുതിയ കലത്തില്‍ അടുപ്പത്ത് വെച്ച പാല്‍ തിളക്കുന്നതും കാത്തിരിക്കുന്ന ദേവിയെ ഇടംകണ്ണിട്ടു നോക്കിയാണ് അയല്‍വക്കത്തെ കല്യാണി ആ വെടിപൊട്ടിച്ചത്. ദേവി അത് കേട്ടതായി ഭാവിച്ചില്ല. ‘അങ്ങന്യാ കല്യാണി വേണ്ടത് ‘ അച്ച്വോട്ടന്റെ അമ്മയുടേതായിരുന്നു ആ പ്രതികരണം. അതും കേട്ടുകൊണ്ടാണ് അച്ച്വോട്ടന്‍ അടുക്കളയിലേക്ക് കയറിവന്നത്. ‘അതിന് ഇപ്പൊര എനക്കാന്ന് ആരാ പറഞ്ഞത്? ഗോപാലേട്ടന്‍ പാര്‍ത്തോട്ടെ. അതല്ലേ അമ്മേ അതിന്റെ ശരി?’ അച്ച്വോട്ടന്റെ മറുപടി കേട്ട് കല്യാണിയുടെ വായടഞ്ഞു. അങ്ങനെ അച്ച്വോട്ടന്‍ ഓള്‍ ഇന്‍ ഓളായി പണിത വീട്ടില്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഗോപാലനും കുടുംബവും താമസമാക്കി സഹായത്തിനായി അച്ച്വോട്ടന്റെ അമ്മയും അവരോടൊപ്പം ചേര്‍ന്നു. ദീര്‍ഘകാലം ഗോപാലനും കുടുംബവും താമസിച്ച ആ വീട് പൊളിച്ച് വാര്‍പ്പാക്കിയത് ഏതാനും വര്‍ഷം മുമ്പാണ്. ഗോപാലന്റെ ഇളയമകന്‍ സുകു ഗള്‍ഫിലായിരുന്നു. അയാളാണ് ഇപ്പോഴവിടെ താമസം. അച്ച്വോട്ടന്റെ അമ്മയും ഗോപാലനും എന്നേ പോയി. പിറകേ അച്ച്വോട്ടനും.

ഇപ്പോള്‍ രമേശന്‍ ഇരിക്കുന്ന കുന്നിന്‍ പറമ്പിലെ വീട് കാര്യമായ പുതുക്കിപ്പണിയലിനൊന്നും വിധേയമായിട്ടില്ല. നാട്ടിലാകെ വാര്‍പ്പുവീടുകളാണ്. എന്നാലിതിന്റെ ഓല മാറ്റി ഓടിട്ടിട്ടുണ്ട് എന്നേയുള്ളൂ. രമേശന്റെ അനുജന്‍ സതീശനാണ് കുടുംബസമേതം അവിടെ താമസം. ഇടയ്ക്ക് പെങ്ങന്മാരായ ശാന്തയും വിമലയും വരും. വല്ലപ്പോഴും രമേശനും. അച്ച്വോട്ടന്‍ നേരത്തെ വേര്‍പിരിഞ്ഞതിലുള്ള വിഷമം ഉള്ളിലൊതുക്കിയും ചിലപ്പോള്‍ ഒറ്റയ്ക്കിരുന്ന് കണ്ണീര്‍വാര്‍ത്തും വീടും പറമ്പും നോക്കിനടത്തിയത് ദേവിയമ്മയാണ്. പത്തിരുപത് വര്‍ഷം അവരങ്ങനെ തുടര്‍ന്നു. ഒന്നുരണ്ടു വര്‍ഷമായി ആരോഗ്യപ്രശ്‌നങ്ങള്‍ ദേവിയമ്മയെ വല്ലാതെ അലട്ടുന്നുണ്ട്. തീരെ വയ്യാതെ കിടപ്പിലായിട്ട് മാസം ഒന്നുകഴിഞ്ഞു.

ഈ വീട് വെച്ചതില്‍ രമേശന് പങ്കൊന്നുമില്ല. അയാള്‍ അമ്മയുടെ തറവാട്ടില്‍ താമസിച്ച് പാരലല്‍ കോളേജിലും ടൈപ് റൈറ്റിങ് ഇന്‍സ്റ്റിട്യൂട്ടിലും പഠിക്കുമ്പോഴാണ് അച്ച്വോട്ടന്‍ വീടുപണി തുടങ്ങിയത്. വല്ലപ്പോഴും അങ്ങോട്ട് പോകുമെന്നല്ലാതെ അച്ഛനെ സഹായിക്കാനൊന്നും രമേശന് കഴിഞ്ഞിരുന്നില്ല. വീട്ടില്‍ കയറി പാര്‍ക്കും മുമ്പെ അയാള്‍ ചെന്നൈയിലേക്ക് വണ്ടി കയറിയിരുന്നു. അവിടെ ഭേദപ്പെട്ട ഒരു കമ്പനിയില്‍ ടൈപ്പിസ്റ്റായി ഉദ്യോഗം ലഭിച്ചു. ഓഫിസില്‍ വെച്ച് സൗഹൃദത്തിലായ തമിഴത്തിയെ വിവാഹം കഴിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രമേശന് ജന്മനാടുമായുള്ള ബന്ധം കുറഞ്ഞുവന്നു. വര്‍ഷത്തിലൊരു തവണ നാട്ടില്‍ വന്നിരുന്നത് ക്രമേണ രണ്ടുവര്‍ഷത്തിലൊരിക്കലായി. വന്നാലോ മൂന്നാലു ദിവസങ്ങള്‍ക്കകം മടങ്ങുകയും ചെയ്യും. രണ്ടാഴ്ച തികച്ച് താമസിച്ചത് അച്ച്വോട്ടന്‍ മരിച്ചപ്പോള്‍ മാത്രമാണ്. വിവാഹിതനായ കാര്യം വീട്ടിലറിയിച്ചത് വൈകിയാണ്. വരലക്ഷ്മിയെ ഒരിക്കലും നാട്ടിലേക്ക് കൊണ്ടുവന്നില്ല. അവളെ കാണാന്‍ ദേവിയമ്മ താത്പര്യം കാണിച്ചതുമില്ല. തമിഴത്തിയെ ഭാര്യയാക്കിയ മകനുമായി അവര്‍ മാനസികമായി അകന്നിരുന്നു.

ഇപ്പോള്‍ രമേശന്‍ എത്തിയിട്ട് നാലുദിവസമായി. അമ്മ ഗുരുതരാവസ്ഥയിലാണെന്ന് സതീശന്‍ ഫോണ്‍ വിളിച്ചു പറഞ്ഞ ഉടനെ പുറപ്പെടുകയായിരുന്നു. കോവിഡ് ലോക്ക് ഡൌണ്‍ വന്നതില്‍പ്പിന്നെ താമസിക്കുന്ന മൈലാപ്പൂര്‍ വിട്ട് എങ്ങോട്ടും പോയിട്ടില്ല. ചെന്നൈയില്‍ കോവിഡ് രോഗികള്‍ പെരുകിയപ്പോള്‍ പേടിച്ചുപോയിരുന്നു. ജോലി ചെയ്യുന്ന കമ്പനി സുരക്ഷാഭീതി മൂലം ദിവസങ്ങളോളം അടഞ്ഞുകിടന്നു. വീട്ടിനകത്താണെങ്കിലും രമേശന്‍ ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകും. സംശയം തോന്നുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കും. മാസ്‌ക് മാറ്റുന്നത് വല്ലതും കഴിക്കുമ്പോള്‍ മാത്രമായിരുന്നു.

ക്രമേണ ചെന്നൈ കോവിഡില്‍നിന്നും കരകയറി. ഈയ്യിടെയായി രമേശന്‍ കേള്‍ക്കുന്നത് കേരളത്തില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന വാര്‍ത്തയാണ്. ചാനലുകളിലും മാതൃഭുമി പത്രത്തിലും അതാണ് പ്രധാനവാര്‍ത്ത. തുടക്കത്തില്‍ കോവിഡിനെ ഫലപ്രദമായി നേരിട്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന് എന്തുപറ്റിയെന്ന് രമേശന് മനസ്സിലായില്ല. പക്ഷെ വടകരയില്‍ ട്രെയിനിറങ്ങിയപ്പോള്‍ കാര്യം വ്യക്തമായി. കോവിഡിനെ ആരും ഭയക്കുന്നില്ല. ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. റെയില്‍വെ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും റോഡിലും മാര്‍ക്കറ്റിലുമെല്ലാം വലിയ ആള്‍ക്കൂട്ടം. സമരങ്ങളും ആഘോഷങ്ങളും തകൃതിയായി നടക്കുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഒരു ഡസന്‍ മാസ്‌കും ഒരു ബോട്ടില്‍ സാനിറ്റൈസറും ചെന്നൈയില്‍ നിന്നുതന്നെ രമേശന്‍ വാങ്ങിയിരുന്നു. ഗ്രാമത്തിലെത്തിയപ്പോള്‍ സമാധാനമായി. ആ പരിസരത്തൊന്നും കോവിഡ് രോഗികളില്ല.

ദേവിയമ്മ നന്നെ അവശയാണ്. രമേശനെ തിരിച്ചറിഞ്ഞതേയില്ല. കട്ടിലില്‍ കൂനിക്കൂടി കിടപ്പാണ്. ശാന്തയും വിമലയും അരികിലുണ്ട്. അവര്‍ എഴുന്നേല്‍പ്പിച്ചിരുത്തി പാലില്‍ മുക്കിയ റെസ്‌കോ മധുരനാരങ്ങയോ കൊടുത്താല്‍ കുറേശ്ശ കഴിക്കും. മിണ്ടാട്ടമില്ല ഉച്ചയ്ക്കും രാത്രിയും പൊടിയരിക്കഞ്ഞി കൊടുക്കും. രണ്ടോ മൂന്നോ സ്പൂണ്‍ കഷ്ടിച്ച് ഇറക്കും. പിന്നെ വാ തുറക്കില്ല. മലമൂത്രവിസര്‍ജ്ജനം കിടന്ന കിടപ്പില്‍ തന്നെ.

അച്ച്വോട്ടന്റെ മരണശേഷം ഈ വീടും പറമ്പും നോക്കിനടത്തിയത് ദേവിയമ്മയാണ്. സതീശന് വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടായിരുന്നില്ല. അച്ച്വോട്ടന്റെ സാന്നിധ്യത്തിലും അഭാവത്തിലും ഐശ്വര്യ ദേവതയെപോലെ ശോഭിച്ചിരുന്ന ദേവിയമ്മയാണ് ഒന്നിനും വയ്യാതെ, ആരെയും തിരിച്ചറിയാതെ ശരീരം നന്നേ ശോഷിച്ച് തളര്‍ന്നുകിടക്കുന്നത്. കുറച്ചുദിവസം നില്‍ക്കേണ്ടിവരുമെന്ന് കരുതിതന്നെയാണ് രമേശന്‍ ചെന്നൈയില്‍ നിന്നും പുറപ്പെട്ടത്. മൂത്തമകന് ഉദ്യോഗമുണ്ട്. വീടുനോക്കാന്‍ പ്രാപ്തനുമാണ്. അതിനാല്‍ ചെന്നൈയിലെ കാര്യമോര്‍ത്ത് വേവലാതിയില്ല. രണ്ടുമാസം മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചതിനാല്‍ ഓഫിസില്‍ പോകേണ്ട ബാധ്യതയുമില്ല. മൂന്നുപതിറ്റാണ്ടിലേറെയായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രമേശന്‍ ഒരു തമിഴനെപോലെ തോന്നിച്ചു. അയാള്‍ സംസാരിക്കുമ്പോള്‍ തമിഴ് കലരും.നാട്ടില്‍ അയാള്‍ക്ക് അടുത്ത സുഹൃത്തുക്കളില്ല. ബന്ധുക്കളുമായുള്ള ബന്ധവും ദൃഢമല്ല. എങ്കിലും കുറച്ചുദിവസം ഇവിടെ നില്‍ക്കാമെന്ന് രമേശന്‍ ഉള്ളിലുറപ്പിച്ചിട്ടുണ്ട്. അതിനൊക്കെ പുറമെ, അച്ഛന്‍ പൊന്നുവിളയിച്ച ഈ കുന്നിന്‍പറമ്പിന്റെ നാലിലൊന്ന് അമ്മയുടെ കാലശേഷം തനിക്ക് അവകാശപ്പെട്ടതാണ് എന്ന സംഗതി രമേശന്റെ ഉള്ളിലെവിടെയോ അവ്യക്തമായി കിടപ്പുണ്ട്.

തൊടിയിലെ കവുങ്ങിന്‍കൂട്ടത്തിനപ്പുറത്ത് റോഡില്‍നിന്നും പുരയിടത്തിലേക്ക് കയറുന്ന കല്പടവുകള്‍ക്ക് തൊട്ടടുത്തായി ഒരു പ്ലാവുണ്ട്. അച്ച്വോട്ടന്റെ പ്ലാവ് എന്നാണത് നാടുമുഴുവന്‍ അറിയപ്പെടുന്നത്. ആരാണ് ആ പേരിട്ടതെന്നറിയില്ല. എന്നാല്‍ അങ്ങനെ പറഞ്ഞു പറഞ്ഞു ആ പേര് പ്രചാരത്തിലാക്കിയത് ദേവിയമ്മയാണ്. വീടുവെക്കുമ്പോഴാണ് അച്ച്വോട്ടന്‍ എവിടെനിന്നോ കൊണ്ടുവന്ന പ്ലാവിന്‍തൈ അവിടെ നട്ടത്. ആരോഗ്യത്തോടെ തഴച്ചുവളര്‍ന്ന ആ പ്ലാവ് ആദ്യമായി കായ്ച്ചത് അച്ച്വോട്ടന്റെ മരണം നടന്ന് ഒരു വര്‍ഷം കഴിഞ്ഞാണ്. എല്ലാവര്‍ഷവും സീസണ് മുമ്പായി കായ്ക്കും. നല്ല രുചിയുള്ള ചക്ക. പഴുത്താല്‍ ചുളകള്‍ക്ക് തേന്‍മധുരം. രണ്ടാളുയരത്തില്‍ ഒത്തവണ്ണത്തില്‍ ഒറ്റത്തടി. അതിന് മുകളില്‍ നാലുവശത്തേക്കും പടര്‍ന്ന, ഇല നിറഞ്ഞ ശിഖരങ്ങള്‍. ചെറുചില്ലകളിലും ചക്കയുണ്ടാവും. അച്ച്വോട്ടന്റെ പ്ലാവിലെ ചക്ക മൂത്തുപാകമാകുമ്പോള്‍ അന്നാട്ടിലെ മറ്റുപ്ലാവുകള്‍ കായ്ച്ചിട്ടുണ്ടാവില്ല. അയല്‍ക്കാരും ബന്ധുക്കളും വന്ന് ചക്ക കൊണ്ടുപോകും. വിശേഷപ്പെട്ടവര്‍ക്ക് ദേവിയമ്മ എത്തിച്ചുകൊടുക്കും. ചക്ക തിന്നുമ്പോള്‍ നാട്ടുകാര്‍ അച്ച്വോട്ടനെ ഓര്‍ക്കും. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തും. നാട്ടിലെവിടെയും ചക്ക വിരിഞ്ഞിട്ടില്ലാത്ത കാലമായതിനാല്‍ റോഡിലൂടെ നടന്നും വാഹനത്തിലും കടന്നുപോകുന്നവര്‍ അച്ച്വോട്ടന്റെ പ്ലാവിലേക്ക് അത്ഭുതത്തോടെ നോക്കാറുണ്ട്.

കാലം മാറിയപ്പോള്‍ പുതിയ രുചികളില്‍ ആകൃഷ്ടരായ ആളുകള്‍ക്ക് ചക്കയോടുള്ള പ്രിയം കുറഞ്ഞു. അച്ച്വോട്ടന്റെ പ്ലാവിലെ ചക്ക പോലും ആര്‍ക്കും വേണ്ടാതായി. ചക്കയെ ഒരു തരംതാണ തീറ്റവസ്തുവായാണ് ‘പരിഷ്‌കൃത സമൂഹം’ കണ്ടത്. പ്ലാവ് ഉയരം വെച്ചതിനാല്‍ ദേവിയമ്മയ്ക്ക് കമ്പില്‍ അരിവാള്‍ കെട്ടി ചക്കയിടാന്‍ സാധിക്കാതായി. സതീശന്‍ ദേവിയമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വല്ലപ്പോഴും പ്ലാവില്‍ കയറി ഒന്നോ രണ്ടോ ചക്കയിടും. വീട്ടുകാര്‍ക്കും അച്ച്വോട്ടന്റെ പ്ലാവിലെ ചക്കയോട് താല്‍പര്യം കുറഞ്ഞിരുന്നു. ദേവിയമ്മയ്ക്ക് മാത്രം ചക്ക മടുത്തില്ല. ചക്കപ്പുഴുക്ക് അവര്‍ രുചിയോടെ കഴിച്ചു. ചക്കപ്പഴവും സ്വാദോടെ തിന്നു. മറ്റുള്ളവര്‍ അച്ച്വോട്ടന്റെ പ്ലാവിലെ ചക്കയില്‍ നിന്നകന്നുപോയി. പ്ലാവിലിരുന്ന് പഴുത്ത ചക്കകള്‍ അണ്ണാന്‍ തിന്നു. ചിലത് കേടുവന്ന് തണ്ടടര്‍ന്ന് റോഡില്‍ വീണുചിതറി.

മാരകരോഗങ്ങളെ പ്രതിരോധിക്കുന്ന സിദ്ധഔഷധമാണ് ചക്കയെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ചക്ക വീണ്ടും താരമായത്. നാട്ടുകാര്‍ ചക്കയ്ക്കായി ഓടിനടന്നു. സീസന് മുമ്പെ കായ്ച്ചു പാകമാകുന്ന അച്ച്വോട്ടന്റെ ചക്കയ്ക്ക് ഡിമാന്‍ഡ് പതിന്മടങ്ങ് വര്‍ദ്ധിച്ചു. ചെന്നൈ വാസിയായ രമേശന്‍ ചക്കയും അച്ച്വോട്ടന്റെ പ്ലാവുമൊക്കെ മറന്നിരുന്നു. ചെന്നൈ നഗരത്തിലെ പച്ചക്കറിക്കടകളില്‍ രമേശന്‍ ചിലപ്പോള്‍ ചക്ക കാണാറുണ്ട്. പഴുത്ത ചക്കച്ചുളകള്‍ കണ്ണാടിഭരണികളില്‍ നിറച്ചു ഉന്തുവണ്ടിയില്‍ കയറ്റി മൈലാപ്പൂര്‍ തെരുവുകളിലൂടെ വഴിവാണിഭക്കാര്‍ തള്ളിക്കൊണ്ടുപോവുന്നതും കാണാറുണ്ട്. എന്നാല്‍ രമേശന് ചക്കയോട് പ്രതിപത്തി തോന്നാറില്ല. അയാളുടെ ഭാര്യ വരലക്ഷ്മിയ്ക്ക് ചക്ക ഇഷ്ടവുമല്ല.

അന്ന് രാവിലെ മുതലുണ്ടായ സംഭവങ്ങള്‍ രമേശന്‍ അത്ഭുതത്തോടെയാണ് ഓര്‍ത്തത്. ചെത്തുകാരന്‍ രാഘൂട്ടി അതുവഴി വന്നപ്പോള്‍ ശാന്ത അയാളെക്കൊണ്ട് അഞ്ചാറ് ചക്ക ഇടീച്ചു. തലേന്ന് ദേവിയമ്മയെ കാണാന്‍ വന്ന ശാന്തയുടെ ബന്ധുവിന്റെ നോട്ടം നിറയെ ചക്ക വിരിഞ്ഞുനില്‍ക്കുന്ന അച്ച്വോട്ടന്റെ പ്ലാവിലായിരുന്നു. ഗള്‍ഫില്‍ നിന്നും ലീവില്‍ വന്ന അവരുടെ മകന്‍ കുറേ ദിവസമായി ചക്ക തേടിനടക്കുകയാണ്. ഫെയിസ്ബുക്കില്‍ ചക്കയെപ്പറ്റി വരുന്ന കുറിപ്പുകള്‍ അയാള്‍ പതിവായി വായിക്കാറുണ്ട്. ചക്കയുടെ ഔഷധമൂല്യം ചര്‍ച്ചചെയ്യുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അയാള്‍ അംഗവുമാണ്. നാട്ടിലെത്തിയ ഉടനെ അയാള്‍ അമ്മയോട് ആവശ്യപ്പെട്ടത് ചക്കയാണ്. പക്ഷെ സീസണായിട്ടില്ലാത്തതിനാല്‍ ആ പരിസരത്തൊന്നും ചക്ക ഉണ്ടായിരുന്നില്ല. ഒരു ചക്ക തരുമോ എന്നവര്‍ ശാന്തയോട് ചോദിച്ചത് യാചനാസ്വരത്തിലായിരുന്നു. അതുപോലെ വിമലയ്ക്ക് അവളുടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ചക്ക കൊടുത്തയക്കേണ്ടതുണ്ട്. അയല്‍ക്കാരും ശാന്തയോട് ചക്ക ചോദിച്ചിരുന്നു. രമേശന് ചക്കപ്പുഴുക്ക് ഉണ്ടാക്കികൊടുക്കുകയും വേണം.

രാഘൂട്ടി ചക്ക ഇടുമ്പോള്‍ രമേശന്‍ റോഡിലിറങ്ങിനിന്നു. അപ്പോഴാണ് അയാള്‍ അച്ച്വോട്ടന്റെ പ്ലാവ് ശരിയ്ക്കും ശ്രദ്ധിച്ചത്. തായ്തടിയിലും ചില്ലകളിലും പല വലുപ്പത്തിലുള്ള ധാരാളം ചക്ക. രണ്ടുചില്ലകള്‍ റോഡിലുടെ പോകുന്ന വൈദ്യുതി കമ്പിയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടാണ്. പ്ലാവ് നില്‍ക്കുന്ന തൊടിയിറമ്പിലെ മണ്ണിടിഞ്ഞു മഴയില്‍ ഒലിച്ചുപോയതിനാല്‍ പ്ലാവിന്റെ വേരുകള്‍ പകുതിയും വെളിയിലാണ്. അസുഖബാധിതയായി കിടപ്പിലായ ദേവിയമ്മ അത് കണ്ടിരിക്കില്ല. ശാന്തയുടെ ബന്ധു മകനെയും കൂട്ടി ബൈക്കില്‍ വന്നാണ് ചക്ക കൊണ്ടുപോയത്. വിമല പരിചയക്കാരന്റെ ഓട്ടോറിക്ഷ ഏര്‍പ്പാടാക്കിയിരുന്നു. മേലത്തെ പ്രഭാകരന്‍ സാര്‍ ചക്ക കൊണ്ടുപോകാനായി കാറയച്ചിരുന്നു. രണ്ടു വലിയ ചക്ക ശാന്ത നെടുകെ മുറിച്ചത് നാലു അയല്‍വീട്ടുകാര്‍ കൊണ്ടുപോയി. കുന്നിന്‍പറമ്പ് വീട്ടില്‍ അന്നുമുഴുവന്‍ അച്ച്വോട്ടന്റെ പ്ലാവിനെപ്പറ്റിയായിരുന്നു സംസാരം. തേങ്ങ ചിരകിയിട്ട ചക്കപ്പുഴുക്ക് രമേശന്‍ വയറുനിറയെ കഴിച്ചു. അച്ച്വോട്ടന്റെ പ്ലാവിലെ ചക്കയുടെ സ്വാദ് അയാള്‍ ആസ്വദിക്കുന്നത് ഇപ്പോഴാണ്. ചെന്നൈവാസത്തിനിടയില്‍ നാട്ടുരുചികള്‍ പലതും തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാളോര്‍ത്തു.

വൈകീട്ട് ചെറിയ കാറ്റും മഴയും ഉണ്ടായിരുന്നു. രാത്രി കാറ്റിന് ശക്തി കൂടിവന്നു. വീശിയടിക്കുന്ന കാറ്റിന് അകമ്പടിയായി ഇടിയും മിന്നലും. ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ തേങ്ങയോ മറ്റോ ഊക്കില്‍ വന്നുപതിച്ച ശബ്ദംകേട്ട് മുകളിലത്തെ നിലയില്‍ കിടന്നിരുന്ന രമേശന്‍ ഞെട്ടിപ്പോയി. പെട്ടെന്ന് ചെകിടടപ്പിക്കുന്ന മറ്റൊരു ശബ്ദം. ഏതോ മരം കടപുഴകി നിലംപൊത്തുന്നതുന്നതായി രമേശന് തോന്നി. അയാള്‍ ചാടിയെണീറ്റ് ജാലകത്തിലൂടെ നോക്കുമ്പോഴേക്കും കറന്റ് പോയി. അകത്തും പുറത്തും കൂരാക്കൂരിരുട്ട്. മുറ്റത്തുനിന്നും സതീശന്റെ സംസാരം കേട്ടു. മൊബൈലിലെ ടോര്‍ച്ച് തെളിയിച്ച് രമേശന്‍ താഴേക്ക് ഇറങ്ങിച്ചെന്നു. അച്ച്വോട്ടന്റെ പ്ലാവ് കാറ്റില്‍ കടപുഴകി വീണതാണ്. പാതി പറമ്പിലും പാതി റോഡിലുമായി പ്ലാവ് വീണുകിടക്കുന്നത് മൊബൈല്‍ വെളിച്ചത്തില്‍ രമേശന്‍ കണ്ടു. ചില്ലകള്‍ വൈദ്യുതിവയറില്‍ തട്ടിയാണ് കറന്റ് പോയത്. രണ്ടുപേരുടെയും മൊബൈല്‍ വെളിച്ചത്തില്‍ പ്ലാവിന്റെ രൂപം കുറേക്കൂടി തെളിഞ്ഞു. ചില്ലകളില്‍ പേടിച്ചരണ്ട കുഞ്ഞുങ്ങളെപോലെ മൂപ്പെത്താത്ത ചക്കകള്‍ അള്ളിപ്പിടിച്ചുകിടക്കുന്നു. പ്ലാവിന്റെ വീഴ്ച്ചയുടെ ആഘാതത്തില്‍ കുറെ ചക്കകള്‍ തണ്ടറ്റ് തെറിച്ചുപോയിട്ടുണ്ട്. കടഭാഗത്ത് വിചിത്രാകൃതിയിലുള്ള വേരുകള്‍ പ്രേതങ്ങളെപോലെ വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ആ കാഴ്ച രമേശനെ വേദനിപ്പിച്ചു. ‘രമേശേട്ടാ ….സതീശാ വേഗം വാ ….’ അകത്തുനിന്നും ശാന്തയുടെ നിലവിളി കേട്ട് രണ്ടാളും അങ്ങോട്ടോടി. ‘അമ്മ…അമ്മ പോയി രമേശേട്ടാ …ഉയ്യന്റെ അമ്മേ …’ അവരെ കണ്ടതും ശാന്തയും വിമലയും അലറിക്കരഞ്ഞു. രമേശന് തലചുറ്റുന്നതുപോലെ തോന്നി. അയാള്‍ അമ്മയുടെ കട്ടിലിലിരുന്ന് തണുപ്പ് പടരുന്ന കാല്പാദങ്ങളില്‍ തൊട്ടു. അമ്മയുടെ വേരുകള്‍ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.