Follow the News Bengaluru channel on WhatsApp

മലയാള സിനിമ കണ്ടിട്ടും കാണാതെ പോയ പ്രതിഭ

പി. ബാലചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍’എന്ന സിനിമ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ആ സിനിമയില്‍ കവിയായി വേഷമിട്ട നടനും നിര്‍മാതാവുമായ പ്രകാശ് ബാരെയ്ക്ക് അദ്ദേഹം കേവലം ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി തന്റെ ജീവിതത്തിലെ അമൂല്യമായ ഒരു അധ്യായം കൂടിയാണ്. പി ബാലചന്ദ്രന്‍ എന്ന തന്റെ പ്രിയപ്പെട്ട ബാലേട്ടനെപ്പറ്റി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് പ്രകാശ് ബാരെയ്ക്ക്. ബാലേട്ടന്റെ സര്‍ഗശേഷിയെ മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനെപ്പറ്റിയും സിനിമാവഴികളില്‍ ബാലേട്ടനുണ്ടായ പ്രതിസന്ധികളെപ്പറ്റിയും വ്യക്തി ജീവിതത്തെപ്പറ്റിയും ന്യൂസ് ബെംഗളൂരുവിനോട് മനസ്സു തുറക്കുകയാണ് പ്രകാശ് ബാരെ.

 

⏹️
പ്രകാശ് ബാരെ

മലയാള സിനിമ കണ്ടിട്ടും കാണാതെ പോയ പ്രതിഭ

 

മലയാള സിനിമയില്‍ വിചിത്രമായ യാത്രയായിരുന്നു ബാലേട്ടന്റേത്. സിനിമാ വ്യവസായത്തിന്റെ രീതി ശാസ്ത്രങ്ങളോടും അധികാര സമവാക്യങ്ങളോടും വിധേയപ്പെട്ട് നില്‍ക്കാനാകാത്തതിനാല്‍ മലയാള സിനിമയ്ക്ക് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയ പ്രതിഭയാണ് ബാലേട്ടന്‍.

സാധാരണ മനുഷ്യരുടെ വീക്ഷണകോണിനപ്പുറം ജീവിതത്തെയും ലോകത്തെയും മനുഷ്യരെയും നോക്കി കാണാന്‍ കഴിയുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രത്യേകത. വിഷയങ്ങളെ ആധ്യാത്മികമായി സമീപിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് പലര്‍ക്കും അദ്ദേഹം ‘ബാലേട്ടന്‍’ ആകുന്നത്. വിദ്യാഭ്യാസ കാലത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വി കെ പ്രകാശ്, രഞ്ജിത്ത്, ശ്യാമപ്രസാദ് എന്നിവരൊക്കെ ഓരോ ഘട്ടങ്ങളിലായി നാടകത്തിലൂടെയും പിന്നീട് ടെലിവിഷന്‍, സിനിമ രംഗങ്ങളില്‍ സജീവമായപ്പൊഴും ഇവരൊക്കെ ബാലേട്ടനെ ആരാധിക്കുകയും പിന്നീട് പല ഘട്ടങ്ങളിലായി ബാലേട്ടന്‍ ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തെങ്കിലും അദ്ദേഹം മാറി നിന്ന് ഒരു അവധൂതനെപ്പോലെ നടന്ന മനുഷ്യനാണ്.

കൈവച്ച മേഖലകളിലെല്ലാം മികവ് പുലര്‍ത്തിയ പ്രതിഭാശാലിയായിരുന്നു ബാലേട്ടന്‍. എഴുത്തിലും അഭിനയത്തിലും നാടകത്തിലും എല്ലാം അങ്ങനെ തന്നെ. അവസാനകാലത്ത് അഭിനയ ജീവിതത്തില്‍ കിട്ടിയതു പോലുള്ള ഒരു തുടര്‍ച്ച പി.ബാലചന്ദ്രന്‍ എന്ന പ്രതിഭാധനനായ തിരക്കഥാകൃത്തിനോ സംവിധായകനോ കിട്ടിയിരുന്നില്ല എന്നത് സങ്കടകരമായ സത്യമാണ്.

സ്വയം ഇകഴ്ത്തലുകളിലൂടെയാണ് അദ്ദേഹം ഏറ്റവും പവര്‍ഫുള്‍ ആയി നമ്മുടെ കൂടെ നില്‍ക്കുക. അദ്ദേഹത്തിന്റെ ഉയരക്കുറവിനെയും പരാജയങ്ങളെയും സ്വയം പരിഹസിച്ച് നമുക്ക് അദ്ദേഹത്തെ കളിയാക്കാന്‍ പറ്റാത്ത ഒരു സ്ഥലത്തേക്ക് അദ്ദേഹം ഉയര്‍ന്നു നില്‍ക്കും.

അതുപോലെ തന്നെ അദ്ദേഹത്തെ ദ്രോഹിച്ചിരുന്ന ആള്‍ക്കാരോടൊന്നും ഒരു തരത്തിലുള്ള വിദ്വേഷവും അദ്ദേഹം കാണിക്കാറില്ല. എഴുതാന്‍ വേണ്ടി കൊണ്ടു പോയി അപമാനിച്ച് തിരിച്ചയച്ച കയ്പേറിയ അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ആ സംഭവങ്ങളൊക്കെ വളരെ സരസമായി, നമ്മളെയെല്ലാവരെയും ചിരിപ്പിക്കുന്ന അനുഭവങ്ങളായാണ് അദ്ദേഹം പറയാറ്.

റിച്ചാർഡ് ആറ്റംബറോയുടെ ഗാന്ധി എന്ന സിനിമയിലൂടെയാണ് ബാലേട്ടന്റെ ആദ്യ സിനിമ പ്രവേശനം. വിഭജനത്തിനു ശേഷമുള്ള അഭയാർത്ഥി പ്രവാഹത്തിൽ നിരയായി നീങ്ങുന്ന പതിനായിരക്കണക്കിന് ആളുകളുടെ കൂട്ടത്തിൽ ഒരാളായിട്ടായിരുന്നു അന്ന് ബാലേട്ടന്‍ അഭിനയിച്ചത്. തിയറി ഓഫ് ആക്ടിംഗും അനവധി നാടകങ്ങളും ഒക്കെ പഠിച്ചും ചെയ്തും പോയിട്ട് അങ്ങനെ ഒരു സീനിൽ അഭിനയിക്കേണ്ടി വന്നതിനെ വളരെ പോസറ്റീവായാണ് അദ്ദേഹം കണ്ടത്. ഏതായാലും ആ ഉറുമ്പിൻ കൂട്ടത്തിൽ എന്നെയും നിങ്ങള്‍ക്ക് കാണാൻ സാധിച്ചല്ലോ എന്നാണ് അതിനെ കുറിച്ച് ബാലേട്ടന്‍ പറയുക. അതാണ്‌ അദ്ദേഹത്തിന്‍റെ ശൈലി.

ആദ്യമായിട്ട് സംവിധാനം ചെയ്ത ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിന്റെ കഥയുമായി മലയാളത്തിലെ വളരെ പ്രശസ്തനായ ഒരു നടന്റെ അടുത്ത് ചെന്നു. നടന് പ്ലോട്ട്  വളരെയധികം ഇഷ്ടമാവുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അയാളുടെ ബിസിനസ് കാര്യങ്ങള്‍ ഒക്കെ നോക്കുന്ന മാനേജര്‍ ” അയ്യോ ഇത്തരം ചിത്രങ്ങളോ? ഇതൊന്നും തിയേറ്ററില്‍ ഓടില്ല ‘എന്ന് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തതോടെ പ്രതീക്ഷ മങ്ങി. അതില്‍ വല്ലാതെ മനസ്സിടിഞ്ഞ് നില്‍ക്കുന്ന സമയത്താണ്  ബാലേട്ടനെ ഞാന്‍ കണ്ടുമുട്ടുന്നത്.

‘സൂഫി പറഞ്ഞ കഥ’ എന്ന സിനിമ തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഏതോ ഒരു സ്‌ക്രീനിങ് കഴിഞ്ഞിട്ടാണ് ഞാന്‍ ബാലേട്ടനെ കാണുന്നത്. ബാലേട്ടന്റെ തിരക്കഥയേക്കാള്‍ കൂടുതല്‍ ഭംഗി ബാലേട്ടന്‍ തിരക്കഥ വായിക്കുന്ന ആ ഒരു രീതിക്കാണ്. മോശമായ ഒരു തിരക്കഥ ആണെങ്കില്‍ പോലും ബാലേട്ടന്‍ വായിക്കുമ്പോള്‍ അത് വളരെ സരസവും രസകരവും ആയിരിക്കും. പക്ഷെ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയും മനസ്സ് പൂര്‍ണമായും അതിലേക്ക് അര്‍പ്പിച്ചും ഒരുക്കിയ ഒരു തിരക്കഥയായിരുന്നു ‘ഇവന്‍ മേഘരൂപന്‍’. അതിന്റെ കൂടെ നിന്ന് വര്‍ക്ക് ചെയ്യാന്‍ ആരെയും വളരെയധികം മോഹിപ്പിക്കുന്ന ഒരു ഘടനയായിരുന്നു ആ തിരക്കഥക്ക് ഉണ്ടായിരുന്നത്. പലരും ആ സിനിമയുടെ ഭാഗമാകാന്‍ അദ്ദേഹത്തോട് സമ്മതം അറിയിച്ചിരുന്നു.

ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവി, ഗാനങ്ങള്‍ രചിച്ച ഒഎന്‍വി, കാവാലം നാരായണപ്പണിക്കര്‍ ,സംഗീത സംവിധായകന്‍ ശരത്, കലാസംവിധായകന്‍ പ്രകാശ് മൂര്‍ത്തി എന്നിവരെല്ലാം ബാലേട്ടന്റെയും അദ്ദേഹത്തിന്റെ കഥയുടെയും മൂല്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് ആവേശഭരിതരായി ആ ചിത്രത്തിന്റെ ഭാഗമാകാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചവരാണ്. അതു തന്നെയാണ് എനിക്കും സംഭവിച്ചത്. പക്ഷേ ആ സമയത്ത് മലയാള സിനിമയുടെ ശരാശരി രീതികള്‍ അനുസരിച്ച് ഇത്തരം ചിത്രങ്ങളൊന്നും തിയറ്ററുകളില്‍ ചെലവാകില്ലെന്ന് പറയുകയും, ഇത്തരം ചിത്രങ്ങള്‍ ചെയ്യാനോ അതിനെ സഹായിക്കാനോ കൂടെ നില്‍ക്കാനോ പലര്‍ക്കും താല്‍പര്യമില്ല എന്നറിയുന്നിടത്തുമാണ് ബാലേട്ടന്‍ മനസ്സ് പതറി നിന്നിരുന്നത്.

പിന്നീട് ഒരു സിനിമാ സംവിധായകന്‍ എന്ന നിലയ്ക്ക് പെട്ടെന്ന് ഒരു തുടര്‍ച്ച ഇല്ലാതെ പോയതുമൊക്കെ അതുകൊണ്ടാണ്. ഇനി ഒരു സിനിമ സംവിധാനം ചെയ്യാന്‍ കഴിയുന്നതിനു മുമ്പേ അദ്ദേഹം ഇതാ ഇപ്പോള്‍ പോയിമറയുകയും ചെയ്തു..

ബാലേട്ടനെ സംബന്ധിച്ച് അദ്ദേഹം ജീവിതകാലം മുഴുവന്‍ ചെയ്ത കലാപ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ഒരിക്കലും ലഭിച്ചിട്ടില്ല. അതിനെതിരെ പ്രതിഷേധിക്കുകയോ പൊട്ടിത്തെറിക്കുകയോ ഒന്നും ചെയ്യാതെ അതൊക്കെ അവഗണിച്ച് ജീവിതത്തിലെ മറ്റു കാര്യങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്ന ഒരു കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

അദ്ദേഹത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നു. പിന്നീട് കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ലഭിക്കുന്നു. അതിനു ശേഷം ആദ്യം സംവിധാനം ചെയ്ത ‘ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയ്ക്ക് നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിക്കുന്നു. 2011 ലെ മികച്ച രണ്ടാമത്തെ ചിത്രം ആയിരുന്നു ‘ഇവന്‍ മേഘരൂപന്‍’. ആ വര്‍ഷത്തെ മറ്റു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ ഒരു നിരാശ തന്നെയായിരുന്നു. ആ സമയത്ത് സ്റ്റാര്‍ഡം എന്നതിന്റെ മാസ്മരികതയില്‍ അല്ലെങ്കില്‍ മാരകമായിട്ടുള്ള ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുകയായിരുന്നു മലയാള സിനിമ. ഇന്നു പക്ഷേ സ്റ്റാര്‍ഡം എന്നതിനപ്പുറത്തേക്ക് നല്ല സിനിമ എന്താണെന്ന് പ്രേക്ഷകര്‍ സ്വയം തിരിച്ചറിഞ്ഞുവരുന്നുണ്ട്.

ബാലേട്ടനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു സിനിമയ്ക്കകത്ത്. രാജീവ് രവി, പ്രകാശ് മൂര്‍ത്തി, ടി കെ രാജീവ് കുമാര്‍, സംഗീത സംവിധായകന്‍ ശരത് ഇവരൊക്കെ അക്കൂട്ടത്തിലുള്ളതാണ്. ഇവര്‍ക്കൊക്കെ എന്നോടും വലിയ സ്നേഹമായിരുന്നു. ബാലേട്ടന്റെ ഒരുപാട് നാളത്തെ ആഗ്രഹമായ സിനിമ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നു പറഞ്ഞ് വി.കെ.പി യൊക്കെ എന്നെ പ്രത്യേകം വിളിച്ചു സംസാരിക്കുകയും ‘ഇവന്‍ മേഘരൂപന്റെ’ പ്രൊമോഷനിലും കാര്യങ്ങളിലും ഒക്കെ പ്രത്യേകം സമയം നീക്കി വച്ച് കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബാലേട്ടനും രഞ്ജിത്തും ശ്യാമപ്രസാദും വികെപിയും ഒക്കെ പഠന സമയത്ത് ഒരേ ബാച്ച് ആണെങ്കിലും അവരെക്കാളൊക്കെ സീനിയറാണ് ബാലേട്ടന്‍ അതുകൊണ്ടു തന്നെയാണ് ‘ബാലേട്ടന്‍’ എന്ന വിളി പോലും ഉണ്ടായത്. പലപ്പോഴും തന്നെക്കാള്‍ ജൂനിയര്‍ ആയിട്ടുള്ള ആള്‍ക്കാരുടെ ബാന്‍ഡ് വിഡ്തുമായി ഒന്നിച്ചു പോകാനും അവരിലൊരാളായി നിന്ന് ഇടപഴകാനും കഴിയുന്ന വ്യക്തിയായിരുന്നു ബാലേട്ടന്‍.

ഏറെ ഗൗരവമുള്ളതും വിഷമകരവുമായ വിഷയങ്ങള്‍ സരസമായി കൈകാര്യം ചെയ്യാനുള്ള കഴിവുള്ളതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള ആള്‍ക്കാരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിത്വം ബാലേട്ടനുണ്ടായിരുന്നു. രാജീവ് രവി ഒക്കെ വളരെയധികം ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റെത്. നാടകത്തോടും നാടകപ്രവര്‍ത്തകരോടും ഒക്കെ വളരെയധികം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരാളാണ് രാജീവ് രവി. നേരത്തെ എന്‍. ശശിധരന്‍ മാഷിനോടൊപ്പമൊക്കെ സിനിമ ചെയ്യാന്‍ ഒരുങ്ങിയിരുന്ന ആളാണ്.

പുതിയ തലമുറയില്‍ ഉള്ളവരുമായി ബാലേട്ടന്‍ ഇടപഴകുന്ന രീതിതന്നെ കൗതുകമുണര്‍ത്തുന്നതാണ്. കുറച്ചുകാലം ‘ആര്‍ട്ട് ഓഫ് ലിവിങ്’ ല്‍ ഒക്കെ പോയി പഠിക്കുകയും അതിന്റെ ആത്മീയമായ കാര്യങ്ങളിലൂടെ സഞ്ചരിക്കുകയും പിന്നീട് അതൊരു മതത്തിന്റെ സ്വഭാവം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ അതില്‍ നിന്നും ഇറങ്ങി പോരുകയും ഒക്കെ ചെയ്തിട്ടുണ്ട്. അദ്ദേഹം. ഒരുപാട് വായിക്കുകയും എക്സ്പെരിമെന്റല്‍ ആയിട്ടുള്ള വര്‍ക്കുകള്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കാറുള്ള ആളുമാണ്.

ബാലേട്ടന്‍ ജീവിക്കുന്നത് കുടുംബം മക്കള്‍ എന്നിങ്ങനെ ചെറിയ ലോകത്താണെങ്കിലും എല്ലാവരോടും ഏതു പ്രായക്കാരോടായാലും അവരുടെ നിലയില്‍ നിന്നു കൊണ്ട് വ്യവഹരിക്കാനുള്ള ബാലേട്ടന്റെ അതിശയിപ്പിക്കുന്ന കഴിവ് കുടുംബത്തിന് പുറത്ത് വിശാലമായ ഒരു ലോകമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. കൃഷിയായാലും എന്തെങ്കിലും ആഘോഷമായാലും എഴുത്തായാലും രാഷ്ട്രീയമായാലും അതിലൊക്കെ പൂര്‍ണമായും മുഴുകി പ്രവര്‍ത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഒരു നിലപാട്.

അവസാനമായി എനിക്ക് എടുത്തു പറയാനുള്ളത് പവിത്രം പോലുള്ള സിനിമകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗിച്ചിട്ടുള്ള ഒരു തുടര്‍ച്ച മലയാള സിനിമയില്‍ ഇല്ലാതെ പോയത് ദൗര്‍ഭാഗ്യകരം എന്നാണ്. പുറത്ത് വിഷമം കാണിച്ചിട്ടില്ലെങ്കിലും അതിലൊക്കെ വളരെയധികം വിഷമിച്ചിരുന്ന അവസ്ഥകളൊക്കെ ബാലേട്ടന് ഉണ്ടായിട്ടുണ്ട്.

ബാലേട്ടന്റെ കരിയറിന്റെ കാര്യത്തില്‍ കൂടുതലും പ്രോത്സാഹനവും പിന്തുണയും നല്‍കിയിരുന്നത് അദ്ദേഹത്തിന്റെ കൂടെ പഠിച്ച സുഹൃത്തുക്കള്‍ തന്നെയാണ്. വി കെ പി പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥ ബാലേട്ടനെ ഏല്‍പിക്കുകയും അതിന് പിന്നീട് ദേശീയ അവാര്‍ഡ് കിട്ടുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. ‘ട്രിവാന്‍ഡ്രം ലോഡ്ജി’ലെ ആയാലും ‘ബ്യൂട്ടിഫുളിലെ ആയാലും അദ്ദേഹത്തിന് പറ്റിയ കഥാപാത്രങ്ങള്‍ കൃത്യമായി ഏല്‍പ്പിച്ച് അദ്ദേഹത്തെ ജനങ്ങള്‍ അറിയുന്ന തിരക്കുള്ള ഒരു നടന്‍ ആക്കി മാറ്റിയതിലും വി കെ പ്രകാശിന് വലിയ പങ്കുണ്ട്. അതുപോലെ തന്നെ പിന്നീട് ശ്യാമപ്രസാദും രഞ്ജിത്തും മറ്റു പലരും ഒക്കെ അവരുടെ സിനിമകളിലും അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കി.

ബാലേട്ടന് എല്ലാവരോടും ‘നീയൊന്നു പോടെ’ എന്നുള്ള ഒരു ലൈനാണ്, അത് ആരോടാണെങ്കിലും. അതേസമയം അദ്ദേഹത്തിന്റെ കലയോടുള്ള താത്പര്യവും പ്രതിബദ്ധതയുമൊക്കെ നന്നായി അറിയാവുന്ന രാജീവ് രവി ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അങ്ങനെയുള്ള സ്നേഹം പിടിച്ചു പറ്റാന്‍ ബാലേട്ടന് ഒരു പ്രത്യേക കഴിവുമുണ്ടായിരുന്നു.

അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലൊന്ന് ഡോ. ബിജുവിൻ്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ ആണ്. ബാലേട്ടനോടൊപ്പം ആ ചിത്രത്തിൽ നെടുമുടി വേണു ചേട്ടൻ കൂടി ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും തകർത്തഭിനയിക്കുന്നത് കാണാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. ആ ചിത്രത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത് ഞാനായിരുന്നു.

തയ്യാറാക്കിയത് : ഡോ. കീര്‍ത്തി പ്രഭ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.