Follow the News Bengaluru channel on WhatsApp

സതി എന്ന ചതി

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

ഒമ്പത്    

സതി എന്ന ചതി 

‘ഒഴിവാക്കിയ പല ആചാരങ്ങളും തിരിച്ചുകൊണ്ടു വരുന്നതിനായി പാരമ്പര്യവാദികള്‍ ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. അങ്ങനെ വന്നാല്‍, ഇന്ത്യന്‍നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ നിരോധിച്ച ‘സതി’ തിരിച്ചു വരില്ല?’

ചോദ്യം, സജീവന്റേതായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ കോവിഡിന്റെ ആക്രമണത്തില്‍ നിന്നും അകന്നു നഗരത്തിലെ ആളൊഴിഞ്ഞ ഒരു പാര്‍ക്കില്‍ വൈകുന്നേരം ഒത്തുകൂടിയതാണ്. എത്രസമയം ലോക്‌ഡൌണ്‍ ആയി ഇരിക്കും? സജീവന്റെ ചോദ്യത്തിനു സുധര്‍മ്മന്റെ കൃത്യമായ ഉത്തരം പ്രതീക്ഷിച്ചു ഞാനിരുന്നു, സുധര്‍മ്മന്‍ തുടങ്ങി:

‘ഏറ്റവും ക്രൂരവും കഠിനവും അന്ധവിശ്വാസം നിറഞ്ഞതുമായ ആചാരങ്ങളാണ് മതതീവ്രവാദികള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുക. ആഴത്തില്‍ മതവേരുകളോടിയ ഇന്ത്യയിലെ ചിലയിടങ്ങളില്‍ അതിന്റെ പിന്നാലെ പോകാന്‍ ആളെ കിട്ടിയെന്നിരിക്കും, എന്നാല്‍ കേരളത്തില്‍ അതൊന്നും നടക്കില്ല.’

ഉടന്‍,സജീവന്റെ മറുചോദ്യം തെറിച്ചുവീണു… :

‘അപ്പോള്‍, ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാന്‍ സ്ത്രീകളല്ലേ മുന്നില്‍ നിന്നത് ?’

‘സജീ, അതു പോലെയല്ല സതി… ‘എന്നിട്ടു സുധര്‍മ്മന്‍ എന്നെനോക്കി. എന്റെ മൗനം എന്തേ എന്നാണ് ആ നോട്ടത്തിന്റെ ധ്വനി. ശരി, അഭിപ്രായം പറയാം…

‘സതി 1987-ല്‍ തിരിച്ചുകൊണ്ടുവരാന്‍ ഒരുശ്രമം നടന്നല്ലോ. രൂപ് കണ്‍വാര്‍ എന്ന യുവതി, ഭര്‍ത്താവിന്റെ ചിതയില്‍ചാടി ആത്മഹത്യ ചെയ്ത സംഭവം നടന്നത് 1987-ലാണ്. അപ്പോള്‍ ഇന്ത്യ മുഴുവന്‍ കൊടുങ്കാറ്റിന്റെ ശക്തിയില്‍ ഈ ജീര്‍ണ്ണതക്കെതിരെ സംവാദങ്ങളുയര്‍ന്നുവന്നു. എന്റെ സുഹൃത്ത് പ്രൊഫ. ടി.ആര്‍. ഹാരി, ‘സതി’ എന്നപേരില്‍ നാടകമെഴുതി, ഒ. മാധവന്‍ സംവിധാനം ചെയ്തു, കൊല്ലം കാളിദാസകലാ കേന്ദ്രം കേരളം മുഴുവന്‍ അതുകളിച്ചു…സുധര്‍മ്മന്‍, ആ സംഭവം ഓര്‍മ്മയുണ്ടോ? ‘

സുധര്‍മ്മന്‍ ആരംഭിച്ചു:

‘പിന്നെ? നല്ല നാടകമായിരുന്നു അത്. രാജസ്ഥാനില്‍ ജയ്പ്പൂരില്‍ നിന്നും അകലെ, ദേവരാല എന്ന ഗ്രാമത്തില്‍, 1987 സെപ്തംബര്‍ നാലാം തിയ്യതിയാണ് രൂപ് കണ്‍വാര്‍ എന്ന പതിനെട്ടുകാരി സതിയെന്ന ക്രൂരമായ ആചാരമേറ്റെടുത്ത് ജീവത്യാഗം ചെയ്തത്. അവരുടെ ഭര്‍ത്താവ് മാന്‍സിംഗ് പരീക്ഷയില്‍ തോറ്റപ്പോള്‍ ആത്മഹത്യചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ട ത്തിനുശേഷം വീട്ടില്‍ കൊണ്ടുവന്നതോടെ ഭാര്യയായ രൂപ് കണ്‍വാറിന്റെ മനസ്സിന്റെ സമനില തെറ്റുകയും ഭര്‍ത്താവിന്റെ ചിതയില്‍ തന്നെ ആത്മാഹുതി ചെയ്യണമെന്നു വാശിപിടിക്കുകയും ചെയ്തു. വിചിത്രമായ ഈ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് സംഭവത്തിനു സാക്ഷിയായ നാട്ടുകാരില്‍ ചിലര്‍ സതിയെന്ന ആചാരത്തിന്റെ മഹത്വപരിവേഷം ചേര്‍ത്ത് വാദിച്ചു. സ്ത്രീകള്‍ അവരെ കല്യാണസാരിയും, ആഭരണങ്ങളും അണിയിച്ചു. ഭര്‍ത്താവിന്റെ തലയെടുത്തു മടിയില്‍വച്ചുകൊണ്ടു മാനസിക നില തെറ്റിയ ആ സ്ത്രീ മാന്‍സിംഗിന്റെ ചിതയിലിരുന്നു. മാന്‍സിംഗിന്റെ ഇളയസഹോദരന്‍ ചിതക്കു തീകൊളുത്തി, തീ വസ്ത്രങ്ങളിലേക്കു പടരുകയും രൂപ് കണ്‍വാര്‍ ചിതയില്‍ നിന്നെഴുന്നേറ്റു ഓടുകയുംചെയ്തു. അവരുടെ ആഗ്രഹസാക്ഷാത്കാരത്തിനു വേണ്ടി, നാട്ടുകാര്‍ അവരെ വടികള്‍കൊണ്ടു വീണ്ടും ചിതയിലേക്കു തള്ളിയിട്ടു, ഭര്‍തൃമരണത്തില്‍ നിന്നുണ്ടായ മാനസികാഘാതത്തിന്റെ പരിണിത ഫലമായി ആ സ്ത്രീ മരണപ്പെട്ടു. ഈ പ്രാകൃത നടപടിക്കെതിരെ ജയ്പൂര്‍ നഗരത്തില്‍ ലക്ഷക്കണക്കിന് പുരോഗമന വീക്ഷണക്കാരായ സ്ത്രീകള്‍ പങ്കെടുത്ത പ്രകടനം നടത്തി.’ സുധര്‍മ്മന്‍ ഒന്നു നിര്‍ത്തിയതിനു ശേഷം തുടര്‍ന്നു.

‘മതത്തെ അനാചാര ജീര്‍ണതകളില്‍നിന്നും രക്ഷിച്ചു മതത്തെ നവീകരി ക്കാന്‍ വേണ്ടി മതത്തെ സ്‌നേഹിച്ച രാജാറാംമോഹന്‍ റോയിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ സതിയെന്നഈ പ്രാകൃതമായ മതാചാരം,1829-ല്‍ നിരോധിച്ചു. എന്നാല്‍, ഒന്നര നൂറ്റാണ്ടിനുശേഷം1987ല്‍ സതി വീണ്ടും നടന്നപ്പോള്‍ അതിനനു കൂലമായി വാദിക്കാനും സംഘാടനത്തിനും സംരക്ഷണത്തിനും മുമ്പില്‍ നിന്നതും മതതീവ്രവാദ ശക്തികളാണ്. അവരെ മതസ്‌നേഹികള്‍ എന്നു പറയാനാവില്ല. അവര്‍ ആയിരക്കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സതി നടപ്പിലാക്കണമെന്നും, സതി രജപുത്രസമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നുമുള്ള ആവശ്യം ഉന്നയിച്ചു പ്രകടനം നടത്തി. പണംപിരിച്ചെടുത്ത് ദേവരാല ഗ്രാമത്തില്‍ ‘സതി മാത’യുടെ ക്ഷേത്രം നിര്‍മ്മിച്ചു, തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റി.. ‘

അപ്പോള്‍ സജിക്കു മറ്റൊരു സംശയം:

‘സതിയെന്ന ആചാരത്തിന്റെ ഉല്‍പത്തി എന്താണെന്നറിയാമോ? ‘ സുധര്‍മ്മന്‍ അതുംവിശദീകരിച്ചു:

‘ഇന്ത്യന്‍ സമൂഹത്തില്‍ ആചാരനിഷ്ഠകളും വര്‍ഗ്ഗപരമായ നൈതികതയും ഉള്‍പ്പെടുത്തി ഇതര ഗോത്രങ്ങളില്‍നിന്നു മതില്‍കെട്ടി ജാതിവ്യവസ്ഥ സ്ഥാപിക്കുന്നത് പുരോഹിത ബ്രാഹ്മണരാണ്. ജാതി വ്യവസ്ഥയുടെ ആചാര നിഷ്ഠകളും നിയമങ്ങളും നിര്‍മിക്കുന്നതുംസ്ഥാപിക്കുന്നതും ബ്രാഹ്മണരാണ്.  ഒരു കൂട്ടര്‍ വാതിലടച്ചു സ്വയംവലയം സൃഷ്ടിക്കുമ്പോള്‍, മറ്റുള്ളവര്‍ തങ്ങളില്‍നിന്നു വേലികെട്ടി സ്വയം ഒതുങ്ങുന്നു. അങ്ങനെ എല്ലാവരില്‍ നിന്നും ഭിന്നമായി ഒരുജാതി ഉണ്ടാവുന്നു. പിന്നീടു സമൂഹത്തില്‍ ഉന്നതരായ ബ്രാഹ്മണരെ അനുകരിച്ചു, ബ്രാഹ്മണരുടെ നിര്‍ദേശപ്രകാരം താഴെ ജാതികളും,അവക്കുള്ള നിയമങ്ങളും രൂപപ്പെടുന്നു. ആദ്യമൊരു വര്‍ഗ്ഗമായിട്ടാണു ജാതി രൂപപ്പെട്ടത്. അടഞ്ഞ വാതിലുകളുള്ള വര്‍ഗ്ഗം തന്നെയാണു ജാതി. സാമൂഹികമായ തട്ടുകളോടു കൂടിയ അധികാര ശ്രേണിയുള്ളതാണ് ബ്രാഹ്മണ മതം. ആ ശ്രേണീ വ്യവസ്ഥയുടെ ഔന്നത്യത്തില്‍ വിഹരിക്കുന്നതു ബ്രാഹ്മണനാണ്.

മനുവിന്റെ വിവേചനപരവും ക്രൂരവും മനുഷ്യത്വരഹിതവുമായ നീതിരഹിത അനുശാസനങ്ങളെ ശിരസ്സാവഹിച്ചു ലോകമെങ്ങുമുള്ള ജനങ്ങളില്‍നിന്നും ഭിന്നരായും അടിമകളായും ഖിന്നരായും ഇന്ത്യന്‍ ജനതമാറി. മുഴുവന്‍ ജനതതികളെയും അടിമകളാക്കിവെക്കുകയും ചെറിയൊരു കൂട്ടരേ മാത്രം ഉത്തുംഗ ശ്രുംഗങ്ങളിലാക്കി അവരോധിക്കുകയും ചെയ്ത മനുവിന്റെ നീതിബോധം പക്ഷപാതകരമാണ്. പൈശാചികവുമാണ്. മനുവിനു മുമ്പും ജാതിയുണ്ടായിരുന്നുവെന്നതിനാല്‍, അയാള്‍ ജാതിയുടെ സൃഷ്ടാവല്ലെങ്കിലും ജാതിയെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയെന്ന നിലയില്‍ അതിനു ദുഷിച്ച താത്വിക വ്യാഖ്യാനം നല്‍കി വ്യവസ്ഥാപീകരിച്ചുവെന്നതാണു മനുവിന്റെ സംഭാവന അഥവാ സാമൂഹിക തിന്മ. ദേശാടനവും കുടിയേറ്റവും സങ്കലനത്തിലൂടെയുള്ള സന്താനോല്പാദനവും ഇന്ത്യയിലെ മാത്രം പ്രതി ഭാസമല്ലെങ്കിലും ലോകം മുഴുവനതുസംഭവിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ മാത്രമാണു അതിപൈശാചികമായ ജാതിവ്യവസ്ഥയില്‍ കലാശിച്ചതു.’

‘ജാതിവ്യവസ്ഥ സ്ഥാപിക്കാന്‍ ആദ്യം ചെയ്തതു ജാതികള്‍ തമ്മിലുള്ള വിവാഹം നിരോധിക്കലാണ്. അങ്ങനെ ഒരു ജാതിയാവാന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ സ്ത്രീ പുരുഷന്മാരുടെ എണ്ണം ഏറെക്കുറെ തുല്യമായിരിക്കും. ഈ അനുപാതം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ചില വ്യവസ്ഥകള്‍ ആവശ്യമായി വരുന്നുണ്ട്. വിവാഹ യോഗ്യരായവരുടെ എണ്ണത്തില്‍ തുല്യതവരുത്തുകയെന്നതു വലിയ വെല്ലുവിളിയായി. ദമ്പതി കള്‍ ഒരേസമയത്തു മരിച്ചാല്‍ പ്രശ്ങ്ങളുണ്ടാവില്ല. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യതകള്‍ നന്നേ കുറവാണ്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരു സ്ത്രീ അധികം അഥവാ ഒരു സ്ത്രീ മിച്ചമാവുന്നു. ഈ സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു പ്രശ്‌നമായി. അനുയോജ്യനായ ഒരു പുരുഷനെ, ഇതേ സമൂഹത്തില്‍ നിന്നു കണ്ടെത്തുകതന്നെ പ്രശ്‌നമാണ്. അതു സാധ്യമായാലും ഒപ്പം ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ അധികമാവുന്നു. ഭര്‍ത്താവു മരിക്കുമ്പോള്‍ ആ സ്ത്രീക്കു ഒരു പുരുഷനെ കണ്ടെത്തിയില്ലെങ്കില്‍ ഗോത്രത്തിനു വെളിയില്‍ നിന്നു അവള്‍ ഇണയെ കണ്ടെത്തിയെന്നുവരാം. അപ്പോള്‍ ജാതി മതില്‍ പൊളിയുമെന്നതിനാല്‍, അതനുവദിച്ചുകൂടാ. ഈ വെല്ലുവിളിയെമറികടക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഭര്‍ത്താവുമരിച്ചാല്‍ സ്ത്രീ, ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്യുക, ‘സതി’ അനുഷ്ഠിക്കുക. ജാതി നിയമം പാലിക്കാനായി സ്ത്രീയുടെ ജീവിതം ബലികഴിക്കുക എന്ന സ്ത്രീ വിരുദ്ധനിയമം അടിച്ചേല്‍പ്പിക്കുന്നതിന്റെ ചരിത്ര രഹസ്യം ഇതാണ്.

പുരുഷാധികാരവും ജാതിവ്യവസ്ഥയും, സദാചാരത്തിന്റെ കണക്കു പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കുന്നതിലൂടെ സ്ത്രീകള്‍ക്കുനേരെ നടപ്പിലാക്കുന്ന ക്രൂരമായ ആചാരമായിരുന്നു, സതി. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയെ ദഹിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമ്പോള്‍ ഈ സ്ത്രീയെ വെളുത്ത സാരിയുടുത്തു, തലമുണ്ഡനംചെയ്തു, വെളിച്ചമില്ലത്ത ഇരുളടഞ്ഞ മുറിയില്‍ജീവിതാന്ത്യംവരെ തള്ളിയിടുക അഥവാ നിര്‍ബന്ധിത വൈധവ്യം ആചരിക്കുക.

ഇതിലൂടെ മനുസ്മൃതികാരന്‍, നിരവധി നേട്ടങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം സ്ത്രീകള്‍, സ്വത്തിന്റെ അധിപയാവുന്നതും തുടര്‍ന്ന് കുടുംബത്തിന്റെ അധികാരത്തിലെത്തുന്നതും തടയുന്നു. പരുഷന്റെ നിഴല്‍ മാത്രമാണ്  സ്ത്രീയെന്നും, ഭര്‍ത്താവിന്റെ മരണത്തിലും ജീവന്‍ ബലിയര്‍പ്പിച്ചുപോലും, പുരുഷനെ സ്ത്രീ പിന്തുടരുമെന്നും, അതിലൂടെ ഭര്‍ത്താവല്ലാതെ ഭാര്യക്കു സ്വന്തമായി അസ്തിത്വമോ ജീവിതമോ ഇല്ലെന്നും സ്ഥാപിക്കപ്പെടുന്നു.

‘ഭാര്യ മരിച്ചാല്‍ ഭര്‍ത്താവെന്തു ചെയ്യും?’ സജീവന്റെ ചോദ്യം വീണ്ടും പ്രസക്തം.സുധര്‍മ്മന്‍ ഒന്നോര്‍ത്തുകൊണ്ടു വിശദീകരണം തുടര്‍ന്നു:

ഭാര്യ മരിക്കുന്ന പുരുഷന്‍ ഇതുപോലെ സമൂഹത്തില്‍ പ്രശ്‌നമാവുമ്പോള്‍ പുരുഷമിച്ചം- അതായതു Surplus Manഉണ്ടാവുന്നു. അതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പുരുഷന്‍ സമൂഹത്തിന്റെ സമ്പത്തുല്പാദകനാണ്. സ്ത്രീയേക്കാള്‍ പ്രാധാന്യവും അധികാരവുമുള്ള പ്രസക്തനായ വ്യക്തിയാണ്. ഭാര്യയുടെ ചിതയില്‍ ചാടി മരിക്കണമെന്നും ബ്രഹ്മചര്യം അനുഷ്ടിക്കണമെന്നും പുരുഷനോടു നിര്‍ദേശിച്ചാല്‍, അയാളതനുസരിക്കില്ല. ജാതിനിയമം പുരുഷനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍, അയാള്‍ ജാതിക്കപ്പുറം കടന്നു ഇതര ഗോത്രബന്ധങ്ങളില്‍ നിന്നു ഇണയെ കണ്ടെത്തി കുട്ടികളെ ജനിപ്പിക്കാം, അതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.

ആ വിഭാര്യനെ ജാതിക്കുള്ളില്‍ തളച്ചിടുകയെന്ന വെല്ലുവിളി നേരിടുന്നതിനായി പുരുഷാധിപത്യ സമൂഹത്തിന്റെ കഴുകന്‍ കണ്ണുകള്‍ ചെന്നെത്തിയത്  പ്രായപൂര്‍ത്തിയാവാത്ത കൊച്ചു പെണ്‍കിടാങ്ങളിലേക്കാണ്. അതാണ് ശൈശവ വിവാഹത്തിന്റെ ഉല്പത്തി.

അപ്പോഴും, ഒരപുരുഷന്‍ അധികമാവുന്നില്ലേ എന്ന ചോദ്യത്തിനുത്തരമില്ല. മുത്തച്ഛന്റെ പ്രായമുള്ള പുരുഷനെ, കൗമാരപ്രായമെത്താത്ത പെണ്‍കിടാങ്ങള്‍ കല്യാണം കഴിക്കേണ്ടി വന്ന സംഭവങ്ങള്‍ സാധാരണമായിരുന്നു.ഭാര്യമാര്‍ മരിക്കുന്നത്  പുരുഷനു കൂടുതല്‍ ചെറുപ്പമുള്ള സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അവസരമായി കാണുന്ന സ്വാര്‍ത്ഥതയും ഈ വ്യവസ്ഥയുടെ പിന്നിലുണ്ടാകാം. എപ്പോഴും പുരുഷാധിപത്യത്തിന്റെ കുരുക്കില്‍ വീണതു പെണ്‍കുട്ടികള്‍ തന്നെ..! പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷന്‍, പുരുഷനെതിരെ നിയമനിര്‍മ്മാണം നടത്തുന്ന പ്രശ്‌നം ഉദിക്കിന്നില്ലല്ലോ ?’ സുധര്‍മ്മന്‍ പറഞ്ഞു നിര്‍ത്തി…

വിചാരം
മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം

ഇത്തിരി അനുകമ്പ⏩

ഇത്തിരി അനുകമ്പ

 

അതാണ് നിങ്ങളുടെ ആഭരണം⏩

അതാണ് നിങ്ങളുടെ ആഭരണം

തപ്പു കൊട്ടണ് തകിലടിക്കണ്⏩

തപ്പു കൊട്ടണ് തകിലടിക്കണ്

 

പാലു കാച്ചുന്ന നേരത്ത്⏩

പാലു കാച്ചുന്ന നേരത്ത് 

ജാതിചോദിക്കുന്നില്ല ഞാൻ⏩

ജാതിചോദിക്കുന്നില്ല ഞാൻ

മരണമെത്തുന്ന നേരം⏩

മരണമെത്തുന്ന നേരം

ബ്രാമിണ്‍ ഇഡ്ലി⏩

ബ്രാമിണ്‍ ഇഡ്ലി

ബത്തല സേവ⏩

ബത്തല സേവ

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.