Follow the News Bengaluru channel on WhatsApp

സന്താനഗോപാലം

സുരേഷ് കോടൂര്‍ 
പാലക്കാട് സ്വദേശി. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും അമേരിക്കയിലെ ഫീനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദവും നേടി. ഭാഭ അണുശക്തി കേന്ദ്രത്തില്‍ ആണവ ശാസ്ത്രജ്ഞനായും അമേരിക്കയിലെ എ.ടി ആന്റ് ടി, സണ്‍ മൈക്രോസിസ്റ്റംസ് എന്നിവയിലുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി ഐ.ടി കമ്പനികളില്‍ എക്സിക്യുട്ടീവ്‌ മാനേജ്മെന്റ് തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡ്വിന്‍ ടെക്‌നോളജീസ് എന്ന ഐ.ടി. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. സജീവ രാഷ്ടീയ സാംസ്‌കാരിക പ്രവര്‍ത്തകനും, പ്രഭാഷകനും, കഥാകൃത്തും കൂടിയാണ്. ബെംഗളൂരുവില്‍ സ്ഥിരതാമസം. കൃതികള്‍: മേലേടത്തേക്ക് ഒരു അതിഥി (കഥകള്‍), പ്രക്ഷുബ്ധം ഈ വര്‍ത്തമാനം (ലേഖനങ്ങള്‍).

കഥ

സന്താനഗോപാലം

ജനാലയുടെ കണ്ണാടിക്ക് പുറത്ത് മഴത്തുള്ളികള്‍ ചെറിയ ചെറിയ ചാലുകളായി ഒലിച്ചിറങ്ങി വിചിത്രങ്ങളായ രൂപങ്ങളുണ്ടാക്കി. ബസ്സിന്റെ വേഗത മാറുന്നതനുസരിച്ച് ചിത്രങ്ങളിലെ രൂപങ്ങള്‍ക്കും മാറ്റങ്ങളുണ്ടായി. പഴയവ പലതും മായുകയും പുതിയ രൂപങ്ങള്‍ വരകള്‍ക്കുള്ളില്‍ പ്രത്യക്ഷമാകുകയും ചെയ്തുകൊണ്ടിരുന്നു. യാത്രയുടെ നീരസത്തില്‍ നിന്ന് മനസ്സിനെ മാറ്റുവാന്‍ അയാള്‍ ജനാലയില്‍ കണ്ണുനട്ട് ഇരിക്കുകയായിരുന്നു. എങ്കിലും ചില്ലിന് പുറത്തെ ചിത്രങ്ങള്‍ക്ക് ഇടയ്ക്കിടെ ഗര്‍ഭത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശിശുവിന്റെ രൂപഭാവങ്ങള്‍ കൈവരുന്നത് അയാളെ അസ്വസ്ഥനാക്കാന്‍ തുടങ്ങി. മനസ്സ് തനിക്ക് തന്നെ പിടിതരാതെ കലഹിച്ചു നില്‍ക്കുകയാണല്ലോയെന്ന് അയാള്‍ ആധി പൂണ്ടു.

നിര്‍മല ഉറങ്ങുകയാണ്. ജനല്‍ക്കമ്പികളില്‍ തലചായ്ച്ച് ഒരുവശം ചെരിഞ്ഞുറങ്ങുന്ന അവളുടെ മുഖത്ത് ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കതയാണെന്ന് അയാള്‍ കൗതുകത്തോടെ അറിഞ്ഞു. ഒരു വശത്തേക്ക് മാറിക്കിടന്നിരുന്ന അവളുടെ പുതപ്പ് അയാള്‍ നേരെയാക്കി. മാടിയൊതുക്കിയ മുടിയില്‍ മഴത്തുള്ളികള്‍ മിന്നിക്കിടന്നു. പുലര്‍ച്ചെ നഗരത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ തുടങ്ങിയ മഴയാണ്. ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നു. തലേന്ന് രാത്രി ഫാദര്‍ ജോണ്‍ മത്തായി ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് പുലര്‍ച്ചെ തന്നെ പുറപ്പെടേണ്ടിവരുമെന്ന് കരുതിയതല്ല അയാള്‍. നിര്‍മലയുടെ നിര്‍ബന്ധമായിരുന്നു ലീവ് കളയാതെ ഈ യാത്ര. ഒരു ഞായറാഴ്ചയിലേക്ക് ആവാമല്ലോ എന്ന് അയാള്‍ ആവുന്നത് പറഞ്ഞു നോക്കിയതാണ്. ഭാര്യയുടെ കണ്ണീരിന് മുന്‍പില്‍ അവസാനം അയാള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

അങ്ങനെയാണവര്‍ അന്ന് പുലര്‍ച്ചെ ആ ചാറ്റല്‍മഴയുടെ അസൗകര്യത്തിലും ഫാദറിനെ കാണാന്‍ ഇറങ്ങിത്തിരിച്ചത്. അയാളുടെ അരികിലിരുന്ന് നിര്‍മല അപ്പോഴും ശാന്തമായി ഉറങ്ങുകയാണ്. ഇന്നലെ രാത്രി എപ്പോഴാണവള്‍ ഉറങ്ങിയതെന്നുതന്നെ അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഒരു പക്ഷേ ഉറങ്ങിയിരിക്കാന്‍ തന്നെ ഇടയില്ല. പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങുമ്പോഴും അവളുടെ ഉത്സാഹം ഒട്ടും തണുത്തിരുന്നില്ല. അല്ലെങ്കിലും നീണ്ട പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അവളുടെ സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമാകാനിരിക്കെ അവളിലെ ആവേശത്തെ തല്ലിക്കെടുത്തുന്നതൊന്നും തന്നെ ചെയ്യാന്‍ അയാള്‍ക്കാകുമായിരുന്നില്ല.
‘രാജേട്ടന്‍ എതിരൊന്നും പറയരുത്. എങ്ങനെ ആയാലും എനിക്ക് ഒരു കുഞ്ഞിനെ വേണം. അഡോപ്ഷനെങ്കില്‍ അങ്ങനെ. എനിക്കിനി കാത്തിരിക്കാന്‍ വയ്യ’.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഒട്ടും പ്രതീക്ഷിക്കാതെ അവള്‍ തന്നെയാണ് അങ്ങനെയൊരു വിഷയം എടുത്തിട്ടത്. ഒരു ശ്വാസത്തില്‍ത്തന്നെ മുഴുവന്‍ പറഞ്ഞ് അവള്‍ അയാളുടെ മുഖത്തേക്ക് പോലും നോക്കാതെ അകത്തേക്ക് ക്ഷണത്തില്‍ മറയുകയായിരുന്നു. അയാള്‍ ഒന്നും പറയാതെ ഏറെനേരം കണ്ണ് പത്രത്തിനുള്ളിലും മനസ്സ് മറ്റ് ദിക്കുകളിലുമായി അതേ ഇരിപ്പിരുന്നു. താന്‍ എതിര്‍ക്കുമെന്ന് അവള്‍ മുന്‍കൂട്ടി ധരിച്ചിരുന്നോ?

‘എനിക്ക് താനും തനിക്ക് ഞാനും പോരേടോ’ എന്ന് എന്നത്തേയും പോലെ താനവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്ന് അവള്‍ ഒരുപക്ഷേ ഭയപ്പെട്ടിരുന്നോ? അയാള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍മാത്രം ഉത്തരമില്ലാതെ മുഴച്ചുനിന്നു. അവളെ കുറ്റപ്പെടുത്താന്‍ കാരണമൊന്നുമില്ലെന്ന് സ്വയം ശാസിച്ചിട്ടാണ് അയാള്‍ എഴുന്നേറ്റത്. എന്നിട്ടും ഒരു ‘എങ്കിലും’ അയാള്‍ക്കുള്ളില്‍ ഒരു വവ്വാലിനെപ്പോലെ തലകീഴായി തൂങ്ങിനിന്നു.

‘സെലീനച്ചേച്ചി ഒരു ഫാദറിന്റെ അഡ്രസ് തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥാപനത്തിന് നമ്മളെ സഹായിച്ചേക്കാനാവുമെന്ന് അവര്‍ പറഞ്ഞു’.
പിന്നീടൊരിക്കല്‍ കൂടുതല്‍ വിവരങ്ങളുമായി അവള്‍ അയാള്‍ക്ക് മുന്‍പില്‍ കരടായി നിന്നു.
‘ഒരു ദിവസം മുതല്‍ ഒരു വയസ്സ് വരെ പ്രായം വരുന്ന കുട്ടികള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടത്രെ’.

അവളുടെ കണ്ണുകളിലെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ അയാളന്ന് തലകുനിച്ചു. കുഞ്ഞിനെ ദത്തെടുക്കാനവള്‍ ഉറച്ചുകഴിഞ്ഞെന്ന് അയാള്‍ക്കന്ന് ബോദ്ധ്യമായി.
‘രാജേട്ടന്റെ ഈ ഭയമൊക്കെ വെറുതെയാ. നോക്കിക്കോ. കുഞ്ഞ് വരുമ്പൊ എല്ലാം മാറിക്കോളും’.

അയാളുടെ മുടിയിഴകള്‍ തടവി അവള്‍ ആശ്വാസവാക്കുകള്‍ പറയുമ്പോഴും അയാള്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഒരുപക്ഷേ അവളാവും കൂടുതല്‍ ശരിയെന്നും അയാള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. അവള്‍ക്കൊപ്പം നടക്കാന്‍ തനിക്ക് കഴിയാത്തതെന്തേ എന്ന് മാത്രം അയാളുടെ മനസ്സ് വിഷമിച്ചു.

നിര്‍മല തന്നെയാണ് ഫാദറിനെ ഫോണില്‍ ബന്ധപ്പെട്ടതും അന്വേഷണങ്ങള്‍ നടത്തിയതുമെല്ലാം. അയാള്‍ എല്ലാറ്റിനും വെറുതെ അവളുടെ നിഴലായി അരികില്‍ നിന്നു.

തന്റെ കുഞ്ഞ് കാണാന്‍ രാജേട്ടനെപ്പോലെതന്നെ ആയിരിക്കണമെന്ന് ഒരിക്കലവള്‍ ഫാദറിനോട് പറയുന്നതു കേട്ട് അയാള്‍ക്ക് ചിരി വന്നുപോയി. നീ എന്തു വിവരക്കേടാ നിര്‍മ്മലേ പറയുന്നതെന്നയാള്‍ അവളെ അന്ന് കളിയാക്കുകയും ചെയ്തു.

മക്കളില്ലെന്നുവച്ച് ഇപ്പൊ നമ്മുടെ ജീവിതത്തിന് എന്താ ഒരു കുഴപ്പം നിര്‍മലേ എന്ന് ഇതിനുമുമ്പ് പലപ്പോഴും അയാളവളെ സാന്ത്വനിപ്പിച്ചിട്ടുണ്ട്. കുട്ടികളുള്ളവരുടെ ജീവിതപ്രാരാബ്ദങ്ങള്‍ അതിശയോക്തിയോടെ അവളുടെ മുന്‍പില്‍ നിരത്തി അവളുടെ ഉള്ളറിയാന്‍ ശ്രമിച്ചിട്ടുണ്ട്. അവളുടെ പുറകെ ചികിത്സകള്‍ക്കും പരീക്ഷണങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കുമൊക്കെയായി നടക്കുമ്പൊഴും അയാള്‍ക്കുള്ളില്‍ പ്രതീക്ഷകള്‍ വരണ്ടിരുന്നില്ല. ഒരു പക്ഷേ, എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്നുതന്നെ അയാള്‍ അംഗീകരിച്ചിരുന്നില്ലെന്ന് വേണം പറയാന്‍. ഒരു കുഞ്ഞിക്കാല്‍ ഏറെ ദൂരെയല്ലാതെ തങ്ങളെ കാത്തിരിക്കുന്നുവെന്നയാള്‍ അപ്പോഴും ഉറച്ചു വിശ്വസിച്ചിരുന്നു. ഈ ആഴ്ച അല്ലെങ്കില്‍ അടുത്ത ആഴ്ച. അതുമല്ലെങ്കില്‍ അതുകഴിഞ്ഞുള്ളൊരു നിമിഷത്തില്‍ തീര്‍ച്ചയായും അവള്‍ ആ സന്തോഷവാര്‍ത്തയുമായി വന്ന് പൂമുഖത്ത് ചാരുകസേരയിലിരിക്കുന്ന തന്നെ പുണരുമെന്ന് അയാള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. ഒരു ഉച്ചയുറക്കത്തില്‍ നിന്നുണരുന്ന അലസനിമിഷത്തില്‍ തന്റെ ചെവിയില്‍ സ്വകാര്യം പറയാനവള്‍ എത്തുമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നു. സ്നേഹപൂര്‍വ്വം തന്റെ വിരലുകള്‍ കയ്യിലെടുത്ത് അവള്‍ സ്വന്തം ഉദരത്തുടിപ്പുകളില്‍ ചേര്‍ത്ത് കിന്നാരം പറയുന്നത് പലതവണ സ്വപ്നം കണ്ടിരുന്നു. പക്ഷേ പിന്നീടെപ്പോഴോ നിര്‍മലയുടെ ശ്രമങ്ങള്‍ക്ക് ഗൗരവമേറിത്തുടങ്ങിയപ്പോള്‍ തന്റെ വിശ്വാസം ഇനിയും തന്നെ രക്ഷിക്കാന്‍ എത്തുകയില്ലെന്ന് അയാള്‍ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി. ഏതോ ഒരു അവസാന വിധിക്ക് വഴങ്ങുന്നതുപോലെ അയാള്‍ സ്വയം കീഴടങ്ങിത്തുടങ്ങുകയായിരുന്നു. പരാജയം സമ്മതിച്ചതുപോലെ.

എങ്കിലും ചില പാതിയുറക്കത്തിന്റെ നിമിഷങ്ങളില്‍ അപ്പോഴും കോളേജ് കാമ്പസിലെ ആളൊഴിഞ്ഞ കോണുകളില്‍ തന്റെ മുന്നില്‍ നിന്ന് തന്റേടത്തോടെ വാചാലയാവുന്ന നിര്‍മല ഒരു പ്രതീക്ഷപോലെ അയാളിലേക്ക് കടന്നുവരാറുണ്ടായിരുന്നു.

‘രാജേട്ടന് മക്കളെ ഉണ്ടാക്കാനുള്ള ഇന്‍സ്ട്രുമെന്റൊന്നും അല്ല ഈ നിമ്മി ട്ടോ’.
ഇടുപ്പില്‍ കൈവെച്ചവള്‍ ഗൗരവത്തില്‍ നില്‍ക്കുമ്പോള്‍ അയാള്‍ പലപ്പോഴും ചിരിച്ചുപോകാറുണ്ട്. ആ ചിരിയില്‍ അവള്‍ക്ക് വീണ്ടും ദേഷ്യം ഇരച്ചുകയറുന്നത് അയാള്‍ കൗതുകത്തോടെ കണ്ടുനില്‍ക്കാറുമുണ്ട്.

‘രാജേട്ടാ, ഞാന്‍ സീരിയസ്സായി പറയുകയാണ്. ഒരഞ്ചുകൊല്ലത്തേക്ക് നമുക്ക് വേണ്ടേ വേണ്ട’.

‘അതിന് നമ്മുടെ കല്യാണം പോലും കഴിഞ്ഞില്ലല്ലോ. അതിനു മുമ്പ് നീ ഇങ്ങനെ ബഹളം വച്ചാലെങ്ങനെയാ’. അയാള്‍ അവളെ അനുനയിപ്പിക്കാന്‍ ശ്രമിക്കും.

‘അതേ, നിങ്ങള്‍ ആണുങ്ങള്‍ അങ്ങനാ. ഇപ്പൊ എല്ലാറ്റിനും സമ്മതം മൂളും. കാര്യത്തോടടുക്കുമ്പൊ പിന്നെ അമ്മയ്ക്ക് കുഞ്ഞിക്കാല് കാണണം, മുത്തശ്ശിക്ക് പേരക്കുട്ടിയെ കണ്ടിട്ട് കണ്ണടയ്ക്കണം എന്നൊക്കെയാവും ഓരോ ന്യായങ്ങള്‍’.

‘ഞാന്‍ അങ്ങനൊന്നും പറയില്ല, പോരെ’.
‘പറഞ്ഞാലും എന്നെ അതിനൊന്നും കിട്ടൂല്ല്യ’. അവള്‍ മുഖം പ്രത്യേക ഭാവത്തിലാക്കി അയാളെ വെല്ലുവിളിക്കും.

‘ഞാന്‍ കരിയറില്‍ ഒരു നെലക്കെത്തീട്ടേ കുട്ട്യോക്കെ ആവാന്‍ സമ്മതിക്കൂ. ഇപ്പൊത്തന്നെ പറയ്വാ. പിന്നെ ഞാന്‍ പറഞ്ഞില്ല്യാന്ന് പറയര്ത്’. തലവെട്ടിച്ച് അവള്‍ ദേഷ്യത്തില്‍ കാലമര്‍ത്തി പിന്‍തിരിഞ്ഞ് നടക്കുമ്പോള്‍ അയാള്‍ ശബ്ദമുണ്ടാക്കാതെ പതുക്കെ ചിരിക്കും.

ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എപ്പോഴൊക്കെയോ തന്റെ വാക്കുകള്‍ക്ക് അറം പറ്റിയെന്ന് അവള്‍ സ്വയം ശപിക്കുമ്പോഴും ആരുടെയൊക്കെയോ ശാപവാക്കുകള്‍ തന്നെ വേട്ടയാടുകയല്ലേയെന്ന് അവളുടെ കണ്ണുകളില്‍ ഭയം നിറയുമ്പോഴും ഒക്കെ അവളെ ചേര്‍ത്തുനിര്‍ത്തി സമാധാനിപ്പിക്കുമ്പോള്‍ ഒരിക്കലും അയാള്‍ തളര്‍ന്നിരുന്നില്ല. എങ്കിലും ഇപ്പോള്‍ ഒരു കുഞ്ഞിക്കാലിനായുള്ള അവളുടെ അന്വേഷണങ്ങള്‍ തന്നില്‍നിന്ന് പുറത്തേക്ക് വളരാന്‍ തുടങ്ങുന്നുവെന്ന തിരിച്ചറിവില്‍ സ്വയം തളര്‍ന്നുപോകുന്നുണ്ടെന്ന് അയാള്‍ കുറേശ്ശെ മനസ്സിലാക്കിത്തുടങ്ങിയിരുന്നു.

‘അടുത്ത സ്റ്റോപ്പാണ് സാറിനിറങ്ങേണ്ട സ്ഥലം’. കണ്ടക്ടര്‍ വന്ന് പുറത്തുതട്ടി വിളിച്ചപ്പോഴാണ് അയാള്‍ വര്‍ത്തമാനത്തില്‍ തിരിച്ചെത്തിയത്. നിര്‍മലയെ തട്ടിയുണര്‍ത്തി അയാള്‍ ഇറങ്ങാറായെന്ന് അറിയിച്ചു. പതിവ് ഉറക്കച്ചടവുകളൊന്നും പുറത്തെടുക്കാതെ അവള്‍ ഉത്സാഹപൂര്‍വ്വം ഇറങ്ങാന്‍ തയ്യാറെടുത്തു. ബസ്സിറങ്ങി നടക്കുമ്പോള്‍ അവളുടെ കാലുകള്‍ക്ക് പതിവിലധികം വേഗമുണ്ടെന്ന് അയാള്‍ക്ക് തോന്നി.

നിറഞ്ഞ ചിരിയുമായി ഫാദര്‍ ജോണ്‍ മത്തായി സ്വാഗതം ചെയ്തു. ഫാദര്‍ അവര്‍ക്ക് മുന്‍പില്‍ പതുക്കെ നടന്നു. ഓഫീസ് മുറിയിലിരുന്ന് അദ്ദേഹം തന്നെയാണ് ആദ്യം സംസാരിച്ചു തുടങ്ങിയതും.

‘നിങ്ങള്‍ക്കറിയുമോ എന്നെനിക്കറിയില്ല. കുട്ടികളെ പോറ്റാന്‍ നിവൃത്തിയില്ലാത്തവരും, പിഞ്ചുജീവനെ കളയാന്‍ മനസ്സു വരാത്തവരും കുഞ്ഞുങ്ങളെ എന്നെ ഏല്‍പ്പിച്ച് പോകാറുണ്ട്. ചിലര്‍ക്ക് സ്വന്തം കുടുംബത്തിന് കളങ്കമായി സംഭവിച്ചുപോയതിനെ സ്വീകരിക്കാനുള്ള വൈമനസ്യം കൊണ്ടുമാകാം. ഈ കുരുന്ന് ജീവനുകളെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുകയെന്നതാണ് എന്റെ ദൗത്യം. ഏതായാലും ഒരു കുഞ്ഞിനെ ഏറ്റുവാങ്ങാനുള്ള നിങ്ങളുടെ തീരുമാനത്തില്‍ എനിക്കേറെ സന്തോഷമുണ്ട്’.

നിര്‍മലയോ അയാളോ തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടുകൊണ്ടിരിക്കുകമാത്രം ചെയ്തു. നിര്‍മലയുടെ കണ്ണുകളില്‍ മുറ്റിനിന്ന ആകാംക്ഷ തിരിച്ചറിഞ്ഞാകണം ഫാദര്‍ പിന്നെ കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ എഴുന്നേറ്റു.

‘എന്റെ കൂടെ വരൂ’. ഫാദര്‍ വരാന്തയിലൂടെ മുന്നില്‍ നടന്നു. നിര്‍മല തലക്ക് മുകളിലൂടെ സാരി പുതച്ച് അദ്ദേഹത്തിനൊപ്പം നടന്നു. അവിടെയൊന്നും അല്ലെന്നതുപോലെ അയാള്‍ വരിക്കൊടുവിലായി അവര്‍ക്കൊപ്പം നീങ്ങി. ഇറയത്ത് വീണ മഴവെള്ളം വരാന്തയിലും നനവ് നിറച്ചു. ഫാദറെപ്പോഴോ വലതുഭാഗത്ത് കണ്ട ഒരു വാതില്‍ തുറന്ന് അവരെ അടുത്ത റൂമിലേക്ക് നയിച്ചപ്പോഴാണ് അയാള്‍ ഇറവെള്ളത്തില്‍ നിന്നും കണ്ണെടുത്തത്.

‘ഇതാണ് കുട്ടികളുടെ മുറി. ഇവള്‍ ആലീസ്. ഇവളാണിപ്പോള്‍ ഇവര്‍ക്കൊക്കെ അമ്മ’.

ഫാദര്‍ അരികില്‍ നിന്ന സിസ്റ്ററിനെ നോക്കി അവരോട് പറഞ്ഞു. അയാള്‍ ആലീസിനെ കൗതുകപൂര്‍വ്വം നോക്കി. ഇവള്‍ക്ക് സ്വന്തമായി കുട്ടികളുണ്ടാവുമോ എന്നാണയാള്‍ അപ്പോള്‍ വെറുതെ ഓര്‍ത്തുപോയത്.

‘ഇവളാണിപ്പോള്‍ ഇവിടെ ഉള്ളതില്‍ വച്ച് ഏറ്റവും മൂത്തത്. ഈ ശനിയാഴ്ച ഇവള്‍ക്ക് ഒരുമാസം തികയും’.

ഒരു കുഞ്ഞിനെ കിടത്തിയിരിക്കുന്ന കിടക്കയ്ക്കരികിലാണ് തങ്ങളെത്തിയിരിക്കുന്നതെന്ന് അപ്പോഴാണ് അയാള്‍ അറിഞ്ഞത്. നിര്‍മല ക്രിബിനുള്ളിലെ കുട്ടിയെ കണ്ണെടുക്കാതെ നോക്കിനിന്നു. ഇളം നീല കണ്ണുകള്‍ വിടര്‍ത്തി അവള്‍ നിര്‍മ്മലയെത്തന്നെ നോക്കി കിടക്കുകയാണെന്ന് അയാള്‍ക്ക് തോന്നി.
‘നീലിമ. അതാണ് ഞങ്ങള്‍ ഇവള്‍ക്കിട്ടിരിക്കുന്ന പേര്’.

ഫാദറിന്റെ കണ്ണുകളില്‍ അഭിമാനം വിരിഞ്ഞു. അടുത്ത നിമിഷത്തില്‍ നിര്‍മല കുഞ്ഞിനെ വാരിയെടുത്തു. അവളുടെ തുടുത്ത കവിളുകളില്‍ മതിവരുവോളം ഉമ്മ വച്ചു.

‘ഇവള്‍ തന്നെ എന്റെ മോള്’. ഏറെ നേരം കുഞ്ഞിനെ താലോലിച്ചുകൊണ്ടവള്‍ അവിടെത്തന്നെ നിന്നു. നിര്‍മലയുടെ കണ്ണുകള്‍ ചിരിക്കുന്നത് ഏറെക്കാലത്തിനുശേഷം അയാള്‍ അന്ന് വീണ്ടും കണ്ടു.

‘വരൂ. ഇനിയും അഞ്ചുപേരും കൂടിയുണ്ട്’.
ഫാദര്‍ നടന്നു. കുഞ്ഞിനെ കൊഞ്ചിച്ച് കൊതിതീരാതെ നിന്ന നിര്‍മലയില്‍നിന്നും ആലീസ് കുഞ്ഞിനെ വാങ്ങിച്ചു. ഫാദര്‍ അടുത്ത ക്രിബിനരികിലേക്ക് നീങ്ങുമ്പോഴും നിര്‍മലയുടെ കണ്ണുകള്‍ നീലിമയില്‍ത്തന്നെ ഏറെനേരം ഉടക്കിനിന്നു.

”ഇവനിന്നലെ മൂന്നാഴ്ച തികഞ്ഞു”. വെളുത്ത് മെലിഞ്ഞ്, തല ഒരുവശം ചെരിച്ച് സുഖമായുറങ്ങുന്ന ഒരുസുന്ദരക്കുട്ടനെ നോക്കി ഫാദര്‍ മൊഴിഞ്ഞു.

‘പേരുകേട്ട ഒരു കുടുംബത്തിലെയാണ്. ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ അവര്‍ അഡോപ്ഷന് നല്‍കാനായി എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്’.

താനൊരബദ്ധമാണെന്നറിയാതെ സുഖമായുറങ്ങുന്ന ആ നിഷ്‌കളങ്കതയുടെ ചുണ്ടില്‍ നിര്‍മ്മലയുടെ ചുണ്ടുകള്‍ മാതൃവാത്സല്യം ചുരത്തുമ്പോള്‍ അയാളുടെ മനസ്സ് മറ്റെങ്ങോ അലയുകയായിരുന്നു.

‘എന്തൊരോമനത്തം’. നിര്‍മല അവന്റെ ഇരുകൈകളും തന്റെ കവിളോടുചേര്‍ത്തുവച്ച് ഫാദറിനോട് അത്ഭുതം കൂറി.

‘ഇവനെ എനിക്ക് വേണം ഫാദര്‍’, അവള്‍ കുഞ്ഞിനെ ഉണര്‍ത്താതെ കരുതലോടെ തോളിലേക്ക് ചായ്ച്ചു.

‘നിങ്ങള്‍ ഇങ്ങനെ എക്സൈറ്റഡായാലോ?’ ഫാദര്‍ പുഞ്ചിരി പൊഴിച്ചുകൊണ്ട് നിര്‍മലയുടെ തോളില്‍ തട്ടി.

കുഞ്ഞുങ്ങളെയൊക്കെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ആകാശം കൂടുതല്‍ കനത്തിരുന്നു. ഇറയത്ത് മുഴുവന്‍ വെള്ളം കെട്ടിനിന്നു. അയാളുടെ മനസ്സും മേഘാവൃതമായിരുന്നു. ഫാദര്‍ നിര്‍മലയുമായി മുന്നില്‍ നടന്നപ്പോള്‍ അയാളും തൂങ്ങിയ മനസ്സുമായി പതുക്കെ പിന്നാലെ നടന്നു. നേരം ഉച്ചയോടടുത്തിരിക്കുന്നു. ആ ഹാളിനുള്ളില്‍ തങ്ങള്‍ എത്രനേരം കഴിഞ്ഞുവെന്ന് അയാള്‍ക്ക് ഒരു പിടിപാടുമില്ലായിരുന്നു. ഫാദറിന്റെ വര്‍ത്തമാനങ്ങളോ നിര്‍മലയുടെ വാത്സല്യപ്രകടനങ്ങളോ ഒന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ഫാദറിന് പിന്നാലെ അവര്‍ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് കടന്നു.

”നിങ്ങള്‍ ഇരിക്കൂ”.

നിര്‍മലയ്ക്കും അയാള്‍ക്കുമായി കസേരകള്‍ വലിച്ചിട്ട് ഫാദര്‍ അവര്‍ക്കെതിരെ ഇരുന്നു. പുറത്തെ മഴയുടെ തണുപ്പിലും മുകളില്‍ ഫാന്‍ കറങ്ങിക്കൊണ്ടിരുന്നു. മുഖം നിറയെ ചിരിയണിഞ്ഞു, പല പോസുകളിലുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഫാദറിന്റെ മുറിയുടെ ചുമരുകള്‍ക്ക് അലങ്കാരം ചാര്‍ത്തി എല്ലായിടത്തും നിറഞ്ഞുനിന്നു. മേശപ്പുറത്തിരുന്ന് ഗ്ലാസില്‍ നിര്‍മ്മിച്ച കന്യാമറിയത്തിന്റെ രൂപം വെളിച്ചത്തില്‍ തിളങ്ങി.

‘മാഡം ഇപ്പോള്‍ത്തന്നെ ഒരു തീരുമാനം പറയണമെന്നില്ല. തിരിച്ചുപോയി നിങ്ങള്‍ തമ്മില്‍ ആലോചിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ എന്നെ അഭിപ്രായം അറിയിച്ചാല്‍ മതി. കുട്ടികളുടെ വിവരങ്ങളടങ്ങിയ ഫയല്‍ മാഡത്തിന് തരാന്‍ ഞാന്‍ ആലീസിനോട് പറഞ്ഞിട്ടുണ്ട്’.

പറഞ്ഞവസാനിപ്പിച്ച് ഫാദര്‍ അവരെ രണ്ടുപേരെയും മാറി മാറി നോക്കി. അവിടെനിന്നും രക്ഷപ്പെടുന്നതിന്റെ സന്തോഷവുമായി അയാള്‍ എഴുന്നേല്‍ക്കാന്‍ തയ്യാറെടുത്തു.

‘ഞാന്‍ തീരുമാനിച്ചു, ഫാദര്‍’.

അപ്പോഴാണ് ഇടിവെട്ട് കണക്കെ നിര്‍മലയുടെ വാക്കുകള്‍ അയാളില്‍ ഒരു മുഴക്കമായി വീണത്. അയാള്‍ വിശ്വാസം വരാതെ നിര്‍മലയെ വീണ്ടും നോക്കി.

‘നിര്‍മലേ, അത്…’

‘രാജേട്ടാ, പ്ലീസ്. എതിരു പറയരുത്’.

”ഏത് കുട്ടിയെയാണ് മാഡം തെരഞ്ഞെടുത്തത്?” ഫാദര്‍ മേശപ്പുറത്ത് കിടന്നിരുന്ന ഒരു പേനയുടെ മൂടി വലിച്ചൂരി തന്റെ ലെറ്റര്‍പാഡ് എടുത്ത് മുന്നോട്ട് നീക്കിവച്ചു പിന്നെ പതുക്കെ തലയുയര്‍ത്തി നിര്‍മലയെ നോക്കി.

നിര്‍മല ഒരു നിമിഷം അയാളെ നോക്കി. പിന്നെ ഫാദറിനു നേരെ കണ്ണുകളുയര്‍ത്തി അപേക്ഷാസ്വരത്തില്‍ പതുക്കെ ശബ്ദിച്ചു.

‘എനിക്ക് എല്ലാവരെയും വേണം ഫാദര്‍’.

ഫാദര്‍ അവളെ നോക്കി മിഴിച്ചിരുന്നു. അവളുടെ വിയര്‍ത്ത് നനഞ്ഞ കൈത്തലം പതുക്കെ തന്റെ കൈകളിലെടുത്ത് അയാള്‍ വിറയലോടെ വിളിച്ചു.
‘നിര്‍മ്മലേ…’

‘രാജേട്ടാ, മറുത്തൊന്നും പറയരുത്. എന്റെ കുഞ്ഞുങ്ങളെ ദൈവം ഇവിടെ സംരക്ഷിക്കുകയായിരുന്നു ഇത്രേം കാലം എന്ന് കരുതിയാല്‍ മതി. ഇതുവരെ അവിടുന്ന് എനിക്കായി കാത്തിരിക്കുകയായിരുന്നിരിക്കണം’.

മറുപടിക്ക് കാത്തുനില്‍ക്കാതെ അവള്‍ എഴുന്നേറ്റ് പുറത്തെ വരാന്തയിലേക്ക് നടന്നു. അയാള്‍ കസേരയില്‍ത്തന്നെ തളര്‍ന്നിരുന്നു. തന്റെ മുന്നിലിരുന്ന വെളുത്ത കടലാസില്‍ അര്‍ത്ഥങ്ങളില്ലാത്ത ഭാവങ്ങള്‍ കോറി എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഫാദര്‍ തലകുനിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.