Follow the News Bengaluru channel on WhatsApp

ദേജാവു

സുരേഷ് കോടൂര്‍ കഥകള്‍ 

 

ദേജാവു

രാവിലെ വൈദ്യശാല തുറന്ന് മരുന്നുകുപ്പികള്‍ അടുക്കിവെക്കുമ്പോഴാണ് അയാള്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്. കറുത്ത പാന്‍റ്റ്‌സും, വെളുത്ത ഫുള്‍ക്കൈ ഷര്‍ട്ടുമിട്ട്, നീലനിറത്തിലുള്ളൊരു ടൈയ്യും അതിന് ചേര്‍ന്നൊരു കോട്ടുമിട്ട് മുഖത്ത് മനോഹരമായ ഒരു ചിരിയുമായി ഏറെക്കാലമായി പരിചയമുള്ളവനെപ്പോലെ അയാള്‍ അവിടെനിന്ന് എന്റെ നേരെ ചോദ്യമെറിയുകയാണ് ചെയ്തത്.

‘ബാലേട്ടന്റെ വീടല്ലേ?’

ഞാനറിയാതെ എന്റെ തല ഇരുവശത്തേക്കുമായി ഇളകി. അതേയെന്നമട്ടില്‍.
വീട്ടിലേക്കുള്ള അതിഥികളായാലും വൈദ്യശാലയിലേക്കുള്ള രോഗികളായാലും കടന്നുവരേണ്ടത് ഈ വാതിലിലൂടെത്തന്നെയാണ്. അതുകൊണ്ട് അയാള്‍ രോഗിയായാണോ അതോ അതിഥിയായാണോ അപ്പോഴെത്തിയിരിക്കുന്നത് എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. മുഖത്തണിയേണ്ട ഭാവം തിരഞ്ഞെടുക്കാന്‍ അതുകൊണ്ട് എനിക്കുടനെ കഴിയാതെപോയി.

പുറത്തുതന്നെ നിന്ന് കഴുത്തല്പം മുകളിലേക്ക് നീട്ടി അയാള്‍ വീണ്ടും ചോദിച്ചു.
‘ബാലേട്ടനല്ലേ?’

ആദ്യത്തെ അമ്പരപ്പില്‍നിന്നും അപ്പോഴാണ് ഞാനുണര്‍ന്നത്.
‘അതെ, ആളെ മനസ്സിലായില്ല. ക്ഷമിക്കണം. എന്തായാലും അകത്തേക്ക് കേറി ഇരിക്ക്യാ’.

രോഗികള്‍ക്കായി കരുതിവച്ചിട്ടുള്ള കസാല ഞാന്‍ അയാള്‍ക്കായി നീക്കിയിട്ടു കൊടുത്തു.

‘സ്ഥലം ത്തിരി കഷ്ട്യാണ്. ഇവടേന്നെ ഞങ്ങടെ തമസോക്കേം. ഉമ്മറോം, പരിശോധനാമുറീം ഒക്കെ ഇതന്നേന്ന് കൂട്ടിക്കോളൂ. അതോണ്ടാ ഒരു ചിട്ടേം വെടിപ്പും ഒന്നും ല്ല്യാണ്ടെ….’

അയാള്‍ കസാല വലിച്ചിട്ടിരിക്കുന്നതിനിടയില്‍ ചിരിച്ചുകൊണ്ട് സാരമില്ലെന്ന് തലയാട്ടി.

‘അല്ലെങ്കിലും ഒപ്പാ വാടക ഒക്കെ കൊടുത്ത് ഒരു മുറ്യേട്ക്കാന്‍ മാത്രോന്നും കച്ചോടോം ല്ലാന്ന് കൂട്ട്വാ. വെറുതെ ഇരിക്കണ്ടാലോന്ന് വിചാരിച്ച് ങ്ങനെ ഓരോന്ന്…’
മുഴുമിപ്പിക്കുന്നതിന് മുമ്പ് ഉള്ളില്‍ നിന്ന് ആരോ കടിഞ്ഞാണ്‍ വലിച്ചു. എന്തിനാപ്പൊ ഇതൊക്കെ ഇയാളോട് പറയ്ണ്ന്ന് മനസ്സിനുള്ളില്‍ താക്കീതുയര്‍ന്നു. അല്ലെങ്കിലും, ഇത്പ്പോ എനിക്കൊരു സ്വഭാവായിരിക്ക്ണു. സ്വന്തം പരാധീനങ്ങള്‍ ഇങ്ങനെ വെളമ്പല്.

‘ഇദ്ദേഹം ഒരു മിനിറ്റ് ഇരിക്ക്വാ. ഞാനെന്റെ കണ്ണട എടുത്തോണ്ട് വരട്ടെ. കണ്ണടല്ല്യാച്ചാല്‍ മുഖം ശിക്കങ്ക്ട് തിരിയാണ്ടായിരിക്ക്ണു’.

അയാളെ ഉമ്മറത്തിരുത്തി ഞാനകായിലേക്ക് നടന്നു. അയയില്‍ തൂക്കിയിട്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഞാനെന്റെ കണ്ണട തപ്പുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് കയ്യില്‍ ചട്ടുകവുമായി ദോശ ചുടുന്ന വേഷത്തില്‍ ഭവാനി മുന്നില്‍ വന്നുനിന്നു. ഒട്ടും പ്രസന്നതയില്ലാതെ അവള്‍ ചുട്ടെടുക്കുന്ന പലഹാരങ്ങള്‍ പോലെത്തന്നെ അവിടവിടെ കരുവാളിച്ച മുഖവുമായല്ലാതെ ഞാനവളെ കണ്ടകാലം തന്നെ മറന്നുപോയിരിക്കുന്നു. ഇന്നത് അങ്ങനെയല്ലാതാകാന്‍ മാത്രം പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് ഞാനും സമാധാനിച്ചു.

‘വന്നവരോട് വാചകമടിക്കാന്‍ നിക്കാതെ വേഗം മരുന്ന് കൊടുത്ത് പറഞ്ഞ് വിടാന്‍ നോക്ക്വാ. ബാക്കിയുള്ളോര്‍ക്ക് ഒന്ന് ഉമ്മറത്തുംകൂടി വരാന്‍ പറ്റാണ്ടെ ഈ ‘ഠ’ വട്ടത്തില് നിന്ന് തിരിയാന്‍ വയ്യ, അതന്നെ’.

പറഞ്ഞവസാനിപ്പിച്ച് പ്രത്യക്ഷപ്പെട്ട വേഗതയില്‍ത്തന്നെ അവള്‍ തിരിഞ്ഞ് നടന്നു.
‘ദിവസോം ഞാനിതന്നെ പറയും. ന്ന്ട്ടെന്താ? ആര് കേക്കാന്‍. പഴം പുരാണോം പറഞ്ഞോണ്ടിര്ന്നാ മതീലോ ഒരാള്ക്കിവടെ. ചെക്കന്‍ പണ്യേട്ക്കണതോണ്ട് വയറ് നെറയണ് ണ്ടല്ലോ. പിന്നെപ്പൊ ന്താ’.

അവള്‍ അടുക്കളയിലെത്തിയിട്ടും അവളുടെ ശകാരവാക്കുകള്‍ വാശിയോടെ എന്നെത്തിരഞ്ഞു വന്നു. പിന്നെ, അടുപ്പത്ത് ഏതൊക്കെയോ പാത്രങ്ങള്‍ മറിഞ്ഞുവീണതിന്റെ ഒച്ചയില്‍ അവ ദിശ തെറ്റി ചിതറിപ്പോയി.

അവളെ കുറ്റം പറയുന്നതും ശരിയല്ലെന്ന് എനിക്കറിയാതെയല്ല. ആകെക്കൂടി രണ്ട് ചെറിയ മുറികളും കഷ്ടിച്ച് ഒരാള്‍ക്ക് പെരുമാറാവുന്ന ഒരടുക്കളയുമുള്ള ചെറിയൊരു ഫ്ളാറ്റില്‍ അന്യനൊരാളുടെ വരവ് ഉണ്ടാക്കാവുന്ന അസൗകര്യങ്ങള്‍ കുറച്ചൊന്നുമല്ലല്ലോ. എങ്കിലും ഈ മഹാനഗരത്തില്‍ സ്വന്തമായൊരു വീടുണ്ടാവുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല എന്നതും മറക്കരുതല്ലോ. സ്വന്തമായി വാങ്ങിയതല്ല ഈ ഫ്ളാറ്റ്. കഴിഞ്ഞ പത്ത്പതിനഞ്ച് കൊല്ലമായി ഉടമസ്ഥന്‍ വാടകയ്ക്കായി വരാത്തതുകൊണ്ട് തനിയെയങ്ങ് സ്വന്തമാവുകയാണ് ഉണ്ടായത്. ഉടമസ്ഥന്‍ സേഠ് ഒരുപക്ഷേ മരിച്ചുപോയിരിക്കാം. അയാളുടെ മക്കള്‍ക്ക് ഇങ്ങനെ പൊളിഞ്ഞ് വീഴാറായി നില്‍ക്കുന്ന ഒരു കെട്ടിടം തങ്ങളുടെ സ്വത്തുവിവരപ്പട്ടികകളുടെ കൂട്ടത്തിലുണ്ടെന്ന് അറിയാന്‍ വിട്ടുപോയതുമാകാം. അതുമല്ലെങ്കില്‍ അന്തേവാസികളെ ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ടുകളോര്‍ക്കുമ്പോള്‍ കെട്ടിടം പൊളിഞ്ഞുവീഴുന്നതുവരെ കാത്തിരിക്കുകയാവും ബുദ്ധിയെന്ന് വിദ്യാഭ്യാസമുള്ളവരായ സേഠുവിന്റെ മക്കള്‍ കണക്കെടുപ്പ് നടത്തിയതാകാനും മതി. എന്തായാലും ഞാനടക്കം ഈ കെട്ടിടത്തില്‍ ജീവിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളാണ് ഇങ്ങനെ സേഠുവിന്റെ വിശാലമനസ്‌കതകൊണ്ട് വീട്ടുടമസ്ഥരായത്. ഇങ്ങനെയല്ലാതെ മറ്റൊരുവഴിക്കും ഇവരിലാരും സ്വന്തമായൊരു വീടെന്ന സ്വപ്നം ഈ ജന്മത്തോ ഇനി വരാനിരിക്കുന്ന ഇതിലും വലിയ ജന്മങ്ങളിലോ ഒന്നും സാക്ഷാല്‍ക്കരിക്കാനിടയില്ലെന്ന് മുകളിലുള്ളവന് അലിവ് തോന്നിയിരിക്കണം.

ഭവാനിയുടെ സ്വപ്നങ്ങള്‍ പക്ഷേ ഈ ചുറ്റുവട്ടത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല എന്നതായിരുന്നു എന്നെ എന്നും അലട്ടിയിരുന്ന പ്രശ്നം. അല്ലെങ്കിലും അവള്‍ക്ക് പണ്ടും സ്വപ്നം കാണാന്‍ ഏറെ ഇഷ്ടമായിരുന്നു. ഉണര്‍ന്നിരിക്കുമ്പോഴും അടുക്കളയില്‍ എന്തെങ്കിലുമൊക്കെ പണിയെടുക്കുമ്പോള്‍പോലും ചിലപ്പോള്‍ സ്വപ്നങ്ങളിലേക്ക് ഊളയിടാറുണ്ടെന്ന് അവള്‍ വളരെപണ്ട് പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. അതുപക്ഷേ അവളുടെ സ്വപ്നങ്ങളില്‍ ഞാന്‍ നായകനായിരുന്ന കാലത്ത്. പിന്നീടെപ്പോഴോ ഞാനായി അവളുടെ എല്ലാ സ്വപ്നങ്ങളിലേയും വില്ലന്‍. എന്നില്‍ അവള്‍ എന്തെങ്കിലും പ്രതീക്ഷകള്‍ വെയ്ക്കുന്നത് അവസാനിപ്പിച്ചിട്ട് കാലമേറെയായിരിക്കുന്നു. ഏതാണ്ട് ഒരേഴോ എട്ടോ കൊല്ലം മുന്‍പ്, പൊള്ളുന്ന ഒരേപ്രിലില്‍ കൈയ്യില്‍ പിരിച്ചുവിടല്‍ നോട്ടീസുമായി മില്ലില്‍നിന്നും തളര്‍ന്ന് കയറിവന്ന ആ നശിച്ച ഒരു വൈകുന്നേരത്ത്, എന്നെക്കുറിച്ച് അവളിലെന്തെങ്കിലും മോഹങ്ങള്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ അതും കരിഞ്ഞിരിക്കണം. അവളുടെ സ്വപ്നങ്ങളില്‍ അടുത്തകാലത്തായി വീണ്ടും പച്ചപ്പ് നിറഞ്ഞുതുടങ്ങിയത് രാജന്റെ കമ്പ്യൂട്ടര്‍ കോഴ്സൊക്കെ കഴിഞ്ഞ് ഒരു ജോലി ശരിയായപ്പോഴാണ്. അടുത്തുതന്നെ അവന്റെ കമ്പനി അവനെ വിദേശത്തേക്ക് വിടാന്‍ സാദ്ധ്യതയുണ്ടെന്ന അറിവുകൂടിയായപ്പോള്‍ ആ സ്വപ്നങ്ങള്‍ക്ക് അനേകം ചിറകുകള്‍ മുളച്ചുതുടങ്ങിയിട്ടുണ്ടെന്നും ഞാനറിയുന്നുണ്ട്. ആ ചിറകുകള്‍ ഒടിഞ്ഞുവീഴാന്‍ ഇടവരരുതേ എന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാറുമുണ്ട്. എങ്കിലും എനിക്കവള്‍ പതിച്ചുനല്‍കിയിട്ടുള്ളത് ഒരു ശകുനംമുടക്കിയുടെ ഭാഗം തന്നെ.

ഉമ്മറത്തിരുന്ന ആഗതന്‍ മനപ്പൂര്‍വ്വം ചുമച്ച് സ്വന്തം അക്ഷമ പ്രകടിപ്പിച്ചപ്പോഴാണ് അങ്ങിനെയൊരാള്‍ ഉമ്മറത്ത് എന്നെ കാത്തിരിക്കുന്ന കാര്യം ഞാനോര്‍ത്തത്. കുറച്ചധികം നേരം മനോരാജ്യത്തിലായി എന്നെനിക്കും തോന്നി. അയാളെ അങ്ങനെ കാത്തിരിക്കാന്‍ വിട്ടത് അല്പം മോശമായിപ്പോയി. ഇനി അഥവാ രാജന്റെ കാര്യം ശരിയായിന്ന് പറയാന്‍ വന്ന ആരെങ്കിലും ആണെങ്കിലോ. അതല്ല, സേഠുവിന്റെ മക്കളാരെങ്കിലും. ഇല്ല, ഈ പതിനഞ്ച് കൊല്ലം ഇല്ലാത്തത് ഇനി ണ്ടാവാന്‍ തരല്ല്യ.

ഞാന്‍ ഉമ്മറത്ത് തിരികെ എത്തിയപ്പോഴും അയാള്‍ കസാലയില്‍ അതേ ഇരിപ്പാണ്.

”ക്ഷമിക്കണം, ഞാന്‍ എന്റെ കണ്ണട തെരയുകയായിരുന്നു”.

അയാള്‍ക്കെതിരെ എന്റെ വൈദ്യന്‍കസാലയില്‍ ഞാനിരുന്നു. അയാള്‍ തന്റെ കണ്ണട ശരിയാക്കി. ടൈ ഒന്നുകൂടി വലിച്ചുമുറുക്കി കുറച്ചുകൂടി ഗമ വരുത്തി. കയ്യിലെ മിന്നുന്ന സിറ്റിസണ്‍ വാച്ചില്‍ ഇടയ്ക്കിടെ അയാള്‍ തല ചെരിക്കാതെ കൈയ്യുയര്‍ത്തിപ്പിടിച്ച് സമയം നോക്കി. പിന്നെ എഴുന്നേറ്റ് കസാലയ്ക്ക് പിറകില്‍ മടക്കിവച്ചിരുന്ന തന്റെ കോട്ടെടുത്ത് വീണ്ടും ധരിച്ചു. അതിനുശേഷം കസാല അല്പം പിന്നിലേക്ക് വലിച്ചിട്ട് ഇടതുകാല്‍ വലതുകാലിന്മേല്‍ അല്പം കയറ്റിവച്ച് പഴയതുപോലെ ഗൗരവത്തില്‍ ഇരുന്നു. എന്റെ ഉള്ളില്‍ അല്പം ആധി പെരുത്തുതുടങ്ങി.

‘അല്ല, ആരാന്ന് ഞാന്‍ ഇതുവരെ ചോദിക്കണ്ടായില്ല. മര്ന്നിന് വന്നതാവില്ലെന്ന് തോന്നി’.
ഇപ്പോഴയാള്‍ പതുക്കെ ഒന്ന് ചുമച്ചു. പിന്നെ തൊണ്ട ശരിയാക്കി കനം വച്ച ശബ്ദത്തില്‍ എന്റെ നേരെ നോക്കി പറഞ്ഞു.

‘ഞാന്‍ പരശുറാം മില്‍സില്‍ നിന്നാണ്’.

അറിയാതെ എന്റെ ചങ്കിടിപ്പൊന്ന് കൂടി. കണ്ണുകളില്‍ ചെറുതായൊരു തിളക്കം വന്നിരിക്കാമെന്നും എനിക്കു തോന്നി.

‘പരശുറാം കോട്ടണ്‍ മില്‍സില്‍ നിന്നോ?’

ഞാന്‍ രണ്ടാമതും സംശയം തീര്‍ക്കാനായി ചോദിച്ചു.

‘അതേ’.

‘മില്ലില്‍ ജോലിക്കാരനാ?’

‘ഞാന്‍ അവിടെ പുതിയതായി ചാര്‍ജെടുത്ത ജനറല്‍ മാനേജരാണ്. പേര് സത്യപാലന്‍’.
അറിയാതെതന്നെ ഞാന്‍ കസാലയില്‍ നിന്നെഴുന്നേറ്റു. ഒരു പക്ഷേ, ശീലം കൊണ്ടായിരിക്കണം കുറച്ചുനേരത്തേക്ക് എനിക്ക് വാക്കുകള്‍ പുറത്തുവന്നില്ല.
‘സാറിന് കുടിക്കാന്‍ വല്ലതും?’ ഒരുവിധം പറഞ്ഞൊപ്പിക്കുകയായിരുന്നു.

‘വേണ്ട. സഖാവ് ഇരിക്കൂ’.

ഞാനറിയാതെ കസാലയില്‍ തിരിച്ചുവീണു.

‘എന്നെ ഇപ്പൊ ആരും അങ്ങനെ വിളിക്കാറില്ല. ഞാന്‍ തന്നെ അങ്ങനെ വിളികേട്ട കാലം മറന്നിരിക്ക്ണു. ഇപ്പോ എല്ലാരും എന്നെ വൈദ്യരേന്നായിരിക്ക്ണു വിളി. ഞാനും അതേതാണ്ട് അംഗീകരിച്ച മട്ടാന്ന് കൂട്ടിക്കോളൂ’.

അയാള്‍ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് തലയിളക്കി.

‘ഞാന്‍ അതേ മില്ലിലായിരുന്നു. പത്തിരുപത് കൊല്ലം പണ്യേടുത്തു. ഇപ്പൊ പിരിഞ്ഞിട്ട് ഏതാണ്ട് എട്ട് കൊല്ലാവ്ണു. അഞ്ചാറ് കൊല്ലായി മില്ലിന്റെ വര്‍ത്തമാനോന്നും അന്വേഷിക്കാറില്ല’.

‘പിരിച്ചുവിട്ടതാ അല്ലേ?’

ഞാന്‍ പെട്ടെന്ന് വല്ലാതായി. പിന്നെ പതുക്കെ തലയാട്ടി.

‘മില്ലുകളൊക്കെ പൂട്ടൂം, പിരിച്ചുവിടൂം, ഒക്കെ ചെയ്യണേന്റെ കൂട്ടത്തില്‍ ഞാനും…’

അത്രയേ പുറത്തുവന്നുള്ളൂ. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മുമ്പില്ണ്ടായിര്ന്നൂന്ന് പറഞ്ഞില്ല. പണി സമയം എട്ടു മണിക്കൂറാക്കാനും കൂലി കൂട്ടിക്കിട്ടാനും ഓവര്‍ടൈം പൈസ കിട്ടാനും കാരണല്ല്യാണ്ടെ തോന്ന്യേപോലെ പിരിച്ച് വിടാണ്ടിരിക്കാനും ഒക്കെവേണ്ടി പണിക്കാര് ബഹളണ്ടാക്ക്യേപ്പൊ ഒപ്പണ്ടായിരിന്നൂന്നും പറഞ്ഞില്ല. അതൊക്കെ ഒരു യോഗ്യത ആവോന്ന് ഇപ്പൊ എനിക്കുതന്നെ സംശയം തോന്നിത്തുടങ്ങിയിരുന്നു. പിന്നെ ഭവാനി അടുക്കളയില്‍ നിന്ന് ശ്രദ്ധിക്കുന്നുണ്ടാവുമെന്നും എനിക്ക് നിശ്ചയമുണ്ടായിരുന്നു.

‘എല്ലാം എനിക്കറിയാം. ബാലേട്ടനോട് കമ്പനി അനീതിയാണ് കാട്ടിയത്. വൈകീട്ടായാലും അതൊക്കെ തിരുത്തണംന്നാ ഇപ്പൊ ബോര്‍ഡിന്റെ തീരുമാനം. പുതിയ മാനേജ്മെന്റിന് അത് പൂര്‍ണ്ണ സമ്മതമായി. അതോണ്ടാ ഞാന്‍തന്നെ ബാലേട്ടനെ അതറിയിക്കാന്‍ നേരിട്ട് വന്നത് ‘.

അയാള്‍ കോട്ടിനുള്ളില്‍നിന്ന് ഒരു കവറെടുത്ത് എനിക്ക് നേരെ നീട്ടി.
‘അപ്പോയിന്‍മെന്റ് ഓര്‍ഡറാണ്. ബാലേട്ടന്‍ നാളെമുതല്‍ കമ്പനിയില്‍ വരണം. പണ്ടത്തെക്കാളേറെ ഇപ്പഴാണ് ബാലേട്ടനെ കമ്പനിക്ക് കൂടുതല്‍ ആവശ്യം എന്ന് കരുതിക്കോളൂ’.

വിയര്‍ക്കുന്ന എന്റെ കയ്യിലിരുന്ന് ആ വെളുത്ത കവര്‍ വിറച്ചു. എനിക്ക് വാക്കുകള്‍ വായില്‍ തടഞ്ഞു. വിശ്വാസം വരാതെ ഒരന്ധാളിപ്പിലായി ഞാനങ്ങനെ കുറേ നേരം ഇരുന്നിരിക്കണം. അയാള്‍ ഇറങ്ങാനായി യാത്ര പറയാനൊരുങ്ങിയപ്പോഴാണ് ഞാന്‍ വീണ്ടും വര്‍ത്തമാനത്തിലെത്തിയത്. കവറിന് പുറത്ത് വടിവൊത്ത അക്ഷരത്തില്‍ തിളങ്ങിക്കിടന്ന എന്റെ പേരിനുമുകളില്‍ വിരലുകളോടിച്ച് നിറഞ്ഞ കണ്ണുകള്‍ കൊണ്ട് നന്ദി പറഞ്ഞാണ് ഞാനയാളെ യാത്രയാക്കിയത്.

ഏറെക്കാലത്തിനുശേഷം അന്ന് വീണ്ടും ഭവാനി രണ്ടാമതൊരു തോരനുണ്ടാക്കി എനിക്ക് ചോറ് വിളമ്പി.

‘എനിക്കങ്ങ്ട് വിശ്വാസം വര്ണില്ല ഭവാനീ, ത്ര കാലത്തിന്ശേഷം പിന്നേം ജോലിക്ക് വിളിക്ക്യാന്നൊക്കെ പറഞ്ഞാന്താ കഥ. എത്ര പ്രാവശ്യാ ഏറ്റവും നല്ല ഓപ്പറേറ്ററിനുള്ള അവാര്‍ഡ് ഞാന്‍ ദേശ്മുഖിന്റെ കൈയ്യീന്ന് വാങ്ങീരിക്ക്ണ്. അതൊക്കെ റെക്കാര്‍ഡില് കാണേണ്ട്വാവും. അതോണ്ടന്നേ ആവും പ്പൊ ങ്ങനെ തോന്നീത്’.

‘കമ്പനീടെ പടിക്കല് കാണിച്ച്കൂട്ട്യേ പോക്രിത്തരങ്ങളും റെക്കോര്‍ഡില് ഇല്ലാണ്ടിരിക്ക്വോ. ന്ന്ട്ടും അവിര് പിന്നേം വന്നൂലോ. അതവരടെ വലിപ്പം. ഇന്യേങ്കിലും കണ്ടും കേട്ടും നിന്നാ നമുക്ക് കൊള്ളാം’.

‘ആ കാലോക്കെ എന്നേ കഴിഞ്ഞിരിക്ക്ണു ഭവാനീ. ഇനീപ്പൊ അതിന്റെ ഒന്നും ആവശ്യന്നെ ണ്ടാവുംന്ന് തോന്ന്ണില്ല. എനിക്ക് എന്തായാലും ശേഖരനോടും കൂടി ഒന്ന് ചോദിക്കണം’.

‘ആ നശിച്ച കൂട്ട് ഇനീം വിടണംന്ന് ല്ല്യ അല്ലേ. കാശിന് കൊള്ളാത്ത ഓരോ അവതാരങ്ങള്’.

കയ്യിലെ പാത്രം വലിയ ശബ്ദത്തോടെ നിലത്തെറിഞ്ഞ് ഭവാനി അരിശം കൊണ്ടു. അവളുടെ മുമ്പില്‍ ശേഖരന്റെ പേരെടുത്ത വീണ്ടുവിചാരമില്ലായ്കയില്‍ ഞാന്‍ സ്വയം ശാസിച്ചു. എങ്കിലും ശേഖരനോട് ചോദിക്കാതെ പറ്റില്ല. പിരിച്ചുവിടല്‍ നോട്ടീസ് നാലായി കീറി ദേശ്മുഖിന്റെ മുഖത്തെറിഞ്ഞ് തിരിഞ്ഞു നടന്നപ്പോള്‍ കൂടെ ഇറങ്ങിവന്നവനാണ് ശേഖരന്‍. അവന്റെ കൈകൊണ്ട് നീട്ടിയ നാരങ്ങാനീരിലാണ് പലവട്ടം നിരാഹാരപ്പന്തലുകളിലെ തളര്‍ച്ചകള്‍ക്ക് ഞാന്‍ വിരാമമിട്ടിട്ടുള്ളത്. പിന്നീട് ഞാന്‍ വൈദ്യവുമായി ഒതുങ്ങിയപ്പോള്‍ ജംഗ്ഷനില്‍ ഒരു പച്ചക്കറിക്കടയിട്ട് ജീവിതത്തെ വെല്ലുവിളിച്ചവനാണവന്‍.

പതിവുപോലെ അന്ന് വൈകുന്നേരവും ഒതുക്കുകല്ലുകള്‍ കയറിവന്ന ശേഖരനുവേണ്ടി കസാല നീക്കിവച്ച് കൊടുക്കുമ്പോള്‍ അവനുമായി അന്നത്തെ പ്രത്യേക സന്തോഷം എത്രയും പെട്ടെന്ന് പങ്കുവക്കാനുള്ള വീര്‍പ്പുമുട്ടലായിരുന്നു എനിക്ക്.

‘ശേഖരാ, ഇന്ന് ഒരു പ്രത്യേക വാര്‍ത്തയുണ്ട് നിന്നോടു പറയാന്‍’.

ജിജ്ഞാസയുടെ മുള്‍മുനയിലവനെ കുറച്ച് നേരം വിഷമിപ്പിക്കാനുള്ള കുസൃതിയുമായി വളരെ നാടകീയമായാണ് ഞാന്‍ തുടങ്ങിയത്.

‘സത്യപാലന്‍ ഇവിടേയും വന്നിരുന്നു അല്ലേ?’

ഏറെനേരമെടുത്ത് ഊതിവീര്‍പ്പിച്ച എന്റെ ബലൂണിനെ ഒരു മൊട്ടുസൂചികൊണ്ട് നിമിഷത്തിലവന്‍ ഒന്നുമില്ലാതെയാക്കി.

‘നീ എങ്ങനെ അറിഞ്ഞു?’ രസച്ചരട് പൊട്ടിയ നിരാശയില്‍ എന്റെ ശബ്ദം നേര്‍ത്തുപോയിരുന്നു.

‘അവിടേം വന്നിരുന്നു. അതിരാവിലെ അപ്പോയിന്‍മെന്റ് ഓര്‍ഡറും തന്നു’.
എനിക്ക് എന്റെ ഉത്സാഹം തിരിച്ചു കിട്ടി.

‘വല്ല്യേ സന്തോഷായി ശേഖരാ. ന്നാപ്പിന്നെ നമ്മടെ പഴേ എല്ലാരേം വിളിച്ചിട്ട്ണ്ടാവും. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരനാ. നല്ല പ്രാപ്തീം, അസ്സല് പെരുമാറ്റോം. ഇനി കമ്പനി നേരാവ്വായിരിക്കും. എന്തായാലും നീയും ജോയിന്‍ ചെയ്യാന്‍ തന്നെ തീരുമാനിച്ചില്ല്യ?’

ശേഖരന്‍ കുറച്ച് നേരം ഒന്നും മിണ്ടാതെ എന്റെ മുഖത്ത് തന്നെ തുറിച്ച് നോക്കിയിരുന്നു പിന്നെ പ്രത്യേകിച്ച് ഒരുവികാരവുമില്ലാതെ പതിഞ്ഞ സ്വരത്തില്‍ പിറുപിറുത്തു.

‘സത്യപാലന്‍ ഭ്രാന്തനാണ്’.

ഞാന്‍ മുഴുവനും കേട്ടില്ല. ശേഖരന്‍ രണ്ടാം വട്ടവും അതുതന്നെ പറഞ്ഞു.
‘സത്യപാലന് ഭ്രാന്താണ്’.

ഏറെ നേരത്തേക്ക് എനിക്ക്ചുറ്റും ഭൂമി പതിവിലും വേഗത്തില്‍ തിരിഞ്ഞു. പിന്നെപ്പോഴോ ശേഖരന്റെ തണുത്ത വിരലുകള്‍ എന്റെ കൈയ്യിലമര്‍ന്നപ്പോഴാണ് എനിക്ക് എന്നെ തിരിച്ചുകിട്ടിയത്.

‘എന്താ ശേഖരാ ഈ പറയണ്ത്. അയാളെ കണ്ടാ അങ്ങനെ ഒരു സംശയോം ണ്ടാവില്ല്യാലോ’

‘സത്യാണ്. ബാലേട്ടാ ഞാന്‍ അന്വേഷിച്ചു. മില്ല് പൂട്ടിട്ട് ഒന്നൊന്നര കൊല്ലത്തിലേറെ ആയിരിക്ക്ണൂ’.

ഞാനൊരു സിനിമാക്കഥ കേള്‍ക്കുന്നതുപോലെ ശേഖരന്‍ പറയുന്നത് കേട്ടിരുന്നു.

‘ഈ സത്യപാലന് മില്ലില് പണീണ്ടാര്‍ന്നൂന്നാ കേട്ടത്. ആര്‍ക്കൊക്കെയോ കൊറേ പൈസേം കൊടുത്താത്രേ പണിക്ക് കേറിപ്പറ്റ്യേത്. മില്ല് പൂട്ട്യേപ്പൊ അയാള്‍ക്ക് എട്ടൊമ്പത് മാസത്തെ ശമ്പളം ബാക്ക്യായിരുന്നൂന്നും വല്ല്യ കഷ്ടത്തിലായിര്ന്നൂന്നും ഒക്കെ പറയ്ണ് ണ്ട്. എന്തായാലും നാല് മാസം മുമ്പ് കുട്ടിക്ക് പാലില് വെഷം കൊടുത്ത് ഭാര്യ അടുക്കളേല് തൂങ്ങീത്രെ. അസുഖത്തിന്റെ തൊടക്കം അവിട്ന്നാന്നാ പൊതുവെ പറച്ചില്’.

കഥയുടെ അവസാനമായപ്പോഴേക്കും എനിക്ക് ഉള്ള് മരവിച്ചിരുന്നു. ആകെയുള്ളൊരു വല്ലായ്മയില്‍ ശരീരവും മനസ്സും ഒരുപോലം തൂങ്ങിനിന്നു. ശേഖരനും ഏറെനേരം ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേരും അവരവരുടെ വിചാരങ്ങളില്‍ ഇഴഞ്ഞ് നടന്നു.
എപ്പോഴോ മേശപ്പുറത്തെ ഫോണ്‍ ബെല്ലടിച്ചു. അകായില്‍ നിന്ന് ഓടിവന്ന് ഭവാനിയാണ് ഫോണെടുത്തത്. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ രാജന്റെ ശബ്ദം ഉയര്‍ന്ന് കേട്ടു.

‘രാജനാ. അവന്‍ ഇന്ന് രാത്രീം വൈകുംന്ന്. പണീണ്ടത്രെ’.

ഫോണ്‍ തിരിച്ചുവച്ച് അടുക്കളയിലേക്ക് നടക്കുമ്പോള്‍ ഭവാനി ആരോടുമല്ലാതെ ഒരറിയിപ്പെന്ന പോലെ ശബ്ദമുയര്‍ത്തി പറഞ്ഞു. പിന്നെ അടുക്കളയില്‍ വിളമ്പിവച്ച ഭക്ഷണത്തിന് മുകളില്‍ അരിശത്തോടെ അടപ്പ് കമഴ്ത്തി അവള്‍ വീണ്ടും എന്തൊക്കെയോ പിറുപിറുക്കുന്നത് ഉമ്മറത്തും കേട്ടു.

‘നേരത്ത് തിന്നാനും കുടിക്കാനെങ്കിലും എത്തിക്കൂടെ ഇപ്പഴത്തെ കുട്ട്യോള്‍ക്ക്’.
ഞാന്‍ എന്നോട് തന്നെയായാണ് പറഞ്ഞത്. അല്പം ഉച്ചത്തിലായിപ്പോയെന്ന് മാത്രം. വിഷയം മാറ്റാനുള്ള ഒരു ശ്രമം കൂടിയായിരുന്നു എന്റേത്. ശേഖരന്‍ ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി എന്നെ നോക്കി.

‘അവന് ദ് ഒര് പതിവായിരിക്ക്ണൂ പ്പൊ ശേഖരാ. കഴിഞ്ഞ രണ്ട്മൂന്നാഴ്ച്ചായിട്ട് രാത്രി പതിനൊന്നും പന്ത്രണ്ടും ഒക്കെ ആവ്ണ് ണ്ട് അവനിവിടെ എത്താന്‍. രാവിലെ നേരത്തെ എണീച്ച് പോവ്വേം ചെയ്യും’.

ശേഖരന്‍ ചെറുതായി ചിരിക്കുക മാത്രം ചെയ്തു. പിന്നെ വീണ്ടും മൗനത്തിലേക്ക് ഊര്‍ന്നിറങ്ങുകയും ചെയ്തു. ഞങ്ങള്‍ക്കിടയിലെ നിശ്ശബ്ദത ഒരസ്വസ്ഥതയായി വളരാന്‍ തുടങ്ങിയപ്പോഴാണ് ശേഖരന്‍ വീണ്ടും ശബ്ദിച്ചത്.

‘ബാലേട്ടന് ഓര്‍മ്മേണ്ടോ. നമ്മടെ കൂട്ടര് പണ്ട് എട്ട് മണിക്കൂറിന്റെ ചില മുദ്രാവാക്യങ്ങളൊക്കെ തൊണ്ടകീറി വിളിച്ചിരുന്നത്. ഇന്നലെ കഴിഞ്ഞപോലെ തോന്നാ. അതൊക്കെ ഒന്നൂടി വിളിച്ച് പറയാന്‍ ഇന്നിപ്പോ ഇനി ആരെങ്കിലും ണ്ടാവോന്നാ ന്റെ സംശയം.. എനിക്ക് തോന്ന്ണില്ല്യ’.

എനിക്ക് സമ്മതഭാവത്തില്‍ തലയാട്ടാന്‍ പോലും അവസരം കിട്ടും മുന്‍പ് മറുപടിയായി അടുക്കളയില്‍ ഭവാനി പരിഹാസപൂര്‍വ്വം മനസ്സ് തുറന്നത് ഉമ്മറത്തെത്തി.

‘ഇപ്പഴത്തെ പിള്ളാരെങ്കിലും ഒരുകര പറ്റ്ണത് കാരണോമ്മാര്‍ക്ക് അത്രക്കങ്ങ്ട് പിടിക്ക്ണ് ല്ല്യ. അല്ലേ’.

പിന്നെ ഒന്നും പറയാതെ ശേഖരന്‍ യാത്ര പറഞ്ഞെഴുന്നേറ്റു. ചുണ്ടില്‍ വിളറിയൊരു ചിരിയുമായി അയാള്‍ പുറത്തെ ഇരുട്ടില്‍ മറഞ്ഞപ്പോള്‍ മരുന്നുകുപ്പികളടുക്കിവച്ച് വൈദ്യശാലയുടെ നിരപ്പലകകളിടാറായെന്ന് എനിക്കും തോന്നി.

കഥ -സന്താനഗോപാലം

വായിക്കാം :

സന്താനഗോപാലം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.