Follow the News Bengaluru channel on WhatsApp

ഭരതന്‍

സുരേഷ് കോടൂര്‍ കഥകള്‍ 

 

ഭരതന്‍

കേന്ദ്രമന്ത്രിയുടെ ബജറ്റ് പ്രസംഗം ബോറടിച്ചു തുടങ്ങിയപ്പോള്‍ ടി.വി. ഓഫാക്കി അയാള്‍ പതുക്കെ എഴുന്നേറ്റു. ഒഴിവു ദിവസത്തിന്റെ മുഴുവന്‍ ആലസ്യവും അയാളുടെ ഉറക്കച്ചടവുപൂണ്ട കണ്ണുകളില്‍ അപ്പോഴും തൂങ്ങിനിന്നിരുന്നു. കുറച്ചുനേരം അയാളങ്ങനെ അവിടെത്തന്നെ നിന്നുപോയി. മൂടുപൊട്ടി വെള്ളം പതുക്കെ വാര്‍ന്നുപോയൊരു പാത്രം പോലെ ഒഴിഞ്ഞ മനസ്സുമായി അങ്ങനെ വെറുതേ നില്‍ക്കുക. ചിലപ്പോള്‍ അതുമൊരു രസമാണ്. എങ്കിലും ഒറ്റയാവലിന്റെ മടുപ്പ് പ്രതീക്ഷിച്ചതിലേറെ കടുപ്പമാണല്ലോ എന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ആയാള്‍ മനസ്സിലാക്കി വരികയായിരുന്നു. സാവിത്രിയെ കൊണ്ടുവരാന്‍ ഇനി ഒട്ടും താമസിക്കരുതെന്ന് അയാള്‍ പ്രതിജ്ഞയെടുക്കുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. അത് പാലിക്കപ്പെടാനുള്ളതല്ലെന്ന് സ്വയം അറിഞ്ഞുകൊണ്ടാണെങ്കില്‍പ്പോലും.

ഏതായാലും അന്നത്തെ ഉച്ചയുറക്കം ഒരു കാപ്പിയിലലിയിച്ചുകളയാനുള്ള തീരുമാനവുമായി അടുക്കളയിലേക്കയാള്‍ നടന്നു തുടങ്ങിയപ്പോഴാണ് പുറത്ത് വാതിലില്‍ ആരോ മുട്ടിയത്. അയയില്‍ കിടന്നിരുന്ന ഒരു ഷര്‍ട്ടെടുത്തിട്ട് അയാള്‍ ഉമ്മറത്തേക്ക് നടന്നു. പുതിയ സ്ഥലത്തേക്ക് സ്ഥലംമാറ്റമായി വന്നിട്ട് ഏതാനും ആഴ്ചകളാവുന്നതേയുള്ളൂ എന്നതുകൊണ്ട് അവിടെ അയാള്‍ക്ക് പ്രത്യേക പരിചയക്കാരാരുമില്ല. പിന്നെ ഈ ഉച്ചവെയിലില്‍ ആരാണ് തനിക്കൊരു സന്ദര്‍ശകന്‍ എന്ന ആകാംക്ഷയോടെയാണ് അയാള്‍ വാതില്‍ തുറന്നത്. പുറത്ത് ആരേയും കാണാതിരുന്നപ്പോള്‍ അയാള്‍ക്ക് സ്വയം സംശയമായി. വെറുതേ തന്റെ തോന്നലായിരുന്നോ? അല്ലെന്ന് ഉറപ്പുവരുത്താനായി പുറത്തിറങ്ങിയപ്പോഴാണ് അകലെ മാറി ചുമരിനോട് ഓരം ചേര്‍ന്ന് താഴേക്കു നോക്കി നില്‍ക്കുന്ന തന്റെ സന്ദര്‍ശകനെ അയാള്‍ കണ്ടത്. അയാള്‍ അല്പനേരം അവനെത്തന്നെ സൂക്ഷിച്ചുനോക്കി അവിടെ നിന്നു. കൈകൊണ്ട് ട്രൗസറിന്റെ വള്ളി തിരുപ്പിടിച്ച് കാലിലെ തള്ളവിരല്‍ കൊണ്ട് മണ്ണില്‍ കുഴികളുണ്ടാക്കി തലയുയര്‍ത്താതെ താഴേക്കുതന്നെ നോക്കിനില്‍ക്കുകയാണ് ചെക്കന്‍.

‘നീയാണോടാ വാതിക്കല്‍ മുട്ടിയത്?’

അവന്‍ ചുണ്ടനക്കാതെ അതെയെന്ന് പതുക്കെ തലയാട്ടുക മാത്രം ചെയ്തു.

‘എന്താ നെനക്ക് വേണ്ടത്?’

അപ്പോഴും അവന്‍ ഒന്നും മിണ്ടാതെ പതുക്കെ തലയുയര്‍ത്തി അയാളെ ഒന്നുനോക്കുക മാത്രം ചെയ്തു. അയാള്‍ക്ക് ക്ഷമ കെട്ടു തുടങ്ങി. ഇവനെന്തിനാണപ്പാ ഇവിടെ എത്തിയിരിക്കുന്നതെന്ന് അയാള്‍ അത്ഭുതം കൊണ്ടു. മുമ്പൊരിക്കലും അവനെ കണ്ടതായി അയാളോര്‍ക്കുന്നില്ല. ഇടയ്ക്കിടെ തന്റെ നേരെ ഇടങ്കണ്ണിട്ട് നോക്കുന്ന അവനെ അയാള്‍ ഒന്നുഴിഞ്ഞുനോക്കി. ഏഴോ എട്ടോ വയസ്സില്‍ കൂടില്ല. ഏതാണ്ട് തന്റെ ഉണ്ണിയുടെ പ്രായമേ വരൂ. വരണ്ടുണങ്ങിയ തലമുടിയും പൊരിവെയിലിന്റെ തീക്കനല്‍ തളര്‍ത്തിയ മുഖവുമായി നില്‍ക്കുന്ന അവന്റെ കണ്ണുകളിലൂറുന്ന കുസൃതിയുടെ തിളക്കം പക്ഷേ അയാള്‍ക്കിഷ്ടമായി.

അയാള്‍ അവനെ അകത്തേക്ക് ക്ഷണിച്ച് ഉമ്മറത്തേക്ക് കയറി. അല്പനേരം മടിച്ചുനിന്ന് അവന്‍ പതുക്കെ അയാള്‍ക്ക് പുറകില്‍ അകത്തേക്ക് കയറി. മണല്‍ പൊതിഞ്ഞ അവന്റെ കാലടികള്‍ അയാളുടെ ഉമ്മറക്കോലായില്‍ കാല്പാടുകള്‍ നെയ്തപ്പോള്‍ അവന്‍ വീണ്ടും ഒരു നിമിഷം സംശയിച്ചു.

‘സാരല്ല്യ. ചവിട്ടീല് കാലൊന്ന് തൊടച്ചിട്ട് ഇങ്ങട് കേറിക്കോ’. അയാളവന്റെ പുറത്ത് തട്ടി ധൈര്യം കൊടുത്ത് അടുക്കളയിലേക്ക് നടന്നു.

‘നിക്ക് സിനിമ വച്ച്തര്വോ’. പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് അയാള്‍ തിരിഞ്ഞുനിന്നു. അവന്‍ മേശപ്പുറത്തിരിക്കുന്ന ടി.വി.യിലേക്ക് വിരല്‍ ചൂണ്ടി അയാളുടെ മുഖത്തേക്ക് നോക്കി.

‘ഓ തരാലോ. ഇതിനാണോ നീയ്യിങ്ങനെ പതുങ്ങി വന്നത്?’

അയാള്‍ക്ക് ചിരി വന്നു. അതെ എന്നവന്‍ തലയാട്ടി. അയാള്‍ അവനു വേണ്ടി ടി.വി. ഓണ്‍ ചെയ്തു. വീട്ടില്‍ നിന്ന് ടി.വി. സെറ്റ് കൊണ്ടുവന്ന് ആഴ്ച ഒന്ന് കഴിഞ്ഞെങ്കിലും അതൊന്ന് കണക്ട് ചെയ്യാന്‍ അയാള്‍ക്കായത് തലേന്ന് മാത്രമായിരുന്നു. പുരക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പുത്തന്‍ ആന്റിന അവന്റെ കണ്ണില്‍പ്പെട്ടിരിക്കണം. അയാളോര്‍ത്തു.

കൊടൈക്കനാല്‍ ചാനല്‍ ട്യൂണ്‍ ചെയ്ത് അയാള്‍ ഏതോ തമിഴ് സിനിമ വച്ചു. സ്‌ക്രീനില്‍ ആരൊക്കെയോ പാട്ട് പാടുകയും കെട്ടിമറിയുകയും ചെയ്തുകൊണ്ടിരുന്നു. നിലത്ത് ചമ്രം പടഞ്ഞിരുന്ന് അവനും അവര്‍ക്കൊപ്പം ആടിത്തുടങ്ങിയപ്പോള്‍ അയാള്‍ കാപ്പിയിടാനായി പതുക്കെ അടുക്കളയിലേക്ക് നടന്നു.

കാപ്പിയുമായി തിരികെ വന്ന് അയാള്‍ തന്റെ ചാരുകസേരയിലിരിക്കുമ്പോഴും അവന്‍ സിനിമയ്ക്കുള്ളില്‍ത്തന്നെയായിരുന്നു. അവനെത്തന്നെ നോക്കിയിരിക്കെ ഉണ്ണിയും മിനിയും അയാളുടെ മുന്നിലേക്കോടിയെത്തി. കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന്റെ അസ്വാസ്ഥ്യം ഇത്തരം ഒഴിവു ദിവസങ്ങളിലാണ് അയാള്‍ക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്. നല്ല സൗകര്യങ്ങളോ ഒരു നല്ല സ്‌കൂള്‍ പോലുമോ ഇല്ലാത്ത ഈ കുഗ്രാമത്തിലേക്ക് എല്ലാരും കൂടി വന്ന് താമസമാക്കേണ്ടതില്ലെന്ന് സാവിത്രിയുടെ തീരുമാനമായിരുന്നു. അല്ലെങ്കിലും അവള്‍ തന്നേക്കാള്‍ പ്രായോഗികമതിയാണെന്ന് അയാളെപ്പോഴും സമ്മതിച്ചുകൊടുക്കാറുണ്ട്. പിന്നെ ഉടനെതന്നെ തിരിച്ച് നാട്ടിലേക്ക് ഒരു ട്രാന്‍സ്ഫര്‍ ഒപ്പിച്ച് കിട്ടുന്നത്, അവളുടെ ആങ്ങള തിരുവനന്തപുരത്ത് ഉള്ളപ്പോള്‍ അത്ര വലിയ ഒരാനക്കാര്യമാണോ എന്നും, ഏതാനും മാസങ്ങള്‍ മാത്രം ഇത് സഹിച്ചാല്‍ പോരേ എന്നുമൊക്കെ അവള്‍ ഓര്‍മ്മിപ്പിച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോഴോ അല്ലെങ്കില്‍ മാസത്തിലൊരിക്കലോ ഒക്കെ കുട്ടികളെയും അവളെയും വന്ന് കാണുകയും ചെയ്യാമല്ലോ എന്നവള്‍ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

‘നെന്റെ പേരെന്താ?’

”പരതന്‍”. അവന്‍ പുറകോട്ട് തിരിഞ്ഞ് അവന്റെ പേര് പറയലും അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചതും ഒന്നിച്ചായിരുന്നു.

‘ഭരതന്‍ ന്നാവും ല്ലേ?’

‘ഉം’. അവന്‍ പതുക്കെ തലയാട്ടി. അവന്റെ കണ്ണുകളില്‍ സങ്കടം നിറഞ്ഞതറിഞ്ഞ് അയാള്‍ വല്ലാതായി.

‘സാരല്ല്യ ട്ടോ ഞാന്‍ വെറുതെ പറഞ്ഞതാ’. അയാള്‍ അവനെ ആശ്വസിപ്പിച്ചു.

‘നാളെ ന്റെ ചിങ്കീനേം വിളിച്ചോണ്ട് വരട്ടെ?’

‘അതാരാ?’

‘ന്റെ അനിയത്ത്യാ. ഭയങ്കര വികൃതിയാ അവള്’.

‘സാരല്യ.അതിനെന്താ നീ വിളിച്ചോണ്ട് വന്നോ’. അയാള്‍ ചിരിച്ചു.

‘അവ്ള്ക്ക് അപ്പുറത്തെ മീശേന്റെ അവടെ പൂവാന്‍ പേട്യാ. ന്നാള് ചീത്ത പറഞ്ഞു. അതാ ഞാന്‍ ബടെ വന്നേ’. അവന്റെ വിശദീകരണം മുഴുവന്‍ അയാള്‍ കൗതുകത്തോടെ കേട്ടിരുന്നു.

‘പ്പൊ ഞാന്‍ പോവാ. ന്റെ അപ്പന്‍ വരാറായിട്ട്ണ്ടാവും’. അവന്‍ എഴുന്നേറ്റ് നിന്നു.

‘എവ്ടാ നെന്റെ അപ്പന്‍?’

‘അപ്പന്‍ കടലില് പോയിരിക്ക്വാ, മീനിനെ പിടിക്കാന്‍. ചെലപ്പൊ അപ്പന്റെ വഞ്ചീല് കൊറെ മീനിനെ കിട്ടും’. അവന്റെ കണ്ണുകളില്‍ തിളക്കം തിരിച്ചുകയറുന്നത് അയാളറിഞ്ഞു.
‘വൈന്നേരം കടപ്പുറത്ത് വന്നാ അണ്ണന് കാണിച്ച് തരാം’. അതും പറഞ്ഞ് അവനിറങ്ങി ഓടി. വളവു തിരിഞ്ഞ് കണ്‍വെട്ടത്ത് നിന്നും മറയുന്നതുവരെ അയാള്‍ അവനെത്തന്നെ നോക്കി നിന്നു.

അവനകലെ മറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തനിച്ചായി. ആ ഉമ്മറവാതില്‍ക്കല്‍ തന്നെ അയാള്‍ പിന്നെയും ഏറെനേരം അങ്ങനെ നിന്നു. വെയിലിന്റെ ശക്തി അപ്പോഴും കുറഞ്ഞിരുന്നില്ല. പുറത്ത് നാട്ടിന്‍പുറം ഉച്ചയുടെ ആലസ്യത്തില്‍ ഉറക്കം തൂങ്ങിക്കിടന്നു. അലസതയാര്‍ന്ന ആ മൗനത്തില്‍ അകലെ കടലിന്റെ ഇരമ്പം മാത്രം ഉറക്കത്തിന് താളമേകി ഉയര്‍ന്നുനിന്നു. കടല്‍ക്കരകളില്ലാത്ത ദേശത്തുനിന്നു വന്ന അയാള്‍ക്ക് ഈ കടല്‍ത്തീരം ഒരു പുതുമ തന്നെയായിരുന്നു. നഗരത്തിന്റെ മോടികള്‍ക്ക് പുറം തിരിഞ്ഞ് കടലിന്റെ വേലിയിറക്കങ്ങള്‍ക്ക് കാതു കൊടുക്കുന്ന ആ കടലോരത്തിന് അതിന്റേതായ ജീവിത നിയമങ്ങളുണ്ടെന്ന് അയാളറിയുന്നതും ഒരുപക്ഷേ ആദ്യമായിട്ടായിരുന്നു. കൂട്ടിയിട്ട വഞ്ചികളും അവയ്ക്കിടയില്‍ ചീഞ്ഞ മത്സ്യങ്ങളെ വെടിപ്പാക്കുന്ന കാക്കക്കൂട്ടങ്ങളുടെ കരച്ചിലും പെണ്ണുങ്ങളുടെ വക്കാണമൊക്കെയായി ആ കുടിലുകള്‍ ഒരിക്കലും ഉറങ്ങാറില്ലെന്ന് ചിലപ്പോള്‍ അയാള്‍ക്ക് തോന്നാറുണ്ട്. അവിടുത്തെ ആ ജീവരാഗത്തില്‍ ആധുനികതയുടെ സ്വരഭേദവുമായി നില്‍ക്കുന്നത് അയാളുള്‍പ്പെടെയുള്ള മത്സ്യബന്ധന ഗവേഷണവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ മാത്രമാണ്. പിന്നെ അവിടുത്തെ കറുപ്പിന്റെ ആ ഗരിമയില്‍ ഒരു നിറക്കേടായി ഇടയ്ക്കിടെ ഒഴുകിവരുന്ന വെളുത്ത ടൂറിസ്റ്റുകളും.

ഉച്ചവെയിലിന്റെ കാഠിന്യം സന്ധ്യയുടെ ശീതളിമയ്ക്ക് വഴിമാറുന്നതിനുള്ളിലെ ഏതോ ഇടവേളയില്‍ അയാളൊന്ന് മയങ്ങിപ്പോയി. മയക്കത്തിനിടയിലെപ്പോഴോ ഒരാര്‍ദ്രമുഹൂര്‍ത്തത്തില്‍ വീട്ടിലെ ഉമ്മറക്കോലായില്‍ അയാള്‍ സാവിത്രിയുടെ മടിയില്‍ തല ചായ്ച്ച് കിടന്നു. ഉണ്ണിയും മീനയും എന്തൊക്കെയോ വികൃതികള്‍ കാട്ടി അയാള്‍ക്ക് പിന്നില്‍ ഒളിച്ചുകളിച്ചു. വടിയുമായി പിന്നാലെയോടുന്ന സാവിത്രിയേക്കാള്‍ വേഗത്തിലോടി അവര്‍ അമ്മയെ തോല്‍പ്പിച്ചുകൊണ്ടിരുന്നു. പിന്നെ, സന്ധ്യയ്ക്ക് പടിഞ്ഞാറെ സൂര്യന്റെ തുടുപ്പ് മാത്രം ബാക്കിനില്‍ക്കെ അവര്‍ മുത്തശ്ശിക്ക് പിന്നാലെ ചെന്ന് തുളസീമഠത്തില്‍ തിരികൊളുത്തി.
പിന്നീടെപ്പോഴോ വര്‍ത്തമാനത്തിലേക്ക് ഉണര്‍ന്നെണീറ്റപ്പോഴും അയാള്‍ക്ക് സുഖകരമായ ആ മയക്കത്തില്‍ നിന്നും പുറത്ത് വരാന്‍ തെല്ലും മനസ്സുണ്ടായിരുന്നില്ല. പകുതി ഉണര്‍ന്ന മനസ്സ് ഇന്നിലേക്ക് വരാതിരിക്കാന്‍ ശാഠ്യം പിടിക്കുകയായിരുന്നു. പുറത്തെ കടല്‍ക്കാറ്റിന്റെ കുളിര്‍മ്മ ജനാലകള്‍ക്കിടയിലൂടെ ഉമ്മറത്തേക്കും പടര്‍ന്ന് തുടങ്ങിയപ്പോഴാണ് അയാള്‍ പതുക്കെ എഴുന്നേററത്.

മുഖത്തെ ഉറക്കം പൈപ്പുവെള്ളത്തില്‍ ഒഴുക്കിക്കളഞ്ഞ്, ചൂടോടെ ഒരു കാപ്പി കഴിച്ചതിന്റെ ഉന്മേഷവുമായാണ് അയാള്‍ കടല്‍ക്കരയിലേക്ക് നടക്കാനിറങ്ങിയത്. കടല്‍ത്തിരകളുമായി വെള്ളത്തില്‍ കെട്ടിമറിയുന്ന കുട്ടികളുടെ കലപിലകളും കരയ്ക്കടുത്ത വഞ്ചികളിലെ കച്ചവടത്തിന്റെ കശപിശകളുമൊക്കെയായി കടല്‍ത്തീരം ഏറെ സജീവമായിരുന്നു. അയാള്‍ തിരക്കൊഴിഞ്ഞൊരിടത്ത് മണലില്‍ ഇരിപ്പുറപ്പിക്കാന്‍ ശ്രമിക്കവേ, ആരോ അയാളെ ഉറക്കെ വിളിച്ചു.

‘അണ്ണാ…’
ദൂരെ നിന്നുതന്നെ അയാള്‍ ആ ശബ്ദം തിരിച്ചറിഞ്ഞു.

‘അണ്ണാ എപ്പളാ എത്ത്യേ’. ഓടിവന്ന് അയാളുടെ അരികിലെത്തി നില്‍ക്കുമ്പോള്‍ അവന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

‘ഭരതാ, നെന്റെ അച്ഛന്‍ എത്ത്യോ?’ അയാളവനെ അരികിലിരുത്തി പുറത്ത് തലോടി.

‘ഇല്ലണ്ണാ, അച്ഛന്‍ ഇപ്പൊ വരും’. അവന്‍ അകലെയെവിടെയോ കണ്ട കറുത്ത പൊട്ടിനെ നോക്കി പ്രതീക്ഷയോടെ പറഞ്ഞു. ദൂരെ കടലിന്റെ നീലിമയിലലിഞ്ഞ് അയാളും മിണ്ടാതെയിരുന്നു. വൈകുന്നേരത്തിന്റെ ഉത്സവത്തിമിര്‍പ്പിലായ തീരത്തിനൊപ്പം കടലിനും ഉത്സാഹമേറിയിരിക്കുന്നു. വലിയൊരു വഞ്ചി കമഴ്ത്തിവച്ചതുപോലെ മാനം കരയേയും കടലിനേയും ഒന്നിച്ച് തനിക്കുള്ളിലാക്കിയിരിക്കുന്നു. വഞ്ചിക്കുള്ളില്‍ കമഴ്ത്തിവച്ച പങ്കായത്തിന്റെ അറ്റംപോലെ വട്ടത്തിലിരുന്ന സൂര്യന്‍ വെള്ളത്തിലേക്ക് വീഴാന്‍ തയ്യാറെടുക്കുകയാണെന്ന് അയാള്‍ക്ക് തോന്നി.

‘അണ്ണാ ന്റെ അപ്പന്‍ വന്നു’. അവന്‍ അയാളെ കുലുക്കിയുണര്‍ത്തി. അവന്‍ തന്റെ അച്ഛന്റെ വഞ്ചിയുടെ നേരെ ഓടിയടുക്കുന്നതും നോക്കി അയാളിരുന്നു. അവന്‍ അച്ഛന്റെ കൈയ്യില്‍ത്തൂങ്ങി തുള്ളി നടന്നു.

‘അപ്പാ ന്ന് കൊറെ മീനിനെ കിട്ട്യോ?’ അവന്റെ ചോദ്യം അയാളും കേട്ടു.

‘ങ്ഹാ, കിട്ടീലോ’.

‘അപ്പൊ ഇന്ന് അമ്മ കൊറെ കഞ്ഞി വയ്ക്ക്വോ?’

അവന്റെ ഉറക്കെയുള്ള ചോദ്യത്തിനുത്തരമായി അവന്റപ്പന്‍ അവനെ അരികിലേക്ക് ചേര്‍ത്തുപിടിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ക്ക് അതൊരു പുതിയ അറിവായിരുന്നു.
ആ ചോദ്യത്തിനും ഉത്തരത്തിനുമിടയില്‍ ഭരതന്റെ ജീവിതം വായിച്ചെടുക്കാന്‍ അയാള്‍ വെറുതെ ശ്രമിച്ചു.

‘അണ്ണാ, നാളെ വരാ ട്ടോ’. പെട്ടെന്നോര്‍മ്മ വന്നതുപോലെ അവന്‍ തിരിഞ്ഞുനിന്ന് അയാള്‍ക്കുനേരെ കൈവീശി.

അപ്പന്റെ കൈയില്‍ത്തൂങ്ങി അവന്‍ നടന്നുമറയുന്നത് അയാള്‍ നോക്കിനിന്നു.

അവന്‍ കാഴ്ചയില്‍നിന്നു മറഞ്ഞപ്പോള്‍ അയാള്‍ പതുക്കെ തിരിച്ചു നടന്നു.

അപ്പുറത്ത് പാറക്കെട്ടുകള്‍ക്കരികെ കുട്ടികള്‍ ബഹളമുണ്ടാക്കി. ടൂറിസ്റ്റുകളായെത്തിയ ചില ദൊരശിണികള്‍ക്ക് ചുറ്റും കുട്ടികള്‍ ആര്‍പ്പുവിളികളോടെ ചാടിത്തിമിര്‍ക്കുന്നത് അയാള്‍ കൗതുകത്തോടെ നോക്കിനിന്നു.

പിറ്റേന്ന് വൈകിട്ടും അതിന്റെ പിറ്റേന്നും ഭരതന്‍ അയാള്‍ക്ക് സന്ദര്‍ശകനായി. പിന്നീട് അവന്‍ വരാത്ത ദിവസങ്ങളില്ലെന്നായി. അങ്ങനെയാണവരുടെ സൗഹൃദം വളര്‍ന്നുവന്നതും. ഒറ്റയാവലിന്റെ ആ മുരടിപ്പില്‍ നിന്നൊരു രക്ഷയായിരുന്നു അയാള്‍ക്കവന്‍. അവനയാളെ അണ്ണനെന്നു വിളിച്ചു. അയാളവനെ വാത്സല്യത്തോടെ ഭരതനെന്നു നീട്ടി വിളിച്ചു. വൈകുന്നേരങ്ങളില്‍ അവര്‍ എന്നും കടല്‍പ്പുറത്തെ മണലില്‍ സന്ധിച്ചു. അവന്റെ കളികള്‍ക്കും, പിണക്കങ്ങള്‍ക്കുമുള്ളില്‍ അയാള്‍ ഉണ്ണിയെക്കണ്ടു. അയാള്‍ നാട്ടിലെത്തുന്ന ഒഴിവുദിനങ്ങളില്‍ ഉണ്ണിയും മിനിയും ഭരതന്റെ കഥകള്‍ കേട്ടുറങ്ങി. ഉണ്ണിയുടെ കുസൃതികള്‍ കേട്ട് ഭരതന്‍ പലപ്പോഴും മണലില്‍ വാ പൊളിച്ചിരുന്നു. നാട്ടിലേക്ക് പോവാത്ത അവധി ദിവസങ്ങളില്‍ ഭരതന്‍ ഉണ്ണിയായി അയാള്‍ക്ക് കൂട്ടിരുന്നു.

അച്ഛന്‍ അടുത്ത പ്രാവശ്യം വരുമ്പൊ ഭരതനേം കൊണ്ടുവരണം ട്ടോ. അയാള്‍ പടിയിറങ്ങുമ്പോള്‍ ഉണ്ണി പല തവണ ആവര്‍ത്തിക്കും. ഇതുവരെ ഓരോ കാരണങ്ങള്‍ കൊണ്ട് അയാള്‍ക്കതിന് കഴിഞ്ഞില്ലെന്ന് മാത്രം. അങ്ങനെ ഏറെ ദിവസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് സാവിത്രിയുടെ ആങ്ങളയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്ന് സംശയം പറയാന്‍ തുടങ്ങിയപ്പോഴാണ് അടുത്ത പ്രാവശ്യം എന്തായാലും ഭരതനെ കൊണ്ടുചെല്ലാമെന്ന് അയാള്‍ ഉണ്ണിക്ക് വാക്ക് കൊടുത്തുപോയത്. എപ്പഴും പറയണപോലെ ഇനീം ഒഴിവു പറയരുതെന്ന് അവന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പടിക്കലെത്തി യാത്ര പറയുമ്പോഴും അയാള്‍ ഉണ്ണിക്ക് ഉറപ്പ് നല്‍കി ഇപ്രാവശ്യം തീര്‍ച്ചയായും ഭരതനെ കൊണ്ടുവരാമെന്ന്. എന്തായാലും ഭരതനെ ഇത്തവണ വീട്ടിലേക്ക് കൊണ്ടുപോവുക തന്നെ എന്ന് സ്വയം ഉറപ്പിക്കുകയും ചെയ്തിരുന്നു.

അത്തവണത്തെ വീട്ടിലെ വിശേഷങ്ങളുടെ കൂട്ടത്തില്‍ അടുത്ത പ്രാവശ്യം അവന്‍ ഉണ്ണിയെ കാണാന്‍ പോകുന്ന വിശേഷവും അയാള്‍ ഭരതനെ കേള്‍പ്പിച്ചിരുന്നു. അവന്റെ മുഖത്തപ്പോള്‍ വിരിഞ്ഞ ചിരിയുടെ ആഴം ഇപ്പോഴയാളുടെ ഉള്ളില്‍ പക്ഷേ വിങ്ങലായി നിറയുകയാണ്. മരച്ചോട്ടിലെ ബസ്റ്റോപ്പില്‍ നാട്ടിലേക്കുള്ള ബസ്സിനായി കാത്തുനില്‍ക്കേ അയാളന്നാദ്യമായി തന്റെ ബസ്സ് ഒരിക്കലും വരാതിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തി ഉണ്ണിയോട് എന്താണ് പറയേണ്ടതെന്നതിനെക്കുറിച്ച് അയാള്‍ക്കൊരു നിശ്ചയവുമില്ലായിരുന്നു. പടിക്കലേക്കോടിയെത്തി ഭരതനെവിടെ എന്നന്വേഷിക്കുന്ന ഉണ്ണിയുടെ മുഖത്ത് നോക്കി ഭരതനിനി ഒരിക്കലും വരില്ലെന്ന് പറയുന്നതിനെക്കുറിച്ച് സങ്കല്പിക്കുമ്പോള്‍ തന്നെ അയാളുടെ ഉള്ളം വല്ലാതെവിറച്ചു തുടങ്ങി. ആ മണല്‍ത്തിട്ടകളില്‍ ഇനിയൊരിക്കലും അവന്‍ തുള്ളിനടക്കയില്ലെന്ന് അംഗീകരിക്കുവാന്‍ അയാള്‍ക്കുതന്നെ കഴിയുമായിരുന്നില്ല. ആ കടലിന്റെ ആഴങ്ങളിലെവിടെയോ കൊടും തണുപ്പിന്റെ വിറങ്ങലായി ഭരതന്‍ ഒഴുകി നടക്കുന്നുവെന്നറിയാന്‍ അയാളുടെ മനസ്സപ്പോഴും വിസമ്മതിക്കുകയായിരുന്നു. ആ പാറക്കെട്ടിനുമുകളില്‍ തന്റെ പെരുവിരലിലൂടെ മേലോട്ടു കയറിയ ആ വിങ്ങല്‍ വെറും തോന്നലായിരിക്കേണമേ എന്ന പ്രാര്‍ത്ഥനയ്ക്കുള്ളില്‍ യാഥാര്‍ത്ഥ്യത്തിനും സ്വപ്നാവസ്ഥയ്ക്കുമിടയിലുള്ള ഏതോ ഒരുന്മാദത്തിലായിരുന്നു അയാളപ്പോഴും. അന്ന് ആ വൈകുന്നേരത്തിന്റെ ഇരുളിലെവിടെയോ തളയ്ക്കപ്പെട്ടുപോയ മനസ്സ് അവിടെ എവിടെയൊക്കെയോ തന്നെ ഇപ്പോഴും അലഞ്ഞ് നടക്കുകയാണല്ലോ എന്ന് ആധിയോടെ അയാളറിയുകയാണ്.

ആ വൈകുന്നേരവും പതിവുപോലെ അയാള്‍ കടല്‍ക്കരയിലെത്തുമ്പോള്‍ തീരത്തിന് ജീവന്‍ വെച്ചുതുടങ്ങിയിരുന്നു. കരയ്ക്കടുപ്പിച്ച വഞ്ചികളില്‍ കരിമീനുകള്‍ പിടഞ്ഞു. കടല്‍ പതിവിലേറെ സജീവമാണെന്ന് അയാള്‍ക്ക് തോന്നി. കച്ചവടത്തിന്റെ കലമ്പലുകളെ കവച്ചുവച്ച് പാറകള്‍ക്ക് മുകളില്‍നിന്നും കുട്ടികളുടെ ആരവം ഉയര്‍ന്നുകേട്ടിരുന്നു. കടലുകള്‍പ്പുറത്തുനിന്നുമുള്ള വെളുപ്പിന്റെ സന്ദര്‍ശകരെത്തുമ്പോഴാണ് പാറപ്പുറം ഇങ്ങനെ സജീവമാകാറുള്ളത്. ടൂറിസ്റ്റുകളുടെ സാന്നിദ്ധ്യം കൊണ്ട് സജീവമാകാറുള്ള വൈകുന്നേരങ്ങളിലൊന്നാണിതെന്ന് അയാള്‍ക്ക് തോന്നി.

മണല്‍ത്തിട്ടയില്‍ കാലുകള്‍ പൂഴ്ത്തി കടലിനുമപ്പുറത്തേക്ക് കണ്ണുനട്ടിരിക്കുമ്പോഴാണ് ‘അണ്ണാ’ എന്നുറക്കെ വിളിച്ച് അവന്‍ അയാള്‍ക്കരികിലേക്കോടിയെത്തിയത്.

‘അണ്ണാ ഇത് പിടിക്ക്’. ഓടിക്കിതച്ച് അയാള്‍ക്കരികെ വന്നുനിന്ന അവന്‍ വന്നപാടേ തന്റെ കൊച്ചു കൈക്കുമ്പിളില്‍ നിന്ന് ഒരു പിടി നാണയത്തുട്ടുകള്‍ അയാളുടെ ഉള്ളം കൈയ്യില്‍ വിതറിയിട്ടു. ഉപ്പുവെള്ളത്തിന്റെ പശിമയില്‍ ആകെ മണല്‍ പറ്റിയ ആ നാണയങ്ങളിലേക്കും ഉപ്പുവെള്ളം അപ്പോഴും ഇറ്റുവീഴുന്ന അവന്റെ മുഖത്തേക്കും മാറി മാറി അയാള്‍ അത്ഭുതം കൊണ്ടു.

‘ഇതെവിട്ന്ന് കിട്ടീ നെനക്ക്?’

‘അതൊക്കെ പിന്നെ പറയാം അണ്ണാ. ഞാനിപ്പൊ വരാം ഇത് സൂക്ഷിച്ച് വെക്കണം’. അത്രയും പറഞ്ഞ് അവന്‍ വന്നവഴി തിരിഞ്ഞോടി. മണലില്‍ പുതയുന്ന കാലുകള്‍ വലിച്ചെടുക്കാന്‍ അവന്‍ വിഷമിക്കുന്നുണ്ടെന് അയാള്‍ക്ക് തോന്നി.
അവിടെ നിന്നെഴുന്നേറ്റ് അയാളും അവനു പിന്നാലെ ആ പാറക്കൂട്ടങ്ങള്‍ക്കരികിലേക്ക് നടന്നു.

ഭരതന്‍ മുന്നിലോടി. അയാളുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു. കുട്ടികളുടെ ബഹളം അടുത്തു വന്നു. അയാള്‍ പതുക്കെ പാറയ്ക്ക് മുകളിലേക്ക് വലിഞ്ഞ് കയറി.

ടൂറിസ്റ്റുകളായെത്തിയ ദൊരശിണികളെ പാറയ്ക്കുമുകളില്‍ അയാള്‍ അടുത്തുകണ്ടു. അവര്‍ ആഘോഷിക്കുകയാണ്. താഴെ അടിച്ചുവരുന്ന തിരകള്‍ക്കുനടുവില്‍ കുട്ടികള്‍ മദിച്ചുകളിച്ചു. കുട്ടികളുടെ പ്രകടനം കണ്ട് അവരിരുവരും തലയറഞ്ഞ് ചിരിച്ചു. അതിലൊരുവള്‍ തന്റെ കൈയിലിരുന്ന നാണയത്തുട്ടുകള്‍ ഓരോന്നായി വെള്ളത്തിലേക്കെറിഞ്ഞു കൊടുക്കുകയാണ്. താഴെ വെള്ളത്തിലേക്കെടുത്തുചാടി കുട്ടികള്‍ അതിവിദഗ്ദ്ധമായി അവ മുങ്ങിയെടുത്തു. കുട്ടികളുടെ പ്രകടനം അവര്‍ക്ക് ഹരം പകര്‍ന്നിരിക്കണം. ഏറെ നേരമായി അവരത് തുടരുന്നുവെന്ന് അയാള്‍ക്ക് തോന്നി. ചിലര്‍ മുകളില്‍ നിന്ന് താഴോട്ട് ചാടി ചിരിക്കുന്ന നാണയങ്ങളെ കൈപ്പിടിയിലൊതുക്കി. കയ്യില്‍ തുട്ടുകളുമായി അവര്‍ അലറുന്ന തിരകള്‍ക്കുള്ളിലേക്ക് നുഴഞ്ഞിറങ്ങി. താഴെ പ്രകടനത്തിലെ വൈദഗ്ദ്ധ്യമനുസരിച്ച് മുകളില്‍ നിന്നും വെള്ളിത്തുട്ടുകള്‍ വെള്ളത്തില്‍ ചിതറി വീണു.

ഇടയ്ക്കെപ്പോഴൊക്കെയോ വെള്ളത്തിനുമുകളില്‍ പൊങ്ങിവന്ന തലകളില്‍ ഭരതനെയും അയാള്‍ തിരിച്ചറിഞ്ഞു. തന്റെ കൈക്കുമ്പിളില്‍ ഒളിപ്പിച്ചിരിക്കുന്ന തുട്ടുകള്‍ അയാള്‍ ഒന്നുകൂടി മുറുക്കെ പിടിച്ചു. വെള്ളത്തിനുമുകളിലിരുട്ടു പരക്കവേ കൗതുകം പരിഭ്രാന്തിയായി വഴിമാറിയത് അയാള്‍ക്കോര്‍മ്മയുണ്ട്.

പാറകളിലിടിച്ച് തിരകള്‍ വീണ്ടും വീണ്ടും പൊട്ടിച്ചിതറിയപ്പോള്‍ പരിഭ്രമം പൂണ്ട് ഭരതനെ കൈമാടി വിളിച്ചതും അയാള്‍ക്ക് ഓര്‍മ്മയുണ്ട്. പിന്നെ ക്ഷീണിച്ച് കരയ്ക്ക് കയറിയവരുടെ കൂട്ടത്തില്‍ ഭരതനെ കാണാതിരുന്നപ്പോഴാണ് അയാള്‍ ഉറക്കെ അവന്റെ പേരെടുത്ത് വിളിച്ച് അലറിയത്. എപ്പോഴോ വെള്ളത്തിനുമുകളിലുയര്‍ന്ന ഭരതന്റെ കണ്ണുകളില്‍ കണ്ട ദൈന്യം അയാള്‍ക്കുള്ളിലെവിടെയോ കൊളുത്തിവലിച്ചിരുന്നു. തിരമാലകളുടെ പൊട്ടിച്ചിരിയില്‍ അയാളുടെ അലര്‍ച്ചപോലും എങ്ങുമെത്താതെ ചിതറിത്തെറിക്കുകയായിരുന്നു. പിന്നീടെപ്പോഴോ താഴെ വെള്ളത്തിനുമുകളില്‍ ഉയര്‍ന്നുടഞ്ഞ കുമിളകളില്‍ ഒന്നും വ്യക്തമാകാതിരിക്കെ തന്റെ കണ്ണുകളിലിരുട്ടു വീണതോ, പിന്തിരിഞ്ഞ് നടന്നുമറയുന്ന വെളുത്ത വെള്ളിത്തുട്ടുകളുടെ കിലുക്കത്തിനുനേരേ അത്യുച്ചത്തിലാക്രോശിച്ച പുലഭ്യങ്ങള്‍ എങ്ങുമെത്താതെ പാറമടകളില്‍ ചത്തുവീണതോ ഒന്നും അയാള്‍ക്കോര്‍മ്മ വരുന്നില്ല. ഭരതന്‍ ഓര്‍മ്മകളില്‍ മാത്രമായൊതുങ്ങി ഒടുങ്ങിയ ആ നിമിഷങ്ങളിലെ സൂക്ഷ്മതകളൊക്കെയും അയാളുടെ ഓര്‍മ്മകള്‍ക്ക് പിടികൊടുക്കാതെ വഴുതി അകലുകയാണിപ്പോഴും എന്ന് മാത്രം അയാളറിയുന്നു.

‘സാറ് കേറ്ണില്ലേ?’

മുന്നില്‍ വന്നുനിന്ന ബസ്സ് പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ തിരിച്ചെത്തിയത്. പരിചയക്കാരനായ കണ്ടക്ടറുടെ ഔദാര്യത്തില്‍ ബസ്സിനുള്ളിലെത്തിയിട്ടും അതൊന്ന് നിര്‍ത്താതെ പോയിരുന്നെങ്കില്‍ എന്നയാള്‍ വെറുതെ ആരോടോ പിറുപിറുത്തു. പിന്നെ, ഓടാന്‍ തുടങ്ങിയ ബസ്സില്‍ ഒഴിഞ്ഞൊരു സീറ്റിന്റെ മൂലയിലൊതുങ്ങി പുറത്തേക്ക് മിഴിനട്ടിരിക്കുമ്പോഴും ഉണ്ണിയുടെ ചോദ്യത്തിനുള്ള ഉത്തരം തേടി അലയുകയായിരുന്നു അയാളുടെ മനസ്സ്.

കഥ -സന്താനഗോപാലം
വായിക്കാം :

സന്താനഗോപാലം

കഥ -ദേജാവു
വായിക്കാം :

ദേജാവു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.