Follow the News Bengaluru channel on WhatsApp

കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്

സുരേഷ് കോടൂര്‍ കഥകള്‍ 

 

കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്

‘ഗുഡ് മോണിങ് ആന്റ് വെല്‍ക്കം മിസ്റ്റര്‍ ജോണ്‍ കെവിന്‍’.
മുന്നിലിരുന്ന കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അക്ഷരങ്ങള്‍ നീലനിറത്തില്‍ തെളിഞ്ഞുവന്നു. ഇളകുന്ന കസേരയില്‍ ചരിഞ്ഞിരുന്ന് ഡെസ്‌കിന്റെ ഡ്രായറില്‍ നിന്നും ഹെഡ്ഫോണെടുത്ത് തലയില്‍ അണിയുന്നതിനു മുമ്പ്തന്നെ ഫോണ്‍ റിസീവര്‍ ശബ്ദിച്ചു.

‘ഗുഡ്മോണിങ് സര്‍, ഐ ആം ജോണ്‍ കെവിന്‍. മേ ഐ നോ യുവര്‍ കസ്റ്റമര്‍ ഐഡി സര്‍?’.

ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ടെക്സാസില്‍ നിന്നോ, ന്യൂയോര്‍ക്കില്‍ നിന്നോ അതുമല്ലെങ്കില്‍ ലാസ്വെഗാസിന്റെ ആലസ്യത്തിലമര്‍ന്ന ഉറക്കച്ചടവുകളില്‍ നിന്നോ അക്കങ്ങള്‍ മുറിഞ്ഞെത്തുമ്പോള്‍ ജോണ്‍ കെവിന്‍ അഥവാ ദാമോദരന്‍ കേശവന്‍ എന്ന ദാമുവിന്റെ അന്നത്തെ ദിവസം തുടങ്ങുകയായി. ദാമുവിന്റെ ദിവസം അവസാനിക്കുന്നതും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. ഇതിനിടയിലുള്ള പന്ത്രണ്ട് മണിക്കൂറുകള്‍ ദാമുവിനുള്ളതല്ല. അത് ജോണ്‍ കെവിന് അവകാശപ്പെട്ടതാകുന്നു. ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരുപക്ഷേ ഒരിക്കലും കാണാന്‍ ഇടയില്ലാത്ത ആരുടെയൊക്കെയോ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ ചുവയോടെ മൈക്രോഫോണിലേക്ക് പകര്‍ത്തേണ്ട തിരക്കുകളിലേക്കാണ് ജോണ്‍ തന്റെ വെളുത്ത ഓവര്‍കോട്ടിട്ട് അവതരിക്കുന്നത്. ആ നിമിഷത്തില്‍ ദാമുവെന്ന ഇത്തിരിപ്പോന്നവന്റെ അതിലും ഇത്തിരിയായ പ്രശ്നങ്ങള്‍ വരിക്ക് പിന്നിലായി ക്ഷമയോടെ കാത്തിരിപ്പാരംഭിക്കുന്നു. എപ്പോഴും എന്തിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കേണ്ട ജോണിനും പ്രശ്നങ്ങള്‍ മാത്രം സ്വന്തമായുള്ള ദാമുവിനും ഇടയില്‍ ഫോണ്‍ റിസീവറിന്റെ മുഴക്കങ്ങള്‍ എപ്പോഴും അതിര് കാക്കുന്നു. ഈ ലോകത്ത് ശരിയായി പ്രവര്‍ത്തിക്കുന്നതായി ഒന്നും തന്നെയില്ലെന്ന് ദാമുവിന് ഈയിടെയായി തോന്നാറുണ്ട്. അല്ലെങ്കില്‍ ശരിയായി പ്രവര്‍ത്തിക്കുന്നു എന്ന് ഒന്ന് വെറുതെ വിളിച്ച് സന്തോഷം പങ്കുവയ്ക്കാന്‍ ആര്‍ക്കെങ്കിലും തന്നെ ഒന്ന് വിളിച്ചുകൂടെ എന്നാണ് ദാമു സ്വയം ചോദിക്കാറുള്ളത്.

തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ജൂഡി അഥവാ ജാന്‍സി എന്ന അയാളുടെ ജാനു പോയതില്‍പ്പിന്നെയാണ് ദിവസങ്ങള്‍ ദാമുവിന് ഇത്രയും വിരസമായിത്തുടങ്ങുന്നതും ചിലപ്പോഴെങ്കിലുമൊക്കെ കസ്റ്റമേഴ്സിനോട് കയര്‍ക്കാനിടയാക്കുന്നതും എന്നത് സത്യമാണ്. അതിനു മുന്‍പ് ഒരിക്കലും ദാമു കസ്റ്റമേഴ്സിനോട് കയര്‍ത്ത് സംസാരിച്ചിട്ടുണ്ട് എന്ന് മൂന്ന് ഫ്ളോറുകളുള്ള ആ കാള്‍ സെന്‍ററിലെ ഒരാളെങ്കിലും സാക്ഷ്യം പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഈയിടെയായി ദാമു അല്പം അണ്‍പ്രൊഫഷണലായി കസ്റ്റമേഴ്സിനോട് പെരുമാറുണ്ടെന്ന പരാതി ഷിഫ്റ്റ് മാനേജരുടെ പക്കല്‍ എത്താന്‍ തുടങ്ങിയിരിക്കുന്നു.

തലയുടെ ഇരുവശങ്ങളിലായുറപ്പിച്ചുവച്ച റിസീവറുകള്‍ക്കിടയിലൂടെ ആഴ്ന്നിറങ്ങുന്ന ശകാരവാക്കുകളുടെ തീക്കുത്തുകള്‍ക്കിടയില്‍ കുളിരിന്റെ മുന്തിരിച്ചാറുപോലെ, തെളിഞ്ഞ ഗ്ലാസ്സില്‍ ചിയേഴ്സ് പറയാന്‍ വെമ്പി നില്‍ക്കുന്ന റെവേര വൈന്‍ പോലെ, അപ്പുറത്തെ ഡെസ്‌കില്‍ അവളുണ്ടാവുമായിരുന്നു. ജൂഡിയെന്ന, ദാമു ജാനുവെന്ന് സ്വന്തം സ്വകാര്യതയില്‍ വിളിച്ചുവന്ന, എറണാകുളത്തുകാരി ജാന്‍വി. തേനൊഴുകുന്ന കൊഞ്ചലുകളിലൂടെ ഫോണിലവള്‍ കസ്റ്റമേഴ്സുമായി ഫ്ളര്‍ട്ട് ചെയ്യുന്നത് അയാള്‍ കൗതുകത്തോടെ കേട്ടിരിക്കാറുണ്ട്. ചുണ്ടത്ത് വിരിഞ്ഞുപതയുന്ന പുഞ്ചിരിയും ശബ്ദത്തിലെ വശ്യതയാര്‍ന്ന ചടുലതയുമൊക്കെ കോള്‍ ഡിസ്‌കണക്റ്റ് ചെയ്യുന്ന ആ നിമിഷത്തില്‍ അവളില്‍ നിന്നും അപ്രത്യക്ഷമാകും. പിന്നെ ദേഷ്യവും പരിഹാസവുമൊക്കെയായി കാലുഷ്യത്തിന്റെ ശാപവചനങ്ങള്‍ അരുതാത്ത വാക്കുകളായി പുറത്തേക്ക് ചീറ്റും.

‘ഇഡിയറ്റ്, അവന്റെ ഒരു ശൃംഗാരം’

ഹെഡ്സെറ്റൂരി ശബ്ദത്തോടെ മേശപ്പുറത്തിടുമ്പോള്‍ റിസീവര്‍ വീണ്ടും ശബ്ദിക്കും. പതയുന്ന പുഞ്ചിരിയും ശബ്ദത്തിന്റെ വശ്യതയുമൊക്കെ നിമിഷനേരം കൊണ്ടാണ് പിന്നെ അവളിലേക്ക് പടര്‍ന്ന് കയറുക. അങ്ങേത്തലയ്ക്കല്‍ പ്രശ്നങ്ങളുടെ വാരിക്കുന്തവുമായി വന്നവന്‍ നിമിഷനേരങ്ങളില്‍ സ്വയം നിരായുധനാവുന്നതും ശൃംഗാരത്തിന്റെ മൗസ്‌ക്ലിക്കുകളിലൂടെ അവരെ ക്രാഷാക്കുന്നതുമൊക്കെ പിന്നീടവള്‍ കഫറ്റീരിയായില്‍ വച്ച് എല്ലാവരോടുമായി ഉറക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍ ആ മണിക്കിലുക്കത്തില്‍ അയാളും പലപ്പോഴും നൃത്തം ചവിട്ടിയിട്ടുണ്ട്.

ബെസ്റ്റ് എംപ്ലോയി അവാര്‍ഡ് വാങ്ങി അവള്‍ ന്യൂയോര്‍ക്കിലേക്ക് പറന്നത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ആറുമാസത്തെ സ്പെഷ്യല്‍ അസൈന്‍മെന്റില്‍ ന്യൂയോര്‍ക്ക് ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആവുന്നുവെന്ന് അവള്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ ആ കണ്ണുകളില്‍ പൂത്തിരിയായി പടര്‍ന്നിറങ്ങിയ തിളക്കം ദാമുവിന്റെ നെഞ്ചിനുള്ളില്‍ പക്ഷേ എരിയുന്ന കനല്‍പ്പൊട്ടുകളായി കരിഞ്ഞിറങ്ങുകയാണുണ്ടായത്.

‘ദാമു, വൈ ഡോണ്ട് യു ആള്‍സോ ഗെറ്റ് എ ട്രാന്‍ഫര്‍ ടു ന്യൂയോര്‍ക്ക്’ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ അവളുടെ ക്ഷണം ഗൗരവമായെടുത്ത് ഒരു ശ്രമം നടത്തിനോക്കുകയും ചെയ്തു അയാള്‍.

‘മിസ്റ്റര്‍ ജോണ്‍, യു നീഡ് ടു ബിക്കം എ ലിറ്റില്‍ മോര്‍ സ്മാര്‍ട്ടര്‍ ടു വര്‍ക്ക് ഇന്‍ ഔവര്‍ ന്യൂയോര്‍ക് ഓഫീസ്. ട്രൈ ടു ഇംപ്രൂവ് യുവര്‍ ആക്സന്റ് ഫസ്റ്റ്, ആന്റ് മേയ് ബി യുവര്‍ പെര്‍സണാലിറ്റി ആസ് വെല്‍’.

മാനേജരുടെ വാക്കുകളില്‍ പല്ലശ്ശനക്കാരനോടുള്ള പുച്ഛമായിരുന്നോ നിറഞ്ഞുനിന്നതെന്ന സംശയം ഒരു പക്ഷേ ദാമോദരന്റെ വെറും തോന്നല്‍ മാത്രമായിരുന്നിരിക്കാനും വഴിയുണ്ട്. പല്ലശ്ശന ഹയര്‍ സെക്കന്ററിയില്‍ നിന്ന് പത്താംതരം ക്ലാസ്സോടെ പാസായി, പിന്നെ ഒരെന്‍ജിനീയറിങ്ങ് ഡിഗ്രിയും കൈമുതലായുള്ള ദാമോദരന് പക്ഷേ ഇംഗ്ലീഷ് എന്നും കൈയ്യെത്താ ദൂരത്ത് അറച്ചുനിന്നിട്ടേയുള്ളൂ. മലയാളത്തില്‍ കവിതകള്‍ കുറിച്ച് ആര്‍ട്ട്സ്‌ ക്ലബ്ബ് സെക്രട്ടറിയായി നടന്നിട്ടുള്ള അയാള്‍ക്ക് ഇപ്പോള്‍ ഇംഗ്ലീഷൊ മലയാളമോ ഒന്നുംതന്നെ സ്വന്തം ഉള്ള് തുറന്നുകാട്ടാന്‍ പര്യാപ്തമാവുന്നില്ലല്ലോ എന്നും തോന്നാറുണ്ട് ഈയ്യിടെയായി.

‘ഡോണ്ട് ഫൊര്‍ഗെറ്റ്. യു ആര്‍ കെവിന്‍ വണ്‍സ് യു എന്റര്‍ ഇന്‍ ടു ദിസ് ബില്‍ഡിങ്, വാക്ക് ആന്റ് ടാക്ക് ലൈക്ക് എ ജോണ്‍’.

വിചാരത്തിലെ നനവിലേക്ക് തീ കോരിയിട്ട് സീറ്റിനുപിന്നില്‍ വാക്കുകള്‍ പരുഷമായി മുരണ്ടു.

സ്വന്തം അവതാരോദ്ദേശത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് അയാള്‍ക്ക് ഇന്നിതാദ്യത്തെയല്ല. അവസാനത്തേതുമാകില്ല. ജോലിക്ക് ചേര്‍ന്ന ആദ്യദിവസം തന്നെ അയാളുടെ സ്വത്വത്തെ മാനേജര്‍ ചീന്തിപ്പുറത്തെറിഞ്ഞത് ഈ മുന്നറിയിപ്പിലൂടെയായിരുന്നു. ഈര്‍ക്കിലുകൊണ്ടുള്ള കുത്തേറ്റ തേരട്ടപോലെ ചുരുണ്ട് സ്വയം ചുരുങ്ങി കുനിഞ്ഞുപോയ തല പിന്നെപ്പോഴോ പതുക്കെ ഒന്നുയര്‍ത്തിയപ്പോള്‍ ഉറക്കെച്ചിരിക്കുന്ന അവളുടെ മുഖമായിരുന്നു മുന്നില്‍. ജാന്‍വിയുമായുള്ള പരിചയത്തിന്റെ തുടക്കം അങ്ങനെ ചെറുതാവലിന്റെ വിളറിയ ചതുപ്പുനിലങ്ങളില്‍നിന്നായിരുന്നു. ‘ബി സ്മാര്‍ട്ട് മേന്‍’ എന്ന് കൂസലില്ലാതെ അയാളുടെ പുറത്ത് തട്ടി അവള്‍ തിരിഞ്ഞുനോക്കാതെ നടന്ന അന്ന് ആ നിമിഷത്തില്‍ അയാള്‍ അവളെ പലതവണ ഉള്ളില്‍ ജീവനോടെ എരിച്ചുതീര്‍ത്തിട്ടുണ്ട്.

‘യു ഹാവ് ഗോട്ട് എ ടെറിബിള്‍ ആക്സന്റ് മിസ്റ്റര്‍ ദാമു’ എന്ന് ഉറക്കെ പരിഹസിച്ചുകൊണ്ട് പിന്നീടൊരിക്കലവള്‍ എല്ലാവരും കേള്‍ക്കെ അയാളെ ഒന്നുമല്ലാതാക്കി. കഫറ്റീരിയയില്‍ മുഴങ്ങിയ കൂട്ടച്ചിരിക്കിടയില്‍ മുറിയില്‍ നിറഞ്ഞുനിന്ന സിഗററ്റുപുകയുടെ നീലിമയില്‍ അന്നയാള്‍ അവര്‍ക്കിടയില്‍ പിറന്നപടിയായി നില്‍ക്കുകയായിരുന്നു.

പിന്നെ എപ്പോഴോ തനിച്ചു കിട്ടിയ നിമിഷത്തില്‍ അവളെ ഒന്ന് ബോധവല്‍ക്കരിക്കാന്‍ ഒരു ശ്രമം നടത്തിയത് വീണ്ടും പാളിപ്പോവുകയാണുണ്ടായത്.

‘ജൂഡി. ലിസന്‍. ഈ അമേരിക്കന്‍ ആക്സന്റ് പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. പിന്നെ നമുക്ക് നമ്മുടെ രീതി എന്നതാ എന്റെ അഭിപ്രായം’.

അന്നതുവരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയെ കണ്ടതുപോലെ അവള്‍ അയാളെ അപ്പോള്‍ തുറിച്ച് നോക്കുകയാണ് ചെയ്തത്. പിന്നെ ഏറെ നേരം അവള്‍ കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ഇവനെന്തൊരു മണ്ടന്‍ എന്ന മട്ട് കൃത്യമായും അവളുടെ മുഖം ഉറക്കെ വിളിച്ചുപറഞ്ഞു.

‘യു ആര്‍ വെരി സില്ലി മിസ്റ്റര്‍. ദാമു. ഇന്‍ വിച്ച് വേള്‍ഡ് ആര്‍ യു ലിവിങ്’. പിന്നെ പകുതി ഉപദേശരൂപത്തിലും കൂടിയാണ് അവള്‍ ബാക്കി പറഞ്ഞത്.
‘നമ്മള്‍ ഇന്നലെ വരെ പറഞ്ഞുപഠിച്ചത് ഇന്നലത്തെ രീതികളാണ്. നൗ ഇറ്റ് ഈസ് ടൈം ടു ബാര്‍ക്ക് ഇന്‍ ടുഡേയ്സ് മാസ്റ്റേഴ്സ് വോയ്സ്. മനസ്സിലാവുന്നുണ്ടോ മിസ്റ്റര്‍ ദാമോദരന്‍’.

ചുണ്ടുകള്‍ പ്രത്യേകരീതിയില്‍ വക്രിച്ചുകൊണ്ട് ഒരു പരിഹാസച്ചിരിയുടെ അകമ്പടിയോടാണവള്‍ അവസാനത്തെ ദാമോദരന്‍ എന്ന വാക്കുച്ചരിച്ചത്. അതയാളുടെ മര്‍മത്തിലുള്ള കുത്താണെന്ന് അവള്‍ തിരിച്ചറിഞ്ഞുവോ ആവോ.

ദാമോദരനെന്ന പേരിനോട് അയാള്‍ക്ക് ഒരിക്കലും മതിപ്പുണ്ടായിരുന്നില്ല. പണ്ടേ വെറുപ്പുണ്ടായിരുന്നുതാനും. രോഷ്നി ടീച്ചര്‍ ക്ലാസ്സില്‍ മുകേഷ്, രാജേഷ്, രമേഷ്, സുരേഷ് എന്നൊക്കെ സ്‌റ്റൈലായി പേരുകള്‍ വിളിക്കുന്നതിനിടയില്‍ ഒരു ദാമോദരന്‍ എപ്പോഴും ക്ലാസ്സില്‍ ചിരിയുണര്‍ത്തിയിരുന്നു.

അച്ഛനുണ്ടാക്കിയ കേശവനെന്ന സ്വന്തം വാലെങ്കിലും പറിച്ചുകളയേണ്ടതുണ്ടെന്ന തിരിച്ചറിവ് കലശലായ ഏതോ ഒരു സന്ധിയിലാണ് ജാന്‍വിയോടുള്ള കാലുഷ്യം ആരാധനയായി മാറുന്നത്. ജോണ്‍ കെവിന് ദാമോദരന്‍ കേശവനേക്കാള്‍ ഗമയും ആഭിജാത്യവുമുണ്ടെന്ന ഒരു സമ്മതപ്രഖ്യാപനം കൂടിയായിരുന്നു അത്. ജോണിലേക്കുള്ള പരിണാമം പൂര്‍ണമായോ എന്നതിന്റെ സാക്ഷ്യപത്രം

ജൂഡിയെ സ്വന്തമാക്കാന്‍ കഴിയുന്നതിലൂടെയാണെന്ന തിരിച്ചറിവും അതോടൊപ്പം ദാമുവിനുള്ളിലേക്ക് കയറിവരികയായിരുന്നു.
ജൂഡിയുടെ കൂസലില്ലായ്മയോ, തന്റേടിത്തമോ ഒക്കെത്തന്നെയാവണം ദാമുവിന്റെ സ്‌ക്രീനില്‍ ജൂഡിയെ ഒരു താരമാക്കിയിട്ടുണ്ടാവുക. ഇറക്കിവെട്ടിയ ജീന്‍സും ഇറക്കമില്ലാത്ത ടീഷര്‍ട്ടും ഇടക്കുള്ള കോഫീബ്രേക്കുകളില്‍ ആ ചുവന്ന ചുണ്ടുകള്‍ക്കിടയിലെരിയുന്ന തീക്കനലിന്റെ ഓറഞ്ച് ശോഭയുമൊക്കെ അവളെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നുണ്ടെന്ന് ദാമുവിന് തീര്‍ച്ചയായിത്തുടങ്ങിയിരുന്നു. പല്ലശ്ശനയിലെ കുട്ടികളൊന്നും ലോകം കണ്ടിട്ടുള്ളവരല്ലെന്ന് അയാള്‍ക്ക് ബോദ്ധ്യമായിത്തുടങ്ങിയതും ആയിടയ്ക്കാണ്.

ഓഫീസിന് പുറത്ത് ജോണിലേക്കുള്ള പരിണാമം ദാമുവിന് എളുപ്പമായിരുന്നു എന്ന് ധരിക്കരുത്. ഒരു സൃഷ്ടിയുടെ വേദന തന്നെയായിരുന്നത്. മറ്റൊരു ജീവന് ജന്മം കൊടുക്കുന്നതിന്റെ വേദന തീരെ ചെറുതാവാന്‍ വയ്യല്ലോ. ജാസ് മ്യൂസിക് സി.ഡി.കള്‍ ജോണിന്റെ അലമാരയില്‍ സ്ഥാനം പിടിച്ചതും അമേരിക്കന്‍ ചോപ്സി ലഞ്ച് മെനുവില്‍ ഇടംതേടിയതും രാത്രിഭക്ഷണം ഉദയാ ലഞ്ച്ഹോമില്‍ നിന്ന് ബര്‍ഗര്‍കിങിലേക്ക് മാറിയതും തേച്ചുമിനുക്കിയ പാന്റും മുഴുക്കൈയന്‍ ഷര്‍ട്ടിനും പകരമായി നരഞ്ഞുണങ്ങിയ ജീന്‍സും ‘ഡെയര്‍ ഇഫ് യു കാന്‍’ എന്ന് നീലനിറത്തില്‍ വലുതായി പ്രിന്റ് ചെയ്ത ടീഷര്‍ട്ടും വാര്‍ഡ്റോബില്‍ തൂങ്ങിക്കിടന്നതും ഒക്കെ ഈ പരിണാമപ്രക്രിയയുടെ ഭാഗം തന്നെ. ജൂഡിയുടെ നേട്ടങ്ങള്‍ക്ക് ‘യു പുവര്‍ കണ്‍ട്രി കിഡ്’ എന്നതിനപ്പുറം ഒരു പരിഗണനയുടെ ലാഞ്ചനയൊക്കെ വന്നുതുടങ്ങിയത് ഈ ഘട്ടത്തിലെപ്പോഴോ ആയിരുന്നു. കിങ്ഫിഷറിന്റെ കുത്തുന്ന കയ്പ്പ് പതുക്കെ പതുക്കെ ഉന്‍മാദത്തിന്റെ മധുരമാക്കാന്‍ പറ്റുന്ന തലത്തിലേക്ക് ഉയരാനെടുത്ത രണ്ട് മാസക്കാലത്തിനും ശേഷമാണ് ഒരു വൈകുന്നേരം അവളെ അയാള്‍ക്ക് മാത്രമായി ലഭിച്ചത്. പിന്നെ അയാളുടെ എല്ലാ വൈകുന്നേരങ്ങളും അവള്‍ക്കുവേണ്ടിയുള്ളതാകാന്‍ ഏറെ സമയമെടുത്തില്ല. അങ്ങനെ ഇത്തരം വൈകുന്നേരങ്ങളില്‍ മേശക്കിരുവശങ്ങളിലിരുന്ന് ചിയേഴ്സ് പറയുന്ന ഇടവേളകളില്‍ വീണ്കിട്ടുന്ന അവളുടെ വിരല്‍സ്പര്‍ശങ്ങള്‍ ജോണിലേക്കുള്ള തന്റെ പരിണാമം പൂര്‍ത്തിയായിവരുന്നതിന്റെ തെളിവായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകായിരുന്നു അയാള്‍. അതിനിടയിലായിരുന്നു ഒരു ഇടിവെട്ട് പോലെ അവളുടെ ന്യൂയോര്‍ക്ക് ട്രാന്‍സ്ഫര്‍ വന്നത്.

ജൂഡിയുടെ സീറ്റില്‍ പിറ്റേന്ന് തന്നെ തുടുത്ത കവിളുകളുള്ള ക്രിസ്റ്റീനയെന്ന കവിത വന്നെങ്കിലും ദാമുവിന്റെ മനസ്സ് തുടിച്ചത് ജാനുവിന്റെ മണിക്കിലുക്കങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അവള്‍ ഉപയോഗിച്ചിരുന്ന ഹെഡ്സെറ്റ് ആരും കാണാതെ സ്വന്തം ഹെഡ്സെറ്റുമായി വച്ചുമാറുകയും ചെയ്തു അയാള്‍. ഇടവേളകളിലൊക്കെ അവളുമായി ചാറ്റ് ചെയ്തും, പിന്നെ ദിവസത്തില്‍ അവള്‍ക്ക് രണ്ടും മൂന്നും ഇമെയിലുകളയച്ചും, രാത്രികളില്‍ നേരത്തേ ഉറങ്ങി അവളുടെ കൈപിടിച്ച് ന്യൂയോര്‍ക്ക് തെരുവുകളില്‍ നടന്നുല്ലസിക്കുന്ന സ്വപ്നങ്ങള്‍ തരപ്പെടുത്തിയും അയാളവളെ സജീവമായി കൂടെ നിര്‍ത്തി.

പക്ഷേ ഡിജിറ്റല്‍ ഏജിന്റെ മത്സരനിയമങ്ങള്‍ ദാമുവിന്റെ ചെറിയബുദ്ധിയില്‍ ഒതുങ്ങുന്നതല്ലല്ലൊ. പതുക്കെ പതുക്കെ ഇമെയിലുകള്‍ക്കിടയിലെ ഇടവേളകള്‍ കൂടിത്തുടങ്ങി. യാഹൂ മെസഞ്ചറില്‍ അവളെപ്പോഴും എവേ എന്നടയാളമിട്ട് അയാളുമായി ചാറ്റ് ചെയ്യാതെ ഒഴിഞ്ഞുമാറി. പിന്നെ അയാളയക്കുന്ന ഇമെയിലുകള്‍ മേല്‍വിലാസക്കാരിയില്ലാതെ തിരിച്ചുവന്നുതുടങ്ങി. ദിവസങ്ങള്‍ വീണ്ടും വിരസങ്ങളായിത്തുടങ്ങിയത് അവിടെനിന്നാണ്. കസ്റ്റമേഴ്സിനോടുള്ള സ്വരം പരുഷമാകുന്നുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയതും ആ ആഴ്ചകളിലൊക്കെത്തന്നെയാണ്.

മൂന്നാമത്തെ വാണിങ്ങ് ലെറ്ററുമായാണ് അന്ന് മാനേജര്‍ ദാമുവിനെ തന്റെ കാബിനിലേക്ക് വിളിച്ചത്.

‘മിസ്റ്റര്‍ ദാമോദരന്‍, ഐ വില്‍ ഹാവ് ടു പുട് യു നൗ ഇന്‍ പെര്‍ഫോര്‍മെന്‍സ് ഇംപ്രൂവ്മെന്റ് പ്ലാന്‍. നിങ്ങള്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട് സ്വയം നന്നാവാന്‍. അല്ലെങ്കില്‍ എനിക്ക് നിങ്ങളെ പറഞ്ഞയക്കേണ്ടിവരും ഐ വില്‍ ഹാവ് നൊ ഓപ്ഷന്‍ അദര്‍ ദാന്‍ ടെര്‍മിനേറ്റിങ്ങ് യു’.

ഒന്നും പറയാതെ തലകുനിച്ച് ദാമു പുറത്തുവന്നു. താന്‍ ശരിക്ക് പണി എടുക്കുന്നില്ലെന്നും ഇങ്ങനെതുടര്‍ന്നാല്‍ ഇവിടെ ഇരിക്കാമെന്ന് കരുതേണ്ടെന്നും തന്നെയാണ് യാതൊരു സംശയത്തിനും ഇടനല്‍കാത്തവിധം അയാള്‍ ഒററശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തത്. ദാമു മുഖത്ത് ഒലിച്ചിറങ്ങിയ വിയര്‍പ്പ് ആരും കാണാതെ തുടച്ചു. പിന്നെ ആരുടെയും മുഖത്ത് നോക്കാതെ സ്വന്തം സീറ്റില്‍ വന്നിരിക്കെ സ്‌ക്രീനില്‍ വലത്തെ മൂലയില്‍ മെയില്‍ബോക്സിന്റെ ചിത്രത്തിനുള്ളില്‍ കിളി ചിലച്ചു.

‘യു ഗോട്ട് എന്‍ ഇമെയില്‍ ഫ്രം ജൂഡി’.

വിശ്വാസം വരാതെ കീബോര്‍ഡിനുമുകളില്‍ ദാമുവിന്റെ കൈവിരലുകള്‍ വിറച്ചു. ആഴ്ചകള്‍ക്ക് ശേഷം വന്നെത്തിയ ജൂഡിയുടെ ഇമെയില്‍ അയാള്‍ ആര്‍ത്തിയോടെ തുറന്നു. വെളുത്ത സ്‌ക്രീനില്‍ കറുത്ത അക്ഷരങ്ങള്‍ തിളങ്ങിനിന്നു.

ഡിയര്‍ ദാമു
എ ന്യൂസ് ഫോര്‍ യു. ഐ മാരീഡ് സ്റ്റീവ് ലാസ്റ്റ് വീക്ക്. യൂ നോ, ഇറ്റ് ഈസ് ഈസിയര്‍ ദാറ്റ് വേ ടു ഗെറ്റ് എ സിറ്റിസണ്‍ഷിപ്പ് ഹിയര്‍.
വിത്ത് ലൗവ്
ജൂഡി

വരണ്ട കണ്ണുകളുമായി കുറെനേരം ദാമു സ്‌ക്രീനില്‍ത്തന്നെ തുറിച്ചുനോക്കി ഒരേ ഇരിപ്പിരുന്നു. പിന്നെ സ്‌ക്രീനിലെ പിക്സലുകള്‍ പല നിറത്തില്‍ അയാള്‍ക്ക് മുന്നില്‍ നൃത്തം വെച്ചുതുടങ്ങി. നിറമാര്‍ന്ന ആ സൂക്ഷ്മാണുക്കളുടെ താണ്ഡവത്തിനിടയിലെപ്പോഴോ അയാളുടെ വിരലുകള്‍ കീ ബോര്‍ഡിന്റെ വലത്തേ മൂലയില്‍ ഡിലീറ്റ് ബട്ടണില്‍ ശക്തിയായി അമര്‍ന്നു. ജൂഡി കമ്പ്യൂട്ടറിന് മാത്രം അറിയാവുന്ന ഡിജിറ്റല്‍ പൂജ്യങ്ങളായി ദാമുവിന്റെ മനസ്സില്‍നിന്ന് അന്തരീക്ഷത്തിലെ ശൂന്യതയിലേക്ക് അലിഞ്ഞില്ലാതായി.

‘ടേക്ക് ഇറ്റ് ഈസി മേന്‍’ പുറത്ത് കൈകൊണ്ട് തട്ടി അപ്പുറത്തെ സീറ്റില്‍നിന്നെഴുന്നേറ്റ് ക്രിസ്റ്റീന ഉറക്കെച്ചിരിച്ച് പുറകില്‍ നിന്നപ്പോഴാണ് അയാള്‍ ഉണര്‍ന്നത്. അവളെ നോക്കി അയാള്‍ വെറുതെ ചിരിച്ചു. പിന്നെ അവളുടെ പിന്നാലെ കോഫീറൂമിലേക്ക് നടക്കവേ അന്നാദ്യമായി ക്രിസ്റ്റീനയുടെ ശബ്ദം ഒരു മണിക്കിലുക്കമായി അയാളിലേക്ക് ഒഴുകിയെത്തി.

 

കഥ -സന്താനഗോപാലം
വായിക്കാം :

സന്താനഗോപാലം

കഥ -ദേജാവു
വായിക്കാം :

ദേജാവു

കഥ -ഭരതന്‍
വായിക്കാം :

ഭരതന്‍

 

കഥ -മേലേടത്തേക്ക് ഒരു അതിഥി
വായിക്കാം :

മേലേടത്തേക്ക് ഒരു അതിഥി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.