Follow the News Bengaluru channel on WhatsApp

ഡീല്‍

സുരേഷ് കോടൂര്‍ കഥകള്‍ 

 

ഡീല്‍

ഓഫീസില്‍ അന്ന് ജൂലിക്ക് തിരക്കേറിയ ദിവസമായിരുന്നു. ഉച്ചഭക്ഷണത്തിനു പോലും അവള്‍ക്കന്ന് സീറ്റില്‍ നിന്നും ഒന്ന് എഴുന്നേല്‍ക്കാന്‍ പറ്റിയിട്ടില്ല. എപ്പോഴോ ലിസി കൊണ്ടുവന്ന ഒരു ബ്രെഡ് സാന്‍ഡ്വിച്ച് ആണ് ആകെക്കൂടി അവള്‍ അന്നത്രനേരമായി കഴിച്ചിരുന്നത്. വിശപ്പും ക്ഷീണവും കൊണ്ട് താനിപ്പോള്‍ തലകറങ്ങി വീണേക്കുമെന്നുവരെ തോന്നി അവള്‍ക്ക്. എങ്ങനെയെങ്കിലും അന്നത്തെ ദിവസം ഒന്ന് കഴിഞ്ഞാല്‍ മതിയെന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍.

ഒരു യൂറോപ്യന്‍ ഐ.ടി കമ്പനിയുടെ ഡല്‍ഹി ഓഫീസില്‍ ഹൂമന്‍ റിസോര്‍സ് മാനേജര്‍ ആണ് ജൂലി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൂലി അവിടെ ജോലി നോക്കുന്നു. പക്ഷേ ഇത്തരമൊരു അനുഭവം അവള്‍ക്ക് ആദ്യമായിരുന്നു. കമ്പനി തലേന്ന് പ്രഖ്യാപിച്ച ലേഓഫ് അവള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഒരു ഷോക്ക് തന്നെ ആയിരുന്നു. മുന്നൂറിലേറെപ്പേര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തിരിക്കുന്നത്. എച്.ആര്‍.മാനേജര്‍ എന്ന നിലക്ക് എല്ലാവരുടേയും ടെര്‍മിനേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതല ജൂലിക്കായിരുന്നു. അവള്‍ ഏറ്റവും വെറുക്കുന്ന ജോലിയും ഈ ടെര്‍മിനേഷന്‍ കൈകാര്യം ചെയ്യുന്ന പണി തന്നെ.

പിരിച്ചുവിട്ടവരെ പറഞ്ഞയക്കല്‍ ഏറെ ദുഷ്‌കരമായുള്ള പണി തന്നെയാണ്. ഓരോരുത്തരേയും പ്രത്യേകം വിളിച്ച് കമ്പനിയുടെ തീരുമാനം വിശദീകരിക്കണം. എല്ലാ ഡോക്യുമെന്റുകളും ഫോറങ്ങളും ഒക്കെ ഒപ്പിടുവിച്ചു വാങ്ങണം. അവര്‍ക്ക് കിട്ടാന്‍ അര്‍ഹതയുള്ള കോമ്പന്‍സേഷനെക്കുറിച്ച് അവര്‍ക്ക് പറഞ്ഞു കൊടുക്കണം. അവരുടെ ചോദ്യങ്ങള്‍ക്കൊക്കെ ക്ഷമയോടെ വിശദമായ മറുപടി കൊടുക്കണം. എല്ലാറ്റിനുമുപരി അവരുടെ പരാതികളും പരിഭവങ്ങളും ശ്രദ്ധയോടെ കേള്‍ക്കണം. പലര്‍ക്കും കരച്ചിലടക്കാന്‍ പറ്റില്ല. പലപ്പോഴും അവര്‍ക്ക് തേങ്ങാനുള്ള ചുമലും ജൂലി തന്നെ. പിങ്ക്സ്ലിപ്പ് കിട്ടുന്നവരെ ആശ്വസിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല എന്ന് ജൂലിക്ക് അറിയാത്തതല്ല. എങ്കിലും ചിലപ്പോള്‍ ജൂലിയും പതറിപ്പോവാറുണ്ട്. പ്രത്യേകിച്ച് പന്ത്രണ്ടും പതിനഞ്ചും വര്‍ഷം സര്‍വീസ് ഉള്ള സീനിയര്‍ എംപ്ലോയീസിന്റെ കാര്യത്തില്‍.

‘എന്നാലും എന്നോട് ഇങ്ങനെ ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു നിങ്ങള്‍ക്ക്? കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി ഈ കമ്പനിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവനല്ലേ ഞാന്‍? എന്നെ ഇത്ര പെട്ടെന്ന് വേണ്ടാതായി അല്ലേ നിങ്ങള്‍ക്ക്?’ ഇങ്ങനെ പോവും ചിലരുടെ പരിദേവനങ്ങള്‍.

മറ്റു ചിലരാകട്ടെ ജൂലിയുടെ നേരെ കയര്‍ത്തു സംസാരിക്കും. പിരിച്ചുവിടാനുള്ള തീരുമാനം ജൂലിയുടേതാണെന്നമട്ടില്‍ അവളോട് തര്‍ക്കിച്ചു. ചിലര്‍ക്ക് എല്ലാ നിയന്ത്രണങ്ങളും വിട്ടു ജൂലിയുടെ മുന്നില്‍ തേങ്ങിക്കരഞ്ഞു. ചിലപ്പോഴൊക്കെ ജൂലിക്കും തിരിച്ചു പറയണമെന്ന് തോന്നും. പക്ഷേ അവള്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു.

‘സമാധാനപ്പെടൂ മറ്റൊരു ജോലി കിട്ടാന്‍ നിങ്ങള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകില്ല. നിങ്ങള്‍ വളരെ മിടുക്കനാണ്. മാത്രമല്ല പിരിച്ചുവിടല്‍ പാക്കേജിന്റെ ഭാഗമായി മൂന്നു മാസത്തെ ശമ്പളവും നിങ്ങള്‍ക്ക് തരുന്നുണ്ട് നമ്മുടെ കമ്പനി. പിന്നെന്തിനാണ് നിങ്ങള്‍ വിഷമിക്കുന്നത്? ആഫ്റ്റര്‍ ആള്‍, നിങ്ങളെ പരമാവധി സഹായിക്കുക എന്നതാണ് കമ്പനിയുടെ നയം’.

പലതവണ പലരോടും ജൂലി ഈ വാചകങ്ങള്‍ ആവര്‍ത്തിച്ചു.

‘ലിസി, ഇനി ബാക്കി എത്ര പേരുണ്ടാവും?’

‘മിക്കവാറും കഴിഞ്ഞു ജൂലി. ഇനി മൂന്നു പേരും കൂടിയേ ബാക്കിയുള്ളൂ’.

ജൂലിക്ക് അല്പം ആശ്വാസം തോന്നി. നാളെ എന്തായാലും അവധി എടുക്കണം. ഒന്ന് സുഖമായി ഉറങ്ങിയാലേ ഇന്നത്തെ ഈ ക്ഷീണവും ഡിപ്രഷനും ഒക്കെ ഒന്ന് മാറിക്കിട്ടൂ. അവള്‍ തന്നോടുതന്നെ പറഞ്ഞു.

‘ഗുഡ് ഈവനിംഗ് മാഡം’. ജോണ്‍ മുന്നില്‍ വന്ന് കസേര വലിച്ചിട്ടിരുന്നപ്പോള്‍ ജൂലിയുടെ ചിന്തകള്‍ മുറിഞ്ഞു.

‘ഇന്നു മുതല്‍ അപ്പൊ എന്നെ നിങ്ങള്‍ക്ക് വേണ്ടാതായി അല്ലേ? ഞാന്‍ ഉപയോഗമില്ലാത്തവനായി നിങ്ങള്‍ക്കിപ്പോള്‍ അല്ലെ മാഡം?’ ജോണ്‍ വാക്കുകള്‍ പരിഹാസത്തില്‍ പൊതിയാന്‍ ശ്രമിച്ചെങ്കിലും അയാളുടെ ഉള്ളിലെ വിങ്ങല്‍ ജൂലിക്ക് അയാളുടെ മുഖത്ത് വായിച്ചെടുക്കാമായിരുന്നു. ജൂലി ഒന്നും പറഞ്ഞില്ല. അയാളെ ആശ്വസിപ്പിക്കാനെന്ന രീതിയില്‍ അയാളുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

‘എന്നാലും എനിക്ക് തന്നെ ഈ ഗതി വരണം. ഞാന്‍ എന്റെ ജോലിയോട് ഇത്രയും കാലം കാണിച്ച ആത്മാര്‍ത്ഥതയ്ക്കുള്ള മികച്ച പ്രതിഫലം തന്നെ’.

‘ജോണ്‍, താന്‍ വിഷമിക്കാതിരിക്കൂ. താന്‍ ചെറുപ്പമല്ലേ? വളരെ എളുപ്പത്തില്‍ തനിക്ക് വേറൊരു ജോലി ശരിയാകും. തന്നെക്കാള്‍ ഏറെ സീനിയര്‍ ആയിട്ടുള്ളവരുടെ കാര്യം ഒന്നാലോചിച്ചുനോക്കൂ. പ്രായപരിധിയൊക്കെ കടന്ന അവരെക്കാളൊക്കെ മെച്ചമല്ലേ തന്റെ അവസ്ഥ?’

‘യാ, യാ ജൂലിക്കത് പറയാം. എനിക്കിനി ആദ്യം മുതല്‍ തുടങ്ങേണ്ടേ? എവിടെയെങ്കിലും എന്തെങ്കിലും എളുപ്പത്തില്‍ കിട്ടിയാല്‍ മതിയായിരുന്നു’.

‘തീര്‍ച്ചയായും, ജോണ്‍ നിനക്ക് കിട്ടും. മനസ്സ് വിടാതിരിക്കൂ’. എങ്ങനെയെങ്കിലും ഇതൊന്നു തീര്‍ത്ത് ഇവനെ പറഞ്ഞു വിട്ടാല്‍ മതി എന്നായിരുന്നു അവള്‍ക്ക്. അവള്‍ പേപ്പറുകള്‍ ജോണിന്റെ മുന്നിലേക്ക് നീക്കിവച്ചു.

‘ജോണ്‍, ഈ ഡോക്യുമെന്റുകളിലൊക്കെ ഒന്ന് ഒപ്പിട്ടോളൂ. ആ സമയത്ത് നമ്മുടെ ടെര്‍മിനേഷന്‍ പാക്കേജിനെക്കുറിച്ച് ഞാന്‍ വിശദീകരിച്ച് തരാം’.

‘യാ, ഷുവര്‍. നിങ്ങള്‍ നിങ്ങളുടെ പണി ചെയ്തോളൂ. എനിക്കറിയാം നിങ്ങളും എന്നെപ്പോലെ ഇവിടുത്തെ ഒരു ജോലിക്കാരി മാത്രമാണന്ന്. ഒരു ദിവസം നിങ്ങളെയും അവര്‍ ഇതുപോലെ പോകാന്‍ പറയും’.

ജൂലി അതിന് പ്രതികരിച്ചില്ല. അവള്‍ യാന്ത്രികമായി തന്റെ സ്‌ക്രിപ്റ്റിലെ വാചകങ്ങള്‍ ഉരുവിട്ടു തുടങ്ങി.

‘പിരിച്ചുവിടല്‍ പാക്കേജിന്റെ ഭാഗമായി ജോണിന് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ ഒരു തുക കോമ്പന്‍സേഷന്‍ ആയി ലഭിക്കും. ഉപയോഗിക്കാത്ത അവധിയുണ്ടെങ്കില്‍ അതിനുള്ള തുകയും ലഭിക്കും. നാളെമുതല്‍ ജോണ്‍ ഓഫീസില്‍ വരേണ്ടതില്ല. ഐഡന്റിറ്റി കാര്‍ഡ് തിരിച്ച് ഏല്‍പ്പിച്ചോളൂ. വേറെ ജോലി സര്‍ച്ച് ചെയ്യാന്‍ നമ്മുടെ ലൈബ്രറിയിലെ കമ്പ്യൂട്ടര്‍ ഫെസിലിറ്റി ഒരു മാസം കൂടി ജോണിന് പക്ഷേ ഉപയോഗിക്കാം കേട്ടോ’.

ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ഞു നിര്‍ത്തി ജൂലി ജോണിന്റെ പ്രതികരണത്തിനായി കാത്തു. ജോണ്‍ തലകുനിച്ചിരുന്ന് തന്റെ ഐഡന്റിറ്റികാര്‍ഡില്‍ നോക്കുകയായിരുന്നു. ആ പ്ലാസ്റ്റിക് കഷണം അയാളുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി. ജോണിന്റെ വിരലുകള്‍ പതുക്കെ കാര്‍ഡിന്റെ മിനുമിനുത്ത പ്രതലത്തില്‍ തലോടി. ഒന്നവസാനമായി യാത്രചോദിക്കും പോലെ.

‘ഓകെ. നമ്മള്‍ ഏതാണ്ട് ഫിനിഷ് ചെയ്യാറായി. ഇനി ഇതാ ഈ ഒരു ഡോക്യമെന്റ് കൂടിയേ ഉള്ളൂ സൈന്‍ ചെയ്യാന്‍. റിലീസ് കോണ്ട്രാക്ട് എഗ്രിമെന്റ് ആണ് ഇത്’.

രണ്ടു പേജുള്ള ഒരു ഡോക്യുമെന്റ് എടുത്ത് ജൂലി ജോണിന്റെ മുന്നില്‍ വെച്ചു.

‘കമ്പനിക്കുമേലുള്ള നിയമപരമായ എല്ലാ അവകാശങ്ങളും ഉപേക്ഷിക്കുന്നു എന്നും കമ്പനിക്കെതിരേ ഒരു തരത്തിലുള്ള നിയമ നടപടികളും സ്വീകരിക്കുകയില്ല എന്നും സമ്മതിക്കുന്ന എഗ്രിമെന്റ് ആണിത്. വെറുതേ ഒരു ഫോര്‍മാലിറ്റി, അത്ര തന്നെ’. വളരെ നിസ്സാരമായി സാധാരണ ഒരു ഡോക്യുമെന്റ് എന്ന നിലയില്‍ അവതരിപ്പിക്കാന്‍ ജൂലി പരമാവധി ശ്രദ്ധിച്ചു.

‘ഇതു കൂടി കഴിഞ്ഞാല്‍ കഴിഞ്ഞു. പിന്നെ ജോണ്‍ ഫ്രീ ആയി’. അവള്‍ മുഖത്ത് ചിരി വരുത്തി. ജോണിന് പക്ഷെ പെട്ടെന്ന് കാര്യം മനസ്സിലായില്ല.

‘എനിക്ക് മനസ്സിലായില്ല ജൂലി. എന്തിനാണ് ഇങ്ങനെയൊരു പേപ്പറില്‍ സൈന്‍ ചെയ്യുന്നത്?’

‘ഞാന്‍ പറഞ്ഞില്ലേ ജോണ്‍. ഇത് വെറുതേ ഒരു ഫോര്‍മാലിറ്റി മാത്രമാണെന്ന്. തന്നെ പിരിച്ചുവിട്ടതിനു താന്‍ കമ്പനിക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കുകയില്ല എന്ന ഒരു ഉറപ്പ്. അത്രേയുള്ളൂ. അതും ചുമ്മാതല്ല കേട്ടോ. ഈ ഡോക്യമെന്റ് സൈന്‍ ചെയ്താല്‍ കമ്പനി റെഗുലര്‍ കോമ്പന്‍സേഷന് പുറമേ ഒരു പതിനയ്യായിരം രൂപ കൂടെ അഡീഷണല്‍ ഇന്‍സെന്റീവ് ആയി തരും’.

‘എന്നു വെച്ചാല്‍ ഞാന്‍ കമ്പനിയെ സ്യൂ ചെയ്യില്ലെന്ന് ഈ ഡോക്യുമെന്റില്‍ ഒപ്പിട്ടു തന്നാല്‍ എനിക്ക് ഒരു പതിനയ്യായിരം കൂടി അധികം കിട്ടുമെന്ന് അല്ലേ?’

‘കറക്ട്’. മുഖത്ത് ഭാവഭേദമൊന്നും വരുത്താതെ ജൂലി തലയാട്ടി.

ജോണ്‍ കുറച്ചുനേരം ഒന്നും മിണ്ടാതെ ആലോചിച്ചിരുന്നു. അയാളുടെ കണ്ണുകള്‍ ജൂലിയുടെ മുഖത്തും അവള്‍ക്കു പിന്നില്‍ ചുമരില്‍ തൂങ്ങുന്ന ചിത്രങ്ങളിലുമൊക്കെ വെറുതെ പരതി നടന്നു.

‘എന്താ ജോണ്‍ ഇത്ര ആലോചിക്കുന്നത്? ജൂലി അക്ഷമയായി. എല്ലാവരും സൈന്‍ ചെയ്തു തന്നു. എന്തിനാ വെറുതേ പതിനയ്യായിരം കിട്ടുന്നത് വേണ്ടാന്ന് വെയ്ക്കണത്? ജോണ്‍ എന്തായാലും ഇപ്പൊ കേസിനും കൂട്ടത്തിനും ഒന്നും പോകാന്‍ പോണില്ലല്ലോ’.

ജോണ്‍ ജൂലിയുടെ മുഖത്തേക്ക് നോക്കി കുറച്ചുനേരം മിണ്ടാതെ ഇരുന്നു. പിന്നെ പതുക്കെ പതിഞ്ഞ സ്വരത്തില്‍ പിറുപിറുത്തു.

‘ഹും…ജൂലി, ഞാന്‍ ഇപ്പോള്‍ ഒപ്പിടുന്നില്ല. എനിക്കൊന്നുകൂടി ആലോചിക്കണം’.

‘ഇതിലിത്ര ആലോചിക്കാന്‍ എന്തിരിക്കുന്നു. ഇപ്പൊ ഒപ്പിട്ടാല്‍ ആ പണി കഴിഞ്ഞു. എന്തായാലും തന്റെ ഇഷ്ടം. ഒപ്പിട്ടിട്ട് നാളെ കൊണ്ടുവന്നു തന്നാലും മതി’. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ ജൂലി മുഖത്ത് പ്രസന്നത വരുത്തി.

ജോണ്‍ പതുക്കെ എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് നടന്നു. ജോണിന് പിന്നില്‍ വാതിലുകള്‍ അടഞ്ഞപ്പോള്‍ ജൂലി തന്റെ ലിസ്റ്റില്‍ ജോണിന്റെ പേരിനു താഴെ ചുവന്ന മഷികൊണ്ട് വരച്ചു.

‘എല്ലാവരുടേയും കഴിഞ്ഞു. ഇനി പോവുകയല്ലേ’. ലിസി വാതില്‍ തുറന്ന് വന്നപ്പോഴാണ് ജൂലി തന്റെ വാച്ചില്‍ നോക്കിയത്.
‘ദൈവമേ മണി ഒമ്പത് കഴിഞ്ഞല്ലോ. ഇനി എപ്പഴാ ഒന്ന് വീട്ടിലെത്തി കിടക്കയിലേക്ക് വീഴാനാവുക’. അവള്‍ തന്നോടുതന്നെ ചോദിച്ചു.

‘ലിസി, തന്റെ ലിസ്റ്റിലെ എല്ലാവരും റിലീസ് കോണ്ട്രാക്ട് ഒപ്പിട്ടു തിരിച്ചു തന്നോ?’

‘ഉവ്വ്. എല്ലാവരും ഒപ്പിട്ടു’.

‘ഹും..എന്റെ കക്ഷികളില്‍ ഒരെണ്ണം ഒപ്പിടാന്‍ ബാക്കിയുണ്ട്. ആ ജോണ്‍’

‘ങാ. അവനെന്താ പ്രശ്നം? അവനെന്താ കമ്പനിയെ സ്യൂ ചെയ്യാന്‍ പോകുന്നോ’. ലിസി അല്പം ഉറക്കെതന്നെ ചിരിച്ചു.

‘അറിയില്ല. അവന് ഒന്ന് ആലോചിക്കണം എന്ന് പറഞ്ഞു’.

‘അതൊരു പൊല്ലാപ്പായല്ലോ. നീ നമ്മുടെ ഗുപ്ത സാറിനോട് ഒന്ന് ഡിസ്‌കസ് ചെയ്തു നോക്ക് പുള്ളി എന്തെങ്കിലും വഴി കാണാതിരിക്കില്ല’.

അതുതന്നെയായിരുന്നു ജൂലിയുടേയും മനസ്സില്‍. ജൂലിയുടെ ബോസ് ആണ് ഗുപ്ത. എച്ച്.ആര്‍.ഡയറക്ടര്‍. ഗുപ്ത എന്തെങ്കിലും ഉപായം പറഞ്ഞു തരാതിരിക്കില്ലെന്ന് ജൂലിക്കും ഉറപ്പുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ ജൂലി ഓഫീസില്‍ എത്തിയതെ ഉണ്ടായിരുന്നുള്ളൂ. ബാഗെടുത്ത് ഡസ്‌കില്‍ വെക്കുന്നതിനുമുമ്പുതന്നെ ജോണിന്റെ ഫോണ്‍ കോള്‍ വന്നു.

‘ഹായ് ജോണ്‍, റിലീസ് എഗ്രിമെന്റ് ഇന്ന് ഒപ്പിട്ടു തരുന്നുണ്ടല്ലോ അല്ലേ?’

‘ജൂലി, അതിനുമുമ്പ് എനിക്ക് നിങ്ങളെ ഒന്ന് നേരില്‍ കണ്ട് ഡിസ്‌കസ് ചെയ്യണം’.

‘ഇതിലെന്താണ് ഇത്ര ഡിസ്‌കസ് ചെയ്യാന്‍. എന്താണ് ജോണിന് അറിയേണ്ടത്?’

‘അത് ഞാന്‍ നേരിട്ട് പറയാം. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഞാന്‍ നിങ്ങളുടെ ഓഫീസില്‍ വരാം’.

ജൂലി എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പുതന്നെ ജോണ്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു.

ജൂലിക്ക് അല്പം പരിഭ്രമം തോന്നിത്തുടങ്ങി. ‘ജോണ്‍ ഇനി സൈന്‍ ചെയ്തില്ലെങ്കിലോ?’

അവള്‍ പതുക്കെ ഗുപ്തയുടെ ഓഫീസിലേക്ക് നടന്നു.

ഗുപ്തയോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകഴിഞ്ഞപ്പോഴാണ് അവള്‍ക്ക് ഒരു ആശ്വാസം തോന്നിയത്. പ്രതികരണത്തിനായി അവള്‍ ഗുപ്തയെ നോക്കി. അയാള്‍ക്കും പെട്ടെന്ന് ഒരു ഉത്തരം ഇല്ലായിരുന്നു.

‘സര്‍, ജോണ്‍ ഇന്ന് വൈകിട്ട് നാലുമണിക്ക് വരാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാനെന്താണ് അയാളോട് പറയേണ്ടത്? അയാള്‍ റിലീസ് കോണ്ട്രാക്ട് സൈന്‍ ചെയ്യാന്‍ വിസമ്മതിക്കുകയാണെങ്കില്‍ എന്തുചെയ്യും നമ്മള്‍?’

‘ഒരു കാര്യം ചെയ്യൂ. അയാള്‍ ഒപ്പിടുന്നില്ലെങ്കില്‍ ഒരു അമ്പതിനായിരം വരെ ഓഫര്‍ ചെയ്തോളൂ’.

‘അമ്പതിനായിരമോ? അത് കുറെ കൂടുതലല്ലേ സര്‍?’

‘ജൂലി, പണമല്ല ഇപ്പോ നമ്മുടെ പ്രശ്നം. അവന്‍ ഒരിക്കലും കമ്പനിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങാന്‍ ഇടവരരുത്. എന്ത് വിലകൊടുത്തും നമുക്ക് അത് ഒഴിവാക്കണം. ആവശ്യമില്ലാതെ കോടതിയും കേസുമൊക്കെയുള്ള കോംപ്ലിക്കേഷന്‍ നമ്മുടെ കമ്പനിയുടെ റെപ്യൂട്ടേഷനെ ബാധിക്കും. ഏതു വിധേനയും അതൊക്കെ ഒഴിവാക്കുന്നതാണ് ബുദ്ധി’.

‘അമ്പതിനായിരത്തിന് എന്തായാലും അയാള്‍ സമ്മതിക്കാതിരിക്കില്ല. അല്ലേ സര്‍?’
ഗുപ്ത തന്റെ കയ്യിലിരുന്ന പെന്‍സില്‍ കൊണ്ട് മുന്നിലിരുന്ന കടലാസില്‍ കോറി വരച്ചു. നെറ്റിയിലെ ചുളിവുകളില്‍ വിരലോടിച്ച് അല്പനേരം ജൂലിയെ നോക്കി. പിന്നെ ഉറച്ച സ്വരത്തില്‍ പറഞ്ഞു.

‘ജൂലി, അറ്റകൈയ്ക്ക് അയാള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഓഫര്‍ ചെയ്തോളൂ’.
‘സര്‍? തീര്‍ച്ചയാണോ?’ ജൂലിക്ക് ഒട്ടും വിശ്വാസം വന്നില്ല. രണ്ടു ലക്ഷം രൂപയോ ഈ എഗ്രിമെന്റ് സൈന്‍ ചെയ്യുന്നതിന്? റിലീസ് കോണ്ട്രാക്ടിന് ഇത്രയേറെ പ്രാധാന്യമുണ്ടെന്നു അവള്‍ ഒരിക്കലും കരുതിയിരുന്നില്ല.

‘യെസ് ജൂലി, യു ഗോ എഹെഡ്. രണ്ടു ലക്ഷം വരെ അയാള്‍ക്ക് ഓഫര്‍ ചെയ്യാനുള്ള അധികാരം ഞാന്‍ ജൂലിക്കു തരുന്നു. ഒന്നിച്ച് രണ്ടു ലക്ഷം ഓഫര്‍ ചെയ്യരുത് കേട്ടോ. ആദ്യം ഒരു ഇരുപത്തിഅയ്യായിരം, പറ്റിയില്ലെങ്കില്‍ വീണ്ടും ഒരു ഇരുപത്തഞ്ച് കൂട്ടിക്കോളൂ. എന്തായാലും രണ്ടുലക്ഷത്തില്‍ കാര്യം നടക്കുന്നില്ലെങ്കില്‍ എന്നെ വിളിക്കൂ. എന്ത് വേണമെന്ന് നമുക്ക് അപ്പോള്‍ ആലോചിക്കാം. ഒരു കാര്യം മനസ്സില്‍ വയ്ക്കുക. എന്ത് വില കൊടുത്തും ആ എഗ്രിമെന്റ് സൈന്‍ ചെയ്തേ അയാളെ വിടാവൂ’.

‘ശരി സര്‍, അത് ഞാനേറ്റു’. ജൂലി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരിച്ചു നടന്നത്. രണ്ടു ലക്ഷം എന്നൊക്കെ പറഞ്ഞാല്‍ ആരാ സമ്മതിക്കാതിരിക്കുക? ജൂലിക്ക് ചുണ്ടില്‍ ചെറുതായി ചിരി പരന്നു.

വൈകുന്നേരം കൃത്യം നാല് മണിക്കു തന്നെ ജോണ്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.

‘ഹൈ ജോണ്‍, കം ഇന്‍. സൈന്‍ ചെയ്ത ഡോക്യുമെന്റ് കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലേ?’

‘അതിനുമുന്‍പ് എനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് ജൂലി’, ജൂലിയുടെ എതിര്‍ഭാഗത്തുള്ള കസേര നീക്കി ജോണ്‍ ഇരുന്നു. അയാളുടെ കണ്ണുകള്‍ ജൂലിയുടെ മുഖത്തേക്ക് നോക്കാന്‍ മടിച്ചു.

‘തീര്‍ച്ചയായും ജോണ്‍ പറയൂ. എന്താണ് ജോണിന് ചോദിക്കാനുള്ളത്?’ പരിഭ്രമം ലേശം പോലും പുറത്ത് കാണിക്കാതെ ജൂലി ചോദിച്ചു. പതിനയ്യായിരത്തില്‍ ഒതുങ്ങുമോ അതോ ഇവനെ വരുതിയിലാക്കാന്‍ രണ്ടു ലക്ഷവും വലിച്ചെറിയേണ്ടിവരുമോ എന്ന ചിന്തയായിരുന്നു ജൂലിയുടെ ഉള്ളില്‍ അപ്പോള്‍ മുഴച്ചു നിന്നിരുന്നത്.

‘ജൂലി, ഈ റിലീസ് കോണ്ട്രാക്ട് സൈന്‍ ചെയ്താല്‍ മൂന്നു മാസത്തെ ശമ്പളത്തിനു പുറമേ പതിനയ്യായിരം കൂടി കിട്ടുമെന്നല്ലേ പറഞ്ഞത്?’

‘അതെ ജോണ്‍, മൂന്നുമാസത്തെ കോമ്പന്‍സേഷന് പുറമേ പതിനയ്യായിരം രൂപ കൂടി കിട്ടും ജോണിന്.’

‘നല്ലത് തന്നെ പക്ഷേ…’

‘എന്തായാലും ജോണ്‍ പറയൂ, എന്റെ പരിധിക്കുള്ളില്‍ ആണെങ്കില്‍ തീര്‍ച്ചയായും ജോണിനെ സഹായിക്കാം’.

‘പിന്നെ…ജൂലി, എനിക്ക് പതിനയ്യായിരത്തിനു പുറമേ എന്റെ ലാപ്ടോപ്പും കൂടെ വേണം’.

ജൂലി തന്റെ കസേരയില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ മേശയില്‍ മുറുകെ പിടിച്ചു. വിശ്വാസം വരാതെ ഒരു നിമിഷം അവള്‍ ജോണിനെ നോക്കി വാ പൊളിച്ചിരുന്നുപോയി.

‘ഒരു പഴയ ലാപ്ടോപ്പിന് വേണ്ടിയാണോ ഇവന്‍ തനിക്ക് ഇത്രയും ടെന്‍ഷന്‍ നല്‍കിയത്? ഇതിനു വേണ്ടിയാണോ താന്‍ വെറുതേ ഗുപ്തയുടെ അടുത്തൊക്കെ പോയത്?’ അവള്‍ക്ക് അല്പം ജാള്യത തോന്നി. അതേ സമയം തന്റെ കഴിവില്‍ അഭിമാനവും തോന്നാതിരുന്നില്ല. കമ്പനിയുടെ രണ്ടു ലക്ഷം ലാഭിച്ചത് എന്തായാലും നിസ്സാരകാര്യമല്ലല്ലോ. പെട്ടെന്ന് സമനില വീണ്ടെടുത്ത് മുഖത്ത് അവള്‍ ഗൗരവം വരുത്തി.

‘ജോണ്‍, തനിക്കു പതിനയ്യായിരത്തിനു പുറമേ ഒരു ലാപ്ടോപ്പും കൂടെ വേണമെന്നാണോ പറയുന്നത്?’

‘അതെ, പറ്റുമെങ്കില്‍’. ജോണ്‍ എന്തോ അരുതാത്തത് ചെയ്തതുപോലെ ജൂലിയുടെ മുഖത്തേക്ക് നോക്കി.

‘എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല. ജോണ്‍, പക്ഷേ തീര്‍ച്ചയായും ഞാന്‍ എന്റെ പരമാവധി ജോണിനെ സഹായിക്കാമെന്ന് ഉറപ്പ് തരുന്നു. തീര്‍ച്ചയായും ഞാന്‍ ഗുപ്ത സാറിനോട് സംസാരിക്കാം. ഞാന്‍ പറഞ്ഞാല്‍ സര്‍ കേള്‍ക്കാതിരിക്കില്ല. ഒരു സ്പെഷ്യല്‍ കേസ് എന്ന നിലയില്‍ ജോണിന് മാത്രം ഒരു എക്സെപ്ഷന്‍ ചോദിച്ചുനോക്കാം. അദ്ദേഹം സമ്മതിക്കാതിരിക്കില്ല’.

ജോണിന്റെ കണ്ണില്‍ സന്തോഷത്തിന്റെ തിളക്കം ജൂലിക്ക് കാണാമായിരുന്നു.

‘താങ്ക്യൂ ജൂലി’,

‘പക്ഷേ സാറിനോട് കാര്യം അവതരിപ്പിക്കണമെങ്കില്‍ ആദ്യം എനിക്ക് ജോണിന്റെ സൈന്‍ ചെയ്ത റിലീസ് കോണ്ട്രാക്ട് ഡോക്യുമെന്റ് വേണം. അതുകൊണ്ട് ഇപ്പൊ സൈന്‍ ചെയ്ത് പേപ്പര്‍ തരൂ. എന്നിട്ട് നാളെ ഉച്ച കഴിഞ്ഞ് എന്നെ വിളിക്കൂ. ജോണിനു വേണ്ടി സന്തോഷവാര്‍ത്ത തീര്‍ച്ചയായും എന്റെ കയ്യില്‍ ഇല്ലാതിരിക്കില്ല’.

‘ഷുവര്‍ ജൂലി’,

റിലീസ് കോണ്ട്രാക്ട് പേപ്പറില്‍ ഒപ്പിടാനായി ജോണ്‍ തന്റെ പേന ചലിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ജൂലിയുടെ ചുണ്ടിന്റെ കോണില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു വരുന്നത് അയാള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല.

⏹️⏹️
കഥ -സന്താനഗോപാലം
വായിക്കാം :

സന്താനഗോപാലം

കഥ -ദേജാവു
വായിക്കാം :

ദേജാവു

കഥ -ഭരതന്‍
വായിക്കാം :

ഭരതന്‍

 

കഥ -മേലേടത്തേക്ക് ഒരു അതിഥി
വായിക്കാം :

മേലേടത്തേക്ക് ഒരു അതിഥി

കഥ -കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്
വായിക്കാം :

കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.