Follow the News Bengaluru channel on WhatsApp

പപ്പയുടെ കാമുകി

സുരേഷ് കോടൂര്‍ കഥകള്‍ 

 

പപ്പയുടെ കാമുകി

 

രാംമോഹന്‍ എന്റെ സുഹൃത്താണ്. ബാംഗ്ളൂരില്‍ ഒരു അമേരിക്കന്‍ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി നോക്കുകയാണ് രാംമോഹന്‍. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ ഏറെയായി രാംമോഹന്‍ കുടുംബസമേതം ബാംഗ്ളൂരില്‍ താമസം തുടങ്ങിയിട്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനും രാംമോഹനും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് രാംമോഹന്‍ ആ ജോലി രാജി വെച്ച് അയാളുടെ ഇപ്പോഴത്തെ കമ്പനിയില്‍ ചേരുകയും ഞാന്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ടു വഴിക്കായി. എങ്കിലും ഇടയ്ക്കൊക്കെ ഞങ്ങള്‍ പഴയ സുഹൃത്തുക്കള്‍ ഒന്നിച്ചു കൂടാറുണ്ട്. ഒരു കാപ്പിയോ അല്ലെങ്കില്‍ ഒരു ബിയറോ ഒക്കെയായി പഴയ കഥകള്‍ പറഞ്ഞ് കൂടാറുള്ള അത്തരം സായാഹ്നങ്ങള്‍ ഈയിടെയായി കുറഞ്ഞുവരുന്നുണ്ടെങ്കിലും അത്തരമൊരു സായാഹ്നസമ്മേളനത്തിലാണ് രാംമോഹന്റെ പുത്തന്‍ കാമുകിയെക്കുറിച്ചുള്ള കഥ അലക്സ് ഞങ്ങള്‍ക്ക് മുന്നില്‍ വിളമ്പിയത്. രാംമോഹന്‍ അന്ന് സ്ഥലത്ത് ഇല്ലാതിരുന്നതുകൊണ്ട് അയാളുടെ അസാന്നിദ്ധ്യത്തിലാണ് അലക്സ് കഥയുടെ കെട്ടഴിച്ചത്.

ഞങ്ങള്‍ പൊതുവേ ഞങ്ങളുടെ തിരക്കേറിയ ജീവിത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ജോലിയാവശ്യത്തിനായുള്ള തുടരെയുള്ള യാത്രകള്‍, പാതിരാത്രിക്കും തീരാത്ത ടെലികോണ്‍ഫറന്‍സിംഗ്, ഫോണ്‍ മീറ്റിംഗുകള്‍, ഒരിക്കലും തീരാത്ത പ്രോജക്റ്റ് ഡെലിവറികള്‍ ഇങ്ങനെ നീണ്ടുപോകുന്നു ഞങ്ങളുടെ ഔദ്യോഗിക പ്രാരാബ്ദങ്ങളുടെ ലിസ്റ്റ്. ഉത്സവങ്ങളും നല്ല ദിവസങ്ങളും പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങളും ആനിവേഴ്സറികളും അമ്മയുടെ ശതാബ്ദി ആഘോഷവും ഓണവും കുമ്മാട്ടിക്കളിയും എന്നിങ്ങനെ ജോലിത്തിരക്കുകൊണ്ട് നഷ്ടമാകുന്നവയുടെ പട്ടിക എല്ലാവര്‍ക്കും ഏതാണ്ട് ഒന്നു തന്നെ. ഇത്തരം വൈകുന്നേരങ്ങളില്‍ ഒന്നോ രണ്ടോ ബിയര്‍ അകത്തു ചെല്ലുമ്പോഴാണ് ഞങ്ങളില്‍ നഷ്ടബോധത്തിന്റെ ഗൃഹാതുരത്വം പതുക്കെ ഉണര്‍ന്നെഴുന്നേല്‍ക്കുക. പിന്നീടത് ബിയറിന്റെ പതപതപ്പില്‍ കഴുകിക്കളഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ എല്ലാ നഷ്ടബോധങ്ങളും ഓര്‍മ്മയുടെ പരുക്കന്‍ പിന്നാമ്പുറങ്ങളിലേക്ക് പതുങ്ങിയിട്ടുണ്ടാവും. ഞങ്ങളുടെ അടുത്ത കൂടിച്ചേരലിന്റെ വൈകുന്നേരത്തിനായുള്ള കാത്തിരിപ്പുമായി അവ ഒതുങ്ങിക്കൂടുകയാണ് പതിവ്.
‘നമ്മുടെ തിരക്കിനെക്കുറിച്ച് പറയുമ്പോ നിങ്ങള്‍ ഈ സംഭവം കൂടി എന്തായാലും കേള്‍ക്കണം. നമ്മുടെ രാംമോഹന്‍ അല്പം വിയര്‍ത്ത കഥ’ എന്ന മുഖവുരയോടെയാണ് അലക്സ് അല്പം നാടകീയമായി തുടങ്ങിയത്.

‘രാംമോഹന്റെ കുട്ടികളുടെ ബര്‍ത്ത്ഡേ ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഞങ്ങള്‍ ഓഫീസിലെ സഹപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും ഒത്തുകൂടി അതൊരു ആഘോഷമാക്കി’.

അലക്സ് രാംമോഹന്റെ കമ്പനിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇരുവരും ഒരേ പ്രോജക്ട് ടീമിലും ആണ്. അലക്സിന്റെ ഭാര്യ നാട്ടിലായതുകൊണ്ട് മിക്കവാറും പാര്‍ട്ടികളൊന്നും അലക്സ് ഒഴിവാക്കാറില്ല.

രാംമോഹന്റെ കുട്ടികളെ ഞാനും കണ്ടിട്ടുണ്ട്. അയാളുടെ ഭാര്യ പൂജയേയും എനിക്കറിയാം. എന്റെ മക്കള്‍ അവര്‍ പഠിപ്പിക്കുന്ന നാഷണല്‍ പബ്ലിക് സ്‌കൂളിലാണ് പഠിക്കുന്നത്. രാംമോഹനും പൂജയും വിവാഹശേഷം ഒരുപാട് കാലം കുട്ടികളുണ്ടാവാത്ത വിഷമത്തിലായിരുന്നു. അവര്‍ കാണാത്ത ഡോക്ടര്‍മാരോ സന്ദര്‍ശിക്കാത്ത ആശുപത്രികളോ  ഇല്ലെന്നുതന്നെ പറയണം. അവര്‍ വഴിപാടുകള്‍ അര്‍പ്പിക്കാത്ത ക്ഷേത്രങ്ങളും കാണില്ല. പിന്നെ പത്തോ പന്ത്രണ്ടോ വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അവരെ ഭാഗ്യം കടാക്ഷിച്ചത്. അതും ഇരട്ടകളുടെ രൂപത്തില്‍. വളരെ സ്മാര്‍ട്ട് ആയിട്ടുള്ള രണ്ട് ആണ്‍കുട്ടികള്‍. സോഹനും സുമനും.

പിള്ളേരുടെ ജന്മദിനം യഥാര്‍ത്ഥത്തില്‍ അതിനു മുന്‍പത്തെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു. അവരുടെ ഫിഫ്ത്ത് ബര്‍ത്ത്ഡേ. അന്നത്തേക്ക് പക്ഷേ രാംമോഹന് ലീവ് തരപ്പെട്ടില്ല. അവന്‍ ശ്രമിക്കാത്തതല്ല. പക്ഷേ അവന്റെ മാനേജര്‍ സഞ്ജയ് ഉണ്ടല്ലോ. അയാള്‍ സമ്മതിച്ചില്ല.

വളരെ അപൂര്‍വ്വമായി മാത്രം അവധി എടുക്കുന്നവരുടെ കൂട്ടത്തിലാണ് രാംമോഹന്‍. എപ്പോഴും പ്രോജക്ടിന്റെ തിരക്കിലായിരിക്കും രാംമോഹന്‍. എന്നെങ്കിലും രാത്രി ഒമ്പതുമണിക്കു മുമ്പ് ഓഫീസില്‍ നിന്ന് അയാള്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. രാംമോഹന്‍ മാത്രമല്ല മിക്കവാറും അയാളുടെ ടീമിലെ എല്ലാവരും അങ്ങനെതന്നെ. ഒന്നുകില്‍ യൂറോപ്യന്‍ ക്ലയന്റ്, അല്ലെങ്കില്‍ അമേരിക്കയിലെ ക്ലയന്റ്. ഇങ്ങനെ വിദേശപ്രോജക്ടുകളുടെ തിരക്കില്‍ ദിവസവും പതിന്നാലും പതിനാറും മണിക്കൂറുകള്‍ ഓഫീസില്‍ ചിലവഴിക്കാന്‍ വിധിക്കപ്പെട്ടവരാണ് രാംമോഹനെപ്പോലുള്ള മിക്കവാറും ഐ.ടി.പ്രൊഫഷണലുകളെന്നത് ഞങ്ങളുടേയും അനുഭവം ആണല്ലോ. വീട്ടിലെത്തിയാലും തീരുന്നില്ല ജോലി. അത്താഴംപോലും കഴിച്ചുതീരുന്നതിനുമുമ്പ്, ചിലപ്പോള്‍ അത്താഴം കഴിക്കുന്നതിനൊപ്പം തന്നെ, ടെലിഫോണിലോ അല്ലെങ്കില്‍ സ്‌കൈപ്പിലോ കോണ്‍ഫറന്‍സ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ സമയമായിക്കാണും. ലാപ്ടോപ്പും ബ്ലാക്ക്ബെറി ഫോണും ഒഴിഞ്ഞനേരം രാംമോഹന് വിരളം. അങ്ങനെയുള്ള രാംമോഹന് ഒരു ദിവസത്തെ അവധി, അതും ഏറെ മോഹിച്ചുണ്ടായ ഇരട്ടകളുടെ ജന്മദിനത്തില്‍, അനുവദിക്കാതിരുന്നത് ഒട്ടും ശരിയായില്ലെന്ന് എനിക്കു തോന്നി.

 

‘എന്നാലും സഞജയ് ഒരു ദിവസത്തെ ലീവ് അനുവദിക്കാതിരുന്നത് കുറച്ചു കടുപ്പമായിപ്പോയി അലക്സ്, പ്രത്യേകിച്ച് രാംമോഹനെപ്പോലെയുള്ള ഒരാള്‍ക്ക്’.

‘ശരിയാണ് സുരേഷ്. പക്ഷേ സഞ്ജയിന് അയാളുടെ ന്യായങ്ങളും ഉണ്ടെന്നു കൂട്ടിക്കോ. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഞങ്ങളുടെ ഡയറക്ടര്‍ ഇവിടെ ബാംഗ്ലൂരില്‍ ഉള്ള ആഴ്ച ആയിരുന്നു അത്. അയാളാണെങ്കില്‍ ആ വെള്ളിയാഴ്ച തന്നെ തിരിച്ചുപോവുകയുമാണ്. ഞങ്ങളെയെല്ലാവരും പ്രോജക്ട് റിലീസിനുവേണ്ടി ചത്തു പണിയെടുക്കുന്ന സമയം. അയാള്‍ തിരിച്ചുപോകുന്നതിനുമുമ്പ് ഞങ്ങളുടെ പ്രോഡക്ടിന്റെ ആദ്യത്തെ റിലീസ് പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്നതായിരുന്നു ഞങ്ങളുടെ ടാര്‍ഗെറ്റ്’.

അലക്സ് പറഞ്ഞുനിര്‍ത്തിയപ്പോ അതും ശരിയാണെന്ന് എനിക്കും തോന്നി.

‘രാംമോഹന് ലീവ് കൊടുത്താല്‍ അയാള്‍ മാത്രമല്ലല്ലോ ആബ്സെന്റ് ആവാന്‍ പോകുന്നത്. ടീമിലെ മുഴുവന്‍ പേരും അന്നത്തെ ദിവസം ചുട്ടി ആവില്ലേ എന്നാണ് സഞ്ജയിന്റെ ചോദ്യം. സഞ്ജയ് തന്നെയാണ് പാര്‍ട്ടി ഞായറാഴ്ചയ്ക്ക് ആക്കാന്‍ നിര്‍ദ്ദേശിച്ചത്’.

‘സഞ്ജയിനെയും കുറ്റം പറയാന്‍ കഴിയില്ലല്ലോ. പ്രത്യേകിച്ചും ന്യൂയോര്‍ക്ക് ക്ലയന്റ് ഉള്ളപ്പോള്‍. ഒരു മാനേജരുടെ വിഷമം എനിക്കറിയാം’. അനില്‍ തന്റെ അനുഭവം പങ്കിട്ടു.

‘നീ കഥ പറയ് അലക്സ്. രാംമോഹന്‍ എന്നിട്ട് പാര്‍ട്ടി മാറ്റിവച്ചു അല്ലേ’. വികാസിനു ക്ഷമയറ്റു തുടങ്ങിയിരുന്നു. വികാസ് അല്ലെങ്കിലും അങ്ങനെയാണ്. ഞങ്ങള്‍ ഒരു ഗ്ലാസ് കാലിയാക്കുന്ന നേരം കൊണ്ട് അവന്‍ ഒരു ഫുള്‍ബോട്ടില്‍ തന്നെ തീര്‍ത്തു കളയും.

‘അതെ. അങ്ങനെയാണ് പാര്‍ട്ടി കഴിഞ്ഞ ഞാറാഴ്ചയിലേക്ക് ആക്കിയത്. രാംമോഹന്‍ വാങ്ങിയ പുതിയ ഫ്ളാറ്റില്‍ വെച്ചായിരുന്നു പാര്‍ട്ടി. അവന്റെ പുതിയ ഫ്ളാറ്റ് വാങ്ങിയ പാര്‍ട്ടിയും പെന്‍ഡിങ്ങില്‍ ആയിരുന്നല്ലോ. അതോണ്ട് രണ്ടും കൂടി ഒന്നിച്ചാക്കി. രാംമോഹന്റെ പുതിയ ഫ്ളാറ്റ് നല്ല പോഷ് അപ്പാര്‍ട്ട്മെന്റ് ആണ് കേട്ടോ. ചുരുങ്ങിയത് ഒരു എണ്‍പതോ തൊണ്ണൂറോ ലക്ഷമെങ്കിലും ആയിക്കാണും’.

‘ദൈവമേ അടുത്ത ഒരു ഇരുപതു കൊല്ലത്തേക്കെങ്കിലും ഇനി ഇന്‍സ്റ്റാള്‍മെന്റ് അടച്ചു മുടിഞ്ഞതുതന്നെ അവന്‍’. അത് വിവേക് ആയിരുന്നു. ഞങ്ങളുടെ ഇ.എം.ഐ. തിരിച്ചടവ് കാല്‍ക്കുലേറ്റര്‍ ആണ് വിവേക്. ഓഫീസില്‍ ആര് എന്തു ലോണ്‍ എടുത്താലും ആദ്യം വിവേകിനെ കണ്‍സള്‍ട്ട് ചെയ്തിരിക്കും. ലോണെത്ര, പലിശ എത്ര, തവണകള്‍ എത്ര ഇങ്ങനെ എല്ലാം വിവേകിന് മനഃപാഠമാണ്.

‘ഞങ്ങള്‍ ഓഫീസില്‍ നിന്നും ഫുള്‍ ടീം ഉണ്ടായിരുന്നു പാര്‍ട്ടിക്ക്. രാംമോഹന്റെ കുട്ടികള്‍ രണ്ടും വളരെ സ്മാര്‍ട്ടാണ്, ട്ടോ. വെരി ജോളി കിഡ്സ് സുമന്‍ ആന്‍ഡ് രോഹന്‍’. അലക്സ് കഥയുടെ ഉള്ളിലേക്ക് ഊളിയിട്ടു.

‘യാ, ഐ നോ. വെരി ലവ്ലി കിഡ്സ്’

‘സുമനും സോഹനും ഹാളില്‍ ഓടി നടക്കുകയായിരുന്നു. അപ്പൊ ഞാനാ അവരെ ചുമ്മാ എന്റെ അടുത്തേക്ക് വിളിച്ചത്.’

ഞങ്ങളെല്ലാവരും അപ്പോഴേക്കും അലക്സിനൊപ്പം കഥയ്ക്കുള്ളിലേക്ക് കസേരയിട്ടിരുന്നു.

‘സുമനോടാണ് ഞാന്‍ ചോദിച്ചത്’.

‘സുമന്‍, നിങ്ങളില്‍ ആരെയാ പപ്പയ്ക്ക് കൂടുതലിഷ്ടം? ആരാ പപ്പയുടെ ബേബി? മോനാണോ അതോ സോഹനാണോ പപ്പയുടെ ലവ്’?

‘അയ്യേ ഞങ്ങള്‍ രണ്ടുപേരും അല്ല അങ്കിള്‍’. അടുത്തുനിന്ന സോഹനാണ് അതിനു മറുപടി പറഞ്ഞത്.

‘ങാ, എനിക്കറിയാം’.

‘എന്നാ അങ്കിള്‍ പറയ്’

‘മോന്റെ മമ്മി, കറക്ട്?’

‘അയ്യേ, ഈ അങ്കിളിന് ഒരു ചുക്കും അറിയില്ല’. രണ്ടു പേരും ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.

‘മമ്മിയെ ഒന്നുമല്ല പപ്പ ഏറ്റവും ലവ് ചെയ്യുന്നത്. പപ്പയുടെ ലവറിനെ ഞങ്ങള്‍ ഇപ്പൊ കാണിച്ചു തരാം അങ്കിളിന്’.

എനിക്ക് എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുമ്പേ രണ്ടു പേരും അകത്തെ മുറിയിലേക്ക് ഓടിപ്പോയി.

‘ഇപ്പൊ ഞാനാണ് ശരിക്കും പെട്ടുപോയത്. ഞാനൊന്നു വിയര്‍ത്തു എന്ന് പറയുന്നതാവും ശരി. അവിടെ കൂടിയവരുടെയൊക്കെ കണ്ണുകള്‍ കുട്ടികളുടെ പുറകെ പോയിക്കാണുമെന്ന് എനിക്കറിയാമായിരുന്നു. ഇനി അവര്‍ അടുത്തുള്ള ഏതെങ്കിലും ഫ്ളാറ്റില്‍ താമസിക്കുന്ന വല്ല ആന്റിമാരെയും കൈപിടിച്ച് കൊണ്ടുവരുമോ എന്നായിരുന്നു എനിക്ക് പേടി. എന്നാപ്പിന്നെ രാംമോഹന്റെ കാര്യം അധോഗതി തന്നെ എന്ന് എന്റെ ഉള്ളു പറഞ്ഞു’.

അങ്ങനെ ഒരു അവസ്ഥയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ കഥ കേട്ടിരുന്ന ഞങ്ങള്‍ക്കും ചിരി അടക്കാനായില്ല.

‘എന്തായാലും എല്ലാവരും ഉള്ളിലേക്ക് നോക്കി. ആകാംക്ഷയോടെ കാത്തിരിക്കെ സുമനും സോഹനും വളരെ സ്‌റ്റൈല്‍ ആയി ഹാളിലേക്ക് പ്രവേശിച്ചു’.

‘ഇതാ പപ്പയുടെ ലവര്‍! എല്ലാവരും കണ്ടോളൂ. പപ്പയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം ഇവളെയാണ്’.

സ്റ്റേജില്‍ മൈക്കുമായി നില്‍ക്കുന്ന ഒരു അനൗണ്‍സറുടെ നാട്യങ്ങളോടെ സുമന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ട് കയ്യിലുണ്ടായിരുന്ന രാംമോഹന്റെ ലാപ്ടോപ്പ് എടുത്ത് രണ്ടു കൈകൊണ്ടും തലയ്ക്കു മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചു. അകമ്പടിയായി സോഹന്‍ കൈകൊട്ടി നിര്‍ത്താതെ പൊട്ടിച്ചിരിച്ചു.

ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം അവിടെ കൂടിയിരുന്ന എല്ലാവരും അവരുടെ ആ ചിരിയില്‍ പങ്കു ചേര്‍ന്നു. പൂജ വന്ന് വാത്സല്യത്തോടെ സുമനെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരു ഉമ്മ കൊടുത്തു. വലിയൊരു ഭാരം ഇറക്കിയതുപോലെ എനിക്ക് എന്റെ ശ്വാസം തിരികെ കിട്ടി.

രാംമോഹന്‍ ഓടിച്ചെന്ന് സുമന്റെ കൈയില്‍ നിന്ന് ലാപ്ടോപ്പ് പിടിച്ചു വാങ്ങി. ഞങ്ങള്‍ക്കായി വിളറിയ ഒരു ചിരി വിളമ്പി അവന്‍ പിന്നെ ലാപ്ടോപ്പുമായി വേഗം അകത്തേക്കു മറഞ്ഞു.

കഥ പറഞ്ഞു നിര്‍ത്തി അലക്സ് തന്റെ ഗ്ലാസ് കൈയിലെടുത്ത് ഒരു സിപ്പ് മോന്തി. പിന്നെ എല്ലാവരും പതുക്കെ അവരവരുടെ ഗ്ലാസ്സുകളിലേക്ക് മുഖം താഴ്ത്തി. അല്പനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. മനസ്സിനെ കോറുന്ന എന്തോ ഒന്ന് ഉള്ളിലിരുന്ന് പക്ഷേ വിങ്ങുന്നു എന്ന് എല്ലാവരുടേയും മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

⏹️⏹️
കഥ -സന്താനഗോപാലം
വായിക്കാം :

സന്താനഗോപാലം

കഥ -ദേജാവു
വായിക്കാം :

ദേജാവു

കഥ -ഭരതന്‍
വായിക്കാം :

ഭരതന്‍

 

കഥ -മേലേടത്തേക്ക് ഒരു അതിഥി
വായിക്കാം :

മേലേടത്തേക്ക് ഒരു അതിഥി

കഥ -കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്
വായിക്കാം :

കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്

കഥ -ഡീല്‍
വായിക്കാം :

ഡീല്‍


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.