യെദിയൂരപ്പയുടെ രാജി; പകരക്കാരനാരാകും?

ബെംഗളൂരു: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ ഇന്നലെ പടിയിറങ്ങി. രണ്ട് വര്‍ഷം പിന്നിടുന്ന തന്റെ മന്ത്രിസഭയുടെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കിടെ സംസാരിക്കവേ അത്യന്തം വൈകാരികമായ ഒരു വിടവാങ്ങല്‍ പ്രസംഗത്തോടെയാണ് യെദിയൂരപ്പ തന്റെ രാജി പ്രഖ്യാപിച്ചത്. പിന്നീട് ഉച്ചയോടെ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ് ലോട്ടിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കുകയും ചെയ്തു. രാജി സ്വീകരിച്ച് മന്ത്രിസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുന്നതുവരെ യെദിയൂരപ്പയോട് സ്ഥാനം തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാതി രാഷ്ട്രീയം നിര്‍ണായകമാകുന്ന കന്നഡ മണ്ണില്‍ ലിംഗായത്ത് സമുദായം നിര്‍ണായക ശക്തിയാണ്. കര്‍ണാടകയില്‍ 17 ശതമാനം വരുന്ന ലിംഗായത്ത് സമുദായമാണ് ഒരളവുവരെ കര്‍ണാടക ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. യെദിയൂരപ്പക്കുള്ള ധൈര്യവും പിന്തുണയും ലിംഗായത്ത് സമുദായ നേതാവ് എന്നത് കൂടിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രാജിയിലേക്കുള്ള സൂചന നടത്തിയതു മുതല്‍ സംസ്ഥാനത്തെ വിവിധ ലിംഗായത്ത് മഠങ്ങളിലെ മഠാധിപന്‍മാരും സ്വാമിമാരും യെദിയൂരപ്പക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രത്യക്ഷ പ്രതിഷേധത്തിന് മുന്നോട്ടുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച യെദിയൂരപ്പയോട് അനുഭാവം പ്രകടിപ്പിച്ച് പാലസ് ഗ്രൗണ്ടില്‍ ചേര്‍ന്ന എന്ന സമ്മേളനത്തില്‍ 200 ഓളം സ്വാമിമാരാണ് പങ്കെടുത്തത്. ആദ്യമായാണ് സമുദായ സംഘടന ഇത്തരമൊരു നിലപാടെടുത്തത്. ലിംഗായത്തുകാരായ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മുന്‍ മന്ത്രി ബി.സി. പാട്ടീല്‍, അഖിലേന്ത്യ വീരശൈവ മഹാസഭാ നേതാവ് ഷാമന്നൂര്‍ ശിവശങ്കരപ്പ എന്നിവര്‍ യെദിയൂരപ്പക്കുവേണ്ടി പരസ്യമായി മുന്നോട്ട് വന്നിരുന്നു. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷ സ്വാധീനമുള്ള ഒരു സമുദായത്തെ പിണക്കി പുതിയ ഒരാളെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയെന്നതാണ് കേന്ദ്ര നേതൃത്വത്തിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. 1990 വരെ കോണ്‍ഗ്രസിനൊപ്പമായിരുന്ന ലിംഗായത്ത് സമുദായത്തെ യെദിയൂരപ്പയാണ് ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നത്. യെദിയൂരപ്പക്കു പുറമെ മറ്റൊരു ജനകീയനായ സമുദായ പിന്തുണയുള്ള, അണികളെ ചേര്‍ത്തുനിര്‍ത്താന്‍ കെല്‍പ്പുള്ള മറ്റൊരു രാഷ്ട്രീയക്കാരനെ കര്‍ണാടകയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

രാജിയില്‍ പ്രതിഷേധിച്ച് ശിവമോഗയിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ യെദിയൂരപ്പ അനുഭാവികള്‍ പ്രകടനം നടത്തിയിരുന്നു. യെദിയൂരപ്പയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയായിരുന്നു അനുയായികള്‍ നേതാവിന് പിന്തുണ പ്രത്യക്ഷമാക്കിയത്. അദ്ദേഹത്തിന്റെ മണ്ഡലമായ ശിക്കാരിപ്പുരയില്‍ വ്യാപാരികള്‍ കടകള്‍ അടപ്പിച്ച് ബന്ദാചരിച്ചു. ഏഴു തവണയാണ് യെദിയൂരപ്പ ശിക്കാരിപ്പുരയെ പ്രതിനിധീകരിച്ച് സഭയിലെത്തിയത്.

2019 ജൂലൈ 26 നാണ് കര്‍ണാടകയുടെ ഇരുപത്തിയഞ്ചാമത്തെ മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരത്തിലേറിയത്. നേരത്തെ അധികാരത്തിലിരുന്ന ജെ.ഡി എസ് – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ രാഷ്ട്രീയ നീക്കങ്ങളിലൂടെ അട്ടിമറിച്ചാണ് അധികാരം സാധ്യമാക്കിയത്. ഓപ്പറേഷന്‍ താമരയെന്ന് അറിയപ്പെട്ട തന്ത്രത്തിലൂടെ ജെഡിഎസ് – കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് 17 എംഎല്‍എമാരെ മറുകണ്ടം ചാടിച്ചായിരുന്നു യെദിയൂരപ്പ ഭരണം പിടിച്ചത്. കൂറ് മാറിയെത്തിയവരില്‍ 15 പേരെ പിന്നീട് അയോഗ്യരാക്കിയെങ്കിലും ഇതില്‍ 12 പേരെ ഉപതിരഞ്ഞടുപ്പിലൂടെ വിജയിപ്പിച്ച് ഭരണം ഉറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ നേതൃമാറ്റം ആവശ്യപ്പെട്ട് മന്ത്രിസഭയിലെ ചില മുതിര്‍ന്ന അംഗങ്ങളടക്കം അദ്ദേഹത്തിനെതിരെ മുന്നോട്ടു വന്നിരുന്നു

പകരക്കാർ ആരൊക്കെ ?

 

പ്രഹ്‌ളാദ് ജോഷി,

ബി.ജെ.പിയുടെ ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ധാര്‍വാഡ് എം.പിയും കേന്ദ്ര മന്ത്രിയുമായ പ്രഹ്‌ളാദ് ജോഷി, സംസ്ഥാന ഖനി മന്ത്രി മുരുകേഷ് നിരാണി എന്നിവരുടെ പേരാണ് യെദിയൂരപ്പക്ക് പകരക്കാരനായി ഉയര്‍ന്നുവരുന്നത്. ഇതിന് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി, സംസ്ഥാന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായ ബസവരാജ് ബൊമ്മെ, അരവിന്ദ് ബെല്ലാഡ്, ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.

ശനിയാഴ്ച പ്രഹ്‌ളാദ് ജോഷി, മുരുകേഷ് നിരാണി എന്നിവര്‍ ഡെൽഹിയിൽ വെച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 58 കാരനായ പ്രഹ്‌ളാദ് ജോഷി സജീവ ആര്‍ എസ് എസ് പശ്ചാത്തലമുള്ള ബ്രാഹ്മണ സമുദായക്കാരനാണ്. ദേശീയ നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവു കൂടിയാണ് ജോഷി. മുരുകേഷ് നിരാണിക്കും സാധ്യതകള്‍ ഏറെയുണ്ട്. ആര്‍.എസ്.എസ് പശ്ചാത്തലമുള്ള മുരുകേഷ് നിരാണിക്ക് അഭ്യന്തര മന്ത്രി അമിത് ഷായുമായി ഏറെ അടുപ്പമുണ്ട്. ലിംഗായത്തിലെ പഞ്ചമശാലി വിഭാഗം നേതാവു കൂടിയാണ് നിരാണി.

മുരുകേഷ് നിരാണി

അതേ സമയം കേന്ദ്ര നേതൃത്വത്തിന് മറ്റൊരു തലവേദനയാണ് യെദിയൂരപ്പ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍. മക്കളായ ബി.വൈ രാഘവേന്ദ്ര, ബി.വൈ വിജയേന്ദ്ര എന്നിവര്‍ക്ക് പ്രമുഖ സ്ഥാനം നല്‍കണമെന്നാണ് യെദിയൂരപ്പ കേന്ദ്രത്തിന് മുന്നില്‍ വെച്ച ആവശ്യം. മകന്‍ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സഭയില്‍ 41 ഓളം എം. എല്‍.എ മാര്‍ ലിംഗായത്ത് സമുദായക്കാരാണ്. അതു കൊണ്ട് തന്നെ യെദിയൂരപ്പയുടെ ആവശ്യങ്ങള്‍ നിരാകരിച്ചാലും കാര്‍ണാടക മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങും.

കര്‍ണാടകയില്‍ ബിജെപിയെന്നാല്‍ യെദിയൂരപ്പതന്നെയാണ്. ദക്ഷിണേന്ത്യയില്‍ ആദ്യത്തെ ബി.ജെ.പി മന്ത്രിസഭ സൃഷ്ടിച്ചെടുത്തതും അദ്ദേഹത്തിന്റെ തന്ത്രങ്ങളിലൂടെയാണ്. ഇത് നന്നായി അറിയുന്ന കേന്ദ്ര നേതൃത്വം അതീവ ശ്രദ്ധയോടെയായിരിക്കും വരും ദിവസങ്ങളില്‍ നിലപാടെടുക്കുക.

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.