Follow the News Bengaluru channel on WhatsApp

ആത്മാർഥമായി പ്രവർത്തിച്ചാൽ നമ്മളെ നിരാശപ്പെടുത്തുന്ന പലതും താനേ ഒഴിഞ്ഞു പോകും: കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം. കെ. നൗഷാദ് സംസാരിക്കുന്നു

ജീവിതം പിന്നിട്ട വഴികൾ 

സംഭാഷണം
എം. കെ. നൗഷാദ് | അനീസ് സി. സി ഒ

 

‘പൊതുപ്രവര്‍ത്തനം എന്താണ് എന്ന് പോലും തിരിച്ചറിയാത്ത ഒരു സമയത്താണ് 1988 ല്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ ബന്ധുവിനെ ആക്‌സിഡന്റ് കേസില്‍ പെട്ട് മദ്ദൂരില്‍ നിന്നും രാമനഗരയിലേക്ക് തക്ക സമയത്ത് എത്തിച്ചത്. രാമനഗര ഹോസ്പിറ്റലില്‍ നിന്നും മതിയായ ശുശ്രൂഷ നല്‍കി ബെംഗളൂരുവിലേക്ക് അവരുടെ വീട്ടിലേക്ക് എത്തിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. മടങ്ങാന്‍ നേരം വഴി പറഞ്ഞു തന്നതല്ലാതെ ഒരു നന്ദി വാക്ക് പോലും അദ്ദേഹം പറഞ്ഞില്ല.വല്ലാത്ത വിഷമവും നിരാശയും അന്ന് തോന്നി…. ‘

കെ.എം.സി.സി. ജനറല്‍ സെക്രട്ടറി നൗഷാദ് തന്റെ 35 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ നാള്‍വഴിയിലേക്ക് ന്യൂസ് ബെംഗളൂരുഡോട്ട് കോമുമായി മനസ്സ് തുറക്കാന്‍ അദ്ദേഹത്തിന്റെ തിരക്ക് പിടിച്ച ദിവസങ്ങളില്‍ നിന്നും നീക്കി വച്ചത് മണിക്കൂറുകളാണ്.

‘മൂന്ന് ദിവസമായല്ലേ നിങ്ങളിതിന് വേണ്ടി കഷ്ടപ്പെടുന്നു…! ഇന്ന് ഞാനൊരു യാത്രയിലാണ്…! ഒരു നിമിഷം, ഞാന്‍ സീറ്റൊന്ന് ശരിയാക്കിക്കോട്ടെ… എന്നിട്ട് ധാരാളം സംസാരിക്കാം…യാത്ര ശരിയായില്ലെങ്കില്‍ നാളത്തെ പ്രവര്‍ത്തനം മുഴുവനും അവതാളത്തിലാകും’ നൗഷാദ് ഇത്രയും പറഞ്ഞ് ഭവ്യതയോടെ ഫോണ്‍ കട്ടാക്കി

കേട്ട് പരിചയമുള്ള നാള്‍ തൊട്ട് എല്ലാവരും നൗഷാദ്ക്ക എന്ന് വിളിക്കുന്ന അദ്ദേഹത്തിന് എന്നും തിരക്കിന്റെ ദിവസങ്ങളാണ്. ഒരു ദിവസം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഇദ്ദേഹം ടൈം മാനേജ്‌മെന്റ് പഠിച്ചിട്ടുണ്ടോ എന്ന് തോന്നിപ്പോകും. അത്രയും പ്ലാനിങ്ങുകളിലൂടെയാണ് ഓരോ ദിവസത്തേയും അദ്ദേഹം ഉപയോഗിക്കുന്നത്. സഹായം ഏത് രീതിയിലുള്ളതായാലും അത് ബെംഗളൂരു കെ.എം.സി.സിയും നൗഷാദും ഏറ്റെടുത്ത് ചെയ്യും. അനാഥരുടെ ശവസംസ്‌ക്കാരമായാലും ,ആക്‌സിഡന്റ് കേസായാലും പാവപ്പെട്ടവരുടെ കല്യാണമായാലും ബെംഗളൂരു കെ.എം.സി.സി ഇരുപത്തിനാലു മണിക്കൂറും റെഡി..

നൗഷാദ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായി എന്നെ തിരിച്ച് വിളിച്ചു. അദ്ദേഹം യാത്രയിലായിരുന്നു. കഴിഞ്ഞ് പോയ ജീവിത യാത്രയിലെ ചിരിയും,കരച്ചിലും തമാശയും എല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ തെളിയുന്നുണ്ടാവണം. അതൊക്കെ കൃത്യമായി ഒപ്പിയെടുക്കാന്‍ ഞാനും തയാറായി.

എങ്ങനെയായിരുന്നു താങ്കളുടെ ബെംഗളൂരുവിലെ തുടക്കം?

എല്ലാവരെയും പോലെ തന്നെ ബെംഗളൂര ജീവിതത്തിലേക്ക്, നടക്കാന്‍ അറിയാത്ത ആളായിട്ട് തന്നെയാണ് ഞാനും വന്നത്. സാമര്‍ത്ഥ്യമൊന്നും അധികമില്ലാത്ത ഒരു നാട്ടിന്‍ പുറത്തുകാരനായ ഞാന്‍ ബെംഗളൂരുവിലെത്തിയത് 1985 ലാണ്. കോട്ടണ്‍ പെട്ടിലെ തവക്കല്‍ മസ്താന്‍ ദര്‍ഗ്ഗയിലെ ഒരു പ്രൊവിഷന്‍ സ്റ്റോറില്‍ ജേഷ്ഠനെ സഹായിക്കാനായിട്ടാണ് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ കൂടെ ഹെഗ്ഗിന ഹള്ളിയില്‍ പ്രൊവിഷന്‍ കടയില്‍ ജോലി ചെയ്തു. അവിടെ നിന്നും സുല്‍ത്താന്‍ പാളയത്ത് പ്രൊവിഷന്‍ സ്റ്റോറ് സ്വന്തമായി തുടങ്ങി. ഒരു വര്‍ഷം നടത്തി നഷ്ടമാണെന്ന് കണ്ടപ്പോള്‍ കോട്ടണ്‍ പേട്ടില്‍ തന്നെ തിരിച്ചെത്തി. ഈ ഇടങ്ങളില്‍ ധാരാളം നാടന്‍ മനുഷ്യരെ കണ്ടതും അവരുടെ ജീവിതം അനുഭവിച്ചറിഞ്ഞതും ജീവിതത്തിലെ ഒരു വഴിത്തിരിവാണ്.

വീണ്ടും കോട്ടണ്‍പേട്ടിലെത്തി ഒരു സ്റ്റേഷനറി കട കുറച്ച് കാലം നടത്തി. അവിടത്തെ മലയാളികളെ കേന്ദ്രീകരിച്ച് ഒരു സംഘം രൂപപ്പെടുത്തി. കുറി രൂപത്തിലുള്ള മൈക്രോ ഫിനാന്‍സ്. പരസ്പരം ഒത്തുകൂടല്‍, ഒരു മദ്രസാ സംവിധാനം എന്നിവയൊക്കെയായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍.

എന്തെല്ലാമാണ് ബെംഗളൂരു കെ.എം.സി.സിയുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍?

എല്ലാ മേഖലയിലും ബെംഗളൂരു കെ.എം.സി.സിയുടെ കൈയെത്തിയിട്ടുണ്ട്. ആക്‌സിഡന്റ് കേസ്, അനാഥ ശവങ്ങള്‍ സംസ്‌ക്കരിക്കല്‍, രക്തദാനം എന്നിവയില്‍ കേന്ദ്രീകരിച്ച് കൊണ്ടായിരുന്നു തുടക്കം. ഇന്നിപ്പോള്‍ എസ്.ടി.സി.എച്ച് സെന്ററുണ്ട്. അതിന്റെ കീഴില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ട്രോമാകെയറുണ്ട്. നിംഹാന്‍സിലേക്ക് വരുന്ന രോഗികള്‍ക്ക് കൃത്യമായ ഗൈഡന്‍സ് നല്‍കുന്ന ഡിവിഷന്‍ ദുരിതാശ്വാസ സെല്ലുകള്‍ തുടങ്ങിയവയുമുണ്ട്.

ദുരിതാശ്വാസ സെല്ലിലൂടെ തമിഴ്‌നാട്ടിലെ പ്രളയകാലത്തും കഴിഞ്ഞ രണ്ട് കേരള പ്രളയകാലത്തും ഈ കോവിഡു കാലത്തും ധാരാളം സഹായം ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. എസ്.ടി.സി.എച്ച് സെന്ററിന്റെ കീഴില്‍ ഒരു കോവിഡ് സെന്ററുമുണ്ട്. കൂടാതെ ആംബുലന്‍സ് സര്‍വീസുണ്ട്. പാവപ്പെട്ടവര്‍ക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യം നല്‍കുന്നുണ്ട്. അത്തരത്തില്‍ നൂറ്റി അറുപതോളം വിവാഹം കെ.എം.സി.സിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. നൂറോളം വിവാഹങ്ങള്‍ അടുത്തു തന്നെ നടക്കുന്നുമുണ്ട്.

എ. ബി. കാദര്‍ ഹാജി
എ. ബി. കാദര്‍ ഹാജിയെ ഗുരുവായി എല്ലായിടത്തും പരാമര്‍ശിച്ച് കണ്ടിട്ടുണ്ട്. ആദ്യകാലത്ത് എം.എം.എയില്‍ താങ്കള്‍ പ്രവര്‍ത്തിച്ചിട്ടും ഉണ്ടല്ലോ. അതേ പറ്റി പറയാമോ?

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയത് പോലെ ചോദിക്കട്ടെ..!.ഇത് നിങ്ങള്‍ക്ക് വെറും ചോദ്യമാണോ?. പക്ഷേ എനിക്ക് അങ്ങിനെയല്ല. ഈ ചോദ്യം മുഴുവനും എനിക്ക് പ്രത്യേകമായൊരു വികാരമാണ്. അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്. എവിടെ പോകുമ്പോഴും അദ്ദേഹത്തിന് എന്നെ വേണം.. എനിക്കും അതെ. 1997ലാണ് ബാംഗ്ലൂര്‍ കെ.എം.സി.സിയെന്ന ആശയത്തിന് കീഴില്‍ സദക്കത്തുള്ള സാഹിബ് ജനറല്‍ സെക്രട്ടറിയായി ഏതാനും അംഗങ്ങളുടെ കമ്മിറ്റി രൂപീകരിക്കുന്നത്. ആ കമ്മിറ്റിയുടെ പ്രസിഡന്റ് എ.ബി.ആയിരുന്നു. ആ കമ്മിറ്റിയില്‍ ഞാനുമുണ്ടായിരുന്നു. ആറ് വര്‍ഷം ആ കമ്മിറ്റി തുടര്‍ന്ന് പോയി. പിന്നീട് അദ്ദേഹം ഗള്‍ഫില്‍ പോയി. അതില്‍ പിന്നെ മൂന്ന് വര്‍ഷത്തോളം നിര്‍ജ്ജീവമായിരുന്നു. ശേഷം എന്നെ ജനറല്‍ സെക്രട്ടറിയായി കമ്മിറ്റി രൂപീകരിച്ചു. അപ്പോഴും പ്രസിഡന്റ് എ.ബി.തന്നെ.

പക്ഷേ അന്ന് കെ.എം.സി.സി മെയിന്‍ സ്ട്രീം പ്രവര്‍ത്തനത്തില്‍ വന്നിട്ടില്ല. എം.എം.എ ആയിരുന്നു ഇത്തരം കാര്യങ്ങളില്‍ മുന്‍പന്തിയില്‍. എം.എം.എയില്‍ എ.ബി. കാദര്‍ഹാജി ജനറല്‍ സെക്രട്ടറിയായിരുന്നു. പ്രസിഡന്റ് എന്‍.എ. മുഹമ്മദ് സാഹിബും. എ.ബിയും ഞാനും വര്‍ഷങ്ങളോളം, അദ്ദേഹത്തിന്റെ മരണം വരെ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഒരു ഗുരുവില്‍ നിന്ന് പഠിക്കേണ്ടതല്ലാം ഞാനദ്ദേഹത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്.

ഡോ. അമീര്‍ അലി
കെ.എം.സി.സി കൈവെക്കാത്ത സേവന മേഖലകളില്ല. എവിടെ നിന്നാണ് ഈ ആശയങ്ങള്‍ വരുന്നത്?

ആശയത്തിന്റെ ആശാന്‍ ഡോക്ടര്‍ അമീര്‍ അലിയാണ്. ഐ.പി. (ഇന്‍ പേഷ്യന്റ്) പാലിയേറ്റീവ് കെയര്‍, ട്രോമാ കെയര്‍, പേഷ്യന്റ് ഗൈഡന്‍സ്, ഐ.എ.എസ് കോച്ചിംഗ് അക്കാദമി തുടങ്ങിയവ അദ്ദേഹത്തിന്റെ ആശയങ്ങളാണ്. പ്രസിഡന്റ് ഉസ്മാന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് കൂട്ടായുണ്ട്. മാത്രമല്ല 28 ഏരിയ കമ്മിറ്റികളുണ്ട്. എല്ലായിടത്തും പലവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഓരോ പ്രവര്‍ത്തനങ്ങളും പിന്നീട് ഓരോ ആശയങ്ങളായി തീരുന്നു. മനുഷ്യരോട് സഹാനുഭൂതി കാണിക്കുക എന്നതാണ് പ്രധാനം. എങ്കില്‍ ആശയങ്ങള്‍ താനേ വരും. നാല് മണിക്കൂര്‍ കൊണ്ട് ഹൃദയം മാറ്റിവെക്കാനുള്ള ഒരു രോഗിയെ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തിക്കുക എന്നത് ഒരു ആശയമാണ്. അതില്‍ പിന്നെ നാലോളം രോഗികളെ അത്തരത്തില്‍ എത്തിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ ഹനീഫയാണ് അത് ചെയ്തത്.

സമൂഹ വിവാഹ ചടങ്ങിൽ നിന്ന്
എന്താണ് ഇന്‍ പേഷ്യന്റ്, പാലിയേറ്റീവ് കെയര്‍ എന്നിവ തമ്മിലുള്ള വ്യത്യാസം?

ക്യാന്‍സര്‍, കിഡ്നി തുടങ്ങിയ മാരകമായ അസുഖങ്ങള്‍ ഉള്ള ആളുകള്‍ അവരുടെ കുടുംബത്തിന് എപ്പോഴും ബാധ്യതയായിരിക്കും. പ്രത്യേകിച്ചും ചേരി പ്രദേശങ്ങളില്‍. നിലവില്‍ ബാംഗ്ലൂര്‍, കൂര്‍ഗ്, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഏരിയകളിലും പേഷ്യന്റിനെ നേരില്‍ കണ്ട് മരണം വരെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുകയാണ് ചെയ്യുന്നത്. ആവശ്യം പോലെ ആഴ്ചയില്‍ ഒരിക്കലോ ,രണ്ട് ദിവസത്തില്‍ ഒരിക്കലോ പോയി പരിചരിക്കും. രോഗികളെ സ്വന്തം അച്ഛനേയും അമ്മയേയും പോലെ കരുതുന്ന നല്ല രീതിയയില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരാണ് ഇതിന് പിന്നില്‍. സംഘത്തില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉണ്ടാകും.

എ.ഐ.കെ.എം.സി.സിയുടെ ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ നിന്ന്

ചിലര്‍ക്ക് അവരുടെ സ്വന്തക്കാരായ ആളുകള്‍ രോഗിയായി വീട്ടില്‍ കിടക്കുന്നത് അസ്വസ്ഥതയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്താണ് ചെയ്യാന്‍ പറ്റുക എന്നതാണ് പ്രധാനം. അത്തരക്കാരെ കണ്ടെത്തി കെ.എം.സി.സിയുടെ കീഴില്‍ പൂര്‍ണമായും കിടത്തി പരിചരിക്കുന്ന ഒരു സംവിധാനമാണ് ഇന്‍ പേഷ്യന്റ്. കൂര്‍ഗില്‍ അതിന് വേണ്ടി സ്ഥലം കിട്ടിയിട്ടുണ്ട്. ബില്‍ഡിംഗും എടുത്തു തരാം എന്ന് ഒരു വ്യക്തി ഏറ്റിട്ടുണ്ട്. അമേരിക്കയിലുള്ള സയ്യദ് സാഹിബാണ് അദ്ദേഹം. ഇന്‍ പേഷ്യന്റ് കെയറിലെ ആദ്യ ബില്‍ഡിംഗ് കൂര്‍ഗില്‍ ആണ് പണിയുന്നത്.

ആംബുലന്‍സ് ഡ്രൈവർ ഹനീഫ
ആംബുലന്‍സ് സര്‍വീസും അതിന്റെ പ്രവര്‍ത്തനങ്ങളും?

മൂന്നോളം ആംബുലന്‍സ് സര്‍വീസ് ഇപ്പോള്‍ ബാംഗ്ലൂര്‍ കെ.എം സി.സിക്ക് ഉണ്ട് എല്ലാവര്‍ക്കും ഇതിന്റെ സേവനം ലഭ്യമാണ്. പലപ്പോഴും പാവപ്പെട്ടവരില്‍ നിന്ന് ചെറിയ പൈസ ഈടാക്കി സര്‍വീസ് നടത്തുന്നു. ഡ്രൈവര്‍ ഹനീഫയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. അഞ്ചോളം കുട്ടികളെ നാല് മണിക്കൂറും പത്തു മിനിറ്റും എടുത്ത് വിവിധ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ബാംഗ്ലൂരിലെ നാരായണ ഹൃദായാലയില്‍ നിന്ന് കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലേക്ക് എത്തിച്ചത് എടുത്ത് പറയേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന് തുളു അക്കാദമിയും, ജെ.ഡി.എസ് ഹാസന്‍ ഘടകവും പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്.

വ്യക്തി ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ കൊണ്ട് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ?

ഒരു മനുഷ്യനും ഏകാകിയല്ല.എപ്പോഴും ദൈവം കൂടെയുണ്ട്. ഒരാള്‍ എപ്പോഴും സ്വന്തം പ്രവര്‍ത്തനങ്ങളെ മനസ്സിന്റെ ആഴങ്ങളില്‍ ആരെയോ ബോധിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. ശരിയല്ലേ ശരിയല്ലേയെന്ന് നിരന്തരം ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഞാനും അങ്ങനെ തന്നെയാണ്. എന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ജനങ്ങള്‍ എതിരു നില്‍ക്കും. പ്രതികൂല കാര്യങ്ങള്‍ വരുമ്പോള്‍ നിരാശ വരാറുണ്ട്. പക്ഷേ ഉടനെ അതില്‍ നിന്നും തിരിച്ച് കയറും. വീണ്ടും പ്രവര്‍ത്തിച്ച് കൊണ്ടേയിരിക്കും.പണിയെടുത്ത് കൊണ്ടിരിക്കുമ്പോള്‍ നമ്മളെ നിരാശപ്പെടുത്തുന്ന പലതും താനേ ഒഴിഞ്ഞു പോകും.

ട്രോമാ കെയർ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാർ ആർമി കമാൻ്ററോടൊപ്പം
എങ്ങനെയാണ് ബാംഗ്ലൂര്‍ കെ.എം.സി.സി യുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്?

ആദ്യമൊക്കെ ഫോണ്‍ വിളികളിലൂടെയായിരുന്നു ഏകോപനം. പിന്നീട് അത് വാട്‌സ് ആപ്പിലൂടെയായി. എസ്.ടി.സി.എച്ച് സെന്റര്‍ വന്നപ്പോള്‍ അതിന്റെ നേതൃത്വത്തിലായി കാര്യങ്ങള്‍. ഇന്നിപ്പോള്‍ 28 കീഴ് ഘടകങ്ങളുണ്ട്. ഓരോ ഘടകത്തിനും പ്രസിഡന്റും സെക്രട്ടറിയുമുണ്ട്. അതാത് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ആ ഘടകം നോക്കുന്നു. ഒരു സെന്‍ട്രല്‍ കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയില്‍ എല്ലാ ഏരിയകളിലേയും ഭാരവാഹികളുണ്ട്. അതാത് ഏരിയകളിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേരുടെ ആവശ്യമുണ്ടെങ്കില്‍ മറ്റു മേഖലകളിലെ ആളുകളെ കൂടി പങ്കെടുപ്പിക്കും. ഏരിയ കണ്‍വെന്‍ഷനും സെന്‍ട്രല്‍ കണ്‍വെന്‍ഷനും എല്ലാ മാസങ്ങളിലും ഉണ്ടാകും. കോവിഡ് കാലമായതിനാൽ അതിന് ചില തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മാത്രം.

ഓൾ ഇന്ത്യാ കെ.എം.സി.സിയുടെ പിറവി എങ്ങിനെയാണ്? താങ്കളെ കൂടാതെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണ്…?

തമിഴ്‌നാട്ടിലെ പ്രളയ സമയത്താണ് തമിഴ്‌നാട് കെ.എം.സി.സിയുമായി ബാംഗ്ലൂര്‍ കെ.എം.സി.സി ബന്ധപ്പെടുന്നത്. പന്ത്രണ്ടോളം ട്രക്ക് സാധനങ്ങള്‍ അവിടത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാന്‍ സാധിച്ചു. അവിടെ നിന്നും പോണ്ടിച്ചേരി കെ.എം.സി.സി യുമായി ബന്ധപ്പെട്ടു. പോണ്ടിച്ചേരി കെ.എം.സി.സിയിലെ നാസറാണ് ഈ ആശയം കൊണ്ട് വരുന്നത്. പോണ്ടിച്ചേരി കെ.എം.സി.സി, ഡല്‍ഹി കെ.എം.സി.സി, ആന്ധ്ര കെ.എം.സി.സി, മഹാരാഷ്ട്ര കെ.എം.സി.സി, പിന്നീട് വന്ന അഹമ്മദാബാദ് കെ.എം.സി.സി എന്നിവ ഒരുമിച്ച് ചേർത്താണ് ഓൾ ഇന്ത്യ കെ.എം.സി.സി. രൂപപ്പെടുത്തിയത്. അതിന്റെ ആദ്യ പ്രസിഡന്റ് ഞാനും ജനറല്‍ സെക്രട്ടറി തമിഴ്‌നാട്ടിലെ ശംസുദ്ദീനുമാണ്.

ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ മുൻ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡ സംസാരിക്കുന്നു
സമൂഹ വിവാഹം, ട്രോമാകെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പറ്റി പറയാമോ?

ഇത് വരെ ചെയ്ത നൂറ്റി അറുപതോളം വിവാഹങ്ങളും ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന സീസണ്‍ മൂന്നിലെ നൂറ് വിവാഹങ്ങളും കൂടി ഏതാണ്ട് 260 ഓളം വിവാഹങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. ഇതിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ആ പേരുകള്‍ കൊണ്ട് തന്നെ ഈ അഭിമുഖം നിറഞ്ഞു പോകും. ശാഖാ കമ്മിറ്റികള്‍, നല്ലവരായ കച്ചവടക്കാര്‍ ഒക്കെ ഇതിന്റെ ഭാഗമാണ്. കമ്മിറ്റി ഭാരവാഹികളും ശംസുദ്ദീന്‍ അനുഗ്രഹ തുടങ്ങിയവരുമാണ് അതിന് നേതൃത്വം കൊടുക്കുന്നത്. വിവാഹം നമുക്ക് ഒരു സ്വപ്നമല്ലായിരിക്കാം.പക്ഷേ വിവാഹം സ്വപ്നതുല്യമായി കരുതുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട് എന്നത് മനസ്സിലാക്കണം.

സമൂഹ വിവാഹ ചടങ്ങിൽ നിന്ന്

എല്ലാ കൊല്ലവും നാനാ മതസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കാറുണ്ട്. അത്തരത്തില്‍ ധാരാളം അപേക്ഷകള്‍ വരും. അപേക്ഷകളിൽ കൃത്യമായ പരിശോധന നടത്തിയ ശേഷമാണ് പരിഗണിക്കുക. കൃത്യമായ എണ്ണം നിശ്ചയിക്കുന്നതും ഇത്തരം പരിശോധനക്ക് ശേഷമാണ്. ലഭിച്ചത് അർഹമായ അപേക്ഷയാണെങ്കില്‍ മംഗല്യഭാഗ്യം നിഷേധിക്കപ്പെടരുത് എന്ന് ബാംഗ്ലൂര്‍ കെ.എം സി.സിക്ക് നിര്‍ബന്ധമുണ്ട്.

വളണ്ടിയർമാർക്കുള്ള ട്രോമാ കെയർ പരിശീലനം

ട്രോമാ കെയറിന്റെ ചുമതല ടി.സി മുനീറിനാണ്. അദ്ദേഹത്തിന്റെ കീഴില്‍ വിവിധ ഏരിയകളില്‍ നിന്ന് പരിശീലനം ലഭിച്ച അമ്പതോളം ആളുകളുണ്ട്. കോഴിക്കോട് പോലീസ് കോട്ടേഴ്‌സില്‍ നിന്ന് എ.സി.പി പ്രദീപ് സാറിന്റെ കീഴിലും ബാംഗ്ലൂര്‍ മിലിറ്ററി ക്യാമ്പില്‍ നിന്നും ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാത്രമല്ല വിവിധ ഏരിയകളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് നിംഹാന്‍സിനും, കിദ്വായി ആശുപത്രിക്കും  ആശുപത്രിക്കും ഹോസ്പ്പിറ്റലിനും മറ്റും രക്തം സംഘടിപ്പിച്ച് നല്‍കാറുണ്ട്.

ടി.സി. മുനീർ

ആക്‌സിഡന്റ് എവിടെ സംഭവിച്ചാലും ഏരിയകളില്‍ നിന്ന് ടി.സി. മുനീറിലേക്ക് കോളുകളെത്തുന്നു.. അദ്ദേഹം അതാത് ഏരിയകളിലെ ആളുകളിലേക്ക് കൈമാറുന്നു. പെട്ടെന്നുള്ള കേസുകളില്‍ അതാത് ശാഖാ കമ്മിറ്റിയിലെ ആളുകളും കോഡിനേറ്റ് ചെയ്യുന്നു. ഇത് കൂടാതെ ഓഫീസ് സെക്രട്ടറിയായിട്ട് മൊയ്തൂക്ക എന്ന വ്യക്തി പ്രവര്‍ത്തിക്കുന്നുണ്ട് .നിംഹാന്‍സിലും കിദ്വായിലുമെത്തുന്ന രോഗികള്‍ക്ക് വേണ്ട എല്ലാ സഹായവും അദ്ദേഹം ചെയ്തു കൊടുക്കുന്നു.

എസ്.ടി.ടി.എച്ച് ഒരു സ്വപ്ന പദ്ധതിയായിരുന്നല്ലോ? സ്വപ്ന സാക്ഷാത്ക്കാരത്തിന് ശേഷം അതിന്റെ നിറവില്‍?

2012 ലാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെ തുടക്കം. അങ്ങിനെയൊരു സെന്ററിന്റെ ആലോചന തുടങ്ങിയപ്പോള്‍ തന്നെ എല്ലാവരും ആവേശത്തിലായി. പണത്തിന് വളരെ ബുദ്ധിമുട്ടിയ സമയമുണ്ടായിരുന്നു.പക്ഷേ നിര്‍മ്മാണം നിന്ന് പോയില്ല. എട്ടുവര്‍ഷം കൊണ്ട് അതിന്റെ പണി പൂര്‍ത്തിയായി. മുനവ്വറലി ശിഹാബ് തങ്ങളാണ് അതിന്റെ ചെയര്‍മാന്‍. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരുടെയും ഒത്തൊരുമയുടെ ഫലം കൂടിയാണ് ഇന്നീ കാണുന്ന എസ്.ടി.സി.എച്ച് സെന്റര്‍.

ജയനഗറിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി കെട്ടിടം
മനസ്സിന് വിശ്രമം കൊടുക്കേണ്ടതില്ല എന്നറിയാം. എന്നാല്‍ തലച്ചോറിന് വിശ്രമം ആവശ്യമാണല്ലോ? എപ്പോഴാണ് വിശ്രമിക്കുന്നത്?

ഇരുപത്തിനാല് മണിക്കൂറും ഫോണില്‍ ലഭ്യമാണ്. രാത്രി 12 ന് ശേഷം വിശ്രമിക്കും.. കുറച്ചേ ഉറങ്ങുവെങ്കിലും ഡീപ്പായിട്ട് ഉറങ്ങും. പിന്നെ അധികം വിശ്രമം മനുഷ്യന് വേണ്ടതില്ല. നെറ്റിത്തടത്തില്‍ വിയര്‍പ്പൊട്ടി കൊണ്ടിരിക്കെ മരിക്കേണ്ടവനാണ് മനുഷ്യന്‍ എന്നല്ലേ. മരണ സമയത്തും അവന്‍ കര്‍മ്മനിരതനാവണം.

പൊതു ജീവിതത്തിലെ രസമുള്ള ഓര്‍മ്മകള്‍?

പൊതുപ്രവര്‍ത്തനം എന്താണ് എന്ന് പോലും തിരിച്ചറിയാത്ത ഒരു സമയത്താണ് 1988 ല്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ ബന്ധുവിനെ ആക്‌സിഡന്റ് കേസില്‍ പെട്ട് മദ്ദൂരില്‍ നിന്നും രാമനഗരയിലേക്ക് തക്ക സമയത്ത് എത്തിച്ചത്. രാമനഗര ആശുപത്രിയിൽ നിന്നും മതിയായ ശുശ്രൂഷ നല്‍കി ബാംഗ്ലൂരിലേക്ക് അവരുടെ വീട്ടിലേക്ക് എത്തിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. മടങ്ങാന്‍ നേരം വഴി പറഞ്ഞു തന്നതല്ലാതെ ഒരു നന്ദി വാക്ക് പോലും അദ്ദേഹം പറഞ്ഞില്ല. വല്ലാത്ത വിഷമവും നിരാശയും അന്ന് തോന്നി. കുറച്ച് ദിവസം കഴിഞ്ഞ് ,അന്ന് തന്ന ഫോണ്‍ നമ്പറില്‍ അദ്ദേഹത്തെ വിളിച്ചു നോക്കി കാര്യങ്ങള്‍ അറിയാന്‍.

കെ.എം.സി.സിയുടെ റമദാൻ റിലീഫ്

വിസ്മയപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ദൈവമാണ് നിങ്ങളെ ഇവിടെ അയച്ചത് ഒരിക്കലും മറക്കില്ല എന്നദ്ദേഹം പറഞ്ഞു. ഒരു ലക്ഷം വെറുതെ കിട്ടിയ സന്തോഷമാണ് ആ വാക്കിലൂടെ അന്ന് കിട്ടിയത്. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ക്ഷണിച്ചു. ഒരു പാട് രാഷ്ട്രീയ നേതാക്കളെ പരിചയപ്പെടുത്തി തന്നു. മരിച്ചു പോയവരുടെ ബന്ധുക്കള്‍ എത്താത്തതിന്റെ പേരില്‍ പല സംസ്കാര ചടങ്ങുകൾക്കും കാര്‍മ്മികത്വം വഹിക്കാനായി എന്നതും നിറമുള്ള ഓര്‍മ്മയാണ് മതഭേദങ്ങളേ ഉള്ളൂ. മനുഷ്യ ഭേദങ്ങളില്ല എന്ന് തോന്നുന്നതും അപ്പോഴാണ്…

 

⏹️

ഈ വര്‍ത്തമാനം ഇവിടെ തീരുന്നില്ല…

ഒരാളുടെ ദിവസങ്ങള്‍ ശരിയായാല്‍ അയാളുടെ മാസങ്ങള്‍ ശരിയാവും. മാസങ്ങള്‍ ശരിയായാല്‍ വര്‍ഷങ്ങളും അയാളുടെ ജീവിതവും ശരിയാവും. ഒരോ ദിവസവും പരസഹായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞാല്‍ ഒരാളുടെ ജീവിതം എഴുതിയാല്‍ തീരാത്തത്ര വലുതാകും. അത്തരത്തില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന വിധത്തിലാണ് നൗഷാദിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍. ന്യൂസ് ബെംഗളൂരു ഡോട്ട്കോമുമായി വീണ്ടുമൊരു വര്‍ത്തമാനത്തിന് സാഹചര്യമൊരുക്കാം എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വെക്കുമ്പോൾ പറയാൻ ഇനിയും എന്തൊക്കെയോ വിശേഷങ്ങൾ അദ്ദേഹം ബാക്കിവെച്ചതുപോലെ എന്ന് തോന്നി.

 

🔵എം.കെ. നൗഷാദ്
കണ്ണൂര്‍ അഞ്ചരക്കണ്ടി പാളയം സ്വദേശി. 1985 ല്‍ ബെംഗളൂരുവിലെത്തി. എം.എം.എയിലൂടെ പൊതു പ്രവര്‍ത്തനത്തിലെത്തി. ഇപ്പോൾ ഓള്‍ ഇന്ത്യ കെ.എം.സി.സിയുടെ അധ്യക്ഷന്‍, കര്‍ണാടക സ്റ്റേറ് മുസ്ലിം ലീഗ് ട്രഷറര്‍, കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റീയുടെ ജനറല്‍ സെക്രട്ടറി, മുസ്ലിം സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡണ്ട്, ഷാഫി മസ്ജിദ് ട്രഷറർ തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രദീപിക ദിനപത്രം, കര്‍ണാടക പോലീസ്, തോടാർ ഷംസുല്‍ ഉലമ അക്കാദമി, ബാംഗ്ലൂര്‍ റൈറ്റേര്‍സ് ഫോറം തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടനകളും ആദരിച്ചിട്ടുണ്ട്. പിതാവ്: പരേതനായ മുഹമ്മദ് ഹാജി. മാതാവ്: കദീജ. ഭാര്യ: ഷഹീന. മക്കള്‍: ഫസ്‌ന, ഫെബിന, ഫവാസ്. ബെംഗളൂരു ശാന്തിനഗറില്‍ താമസിക്കുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.