Follow the News Bengaluru channel on WhatsApp

‘താലിബാന്‍’- അമേരിക്കന്‍ സാമ്രാജ്യത്വം തുറന്നു വിട്ട ദുര്‍ഭൂതം

ആഗോള പോലീസ് ചമഞ്ഞു ലോകത്തെ ഏക വന്‍ശക്തിയാകാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ രണ്ടാം ലോക മഹാ യുദ്ധം മുതല്‍ തുടങ്ങിയതാണ്. വിയറ്റ്‌നാം മുതല്‍ ഇറാക്ക് വരെയുള്ള രാജ്യങ്ങളില്‍ അവര്‍ നടത്തിയ അധിനിവേശവും രക്തചൊരിച്ചിലും മനുഷ്യ കുരുതിയും ലോക മനസാക്ഷിയെ ഞെട്ടിച്ചു. തിരിച്ചടികളില്‍ നിന്ന് അമേരിക്ക ഒരു പാഠവും പഠിച്ചിട്ടില്ല എന്നതിന് അവസാന ഉദാഹരണമാണ്
അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിലെ അവരുടെ ഇടപെടലും പിന്‍വാങ്ങലും. അമേരിക്കയുടെ സാമ്രാജ്യ ചൂഷക നിലപാടിനും സ്വാര്‍ത്ഥ താല്പര്യ സംരക്ഷണത്തിനും വേണ്ടി ഒരു രാജ്യത്തെയും അവിടത്തെ നിഷ്‌കളങ്കരായ ജനങ്ങളെയും അവരുടെ ജീവിതത്തെയും തകര്‍ത്തെറിഞ്ഞതിന്റെ, ദുരിതങ്ങളിലേക്കു വലിച്ചെറിഞ്ഞതിന്റെ മികച്ച സാക്ഷ്യം സമകാലിക അഫ്ഗാനിസ്ഥാനില്‍ കാണാവുന്നതാണ്.

അഫ്ഗാന്‍ എന്ന രാജ്യം

ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിന്റെ ഭാഗമായി അനേകം നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഭൂപ്രേദേശമായിരുന്നു അഫ്ഗാന്‍. 1747 ല്‍ അഹമ്മദ് ഷാ ദുരാനിയുടെ കീഴില്‍ ഈ പ്രദേശം വിശാലമാവുകയും ഒരു വലിയ രാജ്യമാവുകയും ചെയ്തു. വരണ്ട പ്രദേശങ്ങളും മലകളും താഴ്വാരങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയില്‍ ജീവിച്ച അഫ്ഗാനികള്‍ പ്രതിലോമ ജീവിതാവസ്ഥയെ നേരിട്ട് ലോകത്തെ ഏറ്റവും മികച്ച പോരാളികളും ഗറില്ല യുദ്ധത്തില്‍ അഗ്രഗണ്യരുമായി തീര്‍ന്നു. ഭൂപ്രകൃതിയിലെ വൈരുധ്യങ്ങള്‍ കൊണ്ടാകണം, ലോകത്തെ പലഭാഗത്തേക്കും കടന്നുകയറിയ യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ അഫ്ഗാന്‍ മണ്ണിലേക്ക് കടന്നില്ല.

എങ്കിലും 1830-1920 കാലഘട്ടത്തിനിടയില്‍ അഫ്ഗാന്‍ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാന്‍ മൂന്ന് യുദ്ധങ്ങള്‍ ബ്രിട്ടന്‍ നടത്തുകയും എന്നാല്‍ മൂന്നിലും വിദഗ്ദ്ധരായ ഗറില്ല പോരാളികളോട് ബ്രിട്ടന്‍ തോല്‍ക്കുകയും ചെയ്തു.ഒടുവില്‍ 1919-1921 കാലഘട്ടത്തിലെ മൂന്നാം യുദ്ധാനന്തരം 1921 ല്‍ അഫ്ഗാന്‍ എന്ന സ്വതന്ത്ര്യ രാജ്യം രൂപപ്പെട്ടു. 1926 ല്‍ അമാനുള്ള എന്ന രാജാവിന്റെ കീഴില്‍ അഫ്ഗാന്‍ ഒരു രാജ്യമാവുകയും 1934 ല്‍ അമേരിക്ക അഫ്ഗാനെ ഒരു രാജ്യമായി അംഗീകരിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയന്റ്‌റെ സഹായം

രണ്ടാം ലോക മഹായുദ്ധം ലോകത്തെ ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്തി. ലോക രാജ്യങ്ങള്‍ സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും കീഴില്‍ അണിനിരന്നു. സോഷ്യലിസ്റ്റ് ആശയവും മുതലാളിത്ത ആശയവും നേരിട്ട് ഏറ്റുമുട്ടി. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്ത് സോവിയറ്റ് റഷ്യയുടെ സ്വാധീനം അഫ്ഗാന്‍ വഴി ഇന്ത്യയിലേക്ക് വ്യാപിക്കുമോ എന്ന ഭയം ബ്രിട്ടനെ പിടികൂടിയെന്ന് പറയാം. അപ്പോഴും സോവിയറ്റ് റഷ്യക്കും കോളോണിയല്‍ ബ്രിട്ടീഷ് ഇന്ത്യയ്ക്കും ഇടയിലുള്ള വിശാലമായ അഫ്ഗാന്‍ പ്രദേശം ബ്രിട്ടന് കിട്ടാക്കനിയായി അവശേഷിച്ചു.

1953 ല്‍ സാഹര്‍ഷ എന്ന രാജാവിന്റെ ഭരണകാലത്ത് രാജാവിന്റെ ബന്ധുവും സോഷ്യലിസ്റ്റ് ആശയങ്ങളോട് താല്പര്യമുള്ള മുഹമ്മദ് ദാവൂദ് ഖാന്‍ അഫ്ഗാന്‍ പ്രധാനമന്ത്രി സ്ഥാനമേറ്റു.ശേഷം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോട് സാമ്പത്തിക സായുധ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 1956 ല്‍ ദാവൂദ് ഖാന്റെ കമ്മ്യൂണിസ്റ്റ് താല്പര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് റഷ്യന്‍ നേതാവ് നിഖിത ക്രൂഷേവ് അഫ്ഗാന് സഹായം വാഗ്ദാനം ചെയ്യുകയും അതോടെ അഫ്ഗാനും സോവിയറ്റ് റഷ്യയും ഏറ്റവും അടുത്ത സഖ്യ കക്ഷികളായി മാറുകയും ചെയ്തു. ഇതോടെ അമേരിക്ക അഫ്ഗാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

1957 മുതല്‍ ദാവൂദ് ഖാന്‍ നിരവധി ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്തോടെ ജോലിയിലും കോളേജ് വിദ്യഭ്യാസത്തിലും സ്ത്രീകള്‍ക്കു അവസരം ലഭിച്ചു. 1965 ല്‍ റഷ്യന്‍ സഹായത്തോടെ അഫ്ഘാനിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യമായി നിലവില്‍ വന്നു.1978 ഏപ്രിലില്‍ തെരെഞ്ഞെടുപ്പില്‍ വിജയിച്ചു അഫ്ഗാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ എത്തുകയും പുതിയ നിയമങ്ങളും ഭരണ പരിഷ്‌കാരങ്ങളും നടപ്പില്‍ വരുത്തി. കടുത്ത യാഥാസ്ഥികര്‍ ഒഴികെയുള്ളവരുടെ പിന്തുണയോടെ ഭരണം മുന്നോട്ട് പോയി. അഫ്ഗാനിലെ വലത് പക്ഷ സമുദായ കക്ഷികളെ പ്രധാനമായും വിറളി പിടിപ്പിച്ചത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണമായിരുന്നു.
ഫ്യൂഡല്‍ സമുദായ ഗോത്രങ്ങള്‍ ഗവണ്മെന്റിനെതിരെ തിരിയാനുള്ള ഒരു പ്രധാന കാരണമായി അത് മാറി.

അമേരിക്കന്‍ സാമ്രജ്യത്വ ഇടപെടല്‍

അഫ്ഗാനിലെ റഷ്യന്‍ ഇടപെടല്‍ അമേരിക്കയെ അസ്വസ്ഥമാക്കി. ഒരു അവസരത്തിനായി കാത്തിരുന്ന അമേരിക്ക കടുത്ത മതമൗലിക വാദികളും, തീവ്ര വലത് ചിന്താഗതിക്കാരുമായ യാഥാസ്ഥികര്‍ എല്ലായിടത്തെയും പോലെ അഫ്ഗാനിലും ഉണ്ടെന്നും അവര്‍ക്ക് കമ്മ്യൂണിസ്റ്റ് രീതികളില്‍ അസഹിഷ്ണുതയുണ്ടെന്നും മനസ്സിലാക്കി. മത യാഥാസ്ഥിതികര്‍ക്ക് സംഘടിക്കാനും അവര്‍ക്കു ആളും അര്‍ത്ഥവും നല്‍കി വിഘടന വാദം വളര്‍ത്താനും അമേരിക്ക പ്രോത്സാഹിപ്പിച്ചു. ആവശ്യമായ സാമ്പത്തിക സഹായം പാക്കിസ്ഥാനിലൂടെ അമേരിക്ക എത്തിച്ചുനല്‍കി. ഒടുവില്‍ അഫ്ഗാന്‍ സര്‍ക്കാരിനെതിരെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘടനെയെ വിദഗ്ധമായി അമേരിക്കന്‍ സാമ്രാജ്യം വളര്‍ത്തിയെടുത്തു. പണവും ആയുധവും ലഭിച്ചു വളര്‍ന്നവര്‍ ‘മുജാഹിദീന്‍’ എന്ന പേരില്‍ അറിയപ്പെട്ടു.

അമേരിക്കന്‍ പിന്‍ ബലത്തിലും പാകിസ്ഥാന്‍ സഹായത്തിലും മുജാഹിദീന്‍ അഫ്ഗാന്‍ പ്രദേശങ്ങങ്ങള്‍ ആക്രമിച്ചു പിടിക്കാന്‍ തുടങ്ങി. എന്നാല്‍ 1979 ല്‍ സോവിയറ്റ് ചെമ്പട അഫ്ഗാനിലേക്ക് വരികയും മുജാഹിദീനെ തുരത്തുകയും ചെയ്തു. എങ്കിലും അമേരിക്കയും, ബ്രിട്ടനും പാക്കിസ്ഥാനിലൂടെ മുജാഹിദീന് കൂടുതല്‍ പണവും ആയുധവും നല്‍കികൊണ്ടിരുന്നു .

1980 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അഫ്ഗാന്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. ‘ഒരു സ്വതന്ത്ര ഇസ്ലാമിക ജനതയെ കീഴ്‌പ്പെടുത്താനുള്ള കമ്യൂണിസ്റ്റ് നിരീശ്വരവാദ ഗവണ്‍മെന്റിന്റെ മനപൂര്‍വമായ ശ്രമമാണിത്.’

അഫ്ഘാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്താനുള്ള മുജാഹിദ് തീവ്രവാദികളുടെ ശ്രമത്തെ നേരിടാന്‍ സൈന്യത്തെ അയച്ച സോവിയറ്റ് യൂണിയനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ്.അവിടെ തുടങ്ങി അഫ്ഗാന്‍ ജനതയുടെ ഇരുണ്ട കാലം.

മുജാഹിദീനെ ഉപയോഗിച്ച് കമ്യുണിസ്റ്റ് ഭരണം ആട്ടിമറിക്കാനുള്ള അമേരിക്കന്‍ പദ്ധതി ഊര്‍ജിതമായി. ഈ അട്ടിമറി പദ്ധതി പ്രായോഗികമായി നടപ്പിലാക്കാന്‍ അമേരിക്ക മുജാഹിദീന് ആയുധങ്ങളും പണവും നിര്‍ലോഭം നല്‍കുകയും കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ സായുധ വിപ്ലവം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയന് എതിരെയുള്ള പോരാട്ടം വിശുദ്ധ ജിഹാദ് ആയും മുജാഹിദ് പോരാളികള്‍ ധീരന്മാര്‍ ആയും വാഴ്ത്തപ്പെട്ടു..ലോകമെമ്പാടും ഉള്ള വഹാബിസം / സലഫിസ്റ്റ് ആശയക്കാര്‍ താലിബാന്‍ ഒരു വിസ്മയം എന്ന പേരില്‍ പാടി പുകഴ്ത്തലുകള്‍ നടത്തി.

1989 ല്‍ അമേരിക്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ മുതലായവര്‍ ചേര്‍ന്നുള്ള ജനീവ ഉടമ്പടിയോടെ സോവിയറ്റ് റഷ്യ പൂര്‍ണമായും അഫ്ഗാനില്‍നിന്നും പിന്‍വലിയാന്‍ നിര്‍ബന്ധിതമായി. ഒരുലക്ഷത്തിലധികം വരുന്ന റഷ്യന്‍ ട്രൂപ്പിനെ റഷ്യ അഫ്ഗാനില്‍നിന്നും പിന്‍വലിച്ചു. ഇത് മുജാഹിദീന് വളരെ അനുകൂലമാകുകയും ചെയ്തു.
സോവിയറ്റ് യൂണിയന്റെ പിന്‍ വാങ്ങലിനു ശേഷം പരസ്പരം പോരടിച്ച മുജാഹിദീനുകളില്‍ വിജയിക്കുന്നവരുടെ കൂടെ നില്‍ക്കുക എന്ന നയമായിരുന്നു പാകിസ്ഥാന്‍ സ്വീകരിച്ചത്. താലിബാനെ അംഗീകരിച്ച ആദ്യ രാജ്യമാണ് പാകിസ്ഥാന്‍.

നജീബുല്ല സര്‍ക്കാരിന്റെ പതനം

1980-നും 88-നുമിടയില്‍ അഫ്ഗാനിസ്താനിലെ സോവിയറ്റ് പടയും, മാര്‍ക്‌സിസ്റ്റ് ഭരണകൂടവും അഫ്ഗാന്‍ മുജാഹിദീനുകളുമായി കടുത്ത യുദ്ധം നടത്തി. എങ്കിലും ആര്‍ക്കും ഇതില്‍ സമ്പൂര്‍ണ്ണവിജയം നേടാനായില്ല. ഇസ്ലാമികകക്ഷികളുമായി അനുരഞ്ജനശ്രമങ്ങള്‍ നടത്തിയെങ്കിലും 1985-ല്‍ പ്രസിഡണ്ട് ബാബ്രാക് കാര്‍മാലിനോടൊപ്പം ഒരു സര്‍ക്കാറില്‍ പങ്കാളിയാകില്ലെന്ന് മുജാഹിദീന്‍ പ്രഖ്യാപിച്ചു. ഇതോടെ മുജാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് 1986 മേയ് 4-ന് ബാബ്രക് കാര്‍മാല്‍, തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പി.ഡി.പി.എയുടെ നേതൃസ്ഥാനം രാജിവക്കുകയും, മുഹമ്മദ് നജീബുള്ള തല്‍സ്ഥാനത്തെത്തുകയും ചെയ്തു. തുടര്‍ന്ന് മോസ്‌കോയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 1986 നവംബറില്‍ കാര്‍മാല്‍ പ്രസിഡണ്ട് പദവി ഒഴിയുകയും, നജീബുള്ള പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

1992 ല്‍ മുജാഹിദീന്‍ കാബൂള്‍ ആക്രമിക്കുകയും ആദ്യമായി അഫ്ഗാന്‍ ഭരണം പിടിക്കുകയും ചെയ്തു.1986 മുതല്‍ 1992 വരെ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്ന നജീബുള്ള സ്ഥാനഭ്രഷ്ടനായി, സ്വന്തം ജീവന്‍ അപകടത്തിലായ നജീബുള്ള കാബൂളിലുള്ള ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തില്‍ അഭയം തേടി.
1995 ല്‍ മുജാഹിദീനില്‍നിന്നും താലിബാന്‍ എന്ന ഘടക സംഘടന രൂപംകൊണ്ടു.
1996-ല്‍ ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ നേതൃത്വത്തിലുള്ള പ്രതിരോധകക്ഷികളുടെ സര്‍ക്കാരിനെ തോല്‍പ്പിച്ച് താലിബാന്‍ കാബൂളില്‍ അധികാരത്തിലെത്തി. ഭരണം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ നജീബുള്ളയേയും സഹോദരന്‍ ഷാപൂര്‍ അഹ്മദ്‌സായേയും താലിബാന്‍ അതിക്രൂര മായി കൊലപ്പെടുത്തി കാബൂള്‍ തെരുവീഥിയിലെ വിളക്ക് കാലില്‍ കെട്ടി തൂക്കി.

താലിബാന്‍ ആധിപത്യം

ഇസ്ലാമികകക്ഷികള്‍ തമ്മിലുള്ള നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കടുത്ത മൗലികമതനിലപാടുകളുള്ള താലിബാന്‍ സേന 1996-ല്‍ അഫ്ഗാനിസ്ഥാനില്‍ ആധിപത്യമുറപ്പിച്ചു. എന്നാല്‍ ഒസാമ ബിന്‍ ലാദനെപ്പോലുള്ള ഭീകരര്‍ക്ക് അഭയം നല്‍കിത്തുടങ്ങിയതോടെ അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ താലിബാനെതിരെ തിരിഞ്ഞു.

താലിബാന്‍ ശക്തമായതൊടെ ‘ശരിയത്ത് ‘ നിയമം പ്രാബല്യത്തിലാവുകയും മദ്യം, മയക്കുമരുന്ന് തുടങ്ങി എല്ലാവിധ ലഹരിയും അഫ്ഗാനില്‍ നിരോധിക്കുകയും ചെയ്തു. അമേരിക്കയുടെ ലഹരി കച്ചവടത്തിന്റെ ഉപഭോക്താക്കളില്‍ ഒന്നായ അഫ്ഗാനില്‍ വന്ന ഈ മാറ്റം അമേരിക്കയ്ക്ക് അത്ര സുഖമുള്ളതായിരുന്നില്ല. കൂടാതെ അഫ്ഗാനില്‍ ഓപ്പിയം കൃഷി നശിപ്പിച്ചു. കുറ്റകൃത്യങ്ങള്‍ കുത്തനെ കുറഞ്ഞു. എന്നാല്‍ ശിക്ഷാ രീതികള്‍ കടുത്തതും പ്രാചീനവുമായിരുന്നു.കള്ളന്റെ കൈ വെട്ടല്‍, കൊലയാളിയുടെ തലവെട്ടല്‍, ബലാത്സംഗം ചെയ്യുന്നവരെ കൊല്ലല്‍, വ്യഭിചാരി സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലല്‍ മുതലായ നിയമങ്ങളൊക്കെ നിലവില്‍വന്നു. തീവ്ര ‘ശരിയത്ത് ‘ നിയമം സ്ത്രീ സ്വാതന്ത്ര്യങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തുപോകുന്നത്, ജോലിക്ക് പോകുന്നത്, പഠിക്കുന്നത് ഒക്കെ നിര്‍ത്തലാക്കി. പ്രായപൂര്‍ത്തിയായ ഉടനെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ പുറമേ നോക്കുമ്പോള്‍ ലഹരിയും കുറ്റകൃത്യങ്ങളും കുറഞ്ഞെങ്കിലും സത്യത്തില്‍ മനുഷ്യാവകാശങ്ങളും സ്ത്രീ സ്വാതന്ത്ര്യവും നഷ്ടപ്പെടുകയാണ് ഉണ്ടായത്. 99% അഫ്ഗാനികളും മുസ്ലിം ആണെങ്കിലും താലിബാന്‍ എന്നത് പഷ്തൂണ്‍ വര്‍ഗീയ വാദികളായതിനാല്‍ പഷ്തൂണല്ലാത്ത മുസ്ലിങ്ങള്‍ക്കും മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കും നേരെ താലിബാന്‍ ഉപദ്രവം തുടങ്ങി. എന്നാല്‍ താലിബാന്‍ ഭരണം അംഗീകരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന അപ്പോഴും തയ്യാറായില്ല.

2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയെയും ലോക രാഷ്ട്രങ്ങളെ തന്നെയും ഞെട്ടിച്ച ആ സംഭവം ഉണ്ടായി. കമ്മ്യൂണിസ്‌റ് റഷ്യക്കെതിരെ അമേരിക്ക വളര്‍ത്തിയെടുത്ത ഉസാമ ബിന്‍ലാദന്‍ നേതൃത്വം കൊടുത്ത താലിബാന്‍ തീവ്രവാദികള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സാമ്പത്തിക അധീശത്തിന്റെയും പ്രതീകമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് തട്ടിയെടുത്ത വിമാനങ്ങള്‍ ഇടിച്ചു കയറ്റി. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ന്നു നിലം പൊത്തി.

തങ്ങളുടെ ലോക മേധാവിത്വത്തിനു കനത്ത അപമാനം നേരിട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലച്ചു. താലിബാന് കനത്ത തിരിച്ചടി നല്കാന്‍ അമേരിക്ക തീരുമാനിച്ചു. രഹസ്യന്വേഷണ സംഘടനകള്‍ ബിന്‍ലാദന്‍ അഫ്ഗാനിലാണെന്ന് കണ്ടെത്തി. അമേരിക്ക താലിബാനോട് ലാദനെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലാദന്‍ തങ്ങളുടെ സംരക്ഷണയില്‍ ഇല്ലായെന്ന് അഫ്ഗാന്‍ വാദിച്ചു. ഒടുവില്‍ അമേരിക്ക ബ്രിട്ടനുമായി ചേര്‍ന്ന് 2001 ഒക്ടോബര്‍ 7 ന് അഫ്ഗാനില്‍ വ്യോമ ആക്രമണം നടത്തി. പിന്നീട് താലിബാനുമായി കര യുദ്ധം ചെയ്തു, ഭരണം അവരില്‍നിന്നും അമേരിക്ക പിടിച്ചെടുത്തു.

2001 ഡിസംബര്‍ 22 ന് ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക അഫ്ഗാന്‍ സര്‍ക്കാര്‍ ഭരണം തുടങ്ങി. അമേരിക്കന്‍ താല്പര്യത്തോടെ ഭരണം നടത്തുന്ന ഒരു പാവ സര്‍ക്കാര്‍ എന്ന് വേണമെങ്കില്‍ പറയാം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ല്‍ വീണ്ടും അഫ്ഗാനില്‍ തെരെഞ്ഞെടുപ്പ് നടന്നു.

2011 ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ച് അമേരിക്കന്‍ സേന ഉസാമാ ബിന്‍ലാദനെ കൊലപ്പെടുത്തി. ഇതോടെ അമേരിക്ക അഫ്ഗാനിലെ ദൗത്യം ഏതാണ്ട് പൂര്‍ത്തിയാക്കിയെങ്കിലും അധികാരം പൂര്‍ണമായി അഫ്ഗാന്‍ സേനക്ക് നല്‍കാതെ അമേരിക്ക അഫ്ഗാനില്‍ തുടര്‍ന്നു.തുടര്‍ന്ന് പലപ്പോഴും അഫ്ഗാന്‍ പൗരന്മാരെ ആക്രമിക്കാന്‍ തുടങ്ങി, അമേരിക്കന്‍ സൈന്യം അഫ്ഗാനൊരു ബാധ്യതയായി മാറി.

2012 ല്‍ നിരവധി അഫ്ഗാന്‍ പൗരന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ അഫ്ഗാന്‍ പ്രസിഡന്റ് ഹമിദ് കര്‍സായി അമേരിക്കന്‍ സേനയോട് അഫ്ഗാന്‍ വിടാന്‍ നിര്‍ദ്ദേശിച്ചു.

2013 ല്‍ എല്ലാ സായുധ, സംരക്ഷണ ചുമതലകളും അമേരിക്കയുടെ  നാറ്റോ സഖ്യസേനയില്‍ നിന്നും അഫ്ഗാന്‍ സേന ഏറ്റെടുത്തു. എന്നാല്‍ പിന്നെയും അമേരിക്ക അവിടെ തുടര്‍ന്നു. അമേരിക്ക അഫ്ഗാനില്‍ തുടരുന്നടുത്തോളം കാലം അഫ്ഗാന്‍ സര്‍ക്കാരിന് സ്ഥിരതയോ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് പൂര്‍ണ വിശ്വാസമോ ഉണ്ടായില്ല എന്നതാണ് പിന്നീട് സംഭവിച്ചത്.

അമേരിക്കന്‍ സൈനിക പിന്മാറ്റം

അഫ്ഗാന്‍ മണ്ണില്‍ തുടരുക എന്നത് അമേരിക്കന്‍ സേനക്ക് ശ്രമകരമായ ദൗത്യവും വലിയ ബാധ്യതയുമായി. 2019 ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഏകദേശം നിര്‍ജീവമായ താലിബാനെ സമാധാന ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചു. തീവ്രവാദികളെ വലിച്ചു ആദരിക്കുന്ന നടപടിയെന്ന ആക്ഷേപം ലോകത്തെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു. ഇതോടെ ജനങ്ങളിലും ലോകത്ത് പലയിടത്തും താലിബാന്‍ ഒരു തീവ്രവാദി സംഘടനയല്ലെന്നും രാഷ്ട്രീയ പാര്‍ട്ടി ആണെന്നുമുള്ള തോന്നല്‍ രൂപപ്പെട്ടു. താലിബാന്‍ ലോക രാജ്യങ്ങളില്‍നിന്നും നേരിട്ടിരുന്ന കടുത്ത എതിര്‍പ്പ് ക്രമേണ കുറഞ്ഞു എന്ന തോന്നല്‍ താലിബാന് പുതിയ ഉണര്‍വേകി. അമേരിക്കന്‍ സേനയെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു.

ജോ ബൈഡന്‍ പ്രസിഡന്റ് ആയതോടെ അമേരിക്കന്‍ സേനയെ 2021 മെയ് മാസം മുതല്‍ അഫ്ഗാനില്‍നിന്നും പിന്‍വലിക്കാന്‍ തുടങ്ങി.

അമേരിക്ക അഫ്ഗാനിസ്ഥാനില്‍നിന്ന് സേനാ പിന്മാറ്റം ആരംഭിച്ച മേയ് അവസാനത്തോടെ പ്രദേശങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്തുതുടങ്ങിയ താലിബാനു മുന്നില്‍ ആഗസ്ത് 15 നു തലസ്ഥാനമായ കാബൂളും ഒടുവില്‍ വീണു. പിന്നീട് കാബൂളും അഫ്ഗാന്‍ മണ്ണും കണ്ടത് സമാനതകള്‍ ഇല്ലാത്ത പരിഭ്രാന്തിയുടെയും കൂട്ട പാലായനത്തിന്റെയും ദുരന്തങ്ങളുടെ കഥകളാണ്. ഇനി എന്ത് എന്ന ആകാംഷയും ഭയവും, ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠയും അഫ്ഗാനിലെ വലിയൊരു ജനതയെ ബാധിച്ചു. കാബൂള്‍ വിമാന താവളത്തില്‍ കണ്ട ദൃശ്യങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചു.

ഏതൊരു രാഷ്ട്രത്തിലേയും അധികാരശ്രേണിയില്‍ മതതീവ്രവാദികള്‍ എത്തിയാല്‍, പ്രാഥമികമായി ഇരയാക്കപ്പെടുന്നത് എപ്പോഴും സ്ത്രീകളും കുട്ടികളുമാണ് എന്നത് അഫ്ഗാന്‍ മണ്ണില്‍ വീണ്ടും ആവര്‍ത്തിക്കുന്നു. താലിബാന്‍ വീണ്ടും കാടന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ ശാസനം നല്‍കിയിരിക്കുമ്പോള്‍ ആദ്യ ഇരകള്‍ സ്ത്രീകള്‍ തന്നെ.

ബുര്‍ഖ ധരിക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങരുത്. സ്ത്രീകള്‍ ഉദ്യോഗം ചെയ്യാന്‍ പാടില്ല. അവര്‍ നിലവില്‍ വഹിച്ചു വന്ന ഉദ്യോഗങ്ങള്‍ ബന്ധുവായ പുരുഷന് നല്‍കും. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ രക്തബന്ധമുള്ള പുരുഷന്‍ കൂടെ വേണം. സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ ശബ്ദം അപരിചിതര്‍ കേള്‍ക്കരുത്. സ്ത്രീകള്‍ ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കരുത്. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്ക് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും, പത്രം, പുസ്തകം, കടകള്‍, വീടുകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്ക്. തെരുവുകളില്‍നിന്ന് നോക്കിയാല്‍ കെട്ടിടത്തിലെ സ്ത്രീകളെ കാണരുത്. താഴെ നിലയിലെയും ഒന്നാം നിലയിലെയും ജനാലകള്‍ മറച്ചുവയ്ക്കണം. ഇങ്ങനെയൊക്കെയായിരുന്നു താലിബാൻ ശാസനകൾ.

അമേരിക്കന്‍ നയവ്യതിയാനവും
പുത്തന്‍ സാമ്രാജ്യത്വ താല്പര്യങ്ങളും

കമ്യൂണിസ്റ്റുകളെ തുരത്തി അധികാരം അട്ടിമറിച്ച് ഒരു ജനതയെ ഇരുണ്ട കാലത്തിലേക്ക് തള്ളി വിടാന്‍ കൂട്ടു നിന്ന അമേരിക്കയ്ക്ക് യാതൊരു പശ്ചാത്താപവുമില്ല. അഫ്ഗാനിലെ സേനാ പിന്മാറ്റത്തില്‍ പശ്ചാത്താപമില്ലെന്നും താലിബാന്‍ ഭരണം പിടിക്കുന്നതിനെ കുറിച്ചു പ്രതികരിക്കാന്‍ ഒന്നുമില്ല എന്നാണ് അമേരിക്കന്‍ നിലപാട്. ഒരുപക്ഷെ താലിബാനുമായി ആയുധ കച്ചവട കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യതകളായിരിക്കും അമേരിക്ക സമീപ ഭാവിയില്‍ നോക്കുക.

സോവിയറ്റ് യൂനിയന്റെ സഹായത്താല്‍ അഫ്ഗാന്‍ മണ്ണില്‍ രൂപപ്പെട്ട മതേനിരപേക്ഷ ജനാധിപത്യ പുരോഗമന അഫ്ഗാന്‍ സമൂഹഘടനയ്ക്കെതിരെ രക്തരൂക്ഷിതമായ ഒരു മതയുദ്ധം നടത്തുകയാണ് മതഭ്രാന്തന്മാര്‍ ചെയ്തത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, സാമ്രാജ്യവാദികളായ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി ഒരു രാജ്യത്തെ മൊത്തത്തില്‍ നശിപ്പിച്ച ഒരു ജനതയുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞ അനുഭവകഥ.

പൊളിറ്റിക്കല്‍ ഇസ്ലാമിസ്‌റുകളുടെയും ആഗോള മത തീവ്രവാദികളുടെയും
മാനസ പുത്രനായ ഒസാമ ബിന്‍ ലാദന്‍ ഒരു കാലത്ത് അമേരിക്ക ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി വലുതാക്കിയ സോവിയറ്റ് വിരുദ്ധനായ വീരശൂരപരാക്രമിയായ അഫ്ഗാന്‍ പോരാളിയുമായിരുന്നു ..! 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്കന്‍ വിരുദ്ധ കുറ്റവാളിയും കൊടുംഭീകരനുമായി തീര്‍ന്ന ഒസാമ ബിന്‍ ലാദന്‍ തന്നെ…!

താലിബാന് ആയുധങ്ങളും,പണവും,കറുപ്പും, എന്തിന് സ്ത്രീകളെയടക്കം നല്‍കി വലുതാക്കി അഫ്ഗാന്‍ സര്‍ക്കാരിനും സോവിയറ്റുകള്‍ക്കുമെതിരെ യുദ്ധം ചെയ്യിച്ച അമേരിക്കന്‍ മുതലാളിത്തം, കമ്യൂണിസ്റ്റ് പ്രസിഡന്റ് ഡോ.നജീബുള്ളയെ പരസ്യമായി തൂക്കിലേറ്റി താലിബാന് അധികാരം വെള്ളി തളികയില്‍ വെച്ച് നല്‍കി.1996 മുതല്‍ 2001 വരെ അഗ്ഫാന്‍ ജനതയെ ഇരുണ്ട കാലത്തിലേക്ക് തള്ളി വിട്ടു. 2021 ല്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ലോക ജനാധിപത്യത്തിന്റെ മൊത്ത കച്ചവടക്കാരായ അമേരിക്ക അഗ്ഫാന്‍ ജനതയെ വീണ്ടും വഞ്ചിച്ചിരിക്കുന്നു. അഫ്ഗാന്‍ മണ്ണില്‍ അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് അവിടെ മൊത്തം നാശം വിതച്ചശേഷം, മറ്റൊരു പുതിയ മേച്ചില്‍പുറം തേടി അമേരിക്കന്‍ സാമ്രാജ്യത്വം യാത്രയായി..അതാണ് സത്യം.

-ജോമോന്‍ സ്റ്റീഫന്‍

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.