Follow the News Bengaluru channel on WhatsApp

ഓള്‍ഡ് സ്പൈസ്

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : ഓള്‍ഡ് സ്പൈസ്

സതീഷ് തോട്ടശ്ശേരി

 

സംഗീത ലോഗ് ഔട്ട് ചെയ്ത് ലാപ്‌ടോപ്പ് അടച്ചു ബാഗില്‍ വെച്ചു. കിയോസ്‌ക് ഡെസ്‌കിലെ പേപ്പേഴ്‌സും, പശ്ചാത്തലത്തില്‍ ഇളം നീല നിറമുള്ള കമ്പനി ലോഗോ പുറംചട്ടയുള്ള നോട്പാഡും അണ്ടര്‍ ടേബിളിന്റെ വലിപ്പില്‍ വെച്ച് പൂട്ടി താക്കോല്‍ ലാപ്‌ടോപ്പ് ബാഗിന്റെ ചെറിയ കള്ളിയുടെ സിപ് തുറന്നു നിക്ഷേപിച്ചു. ബാഗും തോളില്‍ തൂക്കി റെസ്‌ററ് റൂമിലേക്ക് നടന്നു.

വിശാലമായ കണ്ണാടിയില്‍ നോക്കി അനുസരണക്കേടുള്ള മുടി ഒന്നുകൂടി ചീകി ഒതുക്കി കെട്ടി. കവിള്‍ത്തടങ്ങളില്‍ മോയ്‌സചറൈസിംഗ് ക്രീം കൊണ്ട് സ്‌നിഗ്ധത വരുത്തി. പുറത്തുകടന്നു ക്യാബ് ബേയിലേക്കു നടന്നു. തങ്ങളുടെ ക്യാബുകളില്‍ കയറിപ്പറ്റാനുള്ള ടെക്കി തൊഴിലാളികളുടെ തിക്കും തിരക്കും കൊണ്ടുള്ള ബഹളത്തില്‍ ക്യാബ് ബേ ശബ്ദമുഖരിതമായി. ട്രാന്‍സ്പോര്‍ട് അഡ്മിന്‍ സുരേഷ് ഗൗഡ ശരീരഭാഷയില്‍ അമിതവിനയം ആവാഹിച്ചുകൊണ്ടു പറഞ്ഞു.

‘മാഡം യുവര്‍ ക്യാബ് ഈസ് ഇന്‍ ട്രാഫിക് ജാം നിയര്‍ ഐ. ടി. പി. എല്‍. ജസ്റ്റ് ഫൈവ് മിനുട്‌സ്.’

‘ഓക്കേ നോ പ്രോബ്ലം ഐ വില്‍ വെയിറ്റ്. ‘

അപ്പോഴേക്കും ക്യാബ് മേറ്റ് ഗായത്രിയും സോഹന്‍ ഫെര്‍ണാണ്ടസും എത്തി. അവരുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ക്യാബ് എത്തി. സ്ഥിര യാത്ര കൊണ്ട് പരിചിതമുഖമായ ഡ്രൈവര്‍ ക്ഷമ ചോദിച്ചു കൊണ്ട് നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളെ കുറിച്ച് വാചാലനായി. നാളത്തെ ടീം ഔട്ടിങ്ങിലേക്കു സംഭാഷണം നീണ്ടു. സോഹന്റെ ഗോള്‍ഡന്‍ പാം റിസോര്‍ട്ടിനെ കുറിച്ചുള്ള വര്‍ണ്ണനകള്‍. രണ്ടു വര്‍ഷം മുന്‍പ് അവിടെ വെച്ച് നടന്ന മറ്റൊരു ടീം ഔട്ടിങ്ങിന്റെ ഓര്‍മ്മകള്‍. അതില്‍ പങ്കെടുത്ത അമേരിക്കന്‍ സായിപ്പിനെയും സംഘത്തെയും പ്രീതിപ്പെടുത്താന്‍ ടീം ലീഡേഴ്സ് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍. സായിപ്പിന്റെ വില കുറഞ്ഞ തമാശകള്‍ക്ക് വില കൂടിയ കൂട്ടചിരിയുടെ അര്‍ത്ഥശൂന്യമായ അകമ്പടികള്‍. വീരാരാധനയുടെ വിനീത ദാസ്യം തീര്‍ത്ത നിരര്‍ത്ഥകത..അങ്ങിനെ സോഹന്‍ തഴക്കം വന്ന മറ്റൊരു ഡ്രൈവറെ പോലെ വാക്കുകളുടെ വണ്ടിയോടിച്ചു. സംഗീതയും ഗായത്രിയും നല്ല കേള്‍വിക്കാരുടെ മാതൃകയായി. നാളത്തെ ദിവസത്തെ പ്രതി മനസ്സില്‍ ആകാംഷയുടെയും ഉത്കണ്ഠകളുടെയും കേളികൊട്ടുയര്‍ന്നു.

വീടെത്തിയപ്പോള്‍ തുറന്ന വാതില്‍ക്കല്‍ അച്ഛന്‍ ഭാസ്‌കരമേനോന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. സംഗീത ബാത്ത് റൂമില്‍ കയറി ഷവര്‍ തുറന്നു. തണുത്ത വെള്ളം അവളുടെ ചന്ദന നിറമുള്ള ഉടല്‍വടിവുകളുടെ നിമ്‌നോന്നതങ്ങളില്‍ കുളിര്‍ കോരിയിട്ടു. കുളി കഴിഞ്ഞപ്പോള്‍ ആ ദിവസത്തിന്റെ ജോലി ഭാരവും ഒന്നര മണിക്കൂര്‍ നേരത്തെ നഗരയാത്രയുടെ മടുപ്പും ശരീരരത്തില്‍ നിന്നും ഒഴിഞ്ഞു പോയി. വസ്ത്രം മാറി നൈറ്റിയില്‍ കയറി അച്ഛനൊപ്പം തീന്മേശയിലെത്തി. അമ്മ വിളമ്പിയ ചപ്പാത്തിയും മുട്ടക്കറിയും ആസ്വദിച്ചു കഴിച്ചു. ഭക്ഷണ ശേഷമുള്ള പതിവ് വര്‍ത്തമാനത്തില്‍ നാളത്തെ ഔട്ടിങ്ങിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ചര്‍ച്ചക്ക് വിഷയമായി.

അടുത്തകാലത്തൊന്നും മകള്‍ വീട്ടിലില്ലാത്ത രാത്രി ഉണ്ടായിട്ടില്ലെന്ന് മേനോന്‍ ഓര്‍ത്തു. മേനോനും ഭാര്യക്കും ഇപ്പോഴും കാലം അവളില്‍ നിറച്ച യൗവ്വനത്തെയും സൗന്ദര്യത്തെയും അത്രക്കങ്ങോട്ടു് അംഗീകരിക്കാന്‍ ഒരു വൈമനസ്യം ഉള്ളത് നേരാണ്. തെല്ലൊരു വേദനയോടെ മേനോന്‍ ചോദിച്ചു.

‘അപ്പോള്‍ നാളെ രാത്രി മോള്‍ റിസോര്‍ട്ടിലായിരിക്കുമല്ലേ ?’

‘അച്ഛനിപ്പോഴും ഞാനൊരു കൊച്ചു കുട്ടിയാണെന്ന വിചാരമാണ്. ടീം ഔട്ടിങ് കഴിഞ്ഞു മറ്റന്നാള്‍ ഞാനിങ്ങെത്തില്ലേ അച്ഛാ!..ഒരു രാത്രിയല്ലേ ഞാനില്ലാതുള്ളൂ’.

അച്ഛനെ സമാധാനിപ്പിക്കാന്‍ അങ്ങിനെ പറഞ്ഞെങ്കിലും അവളുടെ അകക്കാമ്പിലെവിടെയോ ഒരു നേരിയ വിങ്ങല്‍ അനുഭവപ്പെട്ടു. അച്ഛന്റെ ശരീരം അടയാളപ്പെടത്തുന്ന ഓള്‍ഡ് സ്‌പൈസിന്റെ ഗന്ധം എന്നും അവള്‍ക്കു സുരക്ഷയുടെയും ആത്മ വിശ്വാസത്തിന്റെയും ഒരു കാണാച്ചരടാണ്. ആ മണം പ്രസരിപ്പിക്കുന്ന അവാച്യമായ ഒരു അനുഭൂതി കുട്ടിക്കാലം തൊട്ടേ സംഗീതയുടെ കൂടെപ്പിറപ്പാണ്.
മുടിയും മുലയും പ്രായത്തിന്റെ കടമ്പകള്‍ അറിയിക്കുന്നതുവരെ അവള്‍ അച്ഛനെ കെട്ടിപ്പിടിച്ചോ അല്ലെങ്കില്‍ കയ്യോ കാലോ അച്ഛന്റെ മേല്‍ കയറ്റി വെച്ചോ ആണ് രാവുറങ്ങുക. പാന്റീസ് നനച്ചുകൊണ്ടു ചോര ഒലിച്ചിറങ്ങിയ ഒരു പരിഭ്രമത്തിന്റെ
വൈകുന്നേരമാണ് അവള്‍ വലുതായി എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടത്. അതില്‍ പിന്നെയാണ് സംഗീത അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള കിടപ്പവസാനിപ്പിച്ചു വേറെ മുറിയിലേക്ക് ചേക്കേറുന്നതും അതുവരെ കാണാതിരുന്ന തന്റേതുമാത്രമായ സ്വപ്നങ്ങളിലേക്ക് ഇറങ്ങിവരുന്നതും. അല്പസമയത്തെ മൗനത്തിനുശേഷം മുഖത്തു സന്തോഷത്തിന്റെ പ്രകാശം വരുത്തി അവര്‍ക്കു ശുഭരാത്രി നേര്‍ന്നുകൊണ്ട് അവള്‍ തന്റെ മുറിയിലേക്ക് പോയി.

പിറ്റേന്ന് അതിരാവിലെ തയ്യാറെടുപ്പുകള്‍ക്കു ശേഷം അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തു് യാത്ര പറഞ്ഞു കൊണ്ട് അവള്‍ വീടിനു മുന്‍പില്‍ കാത്തു നില്‍ക്കുന്ന ക്യാബില്‍ കയറി. ക്യാമ്പസില്‍ നിന്നും ഏര്‍പ്പെടുത്തിയ ബസ്സിലാണ് റിസോര്‍ട് യാത്ര. ടീം ലീഡേഴ്സിനോട് കാറെടുക്കരുതെന്നു ശട്ടം കെട്ടിയിട്ടുണ്ട്. വഴിയില്‍ ഗായത്രി കാത്തു നില്‍പ്പുണ്ടായിരുന്നു. ബാക് സീറ്റില്‍ സംഗീതക്കരുകില്‍ ഇരുന്ന് അവളെ ഒന്നുഴിഞ്ഞു നോക്കി ഒരു ഗൂഢ മന്ദസ്മിതത്തോടെ പറഞ്ഞു.

‘ഈ ഡ്രെസ്സില്‍ നീ കുറെ കൂടെ സുന്ദരിയായിട്ടുണ്ട് ട്ടോ’

‘ഒന്ന് പോടീ പെണ്ണെ. വലിയ ഒരു സൗന്ദര്യാരാധിക വന്നിരിക്കുന്നു.’

കുറെ നേരം സംസാരിച്ചിരുന്ന ശേഷം രണ്ടുപേരും ഉറക്കത്തിന്റെ മടിയിലേക്കു വഴുതി വീണു. പിന്നെ ഉണര്‍ന്നത് വണ്ടി ടെക്‌നോ പാര്‍ക്കിന്റെ ക്യാമ്പസ് ഗേറ്റിലെ സെക്യൂരിറ്റി ചെക്കിന് നിര്‍ത്തിയപ്പോഴാണ്. മനോഹരമായ ലാന്‍ഡ്സ്‌കേപ്പിനു നടുവില്‍ തണല്‍ മരങ്ങള്‍ അതിരിട്ട റോഡിലൂടെ ക്യാബ് പാര്‍ക്കിംഗ് ലോട്ടിലെത്തി. വണ്ടിയിറങ്ങി രണ്ടുപേരും റിസെപ്ഷനിലെത്തിയപ്പോള്‍ ടീം യാത്രക്കൊരുങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ബസ് വന്നതും എല്ലാവരും കയറിയിരുന്നു. സംഗീതക്ക് സീറ്റ് കിട്ടിയത് ബിഗ് ബോസ് സഞ്ജയ് വര്‍മ്മയുടെ അടുത്തായിരുന്നു. സഞ്ജയ് ചെറുപ്പമാണ്. ഓഫീസിലെ കമ്മ്യൂണിക്കേഷന്‍ ടീസര്‍ ഡിസൈന്‍ ചെയ്യാന്‍ പലപ്പോഴും സഞ്ജയ് സംഗീതയുടെ സഹായം തേടാറുണ്ടായിരുന്നു. സഞ്ജയിന്റെ ക്യൂബിക്കിളില്‍ ഇരിക്കുമ്പോള്‍ ഓള്‍ഡ് സ്‌പൈസിന്റെ ആര്‍ദ്രമായ സുഗന്ധം അച്ഛന്റെ സാമീപ്യത്തിനു സമാനമായ ഒരു ഊഷ്മളത പ്രദാനം ചെയ്തിരുന്നതായി അവള്‍ അറിഞ്ഞിരുന്നു. ബസ് ബി. ഇ. എല്‍ റോഡിലൂടെ സാമാന്യം വേഗതയില്‍ പോയിക്കൊണ്ടിരുന്നു. സ്പീക്കറില്‍ നിന്നും ഒഴുകി വരുന്ന നേര്‍ത്ത സംഗീതത്തിന് ഹാന്‍ഡ് റെസ്റ്റില്‍ താളം പിടിച്ചു കൊണ്ട് സഞ്ജയ് ചോദിച്ചു.

‘വീട്ടില്‍ ആരൊക്കെയുണ്ട്? ‘

‘പാരന്റ്‌സ് മാത്രമേയുള്ളൂ. ഒരു ബ്രദര്‍ ഇപ്പോള്‍ സ്റ്റേറ്റ്‌സിലാണ്.

‘അച്ഛന്‍?’

‘ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ റിട്ടയേര്‍ഡ് ലൈഫ്. വന്നിട്ട് അഞ്ചു വര്‍ഷമാകുന്നു.’

കമ്പനിയില്‍ ജോയിന്‍ ചെയ്തു രണ്ടു വര്‍ഷമായി. ഇപ്പോഴാണ് ബോസ് പേര്‍സണല്‍ കാര്യങ്ങള്‍ ആദ്യമായി ചോദിക്കുന്നതെന്ന് സംഗീത അത്ഭുതം കൂറി.കൂടുതല്‍ നീളാന്‍ മടിച്ച വര്‍ത്തമാനത്തിനിടയില്‍ സഞ്ജയ് എഴുന്നേറ്റു. ലഗേജ് റാക്കില്‍ വെച്ചിരുന്ന ട്രാവെലര്‍ ബാഗില്‍ നിന്നും ഒരു പുസ്തകം വലിച്ചെടുത്ത് സീറ്റില്‍ ഇരുന്നു വായനയിലേക്ക് പ്രവേശിച്ചു.

ഇടം കണ്ണാലുള്ള നോട്ടത്തില്‍ പുസ്തകം പീറ്റര്‍ ഹാന്‍കെയുടെ ‘എ സോറോ ബിയോണ്ട് ഡ്രീംസ്’ ആണെന്ന് കണ്ടെത്തിയ സംഗീതക്ക് സഞ്ജയിനോടുള്ള മതിപ്പ് ഒന്ന് കൂടി വര്‍ധിച്ചു. അച്ഛനും നല്ല വായനക്കാരനായതിനാല്‍ മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളൊക്കെ വീട്ടിലെ അലമാരയിലുണ്ട്. അവളും ആ ശേഖരത്തിലെ ഒട്ടു മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ സുന്ദരമായ പൂന്തോട്ടമാണല്ലോ. ഓരോ പുസ്തകവും പൂവുകള്‍ പോലെ വ്യത്യസ്ത നിറങ്ങള്‍, സുഗന്ധങ്ങള്‍, ഇവയെല്ലാം നല്‍കുന്നു. ഇരുവരുടെയും സാഹിതീ താല്പര്യം പീറ്ററിലേക്കെത്തി. സംഗീത തുടക്കമിട്ടു.

‘നൊബേല്‍ പുരസ്‌കാരം നിര്‍ത്തലാക്കണമെന്ന ആവശ്യം ഉന്നയിച്ച ആളാണല്ലേ ഇദ്ദേഹം ?’

‘മാത്രമല്ല ജെര്‍മന്‍ സാഹിത്യ നൊബേല്‍ ജേതാവ് തോമസ് മാന്‍ വളരെ മോശപ്പെട്ട എഴുത്തുകാരനാണെന്ന ഇദ്ദേഹത്തിന്റെ പരാമര്‍ശവും വിവാദമായിട്ടുണ്ട്. തടവറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് മിലോസെവിച്ചിന്റെ ചരമ ശുശ്രൂഷ വേളയില്‍ പീറ്റര്‍ നടത്തിയ പ്രസംഗവും ലോക സാഹിത്യ രംഗത്ത് ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.’

പ്രേക്ഷകരെ ആക്ഷേപഹാസ്യത്താല്‍ ഉള്ളു പൊള്ളിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങളിലേക്കും മറ്റും സംഭാഷണം നീണ്ടുപോയി. സഞ്ജയ് വീണ്ടും വായനയില്‍ മുഴുകി. സംഗീത മയക്കത്തിലേക്കും.

ബസ്സിലെ സംഗീതവും കലപിലയും നടന്നുകൊണ്ടിരിക്കെ സഞ്ജയിന്റെ ഇടം കൈ അവളുടെ വലം തുടയില്‍ ജീന്‍സിനു മുകളില്‍ വിശ്രമിച്ചു. മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. പതുക്കെ അവള്‍ കയ്യെടുത്തു മാറ്റിയപ്പോള്‍ സഞ്ജയ് അറിയാത്തപോലെ ക്ഷമ ചോദിച്ചു.

റിസോര്‍ട്ടില്‍ ബസ് നിര്‍ത്തി ഇറങ്ങിയപ്പോള്‍ വരവേല്‍ക്കാന്‍ പ്രാദേശിക വേഷത്തില്‍ ധോല് വാദ്യക്കാര്‍ കൊട്ടി കയറുന്നുണ്ടായിരുന്നു. വെല്‍ക്കം ഡ്രിങ്ക്, തെന്നിന്ത്യന്‍ വിഭവങ്ങളുടെ ധാരാളിത്തം വിളിച്ചോതുന്ന പ്രാതല്‍. പിന്നീട് കോണ്‍ഫറന്‍സ് ഹാളിലേക്ക്. സഞ്ജയിന്റെ അളന്നു മുറിച്ച വാക്കുകളുടെ അനര്‍ഗ്ഗള പ്രവാഹം. കമ്പനിയുടെ അവസാന പാദത്തിലെ കണക്കുകള്‍ നിരത്തി വര്‍ഷാവര്‍ഷ പുരോഗതിയുടെ സമര്‍ത്ഥമായി തയ്യാറാക്കപ്പെട്ട പവര്‍പോയിന്റ് പ്രസന്റേഷന്‍. അവരവരുടെ പ്രവൃത്തി മേഖലയില്‍ മികവ് കാണിച്ചവര്‍ക്കായുള്ള അഭിനന്ദനങ്ങളും പാരിതോഷിക വിതരണവും കരഘോഷങ്ങളും കലപിലയുമായി സെഷന്‍ നീണ്ടുപോയി. വിഭവസമൃദ്ധമായ ലഞ്ചിന് ശേഷം കൃത്യം മൂന്നു മണിക്ക് വീണ്ടും ഔട്‌ഡോര്‍ ഗെയിമ്‌സിനു ഒത്തുചേരാമെന്ന വ്യവസ്ഥയില്‍ സ്വല്പം വിശ്രമം.റൂമില്‍ ഗായത്രിയായിരുന്നു കൂട്ടിന്. നേരത്തെ ഉണര്‍ന്ന കാരണം ഉറക്കം മിഴികളില്‍ ഊഞ്ഞാലാട്ടം തുടങ്ങിയിരുന്നു.

‘എന്താല്ലേ എത്ര പണമാണ് കമ്പനി നമുക്ക് വേണ്ടി ചെലവാക്കണ് ‘

ഗായത്രിയുടെ പെട്ടെന്നുള്ള ചോദ്യം അവളെ ഉണര്‍ത്തി.

‘അതിനു നമ്മളെ നന്നായി പിഴിയുന്നില്ലെടി പെണ്ണെ?
മറ്റുള്ളവരെ പോലെ നമ്മള്‍ക്ക് വല്ല സമയബന്ധിതമായ ജോലിയാണോ ‘

‘അതിനു അതുപോലെ കാശും തരണില്ലേ?

‘ബെസ്റ്റ് കൊറച്ചു കഴിയുമ്പോള്‍ അറിയാം. ഏതെങ്കിലും ചെക്കമ്മാര് നമ്മളെ കെട്ടിക്കൊണ്ടുപോകുമ്പോ. പണം കൊണ്ട് മാത്രം ആയില്ലല്ലോ ഒരു കുടുംബമാകുമ്പോ അവരോടൊപ്പം പങ്കിടാന്‍ നമ്മക്കെവിടുന്നാ സമയം ?

‘അതപ്പോ നോക്കാ ഡീ. ഇപ്പൊ നമ്മക്കാഘോഷിക്കാം. നിന്റെ അപ്പ്രൈസല്‍ എന്തായി? ബോസ് മണപ്പിക്കുന്നുണ്ടായിരുന്നല്ലോ വല്ലോം പറഞ്ഞോ?’

ബോസിനെ ഒറ്റയ്ക്ക് കിട്ടുമ്പോള്‍ സംഗീത ചോദിയ്ക്കാന്‍ വിചാരിച്ചതായിരുന്നു. ഏതായാലും ഓര്‍മ്മപ്പെടുത്തിയതിനു ഗായത്രിക്കു മനസ്സില്‍ നന്ദി പറഞ്ഞു. .അപ്പുറത്തെ മുറികളില്‍ അര്‍മ്മാദത്തിന്റെ ബഹളം.പിന്നീട് സംഭാഷണത്തിനു വിട നല്‍കി രണ്ടുപേരും ഉറക്കത്തിലേക്കു വഴുതിവീണു .

മൂന്നു മണിയോടെ രണ്ടുപേരും വസ്ത്രം മാറി പുറത്തേക്കിറങ്ങി. മൈതാനത്തില്‍ ഔട്‌സോഴ്‌സ് ചെയ്ത ഇവന്റ് മാനേജ്മന്റ് കൈകാര്യം ചെയ്യുന്ന വിനോദങ്ങളുടെ ചിരിയും കളിയും. ടീം വര്‍ക്കിന്റെ പാഠങ്ങള്‍. എല്ലാവരും നല്ല പോലെ ആസ്വദിച്ചെന്ന് ഇടയ്ക്കിടെ ഉറപ്പിച്ചെടുക്കുന്ന ടൈയും കോട്ടുമിട്ട ചെറുപ്പക്കാരന്‍ അടുത്ത ഈവന്റിനുള്ള ഓര്‍ഡര്‍ മുന്നില്‍ കണ്ട് എല്ലാവരെയും കളികളില്‍ പങ്കാളികളാക്കി. സൂര്യന്‍ പടിഞ്ഞാറു താഴാന്‍ തയ്യാറെടുക്കുമ്പോള്‍ എല്ലാവരും പൂളിലേക്കിറങ്ങി. കടും നീല നിറമുള്ള ഷോര്‍ട്‌സും ചുവന്ന ടീ ഷിര്‍ട്ടുമിട്ടാണ് സംഗീത പൂളിലേക്കിറങ്ങിയത്. കൃത്രിമ തിരമാലകളുണ്ടാക്കിയ പൂളിലെ തണുത്ത വെള്ളത്തില്‍ നീന്തല്‍ വസ്ത്രങ്ങളണിഞ്ഞ, നീന്തി തുടിക്കുന്ന പെണ്ണുടലുകളിലേക്ക് അശോക മരച്ചില്ലകള്‍ക്കിടിയിലൂടെ സൂര്യന്‍ ഒളി നോട്ടം നടത്തി.

ആദ്യമൊക്കെ അല്പവസ്ത്ര ധാരിണിയായി നീന്തല്കുളത്തിലേക്കിറങ്ങാന്‍ സംഗീതക്ക് വലിയ ജാള്യമായിരുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ക്കുള്ളിലെ നിമ്‌നോന്നതങ്ങളിലേക്കും ഷോര്‍ട്ട്‌സിനു താഴെയുള്ള പോള ചീന്തിയ വാഴപ്പിണ്ടി കണക്ക് വെളുത്ത ഊരുക്കളിലേക്കും സ്വിമ്മിങ് ജാക്കറ്റിന്റെ മേലെ ആനാവൃതമായ ക്ളീവേജിലെക്കും ആണ്‍ സുഹൃത്തുക്കളുടെ കാക്ക നോട്ടം ആഴ്ന്നിറങ്ങുമ്പോള്‍ താന്‍ ഭൂമി പിളര്‍ന്നു താഴേക്കു പോകുന്ന ഒരു പ്രതീതി തോന്നിയിരുന്നു. അവളുടെ മനസ്സിലെ അര്‍ബന്‍ റൂറല്‍ കോണ്‍ഫ്‌ലിക്റ്റ് പരസ്പരം മല്ലടിക്കാന്‍ തുടങ്ങുമായിരുന്നു. പിന്നെ പിന്നെ അതൊന്നും അത്രമേല്‍ കാര്യമാക്കേണ്ടെന്ന നാഗരിക നിഗമനങ്ങളില്‍ അവളും എത്തിച്ചേരുകയായിരുന്നു.

ജലക്രീഡകള്‍ക്കു ശേഷം നീന്തല്‍കുളത്തില്‍ നിന്നും കയറിയപ്പോള്‍ പടിഞ്ഞാറു നിന്നും സൂര്യന്‍ അപ്രത്യക്ഷമാകുകയും റിസോര്‍ട് വൈദ്യുത ദീപങ്ങളാല്‍ പ്രഭാപൂരിതമാകയും ചെയ്തു.

അവര്‍ വസ്ത്രം മാറി കോക്ക്‌ടെയില്‍ പാര്‍ട്ടി നടക്കുന്ന ഹാളിലെത്തി. അപ്പോഴേക്കും ആണ്‍ സുഹൃത്തുക്കള്‍ ഹാളിലെ അരണ്ട വെളിച്ചത്തിലും ശര റാന്തല്‍ പോലെ വെട്ടിത്തിളങ്ങുന്ന ഗ്ലാസ്സുകളില്‍ വിവിധ നിറങ്ങളിലുള്ള നുരയുന്ന മദ്യവുമായി സംഭാഷണങ്ങളില്‍ മുഴുകി നിന്നിരുന്നു. പെണ്‍ സുഹൃത്തുക്കളും മോശമല്ലായിരുന്നു. കോര്‍പ്പറേറ്റ് സംസ്‌കാരം കനിഞ്ഞു നല്‍കിയ സ്വാതന്ത്ര്യത്തിലും ഔദാര്യത്തിലും അഭിരമിക്കാന്‍ അവരുടെ യുക്തിക്കിടമില്ലാത്ത ചെറിയ മനസ്സുകള്‍ തിടുക്കപ്പെട്ടു.

നേരം വളരെ വൈകിയിട്ടും പാര്‍ട്ടി തുടര്‍ന്നു. ഡിന്നര്‍ പ്ളേറ്റെടുത്തു രണ്ടു ബട്ടര്‍ കുൽച്ചയും ചിക്കന്‍ ഹൈദെരാബാദിയും സെര്‍വ് ചെയ്യുമ്പോഴാണ് ഓള്‍ഡ് സ്‌പൈസിന്റെയും സ്‌കോച്ചിന്റെയും സമ്മിശ്ര ഗന്ധം നിറച്ചുകൊണ്ടു് സഞ്ജയ് കയ്യില്‍ വിസ്‌കി ഗ്ലാസ്സുമായി അരികിലെത്തിയത്.

‘ഫോര്‍ റ്റുമോറോസ് പ്രസന്റേഷന്‍ ഐ നീഡ് യുവര്‍ ഹെല്പ്. വുഡ് യു മൈന്‍ഡ് കമിങ് ടു മൈ റൂം ആഫ്റ്റര്‍ ഡിന്നര്‍ ? ‘

ഓള്‍ഡ് സ്‌പൈസിന്റെ ഗന്ധം നല്‍കിയ സുരക്ഷിതത്വത്തിന്റെ ശീതളിമയില്‍ അവള്‍ക്ക് അപ്പോള്‍ ‘യേസ് ബോസ്. ഷുവര്‍ ‘ എന്ന് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളു. സഞ്ജയ് നന്ദി പറഞ്ഞു കൊണ്ട് വാക്കുകള്‍ക്ക് വടിവ് നഷ്ടപ്പെട്ട മറ്റു ടെക്കികളുടെ കൂട്ടത്തിലേക്കു പോയി. അത്താഴം വിഭവ വൈപുല്യത്താല്‍ കനത്തു. റൂമിലെത്തിയപ്പോള്‍ നല്ല ക്ഷീണം തോന്നി. ഗായത്രി ക്ഷീണം കൊണ്ട് കിടന്നതും ഉറങ്ങി. ഡോര്‍ അടച്ചു ലോക്ക് ചെയ്തു താക്കോല്‍ സംഗീതയുടെ കയ്യില്‍ തന്നെ വെച്ചോളാന്‍ പറഞ്ഞു. അപ്പോള്‍ പിന്നെ അവള്‍ തിരിച്ചു വരുമ്പോള്‍ ഉറക്കത്തിനു വിഘ്നം വരില്ലല്ലോ. സംഗീത സഞ്ജയിന്റെ ഡോറില്‍ മുട്ടി. അകത്തു നിന്നും സഞ്ജയിന്റെ ശബ്ദം കേട്ടു.

‘ഇറ്റ്സ് നോട്ട് ലോക്ഡ്. പ്ലീസ് കം ഇന്‍’

അവള്‍ വാതില്‍ തുറന്ന് അകത്തു കയറി.റൂമില്‍ സഞ്ജയ് മാത്രമേ ഉള്ളൂ. ലാപ്‌ടോപ്പ് തുറന്ന് ഓണ്‍ ചെയ്തു വെച്ചിട്ടണ്ട്. പണി തീര്‍ക്കുമ്പോഴേക്കും അപ്പ്രൈസലും, പ്രമോഷനും, ഇന്‍ക്രിമെന്റും എല്ലാം പറഞ്ഞു ശരിയാക്കണമെന്നു ഓള്‍ഡ് സ്‌പൈസിന്റെ ഗന്ധം തങ്ങി നിന്ന അന്തരീക്ഷം നല്‍കിയ ആത്മ വിശ്വാസം അവളെ ഓര്‍മ്മപ്പെടുത്തി. റൂമിലെ മേശപ്പുറത്ത് കുപ്പിയില്‍പകുതി തീര്‍ന്ന സ്‌കോച്ചും കയ്യില്‍ ഗ്ലാസും ഉണ്ടായിരുന്നു. എ.സി.യുടെ നേരിയ മുരള്‍ച്ച. സിഗരറ്റു പുക തീര്‍ത്ത മഞ്ഞിന് വല്ലാത്തൊരു സുഗന്ധം തോന്നിച്ചു. പ്രസന്റേഷന്‍ പകുതിയായപ്പോള്‍ ഫ്രിഡ്ജില്‍ നിന്നും സഞ്ജയ് മഞ്ഞ നിറമുള്ള മാങ്കോ ജൂസ് ഗ്ലാസില്‍ പകര്‍ന്നു സംഗീതക്കു നല്‍കി. വല്ലാത്ത ദാഹം ഉണ്ടായിരുന്നതുകൊണ്ട് അവള്‍ പെട്ടെന്ന് തന്നെ അത് മുഴുവനും കുടിച്ചുതീര്‍ത്തു.

കണ്‍ പോളകള്‍ക്കു കനം വെക്കുന്നതായിട്ടും എത്ര ശ്രമിച്ചിട്ടും കണ്ണുകള്‍ തുറന്നു പിടിക്കാനാവുന്നില്ലെന്നും അവള്‍ അറിഞ്ഞു. അവള്‍ക്ക് അവനോട് എന്തൊക്കെയോ ചോദിക്കണമെന്നുമുണ്ട്. തൊണ്ടയിലെ വെള്ളം വറ്റി ചക്രവാളത്തോളം നീണ്ടുകിടക്കുന്ന മരുഭൂമിയാകുന്നതും കണ്ണുകളില്‍ ഇരുട്ടിന്റെ പാടവന്നു മൂടുന്നതും മാത്രമേ അവള്‍ അറിഞ്ഞതുള്ളൂ. അപ്പോഴും ഓള്‍ഡ് സ്‌പൈസിന്റെ ആര്‍ദ്രഗന്ധം വസ്ത്രങ്ങള്‍ മാറിപ്പോയ ഉടലിനു മേലെ ഒരു സുരക്ഷാപടലമായി നില്‍ക്കുന്നതവള്‍ സ്വപ്നം കണ്ടിരുന്നു. പുരുഷ കാമനയുടെ കൂര്‍ത്ത പോര്‍മുന അവളില്‍ ആഴ്ന്നിറങ്ങുന്നതായി
അബോധത്തിലെവിടെയോ അവളറിഞ്ഞു. പിന്നീടെപ്പോഴോ ഉണര്‍ച്ചയില്‍ വസ്ത്രം വലിച്ചുകയറ്റി. കട്ടിലില്‍ ഇരുന്നു നിശ്ശബ്ബ്ദം കരഞ്ഞു. മനസ്സില്‍ മരവിപ്പിന്റെ എട്ടുകാലികള്‍ വല തീര്‍ത്തു. അടുത്ത് കിടന്നിരുന്ന സഞ്ജയിന്റെ ദേഹത്ത് നിന്നും വമിച്ചിരുന്ന വിയര്‍പ്പിന്റെയും ഓള്‍ഡ്‌സ്‌പൈസിന്റെയും മിശ്ര ഗന്ധം അഴുകിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധമായി അവളുടെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി. അപ്പോള്‍ അവള്‍ക്ക് ഭൂമിയില്‍ ഒച്ചയറ്റതുപോലെ തോന്നി. ശബ്ദം മാത്രമല്ല. വെളിച്ചം, ചലനം, ഗന്ധം, നിറങ്ങള്‍, ഭൂമിക്ക് സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അടിവയറ്റില്‍ നിന്നും ഉരുണ്ടു കയറിയ ശര്‍ദ്ദിയുടെ പ്രവാഹം ഒഴുക്കിക്കളയാന്‍ അവള്‍ ബാത്‌റൂമിലേക്ക് ഓടി.

📝

സതീഷ് തോട്ടശ്ശേരി

സ്വദേശം പാലക്കാട്. ബെംഗളൂരുവിൽ സ്ഥിരതാമസം. ഹെവല്റ്റ് പക്കാര്‍ഡില്‍ നിന്നും അഡ്മിന്‍ മാനേജരായി വിരമിച്ചു. ഡെക്കാന്‍ കള്‍ചറല്‍ സൊസൈറ്റി പ്രസിഡന്റ്, ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കേരളസമാജം സ്ഥാപക സെക്രട്ടറി, മുന്‍ പ്രസിഡന്റ്, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍.

സമൂഹ്യ മാധ്യമങ്ങളിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥയും, കവിതയും എഴുതിക്കൊണ്ടിരിക്കുന്നു. യുണൈറ്റഡ് റൈറ്റേര്‍സ് ബാംഗ്ലൂര്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ‘അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍’ ആദ്യ പുസ്തകം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.