Follow the News Bengaluru channel on WhatsApp

മരണമില്ലാത്തവന്‍ പ്രകാശന്‍

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : മരണമില്ലാത്തവന്‍ പ്രകാശന്‍
തങ്കച്ചന്‍ പന്തളം

 

അയാള്‍ ആലോചനയിലാണ്. എപ്പോഴും ആലോചനയില്‍ തന്നെ. ആലോചിച്ചാലോചിച്ച് അത്യാസന്ന നിലയിലായിപ്പോയ ഒരു പാവം മനുഷ്യനാണ് പ്രകാശന്‍.

പുറത്തേക്കും അകത്തേക്കും ഒരു പോലെ തുറക്കാവുന്ന പഴയ ഗേററില്‍ കൈയ്യമര്‍ത്തി അകത്തേക്കു നോക്കി അയാള്‍ പതുക്കെ വിളിച്ചു. ലക്ഷ്മീ …

ശരീരം അസ്വസ്ഥമാണെന്നയാള്‍ക്ക് നന്നായറിയാം. ശരീരം പോലെ മനസ്സും പക്ഷെ അസ്വസ്ഥമാകുമെന്ന് അയാള്‍ക്കറിയില്ല. ലോകത്തുള്ള സകലതിനെക്കുറിച്ചും ആലോചിച്ചു മറിയ്ക്കുമെങ്കിലും മനസ്സിന്റെ സ്വസ്ഥതയെക്കുറിച്ചു മാത്രം പ്രകാശന്‍ ഇതുവരെ ആലോചിച്ചിട്ടില്ല.

അവള്‍ ഉടനെത്തും. ഗേററ് തുറക്കും.
മാസ്‌ക് മൂക്കിനു മുകളിലേക്കു വലിച്ചിട്ട് അയാള്‍ കാത്തു.
അല്പ നേരത്തെ ആ കാത്തുനില്പിലും പ്രകാശന്‍ എന്ന പ്രവാസി എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയായിരുന്നു.

ക്യാരിബാഗ് നേരെയാക്കി ഗേറ്റില്‍ ചാരി അയാള്‍ വെറുതെ മുകളിലേക്കു നോക്കി. അപ്പോള്‍ കണ്ടത് അതുവരെ കണ്ട ആകാശമായിരുന്നില്ല. പുതിയൊരു കറുത്ത ആകാശം. അതിലെവിടെയോ വെളിച്ചമില്ലാത്ത കുറേ ചുവന്ന നക്ഷത്രങ്ങള്‍.

പത്തു നാല്പതു വര്‍ഷം പോയ പോക്ക്.
പ്രീഡിഗ്രി കഴിഞ്ഞ് ജോലി തേടി, അല്ല തൊഴില്‍ തെണ്ടി നടന്ന കാലം. ജയന്റെ ആകാര ഭംഗിയും, ഉമ്മറിന്റെ വികാരവായ്പും, ഗള്‍ഫ്‌നാടിന്റെ മധുര സ്വപ്നവുമൊക്കെയായി മതിമറന്നു നടന്നിരുന്ന നാട്ടിന്‍പുറത്തെ സാധരണ പയ്യന്‍! ആറേഴംഗങ്ങളുള്ള കുടുംബത്തിലെ ഏക ആണ്‍ തരി. പ്രാരാബ്ധങ്ങളുടെ ആധിക്യം മൂലം ബോംബെയ്ക്കു ട്രെയിന്‍ കയറിപ്പോയ മീശ മുളയ്ക്കാത്ത പ്രീഡിഗ്രിക്കാരന്‍ പ്രകാശന്‍.

അയാള്‍ തന്നെയാണോ ഇയാള്‍ എന്നറിയാന്‍ ആലോചനകളിലേക്കു വീണ്ടും കയറിക്കൂടണം. കാരണം പ്രവാസിയായ പ്രകാശന്റെ പിന്നീടുള്ള ജീവിതം തന്നെ കറകളഞ്ഞ പ്രവാസമായിരുന്നു.

പ്രകാശന്‍ ഗേററില്‍ ചാരി മുകളിലേക്കു നോക്കി അതേ നില്പ് നിന്നു. ആലോചനകളില്‍ കുടുങ്ങി പാതി മയങ്ങിയനില്പ്.
വീടുപോലെ തന്നെ മുന്നിലെ റോഡും വിജനവും ശൂന്യവുമായി അയാള്‍ക്കനുഭവപ്പെട്ടു. പൊടി മൂടിക്കിടന്ന പഴയ ഓര്‍മ്മകളില്‍ ജീവിതം തിണര്‍ത്തു.
ബോറുവിലിയിലെയും, ബറോഡയിലെയും മെറ്റല്‍ ഷേപ്പിംഗ് ഫാക്ടറികളില്‍ മാറി മാറി കൂടമടിച്ചു കഷ്ടപ്പെട്ട ആദ്യകാല പ്രവാസ നാളുകള്‍.
ചേരി പ്രദേശങ്ങളിലെ മടുത്തു പോയ ചേരാജീവിതം മിച്ചം വച്ച് നാട്ടിലേക്കയച്ച മണിയോര്‍ഡറുകള്‍ നന്ദിപൂര്‍വ്വം കൈപ്പറ്റിയതിന്റെ കീറിമുറിഞ്ഞ രസീതുകള്‍.
ആഴ്ച തോറും ലഭിക്കാറുള്ള അച്ഛന്റെ പ്രതീക്ഷയുടെ കയ്യൊപ്പിട്ട കത്തുകള്‍ മാത്രമായിരുന്നു ആകെ ഒരാശ്വാസം.
പ്രകാശന്റെ ആദ്യകാല പ്രവാസ ഓര്‍മ്മകള്‍ തഴച്ചു.

ഈ പ്രവാസവും പ്രയാസവും തമ്മിലുള്ള വല്ലാത്തൊരു സാമ്യത്തെപ്പറ്റി എപ്പോഴും അയാള്‍ സംശയിച്ചിരുന്നു. ഇപ്പോഴും ആ സംശയം മാറിയിട്ടില്ല.
പത്തുപതിനഞ്ചു വര്‍ഷം ബോംബെയിലും, ഗുജറാത്തിലും ജീവിച്ചു. അഥവാ പ്രവാസം നന്നായി അനുഭവിച്ചു. ഈ കാലമത്രയും അച്ഛനൊഴികെ നാട്ടില്‍ പലരും ജീവിക്കാന്‍ പഠിക്കുകയായിരുന്നു. സ്വയം അനുഭവിച്ചു തീര്‍ത്ത ജീവിതമായിരുന്നു അച്ഛന്റെത്. എല്ലാം കടമയായി കരുതി ആര്‍ക്കും കടമാകാതെ കടന്നു പോയ ആള്‍. എന്നിട്ടും ഇന്നിപ്പോള്‍ താനനുഭവിക്കുന്ന വേദനയോളം അച്ഛന്‍ അനുഭവിച്ചിട്ടുണ്ടാവുമോ? അയാള്‍ നോവോടെ സംശയിച്ചു.

ഗുജറാത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള പ്രവാസം വലിയ കഷ്ടപ്പാടുകളുടേതായിരുന്നു. ആടുജീവിതമെന്നോ മാടു ജീവിതമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നല്ല അസ്സല്‍ ജീവിതം. ഓരോ പ്രവാസിയുടേതും ഓരോരോ മൃഗജീവിതം തന്നെ.
പക്ഷെ മണലുകൊണ്ടു പിരിച്ചെടുത്ത പണക്കിഴികള്‍ക്ക് മാധുര്യമേറെയാണ്. സഹോദരങ്ങളുടെ പഠനം. അവരുടെ വിവാഹങ്ങള്‍, അവര്‍ക്കെല്ലാവര്‍ക്കും വീട് .. എല്ലാറ്റിനും അയാള്‍ തന്നെ വേണമായിരുന്നു. ഗള്‍ഫുകാരന്റെ മണവും പണവും അവന്റെ മരണവും.
ഒടുവില്‍ ഗള്‍ഫ് യുദ്ധകാലത്തെ ഒരു പഞ്ഞ മാസത്തില്‍ കുടുംബവീട് എഴുതിക്കൊടുത്ത് ഇളയ പെങ്ങളെക്കൂടി കെട്ടിച്ചയച്ചപ്പോഴേക്കും മുടി അങ്ങിങ്ങു നരച്ചു തുടങ്ങിയിരുന്നു.

മനുഷ്യന്‍ മരിക്കുന്നത് മുടി നരയ്ക്കുന്നതു പോലെയാണെന്നും അഭിമാനിയായ മനുഷ്യന് ഒറ്റ മരണമേയുള്ളൂ എന്നുമൊക്കെയുള്ള ഗീര്‍വാണങ്ങള്‍ ഒത്തിരി കേട്ടിട്ടുണ്ട്. പക്ഷെ പ്രവാസിക്ക് മരണമില്ല എന്ന് ആരും പറഞ്ഞു കേട്ടിട്ടേയില്ല. അവര്‍ ജീവിച്ചെങ്കിലല്ലേ മററു പലര്‍ക്കും മരിക്കാതിരിക്കാന്‍ കഴിയൂ.

വീട്ടുമുറ്റത്തെ പഴുത്തു പൊഴിയാറായ റംബുട്ടാനില്‍ ഒരൊറ്റ അണ്ണാനെപ്പോലും കാണാനില്ല.
വാതില്‍ തുറന്ന് അവള്‍ വരും വരാതിരിക്കില്ല.
അയാള്‍ മെല്ലെ ചുറ്റുമതിലിനു വെളിയിലൂടെ നടന്നു. ഇടയില്‍ നീട്ടി വിളിച്ചു. ലക്ഷ്മീ ….ലക്ഷ്മീ … ലച്ചൂ..

പറമ്പിലെ പൂത്ത കമ്പിളി നാരകം.. മുള്ളാത്ത… ചെറിപ്പഴം പോലുളള ലവ് ലോലി, ചിക്കു, പ്ലാവ്, മാവ്, മങ്കോസ്റ്റിന്‍, എല്ലാം താന്‍ നട്ടുവളര്‍ത്തിയവ. പലതും വളര്‍ന്നിട്ടുണ്ട്. ചിലതൊക്കെ കായ്ച്ചിരിക്കുന്നു. അടുക്കള വശത്തെ മുരിങ്ങ നിറയെ മുരിങ്ങക്കായ. അയാള്‍ വീണ്ടും വിളിച്ചു ലക്ഷ്മീ … എടീ… ലച്ചൂ… ഒരനക്കവും കേള്‍ക്കുന്നില്ലല്ലോ ഇവള്‍ക്കിതെന്തു പറ്റി..! കോവിഡ് കാലമല്ലേ ലോക് ഡൗണ്‍ ആയതിനാല്‍ ചിലപ്പോള്‍ വെളിയിലിറങ്ങാന്‍ മടിച്ചിട്ടാവും. അതോ ഗള്‍ഫിലെ കൊറോണയെ ഭയന്നിട്ടോ?

ലച്ചൂ… നീട്ടി വിളിച്ച്, വീടു ചുറ്റി പ്രകാശന്‍ വീണ്ടും ഗേറ്റിനു മുന്നിലെത്തി. പക്ഷെ അത് അടഞ്ഞുതന്നെകിടന്നു. അപ്പോള്‍ മാത്രമാണയാള്‍ അത് ശ്രദ്ധിച്ചത്. അകത്തുനിന്നു മാത്രം ലോക്ക് ചെയ്യാവുന്നതും എന്നാല്‍ ഇരുവശത്തേക്കും തുറക്കാവുന്നതുമായ ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു.
ബ്ലാക് ഹോള്‍…. തമോഗര്‍ത്തം എന്നൊക്കെ അയാള്‍ എവിടെയോ കേട്ടിട്ടേയുള്ളൂ. പക്ഷെ ഇപ്പോള്‍ അതില്‍ പെട്ടതു പോലെ. പേടിച്ചരണ്ട കഞ്ഞിനെപ്പോലെ അയാള്‍
ഗേറ്റില്‍ അറിയാതെ അമര്‍ത്തിപ്പിടിച്ചു.
എന്തു പറ്റിയതാവും..? കോവിഡ്…മാസ്‌ക് … ലോക് ഡൗണ്‍… ക്വാറന്റൈന്‍… ഐ സി യു. വെന്റിലേറ്റര്‍… ഓക്‌സിജന്‍.. മരണം… ശവങ്ങളുടെ നീണ്ട ക്യൂ.. കെട്ട കാലത്തെ പുതിയ അടയാളങ്ങള്‍ ദുരിത ചിന്തകളായി താഴിന്റെ താക്കോല്‍ പഴുതിലൂടെ ഇരച്ചു കയറി.

എന്തു കഷ്ടപ്പെട്ടാണ് എല്ലാം നഷ്ടപ്പെടുത്തി തിരികെ പോന്നത്. ഈ ദുരന്തകാലത്ത് ഇനി ഒരു ഒരു തിരിച്ചു പോക്കു പോലും അസാദ്ധ്യം. മക്കള്‍ രണ്ടാളും അവരുടെ ജീവിതം ജീവിക്കുകയാണ്. അവര്‍ക്കതിനേ കഴിയൂ. അങ്ങനെ തന്നെ വേണമെന്നാണ് താനവവരെ പഠിപ്പിച്ചതും. വീടിന്റെ കടം ഇനിയും വീടിയിട്ടില്ല. ആധാരവും പണയത്തിലാണ്. ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ ഇന്നലെയും അവള്‍ ഫോണിലൂടെ പറഞ്ഞു.
‘നിങ്ങള്‍ക്കു ജീവിക്കാനറിയില്ല, നിങ്ങളൊരു പൊട്ടനാ..’

പൂട്ടു വീണ വീണ ഗേറ്റിനുള്ളിലേക്ക് ആയിരം കാലുകളുള്ള ഒരു കറുത്ത അട്ട ഇഴഞ്ഞു കയറുന്നതയാള്‍ കണ്ടു.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
കാലുകള്‍ക്ക് തളര്‍ച്ച… കണ്ണില്‍ ഇരുട്ട്… പ്രമേഹവും, പ്രഷറും ഒരുപോലെ ഉച്ചസ്ഥായിയിലായെന്നറിയാന്‍ അയാള്‍ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ചിന്തകള്‍ പണിമുടക്കി.

സര്‍ക്കാര്‍ ക്വാറൻ്റീൻ സെന്ററിൽ ബോധം മടങ്ങി, ശ്വാസം മുടങ്ങി കിടക്കുമ്പോഴാണ് ആലോചന വീണ്ടുമെത്തിയത്. അതിനു മുമ്പുള്ള കുറേ നേരം ലോക് ഡൗണിലേതുപോലെ ജീവിതത്തില്‍ നിന്നും എന്നേക്കുമായി നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
പോലീസ് നിര്‍ദ്ദേശ പ്രകാരം ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകരാണ് അവിടെ എത്തിച്ചതെന്ന് ആശാവര്‍ക്കര്‍ പറഞ്ഞാണറിഞ്ഞത്.
ഒപ്പം മറ്റൊരു കാര്യം കൂടി അവര്‍ പറഞ്ഞു.
ലക്ഷ്മി ഏതോ ബംഗാളിക്കൊപ്പം അവളുടെ പുതിയ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു.
അതെ താനൊരു പൊട്ടനാണ്. ഭൂലോക പൊട്ടന്‍ …
അവള്‍ എന്റെ ലക്ഷ്മി പറഞ്ഞതെത്ര ശെരിയാണ്.
ആലോചിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ എന്നൊന്നുണ്ടെങ്കില്‍ ഇതായിരിക്കും എന്ന് ആദ്യമായി പ്രകാശന്‍ അപ്പോള്‍ ആലോചിച്ചിട്ടുണ്ടാവും.

പ്രഷറിനുളള ഗുളിക കഴിക്കാനും ഷുഗറിന് ഇന്‍സുലിനെടുക്കാനും ഓര്‍മ്മിപ്പിച്ചു കൊണ്ട് സിസ്റ്റര്‍ ധൃതിയില്‍ കടന്നു പോയി.
‘ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങള്‍ വിയര്‍പ്പൊഴുക്കുന്ന കാശു കൊണ്ടാണ് നമ്മളൊക്കെ ഇവിടെ സുഭിക്ഷമായി കഴിയുന്നത്. അതു കൊണ്ട് ഈ കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വരുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളെ നാം നമ്മുടെ നെഞ്ചോടു ചേര്‍ത്തു പിടിക്കണം’ എന്റീശ്വരാ.. ജീവിതത്തിലാദ്യമായി തനിക്കു വേണ്ടി ആരോ സംസാരിക്കുന്നതു കേട്ട് പ്രകാശന്റെ ഉള്ളൊന്നു വിളഞ്ഞു… ഒന്നും പ്രതീക്ഷിക്കാത്തവനാണെങ്കിലും പ്രകാശനിലും ഒരു നേരിയ പ്രതീക്ഷ തെളിഞ്ഞു.

ടീവി സ്‌ക്രീനില്‍ മുഖ്യമന്ത്രി നിറഞ്ഞുനിന്നു.
ഫ്ലാഷ് ന്യൂസില്‍ താഴെ തെളിഞ്ഞ വാര്‍ത്തകള്‍ക്ക് പക്ഷെ ശബ്ദമുണ്ടായിരുന്നില്ല.

കോവിഡ് രണ്ടാം തരംഗം രൂക്ഷം.
കിറ്റെക്‌സ് ശ്രീലങ്കയിലേക്ക്…
പുനലൂരും, തൃശൂരും പ്രവാസി ആത്മഹത്യകള്‍.
വാർത്തകൾ സ്‌ക്രീനിൽ ഓടിപ്പോയ്‌ക്കൊണ്ടിരുന്നു.

പുറത്ത് ആംബുലന്‍സിന്റെ മുറവിളി. മറ്റു നിലവിളികളൊന്നുമില്ല. മനുഷ്യ വേദനകള്‍ മുഴുവനും ക്വാറൻ്റീനിലാണെന്നു തോന്നുന്നു. മൂടിപ്പൊതിഞ്ഞ ഒരു ശരീരം കൂടി വെളിയിലേക്ക്. മരണകാരണം നിശ്ചയമില്ല. കോവിഡായിരിക്കും. ക്വാറൻ്റീൻ സെന്ററിലെ കിടക്കയില്‍ എല്ലാം ശരിയായേക്കുമെന്ന വല്ലാത്ത പ്രതീക്ഷയില്‍ നീണ്ട ആറു നാളുകള്‍ അയാള്‍ എന്തൊക്കെയോ ആലോചിച്ചാലോചിച്ച് ഉഴുതു മറിച്ചു. പക്ഷെ വിളഭൂമിയില്‍ വിത്തു വീണതേയില്ല.

ഏഴാം ദിവസം പ്രകാശന്‍ അവിടെ നിന്നിറങ്ങി. തിരികെ വീട്ടിലേക്ക്. ലക്ഷ്മിയും മക്കളുമില്ലാത്ത കാത്തിരിക്കാന്‍ ആരോരുമില്ലാത്ത കൂട്ടു കൂടാന്‍ കുറേ മരങ്ങളും മിണ്ടാപ്രാണികളും മാത്രമുള്ള പണയ വീട്ടിലേക്ക്.
ഇപ്പോള്‍ പ്രകാശന്റെ മനസ്സില്‍ ഒറ്റ ആലോചനയേ ഉള്ളൂ.
അകത്തേക്കും പുറത്തേക്കും തുറക്കാവുന്ന ആ പഴയ ഗേറ്റ് ഒന്നു പുതുക്കിപ്പണിയണം. അകത്തേക്കു മാത്രം തുറക്കാവുന്ന തരത്തില്‍…
പ്രവാസിയുടെ പ്രകാശമുള്ള ആലോചന.

📝

തങ്കച്ചന്‍ പന്തളം

ജവാന്‍, കര്‍ഷകന്‍, കായികാദ്ധ്യാപകന്‍, എഴുത്തുകാരന്‍, ബെംഗളൂരുവിലെ സാംസ്‌കാരിക സംഘടനകളുടെ സഹയാത്രികന്‍. മലയാളം മിഷന്‍ അധ്യാപകന്‍. റൈറ്റേഴ് ഫോറം, ഹാസ്യവേദി, കാരുണ്യ ബെംഗളൂരു എന്നിവയുടെ മുന്‍ സെക്രട്ടറി. രണ്ടു പുസ്തകങ്ങള്‍ സ്വന്തം. ചെറുകഥയ്ക്ക് സമഷ്ടി ദേശീയ പുരസ്‌കാരം. എസ്സെന്‍സിനൊപ്പം ശാസ്ത്ര സ്വതന്ത്ര ചിന്താവഴിയിലൂടെ സഞ്ചാരം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.